Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

പ്രവാചകന്‍ ഭര്‍ത്താവ് എന്ന നിലയില്‍

ഫൗസിയ ഷംസ് /കവര്‍‌സ്റ്റോറി

         ധൈഷണിക ചിന്താ സാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ സമൂഹത്തെ നിര്‍ണായകമായി സ്വാധീനിച്ച നിരവധിയാളുകളെ ചരിത്രത്തില്‍ കാണാന്‍ കഴിയും.  അവരില്‍ പലരും ജനമനസ്സുകളില്‍ ആരാധനാ കഥാപാത്രങ്ങളുമായിരിക്കും. പക്ഷേ അവരില്‍ പലരും സമൂഹത്തില്‍ എന്തെല്ലാമോ ആയിരിക്കുമ്പോഴും കുടുംബത്തില്‍ ഒന്നുമല്ലാതായിപ്പോയവരാണ്. സമൂഹത്തിലെ പല റോളുകള്‍ ഭംഗിയായി നിര്‍വഹിച്ച പലരും കുടുംബനാഥന്‍/ഭര്‍ത്താവ് എന്ന റോള്‍ തികച്ചു പൂരിപ്പിക്കാന്‍ കഴിയാത്തവരോ അതില്‍ പരാജയപ്പെട്ടവരോ ആണ്. ഏക പത്‌നീവ്രതം ആചരിച്ചവരും ബഹുഭാര്യാത്വം ആചരിച്ചവരും ഇതിലുണ്ട്. 

ഇവിടെയാണ് ചരിത്രം മുഹമ്മദ് നബി (സ) എന്ന കുടുംബനാഥനെ കൊണ്ടുനിര്‍ത്തിയിരിക്കുന്നത്. സാമൂഹിക ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും മാതൃക നല്‍കിയതോടൊപ്പം  ഭര്‍ത്താവെന്ന റോള്‍ കൂടി ഭംഗിയായി നിര്‍വഹിച്ച് കാലത്തിനു മാതൃകയായ നേതാവാണ് അദ്ദേഹം. പുരുഷനെന്ന നിലയില്‍ പുരുഷന്മാര്‍ക്ക് മാത്രമല്ല, തന്റെ കൂടെ ജീവിച്ച സ്ത്രീകള്‍ക്ക് കുടുംബജീവിതത്തില്‍ എപ്രകാരമാണ് ഇടപെടേണ്ടതെന്നു പഠിപ്പിച്ചുകൊണ്ട് അദ്ദേഹം സ്ത്രീകള്‍ക്കും മാതൃകയായി.

കുടുംബത്തെ നിര്‍വചിക്കുമ്പോള്‍ മക്കള്‍, മാതാവ്, പിതാവ് എന്നതിനപ്പുറം ഭാര്യ, ഭര്‍ത്താവ് എന്നീ വ്യത്യസ്തവും വിഭിന്നവുമായ സ്വഭാവ സവിശേഷതകളും ഭിന്നാഭിരുചികളുമുള്ള വ്യക്തികളുടെ ഐക്യപ്പെടലിനാണ് ദാമ്പത്യത്തില്‍ പ്രാധാന്യം. സ്‌നേഹവും വാത്സല്യവും കരുണയും പ്രേമവും മാത്രമല്ല ആ ജീവിതത്തിലുണ്ടാവുക. മുന്നോട്ടുനീങ്ങുന്നതിനനുസരിച്ച് അഭിപ്രായ വ്യത്യാസങ്ങളുടെയും അനൈക്യത്തിന്റെയും സ്വരച്ചേര്‍ച്ചയില്ലായ്മയുടെയും പൊട്ടുകള്‍ ദമ്പതിമാര്‍ക്കിടയില്‍ കാണാം. അവിടെ ആര് താണുകൊടുത്താലാണ്, വിട്ടുവീഴ്ച ചെയ്താലാണ്, സഹിച്ചാലാണ്, സ്‌നേഹം ചൊരിഞ്ഞാലാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവുകയെന്നത് സാമൂഹിക ശാസ്ത്രജ്ഞന്മാരുടെയും മനശ്ശാസ്ത്രജ്ഞന്മാരുടെയും മുന്നിലുള്ള വലിയൊരു അന്വേഷണമാണ്. വിവാഹമോചനവും ദാമ്പത്യത്തകര്‍ച്ചയും ഏറിവരുന്ന കാലത്ത് നല്ലൊരു  ദാമ്പത്യ മാതൃക അന്വേഷിക്കുന്നുണ്ട് ലോകം. എക്കാലത്തെയും നല്ല ഭര്‍ത്താവിനെ സമ്മാനിച്ച മുഹമ്മദ് നബി (സ) അവിടെ മാതൃകയായി ഉയര്‍ന്നുവരിക സ്വാഭാവികം.

ഇസ്‌ലാമില്‍ ദാമ്പത്യമെന്നത് ദയ, സ്‌നേഹം, കാരുണ്യം എന്നിവ പരിപാലിക്കപ്പെടേണ്ട ദൃഢമായ ഉടമ്പടിയാണ്. ''അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കു ഇണകളെ സൃഷ്ടിച്ചു തന്നു, നിങ്ങള്‍ക്ക് സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതെല്ലാം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. വിവേകശാലികളായ ജനത്തിന് ഇതില്‍ നിരവധി തെളിവുകളുണ്ട്'' (അര്‍റൂം 30: 21). ഈ ഖുര്‍ആനിക പ്രഖ്യാപനത്തെ ജീവിതത്തിലൂടെ സാക്ഷാത്കരിച്ചുകാണിക്കുകയാണ് റസൂല്‍ (സ) ചെയ്തത്. അതുകൊണ്ടുതന്നെയാണ് പത്‌നിമാരില്‍ ഒരാളായ ആഇശയോട് പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഖുര്‍ആനായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവ'മെന്ന് അവര്‍ക്ക് പറയാന്‍ കഴിഞ്ഞത്. 

വ്യത്യസ്ത ജീവിത സാഹചര്യങ്ങളും  സ്വഭാവങ്ങളും കാഴ്ചപ്പാടുകളും കുടുംബ പാരമ്പര്യമുള്ളവരുമാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ പെട്ടെന്നുലയാനും മാറ്റിനിര്‍ത്താനും മറ്റൊന്ന് അന്വേഷിക്കാനും സാധ്യതയുള്ള ബന്ധം. 'നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ തന്റെ ഭാര്യയോട് നന്നായി പെരുമാറുന്നവനാണ്. നിങ്ങളില്‍ നിന്ന് ഭാര്യമാരോട് ഏറ്റവും നന്നായി പെറുമാറുന്നവന്‍ ഞാനാണ്'(ഇബ്‌നുമാജ) എന്ന് പറഞ്ഞ പ്രവാചകന്‍, കുടുംബത്തില്‍ നായകനെന്ന നിലയില്‍ തന്റെ ജീവിത പങ്കാളിയോട് അനുവര്‍ത്തിക്കേണ്ട നയത്തെക്കുറിച്ച് സൂചിപ്പിക്കുകയായിരുന്നു. ഏറ്റവും നല്ല പരിചരണം അര്‍ഹിക്കുന്നവളും ഭര്‍ത്താവിനാല്‍ ലാളനയും പരിഗണനയും ലഭിക്കേണ്ടവളുമാണ് തന്റെ ഇണ എന്ന ഈ വചനത്തെ സ്വാര്‍ഥകമാക്കി ലോകത്തിനു പ്രവാചകന്‍ മാതൃകയായി.

ചരിത്രത്തിന്റെ പല നിയോഗ ഘട്ടങ്ങളിലായി ഒമ്പതു ഭാര്യമാരോടൊപ്പം ജീവിച്ചിട്ടുണ്ട് പ്രവാചകന്‍. പ്രായവും ജീവിത സാഹചര്യവുമൊക്കെ ഓരോരുത്തരുടേതും വ്യത്യസ്തം. എന്നിട്ടും ഈ ഒമ്പതു ഭാര്യമാരില്‍ ഒരാള്‍പോലും അദ്ദേഹത്തിന്റെ ഭര്‍ത്താവെന്ന പദവിയില്‍ അതൃപ്തയായിരുന്നില്ല എന്നാണ് ചരിത്ര വായനയില്‍ കാണാനാവുക. ഭര്‍ത്താവെന്ന നിലയില്‍ വിനയവും അനുകമ്പയും സ്‌നേഹവുമെല്ലാം നല്ലപാതിക്ക് പകര്‍ന്നുകൊടുത്ത മഹാ പുരുഷനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട ഹദീസുകളിലൂടെ കടന്നുപോകുമ്പോള്‍ ഇതു ബോധ്യമാകും.

ഇസ്‌ലാമിലെ ദാമ്പത്യമെന്നത് കേവലം വികാരപൂര്‍ത്തീകരണ ഉപാധിയെല്ലന്നും, പരലോകത്തോളം ചെന്നെത്തുന്ന പാവനമായ സംവിധാനം കൂടിയാണെന്നുമുള്ള തിരിച്ചറിവ് സമുദായത്തിന് നല്‍കിക്കൊണ്ടാണ് അദ്ദേഹം ദാമ്പത്യജീവിതം ആരംഭിക്കുന്നതു തന്നെ. വെറും ഇരുപത്തഞ്ച് വയസ്സുമാത്രം പ്രായമുള്ള യുവാവ് വിവാഹം ചെയ്യുന്നത് തന്നെക്കാള്‍ പതിനഞ്ച് വയസ്സ് കൂടുതലുള്ള, രണ്ടു മക്കളുടെ മാതാവായ, വിധവയായ ഖദീജ എന്ന സ്ത്രീയെ. വിവാഹത്തെക്കുറിച്ച അന്നത്തെയും ഇന്നത്തെയും സാധാരണ പുരുഷഭാവനക്ക് അപ്പുറത്താണ് ഇത്. സമ്പന്നതയും ആര്‍ജവത്വവുമുള്ള ഖദീജ അന്വേഷിച്ചു കണ്ടെത്തിയ ദാമ്പത്യം. ഖദീജയെന്ന പെണ്ണ് ഭര്‍ത്താവെന്ന ആണില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം നല്‍കിയ ഉത്തമനായ ഭര്‍ത്താവിനെയാണ് ഖദീജയോടൊത്തുള്ള പ്രവാചക ജീവിതത്തില്‍ പിന്നീട് കാണുന്നത്. തന്റെ സമ്പത്തും സന്താനങ്ങളും അഭിമാനവും സംരക്ഷിക്കുന്ന ഇണയെ തേടിയ ഖദീജ ജീവിതത്തിലൊരിക്കലും നിരാശയായില്ല. പുറം നാടുകളില്‍പ്പോലും പ്രശസ്തിയുണ്ടായിരുന്ന അവരുടെ കച്ചവടത്തിന് താങ്ങായി അവരുടെ ജീവിതത്തിന് ഊടും പാവും നെയ്യാനും മുഹമ്മദെന്ന ചെറുപ്പക്കാരന് കഴിഞ്ഞു.

ഹിറാഗുഹയില്‍ നിന്ന് ദൈവിക വെളിപാടു ലഭിച്ച് പരിഭ്രമിച്ചോടിയ പ്രവാചകന്‍ കരുത്തരായ ആണുങ്ങളുടെയോ പണ്ഡിതരുടെയോ അടുത്തല്ല, പ്രിയ പത്‌നി ഖദീജയുടെ കരങ്ങളിലാണ് അഭയം തേടിച്ചെന്നത്.  ഇണയെന്ന നിലയില്‍ ഖദീജ(റ)യെ പ്രവാചകന്‍ എത്രമാത്രം ആദരിക്കുകയും ബഹുമാനിക്കുകയും  പരിഗണിക്കുകയും ചെയ്തിരുന്നുവെന്നതിന്റെ തെളിവാണിത്. വിശ്വാസത്തിന്റെ കരുത്തും മനസ്സിന്റെ നന്മയും ഒരാണിനെ സംബന്ധിച്ചേടത്തോളം വിലയിരുത്തുക സ്ത്രീ(ഭാര്യ)യോടുള്ള സമീപനം നോക്കിയാണെന്ന പ്രവാചക വചനത്തെ അന്വര്‍ഥമാക്കാന്‍ ഈയൊരു സംഭവം മാത്രം മതി. ഖദീജയുടെ ജീവിതകാലത്ത് മറ്റൊരു സ്ത്രീയെക്കുറിച്ചും അദ്ദേഹം ആലോചിച്ചില്ല. തന്റെ ആറു മക്കളുടെ ഉമ്മയായ ഖദീജ നിര്യാതയായപ്പോള്‍ ആ ഭൗതിക ശരീരം പ്രവാചകന്‍ സ്വന്തം കൈയാലാണ് ഖബ്‌റിലേക്കിറക്കിവെച്ചത്. 

കന്യകയായി പ്രവാചക ജീവിതത്തിലേക്ക് കടന്നുവന്ന ഒരേയൊരാള്‍ ആഇശാ ബീവിയാണ്. നിര്‍മലമായ ആ കൗമാരത്തെ വേണ്ടവിധം പരിഗണിക്കുകയും അവരുടെ കഴിവിനെയും വിദ്യയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു പ്രവാചകനിലെ ഭര്‍ത്താവ്.  കളിയും ചിരിയും വിനോദവും എല്ലാം കൂടിച്ചേരുമ്പോഴേ ദാമ്പത്യത്തിന്റെ സൗന്ദര്യം പൂര്‍ണമാക്കാനാവൂ എന്ന വലിയ പാഠം ആഇശയോടൊത്തുളള്ള പ്രവാചക ജീവിതത്തില്‍ നമുക്കു കാണാം. അനസ് (റ) പറയുന്നു: പ്രവാചകനോട് ഒരാള്‍ ചോദിച്ച: ''പ്രവാചകരേ, താങ്കള്‍ക്ക് ജനങ്ങളില്‍ കൂടുതല്‍ പ്രിയപ്പെട്ടത് ആരാണ്?'' ''ആഇശ''- അദ്ദേഹം പറഞ്ഞു (ഇബ്‌നുമാജ). ആഇശയോടുള്ള ഇഷ്ടം പ്രവാചകന്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ചില്ല. പ്രകടിപ്പിക്കേണ്ട സന്ദര്‍ഭത്തിലൊക്കെ അദ്ദേഹമത് പ്രകടിപ്പിച്ചു. ആഇശയില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്ത ഒട്ടനേകം ഹദീസുകള്‍ പ്രവാചകനെന്ന ഭര്‍ത്താവ് ഭാര്യയായ തന്നോട് എങ്ങനെ പെരുമാറി എന്നു വിവരിക്കുന്നു. ആഇശ(റ)പറയുന്നു: മെലിഞ്ഞ ശരീരപ്രകൃതിയുളളപ്പോള്‍ ഞാന്‍ പ്രവാചകനെ യാത്രാവേളകളില്‍  അനുഗമിച്ചിരുന്നു. പ്രവാചകന്‍ അനുയായികളോട് മുന്നോട്ട് നടക്കാനാവശ്യപ്പെട്ട് അദ്ദേഹത്തോടൊപ്പം ഓടാന്‍ എന്നോട് ആവശ്യപ്പെടും. ഓടുകയും ഞാന്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു. പിന്നീടൊരു യാത്രാവേളയില്‍ പ്രവാചകന്‍ ഓടാനാവശ്യപ്പെട്ടപ്പോള്‍   തടിയല്‍പ്പം കൂടിയതിനാല്‍  ഞാന്‍ നിരസിച്ചു. പ്രവാചകന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഓടി. ഈ സമയം പ്രവാചകനായിരുന്നു ഒന്നാം സ്ഥാനം. അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു: ''പകരത്തിനു പകരമായി.'' വേറൊരിടത്ത് അവര്‍ പറയുന്നു: ''ഒരു ഈദ് ദിനത്തില്‍ എത്യോപ്യക്കാരായ കുറച്ചാളുകള്‍ വാളും പരിചയുമായി കളിക്കുകയായിരുന്നു. അത് കാണാന്‍ അല്ലാഹുവിന്റെ ദൂതരോട് ഞാന്‍ അനുമതി ചോദിച്ചതാണോ അതല്ല അദ്ദേഹമെന്നോട് കളികാണാന്‍ താല്‍പര്യമുണ്ടോ എന്ന് അന്വേഷിച്ചതോണോ എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്തുതന്നെയായാലും ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ പ്രവാചകന്റെ കവിള്‍ എന്റെ കവിളിനോട് ചേര്‍ത്തുവെച്ച് അദ്ദേഹത്തിനു പുറകിലായി എന്നെ നിര്‍ത്തുകയും ചെയ്തു.  ഞാന്‍ ക്ഷീണിതയായപ്പോള്‍ 'മതിയായോ' എന്നു ചോദിക്കുകയും ഞാന്‍ സമ്മതിച്ചുകൊണ്ട് മറുപടി കൊടുക്കുകയും അങ്ങനെ തിരിച്ചുപോരുകയും ചെയ്തു.'' 

സ്‌നേഹിക്കുക മാത്രമല്ല സ്‌നേഹവും പ്രേമവുമെല്ലാം പ്രകടിപ്പിക്കേണ്ടത് കൂടിയാണെന്നും, ഭാര്യമാരുടെ മാനസികോല്ലാസത്തിനു വേണ്ടി നല്‍കാന്‍ കഴിയുന്നതൊക്കെയും നല്‍കണമെന്നും തീരുമാനിക്കുന്ന ഭര്‍ത്താവിനെയാണ് ഇവിടെ കാണുന്നത്. തന്റെ ഭാര്യ തന്നില്‍ നിന്ന് എന്തെല്ലാമോ ആഗ്രഹിച്ച് വീട്ടിലുണ്ടെന്നുപോലും ചിന്തിക്കാതെ തിരക്കുകളുടെ ലോകത്തേക്ക് ചായുന്ന ഭര്‍ത്താക്കന്മാര്‍ക്ക് പാഠമാവേണ്ടതാണിത്. പ്രവാചകന്‍ വീട്ടില്‍ എന്താണ് പതിവായി ചെയ്തിരുന്നതെന്ന് ആഇശയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, 'പതിവായി അദ്ദേഹം വീട്ടുജോലികളില്‍ സഹായിച്ചിരുന്നു' എന്നാണ്. ലോകത്തിന്റെ നായകനായ ഒരാളാണ് തന്റെ ഇണയുടെ സന്തോഷത്തിനു വേണ്ടി അടുക്കളയിലേക്കു കൂടി തിരിയുന്നത്. അടുക്കള സ്ത്രീക്കും പുറംലോകം ആണിനുമെന്ന വകതിരിച്ചലുകള്‍ക്കുള്ള മറുപടിയാണിത്.

ഏതുകാലത്തും ദാമ്പത്യത്തകര്‍ച്ചക്ക് വേഗം കൂട്ടുന്നതാണ് സംശയവും അപവാദപ്രചാരണവും. എന്നാല്‍ പ്രിയ പത്‌നി ആഇശയെക്കുറിച്ച് അപവാദ പ്രചാരണമുണ്ടായപ്പോള്‍ പ്രവാചകന്‍ ആഇശക്കെതിരെ പൊട്ടിത്തെറിച്ചില്ല. അവരെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന വാക്കുപോലും  ആ ഭര്‍ത്താവില്‍ നിന്ന് ഉണ്ടായില്ല. ദൈവിക വചനത്തിലൂടെ സത്യം വെളിപ്പെട്ടുവരുന്നതുവരെ ദുഃഖത്തോടെ തന്നെ പ്രവാചകന്‍ കാത്തിരുന്നു. 

'ലോകത്തിന്റെ മാതാക്കള്‍' എന്നു വിശേഷിപ്പിക്കപ്പെട്ട, തന്റെ ഭാര്യമാരില്‍ നിന്ന് ഏതൊരു ദാമ്പത്യത്തിലും ഉണ്ടാകുന്നതുപോലെയുള്ള കൊച്ചുകൊച്ചു പ്രശ്‌നങ്ങള്‍ ആ കുടുംബത്തിലുമുണ്ടായിരുന്നു. എന്നാല്‍ പൊട്ടിത്തെറിക്കുകയോ പ്രകോപിതനാവുകയോ ഭാര്യമാരെ ശകാരിക്കുകയോ ചെയ്യുന്ന ഭര്‍ത്താവിനെയല്ല നാം പ്രവാചകനില്‍ കാണുന്നത്. സൈനബി(റ)ന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന മധുരപലഹാരം ആഇശ(റ)ക്കു നീട്ടിയപ്പോള്‍ അവരത് തട്ടിത്തെറിപ്പിച്ചു. കോപിഷ്ഠനായി അവരെ അടിക്കുകയോ  ഞാന്‍ ലോകത്തിന്റെ നേതാവാണെന്നു പറയുകയോ അല്ല പ്രവാചകന്‍ ചെയ്തത്. കുനിഞ്ഞിരുന്ന് അതൊക്കെ പെറുക്കിയെടുത്ത് അതില്‍നിന്ന് ഒന്നെടുത്ത് ആഇശയുടെ വായിലിട്ടു കൊടുക്കുകയായിരുന്നു  അദ്ദേഹം. 

സൗന്ദര്യപ്പിണക്കവും വാശിയുമൊക്കെ ഏതൊരു ദാമ്പത്യ ജീവിതത്തിന്റെയും ഭാഗമാണ്. പ്രവാചകപത്‌നിമാര്‍ അദ്ദേഹത്തോട് ദിവസം മുഴുവന്‍ മിണ്ടാതിരിക്കുകയും തര്‍ക്കിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഖുര്‍ആന്‍ വായനയില്‍ കണ്ടെത്താം. ഭര്‍ത്താവായ പ്രവാചകനോട് കയര്‍ത്തു സംസാരിച്ചതിന്റെ പേരില്‍ ഹഫ്‌സയെയും ആഇശയെയും അവരുടെ പിതാക്കന്മാരായ ഉമറും അബൂബക്‌റും  ശാസിച്ചിട്ടുമുണ്ട്. പ്രവാചകനെതിരില്‍ ഭാര്യമാര്‍ രണ്ടു ചേരിയായി -ആഇശ, ഹഫ്‌സ, സൗദ, സ്വഫിയ്യ എന്നിവര്‍ ഒരു ഭാഗത്തും, സൈനബും ഉമ്മുസലമയും മറ്റുള്ളവരും ഒരു ഭാഗത്തും-  തിരിഞ്ഞതും സൂറഃ അത്തഹ്‌രീമിന്റെ പ്രതിപാദന വിഷയമാണ്. ''പ്രവാചകന്‍ നിങ്ങളെയെല്ലാവരെയും വിവാഹമോചനം ചെയ്യുന്നപക്ഷം അല്ലാഹു അദ്ദേഹത്തിന് നിങ്ങളെക്കാള്‍ ശ്രേഷ്ഠകളായ പത്‌നിമാരെ പ്രദാനം ചെയ്തുകൂടായ്കയില്ല'' (അത്തഹ്‌രീം 5) എന്ന ഖുര്‍ആനിക സൂക്തം അതിലേക്കുള്ള സൂചനയാണ്. പക്ഷേ, ഭാര്യയെന്ന നിലയില്‍ ഭര്‍ത്താവിനോടുള്ള അവരുടെ രോഷത്തിന്റെ പേരില്‍  പ്രവാചകനിലെ ഭര്‍ത്താവ് ഭാര്യമാരില്‍ ഒരാളോടുപോലും കോപിച്ചതായി കാണാനാവില്ല. ഒമ്പത് പത്‌നിമാരുണ്ടായിട്ടും ആരോടും യാതൊരു വിവേചനവും അദ്ദേഹം കാണിച്ചില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍