Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

സാമ്പത്തിക പ്രതിസന്ധിയും തലതിരിഞ്ഞ കാഴ്ചപ്പാടുകളും

ൌലാനാ മൌദൂദി

സാമ്പത്തിക പ്രശ്‌നങ്ങള്‍ നമ്മുടെ വിചാരലോകത്ത് ഇത്രയധികം പ്രാമുഖ്യവും പ്രാധാന്യവും നേടിയ മറ്റൊരു സന്ദര്‍ഭം ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രാമുഖ്യം എന്ന വാക്കാണ് ഞാന്‍ പ്രയോഗിച്ചത്. കാരണം, ഓരോ കാലഘട്ടത്തിലെയും വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും സാമ്പത്തിക മേഖലക്ക് അതിന്റേതായ പ്രാമുഖ്യം നല്‍കാന്‍ സ്വാഭാവികമായും നിര്‍ബന്ധിതമായിരുന്നു. പക്ഷേ, ഈ ശ്രദ്ധയും പരിഗണനയും നമ്മുടെ കാലത്ത് ഒരു ബാധയായി മനുഷ്യനെ ആവേശിച്ചിരിക്കുന്നു എന്ന് പറയേണ്ടിവരും. സാമ്പത്തിക വിഷയത്തില്‍ വാള്യങ്ങള്‍ പരന്നു കിടക്കുന്ന എത്രയെത്ര തടിച്ച കൃതികളാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. കേട്ടാല്‍ ഞെട്ടുന്നതരം സാമ്പത്തിക സംജ്ഞകളും പിറവിയെടുത്തുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം പിന്‍ബലമായി മഹാ ധനകാര്യ സ്ഥാപനങ്ങളും ഉയര്‍ന്നുവരുന്നു.
ഇതിനോടൊപ്പം തന്നെ, ഉല്‍പാദനത്തിലും വിതരണത്തിലും ജീവിതാവശ്യങ്ങള്‍ സ്വരൂപിക്കുന്നതിലുമൊക്കെ സങ്കീര്‍ണതകള്‍ ഏറിവരികയും ചെയ്യുന്നു. അതുകൊണ്ടാണ് സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ച ചര്‍ച്ചകളും ശാസ്ത്രീയമായ അന്വേഷണങ്ങളും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് മുമ്പില്‍ മനുഷ്യരുടെ മറ്റു പ്രശ്‌നങ്ങളെല്ലാം നിസ്സാരമാണെന്ന് തോന്നിപ്പോകും. വിചിത്രമെന്ന് പറയട്ടെ, ഇത്രയധികം ശ്രദ്ധയും പരിഗണനയും ലഭിച്ചിട്ടും സാമ്പത്തിക പ്രശ്‌നങ്ങള്‍ ദിനേന കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാവുകയല്ലാതെ, പരിഹാരത്തിലേക്ക് ഒരിഞ്ചും അടുക്കുന്നില്ല. നമ്മുടെ മുമ്പിലെ ഏറ്റവും വലിയ സമസ്യയായും അത് മാറിക്കഴിഞ്ഞു. സാമ്പത്തികശാസ്ത്രത്തിലെ പിടികിട്ടാത്ത സംജ്ഞകള്‍, എത്തും പിടിയും തരാത്ത ദുരൂഹമായ സാമ്പത്തിക പഠനങ്ങള്‍, മുടിനാരിഴ കീറുന്ന സാമ്പത്തിക വിദഗ്ധരുടെ വാദകോലാഹലങ്ങള്‍ ഇതെല്ലാം കണ്ടും കേട്ടും സാധാരണക്കാരന്‍ അന്തംവിട്ട് നില്‍പാണ്. ഈ ചര്‍ച്ചകളില്‍ നിന്നെല്ലാം ഈ പച്ചപ്പാവം മനുഷ്യന് ആകെക്കൂടി മനസ്സിലായത്, ഈ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കൊന്നും ഇനിയൊരു പരിഹാരം സാധ്യമല്ല എന്നാണ്. അങ്ങനെയൊരു പ്രതീക്ഷ തന്നെ അസ്ഥാനത്താണ്. തന്റെ രോഗത്തിന്റെ, നീണ്ട നീണ്ട കിടിലന്‍ ലാറ്റിന്‍ പേര് കേട്ട് ഡോക്ടറുടെ മുമ്പില്‍ തരിച്ചു നില്‍ക്കുന്ന രോഗിയുടെ അവസ്ഥയിലാണ് ഇന്ന് സാധാരണക്കാര്‍. പടച്ചതമ്പുരാന്‍ കനിഞ്ഞ് എന്തെങ്കിലും ചെയ്താല്‍ പരിഹാരമുണ്ടായേക്കും എന്നേ അവര്‍ കരുതുന്നുള്ളൂ.
യഥാര്‍ഥത്തില്‍, തലനാരിഴ ചീന്തുന്ന സാമ്പത്തിക ചര്‍ച്ചകളുടെയും പിടിതരാത്ത സാമ്പത്തിക സംജ്ഞകളുടെയും ഈ പുകമറ അങ്ങ് നീക്കിക്കഴിഞ്ഞാല്‍, ഈ വിഷയം വളരെ ലളിതമായി, നേര്‍ക്കുനേരെ നമുക്ക് പഠിക്കാവുന്നതേയുള്ളൂ. സാമ്പത്തിക പ്രശ്‌നം എന്താണെന്ന് നമുക്കപ്പോള്‍ പിടികിട്ടും. അതിന് സമര്‍പ്പിക്കപ്പെടുന്ന പരിഹാരങ്ങള്‍ ആയാസപ്പെടാതെ തന്നെ നമുക്ക് പരിശോധിക്കാനും കഴിയും. അങ്ങനെ, കെട്ടുപിണഞ്ഞ് കിടക്കുന്ന ഈ പ്രശ്‌നത്തിന്റെ ശരിയുത്തരം ഏതൊരു സാധാരണക്കാരന്റെയും നാവില്‍ വരും.
സാമ്പത്തിക സംജ്ഞകളുടെയും സാങ്കേതിക പദാവലികളുടെയും ഈ കെട്ടിക്കുടുക്കുകള്‍ക്ക് പുറമെ മറ്റൊരു പ്രശ്‌നവും കൂടി നാം ഈ മേഖലയില്‍ അഭിമുഖീകരിക്കുന്നുണ്ട്. സാമ്പത്തിക പ്രശ്‌നമെന്നത് മനുഷ്യ ജീവിതത്തിലെ ഒരു പ്രശ്‌നം മാത്രമാണ്- അത് പ്രശ്‌നങ്ങളിലെ മഹാ പ്രശ്‌നമാണെങ്കിലും.  എന്നാല്‍ അങ്ങനെയല്ല ഇന്നതിനെ നോക്കിക്കാണുന്നത്. സാമ്പത്തിക പ്രശ്‌നത്തെ വേറിട്ട, സ്വതന്ത്രമായ, ജീവിതത്തിന്റെ മറ്റു മേഖലകളുമായി ബന്ധമില്ലാത്ത ഒരു പ്രശ്‌നമായിട്ടാണ് പഠിച്ചുവരുന്നത്. ഇതാണ് യഥാര്‍ഥത്തില്‍ മഹാ അബദ്ധം. എല്ലാ പരിഹാര മാര്‍ഗങ്ങള്‍ക്കും വിലങ്ങുതടിയായി നില്‍ക്കുന്നത് ഈ അബദ്ധ ധാരണയാണ്. ഈ ചിന്താഗതി കൂടുതല്‍ ആഴത്തില്‍ വേര് പിടിച്ച്, മനുഷ്യജീവിതത്തില്‍ ആകെക്കൂടിയുള്ളത് സാമ്പത്തിക പ്രശ്‌നം മാത്രമാണ് എന്ന നിലവരെ എത്തിയിരിക്കുന്നു. പരിഹാരം അനന്തമായി അസാധ്യമാക്കിത്തീര്‍ക്കുന്നത് ഈയൊരു കാഴ്ചപ്പാടാണ്.
ഈ കാഴ്ചപ്പാട് തീര്‍ത്തും അശാസ്ത്രീയവുമാണ്. ഒരു കരള്‍രോഗ വിദഗ്ധനെ ഉദാഹരണമായെടുക്കാം. മനുഷ്യ ശരീരത്തില്‍ അവയവങ്ങള്‍ക്ക് തനതായ ക്രമീകരണവും അവയുടേതായ സ്ഥാനവുമുണ്ട്. ഓരോ അവയവവും പരസ്പരം ബന്ധം പുലര്‍ത്തിയും സഹകരിച്ചുമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, നമ്മുടെ ഈ കരള്‍ വിദഗ്ധന്‍ ഈ ക്രമീകരണവും സ്ഥാനനിര്‍ണയവും ഒന്നും കാണുന്നില്ല. കരള്‍ എന്നാല്‍ സ്വതന്ത്രമായി, മറ്റൊരു അവയവവുമായി ബന്ധമില്ലാതെ നിലകൊള്ളുന്ന ഒന്നായാണ് അയാള്‍ കാണുന്നത്. ഈ അവയവത്തെ മാത്രം അയാള്‍ തിരിച്ചു മറിച്ചും വളരെ സൂക്ഷ്മമായി പരിശോധിക്കുകയാണ്. അയാളെ സംബന്ധിച്ചേടത്തോളം, മനുഷ്യ ശരീരം എന്നാല്‍ ഒരു വലിയ കരള്‍ മാത്രമാണ്, മറ്റൊന്നുമല്ല! ഈ 'കരളീയ' വിദഗ്‌ധോപദേശകനില്‍ നിന്നാണ് നാം നമ്മുടെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്ക് പ്രതിവിധി തേടുന്നതെങ്കില്‍, ഫലം ഊഹിക്കാമല്ലോ. നമ്മുടെ ആരോഗ്യം ചെറിയ അപകടങ്ങളില്‍ നിന്ന് വലിയ അപകടങ്ങളില്‍ ചെന്ന് ചാടും. ഇതു തന്നെയാണ് സാമ്പത്തിക രംഗത്തെയും സ്ഥിതി. സാമ്പത്തിക ജീവിതത്തെ മനുഷ്യജീവിതത്തില്‍ നിന്ന് മുറിച്ചു മാറ്റി, സ്വതന്ത്രമായി പഠിക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുമാണ്. ഒരു സാമ്പത്തിക മൃഗം എന്ന നിലക്ക് മനുഷ്യനെ കാണുന്നു. മനുഷ്യന്റെ ധാര്‍മികവും സദാചാരപരവുമായ ഉല്‍ക്കര്‍ഷങ്ങള്‍ക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിക്കൂടാ. അന്തിമഫലം എന്താണെന്ന് പറയേണ്ടല്ലോ, സാമ്പത്തിക രംഗം കൂടുതല്‍ അരാജകത്വത്തിലേക്കും ആശയക്കുഴപ്പങ്ങളിലേക്കും കൂപ്പ് കുത്തും.
ഞാന്‍ പറയുന്നത് വിശ്വസിക്കൂ. ഇത്തരം വിദഗ്ധരും സ്‌പെഷ്യലിസ്റ്റുകളുമാണ് നമ്മുടെ കാലത്തെ ദുരന്തങ്ങളുടെ മുഖ്യ കാരണക്കാരില്‍ ഒരു വിഭാഗം. ജീവിതത്തെയും ജീവിത പ്രശ്‌നങ്ങളെയും സമഗ്രമായി നോക്കിക്കാണുന്ന പൊതുകാഴ്ചപ്പാടുകള്‍ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്നു. വിവിധ ശാസ്ത്രങ്ങളിലും തൊഴിലുകളിലും പ്രാവീണ്യമുള്ള  'ഒറ്റക്കണ്ണന്‍ വിദഗ്ധരു'ടെ കളിപ്പാവ മാത്രമാണ് ഇന്നത്തെ മനുഷ്യന്‍. ഒരു ഊര്‍ജതന്ത്രജ്ഞന്‍, ഊര്‍ജതന്ത്രത്തിന്റെ ബലത്തില്‍ മാത്രം പ്രപഞ്ചത്തിന്റെ സമസ്യകളുടെ കുരുക്കഴിക്കാമെന്ന് വിചാരിക്കുകയാണ്. ഒരാളുടെ വിഷയം മനഃശാസ്ത്രമാണെങ്കില്‍, മനഃശാസ്ത്ര നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു ജീവിത തത്ത്വശാസ്ത്രം തന്നെ അയാള്‍ നിര്‍മിച്ചെടുക്കുന്നു. ലൈംഗികതയാണ് പഠനവിഷയമെങ്കില്‍, ലൈംഗിക വികാരങ്ങള്‍ക്ക് ചുറ്റുമായിരിക്കും മനുഷ്യജീവിതം കറങ്ങുന്നത്. ദൈവം എന്ന ആശയം പോലും മനുഷ്യ മനസ്സിലേക്ക് കടന്നത് സെക്‌സിലൂടെയാണെന്ന് ഈ വിദഗ്ധന്‍ തട്ടിവിടും. ഇതുപോലെ, സാമ്പത്തിക പഠനങ്ങളില്‍ അഭിരമിക്കുന്നവര്‍ മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നം സാമ്പത്തിക പ്രശ്‌നമാണെന്നും ബാക്കി പ്രശ്‌നങ്ങളൊക്കെ അതില്‍ നിന്ന് പൊട്ടിമുളക്കുന്നവയാണെന്നും സമര്‍ഥിക്കാന്‍ ശ്രമിക്കുകയാണ്.
സത്യത്തില്‍, ഈ പ്രശ്‌നങ്ങളെയെല്ലാം ഒന്നിച്ച് വെക്കുകയും അവയെ ഒരേ കേന്ദ്രത്തിലേക്ക് ചേര്‍ക്കപ്പെടുന്ന വിവിധ ശാഖകളായി കാണുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഓരോ ശാഖക്കും അതിന്റേതായ പ്രസക്തിയും പ്രാധാന്യവുമുണ്ട്. പക്ഷേ, അതൊക്കെയും ഒരേ അസ്തിത്വത്തിന്റെ, ഏകകത്തിന്റെ ഭാഗമെന്ന നിലയില്‍ മാത്രമാണ്. മനുഷ്യന് ഒരു ജൈവശരീരമുണ്ട്. ജൈവിക നിയമങ്ങള്‍ക്ക് അത് വിധേയവുമാണ്. ആ നിലക്ക് മനുഷ്യന്‍ ജീവശാസ്ത്രത്തില്‍ ഒരു പഠന വിഷയമാണ്. പക്ഷേ, മനുഷ്യന് ഒരു ജൈവശരീരം മാത്രമല്ല ഉള്ളത്. അത് മാത്രമായിരുന്നെങ്കില്‍ അവന്റെ എല്ലാ പ്രശ്‌നങ്ങളും ജീവശാസ്ത്രപരമായി കൈകാര്യം ചെയ്യാമായിരുന്നു. അവന്റെ ശരീരം ഭൗതിക ശാസ്ത്ര(physics) നിയമങ്ങള്‍ക്കും വിധേയമാണ്. എന്നുവെച്ച് ഭൗതിക ശാസ്ത്രത്തിനകത്ത് വെച്ച് അവന്റെ സകല പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി കാണാമെന്ന് കരുതാന്‍ ന്യായമില്ല. മനുഷ്യന് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഭക്ഷണം, വസ്ത്രം, വീട് ഇതെല്ലാം വേണം. സാമ്പത്തിക വീക്ഷണത്തില്‍ അവ വളരെ സുപ്രധാന കാര്യങ്ങളുമാണ്. പക്ഷേ, തിന്നുകയും വസ്ത്രം ധരിക്കുകയും അഭയകേന്ദ്രം തേടുകയും ചെയ്യുന്ന കേവല സാമ്പത്തിക ജീവിയുമല്ല മനുഷ്യന്‍. അതിനാല്‍ സാമ്പത്തികതയെ മാത്രം ചുറ്റിപ്പറ്റി അവന്റെ ജീവിതവീക്ഷണം കെട്ടിപ്പടുക്കാനാവില്ല. ലൈംഗികതക്ക് മനുഷ്യജീവിതത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രജനനത്തിലൂടെയാണ് തലമുറകളുടെ നിലനില്‍പ് ഉറപ്പ് വരുത്തുന്നത്. എന്നുവെച്ച്, സെക്‌സോളജിസ്റ്റുകള്‍ അവരുടെ നിറം പിടിപ്പിച്ച കണ്ണടയിലൂടെ മനുഷ്യനെ ഒരു പ്രജനന യന്ത്രം മാത്രമായി കാണുന്നത് നമുക്ക് അംഗീകരിക്കാനാവില്ല. മനുഷ്യന് ഒരു മനസ്സുണ്ട്. വികാര വിചാരങ്ങള്‍ ഇളക്കി മറിക്കുന്ന ഒരു മനസ്സ്. ഇവിടെയാണ് മനഃശാസ്ത്ര വിശകലനത്തിന്റെ പ്രസക്തിയും പ്രാധാന്യവും. പക്ഷേ, മനുഷ്യനെ മാനസിക വ്യാപാരങ്ങളിലേക്ക് ചുരുക്കിക്കെട്ടി അവന്റെ ജീവിത തത്ത്വശാസ്ത്രം നമുക്ക് വിശകലനം ചെയ്യാനാവില്ല.
മനുഷ്യന്റെ ഒട്ടുവളരെ ജീവിത വ്യവഹാരങ്ങളെ സ്പര്‍ശിക്കുന്നതാണ് സാമൂഹിക ശാസ്ത്രം. പക്ഷേ, അവനെ സാമൂഹിക ജീവിയെന്ന നിലക്ക് മാത്രം കണ്ട് ഒരു ജീവിത തത്ത്വശാസ്ത്രം ഉരുത്തിരിച്ചെടുക്കുന്നത് വിഡ്ഢിത്തമായിരിക്കും. ചിന്തയും യുക്തിബോധവുമുണ്ട് മനുഷ്യന്. ആ രണ്ട് കഴിവുകളെയും തൃപ്തിപ്പെടുത്തുകയും വേണം. പക്ഷേ, മനുഷ്യന് ഒരു ബൗദ്ധിക ജീവിതം മാത്രമല്ല ഉള്ളത്. യുക്തിചിന്തകള്‍ക്കും ശാസ്ത്രങ്ങള്‍ക്കും മാത്രം അവന്റെ ജീവിതത്തെ നിര്‍വചിക്കാനാവുകയില്ല. മനുഷ്യന്‍ ധാര്‍മികതയും ആധ്യാത്മികതയുമുള്ള ഒരു അസ്തിത്വം കൂടിയാണ്. അതിന്റെ സഹായത്തോടെയാണ് അവന്‍ നന്മതിന്മകളെ വേര്‍തിരിച്ചറിയുന്നത്. യുക്തിയുടെ ഗ്രാഹ്യതക്ക് അപ്പുറമുള്ള യാഥാര്‍ഥ്യങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഈയര്‍ഥത്തില്‍ ആധ്യാത്മിക ശാസ്ത്രശാഖകള്‍ മനുഷ്യ പ്രകൃതത്തില്‍ നിലീനമായ, സുപ്രധാനമായ ആത്മീയ ദാഹത്തെയാണ് ശമിപ്പിക്കുന്നത്. അതേസമയം മനുഷ്യന്‍ അടിതൊട്ട് മുടി വരെ കേവല ആധ്യാത്മിക ജീവിയല്ല. ആധ്യാത്മിക ശാസ്ത്രങ്ങള്‍ കൊണ്ട് മാത്രം അവന് ജീവിതം മുന്നോട്ട് നീക്കാനുമാവില്ല.
ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യന്‍ ഇപ്പറഞ്ഞതെല്ലാമാണ്. അതോടൊപ്പം മറ്റൊരു പ്രധാന വശവും ഇവിടെ ഊന്നിപ്പറയേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന ജീവിതാവസ്ഥകളുള്ളതോടൊപ്പം തന്നെ മനുഷ്യന്‍ പ്രപഞ്ചമെന്ന ഈ മഹാ സംവിധാനത്തിന്റെ ഭാഗവുമാണ്. ഈ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍, രണ്ട് പ്രധാന ചോദ്യങ്ങള്‍ ഉയരുന്നു. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്ത്? പ്രപഞ്ച ഘടനയുടെ ഭാഗമെന്ന നിലക്ക് അവന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്? ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്താനായില്ലെങ്കില്‍, മനുഷ്യന് വേണ്ടി തൃപ്തികരമായ ഒരു ജീവിതക്രമം ആവിഷ്‌കരിക്കുക അസാധ്യമായിത്തീരും. താന്‍ എന്ത് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നും, പ്രപഞ്ചത്തില്‍ തനിക്കുള്ള സ്ഥാനമാനങ്ങള്‍ക്ക് യോജിച്ചതാണോ ആ ലക്ഷ്യങ്ങള്‍ എന്നും നിര്‍ണയിച്ച് കിട്ടേണ്ടതുണ്ട്. ഇപ്പറഞ്ഞ രണ്ട് കാര്യങ്ങള്‍ ജീവിതത്തില്‍ വളരെ മര്‍മപ്രധാനമാണ്. അവയുടെ അടിസ്ഥാനത്തിലായിരിക്കും ഒരു സമ്പൂര്‍ണ ജീവിതവീക്ഷണം തന്നെ രൂപപ്പെടുക. അതിന്റെ അടിസ്ഥാനത്തിലാവും നാം നേരത്തെ പറഞ്ഞ ശാസ്ത്രശാഖകളും ജീവിത വ്യവഹാരങ്ങളുമൊക്കെയും രൂപപ്പെടുക. മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കുന്ന ഒരു ജീവിത പദ്ധതി അതില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരും.
ജീവിതത്തില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍, ആ പ്രശ്‌നത്തെ നിങ്ങള്‍ക്ക് ഇഷ്ടമുള്ള തരത്തില്‍ മുന്‍ ധാരണകളോടെ വരഞ്ഞ ഒരു പ്രത്യേക വൃത്തത്തിനകത്താക്കി പരിശോധിക്കുന്നത് അബദ്ധമാണെന്ന് ഈ വിവരണത്തില്‍ നിന്ന് നിങ്ങള്‍ മനസ്സിലാക്കിയിരിക്കും. മറിച്ച്, വിഷയം നേരെ ചൊവ്വെ മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ മറ്റു പ്രശ്‌നങ്ങളുമായി അതിനെ ബന്ധപ്പെടുത്തി കാണണം. മൊത്തം കാര്യങ്ങളുടെ ക്രമീകരണത്തില്‍ ആ പ്രശ്‌നത്തിന്റെ സ്ഥാനമെവിടെ എന്ന് കണ്ടെത്തി, ഒട്ടും മുന്‍ധാരണകളോ വിവേചനമോ ഇല്ലാതെ വിഷയത്തെ സമീപിക്കണം. നിങ്ങള്‍ക്ക് ജീവിതത്തില്‍ താളപ്പിഴ അനുഭവപ്പെടുമ്പോള്‍ പരിഹാരമായി മൊത്തം പ്രശ്‌നങ്ങളെയും ഒരൊറ്റ പ്രശ്‌നമാക്കി കാണാന്‍ ശ്രമിച്ചാല്‍ അത് കൂടുതല്‍ അപകടകരമായിരിക്കുമെന്ന് മനസ്സിലാക്കുക. താളം തെറ്റല്‍ അപ്പോള്‍ അതീവ ഗുരുതരമാകും. ജീവിതത്തെക്കുറിച്ച അടിസ്ഥാന തത്ത്വശാസ്ത്രം മുതല്‍ ശാഖകളായി പടര്‍ന്ന അതിന്റെ വിശദാംശങ്ങള്‍ വരെ കണിശവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വിധേയമാക്കുക, എന്നിട്ട് തിന്മ തല പൊക്കുന്നത് എവിടെയെന്ന് കണ്ടെത്തുക- ഇതാണ് അന്വേഷണത്തിന്റെ യഥാര്‍ഥ രീതിശാസ്ത്രം.
സാമ്പത്തിക പ്രശ്‌നത്തെ കേവലം സാമ്പത്തിക പ്രശ്‌നമായി ചിലര്‍ ചുരുക്കിക്കാണുന്നു എന്നതാണ് പ്രശ്‌നത്തെ ശരിയായി അപഗ്രഥിക്കുന്നതിന് മുഖ്യ തടസ്സം. ചിലര്‍ സാമ്പത്തികമല്ലാത്ത മറ്റൊരു പ്രശ്‌നത്തെയും കാണുന്നേയില്ല. മറ്റു ചിലര്‍, കേവലം സാമ്പത്തിക അടിത്തറയില്‍ ഒരു ജീവിത തത്ത്വശാസ്ത്രം തന്നെയും പണിതു കളയുന്നു. ധാര്‍മികതയെയും സംസ്‌കാരത്തെയും സമൂഹത്തെയുമെല്ലാം ആ അടിത്തറക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നു. അങ്ങനെ മനുഷ്യനെ മൈതാനത്ത് പച്ചപ്പുല്ല് തിന്നുന്ന ഒരു ജീവിയായി ചുരുക്കുന്നു. ഒരു കാളയുടേതിന് തുല്യമാകും അപ്പോള്‍ മനുഷ്യന്റെ അസ്ഥിത്വം. കാള പുല്ല് തിന്ന് തടിക്കുന്ന പോലെ, മനുഷ്യനും തിന്ന് തടിക്കാനായി ജീവിക്കുന്നു. ഇനി ഈ കേവല സാമ്പത്തിക വീക്ഷണം ധാര്‍മിക, സദാചാര, സാമൂഹിക മേഖലകളെയും മനഃശാസ്ത്രം പോലുള്ള ശാസ്ത്രശാഖകളെയും അടക്കി ഭരിച്ചാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ. ജീവിതത്തിന്റെ സര്‍വ താളങ്ങളും തെറ്റും. കാരണം ഇത്തരം ജീവിത മേഖലകളിലൊന്നും സാമ്പത്തിക ശാസ്ത്രത്തിന് കാര്യമായൊന്നും ചെയ്യാനില്ല. ആ മേഖലകളില്‍ സാമ്പത്തിക ശാസ്ത്രം കടന്നുകയറുമ്പോള്‍ ധാര്‍മികതയും ആത്മീയതയും, ഭൗതികതയായും സ്വാര്‍ഥ ചിന്തയായും പരിവര്‍ത്തിക്കപ്പെടുന്നു. സാമൂഹിക ബന്ധങ്ങളെ കച്ചവട താല്‍പര്യങ്ങളും ലാഭ ചിന്തയും നിര്‍ണയിക്കാന്‍ തുടങ്ങുന്നു. സാമ്പത്തിക ജീവി എന്ന നിലക്ക് മാത്രമായിരിക്കും അപ്പോള്‍ മനഃശാസ്ത്രം മനുഷ്യനെ പഠനവിധേയനാക്കുക. മാനവികതയോട് ഇതിനേക്കാള്‍ വലിയ ഒരനീതി ഇനി ചെയ്യാനുണ്ടോ?
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം