Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 25

കുട്ടികളെ സ്‌നേഹിച്ച നബി

ഫിദാ ലുലു കെ.ജി കാരകുന്ന് /കവര്‍‌സ്റ്റോറി

          'ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്. അവളെ വേദനിപ്പിക്കുന്നതെന്തും എന്നെയും വേദനിപ്പിക്കും.'' മാനവ ലോകത്തിന് ദൈവ സന്ദേശമെത്തിക്കാന്‍ നിയോഗിതനായ പ്രവാചകന്‍ തന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പറഞ്ഞ വാക്യം പ്രിയപ്പെട്ട മകളെക്കുറിച്ചായിരുന്നു. ദൈനംദിന ജീവിതത്തിന്റെ തിരക്കുകളില്‍ കുഞ്ഞിനെ ഒന്നു നോക്കാന്‍ പോലും നേരം കിട്ടാത്ത ആധുനികര്‍ക്കു മുന്നില്‍, പാരുഷ്യവും കാര്‍ക്കശ്യവും മേലാടയായി എടുത്തണിഞ്ഞ മതാചാര്യര്‍ക്കു മുന്നില്‍, ഇകഴ്ത്തിയും താഴ്ത്തിയും പരിഹസിച്ചും അന്യരുടെ മുന്നില്‍ മുഖം രക്ഷിക്കാനുള്ള ഉപാധിയാക്കി കുഞ്ഞുങ്ങളെ മാറ്റുന്ന രക്ഷിതാക്കള്‍ക്കിടയില്‍ തിരുദൂതര്‍ ഒരത്ഭുതമായേക്കും. അത്രത്തോളം കുട്ടികളോടിഴുകിച്ചേര്‍ന്നതായിരുന്നു ആ സാത്വിക ജീവിതം. പ്രവാചകനോളം കുഞ്ഞുങ്ങളെ സ്‌നേഹിച്ച മറ്റൊരാളുണ്ടാവില്ല. തന്റെ മക്കളോളം പ്രിയപ്പെട്ടവര്‍ തനിക്ക് മറ്റൊരാളില്ലായെന്ന് തോന്നിക്കുമാറ് പ്രവാചകന്‍ അവരെ സ്‌നേഹിച്ചു. 

അബ്ദുല്ല, ഖാസിം, ഇബ്‌റാഹീം, ഫാത്വിമ, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം എന്നിങ്ങനെ ഏഴ് പേരായിരുന്നു തിരുനബിയുടെ സന്താനങ്ങള്‍. ഇവരില്‍ ഇബ്‌റാഹീം ഒഴിച്ചുള്ള മറ്റെല്ലാവരും ഖദീജയില്‍ പിറന്നവരാണ്. മക്കളില്‍ ഫാത്വിമയൊഴികെയുള്ള എല്ലാവരും പ്രവാചകന്റെ ജീവിതകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. സൈനബിനെ വിവാഹം കഴിച്ചത് അബുല്‍ ആസ്വ്ബിന്‍ റബീഅ ആയിരുന്നു. ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ ആദ്യം റുഖിയ്യയെയും അവരുടെ മരണശേഷം ഉമ്മു കുല്‍സൂമിനെയും വിവാഹം കഴിച്ചു. ഫാത്വിമയെ അലി വിവാഹം ചെയ്യുകയും അതില്‍ ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, സൈനബ്, ഉമ്മു കുല്‍സൂം എന്നിങ്ങനെ അഞ്ച് മക്കളുണ്ടാവുകയും ചെയ്തു. 

മക്കളോടും പേരക്കുട്ടികളോടും അങ്ങേയറ്റത്തെ വാത്സല്യത്തോടെയാണ് റസൂല്‍ (സ) പെരുമാറിയിരുന്നത്. മകന്‍ ഇബ്‌റാഹീം പതിനാറു മാസം പ്രായമായപ്പോള്‍ തന്നെ മരണപ്പെട്ടു. ദുഃഖഭാരത്താല്‍ പ്രവാചകന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇതുകണ്ട അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് ചോദിച്ചു. ''പ്രവാചകരേ, ഇത് താങ്കള്‍ വിലക്കിയതല്ലേ?'' പ്രവാചകന്റെ മറുപടി ഇങ്ങനെയായിരുന്നു: ''ഇത് കാരുണ്യമാണ്. കരുണയില്ലാത്തവന് കരുണ ലഭിക്കുകയില്ല. നാം നിരോധിച്ചത് അലമുറയിട്ട് കരയുന്നതിനെയാണ്. ഇബ്‌റാഹീമിന്റെ വിയോഗത്തില്‍ നാം ദുഃഖിതരാണ്. ദുഃഖിക്കുകയും കരയുകയും ചെയ്യുന്നുണ്ടെങ്കിലും നാഥന് ഇഷ്ടമില്ലാത്തതൊന്നും പറയുകയില്ല.'' തുടര്‍ന്ന് കുഞ്ഞിനെ കുളിപ്പിച്ച് മയ്യിത്ത് നമസ്‌കരിച്ചതിനു ശേഷം ജന്നത്തുല്‍ ബഖീഇല്‍ ഖബ്‌റടക്കി.

മകന്‍ ഇബ്‌റാഹീമിനെ പ്രവാചകന് ഏറെ ഇഷ്ടമായിരുന്നു. മദീനയുടെ അറ്റത്തുള്ള ഒരു വീട്ടുകാരിയെയായിരുന്നു അവന് മുലകൊടുക്കാനായി ഏല്‍പ്പിച്ചിരുന്നത്. അവനെ കാണാനുള്ള കൊതി കൊണ്ട് ഏറെ ദൂരം നടന്ന് പ്രവാചകന്‍  അവിടെയെത്തും. എന്നിട്ട് അവനെ മടിയിലിരുത്തി താലോലിക്കും. കുഞ്ഞിനെക്കാണാനായി മാത്രം എന്നും നബി (സ) മാരിയത്തിന്റെ വീടും സന്ദര്‍ശിക്കുമായിരുന്നു. 

തിരുമേനിയുടെ ആദ്യത്തെ പുത്രന്‍ ഖാസിമാണ്. ഖാസിമിനെ ത്വാഹിര്‍ എന്നും, അബ്ദുല്ലയെ ത്വയ്യിബ് എന്നും വിളിച്ചിരുന്നു. ഖാസിമിന്റെ സ്മരണാര്‍ഥമാണ് നബി അബുല്‍ ഖാസിം എന്ന പേരിലും പിന്നീട് അറിയപ്പെട്ടത്. ഈ പേര് അദ്ദേഹത്തിന് വളരെയധികം ഇഷ്ടമായിരുന്നു. അനുചരന്മാര്‍ സ്‌നേഹത്തോടെ അഭിസംബോധന ചെയ്തിരുന്നതും ഈ പേരിലായിരുന്നു. 

നബിയുടെ പുത്രന്മാരെല്ലാം ശൈശവത്തിലേ മരണമടഞ്ഞിരുന്നു. മരണം വരെ റസൂലിന്റെ കൂടെയുണ്ടായിരുന്ന ഫാത്വിമ പ്രവാചകന്റെ വിയോഗാനന്തരം വെറും ആറു മാസം മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഫാത്വിമ തിരുസന്നിധിയില്‍ വരുമ്പോള്‍ അവിടുന്ന് എഴുന്നേറ്റ് നിന്ന് അവരുടെ നെറ്റിയില്‍ ചുംബിക്കും. തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. 

ആഇശ പറയുന്നു: ''ഒരു ദിവസം ഫാത്വിമ (റ) നബിയെ സന്ദര്‍ശിക്കാനായി വന്ന സമയത്ത് അവിടുത്തെ ഭാര്യമാരെല്ലാവരും ഒരു വീട്ടില്‍ ഒരുമിച്ചു കൂടിയിരുന്നു. അവരെ കണ്ട മാത്രയില്‍ 'എന്റെ മകള്‍ക്ക് സ്വാഗതം' എന്നു പറഞ്ഞ് റസൂല്‍ (സ) അവരെ സ്വീകരിക്കുകയും തന്റെ അടുത്ത് ഇരുത്തുകയും ചെയ്തു.'' നബി എങ്ങോട്ടെങ്കിലും പോകാനുദ്ദേശിച്ചാല്‍ അവസാനമായി യാത്ര ചോദിക്കുക ഫാത്വിമയോടായിരിക്കും. തിരിച്ചെത്തിയാല്‍ ആദ്യം സന്ദര്‍ശിക്കുന്നതും അവരെത്തന്നെ.  

മക്കളുടെ ഏതാവശ്യവും പ്രവാചകന്‍ കണ്ടറിഞ്ഞ് നിവൃത്തിച്ചുകൊടുത്തിരുന്നു. ഫാത്വിമ (റ)യെ കല്ല്യാണം കഴിക്കുന്ന സമയത്ത് അലി (റ) യുടെ പക്കല്‍ കാര്യമായ സമ്പാദ്യമൊന്നുമില്ലായിരുന്നു. ആ സമയത്തെ അവരുടെ പ്രയാസം മനസ്സിലാക്കിയ തിരുദൂതര്‍ പാരിതോഷികമായി ഫാത്വിമ(റ)ക്ക് ഒരു കട്ടിലും അതിലേക്കുള്ള കിടക്കയും വിരിപ്പും രണ്ട് തിരകക്കല്ലും ഒരു തോല്‍പാത്രവും നല്‍കി. 

അവരുടെ ജീവിതം എല്ലായ്‌പ്പോഴും ആനന്ദപൂര്‍ണമാവണമെന്ന് പ്രവാചകന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗാര്‍ഹിക വിഷയങ്ങളില്‍ അവര്‍ തമ്മിലുള്ള സൗന്ദര്യപ്പിണക്കങ്ങളില്‍ രഞ്ജിപ്പുണ്ടാക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. ഒരുദിവസം അവര്‍ക്കിടയിലെ പിണക്കം തീര്‍ത്ത് പ്രവാചകന്‍ സന്തോഷവാനായി തിരിച്ചുവരികയായിരുന്നു. അനുചരന്മാര്‍ ചോദിച്ചു: ''അവിടുന്ന് പോവുമ്പോള്‍ വേറെ അവസ്ഥയിലായിരുന്നു. എന്തിനാണിത്ര സന്തോഷിക്കുന്നത്?'' അവിടുന്ന് അരുള്‍ ചെയ്തു: ''ഞാന്‍ എനിക്ക് പ്രിയപ്പെട്ട രണ്ടു പേര്‍ക്കിടിയില്‍ രഞ്ജിപ്പുണ്ടാക്കിയിരിക്കുന്നു.'' 

~ഒരിക്കല്‍ ഫാത്വിമ (റ)യോട് അലി (റ) രോഷാകുലനായി പെരുമാറി. ഫാത്വിമ (റ) നബിയുടെ അടുത്ത് ആവലാതിയുമായി ചെന്നു. തെല്ലു പിറകെ അലിയും. നബി (സ) ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു: ''മകളേ, നീ മനസ്സിലാക്കേണ്ടിയിരിക്കുന്നു, ഏതു ഭര്‍ത്താവാണ് തന്റെ ഭാര്യയുടെ അടുത്ത് നിശ്ശബ്ദമായി കഴിഞ്ഞുകൂടുന്നതെന്ന്.'' ഈ സംഭാഷണം അലി (റ)യെ ഏറെ സ്വാധീനിച്ചു. അദ്ദേഹം ഫാത്വിമയോട് പറഞ്ഞു: ''ഇനി ഞാന്‍ നിന്റെ ഇഷ്ടത്തിനെതിരായി ഒന്നും തന്നെ പറയുകയില്ല.'' ആ പ്രശ്‌നം അങ്ങനെ പരിഹരിക്കപ്പെട്ടു. അലി (റ) മറ്റൊരു വിവാഹം കഴിക്കാനുദ്ദേശിച്ച ഘട്ടത്തില്‍, അതില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രവാചകന്‍ പറഞ്ഞു: ''ഫാത്വിമ എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. അവള്‍ക്കാരെങ്കിലും മനോ ദുഃഖമുണ്ടാക്കിയാല്‍ അത് എനിക്കും മനപ്രയാസമുണ്ടാക്കും.'' ഇതറിഞ്ഞ അലി (റ) ആ വിവാഹത്തില്‍ നിന്ന് പിന്മാറി. ഫാത്വിമയുടെ മരണം വരെ മറ്റൊരു വിവാഹത്തിന് അദ്ദേഹം മുതിരുകയും ചെയ്തില്ല. സ്വര്‍ഗീയ വനിതകളുടെ നായികയായി ഫാത്വിമ (റ) ഉണ്ടായിരിക്കുമെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. 

പ്രവാചകന്‍ തന്റെ പുത്രിമാരുടെ വിവാഹങ്ങള്‍ നടത്തിയത് വളരെ ലളിതമായിട്ടായിരുന്നു. ആര്‍ഭാടത്തെ നബി പാടെ നിരാകരിച്ചു. ഇസ്‌ലാം ശക്തിയാര്‍ജിച്ച ഘട്ടത്തിലാണ് ഫാത്വിമയുടെ വിവാഹം നടന്നത്. പ്രവാചകനില്‍ നിന്ന് ഒരു സൂചന ലഭിച്ചാല്‍ സ്വര്‍ണനാണയങ്ങള്‍ കുന്ന് കൂടുമായിരുന്നു. എന്നാല്‍ ലളിതമായ രീതിയില്‍ പള്ളിയില്‍ വെച്ച് അലിക്ക് വിവാഹം ചെയ്തുകൊടുക്കുകയാണുണ്ടായത്. പ്രവാചക കുടുംബത്തിലെ മറ്റെല്ലാ വിവാഹങ്ങളും അങ്ങനെത്തന്നെയായിരുന്നു. 

പ്രവാചക പുത്രിമാരായ റുഖിയ്യ, ഉമ്മു കുല്‍സൂം എന്നിവരെ വിവാഹം ചെയ്തിരുന്നത് യഥാക്രമം അബൂലഹബിന്റെ മക്കളായ ഉതൈബയും ഉത്ബയുമായിരുന്നു. അവര്‍ ആ വിവാഹത്തില്‍ നിന്ന് പിന്‍മാറി. അബൂലഹബിനെതിരെ ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചതായിരുന്നു കാരണം. ദുഃഖത്തിനു മേല്‍ ദുഖവുമായി ഭര്‍തൃവീടുകളില്‍ നിന്ന് ഇറക്കി വിട്ട ഈ പുത്രിമാരെ സ്‌നേഹാദരപൂര്‍വം പ്രവാചകന്‍ സ്വീകരിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ ആദര്‍ശത്തില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയാറായില്ല. പിന്നീട് ഉമ്മുകുല്‍സൂമിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുമ്പോള്‍ ആ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി അടര്‍ന്നു വീഴാറുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 

കുടുംബാംഗങ്ങളോട് വളരെ സ്‌നേഹപൂര്‍വമാണ് അദ്ദേഹം പെരുമാറിയത്. ഒരു കുഞ്ഞ് അദ്ദേഹത്തിന്റെ മാറിടത്തില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്. പ്രാര്‍ഥനാ വേളകളില്‍ പോലും പേരക്കിടാങ്ങളായ ഹസനും ഹുസൈനും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. തന്റെ മേല്‍ പിടിച്ചുകയറുന്ന കുഞ്ഞുങ്ങളെ വാത്സല്യപൂര്‍വം ചുമലില്‍ എടുക്കുകയും സുജൂദിന്റെ സമയത്ത് അടുത്ത് നിര്‍ത്തുകയും ചെയ്യുമായിരുന്നു. പ്രവാചകന്‍ മുഖം നിലത്തുവെക്കുമ്പോള്‍ അവര്‍ അവിടുത്തെ കഴുത്തില്‍ കയറി ഇരിക്കും. അതിരറ്റ വാത്സല്യത്തോടെ മാത്രമേ അദ്ദേഹം അവരോട് പെരുമാറിയിരുന്നുള്ളൂ. അവരെ മടിയിലിരുത്താനും ചുമലിലേറ്റാനും ലാളിക്കാനുമൊക്കെ ആ യോഗീവര്യന്‍ സമയം കണ്ടെത്തി. 

നബി (സ) ഹസനെ ചുംബിക്കുന്നതു കണ്ട് അഖ്‌റഅ് ബിന്‍ ഹാരിസ് എന്ന പ്രവാചക ശിഷ്യന്‍ അത്ഭുതത്തോടെ പറഞ്ഞു: ''എനിക്ക് പത്ത് മക്കളാണ്. പക്ഷെ അവരെ ഒരിക്കല്‍ പോലും ഞാന്‍ ചുംബിച്ചിട്ടില്ല. എന്നാല്‍ താങ്കള്‍ ചുംബിക്കുന്നു.'' 'നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് അല്ലാഹു കാരുണ്യം നീക്കിക്കളഞ്ഞിട്ടുണ്ടെങ്കില്‍ ഞാനെന്ത് ചെയ്യാനാണ്' എന്നായിരുന്നു തിരുദൂതരുടെ മറുപടി. 

ഒരിക്കല്‍ പ്രവാചകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ സദസ്സിലേക്ക് ഹസനും ഹുസൈനും കടന്നു വന്നു. ശിശുക്കളായതിനാല്‍ ഓരോ കാല്‍വെപ്പിലും വേച്ചു വീണുകൊണ്ടായിരുന്നു വരവ്. രണ്ടുപേരും ചുവന്ന ഉടുപ്പ് ധരിച്ചിരുന്നു. ഇതു കണ്ട് പ്രവാചകന്‍ പ്രസംഗപീഠത്തില്‍ നിന്നിറങ്ങി അവരെ എടുത്ത് കൊണ്ട് വന്ന് സദസ്സിനു മുന്‍നിരയിലിരുത്തിയിട്ടാണ് പ്രസംഗം തുടര്‍ന്നത്. എന്നിട്ടു പറഞ്ഞു: ''നിശ്ചയം സമ്പത്തും സന്താനങ്ങളും പരീക്ഷണങ്ങളാണ്. ഈ കുഞ്ഞുങ്ങള്‍ നടന്നും വീണുരുണ്ടും വരുന്നതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.'' മറ്റൊരിക്കല്‍ അവിടുന്ന് ഇങ്ങനെ പറയുകയുണ്ടായി: ''ഹുസൈന്‍ എന്റേതും ഞാന്‍ ഹുസൈന്റെതുമാണ്. ഹുസൈനെ ആര് സ്‌നേഹിക്കുന്നോ അല്ലാഹു അവരെ സ്‌നേഹിക്കുന്നു.''

കുട്ടികളുടെ മനസ്സ് മനസ്സിലാക്കിയായിരുന്നു പ്രവാചകന്‍ അവരോടിടപെട്ടിരുന്നത്. ഒരിക്കല്‍ നബി (സ) ഹസനെ ചുമലിലേറ്റിപ്പോവുകയായിരുന്നു. ഇതുകണ്ട ഒരാള്‍ പറഞ്ഞു: ''കുട്ടീ.. നീ കയറിയ വാഹനം എന്തൊരു നല്ല വാഹനമായിപ്പോയി!'' നബി പറഞ്ഞു: ''യാത്രക്കാരനും നല്ലവന്‍ തന്നെ.'' ഒരു കുഞ്ഞിന്റെ അഭിമാനത്തിന് നിസ്സാരമായ ക്ഷതം ഏല്‍ക്കുന്നതു പോലും അദ്ദേഹം തടഞ്ഞു. 

ആണാവട്ടെ പെണ്ണാവട്ടെ കുട്ടികള്‍ക്കിടയില്‍ തിരുദൂതര്‍ ഒരു വ്യത്യാസവും കല്‍പ്പിച്ചിരുന്നില്ല. എല്ലാവരോടും ഒരേ രീതിയില്‍ പെരുമാറി. നബി (സ) ചിലപ്പോള്‍ തന്റെ പൗത്രി ഉമാമ ബിന്‍ത് സൈനബിനേയുമെടുത്ത് നമസ്‌കരിക്കാന്‍ നില്‍ക്കും. സുജൂദ് ചെയ്യേണ്ട സമയത്ത് അവളെ താഴെ വെക്കും. എഴുന്നേല്‍ക്കുമ്പോള്‍ എടുക്കുകയും ചെയ്യും. പ്രാര്‍ഥനാ വേളകളില്‍ പോലും അദ്ദേഹം അവളെ ഒഴിച്ചു നിര്‍ത്തിയില്ല. അത്രയും പ്രിയപ്പെട്ടതായിരുന്നു പ്രവാചകന് അവള്‍. ഒരിക്കല്‍ ആരോ പ്രവാചകന് ചില സാധനങ്ങള്‍ സമ്മാനമായി കൊടുത്തയച്ചു. അതില്‍ ഒരു സ്വര്‍ണമാലയുണ്ടായിരുന്നു. ഉമാമ ഒരുഭാഗത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടുന്നരുള്‍ ചെയ്തു. ''ഞാനീ മാല എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബത്തിന് നല്‍കും.'' അവിടുന്ന് ഉമാമയെ വിളിച്ച് ആ മാല അവളുടെ കഴുത്തില്‍ ഇട്ടുകൊടുത്തു. 

സ്വന്തം മക്കളോടു മാത്രമല്ല, എല്ലാ കുട്ടികളോടും പ്രവാചകന്‍ തന്റെ ഇഷ്ടവും കാരുണ്യവും പ്രകടിപ്പിച്ചു. ജഅ്ഫറിന്റെ ഭാര്യ അസ്മാഅ് ബിന്‍ത് ഉമൈസ് പറയുന്നു: ''നബി ഞങ്ങളുടെയടുത്ത് വരികയും ജഅ്ഫറിന്റെ മക്കളെ അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് അവരെ ചുംബിച്ചു. അപ്പോള്‍ അവിടുത്തെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു. ദൈവദൂതരേ, ജഅ്ഫറിനെക്കുറിച്ച് വല്ല വാര്‍ത്തയും താങ്കള്‍ക്ക് കിട്ടിയോ?'' അവിടുന്ന് പറഞ്ഞു. ''അതെ, ജഅ്ഫര്‍ ഇന്ന് ശഹീദായി.'' ഞങ്ങള്‍ കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോയി. നബി നിര്‍ദ്ദേശിച്ചു: ''ജഅ്ഫറിന്റെ കുടുംബത്തിന് വേണ്ടി ആഹാരം തയ്യാറാക്കുക. അദ്ദേഹത്തിന്റെ മരണവും തുടര്‍ന്നുള്ള വിലാപവും അവരെ വ്യാപൃതരാക്കിയിരിക്കുന്നു.'' നിറകണ്‍കളുമായി ആ കുട്ടികള്‍ക്ക് നടുവില്‍ നില്‍ക്കുന്ന പ്രവാചകനെ നോക്കി സഅദ് ബ്‌നു ഉബാദ ചോദിച്ചു: ''പ്രവാചകരേ, താങ്കള്‍ കരയുകയാണോ?'' അല്ലാഹു എന്റെ ഹൃദയത്തില്‍ നിക്ഷേപിച്ച കാരുണ്യം കാരണമാണിതെന്നായിരുന്നു തിരുദൂതരുടെ പ്രതികരണം. 

കാരുണ്യത്തിന്റെ കടലായിരുന്നു പ്രവാചകന്‍. ആളുകള്‍ അവരുടെ കുട്ടികളെ പ്രാര്‍ഥിക്കാനാവശ്യപ്പെട്ടു കൊണ്ടുവരുമായിരുന്നു. ഒരു ദിവസം ഒരു കുഞ്ഞ് അവിടുത്തെ വസ്ത്രങ്ങളില്‍ മൂത്രമൊഴിച്ചു. നബി അതില്‍ അരിശം കൊള്ളുകയോ അറപ്പ് കാണിക്കുകയോ ചെയ്തില്ല. നബി കുറച്ചു വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. എന്നിട്ട് ആ ഭാഗത്ത് ഒന്ന് കുടയുകമാത്രം ചെയ്തു. വസ്ത്രം മുഴുവനായി കഴുകുക പോലുമുണ്ടായില്ല. 

നബി കുഞ്ഞുങ്ങളെ സ്‌നേഹിച്ചു; അവര്‍ നബിയേയും. അദ്ദേഹം കടന്നു പോവുന്ന വഴികളിലെ കുട്ടികളെ സ്‌നേഹപൂര്‍വം അഭിവാദ്യം ചെയ്യുമായിരുന്നു. അവരോടൊന്നിച്ച് കളിക്കുമ്പോള്‍ അവരെപ്പോലെയായി അവരുടെ സൗഹൃദവും അംഗീകാരവും പിടിച്ചുപറ്റി. മഹ്മൂദ് ബ്‌നു റബീഇന്റെ വീട്ടില്‍ നിന്ന് വെള്ളമെടുക്കാന്‍ വരുന്ന പ്രവാചകന്‍, തൊട്ടിയിലെ വെള്ളത്തില്‍ നിന്ന് വായില്‍ അല്‍പം വെള്ളമെടുത്ത് കളിയായി, അഞ്ചുവയസ്സുകാരനായ അവന്റെ മുഖത്തേക്ക് തെറിപ്പിക്കാറുണ്ടായിരുന്നു. 

ഉമ്മു സലമയുടെ പുത്രി സൈനബിനെ പ്രവാചകന്‍ സുവൈനിബ്, സുവൈനിബ് എന്ന് പല തവണ ആവര്‍ത്തിച്ച് വിളിച്ചുകൊണ്ടിരിക്കും. 'കൊച്ചു സൈനബേ' എന്നായിരുന്നു അതിന്റെ  അര്‍ഥം. ആബൂത്വല്‍ഹയുടെയും ഉമ്മുസുലൈമിന്റെയും പുത്രന്‍ അബൂഉമൈര്‍ കൊച്ചുകുഞ്ഞായിരുന്ന സമയത്ത് അവന് ഒരു കിളിയുണ്ടായിരുന്നു. അവനെപ്പോഴും അതിനെ ലാളിച്ചും ശുശ്രൂഷിച്ചും കൊണ്ടിരിക്കും. അനസ്ബ്‌നു മാലികിനൊപ്പം അവരുടെ വീട്ടിലെത്തുന്ന പ്രവാചകന്‍ അവന്റെ കളിയില്‍ കൂട്ടുചേരും. അവനെക്കാണുമ്പോഴെല്ലാം ചിരിച്ചുകൊണ്ട് റസൂല്‍ ചോദിക്കും, കിളി എന്തു ചെയ്യുന്നു? അബൂഉമൈര്‍ വേഗം അതിനെ തിരുസന്നിധിയിലെത്തിക്കും. കിളിയെ കളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന് അതേ കുറിച്ച് പറയാന്‍ അനേകം കഥകളുണ്ടാവും. പ്രവാചകന്‍ എല്ലാം ക്ഷമയോടെ കേട്ടിരിക്കും. ''അതിനെ വേദനിപ്പിക്കരുത്, കരുണ കാണിക്കണം'' എന്ന് ഉപദേശിക്കുകയും ചെയ്യും. ഉത്തരവാദിത്തത്തിനുമേല്‍ ഉത്തരവാദിത്തം മുതുകിലുണ്ടായിട്ടും ഒരു കൊച്ചുകുഞ്ഞിന്റെ കിളിയെക്കുറിച്ചന്വേഷിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. 

ശത്രുക്കളുടെ കുഞ്ഞുങ്ങളോട് പോലും നബി ദയാപൂര്‍വം പെരുമാറി. ഒരിക്കല്‍ യുദ്ധം കഴിഞ്ഞു തിരിച്ചെത്തിയ അനുയായികള്‍, ഈ യുദ്ധത്തില്‍ ഏതാനും കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുവെന്ന വിവരം നബിയെ അറിയിച്ചു. ഇത് അദ്ദേഹത്തെ പിടിച്ചുലച്ചു. അവിടുന്ന് അസ്വസ്ഥനായി. അനുചരന്മാര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി പറഞ്ഞു: ''കൊല്ലപ്പെട്ടത് നമ്മുടെ കുട്ടികളല്ല, ശത്രുക്കളുടെ കുട്ടികളാണ്.'' പക്ഷെ ഈ വിശദീകരണം നബിയെ ഒട്ടും തൃപ്തനാക്കിയില്ല. കുട്ടികളെല്ലാവരും ഒരുപോലെയാണല്ലോ. എല്ലാവരും നിരപരാധികള്‍! അവിടുന്ന് അരുള്‍ ചെയ്തു: ''ആ കുട്ടികള്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും വധിക്കപ്പെട്ടു. പാവം കുഞ്ഞുങ്ങള്‍! ഒരു യുദ്ധത്തിലും കുട്ടികള്‍ കുറ്റക്കാരല്ല. വലിയവരുടെ കുറ്റത്തിന് കൊച്ചുകുട്ടികള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. ഇനിമേല്‍ നിങ്ങള്‍ ആരുടെയും കുട്ടികളെ കൊല്ലരുത്.'' മറ്റൊരിക്കല്‍, 'സ്ത്രീകളെയും കുട്ടികളെയും  വൃദ്ധരെയും വധിക്കരുത്, കെട്ടിടങ്ങള്‍ തകര്‍ക്കരുത്, വൃക്ഷങ്ങള്‍ വെട്ടിനശിപ്പിക്കരുത്, അല്ലാഹുവിനെ സൂക്ഷിക്കുക' എന്ന് ഉപദേശിച്ചിട്ടാണ് അദ്ദേഹം പട്ടാളക്കാരെ യുദ്ധരംഗത്തേക്ക് വിട്ടത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /51-53
എ.വൈ.ആര്‍