Prabodhanm Weekly

Pages

Search

2011 മെയ് 21

പുതിയ ദൗത്യവുമായി ദമസ്‌കസില്‍

ബിശ്‌റുദ്ദീന്‍ ശര്‍ഖി

ഒറ്റക്കാണ് ദമസ്‌കസ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. കൂടെ വരേണ്ടിയിരുന്ന ഇറാനിയന്‍ സുഹൃത്ത് സലിംഗ ഗഫൂരിക്ക് ടിക്കറ്റ് ശരിയാകാതിരുന്നതിനാല്‍ അദ്ദേഹത്തിനു വരാനായില്ല. ദമസ്‌കസ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്‍ ഇറാന്‍ സ്വദേശി മുഹമ്മദ് മഹ്ദി അവിടെ കാത്തുനില്‍പുണ്ടായിരുന്നു. പക്ഷേ, വിമാനത്താവളത്തിനു പുറത്ത് കടക്കാന്‍ ഒരല്‍പം ബുദ്ധിമുട്ടേണ്ടിവന്നു. മുമ്പ് രണ്ട് മൂന്ന് പ്രവാശ്യം സംഘത്തോടൊപ്പം ദമസ്‌കസില്‍ ഇറങ്ങിയപ്പോഴൊന്നും  ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല. ചില അന്വേഷണങ്ങളും കൂടിക്കാഴ്ചകളും ഒക്കെ നടന്നു, പുറത്തു കടക്കുന്നതിന് മുമ്പ്.
ദമസ്‌കസില്‍ ചെയ്യാനുണ്ടായിരുന്നത് പ്രധാനമായും നാല് കാര്യങ്ങളായിരുന്നു. ഒന്ന്, വിവിധ ഫലസ്ത്വീന്‍ സംഘടനകളുമായി കണ്ട് കാരവന് ആവശ്യമായ പിന്തുണ തേടുക. രണ്ട്, സിറിയന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തി ഈജിപ്ത് വഴി പോകാനുള്ള വഴിയൊരുക്കുക. മൂന്ന്, ഗസ്സയിലേക്കുള്ള സഹായ വസ്തുക്കള്‍ വാങ്ങിക്കുക. നാല്, ഈജിപ്ഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട് കാരവനുള്ള അനുമതി വാങ്ങിക്കുക. പിറ്റേ ദിവസം ഇറാനിയന്‍ സുഹൃത്ത് എത്തിയത് മുതല്‍ തന്നെ സിറിയയിലെ സംഘാടകന്‍ ശൈഖ് അബ്ബാസുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. 'ഖുമ്മി'ല്‍ മതകലാലയത്തില്‍ അധ്യാപകനാണ് ചെറുപ്പക്കാരനായ ശൈഖ് അബ്ബാസ്. അദ്ദേഹവും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ചേര്‍ന്നാണ് സിറിയയിലെ സംഘാടനം നിര്‍വഹിച്ചിരുന്നത്.

ഖാലിദ് മിശ്അലുമായി കൂടിക്കാഴ്ച
ഹമാസിന്റെ ഉന്നത നേതാവ് ഖാലിദ് മിശ്അലുമായി കൂടിക്കാഴ്ച നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. നേരത്തേ തന്നെ അദ്ദേഹത്തിന്റെ സെക്രട്ടറി അബുല്‍ ഇസ്സുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമായിരുന്നു. ജോര്‍ദാനില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം സിറിയയിലാണ് ഖാലിദ് മിശ്അല്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. മുമ്പ് മൊസാദ് ഏജന്റുമാരുടെ വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഖാലിദ്, വളരെ കനത്ത സുരക്ഷാ വലയത്തിലാണ്. വളരെ ആഹ്ലാദത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. തികച്ചും അനൗപചാരികമായി, മുമ്പ് പരിചയമുള്ളതുപോലെ അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകന്‍ എന്ന നിലക്ക് വളരെ വലിയ അടുപ്പത്തിലും പ്രിയത്തിലുമാണദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന എസ്.ഐ.ഒവിന്റെ കേഡര്‍ സമ്മേളനത്തില്‍ ടെലി കോണ്‍ഫറന്‍സ് വഴി സംസാരിച്ചത് അദ്ദേഹം ഓര്‍ത്തു. കേരളത്തെക്കുറിച്ച് നന്നായറിയാം അദ്ദേഹത്തിന്. ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് ആഗോള ഇസ്‌ലാമിക ചലനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കാന്‍ കഴിയുമെന്നദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക നേതൃത്വത്തിനാവശ്യമായ ചുറുചുറുക്കും, ചെറുപ്പവും പ്രൗഢവും പ്രബലവുമായ വ്യക്തിത്വവും അദ്ദേഹത്തിനുണ്ട്. മേധാശക്തിയുള്ള അദ്ദേഹത്തിന്റെ ഭാവവും ഗംഭീരമായ ശബ്ദവും അളന്നു മുറിച്ച സംസാരവും ആരെയും ആകര്‍ഷിക്കും. ഈ ലേഖകന്റെ പേരില്‍ ഒരുതരം അഭാരതീയതയും അസാധാരണത്വവും കണ്ട അദ്ദേഹം അതേപ്പറ്റി കൂടുതല്‍ അന്വേഷിച്ചറിഞ്ഞു. പതിനൊന്ന് സഹോദരങ്ങളുടെയും പേര് അറബി ഭാഷയിലെ 'ബശറ' എന്ന ധാതുവില്‍നിന്ന് നിഷ്പന്നമായ പദങ്ങളാണെന്നത് അദ്ദേഹത്തിന് കൗതുകമായി. പേരിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള സംഭാഷണങ്ങള്‍ ക്രമേണ കേരളത്തെക്കുറിച്ച സവിശേഷ ചര്‍ച്ചയായി മാറി. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ അവസ്ഥകള്‍, ഇസ്‌ലാമിക പ്രസ്ഥാനം, മുസ്‌ലിംകള്‍, കമ്യൂണിസം തുടങ്ങി വിവിധങ്ങളായ കാര്യങ്ങളെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചറിഞ്ഞു. ഫലസ്ത്വീനിലെ ഹമാസിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് വിശദീകരിക്കവെ, ഏറെക്കാലത്തെ ഇസ്‌ലാമികമായ പര്യാലോചനകള്‍ക്കുശേഷം ഞങ്ങളെത്തിപ്പെട്ട നിഗമനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിവിടെ മാത്രം നടപ്പിലാവേണ്ട ഒരു രീതിയാണ്. ലോകത്തിന്റെ മറ്റെവിടെയും ഇത് പ്രയോഗിക്കാവതല്ല. മഹാത്മജിയുടെ സമരരീതികളെയാണ് താനേറ്റവും ബഹുമാനിക്കുന്നതെന്ന്, സംസാരമധ്യേ അദ്ദേഹം പറയുകയുണ്ടായി. ഇസ്രയേലുമായുള്ള പോരാട്ടത്തില്‍ ഇന്ത്യ സവിശേഷ പ്രാധാന്യമുള്ള ഒരു വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ ഏറ്റവും വലിയ സുഹൃത്തും സഹായിയും ഇപ്പോള്‍ അമേരിക്കയല്ല, മറിച്ച് ഇന്ത്യയാണ്. സാമ്പത്തികമായും രാഷ്ട്രീയമായും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന അമേരിക്കയെ വിട്ട് ശ്രദ്ധ ഇന്ത്യയില്‍ കേന്ദ്രീകരിക്കുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ കൊണ്ടാണ്. ഒന്ന്, ഇന്ത്യയിലെ തീവ്ര വലതുപക്ഷവും സയണിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ആദര്‍ശബന്ധുത്വം. രണ്ട്, 120 കോടി ജനസംഖ്യയുടെ വാണിജ്യ സാധ്യതകള്‍. മൂന്ന്, ഇസ്രയേലിന്റെ പ്രധാന വ്യവസായമായ ആയുധ കച്ചവടത്തിന്റെ ഉപഭോക്താവാനുള്ള ഇന്ത്യയുടെ രാഷ്ട്രീയ യോഗ്യത.
വിവിധ മതവിഭാഗക്കാരും രാഷ്ട്രീയ ആശയക്കാരുമായ ഇന്ത്യന്‍ പൗരസമൂഹത്തിന്റെ പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന ഗസ്സയിലേക്കുള്ള മനുഷ്യാവകാശ സംഘത്തെ ശ്ലാഘിച്ച അദ്ദേഹം, ഇന്ത്യന്‍ മണ്ണില്‍ തന്നെയാണ് ഫലസ്ത്വീനുവേണ്ടിയുള്ള പോരാട്ടം നിര്‍വഹിക്കേണ്ടതെന്നുപദേശിക്കുകയുണ്ടായി. മഹാത്മജി മുതല്‍ക്കുള്ള പഴയ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഫലസ്ത്വീന്‍ അനുകൂല നിലപാടും സമീപകാലത്ത് ഇന്ത്യന്‍ ഭരണകൂടം സ്വീകരിച്ചിട്ടുള്ള ഇസ്രയേല്‍ കൂട്ടുകെട്ടും നിരീക്ഷിച്ചിട്ടുള്ള അദ്ദേഹം, ഇന്ത്യയുടെ പോളിസികള്‍ സമഗ്രമായി പൊളിച്ചെഴുതുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങളാണ് നടക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഭരണകൂടം അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ വരാനും ജനങ്ങളുമായി കൂടിയിരിക്കാനും ആഗ്രഹമുണ്ട് അദ്ദേഹത്തിന്. ഗസ്സയിലെ ഹമാസ് ഭരണകൂടവുമായി ബന്ധപ്പെട്ട് കാരവനെ സ്വീകരിക്കാനാവശ്യമായ കാര്യങ്ങള്‍ നേരിട്ടുതന്നെ ചെയ്തുകൊള്ളാമെന്നും സിറിയയിലെ പരിപാടികള്‍ക്ക് ഹമാസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം വാക്കുതന്നു. ഫലസ്ത്വീന്‍ പോരാളി ശൈഖ് യാസീന്റെയും അബ്ദുല്‍ അസീസ് റന്‍തീസിയുടെയും പിന്‍ഗാമിയുടെ കൂടെ ചെലവഴിച്ച നിമിഷങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും അസുലഭമായ സമയമായിരുന്നു. ചെറുപ്പത്തിലേ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമായതിലും കാരവന്‍ ഏല്‍പിച്ച ആദ്യ ദൗത്യം വിജയകരമായി തുടങ്ങിവെച്ചതിലുമുള്ള വര്‍ധിച്ച സന്തോഷത്തോടെയാണ് ഹമാസിന്റെ ചെറുപ്പക്കാരായ പോരാളികള്‍ കാവല്‍ നില്‍ക്കുന്ന ഖാലിദ് മിശ്അലിന്റെ വസതിയുടെ പടിയിറങ്ങിയത്.

ഡോ. റമദാന്‍ ശല്ലയുടെ കൂടെ
പിന്നീട് കാണാനുണ്ടായിരുന്നത് ഫലസ്ത്വീനിലെ പോരാളി സംഘങ്ങളില്‍ പ്രമുഖമായ സ്ഥാനം വഹിക്കുന്ന ഹറകത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയുടെ നേതാവ് ശൈഖ് റമദാന്‍ അബൂ ശല്ലയെയായിരുന്നു. ഫലസ്ത്വീന്‍ ചരിത്രത്തിലും ദൈനംദിന ലോക രാഷ്ട്രീയത്തിലും നല്ല അവഗാഹമുണ്ട് ദീര്‍ഘകായനായ ഡോ. റമദാന്. ഒരു സര്‍വകലാശാല പ്രഫസറുടെ ചാതുരിയോടെ അദ്ദേഹം ലോക രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച്, ഇന്ത്യന്‍ സമൂഹത്തിന്റെ സമകാലീന സവിശേഷതകളെക്കുറിച്ച് നല്ല അറിവുണ്ട് അദ്ദേഹത്തിന്. ഞങ്ങളുടെ സന്ദര്‍ശനത്തെക്കുറിച്ച് വിവരം കിട്ടിയതനുസരിച്ച് ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. 'റമദാന്റെ കൂടെയിരുന്നതിന് ഈ സുഹൃത്തുക്കള്‍ക്ക് ആരും പിന്നീട് തലവേദനയുണ്ടാക്കരുത്' എന്ന് പറഞ്ഞ് അതൊന്നും സംപ്രേഷണം ചെയ്യരുതെന്ന് അദ്ദേഹം കര്‍ശനമായി വിലക്കുകയുണ്ടായി. ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഉദ്യമത്തെ അദ്ദേഹം അതിമഹത്തരമെന്ന് വിശേഷിപ്പിച്ചു. ഏറെക്കാലം ബ്രിട്ടനു കീഴില്‍ കഴിയുകയും പിന്നീട് സാമ്രാജ്യത്വത്തിനെതിരില്‍ പടനയിക്കുകയും ചെയ്ത ഭാരതീയര്‍ക്ക് ഫലസ്ത്വീന്‍ പ്രശ്‌നം എളുപ്പത്തില്‍ മനസ്സിലാകുമെന്നും ഫലസ്ത്വീനു വേണ്ടിയുള്ള രാഷ്ട്രീയ നീക്കങ്ങളുടെ നേതൃത്വത്തിന് ഇന്ത്യ എന്തുകൊണ്ടും അര്‍ഹമാണെന്നും അദ്ദേഹം കാര്യഗൗരവത്തോടെ പറഞ്ഞു.
ഹമാസിനോടൊപ്പം ഹറകത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയും കാരവന്റെ പരിപാടികളില്‍ സജീവമായിരിക്കുമെന്നും ഗസ്സയില്‍ പ്രത്യേകമായി സംഘടന കാരവനെ സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഫലസ്ത്വീന്‍ സംഘടനകള്‍ക്ക് സിറിയ നല്‍കുന്ന സഹായം വിലപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്വേഛാധികാരത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇസ്രയേല്‍ വിരോധത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിറിയ സ്വീകരിക്കുന്നത്. കഴിഞ്ഞ ഇറാഖ് അധിനിവേശ കാലത്ത് സിറിയയെ കൂടി ആക്രമിക്കാന്‍ അമേരിക്കക്ക് പദ്ധതിയുണ്ടായിരുന്നത്രെ. ആക്രമിക്കാതിരിക്കാന്‍ പകരമായി അമേരിക്ക ആവശ്യപ്പെട്ടത്, ഹമാസിന്റെ ഖാലിദ് മിശ്അലിനെയും ഹറകത്തുല്‍ ജിഹാദില്‍ ഇസ്‌ലാമിയുടെ ഡോ. റമദാനെയും കുറ്റവിചാരണക്കായി അമേരിക്കക്ക് കൈമാറണമെന്നാണ്. പക്ഷേ, ഒരിക്കല്‍ പോലും ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ സാമ്രാജ്യത്വശക്തികളുമായി ഒരുതരത്തിലുള്ള അനുരഞ്ജനത്തിനും ബശ്ശാര്‍ അല്‍ അസദ് തയാറാവുകയുണ്ടായില്ല- ഡോ. റമദാന്‍ പറഞ്ഞു.

അബൂ ജിഹാദിനോടൊപ്പം പത്രസമ്മേളനത്തില്‍
അതിനു ശേഷം സെക്യുലരിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷിയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഫലസ്ത്വീനിയന്‍ സ്ട്രഗ്‌ളിന്റെ നേതൃത്വത്തെയാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. ശൈഖ് അഹ്മദ് ജിബ്‌രീല്‍ ആണ് സംഘടനയുടെ നേതാവ്. അബൂ ജിഹാദ് എന്നാണ് അദ്ദേഹം രാഷ്ട്രീയ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. ഫലസ്ത്വീനിലേക്കുള്ള 'മതേതര കാരവനെ' അദ്ദേഹം മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കേരളത്തില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചറിഞ്ഞു. സാമ്രാജ്യത്വത്തിനെതിരില്‍ പടുത്തുയര്‍ത്തേണ്ട മത-മതേതര സഹവര്‍ത്തിത്വത്തെക്കുറിച്ച് അദ്ദേഹം തികച്ചും ബോധവാനാണ്. അദ്ദേഹത്തിന്റെ ഒരു മകനെ ഇസ്രയേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. വാര്‍ധക്യത്തിലെത്തിയിട്ടും കര്‍മകുശലനായ അദ്ദേഹം തന്നോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ ലേഖകനോടാവശ്യപ്പെട്ടു. അറബിഭാഷയില്‍ നടത്തിയ ജീവിത്തിലെ ആദ്യത്തെ പത്രസമ്മേളനമായിരുന്നു അത്. 'മാവിമര്‍മറയുടെ' അനുഭവം മുന്‍നിര്‍ത്തി, ഇസ്രയേല്‍ കാരവനെ ആക്രമിക്കുകയാണെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു അവര്‍ക്ക് ആകാംക്ഷയോടെ ചോദിക്കാനുണ്ടായിരുന്ന ഒരു കാര്യം. ഗസ്സയിലേക്കുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നും ആക്രമിച്ചാല്‍ രക്തസാക്ഷിത്വം വരിക്കാന്‍ തയാറാണെന്നും മറുപടി പറഞ്ഞപ്പോള്‍ അവര്‍ ആവേശപൂര്‍വം കൈയടിച്ചു.

ഡോ. ഖാലിദ് അബ്ദുല്‍ മജീദ് സംഘാടനം ഏറ്റെടുക്കുന്നു
ദമസ്‌കസില്‍ പിന്നീട് ഞങ്ങള്‍ പിന്തുണതേടി പോയത് ഹര്‍കത് നിദാല്‍ എന്ന സംഘടനയുടെ ഡോ. ഖാലിദ് അബ്ദുല്‍ മജീദിനെയാണ്. ഫലസ്ത്വീനിലെ പഴക്കം ചെന്ന സംഘടനകളിലൊന്നായ 'നിദാല്‍' സിറിയയിലെ മുഴുവന്‍ കാര്യങ്ങളുടെയും ചുമതല ഏറ്റെടുക്കുകയുണ്ടായി. ഫലസ്ത്വീന്‍ സംഘടനകളെല്ലാം ചേര്‍ന്ന് കാരവന്റെ ചുമതല നിദാലിന്റെ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്‍ മജീദിനെ ഏല്‍പിക്കുകയായിരുന്നു. കാരവന്‍ വിവിധ പ്രൊവിന്‍സുകളില്‍ എത്തുമ്പോഴുള്ള സ്വീകരണ പരിപാടികള്‍, താമസസൗകര്യവും ഭക്ഷണവും, സിറിയന്‍ ഗവണ്‍മെന്റുമായുള്ള കൂടിയാലോചനകള്‍, ഈജിപ്തുമായുള്ള ചര്‍ച്ചകള്‍, സഹായ വസ്തുക്കള്‍ ശേഖരിക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങി മുഴുവന്‍ കാര്യങ്ങളും പിന്നീട് ഡോ. ഖാലിദ് അബ്ദുല്‍ മജീദ് ഏറ്റെടുത്തു.
പതിറ്റാണ്ടുകളായി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ കാരണം സംഘടനകള്‍ക്കോ പൗരസമൂഹങ്ങള്‍ക്കോ സിറിയയില്‍ പ്രവര്‍ത്തനാനുമതിയില്ല (ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഫലമായി ഈയടുത്ത് സിറിയയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതായി അറിയിപ്പുണ്ടായിട്ടുണ്ട്). അതിനാല്‍ കാരവന്റെ സിറിയയിലെ സംഘാടനം പരിഹരിക്കാനാവാത്ത ഒന്നായി ഞങ്ങളെ പ്രയാസപ്പെടുത്തിയിരുന്നു. ആകെയുണ്ടായിരുന്നത് പണ്ഡിതന്‍ ശൈഖ് അബ്ബാസും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും. നേരത്തേ ദമസ്‌കസിലെത്തി ഞങ്ങള്‍ നടത്തിയ ഈയൊരു നീക്കത്തിലൂടെ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കാരവന് സുഗമമായി സിറിയയില്‍ എത്താനും നിശ്ചിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടു.

യര്‍മൂക്ക് ക്യാമ്പിലെ പത്രസമ്മളനം
സംഘടനകളുടെ പിന്തുണ ഉറപ്പാക്കിയ ശേഷം ഞങ്ങള്‍ ചെയ്ത മറ്റൊരു കാര്യം എല്ലാവരെയും ഒരുമിച്ചു ചേര്‍ത്ത് ഒരു പത്രസമ്മേളനം നടത്തുക എന്നതാണ്. ആയിരക്കണക്കിന് ഫലസ്ത്വീന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യര്‍മൂക്ക് ക്യാമ്പാണ് പത്രസമ്മേളനത്തിനായി തെരഞ്ഞെടുത്തത്. പേര് ക്യാമ്പ് എന്നാണെങ്കിലും ഇപ്പോഴത് നാല് ദിശകളിലേക്കും നീളുന്ന വലിയൊരു തെരുവാണ്. ഫലസ്ത്വീന്‍ പ്രശ്‌നം ആരംഭിച്ച ആദ്യ നാളുകളില്‍ തന്നെ യര്‍മൂക്കിലേക്ക് അഭയാര്‍ഥി പ്രവാഹം ആരംഭിച്ചിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ പല കാലങ്ങളിലായി ഇവിടെ ബില്‍ഡിംഗുകളും മറ്റും അഭയാര്‍ഥികള്‍ക്കായി തയാറാക്കിയിട്ടുണ്ട്. ലോകത്തെ പ്രധാന മാധ്യമങ്ങളെല്ലാം ഈ പത്രസമ്മേളനത്തിനെത്തിയിരുന്നു. ഈ ലേഖകന്‍ കാരവന്റെ ദൗത്യം വിശദീകരിച്ചു ആദ്യം സംസാരിച്ചു. പിന്നീട് ഓരോ സംഘടനയും അവരവരുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വന്‍ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അറബ് പത്രങ്ങള്‍ മുഴുവന്‍, വിവിധ ജാതി-മത-രാഷ്ട്രീയ ആശയക്കാര്‍ ഫലസ്ത്വീനുവേണ്ടി ഒരുങ്ങിയിറങ്ങിയത് സംഭവത്തിന്റെ വലിയൊരു പ്രത്യേകതയായി കണ്ട് സ്റ്റോറി തയാറാക്കി. തികച്ചും ഒരു മതവിഷയം മാത്രമായി കരുതപ്പെടുന്ന ഫലസ്ത്വീന്‍ പ്രശ്‌നം പുതിയൊരു മാനത്തോടെ അവതരിപ്പിക്കപ്പെട്ടത് അറബ് ലോകത്ത് വലിയൊരു കൗതുകമായിത്തീര്‍ന്നു. വളരെ പഴയ കാലത്ത് യര്‍മൂക്കില്‍ അഭയാര്‍ഥിയായെത്തിയ ഒരു ഫലസ്ത്വീനി വൃദ്ധന്‍- അബൂ മുഹമ്മദ് എന്നാണയാളുടെ പേരെന്ന് പിന്നീടറഞ്ഞു- കണ്ണീര്‍ വാര്‍ത്തുകൊണ്ട് 'ഖുദ്‌നി ഇലാ ഗസ്സ.....' (എന്നെയും ഗസ്സയിലേക്ക് കൊണ്ടുപോകൂ) എന്ന് എന്റെ കൈ പിടിച്ച് അപേക്ഷിച്ചത് ഇന്നും മനസ്സില്‍ നിന്ന് മാഞ്ഞുപോകാത്ത ദൃശ്യമാണ്. തലക്ക് സ്ഥിരതയില്ലാത്തവനെപ്പോലെ അദ്ദേഹം ഒച്ചവെച്ചുകൊണ്ടിരുന്നത് എന്നെപ്പോലെ അവിടെ കൂടിയിരുന്നവരെയെല്ലാം വിഷമിപ്പിച്ചു. അദ്ദേഹത്തിന്റെ കൈ വിടുവിച്ച് മുന്നോട്ടുപോകാന്‍ തെല്ലൊന്നു ബുദ്ധിമുട്ടേണ്ടിവന്നു എല്ലാവര്‍ക്കും. പടിഞ്ഞാറെക്കര(വെസ്റ്റ് ബാങ്ക്)യിലുള്ള ഗലീലിയിലായിരുന്നു അദ്ദേഹത്തിന്റെ വീടും കുടുംബവും. മക്കളില്‍ ചിലരും അടുത്ത കുടുംബാംഗങ്ങളുമൊക്കെ ഇപ്പോഴും അവിടെയാണ്. അവരാരെയും കണ്ടിട്ടില്ല, വര്‍ഷങ്ങളായിട്ടയാള്‍. യര്‍മൂക്ക് ക്യാമ്പടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫലസ്ത്വീന്‍ അഭയാര്‍ഥികളെല്ലാം അബൂ മുഹമ്മദിനെപ്പോലെതന്നെയാണ്. ബാക്കിയായ അവരുടെ ജീവിതങ്ങളോരോന്നും ക്രൂരമാംവിധം മുറിവേല്‍പ്പിക്കപ്പെട്ടതും വെട്ടിമാറ്റപ്പെട്ടതുമാണ്.
[email protected]
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം