Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

ഉപ്പയെന്ന സ്‌നേഹം, സുരക്ഷിതത്വം

ജമാലുദ്ദീന്‍ പാലേരി

ഉപ്പയെന്ന സ്‌നേഹം, സുരക്ഷിതത്വം

നോവ് സഹിച്ച് പ്രസവിക്കുന്നതും പ്രയാസങ്ങള്‍ തരണം ചെയ്ത് വളര്‍ത്തുന്നതുമെല്ലാം ഉമ്മയാണെങ്കില്‍ പോലും മക്കള്‍ അറിയപ്പെടുന്നത് പിതാവിന്റെ ഐഡന്റിറ്റിയിലാണ്. മക്കളുടെ ഭാവി ജീവിതം നിര്‍ണയിക്കുന്നതില്‍ പിതാവിന്റെ പങ്ക് വലുതാണ്. എഴുത്തുകാരന്റെയോ ഗായകന്റെയോ പ്രഭാഷകന്റെയോ ബിസിനസ്സുകാരന്റെയോ മക്കള്‍ ആ വഴിക്ക് തന്നെ നീങ്ങുന്നത് അതുകൊണ്ടാവാം.

മക്കള്‍ക്കാകട്ടെ കൂടുതല്‍ അടുപ്പവും സ്‌നേഹവും ഉമ്മയോടായിരിക്കും. എന്നാല്‍, ആവശ്യങ്ങള്‍ ബോധിപ്പിക്കണമെങ്കില്‍ നേരിട്ട് ഉപ്പയോട് പറയുന്നതിന് പകരം ഉമ്മ മുഖാന്തരമാണ് അവതരിപ്പിക്കുക. ഉമ്മയുടെ ശകാരത്തേക്കാളും തല്ലിനേക്കാളും വേദന അത് ഉപ്പയില്‍ നിന്നാകുമ്പോഴാണ്. ഒരാളെ പരിചയപ്പെടുമ്പോള്‍ നാമാദ്യം ഉന്നയിക്കുന്ന ചോദ്യങ്ങളിലൊന്ന് 'ഉപ്പ'യെ പറ്റിയായിരിക്കും. അപ്പോള്‍ തന്നെ മക്കളെ പറ്റി ഏകദേശം മനസ്സിലാക്കാനാവും.

ചെറുപ്പത്തില്‍ ഉപ്പയുടെ കൈപിടിച്ച് പുറത്ത് പോകാനിഷ്ടപ്പെടാത്തവരുണ്ടാവില്ല. അപ്പോള്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വവും നിര്‍ഭയത്വവും ഒന്നു വേറെ തന്നെയാണല്ലോ. ഉപ്പ ജീവിച്ചിരിപ്പില്ലാത്ത മക്കളെയാണല്ലോ നാം 'യതീം' എന്നു വിളിക്കുന്നത്. തങ്ങളനുഭവിക്കുന്ന അരക്ഷിതത്വവും നിരാശാബോധവും അവരുടെ മുഖത്ത് നിഴലിച്ച് കാണാന്‍ കഴിയും. ചെറുപ്പത്തില്‍ മറ്റുള്ളവരുമായി ശണ്ഠ കൂടുമ്പോള്‍ 'ഉപ്പയോട് പറയുമെന്നാ'ണല്ലോ വീമ്പിളക്കാറ്. അവരുടെ കൊച്ചു ലോകത്തെ വലിയ ഹീറോ ഉപ്പയായിരിക്കും. ജോലി കഴിഞ്ഞോ ഗള്‍ഫില്‍ നിന്നോ വരുന്ന പിതാവിനെ ആകാംക്ഷയോടെ കാത്തിരിക്കാത്ത മക്കളുണ്ടാകുമോ? പിതാവ് കൊണ്ട് തരുന്നതിന്റെ അത്ര തൃപ്തിയും സന്തോഷവും മറ്റുള്ളവര്‍ തരുന്നതിലൂടെയുണ്ടാവാനിടയില്ല.

സ്വന്തം ഇഛകളും താല്‍പര്യങ്ങളും തീരുമാനങ്ങളും അടിച്ചേല്‍പിക്കുന്ന ഉപ്പമാരുണ്ട്. മക്കളുടെ അഭിപ്രായങ്ങളോ നിര്‍ദേശങ്ങളോ പരിഗണിക്കാത്തവര്‍.

കാര്യങ്ങള്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് മക്കളോട് അഭിപ്രായം ചോദിക്കുകയാണ് വേണ്ടത്. കുടുംബ ഭദ്രതക്കും സുദൃഢവും സന്തുഷ്ടവുമായ കുടുംബ ജീവിതത്തിനും അത് സഹായകമാകും. ഞങ്ങളെയും പരിഗണിക്കുന്നുണ്ടെന്നറിയുമ്പോള്‍ മക്കള്‍ക്ക് മാതാപിതാക്കളോട് മമതയും സ്‌നേഹവും വര്‍ധിക്കുകയാണ് ചെയ്യുക.

ജമാലുദ്ദീന്‍ പാലേരി

ജനാധിപത്യത്തിന്റെ വിജയം

'പടക്കം പൊട്ടിയത് പാറ്റ്‌നയില്‍ തന്നെ' (ലക്കം 2926) എന്ന എ.ആറിന്റെ വിശകലനം ശ്രദ്ധേയമായിരുന്നു. ബിഹാര്‍ നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിച്ചത് ഇന്ത്യന്‍ ജനാധിപത്യമാണ്.

സംഘ്പരിവാറിന് ദല്‍ഹിയില്‍ കിട്ടിയതിനേക്കാള്‍ ശക്തമായ തിരിച്ചടിയാണ് ബിഹാറില്‍ ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ശിഥിലമായതുകൊണ്ടാണ് ബി.ജെ.പിക്ക് കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് എന്നതാണ് സത്യം.

പുതുപ്പണം ഗഫൂര്‍

ടിപ്പുവിന്റെ 
നാട് മാറുമ്പോള്‍

ക്കം 2927-ലെ ടിപ്പുവിന്റെ കഥ ചരിത്രവും ഭാവനയും മേളിക്കുന്ന ഫിക്ഷന്‍ എന്നതിനപ്പുറം ഉള്ളുലയ്ക്കുന്ന വര്‍ത്തമാനകാലത്തിന്റെ നേര്‍പതിപ്പായി. കൊളോണിയല്‍ വാഴ്ചയിലൂടെ ഭാരതത്തെ വിലയ്ക്കുവാങ്ങിയ വിദേശിപ്പരിശകള്‍ക്കെതിരെ പോരാടിയ ആ മഹാനുഭാവന്റെ നാട്ടില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുത വരികളിലൊളിപ്പിച്ചുവെച്ച് കഥാകൃത്ത് ഗഫൂര്‍ കൊടിഞ്ഞി പറയാതെ പറയുകയായിരുന്നു.

മാറ് മറയ്ക്കാന്‍ കപ്പം കൊടുക്കേണ്ടിയിരുന്ന അധഃസ്ഥിത വിഭാഗത്തിലെ പെണ്ണുങ്ങളെ വസ്ത്രുമുടുപ്പിക്കാനും, ജന്മിത്വ നാടുവാഴിത്തത്തിന്റെ തീണ്ടാപ്പാടകലെ കിടന്നിരുന്ന അവരിലെ ആണുങ്ങളെ പാട്ടബാക്കിയുടെ ദുരിതക്കയത്തില്‍ നിന്ന് മോചിപ്പിച്ചെടുക്കാനുമെല്ലാം ആ ധീര ദേശാഭിമാനി നടത്തിയ കഠിനശ്രമങ്ങളെ ആരൊക്കെ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിച്ചാലും അതൊന്നും അധികാലം നീണ്ടുനില്‍ക്കില്ല. ഭീതിയുടെ കരിമേഘങ്ങളുടെ മൂടുപടം നീക്കി നേരിന്റെ വെള്ളക്കീറ് വൈകാതെ അന്തരീക്ഷത്തില്‍ പടര്‍ന്നു കയറുക തന്നെ ചെയ്യും.

കെ. അത്തീഫ് കാളികാവ്

അഴിമതിയെന്ന 
അര്‍ബുദം

സി.വി ശ്രീരാമന്റെ 'ദുഃഖിതരുടെ ദുഃഖം' എന്ന കൃതിയില്‍ ഒരു സംഭവമുണ്ട്. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ മേലധികാരി അഴിമതിക്ക് പ്രേരിപ്പിക്കുന്നു. അങ്ങനെ മേലുദ്യോഗസ്ഥന്റെ സമ്മര്‍ദത്തിന് വഴങ്ങി അയാള്‍ കോഴ വാങ്ങുകയും ഒടുവില്‍ വലിയൊരു അഴിമതിക്കാരനായി പിടിക്കപ്പെടുകയും ചെയ്യുന്നു. അയാളുടെ കേസന്വേഷിക്കാന്‍ വരുന്നതോ? തന്നെ ഇതിന് പ്രേരിപ്പിച്ച, തന്നെക്കാള്‍ വലിയ അഴിമതിക്കാരനായ തന്റെ മേലുദ്യോഗസ്ഥനും! സമൂഹത്തെ കാര്‍ന്നുതിന്നുന്ന അര്‍ബുദമായി അഴിമതി വ്യാപിച്ചിരിക്കുന്നു. കാലാന്തരങ്ങളില്‍ യഥാര്‍ഥ കുറ്റവാളികള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുമ്പോഴും, ആ പാപികളെ കല്ലെറിയാന്‍ തനിക്കെന്തവകാശം എന്ന ചോദ്യം അവരുടെ മനസ്സുകളില്‍ അലയടിച്ചുകൊണ്ടിരിക്കും. അഴമിതിക്കെതിരായ പല നിയമങ്ങളും നമ്മുടെ രാജ്യത്ത് നിലവിലുണ്ടെങ്കിലും അവ കര്‍ശനമായി പാലിക്കപ്പെടുന്നില്ല എന്നത് വലിയൊരു പോരായ്മയാണ്. ഈ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കപ്പെട്ടാല്‍ മാത്രമേ 'അഴിമതി രഹിത രാജ്യം' എന്ന സ്വപ്നം സഫലമാകൂ.

അല്‍മാസ് ഫര്‍സാന

(തരിയോട് നിര്‍മലാ ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി)

ഉപ്പ/തണല്‍

ക്കം 2929-ല്‍ ഉപ്പയെന്ന തണലിനെപ്പറ്റി മക്കളെഴുതിയ തെന്നല്‍ എല്ലാവരെയും ഒരുപോലെ കുളിരണിയിപ്പിക്കാതിരിക്കില്ല. പ്രിയപ്പെട്ട മൊയ്തു മൗലവിയുടെ വസ്വിയ്യത്തില്‍ പറയും പോലെ, 'ഇങ്ങനെ ഒരാള്‍ ഇതുവഴി കടന്നുപോയിരിക്കുന്നു' എന്ന് അടയാളപ്പെടുത്തുന്ന അഥറുകള്‍ - ജീവിത കാല്‍പാടുകള്‍- ബാക്കിയാക്കിയിട്ടു വേണം ഈ ലോകത്തോട് യാത്ര പറയാന്‍. അപ്രകാരം ജീവിതം അടയാളപ്പെടുത്തി അല്ലാഹുവിലേക്ക് യാത്ര തിരിച്ച നാല് ബാപ്പമാരുടെ ഓര്‍മകള്‍ അവരുടെ മക്കള്‍ ഓര്‍മിച്ചെടുക്കുന്ന കുറിപ്പുകള്‍ ഒരുപക്ഷേ ഈ അടുത്ത കാലയളവില്‍ പ്രബോധനം വായനക്കാര്‍ക്ക് നല്‍കിയ ഏറ്റവും മൂല്യവത്തായ സംഭാവനയാണ്.

മമ്മൂട്ടി കവിയൂര്‍

കുടുംബത്തെ ചേര്‍ത്തുപിടിച്ച ശിഹാബ് തങ്ങള്‍

മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് മകന്‍ മുനവ്വറലി തങ്ങളുടെ കുറിപ്പില്‍ ഒട്ടേറെ മാതൃകകള്‍ ഉണ്ട്. തിരക്കിനൊപ്പം മക്കളെ ചേര്‍ത്തു പിടിക്കാനും അവരുടെ അഭിരുചി മനസ്സിലാക്കി അതംഗീകരിക്കാനും ആ മാതൃകാ പിതാവിന് കഴിഞ്ഞിരിക്കുന്നു. പലപ്പോഴും പല രംഗങ്ങളിലും പ്രശസ്തരും മികവ് തെളിയിച്ചവരുമായ വ്യക്തികള്‍ കുടുംബത്തെ ഒപ്പം ചേര്‍ക്കുന്നതില്‍ പരാജിതരാവാറുണ്ട്. 'സാമ്പത്തിക സുസ്ഥിതി ഉണ്ടായിട്ടും സ്വന്തം സമുദായത്തിലെ സാധാരണ കുട്ടികള്‍ക്ക് അനുവദിക്കുന്ന വസ്ത്രവും വാഹന സൗകര്യവും മാത്രമേ മാതാപിതാക്കള്‍ ഞങ്ങള്‍ക്ക് അനുവദിച്ചിരുന്നുള്ളൂ' എന്ന മുനവ്വറലി തങ്ങളുടെ വരികള്‍ എല്ലാവരും രണ്ടാവര്‍ത്തി വായിക്കേണ്ടതാണ്.

റുബീന നയ്യിര്‍ കാട്ടാമ്പള്ളി

ടിപ്പു അസഹിഷ്ണുതയുടെ ഇരയാണ്

നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചരിത്ര പുരുഷന്മാരെ അവരുടെ മതം നോക്കി, വര്‍ത്തമാന കാലത്ത് അവരുടെ ചരിത്രം വളച്ചൊടിച്ചു വര്‍ഗീയത ഇളക്കി വിട്ട് രാജ്യത്ത് കാലുഷ്യം ഉണ്ടാക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയുടെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ നടന്ന ആക്രമണവും ഹര്‍ത്താലും. വാസ്തവത്തില്‍ ഇന്ത്യക്കാരെ അടിമകളാക്കി നൂറ്റാണ്ടുകള്‍ ഭരിച്ച ബ്രിട്ടിഷ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ പൊരുതി വീരമൃത്യു വരിച്ച ദേശാഭിമാനിയായിരുന്നു മഹാനായ ടിപ്പു സുല്‍ത്താന്‍, 

അദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ എണ്‍പതു മുതല്‍ തൊണ്ണൂറ് ശതമാനം വരെയുള്ള ഹിന്ദു പ്രജകള്‍ യാതൊരു വിധ വിവേചനത്തിനും ഇരയാകാതെ വളരെ സംതൃപ്തമായ ജീവിതമായിരുന്നു നയിച്ചിരുന്നത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മാത്രമല്ല നൂറ്റി അമ്പത്താറു ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്‍ഡ് അനുവദിക്കുകയും കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ബഹുഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. 

ഒമ്പതു മന്ത്രിമാരില്‍ ആറു പേരും ഹിന്ദുക്കള്‍. അദ്ദേഹത്തിന്റെ ഭരണകാലം മുഴുവന്‍ പൂര്‍ണയ്യ എന്ന ബ്രാഹ്മണനായിരുന്നു പ്രധാനമന്ത്രി. ടിപ്പുവിന്റെ പടയോട്ടങ്ങള്‍ക്ക് വര്‍ഗീയ നിറം ചാര്‍ത്തുന്നവര്‍ ഉണര്‍ന്നു ചിന്തിക്കേണ്ട ഒരു കാര്യം, ആ പടയോട്ട സൈന്യത്തില്‍ നല്ലൊരു ശതമാനവും ഹിന്ദുക്കളായിരുന്നു എന്നതാണ്. ക്ഷേത്രങ്ങള്‍ നശിപ്പിച്ചു എന്ന് ആരോപിക്കുന്നവര്‍ ഓര്‍ക്കണം, നമ്മുടെ ഗുരുവായൂര്‍ ക്ഷേത്രത്തിനു പോലും ധനസഹായം ചെയ്ത, ഏക്കര്‍ കണക്കിന് ഭൂമി ഇനാം കൊടുത്ത ഭരണാധികാരിയായിരുന്നു ടിപ്പു.

ടിപ്പുവിന്റെ ഒന്നാം നമ്പര്‍ ശത്രു ബ്രിട്ടീഷുകാരും അവരുടെ ശിങ്കിടികളായ നാട്ടുരാജാക്കന്മാരുമായിരുന്നു. ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്ന ടിപ്പു സുല്‍ത്താനെ വകവരുത്താന്‍ ചില ഹിന്ദു നാട്ടുരാജാക്കന്മാര്‍ കൂട്ട് നിന്നു എന്നത് മറ്റൊരു ചരിത്ര സത്യം. വര്‍ഗീയത ഒട്ടും തൊട്ടു തീണ്ടാത്ത ഒരു ഇതിഹാസ പുരുഷന്റെ ജയന്തി ദിനം ഫാഷിസ്റ്റ് ശക്തികള്‍ കരിദിനമായി ആചരിച്ചത് ഇന്ത്യയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഉദാഹരണമാണ്.

ബഷീര്‍ ചിത്താരി ജിദ്ദ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍