സി. മുഹമ്മദ്കുട്ടി മാസ്റര്‍
മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മുഹമ്മദ്കുട്ടി മാസ്റര്‍ തന്റെ യൌവന നാളുകളില്‍ തന്നെ ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. തലമുറകളുടെ അധ്യാപകന്‍ എന്ന നിലയിലും സമൂഹത്തില്‍ ഏറെ ആദരണീയനായിരുന്നു അദ്ദേഹം.
പൊന്മുണ്ടം ഗവണ്‍മെന്റ് എല്‍.പി സ്കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച മുഹമ്മദ്കുട്ടി മാസ്റര്‍ പൊന്മുണ്ടം ഘടകം നാസിമായിരുന്നു. മഹല്ല് വെല്‍ഫയര്‍ സൊസൈറ്റി എന്ന പൊതുവേദി രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുകയും അതിന്റെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയുമുണ്ടായി.
അബ്ദുല്‍ജലീല്‍ പൊന്മുണ്ടം
അബ്ദുല്‍ ജലീല്‍
സുഊദി അറേബ്യയിലെ അല്‍ഹസ്സയില്‍ കെ.ഐ.ജി ബിസ്മി യൂനിറ്റിലെ സജീവ പ്രവര്‍ത്തകനായിരുന്നു മലപ്പുറം മക്കരപറമ്പ് പോത്തുകുണ്ട് സ്വദേശിയായ അബ്ദുല്‍ ജലീല്‍ ചുള്ളിയില്‍.
യാഥാസ്ഥിതിക ചുറ്റുപാടില്‍നിന്ന് 20 വര്‍ഷം മുമ്പ് സുഊദിയില്‍ എത്തിയ അദ്ദേഹം 'സുഊദി കേരള ഇസ്ലാമിക് ഫോറം' എന്ന റിലീഫ് സംഘടനയിലൂടെയാണ് ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്. റിലീഫ് പ്രവര്‍ത്തനത്തിനുവേണ്ടി തുച്ചമായ ശമ്പളക്കാരനായ അദ്ദേഹം സൌജന്യമായി കിട്ടിയിരുന്ന താമസസൌകര്യം പോലും ഒഴിവാക്കുകയും, തന്നെപ്പോലെ കഷ്ടപ്പെടുന്നവരെക്കുറിച്ചുള്ള സഹായാഭ്യര്‍ഥനകളുടെ പേപ്പര്‍ കട്ടിംഗ് സംഘടിപ്പിച്ച് സ്വന്തം കാശ് അയച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു. മരണം വരെ ഇസ്ലാമിക പ്രസ്ഥാനവുമായുള്ള ബന്ധം അദ്ദേഹം നിലനിര്‍ത്തി. പണിതീരാത്ത ചെറിയ വീടും ഭാര്യയും 4 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തെ നമ്മെ ഏല്‍പിച്ചാണ് അദ്ദേഹം യാത്രയായത്. അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസവും സമാധാനവും അല്ലാഹു പ്രദാനം ചെയ്യട്ടെ.
കെ.ടി അബ്ദുല്‍ഹമീദ് അല്‍ഹസ്സ
നസറുല്ല സാര്‍
കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ഏരിയയിലെ കൈതക്കാട് കാര്‍കുന്‍ ഹല്‍ഖ നാസിമായിരുന്നു നസറുല്ല സാര്‍. വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചയാളാണ് അദ്ദേഹം. 35 വര്‍ഷത്തിലേറെയായി അദ്ദേഹം ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ഏരിയാ ആസ്ഥാനമായ ടൌണ്‍ മസ്ജിദ് ആന്റ് ഇസ്ലാമിക് സെന്ററിന്റെ പ്രസിഡന്റായും സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ ചുമതലയില്‍നിന്ന് ഒഴിവായതിന് ശേഷവും ഓഡിറ്റിംഗും മറ്റും അദ്ദേഹം തന്നെയാണ് നടത്തിയിരുന്നത്. മികച്ച സംഘാടകനായ അദ്ദേഹം നിശ്ശബ്ദ സേവകനായിരുന്നു.
എം.എം ഇല്‍യാസ് കുളത്തുപ്പുഴ
അബ്ദുര്‍റഹ്മാന്‍ സാഹിബ്
പെരുമ്പിലാവ് പാടൂര്‍ കുഞ്ഞിബാപ്പു മുസ്ലിയാരുടെ മകനായ കാട്ടേപറമ്പില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് വര്‍ഷങ്ങളായി പെരുമ്പിലാവില്‍ സ്ഥിരതാമസക്കാരനായിരുന്നു. മക്കളുടെ ഇസ്ലാമിക വിദ്യാഭ്യാസത്തെ മുന്നില്‍ കണ്ടാണ് അദ്ദേഹവും കുടുംബവും ഈ പ്രദേശത്തെത്തിയത്. 40 വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ച അദ്ദേഹം ജൂലൈ 28-ാം തീയതിയാണ് മസ്കത്തില്‍വെച്ച് ഹൃദയ സ്തംഭനം മൂലം അല്ലാഹുവിലേക്ക് യാത്രയായത്. എ.വി ഷാഹുല്‍ ഹമീദ്, എ.വി മജീദ്, വി.കെ ഉസ്മാന്‍ എന്നിവരുടെ വിയോഗം പ്രസ്ഥാനപ്രവര്‍ത്തകരില്‍നിന്ന് വിട്ടുമാറാത്ത വേദനയായി നില്‍ക്കുമ്പോഴാണ് ഈ വേര്‍പാട്. പെരുമ്പിലാവില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സ്വന്തമായി സെന്ററും പളളിയുമൊന്നും ഇല്ലാത്ത കാലംമുതലേ അദ്ദേഹത്തിന്റെ വീടിന്റെ വാതില്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കുവേണ്ടി തുറന്നിട്ടതായിരുന്നു. പ്രത്യേകിച്ചും വനിതാ പ്രവര്‍ത്തകരുടെ ഒരു കേന്ദ്രമായിരുന്നു ഈ വീട്. പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വമ്പിച്ച സാമ്പത്തിക സഹായം എന്നും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. സ്വന്തം കുടുംബത്തിന്റെയും നിരവധി നിരാലംബരായ കുടുംബങ്ങളുടെയും അത്താണിയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
സഫിയ ശംസുദ്ദീന്‍ പെരുമ്പിലാവ്
വി.പി മായിന്‍കുട്ടി ഹാജി
എടവണ്ണ ഐന്തൂര്‍ പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതില്‍ അനല്‍പമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു വലിയ പീടികക്കല്‍ മായിന്‍കുട്ടിഹാജി(91). കോഴിക്കോട് ഹജൂര്‍ കച്ചേരി, വഖ്ഫ് ബോര്‍ഡ് എന്നിവിടങ്ങളില്‍ ജോലി ചെയ്ത് ജില്ലാ ട്രഷറി സൂപ്രണ്ടായാണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.
1978ലാണ് ജമാഅത്ത് അംഗത്വമെടുത്തത്. ഐന്തൂര്‍ മഹല്ല് വൈസ് പ്രസിഡന്റായിരിക്കെ ഇസ്സുദ്ദീന്‍ മൌലവി, കെ.എന്‍ അബ്ദുല്ല മൌലവി തുടങ്ങിയവരെ കൊണ്ടുവന്ന് ഇടക്കിടെ പരിപാടികള്‍ നടത്തുമായിരുന്നു.
ചെമ്പക്കുത്ത് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികള്‍ക്ക് കഞ്ഞിയും ചമ്മന്തിയും നല്‍കുന്നതിലദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു. ഐന്തൂരിലെ ഉള്‍പ്രദേശമായ കുരുമാരക്കോട് നമസ്കാരപള്ളിയും മദ്റസയും സ്ഥാപിക്കാനാവശ്യമായ സ്ഥലം ജമാഅത്ത് ട്രസ്റിന് അദ്ദേഹം ദാനമായി നല്‍കി. 1998ല്‍ അന്തരിച്ച ഭാര്യ കളപ്പാടന്‍ കുഞ്ഞാഇശക്കുട്ടി ദീര്‍ഘകാലം ഐന്തൂര്‍ വനിതാ ഘടകത്തിന്റെ നാസിമത്തായിരുന്നു. മക്കള്‍: അഹ്മദ്കുട്ടി, ഡോ. അശ്റഫ്, അബ്ദുല്‍ അസീസ്.
കെ. മുഹമ്മദലി എടവണ്ണ
പി.എം അബ്ദുര്‍റഹ്മാന്‍
പാലക്കാട് മേപ്പറമ്പിലെ ടൈലര്‍ അദ്രു എന്നറിയപ്പെടുന്ന പി.എം അബ്ദുര്‍റഹ്മാന്‍, പ്രദേശത്തെ ദീനീ സ്നേഹികള്‍ക്ക് സുപരിചിതനായ വ്യക്തിയാണ്. വളരെ പ്രയാസപ്പെട്ട് ജീവിതം നയിച്ചിരുന്ന അദ്ദേഹം നാട്ടുകാരായ ദീനീ സ്നേഹികളുടെ സഹായത്താല്‍ ഉംറ നിര്‍വഹിച്ച് നാട്ടില്‍ തിരിച്ചെത്തി ഏതാനും ദിവസങ്ങള്‍ക്കകമാണ് അല്ലാഹുവിങ്കലേക്ക് യാത്ര തിരിച്ചത്. ഒരിക്കലും പ്രതീക്ഷിക്കാത്ത, മനസ്സില്‍ എന്നെന്നും കാത്തു സൂക്ഷിച്ച മഹാഭാഗ്യം സഫലീകരിച്ചു എന്ന് മക്കയില്‍ വെച്ച് അദ്ദേഹത്തെ കണ്ടപ്പോള്‍ പറയുകയുണ്ടായി.
അബ്ദുസ്സലാം, മക്ക
എം.കെ ഹുസൈന്‍
കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പ്രദേശങ്ങളില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ദീര്‍ഘകാലം നേതൃത്വം നല്‍കിയവരിലൊരാളാണ് എം.കെ ഹുസൈന്‍ സാഹിബ്(89). യുവാവായിരിക്കെയാണ് അദ്ദേഹം തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം ഇ.കെ ഇസ്സുദ്ദീന്‍ മൌലവിയുടെ ക്ളാസില്‍ പങ്കെടുക്കുന്നതും പ്രസ്ഥാനികാവേശം നെഞ്ചിലേറ്റുന്നതും.
1955ല്‍ ഒരു കനലായി ഹൃദയത്തിലാവാഹിച്ച പ്രസ്ഥാനികാദര്‍ശം മടക്കയാത്രയുടെ അന്ത്യനിമിഷം വരെയും ഊര്‍ജമായി കാത്തുസൂക്ഷിച്ചു. ഏതാണ്ട് 30 വര്‍ഷക്കാലമാണ് അദ്ദേഹം ഹല്‍ഖാ നാസിമായി സേവനമനുഷ്ഠിച്ചത്. കൊടുങ്ങല്ലൂര്‍ പ്രദേശത്തെ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന എം.ഐ.ടി (മൂവ്മെന്റ് ഓഫ് ഇസ്ലാമിക് ട്രസ്റ്), എടവിലങ്ങിലെ പ്രസ്ഥാന കേന്ദ്രമായ ഐഡിയല്‍ വെല്‍ഫയര്‍ സൊസൈറ്റി എന്നിവയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു.
സുഊദി കെ.ഐ.ജി പ്രവര്‍ത്തകനായ മകനും 5 പെണ്‍മക്കളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം.
കെ.എം ഷംസുദ്ദീന്‍ എടവിലങ്ങ്
എസ്.എം ബീരാന്‍കുട്ടി
പാലക്കാട് വെസ്റ് പ്രാദേശിക ജമാഅത്തിലെ അംഗമായ എസ്.എം ബീരാന്‍കുട്ടി സാഹിബ്(85) പുതിയ തലമുറക്ക് ഒട്ടനവധി മാതൃകകള്‍ ബാക്കിവെച്ച് കൊണ്ടാണ് നാഥങ്കലേക്ക് യാത്രയായത്. പലവിധ രോഗങ്ങളാല്‍ പ്രയാസപ്പെട്ട് വീട്ടില്‍ കഴിഞ്ഞ് കൂടിയ അദ്ദേഹത്തിന് ജമാഅത്ത് യോഗങ്ങളില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധത്താല്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയാണ് യോഗം നടത്തിയിരുന്നത്.
ദല്‍ഹിയിലും പത്തിരിപ്പാലയിലും നടന്ന അംഗങ്ങളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹത്തിന് വളരെ പ്രയാസമുണ്ടായിരുന്നു. അദ്ദേഹം അംഗമായ നൂറുല്‍ ഹുദാ ചാരിറ്റബ്ള്‍ ട്രസ്റിന്റെ കീഴിലുള്ള 'നൂര്‍മഹല്‍' കല്യാണമണ്ഡപം രണ്ട് ദശകങ്ങളോളം സ്വന്തം വീട്ടിനേക്കാള്‍ ശ്രദ്ധയോടും താല്‍പര്യത്തോടും കൂടി പരിപാലിച്ചു പോന്നു.
ജമാഅത്തെ ഇസ്ലാമിയുടെ പഴയകാല ശൂറ അംഗമായിരുന്ന പരേതനായ എസ്.എം ഹനീഫ സാഹിബ് സഹോദരനാണ്. മുഴു സമയ ഇസ്ലാമിക പ്രവര്‍ത്തകയും പാലക്കാട് വനിതാ ജില്ലാ സമിതി അംഗവും മേപ്പറമ്പ് വനിതാ ഘടകത്തിന്റെ നാസിമത്തുമായ എസ്.ബി ഖദീജ അദ്ദേഹത്തിന്റെ മകളാണ്.
അബ്ദുസ്സലാം മക്ക
Comments