Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

റബീഉല്‍ അവ്വലിന്റെ സന്ദേശം

         ആദം (അ) മുതല്‍ മുഹമ്മദ് നബി(സ) വരെയുള്ള ഘട്ടം- ആദ്യ മനുഷ്യന്‍ മുതല്‍ ഒടുവിലത്തെ നബി വരെയുള്ള ഘട്ടം- മനുഷ്യ ചരിത്രത്തിലെ പ്രാഥമികവും നിര്‍ണായകവുമായ ഘട്ടമാണ്. ആകാശലോകത്ത് നിന്ന് ഭൗമലോകത്തേക്കുള്ള അറിവിന്റെ വാതായനങ്ങള്‍ തുറന്നു കിടക്കുകയായിരുന്നുവെന്നതാണ് ആ ഘട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വഹ്‌യിലൂടെ മുര്‍സലുകള്‍ക്ക് നിരന്തരം മാര്‍ഗദര്‍ശനം ലഭിച്ചുകൊണ്ടിരുന്നു. ആ മാര്‍ഗദര്‍ശന(ഹിദായത്ത്)ത്തിന്റെ  വെളിച്ചത്തില്‍ അവര്‍ സമൂഹത്തെ നയിച്ചുകൊണ്ടിരുന്നു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രീയ ജീവിതത്തിനും ആ മാര്‍ഗദര്‍ശനം വെളിച്ചം പകര്‍ന്നു.

ആ വെളിച്ചത്തിന്റെ പൂര്‍ണതയാണ് മുഹമ്മദ് നബി(സ). മനുഷ്യ സമൂഹത്തിന്റെ പ്രായപൂര്‍ത്തി ഘട്ടം കൂടിയാണത്. ഇനിയൊരു വഹ്‌യ് ആവശ്യമില്ല. ആ വിധം മുഹമ്മദ് നബിയാല്‍ പൂര്‍ത്തീകരിക്കപ്പെട്ട ജ്ഞാന വെളിച്ചത്തിന്റെ പ്രഭാവലയത്തില്‍ സഞ്ചരിക്കാന്‍ മനുഷ്യന്‍ ബുദ്ധിപരമായും മാനസികമായും പാകപ്പെട്ട ഘട്ടത്തിലാണ് അല്ലാഹു തന്റെ ഭരണ നടപടിക്രമത്തില്‍ (സുന്നത്ത്) പുതിയ പരിഷ്‌കരണം വരുത്തുന്നത്. ഇനി വഹ്‌യിന്റെ വാതിലടക്കാമെന്നും നബി നിയോഗം നിര്‍ത്തിവെക്കാമെന്നുമുള്ള തീരുമാനം. അങ്ങനെയൊരു തീരുമാനമെടുക്കാന്‍ മാത്രം, ആ തീരുമാനത്തിന്റെ ഭാരം പേറാന്‍ മാത്രം മനുഷ്യ സമൂഹം വളര്‍ച്ച പ്രാപിച്ചുവെന്നു കൂടിയാണ് ഖത്മുന്നുബുവ്വത്തിന്റെ, പ്രവാചകത്വ പരിസമാപ്തിയുടെ സന്ദേശം.

ഒടുവിലത്തെ റസൂലും നബിയുമായ മുഹമ്മദ് (സ) ഒടുനാളുവരെയുള്ള റസൂലും നബിയുമാണ്. അതിനാല്‍ ഓരോ റബീഉല്‍ അവ്വലിലും മുഹമ്മദ് നബി(സ) വീണ്ടും ജനിച്ചുകൊണ്ടിരിക്കണം. ഓരോ റബീഉല്‍ അവ്വലിലും മദീനാ വിപ്ലവം ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. മുഹമ്മദ് നബിയെ അറിയാനും അറിയിക്കാനുമുള്ള കാലമായി റബീഉല്‍ അവ്വലിനെ സജീവമാക്കി നിര്‍ത്തുന്നത് ഇസ്്‌ലാമിക സമൂഹം ഒരു ദഅ്‌വാ ബാധ്യതയായി ഏറ്റെടുക്കേണ്ടതുണ്ട്.

സ്വഫാ കുന്നിലെ പ്രഥമ പ്രഭാഷണത്തില്‍ മുഹമ്മദ് നബി(സ) തൗഹീദ് വിളംബരം ചെയ്തു. മദീനാ വിപ്ലവം വഴി തൗഹീദിന്റെ ജീവിത-ഭരണക്രമം ഭൂമിയില്‍ മുഹമ്മദ് നബി(സ) സ്ഥാപിച്ചു. അറഫായിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ തൗഹീദിന്റെ ലോകക്രമം അദ്ദേഹം വരച്ചുവെച്ചു.

പുതിയ കാലത്തെ വ്യക്തിയെ നമുക്ക് മാനസികവും ധൈഷണികവുമായ ശൈഥില്യത്തില്‍ നിന്ന് മോചിപ്പിക്കണം. പുതിയ കാലത്ത് കുടുംബങ്ങളില്‍ നമുക്ക് ശാന്തിയും ഭദ്രതയും പുനഃസ്ഥാപിക്കണം. പുതിയ ലോകത്ത് നമുക്ക് മനുഷ്യാവകാശവും നീതിയും ഉറപ്പുവരുത്തണം. വ്യാജ ദൈവങ്ങളെയും വ്യാജ ഭരണകൂടങ്ങളെയും പിഴുതുമാറ്റി പ്രപഞ്ചനാഥന്റെ പരമാധിപത്യം പുലര്‍ത്തുന്ന ജനായത്ത ലോകക്രമം നമുക്ക് സ്ഥാപിക്കണം. അഥവാ മദീനാ വിപ്ലവത്തെ വര്‍ത്തമാനത്തിന്റെ അനുഭവമാക്കി പരിവര്‍ത്തിപ്പിക്കണം. റബീഉല്‍ അവ്വലിലെ രാവും പകലും പുതു വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ക്കായി കാതോര്‍ക്കുകയാണ്.

മുഹമ്മദ് നബി(സ)യുടെ വ്യാജ പ്രതിനിധാനം തുറന്നു കാട്ടേണ്ടതും പ്രവാചക സ്‌നേഹത്തിന്റെ അനിവാര്യ താല്‍പര്യമാണ്. അല്‍ഖാഇദ മുതല്‍ ഐ.എസ് വരെ ഇത്തരം വ്യാജ പ്രതിനിധാനങ്ങളുടെ എപ്പിസോഡുകളാണ്. പ്രവാചകന്‍ പഠിപ്പിച്ച ഖിലാഫത്ത്- ഖിലാഫത്തുന്‍ അലാ മിന്‍ഹാജിന്നുബുവ്വ- അബൂബക്കര്‍ ബഗ്ദാദി നടപ്പിലാക്കുന്ന ഭരണമേയല്ല. പൗരോഹിത്യം പ്രചരിപ്പിക്കുന്ന നിലപാടുകള്‍ മുഹമ്മദ് നബി(സ)യുടെ സുന്നത്തില്‍ പെട്ടതേയല്ല. ബാഹ്യ ശത്രുവിനെ തിരിച്ചറിയുന്നതിനേക്കാള്‍ പ്രയാസകരമാണ് ആഭ്യന്തര ശത്രുവിനെ തിരിച്ചറിയല്‍, എങ്കിലും തിരിച്ചറിഞ്ഞേ മതിയാവൂ.

മുഹമ്മദ് നബിക്ക് അവതീര്‍ണമായ ഖുര്‍ആനും, മുഹമ്മദ് നബി അതിന് നല്‍കിയ വിശദീകരണമായ ഹദീസും ചേരുന്നതാണ് ഇസ്‌ലാം. ഖുര്‍ആന്‍ മാത്രവാദം മുഹമ്മദ് നബിയുടെ ശത്രുക്കള്‍ ആവിഷ്‌കരിച്ച കുതന്ത്രം മാത്രമാണ്. ഖുര്‍ആനും ഹദീസും പിന്നെ ഇജ്തിഹാദും ചേര്‍ത്തുവെക്കുമ്പോഴാണ് ഖത്മുന്നുബുവ്വത്തിനു ശേഷമുള്ള ഇസ്‌ലാമിക പ്രതിനിധാനം അര്‍ഥപൂര്‍ണമായിത്തീരുന്നത്. ഇത്തരമൊരു പ്രതിനിധാനമാണ് ജമാഅത്തെ ഇസ്്‌ലാമിയുടെ മൗലിക ധര്‍മം.

2015 ഡിസംബര്‍ 15 മുതല്‍ 2016 ജനുവരി 15 വരെ ജമാഅത്തെ ഇസ്്‌ലാമി കേരള ഘടകം സീറാ കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. 'മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും' ജനങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കലാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി നബി പഠന ക്യാമ്പുകള്‍ ധാരാളമായി സംഘടിപ്പിക്കുന്നുണ്ട്. പ്രദേശങ്ങള്‍ തോറും 'മുഹമ്മദ് നബി ജീവിതവും സന്ദേശവും' എന്ന തലക്കെട്ടില്‍ പൊതു പ്രഭാഷണങ്ങളുണ്ടാകും. ഇതുപോലുള്ള കാമ്പയിനുകള്‍ മറ്റു കൂട്ടായ്മകള്‍ക്കും മാതൃകയാക്കാവുന്നതാണ്. മുസ്‌ലിം സമൂഹഗാത്രത്തില്‍ പിടിമുറുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യവും തീവ്രവാദവും ഭിന്ന രീതികളില്‍ പ്രവാചകചര്യയെ പുറന്തള്ളാന്‍ ശ്രമിക്കുമ്പോള്‍ സുന്നത്തിന്റെ വീണ്ടെടുപ്പ് ലക്ഷ്യം വെക്കുന്ന സീറാ കാമ്പയിനുകള്‍ വളരെ പ്രസക്തം തന്നെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍