Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

പോത്തിറച്ചി വെട്ടുകാരന്‍

മലിക മര്‍യം

ഞങ്ങള്‍ മൂന്നു പേര്‍
ഒരുമിച്ചു താമസിക്കുന്നവര്‍
സുന്ദരര്‍, യുവാക്കള്‍, 
സാമ്പാദിക്കുവോര്‍
ഒഴിവുദിനങ്ങളില്‍
ഉറങ്ങും
ഇടയ്ക്ക് പാചകം ചെയ്യും
തിന്നു മദിക്കും
ചിരിച്ചു കുഴയും
പരദൂഷണം പറയും
വിരല്‍തുമ്പു കൊണ്ടു വിപ്ലവിക്കും
പിന്നെ താഴെ റോഡില്‍ 
ചില വിശേഷങ്ങള്‍ നടന്നുപോവുന്നതു കാണാന്‍
ബാല്‍ക്കണീല്‍ വന്നിരിക്കും.
അപ്പോളൊക്കെ അയാളെ കാണും
ഉടുതുണിയിലും കൈയിലും
മുഖത്തു പോലും
ചത്തു തുടങ്ങുന്ന 
ചോരപ്പാടുകളുള്ള
അയാളെ.
ആസന്നമായ വിശപ്പ്
എവിടെ നിന്നെങ്കിലും 
വരുന്നുണ്ടോ
എന്നെത്തി നോക്കുന്ന 
അയാളുടെ കുടവയറിനെ.
പെട്ടെന്ന് വിഷപ്പാമ്പായി മാറിയ
തന്റെ വയറ്റിപ്പിഴപ്പിനെ ഓര്‍ത്ത്
കുഴിഞ്ഞ് കഫം കെട്ടിയ 
നെഞ്ചിനെ.
അയാളുടെ കടയിലേക്ക് 
മധുരം തിന്നു കഴിഞ്ഞിടത്തേക്ക്
മറവിയാലോ മണത്താലോ 
വീണ്ടുമെത്തുന്ന
എണ്ണം കുറഞ്ഞ് കുറഞ്ഞേവരുന്ന
കൂട്ടം തെറ്റിയ ഉറുമ്പ് 
കണക്കെയുള്ള ആളുകളെ.
'ഇനി അയാളെന്തു ചെയ്യും?'
ഞങ്ങള്‍ പരസ്പരം ചോദിക്കും. 
അയാളീ പണി നിര്‍ത്തിയില്ലെങ്കില്‍
ഞങ്ങളുടെ തെരുവിന്റെ പേരാല്‍ 
പത്രത്താളുകള്‍ നിറയില്ലേ?
അത് നന്നാവുമെന്നൊരുത്തന്‍ 
അതിനു മുമ്പ് അയാള്‍ 
പണി നിര്‍ത്തുമെന്നു ഞാന്‍
അപ്പോള്‍ പിന്നെ അയാള്‍ 
എന്തുചെയ്യുമെന്ന് അടുത്തവന്‍
ഇവിടെ പള്ളിക്കു മുമ്പില്‍
തെണ്ടാന്‍ ഒരാള്‍ 
കൂടിയാവുമെന്നു ഞാന്‍
കച്ചവടം ചെയ്തൂടെ 
എന്നൊരുത്തന്‍
പോത്തിനെ വിറ്റാ കാശ് 
കിട്ടില്ലല്ലോ എന്നു 
തലക്കൊരു കിഴുക്ക്
നാടുവിടുമായിരിക്കും
അല്ലെങ്കില്‍ തീവണ്ടിക്കു 
തലവെക്കും
അതുമല്ലെങ്കില്‍ 
സങ്കടം തീര്‍ക്കാന്‍
നാല് കെട്ടുമായിരിക്കുമെന്ന് 
മറ്റവന്‍
ഉള്ള പോത്തുകളുമായി 
അയാള്‍ പാകിസ്താനിലേക്ക് 
മേച്ചുകൊണ്ടു
നടന്നുപോവുമെന്നു വീണ്ടുമവന്‍.
അവടെ തടഞ്ഞാല്‍ 
തിരിച്ചു ബംഗ്ലാദേശിലേക്കും
മേച്ചുമേച്ചു പോവുമായിരിക്കും..
എന്റെ ദൈവമേ..
അതൊക്കെ സങ്കല്‍പ്പിച്ച്
ഞങ്ങള്‍ക്കങ്ങോട്ടു ചിരിവന്നിട്ട്
ഞങ്ങളിങ്ങനെ 
ചിരിച്ച് ചിരിച്ച് ചിരിച്ച്....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍