Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

മനുഷ്യാവകാശം: ഇസ്‌ലാമിക പാഠങ്ങള്‍-2

കെ.എം അഷ്‌റഫ് നീര്‍ക്കുന്നം /പഠനം

         മനുഷ്യ ജീവിതത്തിന്റെ ശക്തിപൂര്‍ണ്ണവും സ്വച്ഛവുമായ ഒഴുക്കിന് അനിവാര്യമായും സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങളെക്കുറിച്ച് വ്യക്തവും പ്രമാണ ബദ്ധവുമായ കാഴ്ചപ്പാട് ഇസ്‌ലാമിനുണ്ട്. ഈ മൂല്യങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്തുമ്പോള്‍ ദീക്ഷിക്കേണ്ട മുന്‍ഗണനാക്രമത്തെക്കുറിച്ചും ഇസ്‌ലാം സംസാരിക്കുന്നു. 

മനുഷ്യനിലനില്‍പ്പിന്റെ ആധാരമെന്ന നിലക്ക് ഏറ്റവും പ്രഥമമായി സുരക്ഷ ഉറപ്പ് വരുത്തേണ്ടത് മനുഷ്യജീവന്നാണ്. ആദര്‍ശ സ്വാതന്ത്ര്യമുള്‍പ്പെടെ മറ്റെല്ലാ അനിവാര്യതകളും ഇതിന് ശേഷമേ വരികയുള്ളൂ. ജീവന്‍ അപകടത്തിലാകുമ്പോള്‍ മറ്റു മൂല്യങ്ങള്‍ക്കെന്തു പ്രസക്തി! “ജീവന്‍ സുരക്ഷിതമാവുക”എന്നത് മര്‍മപ്രധാനമായ ആവശ്യമാണെന്ന് ഇസ്‌ലാമിക ശരീഅത്ത് തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നു. കാരണം വളരെ വ്യക്തമാണ്. വിശ്വാസപരവും കര്‍മ്മപരവുമായ ദൈവിക ശാസന പാലിക്കപ്പെടണമെങ്കില്‍ മുകല്ലഫ് (നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനായവന്‍) ജീവനോടെയുണ്ടാകണമല്ലോ. അനിവാര്യതകള്‍ നിഷിദ്ധങ്ങളെ അനുവദനീയമാക്കുന്നു”എന്ന തത്വം ശരീഅത്ത് ആവിഷ്‌കരിക്കുന്നത് ഈ അടിസ്ഥാനത്തിലാണ്. ജീവന്‍ അപകടത്തില്‍ പെടുമ്പോള്‍ മനഃസാന്നിധ്യമോ തൃപ്തിയോ ഇല്ലാതെ 'കുഫ്‌റിന്റെ വാചകം' ഉച്ചരിക്കാനും ശവം ഭക്ഷിക്കാനും നിയമദാതാവ് അനുമതി നല്‍കിയത് ഈ അടിസ്ഥാനത്തിലാണ്. 

മനുഷ്യജീവന് ഇസ്‌ലാം നിശ്ചയിച്ച വില ഗണിതശാസ്ത്ര സമവാക്യങ്ങളെ നിരാകരിക്കുന്നതാണ്. ഒരു മനുഷ്യജീവന്‍ മനുഷ്യകുലത്തിനാകെ സമമായി മാറുന്ന അല്‍ഭുതമാണ് നാം അവിടെ കാണുന്നത്. ഖുര്‍ആന്‍ പറയുന്നു: ''ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും'' (അല്‍മാഇദ: 32).

ദൈവം നല്‍കിയ മഹത്തായ അനുഗ്രഹമാണ് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം. ജീവിതം പരീക്ഷണമാകുന്നത് ഈ സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. സ്വാതന്ത്യത്തിന്റെ അഭാവത്തില്‍ മനുഷ്യ ജീവിതം മൃഗതുല്യമായി തീരും. ജീവിതം പരീക്ഷണമാകുന്നത് ഈ സ്വാതന്ത്ര്യം നിലനില്‍ക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ ഇഹലോകത്ത് ഈ സ്വാതന്ത്രൃത്തെ ഹനിക്കുന്ന യാതൊരു നീക്കവും ഇസ്‌ലാം അനുവദിക്കില്ല. 

തന്റെ വിശ്വാസത്തെ തീരുമാനിക്കുന്നതില്‍ മനുഷ്യന് സ്വതന്ത്രവും ഇച്ഛാനുസൃതവുമായ തെരഞ്ഞെടുപ്പിനുള്ള അവസരമുണ്ടാകണം. ദൈവിക ദീനായാല്‍ പോലും നിര്‍ബന്ധത്തിന്റെ ലാഞ്ഛന ഉണ്ടാവരുതെന്നാണ് ഖുര്‍ആനിക ശാസന (അല്‍ബഖറ 256, ഹൂദ് 28, യൂനുസ് 99). വിശ്വാസ ആദര്‍ശ വൈവിധ്യം നടപടി ക്രമത്തിന്റെ ഭാഗമത്രെ. 

''നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?'' (10:99).

''നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും'' (11:118). ''പ്രവാചകന്മാര്‍  സുവിശേഷകരും മുന്നറിയിപ്പുകാരും മാത്രമായിരുന്നു''  (അന്നിസാഅ് 165, അല്‍അന്‍ആം 48, അല്‍കഹ്ഫ് 56). ''അടിച്ചേല്‍പിക്കലോ സമ്മര്‍ദം ചെലുത്തലോ അവരുടെ നയമേ അല്ല'' (അല്‍ഗാശിയ 21-22, ഖാഫ് 45, യൂനുസ് 108, അസ്സുമര്‍ 41).

നീതി

ഇസ്‌ലാമിക ശരീഅത്ത് നിലകൊള്ളുന്ന ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സ്തംഭമാണ് നീതി. ഒരിക്കലും മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത സ്ഥിര പ്രമാണങ്ങളില്‍ മുഖ്യമായ ഒന്നാണത്. പ്രമാണങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ ആയ ഏതൊരു വിഷയത്തിലും നീതി സാക്ഷാത്കരിക്കപ്പെട്ടാല്‍ ആ കാര്യം ഇസ്‌ലാമില്‍ നിയമ വിധേയമായി. വസത്വിയത്തി(മധ്യമ നിലപാട്)നെ നീതിയെന്നാണ് പ്രവാചകന്‍ പരിചയപ്പെടുത്തിയത്.  അവിടുന്ന് പറഞ്ഞു: വസത്വിയത് എന്നാല്‍ നീതി. നിങ്ങളെ അല്ലാഹു മധ്യമ സമുദായം അഥവാ നീതിക്കു വേണ്ടി നിലകൊള്ളുന്ന സമൂഹമാക്കി മാറ്റിയിരിക്കുന്നു.

നീതിയുടെ വിപരീതമാണ് ളുല്‍മ് (അക്രമം).  മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തില്‍ അനീതി പ്രകടമാകുന്നതാണ് ശിര്‍ക്ക് (ലുഖ്മാന്‍ 13). മനുഷ്യനും സഹജീവിയും തമ്മിലുള്ള ബന്ധത്തില്‍ പ്രകടമാവുന്ന അനീതിയെയും ളുല്‍മ്  എന്നാണ് ഖുര്‍ആന്‍ വ്യവഹരിക്കുന്നത് (അശ്ശൂറ 42).

ഇസ്‌ലാമില്‍ നീതി കേവലമായ അവകാശമല്ല മതപരമായ അനിവാര്യതയാണ്. അവകാശം ഒരാള്‍ക്ക് വേണ്ടന്ന് വെക്കാം.  എന്നാല്‍ ബാധ്യതകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് ഗുരുതരമായ പാപമാണ്. മുസ്‌ലിം ഉമ്മത്തിലെ ഒരാളും ഈ ബാധ്യതയില്‍ നിന്ന് ഒഴിവല്ല. പ്രവാചകനോടുള്ള നിര്‍ദേശം ഇങ്ങനെ വായിക്കാം:  

''അതിനാല്‍ നീ സത്യപ്രബോധനം നടത്തുക. കല്‍പിക്കപ്പെട്ട പോലെ നേരാംവിധം നിലകൊള്ളുക. അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. പറയുക: അല്ലാഹു ഇറക്കിത്തന്ന എല്ലാ വേദപുസ്തകങ്ങളിലും ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്കിടയില്‍ നീതി സ്ഥാപിക്കാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവാണ് ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മങ്ങള്‍. നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മങ്ങളും. നമുക്കിടയില്‍ തര്‍ക്കമൊന്നുമില്ല. ഒരു നാള്‍ അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂട്ടും. എല്ലാവര്‍ക്കും മടങ്ങിച്ചെല്ലാനുള്ളത് അവങ്കലേക്കുതന്നെയാണല്ലോ'' (42:15).

ഭരണ കര്‍ത്താക്കളോട് പ്രത്യേകമായി നിര്‍ദേശിക്കുന്നു: ''അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പ്പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ്  കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്നത്.  അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്'' (4:58).

മുസ്‌ലിം ഉമ്മത്തിനോട് പറയുന്നു: ''നീതി പാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധത്തിലുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പിക്കുന്നു. നീചതയും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍'' (16:90).

''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക. നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതി നടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിക്ക് ഏറ്റം പറ്റിയത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഉറപ്പായും അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്''(5:8).

സമൂഹത്തിലെ ഓരോ വ്യക്തിക്കും ലഭ്യമാവേണ്ട അനിവാര്യതയാണ് നീതി. അതു കൊണ്ടാണ് നീതി നിഷേധം സ്വര്‍ഗത്തെ വിലക്കുന്ന കാര്യമായി എണ്ണപ്പെട്ടതും, ഇത്ര കര്‍ശനമായി നീതിക്കു വേണ്ടി നിലകൊള്ളാന്‍ ആവശ്യപ്പെട്ടതും. അനീതി അല്ലാഹു സ്വയം നിഷിദ്ധമാക്കിയ കാര്യമാണ്. അതിനാല്‍ അവന്റെ അടിമകളും ഈ വ്യവസ്ഥ പാലിക്കണമെന്നാണ് ദൈവ ശാസന. ''കൊടിയ ശിക്ഷയാണ് അനീതി കാണിക്കുന്നവര്‍ക്ക് പടച്ചവന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ നിങ്ങളില്‍ നിന്ന് അക്രമം കാണിച്ചവരെ നാം കഠിന ശിക്ഷക്കു വിധേയമാക്കും'' (25:19). 

ജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ലഭ്യമാവേണ്ട അനിവാര്യതയല്ല നീതി. പ്രത്യുത സാമ്പത്തികം, സാമൂഹികം, സാംസ്‌കാരികം തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സകല അടരുകളിലും നീതി സ്ഥാപിതമാകണം. ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കാന്‍ പോരാടി മരിച്ചവന്‍ ശഹീദാണെന്ന പ്രവാചക വചനം ഈ വസ്തുതക്ക് അടിവരയിടുന്നു.

വിജ്ഞാന സമ്പാദനം

അറിവിന്റെ ആവശ്യകതയെ കുറിച്ച് ആരും അജ്ഞരല്ല. ഇസ്‌ലാമിന്റെ സുവര്‍ണദശകളില്‍ വൈജ്ഞാനിക പുരോഗതിക്ക് അത് നല്‍കിയ ഗംഭീരമായ സംഭാവനകള്‍ ലോകത്തിനറിയാം. എന്നാല്‍ അന്ധകാരത്തില്‍ നിന്ന് ഒരു ജനതയെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ഭൂമികയിലേക്ക് പറിച്ചുനടാന്‍ ഇസ്‌ലാമിക നാഗരികതയെ പ്രേരിപ്പിച്ച സാക്ഷാല്‍ പ്രചോദകം എന്തായിരുന്നുവെന്നത് പലര്‍ക്കും അജ്ഞാതമാണ്.  ഈ ദീന്‍ സ്ഥാപിക്കപ്പെട്ട മൗലികാടിത്തറകളില്‍ പ്രധാനമാണ് അറിവ്. പ്രവാചകന്  ലഭിച്ച ആദ്യ വെളിപാടില്‍ തുടങ്ങി ഒരാള്‍ വിശ്വാസിയാകാനുള്ള പ്രഥമ ഉപാധിയാകുവോളം ഈ പ്രാധാന്യം വളര്‍ന്നിരിക്കുന്നു. ''അതിനാല്‍ അറിയുക: അല്ലാഹുവല്ലാതെ ദൈവമേയില്ല'' (47:19). അറിവ് ഒരേ സമയം വെളിച്ചവും വെളിച്ചത്തിലേക്കുള്ള വഴിയുമാകുന്നു. ''അപ്പോള്‍ നിന്റെ നാഥന്‍ നിനക്കിറക്കിത്തന്നത് സത്യമാണെന്ന് അറിയുന്നവന്‍ കുരുടനെപ്പോലെയാകുമോ? വിചാരശാലികള്‍ മാത്രമേ കാര്യങ്ങള്‍ നന്നായി മനസ്സിലാക്കുകയുള്ളൂ'' (13:19). കരയിലെയും കടലിലെയും ഇരുട്ടുകളില്‍ വെളിച്ചമേകുന്ന നക്ഷത്രങ്ങളെ പോലെയാണ് അറിവുള്ളവരെന്ന് പ്രവാചകന്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണം പോലെ മനുഷ്യന് അനിവാര്യമാണ് അറിവും. ഖലീഫയെന്ന വിശിഷ്ട പദവിക്ക് മനുഷ്യനെ അര്‍ഹനാക്കിയതും അറിവു തന്നെ (അല്‍ബഖറ 33,34). 

ഖലീഫയായി മാറുകയെന്നത് മനുഷ്യന്റെ ജന്മ ദൗത്യമായിരിക്കെ വിജ്ഞാനമാര്‍ജിക്കാനുള്ള ഒരവസരവും മനുഷ്യന് നിഷേധിക്കപ്പെട്ടുകൂടാ. ഇതാണ് ഇസ്‌ലാം അറിവ് സമ്പാദനത്തെ അനിവാര്യതകളില്‍ പെടുത്താനുള്ള കാരണം. കേവലമായ അറിവ് ആര്‍ജിക്കലല്ല, മറിച്ച് അറിവ് മനുഷ്യരാശിക്ക് പ്രയോജനപ്രദമാകണമെന്നാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. ലക്ഷ്യ രഹിതമായ ഒരു കര്‍മത്തെയും ഇസ്‌ലാം സാധൂകരിക്കുന്നില്ല. ഉപകാരമില്ലാത്ത അറിവിനെ ദൈവ മാര്‍ഗത്തില്‍ ചെലവഴിക്കാത്ത വിഭവ ശേഖരത്തോടാണ് പ്രവാചകന്‍  ഉപമിച്ചത്. 

അറിവിന്റെ ഭൗതികമെന്നും മതപരമെന്നുമുള്ള വിഭജനത്തെയും ഇസ്‌ലാം നിരാകരിക്കുന്നു. അറിവിന്റെ വിഭജനത്തിനുള്ള യഥാര്‍ഥ മാനദണ്ഡം വിജ്ഞാന സമ്പാദനത്തിന്റെ ലക്ഷ്യ നിര്‍ണയവുമായി ബന്ധപ്പെട്ടതാണ്.  പരലോക മോക്ഷം ലക്ഷ്യമാവാതെ വരുമ്പോഴാണ് ജ്ഞാന സമ്പാദനം ആക്ഷേപാര്‍ഹമാവുക. ഖുര്‍ആന്‍ പറയുന്നു: ''ഐഹിക ജീവിതത്തിന്റെ ബാഹ്യ വശമേ അവരറിയുന്നുള്ളൂ. പരലോകത്തെപ്പറ്റി അവര്‍ തീര്‍ത്തും  അശ്രദ്ധരാണ്'' (30:7). പ്രവാചകന്‍ ദാവൂദി(അ)നെ പടച്ചട്ട നിര്‍മാണം പഠിപ്പിച്ചതിനെ ദൈവിക ഔദാര്യമായാണ് ഖുര്‍ആന്‍ വിലയിരുത്തുന്നത് (അല്‍ അമ്പിയാഅ് 80, സബഅ് 10,11). 

കൂടിയാലോചന

ഇസ്‌ലാമിക ഭരണസംവിധാനത്തിന്റെ ആണിക്കല്ലാണ് ശൂറ. കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി ഒന്നിലധികം ആളുകള്‍ ഒത്തു ചേരുന്ന ഏതൊരു കൂട്ടായ്മയിലും കൂടിയാലോചന അനിവാര്യമാണെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം.   നേട്ടങ്ങള്‍ പങ്കിട്ടെടുത്തും കോട്ടങ്ങള്‍ വിഭജിച്ച് ലഘൂകരിച്ചും സംഘടിത ശ്രമങ്ങളെ മുന്നോട്ട് നയിക്കലാണ്  ശൂറയുടെ ധര്‍മം. ഒരേ ഭൂമികയില്‍ പണിയെടുക്കുന്ന എല്ലാവരുടെയും പങ്കാളിത്തം കൂടിയാലോചന ഉറപ്പ് വരുത്തുന്നു. ഏകാധിപത്യത്തിന്റെ എല്ലാ ദൂഷ്യങ്ങളെയും മറികടക്കാന്‍ ശൂറാ സംവിധാനത്തിന് സാധിക്കുന്നത് അതിലെ  സാമൂഹിക ബോധം ഉയര്‍ന്നു നില്‍ക്കുന്നതു കൊണ്ടാണ്. സാമൂഹിക ചിന്തയുടെ ഏറ്റവും ഉയര്‍ന്ന രൂപമെന്നാണ് പാശ്ചാത്യ ധിഷണ ജനാധിപത്യത്തെ പരിചയപ്പെടുത്തുന്നത്.

എന്നാല്‍ ഏകാധിപത്യത്തിന്റെ  എല്ലാ വൈകൃതങ്ങളും തോതില്‍ വ്യത്യാസമുണ്ടെങ്കിലും ജനാധിപത്യത്തിലും നിഴലിക്കുന്നതാണ് നമ്മുടെ അനുഭവം. ജനാധിപത്യത്തിന് വകഭേദങ്ങള്‍ ഉണ്ടാവാനുള്ള കാരണമതാണ്. ഇവിടെയാണ്  ഇസ്‌ലാമിക ശൂറ വ്യതിരിക്തമാവുന്നത്. അമ്പത്തിയൊന്നു പേര്‍ ചേര്‍ന്നു തീരുമാനിച്ചതെന്തായാലും ശരി എന്നതല്ല സത്യത്തിന്റെ മാനദണ്ഡം. പ്രമാണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നതാണ് ശരിതെറ്റുകള്‍ തീരുമാനിക്കാനുള്ള അടിസ്ഥാനം. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്യമാണ് പ്രധാനം. ഈ സ്വാതന്ത്യത്തിന്റെ സംരക്ഷണമാണ് ശൂറയുടെ കാതല്‍.

ഇസ്‌ലാമിക നാഗരികതയുടെ ഉത്ഥാനപതനങ്ങള്‍ ഈ മഹത്തായ മൂല്യത്തിന്റെ സംരക്ഷണവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. കൂടിയാലോചനക്ക് പകരം ഏകാധിപത്യവും വ്യക്തികേന്ദ്രീകൃത പ്രവണതകളും വ്യാപിച്ചപ്പോഴാണ്  ഇസ്‌ലാമിക നാഗരികത ക്ഷയിക്കാന്‍ തുടങ്ങിയത്.  പാശ്ചാത്യര്‍ക്ക് യവന നാഗരികതയുടെ പാരമ്പര്യമായി കിട്ടിയതാണ് ജനാധിപത്യ ബോധം. ഇസ്‌ലാമിലെ ശൂറ സംവിധാനമാകട്ടെ ദൈവമതത്തിന്റെ അടിത്തറകളില്‍ പ്രധാനമാണ്. ഇസ്‌ലാമിക നാഗരികതയുടെ സംവിധാനത്തിലും രാഷ്ട്ര ഭരണത്തിലും ഒരു ആരാധന കര്‍മത്തിന്റെ വിശുദ്ധിയോടെ നിര്‍വഹിക്കപ്പെടേണ്ട ധര്‍മമാണ്.  

ദിവ്യവെളിപാടിന്റെ പിന്‍ബലമാണ് പ്രവാചകന്മാരെ ഇതര മനുഷ്യരില്‍ നിന്ന് വ്യതിരിക്തമാക്കുന്നത്. ദൈവികമായ വെളിപാട് ലഭിക്കുന്നവര്‍ മറ്റു മനുഷ്യരുമായി കൂടിയാലോചിക്കേണ്ടതിന്റെ ആവശ്യകതയില്‍ നമുക്ക് സന്ദേഹം ഉണ്ടാകാം. എന്നാല്‍ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളില്‍  വഹ്‌യിന്റെ പിന്‍ബലം  ഉണ്ടായിരിക്കെത്തന്നെ കുടിയാലോചിക്കാനുള്ള നിര്‍ദേശമാണ് അല്ലാഹു നല്‍കുന്നത്.  ''അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിന മനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ  ഇഷ്ടപ്പെടുന്നു'' (3:159). കൂടിയാലോചന നടന്നിട്ടും പരാജയം രുചിക്കേണ്ടി വന്ന ഉഹുദ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആയത്ത് അവതരിച്ചതെന്ന വസ്തുത സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. പ്രകൃത സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍തുബി എഴുതുന്നു: ''സുപ്രധാന വിധികളുടെയും ശരീഅത്തിന്റെയും തത്ത്വങ്ങളില്‍ പെട്ടതാണ് ശൂറ. ദീനും അറിവുമുള്ളവരോട് കൂടിയാലോചിക്കാത്തവരെ (തദ്സ്ഥാനങ്ങളില്‍ നിന്ന്) നീക്കം ചെയ്യല്‍ നിര്‍ബന്ധമാകുന്നു. ഇവ്വിഷയകമായി യാതൊരു ഭിന്നതയും (പണ്ഡിതര്‍ക്കിടയില്‍) ഇല്ല'' (അല്‍ ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍ 4/249) .

വിയോജിക്കാനുള്ള സ്വാതന്ത്ര്യം

വിയോജിപ്പ് രേഖപ്പെടുത്താനും ഭിന്നാഭിപ്രായമുള്ളര്‍ക്ക് (പ്രതിപക്ഷം) സംഘടിക്കാനുമുള്ള സ്വാതന്ത്യം ആധുനിക ജനാധിപത്യ സംവിധാനത്തിലെ മികവുറ്റ അവകാശമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. വിയോജിപ്പ് ഭരണകൂടത്തോടോ മറ്റു അധികാര കേന്ദ്രങ്ങളോടോ ആകാം. ഇത്തരം ഭിന്ന സ്വരങ്ങളെ  ഇസ്‌ലാമിക സമാജം എങ്ങനെ നോക്കിക്കാണുന്നു? തദ്വിഷയകമായി പ്രമാണങ്ങളുടെ നിലപാട് എന്ത്? ഇസ്‌ലാം വകവെച്ചു നല്‍കിയതും എന്നാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടതുമായ ഒരു വശമാണിത്. മുസ്‌ലിം നാടുകള്‍ നിലവില്‍ വിനിമയം ചെയ്തു കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഈ തെറ്റിദ്ധാരണയുടെ മുഖ്യ കാരണം.

ഇസ്‌ലാമിക ചരിത്രത്തെ നിക്ഷ്പക്ഷമായി സമീപിക്കുന്ന ഏതൊരാള്‍ക്കും ആ നാഗരികത ഭിന്നസ്വരങ്ങളും അതിനുള്ള സ്വാതന്ത്യവും വകവെച്ചു കൊടുത്തതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. വൈവിധ്യങ്ങളെ ദൈവിക നടപടിക്രമമായി വിശേഷിപ്പിച്ച ശ്രന്ഥമാണ് ഖുര്‍ആന്‍. ''ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക്  ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്''  (30:22).  ''നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ അവര്‍ ഭിന്നിച്ചുകൊണ്ടേയിരിക്കും'' (11:118). 

ദീനിന്റെ മൗലികാടിത്തറകളിലും പൊതു ലക്ഷ്യങ്ങളിലും യോജിക്കുകയും വിശദാംശങ്ങളില്‍ ഭിന്നിക്കുകയും ചെയ്ത ചരിത്രമാണ് മുസ്‌ലിം ഉമ്മത്തിന്റേത്. ഒരാശയത്തിന്റെ പ്രായോഗികതയിലും അതിന്റെ രീതി ശാസ്ത്രത്തിലുമുളള ഭിന്നിപ്പാകട്ടെ സ്വാഭാവികവുമാണ്.  

ഇസ്‌ലാമിക ചരിത്രത്തിലുടനീളം സംഭവിച്ച ഭിന്നസ്വരങ്ങളില്‍ ഏറിയ പങ്കും രാഷ്ട്രീയമായ  അഭിപ്രായാന്തരങ്ങള്‍ നിമിത്തമായിരുന്നു. ഭരണാധിപന്‍ ആരായിരിക്കണം, രാഷ്ട്ര ഭരണത്തിന്റെ നയനിലപാടുകള്‍ എന്തായിരിക്കണം  എന്നിത്യാദി രീതിശാസ്ത്രപരമായ വിശകലനങ്ങളില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ രൂപപ്പെട്ടപ്പോഴും ഖിലാഫത്ത് എന്ന ദീനി അടിത്തറയെ കുറിച്ചോ, ഖുര്‍ആനും നബിചര്യയും നിയമനിര്‍മാണത്തിന്റെ ആധാരമായി വര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചോ തര്‍ക്കമുണ്ടായിരുന്നില്ല. കാരണം അവ ദീനീന്റ അടിസ്ഥാനങ്ങളായിരുന്നു. 

വിശദാംശങ്ങളിലുണ്ടായിരുന്ന പ്രതിസ്വരങ്ങളെ  അംഗീകരിച്ചും, ചിലപ്പോഴൊക്കെ അവഗണിച്ചുമാണ് ഇസ്‌ലാമിക രാഷ്ട്രീയ ചരിത്രം വികസിച്ചത്.  വ്യവസ്ഥാപിതമോ അല്ലാത്തതോ ആയ ഒരു പ്രതിപക്ഷത്തിന്റെ സാന്നിധ്യത്തില്‍ തന്നെയാണ് മുസ്‌ലിം ഭരണകൂടങ്ങള്‍ അധികാരത്തിലിരുന്നതെന്ന് സാരം. ഖിലാഫത്തുര്‍റാശിദയില്‍  മികച്ച ഒരു പ്രതിപക്ഷത്തായിരുന്നു  സഅദ് ബ്‌നു ഉബാദ.  സഖീഫ ബനീസാഇദയില്‍ വെച്ച് അബൂബക്‌റി(റ)ന്  ബൈഅത്ത് ചെയ്യാന്‍ വിസമ്മതിച്ച് തുടങ്ങിയ അദ്ദേഹത്തിന്റ വിയോജനം ഉമറി(റ)ന്റെ ഖിലാഫത്തില്‍ മരണമടയുന്നതു വരെയും തുടര്‍ന്നു. ഉമറി(റ)നും അദ്ദേഹം ബൈഅത്ത് ചെയ്തിരുന്നില്ല. എന്നിട്ടും ഒരു സ്വഹാബിവര്യന് കിട്ടേണ്ട ആദരവുകള്‍ ഇരു ഖലീഫമാരും അദ്ദേഹത്തിന് നല്‍കി. പലപ്പോഴും പ്രകോപനപരമായ സംസാരം സഅദ്(റ) നടത്തിയിരുന്നെങ്കിലും ഇരു ഖലീഫമാരും അത് അവഗണിക്കുകയാണുണ്ടായത്.

''പിരടിയില്‍ ബൈഅത്തില്ലാതെ മരണപ്പെട്ടവന്‍ ജാഹിലിയ്യാ മരണം വരിച്ചു'' എന്ന പ്രവാചക വചനത്തിലെ ബൈഅത്ത് എന്ന വാക്ക് ഇത്തരുണത്തില്‍ സൂക്ഷ്മമായ ആലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. പ്രവാചകന്‍ (സ) സൂചിപ്പിച്ച ബൈഅത്ത് ഭരണാധികാരിയോടുള്ള   ബൈഅത്താണോ, അതോ പ്രവാചകത്വത്തോടുള്ളതോ? തൗഹീദും രിസാലത്തും ആഖിറത്തും കേന്ദ്ര പ്രമേയമായ നുബുവ്വത്തില്‍ നിന്നുള്ള പിന്‍മടക്കമാണ് ബൈഅത്ത് ഇല്ലാത്ത അവസ്ഥയെന്ന വ്യാഖ്യാനമാണ് കൂടുതല്‍ യുക്തിസഹം. കാരണം ജാഹിലിയ്യത്തില്‍ നിന്നും ഇസ്‌ലാമിലേക്ക് ജനങ്ങളെ മാറ്റിയെടുത്തത് നുബുവ്വത്തായിരുന്നു, ഭരണാധികാരമായിരുന്നില്ല.

മുഹമ്മദെന്ന രാഷ്ട്ര നായകനോടുള്ള പ്രജകളുടെ ബൈഅത്തല്ല പ്രത്യുത, പ്രവാചകത്വത്തോടുള്ള വിമുഖതയാണ് ഒരാളെ ജാഹിലിയ്യത്തിലെത്തിക്കുക. അതാണ് അല്ലാഹു പറഞ്ഞത്:  ''നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും'' (48:10). ''ദൈവദൂതനെ അനുസരിക്കുന്നവന്‍ ഫലത്തില്‍ അല്ലാഹുവെയാണ് അനുസരിക്കുന്നത്. ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ സാരമാക്കേണ്ടതില്ല. നിന്നെ നാം അവരുടെ മേല്‍നോട്ടക്കാരനായിട്ടൊന്നുമല്ലല്ലോ നിയോഗിച്ചത്'' (4:80). 

പ്രവാചകനോടുള്ള അനുസരണ പ്രതിജ്ഞ പോലെ  ഭരണാധികാരികളോടും രാഷ്ട്രീയ നേതൃത്വത്തോടുമുള്ള പ്രതിജ്ഞ കാണാവതല്ല. കാരണം വിശദാംശങ്ങളില്‍ ഭിന്നസ്വരങ്ങള്‍ക്ക് ഇടം നല്‍കപ്പെട്ട മേഖലയാണ് രാഷ്ട്ര ഭരണവും നയനിലപാടുകളും. ആദ്യ ഖലീഫക്കെതിരെ ഭിന്നസ്വരമുയര്‍ത്തിയത് ഏക വ്യക്തിയായിരുന്നില്ല. ബനൂ ഉമയ്യയിലെയും ബനൂ സഹ്‌റയിലെയും ഒരു സംഘം ആളുകള്‍ കുറെ കഴിഞ്ഞാണ് അബൂബക്‌റി(റ)ന് ബൈഅത്ത് ചെയ്യുന്നത്. ആറു (നാലെന്നും റിപ്പോര്‍ട്ടുണ്ട്) മാസത്തിനു ശേഷമാണ് ഒരു സംഘം ഹാശിം കുടുംബക്കാര്‍ ഖലീഫക്ക് പ്രതിജ്ഞ ചെയ്തത്. ഇക്കാലയളവിലൊന്നും ഖലീഫ ഇക്കൂട്ടരോട് നീരസം പ്രകടിപ്പിച്ചിരുന്നില്ലെന്ന് മാത്രമല്ല  അവരുടെ സാന്നിധ്യത്തെ അംഗീകരിക്കുകയും ചെയ്തു (അല്‍ഇമാമത്തു വസ്സിയാസ, ഇബ്‌നു ഖുതൈബ 1/611).

വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും കൂടിയാലോചനയിലൂടെ ഒരു തീരുമാനത്തിലെത്താനുമുള്ള  ശൂറാ സംവിധാനം തന്നെ പ്രതിപക്ഷ സാന്നിധ്യത്തെയും വിയോജിക്കാനുള്ള സ്വാതന്ത്യത്തെയും അംഗീകരിക്കുന്നുണ്ട്. ബദ്‌റിലെ ബന്ദികളുടെ വിഷയത്തിലും മദീനക്ക് പുറത്തിറങ്ങി യുദ്ധം ചെയ്യാനുള്ള ഉഹുദ് യുദ്ധാരംഭത്തിലെ തീരുമാനവും ഇതിന്റെ നേര്‍സാക്ഷ്യങ്ങളാണ്. പ്രവാചക സാന്നിധ്യത്തിലാണ് പ്രസ്തുത തീരുമാനങ്ങളെന്നതും, ഉഹുദില്‍ പ്രവാചകന്റെ  അഭിപ്രായത്തിന് വിരുദ്ധമായ അഭിപ്രായമാണ് മേല്‍ക്കൈ നേടിയതെന്നതും ശ്രദ്ധേയമാണ്.

വിയോജിപ്പിനുള്ള സ്വാതന്ത്യവും പ്രതിപക്ഷമായി നിലനില്‍ക്കാനുളള അവകാശവും ഇസ്‌ലാം അനുവദിക്കുന്നുവെന്ന് സാരം. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍