Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

ആലുവയുടെ വിദ്യാഭ്യാസ സാംസ്‌കാരിക ചിത്രങ്ങള്‍ -2

റഷാദ് ആലുവ /ലേഖനം

         ആലുവയിലെ വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ച് പറയുമ്പോള്‍ മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു ശൈഖ് ഹമദാനി തങ്ങള്‍. സര്‍ സയ്യിദില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും അലീഗഢില്‍ നിന്ന് ഭിന്നമായി മതവിദ്യാഭ്യാസവും കൂടി ഉള്‍പ്പെട്ട വിദ്യാഭ്യാസ പദ്ധതിയായിരുന്നു ഹമദാനി തങ്ങള്‍ ആവിഷ്‌കരിച്ചത്.  പല കാരണങ്ങളാല്‍ അദ്ദേഹത്തിന് തന്റെ സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കാനായില്ല എന്നത് മറ്റൊരു കാര്യം. പിന്നീട് ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതികളും ആലുവ കേന്ദ്രീകരിച്ചുണ്ടായി. 

1971-ല്‍ എടത്തലയില്‍ എന്‍. മുസ്ത്വഫ സംഭാവന ചെയ്ത മൂന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിതമായ എം.ഇ.എസ്-കെ.എന്‍.എം അനാഥശാല, 1971-ല്‍ തായിക്കാട്ടുകര ദാറുസ്സലാമില്‍ ടി.കെ.മുഹമ്മദ് സ്വാഹിബിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇസ്‌ലാമിക് നഴ്‌സറി ആന്റ് പ്രൈമറി സ്‌കൂള്‍, മോഡല്‍ ഓര്‍ഫനേജ്, 1974-ല്‍ സ്ഥാപിച്ച കുഞ്ഞുണ്ണിക്കര അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ അറബിക് കോളേജ്, 1975-ല്‍ എടത്തല നോര്‍ത്തില്‍ സ്ഥാപിച്ച തബ്‌ലീഗ് ജമാഅത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന അല്‍ജാമിഅത്തുല്‍ കൗഥരിയ്യ അറബിക് കോളേജ് , 1979-ല്‍ കുട്ടമശ്ശേരിയില്‍ സ്ഥാപിക്കുകയും 1995-ല്‍ ചാലക്കലേക്ക് മാറ്റുകയും ചെയ്ത ഇസ്‌ലാമിക് ബോര്‍ഡിംഗ് സ്‌കൂള്‍ ആന്റ് മദ്‌റസ, 1980-ല്‍ എടത്തലയില്‍ ആരംഭിച്ച അല്‍ അമീന്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, 1982-ല്‍ ചാലക്കലില്‍ സ്ഥാപിച്ച അന്‍സാര്‍ അറബിക് കോളേജ്, 1983-ല്‍ സ്ഥാപിക്കപ്പെട്ട ചാലക്കല്‍ എല്‍.പി.സ്‌കൂള്‍, ആലുവ ടൗണ്‍ ജുമുഅ മസ്ജിദിനു കീഴിലുള്ള ഇസ്‌ലാമിക് ഹൈസ്‌കൂള്‍, തോട്ടുമുഖത്ത് സ്ഥാപിച്ചിട്ടുള്ള ക്രസന്റ് പബ്ലിക് സ്‌കൂള്‍, തായിക്കാട്ടുകര മുസ്‌ലിം ജമാഅതിന്റെ കീഴിലുള്ള ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, ബഹുഭാഷാ-മത പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക എന്ന ഉന്നത ലക്ഷ്യത്തോടെ 1990-ല്‍ ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ നേതൃത്വത്തില്‍ ആലുവ പട്ടണത്തില്‍ നിന്ന് ഏഴു കിലോ മീറ്റര്‍ കിഴക്കുമാറി അസ്ഹര്‍ നഗറില്‍ സ്ഥാപിച്ച അസ്ഹറുല്‍ ഉലൂം കോംപ്ലക്‌സ്, ഖത്തറിലെ എറണാകുളം ജില്ലാ മുസ്്‌ലിം അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ അസ്ഹറുല്‍ ഉലൂമിനോട് ചേര്‍ന്ന് ആരംഭിച്ച അമല്‍ പബ്ലിക് സ്‌കൂള്‍, വാടനപ്പള്ളി ഇസ്്‌ലാമിയാ കോളേജിന് കീഴില്‍ പെണ്‍കുട്ടികള്‍ക്കായി ചാലക്കലില്‍ ആരംഭിച്ച വാടാനപ്പള്ളി അനക്‌സ് തുടങ്ങിയവ വിവിധ മുസ്‌ലിം മാനേജ്‌മെന്റുകളുടെ കീഴിലുള്ള വിദ്യാസ്ഥാപനങ്ങളാണ്.

പ്രസാധനാലയങ്ങള്‍

ദക്ഷിണ കേരളത്തിലെ ഇസ്്‌ലാമിക വൈജ്ഞാനിക പ്രചാരണ രംഗത്ത് കാര്യമായ സേവനമര്‍പ്പിച്ച സ്ഥാപനമാണ് ഇസ്‌ലാമിയ്യ ബുക്ക് സ്റ്റാള്‍ ആലുവ. മാടവന മുസ്്‌ലിയാരുടെ ശിഷ്യനായി കൊടുങ്ങല്ലൂരില്‍ നിന്ന് ആലുവയിലെത്തിയ എന്‍.എ.കെ.ഹാജിയാണ് ആലുവ ബുക്ക് സ്റ്റാള്‍ ആരംഭിക്കുന്നത്. എം. ഇബ്‌റാഹീം കുട്ടിയുടെ അല്‍ബഅ്ഥ് (ഉയിര്‍ത്തെഴുന്നേല്‍പ് 1950), എം.എ അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ പ്രവാചകന്മാരുടെ അമാനുഷികത്വം (1959), എം.കെ ഇബ്‌റാഹീമിന്റെ ഇബ്്‌ലീസിന്റെ ശത്രു (1963), കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം വിവര്‍ത്തനം ചെയ്ത സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ ഇസ്‌ലാമിന്റെ സന്ദേശം (1967), കെ.കെ ഇബ്‌റാഹിം കുട്ടി മൗലവിയുടെ മരിച്ചാല്‍ എന്തുചെയ്യണം, ഇബ്‌റാഹീം, ഖിസ്സ്വപ്പാട്ട് (മാപ്പിളപ്പാട്ട്), ലോകരഹസ്യം (സ്വൂഫിസം), ഭൂലോക ചക്രവര്‍ത്തി സുലൈമാന്‍ നബി, ഹറാമിന്റെ മക്കള്‍ (നാടകം) തുടങ്ങിയ കൃതികള്‍ ഇസ്്‌ലാമിയ്യ ബുക്ക് സ്റ്റാള്‍ പുറത്തിറക്കി. 

അല്‍ മആരിഫ് പബ്ലിക്കേഷന്‍സ് എടത്തല- ആലുവ, മൗലാനാ മുഫ്തി മുഹമ്മദ് ശഫീഇന്റെ മആരിഫുല്‍ ഖുര്‍ആന്‍ ഒന്ന്, രണ്ട് വാള്യങ്ങള്‍ (വിവ: അബ്ദുല്‍ കരീം മൗലവി അല്‍ ഖാസിമി) പ്രസിദ്ധീകരിച്ചു.

വിഖ്യാത പണ്ഡിതനും സാഹിത്യകാരനുമായ സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന കൃതിയുടെ സമ്പൂര്‍ണ വിവര്‍ത്തനം ലക്ഷ്യമാക്കി 1991ല്‍ സ്ഥാപിതമായതാണ് മനാസ് ഫൗണ്ടേഷന്‍. ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്, വി.എസ്.സലീം തുടങ്ങിയവരാണ് മനാസ് ഫൗണ്ടേഷന് മേല്‍നോട്ടം വഹിച്ചിരുന്നത്. ഖുര്‍ആന്റെ തണലില്‍ എന്ന പ്രസ്തുത വിവര്‍ത്തന കൃതിക്കു പുറമെ ഖുര്‍ആന്‍ മലയാള സാരം, കുടുംബ വിജ്ഞാന കോശം, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ എന്നീ ഗ്രന്ഥങ്ങളും ഫൗണ്ടേഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇസ്‌ലാം ശാസ്ത്രത്തിന് നല്‍കിയ സംഭാവന എന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട് ടി.വി.കെ സീതി. ചരിത്രാന്വേഷിയായ ടി.വി.കെ.യുടെ നേതൃത്വത്തിലാണ് ഇസ്്‌ലാമിക് സ്റ്റഡിസര്‍ക്കിള്‍ സ്ഥാപിച്ചത്. 

ആലുവ സ്വദേശി എന്‍.എ മുഹമ്മദ് മൗലവി (1905-1951) രചിച്ച ഗ്രന്ഥങ്ങളാണ് ഉപവാസം, ശുചീകരണ സിദ്ധാന്തം, കര്‍ത്തവ്യം, മരുമക്കത്തായം, തഅ്‌ലീമുല്‍ ഇഖ്‌വാന്‍, മുഅല്ലിമുല്‍ ഇഖ്‌വാന്‍ എന്നിവ. ആലുവക്കാരനായ സി.എം.മൗലവി രചിച്ച കൃതികളാണ് വിശുദ്ധിയിലേക്കുള്ള വഴികാട്ടി, സത്യദര്‍ശനം, പ്രശാന്തിയുടെ തീരത്തേക്ക്, പ്രാര്‍ഥനകളുടെ ലോകം തുടങ്ങിയവ.

ഡോ. ഉസ്മാന്‍ (ആലുവ മെഡിക്കല്‍ സെന്റര്‍) ആതുര ശുശ്രൂഷാ രംഗത്തെ സേവനങ്ങള്‍ക്കുപരിയായി അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ്. ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോറം ഫോര്‍ ഫെയ്ത്ത് ആന്റ് ഫ്രേറ്റേനിറ്റി പുറത്തിറക്കിയിരുന്ന ഇംഗ്ലീഷ് മാഗസിന്‍ അല്‍ ഹാര്‍മണിയുടെ ചീഫ് എഡിറ്ററായിരുന്നു. ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പുസ്തകമാണ് This is ISLAM.

സാഹിത്യ രചനകള്‍

കേരളത്തിലെ ആധുനിക അറബി പണ്ഡിതന്മാരില്‍ പ്രമുഖനാണ് ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് (1930-1996). 'ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഇസ്‌ലാമിക പ്രബോധനവും അതിന്റെ വളര്‍ച്ചയും' എന്ന വിഷയത്തില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് അദ്ദേഹം ഡോക്ടറേറ്റ് നേടി. ഒരു ഡസനിലേറെ അറബി കൃതികള്‍ രചിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ചില അറബി കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. തകഴിയുടെ പ്രസിദ്ധ നോവലായ ചെമ്മീന്‍ മലയാളത്തില്‍ നിന്ന് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത് അദ്ദേഹമാണ്.

അറബി ഭാഷയില്‍ ഗ്രന്ഥരചന നടത്തിയ മറ്റൊരു പണ്ഡിതനാണ് ആലുവ തോട്ടുംമുഖം സ്വദേശി എ. ഇബ്‌റാഹീം അല്‍ ഖാസിമി. തിരൂര്‍ക്കാട് ഇലാഹിയ്യാ കോളേജിലെ അധ്യാപകനായിരുന്നു അദ്ദേഹം. 

അന്‍പതുകളില്‍ ശ്രദ്ധേയനായ മലയാള കവികളിലൊരാളായിരുന്നു പൊന്‍കുന്നം സെയ്തുമുഹമ്മദ്. പ്രവാചക ജീവിതത്തെ ആസ്പദമാക്കി ഭാഷാ വൃത്തങ്ങളില്‍ അദ്ദേഹം രചിച്ച മാഹമ്മദം മഹാകാവ്യം ആ സരണിയില്‍ ആദ്യത്തേതും ഏകവുമായ സംരംഭമായിരുന്നു. ലോകോത്ഭവം മുതലുള്ള ഇസ്‌ലാമിക ചരിത്രത്തിന്റെ കാവ്യാഖ്യാനം മൂന്നു വാള്യങ്ങളായിട്ടാണ് ആസൂത്രണം ചെയ്തതെങ്കിലും കഅ്ബഃ ഉദ്ഘാടനം വരെയുള്ള വാള്യം മാത്രമേ പ്രസിദ്ധീകരിക്കാനായുള്ളൂ. ഇതില്‍ മൂന്നു സര്‍ഗങ്ങളും 1,269 ശ്ലോകങ്ങളുമാണുള്ളത്. ഒരു ഇസ്്‌ലാമിക ഇതിവൃത്തം മഹാകാവ്യ രചനക്ക് സ്വീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു. കവി പെന്‍കുന്നം സെയ്തുമുഹമ്മദ് മരണപ്പെടുന്നത് ആലുവ  തായിക്കാട്ടുകരയില്‍ വെച്ചാണ്. 

കേരള മുസ്‌ലിം ഐക്യസംഘം

ആദ്യകാലം മുതല്‍ക്കുതന്നെ ഐക്യസംഘത്തിന്റെ സ്വാധീനം ആലുവയിലുണ്ടായിരുന്നു. 1924-ല്‍ ആലുവയില്‍ ചേര്‍ന്ന സംഘത്തിന്റെ രണ്ടാം വാര്‍ഷികയോഗത്തില്‍വെച്ചാണ് കേരള ജംഇയ്യത്തുല്‍ ഉലമാ രൂപംകൊണ്ടത്. 1922-ല്‍ എച്ച്.എ.സി കേന്ദ്രമാക്കി മുസ്‌ലിംകള്‍ക്ക് ഒരു കോളേജ് സ്ഥാപിക്കാനുള്ള ഐക്യസംഘത്തിന്റെ ശ്രമം പരാജയപ്പെട്ടു. 1936- ല്‍ ആലുവ ക്രൈസ്തവ മഹിളാലയത്തില്‍ നടന്ന അഖിലേന്ത്യാ സര്‍വമത സമ്മേളനത്തില്‍ കെ.എം സീതി സാഹിബ് പങ്കെടുക്കുകയുണ്ടായി. ഇസ്‌ലാമിനെ സംബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം അന്യമതസ്ഥര്‍ക്കിടയില്‍ മതിപ്പുളവാക്കി.

ഒരു മുസ്‌ലിം സംഘടനയിലും അംഗമായില്ലെങ്കിലും ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് തുടക്കംമുതലേ പിന്‍ബലമേകിയ കോണ്‍ഗ്രസ് നേതാവാണ് ടി.ഒ ബാവ. 1984-ല്‍ ടി.ഒ ബാവയുടെ നേതൃത്വത്തില്‍, ഉല്‍പതിഷ്ണു പണ്ഡിതരെ വിളിച്ചുവരുത്തി ആലുവ ജുമാ മസ്ജിദിനു മുമ്പിലുള്ള മദ്‌റസ അങ്കണത്തില്‍ ഒരു വഅഌ പരമ്പര നടത്തുകയുണ്ടായി. യാഥാസ്ഥിതികരുടെ ശക്തമായ എതിര്‍പ്പിനിടയിലും ഉല്‍പതിഷ്ണു പണ്ഡിതന്മാരായ കെ.കെ.എം ജമാലുദ്ദീന്‍ മൗലവി, ഇസ്ഹാഖ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. ഇതോടെ കൂടുതല്‍ ഊര്‍ജസ്വലരായി ഉല്‍പതിഷ്ണുക്കള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

 

ജമാഅത്തെ ഇസ്്‌ലാമി

എടപ്പാള്‍ സ്വദേശി താജുദ്ദീന്‍ സ്വാഹിബിന്റെ പ്രവര്‍ത്തനഫലമായി 1949 സെപ്റ്റംബര്‍ 29-ന് ആലുവയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അനുഭാവിവൃത്തം (ഹംദര്‍ദ് ഹല്‍ഖ) നിലവില്‍വന്നു. ഹാജി വി.പി മുഹമ്മദലി, ടി. ഇസ്ഹാഖ് അലി മൗലവി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ഉടനെ തന്നെ ഹല്‍ഖ രൂപീകരിക്കണമെന്ന് ഹാജി സാഹിബിനോട് നിര്‍ദേശിച്ചത് ടി.ഒ ബാവയായിരുന്നു. തിരു-കൊച്ചി മേഖലയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ പ്രവര്‍ത്തക വൃത്തമായിരുന്നു ഇത്. ആലുവയിലെ ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ക്കുതന്നെ നേതൃത്വം നല്‍കിപ്പോന്നത് ടി.കെ മുഹമ്മദ് സാഹിബാണ്. 1957-ല്‍ ആലുവ ടൗണിന്റെ തെക്കുഭാഗത്ത്, പെരിയാറിന്റെ തീരത്ത് തങ്ങള്‍കുഞ്ഞ് മുസ്‌ലിയാരുടെ കശുവണ്ടികളത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള സമ്മേളനം നടന്നു. ആയിരത്തോളം ആളുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി മുഹമ്മദ് യൂസുഫ് സാഹിബ് പങ്കെടുത്തിരുന്നു.

ടി.കെ ആലുവ എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന തായിക്കാട്ടുകര സ്വദേശിയായ ടി.കെ മുഹമ്മദ് ആലുവ, കൊച്ചി ഉള്‍പ്പെടെ മധ്യകേരളത്തില്‍ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ നേതൃത്വം നല്‍കിയ പ്രമുഖരിലൊരാളാണ്. അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി മുന്‍ കേന്ദ്ര പ്രതിനിധിസഭാംഗവും കേരള ശൂറാംഗവുമായിരുന്നു.

തായിക്കാട്ടുകര മോഡല്‍ ഓര്‍ഫനേജ്, ഇസ്‌ലാമിക് എജുക്കേഷന്‍ സെന്റര്‍, ദാറുസ്സലാം അറഫാ മസ്ജിദ് എന്നിവയുടെ സ്ഥാപകനാണ്. എറണാകുളം ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിക്കുന്നതിലും എറണാകുളം മദീന മസ്ജിദ് നിര്‍മിക്കുന്നതിലും സജീവ പങ്കുവഹിച്ചിട്ടുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാതെ ടി.കെ നിലത്തെഴുത്താശാനില്‍ നിന്നാണ് ആദ്യാക്ഷരം പഠിച്ചത്. സ്വന്തം പരിശ്രമത്തിലൂടെ വിവിധ ഭാഷകളില്‍ അവഗാഹം നേടി. 2006 ഏപ്രില്‍ 8-ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. 

(അവസാനിച്ചു)

അവലംബം:

 ഇന്റര്‍വ്യൂ: കെ.പി.അസീസ്, ഡോ.ഉസ്്മാന്‍
 ഇസ്‌ലാമിക വിജ്ഞാന കോശം വാള്യം 3,8
 ടി.കെ ആലുവയുടെ ഡയറിക്കുറിപ്പുകള്‍   കീഴ്മാട് ഡയറക്ടറി
 കേരള മുസ്്‌ലിം ചരിത്രം - ഡോ. സി.കെ കരീം
 മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - സി.എന്‍.അഹ്മദ് മൗലവി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം  സര്‍വ വിജ്ഞാന കോശം വാള്യം 3
 ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് സുവനീര്‍ - അസ്ഹറുല്‍ ഉലൂം
 കേരള മുസ്്‌ലിം നവോത്ഥാനം - പ്രബോധനം സ്‌പെഷ്യല്‍ 1998

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍