നബിയുടെ മാതൃകാ ജീവിത ചിത്രങ്ങള്‍
ജീവിതത്തിന്റെ ഏതു കോണില്‍ വസിക്കുന്നവനും മുഹമ്മദ് നബിയില്‍ മാതൃകയുണ്ട്. വിട്ടുവീഴ്ചകളുടെയും സര്‍വചരാചര സ്‌നേഹത്തിന്റെയും പ്രവാചക പാഠങ്ങള്‍ എക്കാലത്തെയും മനുഷ്യര്‍ക്കുള്ള ജീവിത മാതൃകയാണ്.
നബിയുടെ പള്ളിയില്‍ വന്ന് ഗ്രാമീണനായ അറബി മൂത്രമൊഴിച്ച സംഭവം ചരിത്രത്തില്‍ നാം വായിക്കുന്നു. ഇത് കണ്ട് പ്രവാചകാനുയായികള്‍ക്ക് സഹിച്ചു നില്‍ക്കാനായില്ല. അല്ലാഹുവിന്റെ ഭവനം മൂത്രമൊഴിച്ച് മലിനപ്പെടുത്തുകയോ? അവര്‍ ചാടി വന്ന് ആ ഗ്രാമീണനെ അടിച്ചോടിക്കാന്‍ ശ്രമിച്ചു. നബി(സ) അവരോട് പറഞ്ഞു: ''വിടൂ... അയാള്‍ മൂത്രമൊഴിച്ചു കൊള്ളട്ടെ. നിങ്ങള്‍ പോയി ഒരു തൊട്ടി വെള്ളം കൊണ്ടു വന്ന് മൂത്രമൊഴിച്ച സ്ഥലം വൃത്തിയാക്കുക.''
ജൂതസമൂഹത്തിലെ ഒരംഗത്തിന്റെ ശവമഞ്ചം കൊണ്ടു പോകുന്നതു കണ്ട് എഴുന്നേറ്റു നിന്ന നബിയോട് അനുചരന്‍ ചോദിച്ചു: ''റസൂലേ, അതൊരു ജൂതന്റെ ശവമഞ്ചമല്ലേ?'' ഇതു കേട്ട് നബി(സ) പറഞ്ഞത്, അതൊരു മനുഷ്യന്റെ ശവമഞ്ചമാണ് എന്നായിരുന്നു.
ഇസ്‌ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ഹുദൈബിയാ സന്ധിയില്‍ നബി (സ) കാണിച്ച ഉദാരതയും സൗമനസ്യവും അതുല്യമാണ്. വൈകാരികമായ ചില ഇടപെടലുകള്‍ ആ ചരിത്ര മുഹൂര്‍ത്തത്തെ ക്ഷതപ്പെടുത്തുമോ എന്ന ആശങ്കയുയര്‍ന്ന നിമിഷങ്ങള്‍. കരാര്‍ രേഖപ്പെടുത്താന്‍ സമയമായപ്പോള്‍ അലി(റ)യെ വിളിച്ച് 'ബിസ്മില്ലാഹിര്‍റഹ്മാനി റഹീം' (ദയാപരനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് എഴുതാന്‍ നബി (സ) പറഞ്ഞു. എന്നാല്‍ തടസ്സ വാദം ഉന്നയിച്ച് ശത്രുപക്ഷത്തുള്ള സുഹൈല്‍ പറഞ്ഞു: ''റഹ്മാനും റഹീമും എനിക്കറിയില്ല. ബിസ്മിക്കല്ലാഹുമ്മ എന്നെഴുതണം.'' നബി (സ) അത് അംഗീകരിച്ചു. ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഇത് മുഹമ്മദ് റസൂലുല്ലായും സുഹൈലും തമ്മിലുള്ള കരാറാണ്.'' സുഹൈല്‍ വീണ്ടും തിരുത്തല്‍ ആവശ്യപ്പെട്ടു: ''നിങ്ങള്‍ അല്ലാഹുവിന്റെ റസൂലാണെന്ന് ഞാന്‍ സമ്മതിക്കുന്നില്ല. അതിനാല്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദും സുഹൈലും തമ്മിലുള്ള കരാറാണെന്ന് എഴുതുക.'' നബി (സ) അലി (റ)യോട് 'റസൂലുല്ലാഹി' എന്ന് മായ്ക്കാന്‍ പറഞ്ഞു. അലി(റ) അതിന് വിസമ്മതിച്ചപ്പോള്‍ നബി (സ) സ്വന്തം കൈ കൊണ്ട് അത് മായ്ച്ചു. കരാറിലെ നിബന്ധനകള്‍ ഒട്ടും ദഹിക്കാത്ത ഉമര്‍ (റ) നബി(സ)യോട് തന്റെ വികാരം തുറന്ന് പ്രകടിപ്പിക്കുക തന്നെ ചെയ്തു: ''അങ്ങ് അല്ലാഹുവിന്റെ ദൂതനല്ലേ?''. നബി: ''അതെ.'' ഉമര്‍: ''ഞങ്ങളൊക്കെ മുസ്‌ലിംകളല്ലേ?'' നബി: ''അതെ.'' ഉമര്‍: ''പിന്നെ ദീനിന്റെ കാര്യത്തില്‍ ഞങ്ങളിങ്ങനെ താണു കൊടുക്കുന്നെതന്തിനാണ്?'' നബി: ''ഞാന്‍ അല്ലാഹുവിന്റെ അടിമയും ദൂതനുമാണ്. അവന്റെ കല്‍പനക്ക് എതിരായി ഞാന്‍ ഒന്നും ചെയ്യില്ല. അവന്‍ എന്നെ കൈവെടിയുകയുമില്ല.''
കുലീനമായ മഖ്‌സും കുടുംബത്തിലെ ഒരു പെണ്ണ് കളവ് നടത്തി. മോഷ്ടിച്ച പെണ്ണിനെ തൊണ്ടി സഹിതം പിടികൂടി ഒരു കൂട്ടം സ്വഹാബികള്‍ നബിയുടെ മുന്നിലെത്തിച്ചു. കുറ്റം ബോധ്യപ്പെട്ട നബി (സ) അവള്‍ക്ക് ശിക്ഷ വിധിച്ചു. മോഷ്ടിച്ചാല്‍ കൈമുറിച്ചു മാറ്റുക എന്നതാണ് ഇസ്‌ലാമിക നിയമം. ശിക്ഷ മഖ്‌സൂം കുടുംബത്തിന് അപമാനമാണെന്ന് മനസ്സിലാക്കി കുടുംബക്കാര്‍ നബി (സ)യുടെ അടുത്ത് ഏറെ സ്വാധീനമുള്ള ഉസാമത്ബ്‌നു സൈദിനെ ശിക്ഷയില്‍ ഇളവ് ചോദിക്കാന്‍ പറഞ്ഞയച്ചു. ഉസാമത്ബ്‌നു സൈദ് കാര്യം പറഞ്ഞപ്പോള്‍ പ്രവാചകന്റെ മുഖം വിവര്‍ണമായി; ശബ്ദം കനത്തു; കണ്ണുകള്‍ ചുവന്നു. പ്രവാചകന്‍ ചോദിച്ചു: ''എന്ത്! ഇളവോ? അല്ലാഹു നിശ്ചയിച്ച ശിക്ഷയില്‍ ഇളവ് ചോദിക്കുകയോ? ഇതു തന്നെയാണ് പണ്ട് ഇസ്രാഈല്യരും ചെയ്തത്. പണക്കാര്‍ തെറ്റുചെയ്താല്‍ അവര്‍ കണ്ണടച്ച് കാണാതിരിക്കും. പാവങ്ങളെ ശിക്ഷിക്കുകയും ചെയ്യും. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കുമല്ലേ അഭിമാനമുള്ളൂ...'' ശേഷം പ്രവാചകന്‍ പ്രഖ്യാപിച്ചു: ''അല്ലാഹുവാണ , മുഹമ്മദിന്റെ മകള്‍ ഫാത്വിമ മോഷ്ടിച്ചാലും അവളുടെ കരങ്ങള്‍ മുറിച്ച്, ശിക്ഷ നടപ്പിലാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.''
ഐക്യ രാഷ്ട്ര സഭയില്‍ പോലും വര്‍ഗ-വര്‍ണ-വൈജാത്യങ്ങളുടെ പേരില്‍ പാര്‍ശ്വവത്കരണം നടക്കുമ്പോഴാണ് 'മാനവ സമൂഹമേ, നിങ്ങളുടെ റബ്ബ് ഒന്നാണ്, നിങ്ങളുടെ പിതാവ് ഒന്നാണ്, നിങ്ങളെല്ലാം ആദമില്‍ നിന്നാണ്, ആദമോ മണ്ണില്‍ നിന്നും. അറബിക്ക് അനറബിയേക്കാളോ വെളുത്തവന് കറുത്തവനേക്കാളോ സ്ഥാനമില്ല' എന്ന പ്രവാചകാധ്യാപനത്തിന് ആയിരം നക്ഷത്ര ശോഭ കൈവരുന്നത്.
അവകാശങ്ങള്‍ വകവെച്ച് കൊടുക്കുന്നതില്‍ മതമോ ജാതിയോ വിലങ്ങു തടിയാവരുതെന്ന് റസൂല്‍ (സ) പഠിപ്പിച്ചു. നബി(സ)യും അനുചരന്മാരും വിശുദ്ധ മക്കയിലെത്തിയ സന്ദര്‍ഭത്തില്‍ കഅ്ബാലയത്തില്‍ പ്രാര്‍ഥന നടത്താനായി വന്നു. വിശുദ്ധ ഗേഹം തുറക്കുന്നതിനായി താക്കോല്‍ ആരുടെ കൈവശമാണെന്ന് അന്വേഷിച്ചപ്പോള്‍ പരമ്പരാഗതമായി അത് സൂക്ഷിച്ചു വരുന്നത് ഉസ്മാനുബ്‌നു ത്വല്‍ഹയുടെ കുടുംബമാണെന്ന് വ്യക്തമായി. ഉടനെ ഉസ്മാനുബ്‌നു ത്വല്‍ഹ ഹാജരാക്കപ്പെട്ടു. അയാളുടെ കൈയില്‍ നിന്ന് താക്കോല്‍ വാങ്ങി നബി(സ) വിശുദ്ധ കഅ്ബാലയം തുറന്ന് അതില്‍ കടന്ന് പ്രാര്‍ഥന നിര്‍വഹിച്ചു. ശേഷം, പുറത്തിറങ്ങി കഅ്ബ പൂട്ടിയപ്പോള്‍ താക്കോല്‍ സൂക്ഷിപ്പവകാശത്തിന് അനുചരന്മാര്‍ പലരും ആഗ്രഹിച്ചു. അബ്ബാസി(റ)നെ പോലുള്ള പ്രമുഖര്‍ പോലും ഈ താക്കോല്‍ സൂക്ഷിക്കാന്‍ അധികാരം ലഭിച്ചെങ്കില്‍ എന്ന് കൊതിച്ചു നില്‍ക്കുമ്പോള്‍ അല്ലാഹു വഹ്‌യിലൂടെ നബിയെ അറിയിച്ചു:
''നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ചിട്ടുള്ള സാധനങ്ങള്‍ അവരുടെ അവകാശികള്‍ക്ക് കൊടുക്കാനും, ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പ്പിക്കുമ്പോള്‍ നീതിയോടെ വിധി കല്‍പ്പിക്കാനും അല്ലാഹു നിങ്ങളോട് കല്‍പ്പിക്കുന്നു'' (സൂറഃ അന്നിസാഅ് 58).
ഈ സൂക്തമിറങ്ങിയതോടെ നബി(സ) അന്വേഷിച്ചു: 'എവിടെയാണ് ഉസ്മാന്ബ്‌നു ത്വല്‍ഹ?' അദ്ദേഹത്തിന് താക്കോല്‍ ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം, മുസ്‌ലിംകളില്‍ പെട്ട പ്രമുഖര്‍ താക്കോല്‍ സൂക്ഷിപ്പിനായി കാത്തിരിക്കുമ്പോള്‍ ഈ ബഹുദൈവ വിശ്വാസിയുടെ കൈയില്‍ ആരാണ് താക്കോല്‍ നല്‍കുക? എന്നാല്‍, അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനം അര്‍ഹര്‍ക്ക് അവകാശം വക വെച്ച് കൊടുക്കുക എന്നതായിരുന്നു. അവന്റെ ജാതിയോ, മതമോ പരിഗണനീയമായിരുന്നില്ല. താക്കോല്‍ തിരിച്ച് കിട്ടിയ ഉസ്മാനുബ്‌നു ത്വല്‍ഹതുല്‍ ഹജബിക്ക് ഇസ്‌ലാമിനെ അടുത്തറിയാന്‍ ഈ സംഭവം തന്നെ ധാരാളമായിരുന്നു.
സത്യസന്ധതയുടെയും നീതിയുടെയും ധര്‍മത്തിന്റെയും തുല്യതയില്ലാത്ത വെള്ളിവെളിച്ചം ആ ജീവിതത്തെ വേറിട്ടു നിര്‍ത്തുന്നു. കുടുംബ പരിപാലനത്തിന്റെയും ഭാര്യ-ഭര്‍തൃ ബന്ധത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയുമൊക്കെ അന്യാദൃശമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ പ്രവാചകന്‍ (സ), ബന്ധങ്ങള്‍ എങ്ങനെയാവണമെന്നും എങ്ങനെയാവരുതെന്നും നമ്മെ പഠിപ്പിച്ചു. അവിടുത്തെ പ്രിയ മകള്‍ ഫാത്വിമ(റ)യെ തന്റെ കരളിന്റെ കഷ്ണമാണ് എന്ന് വിശേഷിപ്പിക്കുമ്പോഴും, ആ പൊന്ന് മോളുടെ കൈ വെള്ളയില്‍ ജോലി ഭാരം കൊണ്ട് തഴമ്പ് വന്ന്, അതിനെക്കുറിച്ച് തന്നോട് പരാതിപ്പെട്ടിട്ടും, പൊതുമുതലില്‍ ധാരാളം അടിമകള്‍ ഉണ്ടായിട്ടും ഒരാളെപ്പോലും കൊടുക്കാതെ പകരം തസ്ബീഹും തക്ബീറുമൊക്കെ ചൊല്ലാനായിരുന്നു നബിയുടെ സ്‌നേഹോഷ്മളമായ ഉപദേശം.
ഒരു വലിയ നാടിന്റെ ഭരണാധികാരിയായപ്പോഴും വളരെ ലളിതമായ ജീവിതമായിരുന്നു അവിടുന്ന് നയിച്ചിരുന്നത്. നബി(സ) ഇഹലോകവാസം വെടിഞ്ഞതിന്റെ തലേ രാത്രി, വീട്ടില്‍ വിളക്ക് തെളിക്കാന്‍ എണ്ണയുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പടയങ്കി ഒരു ജൂതന്റെ കൈയില്‍ പണയത്തിലായിരുന്നുവെന്നും ചരിത്രം നമ്മോട് പറയുന്നു.
പ്രതികാരമോ അഹങ്കാരമോ പ്രവാചകനെ തൊട്ട് തീണ്ടിയില്ല. മാപ്പര്‍ഹിക്കാത്ത മഹാ അപരാധം ചെയ്ത മക്കക്കാരോട്, മക്കാ ഫത്ഹിന്റെ വേളയില്‍ പ്രതികാരം ചെയ്യാനുള്ള ആയുധ ബലവും ആള്‍ ബലവും ഉണ്ടായിട്ടുപോലും ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും മാര്‍ഗമായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്.
നബിയുടെ ഓരോ ചലനത്തിലും അനുചരര്‍ക്ക് മാതൃകയുണ്ടായിരുന്നു. കാര്യങ്ങള്‍ അനുചരര്‍ക്ക് പറഞ്ഞു കൊടുക്കുന്നതിനേക്കാളുപരി ജീവിച്ച് കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം. ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംവദിച്ചിരുന്നത്. ജാഹിലിയ്യാ വിശ്വാസ ധാരകളെ ഒരൊറ്റ നിമിഷം കൊണ്ട് പിഴുതെറിയാന്‍ മാത്രം ശക്തിയുണ്ടായിരുന്നു ആ ഇടപെടലുകള്‍ക്ക്. മക്കാ വിജയ ദിനം അവിശ്വാസിയായ തന്റെ പിതാവിനെയും കൂട്ടി പ്രവാചക സദസ്സിലേക്ക് കടന്നു വന്ന അബൂബക്‌റി(റ)നോട് എന്തിനാ ഉപ്പയെ ബുദ്ധിമുട്ടിച്ചത്, ഞാന്‍ അങ്ങോട്ട് വരുമായിരുന്നില്ലേ എന്ന് പറഞ്ഞ് നബി (സ) തന്റെ ഹൃദയം കൈമാറുകയായിരുന്നു. റസൂലിന്റെ മുമ്പില്‍ വെച്ച് ഉടനെ തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.
Comments