ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറിന്റെ സ്ട്രാറ്റജി മാറുന്നു
വരുംകാലങ്ങളില്‍ പടിഞ്ഞാറ് എങ്ങനെയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സമീപിക്കുക? ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള അവരുടെ സമീപനത്തില്‍ സംശയത്തിന്റെയും ആശയ കുഴപ്പത്തിന്റെയും ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, മാറ്റത്തിന്റെ ഒരു ഘട്ടം നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. അത് പടിഞ്ഞാറന്‍ നയനിലപാടുകളെ ഒരു ചെറിയ കാലത്തേക്കെങ്കിലും വ്യത്യസ്തമാക്കിയേക്കും. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള സമീപനത്തില്‍ പടിഞ്ഞാറിന് സുവ്യക്തവും ദീര്‍ഘ കാലാടിസ്ഥാനത്തിലുമുള്ള ഒരു സ്ട്രാറ്റജി ഇല്ല. പടിഞ്ഞാറന്‍ പോളിസി പ്രധാനമായും ആഗ്രഹിക്കുന്നത്, അറബ് മുസ്‌ലിം മേഖലകളില്‍ അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷണമാണ്. അതവര്‍ ഉറപ്പ് വരുത്തുന്നത് രാഷ്ട്രീയാധിപത്യം പുലര്‍ത്തിയും ഇസ്രയേല്‍ എന്ന അധിനിവേശ രാഷ്ട്രത്തെ സംരക്ഷിച്ചും മേഖലയിലെ അറബ് പ്രഭു-രാജാക്കന്മാരുമായി കൂട്ടുകൂടിയുമാണ്.
എന്തുതന്നെയായിരുന്നാലും, പടിഞ്ഞാറന്‍ വിദേശനയത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനുള്ള ഏറ്റവും അനുയോജ്യമായ വഴികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന നയ നിര്‍മാതാക്കളുടെ നിലപാടുകളിലെ മാറ്റത്തിനനുസരിച്ച് പടിഞ്ഞാറിന്റെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള നയവും മാറിക്കൊണ്ടിരിക്കുകയാണ്. ഇത് തെളിയിക്കുന്നത് പടിഞ്ഞാറ് അവരുടെ വിദേശനയത്തിന്റെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുന്ന, അതിനാല്‍ തന്നെ അനിവാര്യമായും നിയന്ത്രിക്കേണ്ട ഭീഷണിയായി ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.
ജോര്‍ജ് ബുഷ് ജൂനിയറിന്റെ കാലത്ത്, പ്രത്യേകിച്ച് സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണാനന്തരം പടിഞ്ഞാറ് എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും അവരുടെ ഒന്നാമത്തെ ശത്രു എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ പോളിസി വലിയൊരു വിഭാഗം പൊതുജനത്തിനിടയില്‍ വിരോധത്തിന്റെയും വിസമ്മതത്തിന്റെയും സംഘട്ടനത്തിന്റെയും മാനസികാവസ്ഥയാണ് വളര്‍ത്തിയത് എന്ന് വ്യക്തമായി തുടങ്ങിയത് മുതല്‍ പടിഞ്ഞാറ് തീവ്രവാദ-മിതവാദ പ്രസ്ഥാനങ്ങളെ വേര്‍തിരിച്ചു കാണാന്‍ ആരംഭിക്കുകയും അതനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. സാവകാശത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള ഇടപെടലിന് ഇത് കൃത്യമായ ഒരു രൂപം പകര്‍ന്നു നല്‍കുകയുണ്ടായി.
ഇസ്‌ലാമിക പ്രവണതകളുടെ
പുനഃസംഘാടനം
ഇസ്‌ലാമിക പ്രവണതകളുടെ രൂപവത്കരണത്തില്‍ ഒരു പ്രധാന ഘടകമാകാനും അങ്ങനെ രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും ഈ പ്രവണതകളെ സ്വാധീനിക്കാനും തുടക്കം മുതലേ പടിഞ്ഞാറ് ശ്രമിക്കുന്നുണ്ട്. ഇത് ഇസ്‌ലാമിക ലോകത്തിന്റെ ചുറ്റുപാടുകളിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഗതിയിലും കാതലായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. പക്ഷേ, ഈ ഇടപെടലുകള്‍ കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ സ്വാധീനിക്കുക എളുപ്പമല്ലെന്ന് പടിഞ്ഞാറന്‍ നയനിര്‍മാതാക്കള്‍ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് അവര്‍ക്ക് വേണ്ടി പ്രത്യേക സങ്കല്‍പങ്ങളും മാതൃകകളും രൂപകല്‍പന ചെയ്യാന്‍ തുടങ്ങിയത്. ആ പടിഞ്ഞാറന്‍ മാതൃകകളോടുള്ള തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കാന്‍ മുഴുവന്‍ പ്രസ്ഥാനങ്ങളുടെ മേലും അവര്‍ സമ്മര്‍ദം ചെലുത്തി. ഈ ചട്ടക്കൂടില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഒന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ- ഒന്നുകില്‍ സ്വയം പാശ്ചാത്യരുടെ ശത്രുവാണെന്ന് പ്രഖ്യാപിക്കുക, അല്ലെങ്കില്‍ അവരുടെ മിത്രമാണെന്ന് തുറന്നു പറയുക. അറബ് ലോകത്തെ വിവിധ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി വ്യത്യസ്ത മാതൃകകളാണ് അവര്‍ ഉണ്ടാക്കിവെച്ചത്. അവ പടിഞ്ഞാറിന്റെ മിത്രങ്ങള്‍/ ശത്രുക്കള്‍ എന്ന വിഭജനത്തിനകത്ത് തന്നെ വ്യത്യസ്ത തട്ടുകള്‍ രൂപപ്പെടുത്തി.
ഈ പടിഞ്ഞാറന്‍ നയം, മിത്രം/ശത്രു എന്ന സങ്കുചിത വിഭജനത്തില്‍ പരിമിതപ്പെടാതെ വ്യത്യസ്ത മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അവയുടെ പ്രതിനിധാനങ്ങളാണ് താഴെ:
1. ഇസ്‌ലാമിക ശത്രു (Islamic enemy):
അല്‍ഖാഇദ ശൃംഖല, അഫ്ഗാന്‍ താലിബാന്‍, പാകിസ്താന്‍ താലിബാന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. അമേരിക്കയുടെയും പടിഞ്ഞാറിന്റെയും മുഖ്യ ശത്രുക്കളായി കണക്കാക്കപ്പെടുന്ന ഈ വിഭാഗം പടിഞ്ഞാറിന്റെ പിന്തുണയോടെ ബറാക് ഒബാമയുടെ പോളിസിയുടെ ഫലമായാണ് രൂപപ്പെടുന്നത്. എല്ലാ അമേരിക്കന്‍ വിരുദ്ധ സൈനിക സഖ്യങ്ങളും, അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളോട് എതിരിടുന്ന വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ ഭരണകൂടം പാകിസ്താന്‍ താലിബാന്‍ മൂവ്‌മെന്റിനെതിരെ തുടങ്ങിവെച്ച യുദ്ധം ഈ വിഭാഗത്തെ എതിരിടുന്നതിന്റെ ഭാഗമാണ്. സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണവുമായി അതിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ പാകിസ്താന്‍ താലിബാന്‍, അഫ്ഗാന്‍ താലിബാനെയും അല്‍ഖാഇദ ശൃംഖലയെയും പിന്തുണക്കുന്നു എന്ന കാരണത്താലാണ് ഈ പടനീക്കം. ഭാവിയില്‍ ഒരു ആഭ്യന്തര യുദ്ധത്തിന് തന്നെ കാരണമായേക്കാവുന്ന ഈ നീക്കത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഈ യുദ്ധം അമേരിക്കന്‍ സഖ്യ രാജ്യങ്ങളോട് പൊരുതുന്ന അമേരിക്കന്‍ വിരുദ്ധ ജിഹാദി പ്രസ്ഥാനങ്ങള്‍ക്കെതിരായിട്ടാണ് ആരംഭിച്ചിട്ടുള്ളത്. ആയുധമുപയോഗിച്ചും തീവ്രവാദത്തെ പ്രയോജനപ്പെടുത്തിയും പൊരുതുന്ന രണ്ടുതരം ശത്രുക്കളെയാണ് ഇവിടെ വര്‍ഗീകരിക്കുന്നത്. മറ്റുള്ള വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി 'ഇസ്‌ലാമിക ശത്രുക്കളു'ടെ ഈ ഇനം വിപുലപ്പെടുത്താനും സാധ്യതയുണ്ട്.
2. ഇസ്‌ലാമിക വേരുകളുള്ള
മതേതര സഖ്യങ്ങള്‍:
മതേതര സഖ്യത്തിനു കീഴില്‍ രാഷ്ട്രീയ മണ്ഡലം കണ്ടെത്തുന്ന എല്ലാ ഇസ്‌ലാമിക സംഘങ്ങളും വ്യക്തികളും ഉള്‍ക്കൊള്ളുന്നതാണ് ഈ വിഭാഗം. മതേതരത്വമാണ് ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ഏറ്റവും മികച്ച രൂപമെന്ന പടിഞ്ഞാറന്‍ ബോധത്തിലാണ് ഇത് രൂപംകൊള്ളുന്നത്. എന്നാല്‍, പൊതു-രാഷ്ട്രീയ മേഖലകളിലുള്ള ഏത് മതേതര സമീപനവും തങ്ങളുടെ സാംസ്‌കാരിക നൈതിക വ്യതിരിക്തത നിലനിര്‍ത്തുന്നതിന് പകരം പടിഞ്ഞാറന്‍ രാഷ്ട്രീയ ബോധത്തെയാണ് ത്വരപ്പെടുത്തുന്നത്. മോഡേണ്‍ സ്റ്റേറ്റിന്റെ മതേതര മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ യഥാര്‍ഥത്തില്‍ പടിഞ്ഞാറന്‍ രാഷ്ട്രീയ ഉപാധികള്‍ക്കാണ് അടിമപ്പെടുന്നത്. അവിടെ 'സാംസ്‌കാരിക വൈവിധ്യങ്ങള്‍' എന്ന പേരില്‍ പ്രതിഫലിക്കുന്നത് പ്രാദേശിക സാഹചര്യങ്ങള്‍ക്ക് അനുഗുണമായ, എന്നാല്‍ പടിഞ്ഞാറന്‍ രാഷ്ട്രീയ മാതൃകകള്‍ അംഗീകരിക്കുന്ന സാംസ്‌കാരിക നൈതിക വൈവിധ്യങ്ങള്‍ മാത്രമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ മാതൃകകളിലൊന്നാണ് തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (എ.കെ.പി). അത് ഇസ്‌ലാമിസ്റ്റുകളാല്‍ രൂപവത്കരിക്കപ്പെട്ട മതേതര പാര്‍ട്ടിയാണ്. അല്ലെങ്കില്‍ ഇസ്‌ലാമിക പ്രാമാണിക (source of authority) പിന്‍ബലമെന്നതിലുപരി ഇസ്‌ലാമിക വേരുകളുള്ള ഒരു പാര്‍ട്ടിയാണ്. ഇത്തരം പാര്‍ട്ടികളാണ് 'ഇസ്‌ലാമിക ശത്രു' എന്ന വിഭാഗത്തില്‍ നിന്ന് ഭിന്നമായി പടിഞ്ഞാറുമായി സഖ്യം സാധ്യമായ പാര്‍ട്ടികള്‍ക്ക് ഉദാഹരണം.
3. ഭീകരവാദത്തെ എതിരിടുന്ന ഇസ്‌ലാമിസ്റ്റ് സഖ്യം:
മറ്റൊരു ഇസ്‌ലാമിക പാര്‍ട്ടിയെ എതിരിടാന്‍ വേണ്ടി, പ്രത്യേക ഉപാധികളോടു കൂടി പടിഞ്ഞാറ് ഈ വിഭാഗവുമായി സഖ്യത്തിലേര്‍പ്പെടുന്നു. ഇതാണ് സോമാലിയയില്‍ സംഭവിച്ചത്. അവിടെ ഏതാനും മാസങ്ങള്‍ ഭരിച്ച ഇസ്‌ലാമിക് കോര്‍ട്ട് മൂവ്‌മെന്റുമായി അതേ പാതയിലുള്ള മറ്റൊരു പാര്‍ട്ടിക്കെതിരെ പടിഞ്ഞാറ് സഖ്യപ്പെടുകയുണ്ടായി. അതിന്റെ ഫലമായി പടിഞ്ഞാറന്‍ പിന്തുണയുള്ള സോമാലിയന്‍ പ്രസിഡന്റ് ശൈഖ് ശരീഫ് ശൈഖ് അഹ്മദും ഇസ്‌ലാമിക് കോര്‍ട്ട് മൂവ്‌മെന്റിലെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന താഹിര്‍ അവാസും (Tahir Awas) തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങി. ശരീഫ് ശൈഖ് അഹ്മദ് ഒരിക്കലും മതേതരത്വത്തെ പിന്തുണച്ചിരുന്നില്ല. എന്നിട്ടും പടിഞ്ഞാറ് അദ്ദേഹത്തെ പിന്തുണക്കുകയും ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കാന്‍ അനുവദിക്കുകയും ഇസ്‌ലാമിക എതിരാളിക്കെതിരെ പോരാടാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു. ഒരു ഇസ്‌ലാമിക ഭരണകക്ഷിയെയും ഇസ്‌ലാമിക എതിരാളിയെയുമാണ് ഇവിടെ നാം കാണുന്നത്. ഈ പടിഞ്ഞാറന്‍ പോളിസി, ഒരു 'ഭീകരവാദ പ്രസ്ഥാനത്തെ' അവരേക്കാള്‍ മിതവാദികളെന്ന് പടിഞ്ഞാറ് മനസ്സിലാക്കുന്ന മറ്റൊരു സംഘത്തെ കൊണ്ട് നശിപ്പിക്കാനുള്ളതാണ്. അഫ്ഗാനിലെ മുജാഹിദീന്‍ മൂവ്‌മെന്റിനു സംഭവിച്ച അതേ ദാരുണ പര്യവസാനം തന്നെയായിരിക്കും ഇവിടെയും സംഭവിക്കുക. സോവിയറ്റ് യൂനിയന്‍ പിന്‍വാങ്ങിയ ശേഷം ഈ മിലിറ്റന്റ് ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കുകയായിരുന്നല്ലോ. ചില ഉപാധികളോടെ ഇസ്‌ലാമിസ്റ്റുകളെ ഒപ്പം നിര്‍ത്തുന്നതിന് ഉദാഹരണമാണ് ഇറാഖിലെ ഇസ്‌ലാമിക് പാര്‍ട്ടി. അമേരിക്കന്‍ അധിനിവേശക്കാലത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സന്നദ്ധമായതിനാലാണ് ഇസ്‌ലാമിക് പാര്‍ട്ടിക്ക് ഈ ഔദാര്യം.
4. ഇസ്രയേലിനെ അംഗീകരിക്കല്‍ ഉപാധിയായി വരുന്നവ
ഫലസ്ത്വീനിലെയും ലബനാനിലെയും പ്രതിരോധ പ്രസ്ഥാനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഹമാസിന് രാഷ്ട്രീയ ഇടപെടലും അധികാരവും അനുവദിക്കണമെങ്കില്‍ ഇസ്രയേല്‍ അധിനിവേശ രാഷ്ട്രത്തിന്റെ നിലനില്‍പിനെ അംഗീകരിക്കുന്ന പോളിസി അവര്‍ സ്വീകരിക്കണമെന്ന് പടിഞ്ഞാറ് ആവശ്യപ്പെട്ടിരുന്നു. ഹമാസിന്റെയും മുഴുവന്‍ ഫലസ്ത്വീന്‍ ജനതയുടെയും നിലനില്‍പിന്റെ തന്നെ അടിസ്ഥാന ഘടകമായ പ്രതിരോധത്തെ അടിയറവ് പറയിക്കാനുള്ള വിലപേശലാണിത്. അതിനാല്‍ തന്നെ ഇത്തരം വിലപേശലുകളും തന്ത്രങ്ങളും വിജയിക്കാന്‍ പോകുന്നില്ല. കാരണം, ഇവ അംഗീകരിക്കുന്നത് ഹമാസിനും ഹിസ്ബുല്ലക്കും ആത്മഹത്യ ചെയ്യുന്നതിനു തുല്യമാണ്. ഹമാസ് നയരൂപവത്കരണത്തിന്റെ ഈ അടിസ്ഥാന ഘടകങ്ങള്‍ വേണ്ടെന്നുവെക്കുകയാണെങ്കില്‍, ആ പ്രസ്ഥാനം അപ്രത്യക്ഷമാവുകയും വലിയൊരു ശൂന്യത സൃഷ്ടിക്കപ്പെടുകയും ചെയ്യും. മറ്റാരോ ഒക്കെയാവും ആ ശൂന്യത നികത്തുക.
പടിഞ്ഞാറ് വിചാരിക്കുന്നത്, മതേതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ചതെല്ലാം ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കും സംഭവിക്കും എന്നാണ്. ആ ധാരണ വലിയൊരു മണ്ടത്തരം മാത്രമാണ്. എന്തെന്നാല്‍, മതേതര പോരാട്ട പ്രസ്ഥാനങ്ങള്‍ക്ക് അവരുടെ നിലപാടുകളും അടിത്തറ തന്നെയും എളുപ്പത്തില്‍ മാറ്റിപ്പണിയാന്‍ സാധിക്കും. കാരണം, ആ പ്രസ്ഥാനങ്ങളുടെ അടിത്തറ കേവലം രാഷ്ട്രീയ കാഴ്ചപ്പാടുകളാണ്. എന്നാല്‍, ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ മതകീയവും സാംസ്‌കാരികവുമായ അടിത്തറകളില്‍ കെട്ടിപടുക്കപ്പെട്ടതാണ്. അതൊരിക്കലും ജനതക്ക് നിയന്ത്രിക്കാനോ മാറ്റാനോ സാധിക്കുകയില്ല. അതിനാല്‍ തന്നെ, ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറന്‍ നയം ദൂഷിത വലയത്തില്‍ പെട്ട് അങ്ങുമിങ്ങും കറങ്ങിക്കൊണ്ടിരിക്കുകയേ ഉള്ളൂ. ഇരു വിഭാഗവും തമ്മില്‍ സംഭാഷണങ്ങള്‍ നടക്കുമെങ്കിലും, ധാരണകളിലെത്താനുള്ള സാധ്യതകള്‍ കുറവായിരിക്കും. എന്നിരുന്നാലും ഈ സംഭാഷണങ്ങള്‍ താല്‍ക്കാലികമായ ചില ധാരണകള്‍ക്ക് വഴിയൊരുക്കിയേക്കും. ഇത്തരം സംഭാഷണങ്ങള്‍ തുടരുന്നത് സാവകാശത്തില്‍ അവരുടെ സമീപനങ്ങളെ മൃദുലപ്പെടുത്തിയേക്കാം എന്ന പ്രതീക്ഷ ബാക്കിവെക്കുന്നുണ്ട്. അത് വലിയ മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നും.
5. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടവര്‍
ഈ വിഭാഗത്തില്‍ പെട്ട പ്രസ്ഥാനങ്ങള്‍ക്ക് ഉദാഹരണമാണ് അറബ് മുസ്‌ലിം രാജ്യങ്ങളില്‍, പ്രത്യേകിച്ച് ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ്. അവിടെ ഒരു ഇസ്‌ലാമിക പ്രസ്ഥാനവും അധികാരത്തിലെത്തുന്നത് പടിഞ്ഞാറ് ഇഷ്ടപ്പെടുന്നില്ല. ഇസ്‌ലാമികമായ പ്രതലമുള്ള ഏത് ഇസ്‌ലാമിക പ്രസ്ഥാനത്തിനും പടിഞ്ഞാറുമായി സഖ്യത്തിലേര്‍പ്പെടുന്നത് സ്വീകാര്യവുമല്ല. പക്ഷേ, പടിഞ്ഞാറ് ഒരിക്കലും ഇസ്‌ലാമിക പാര്‍ട്ടികളോട് പൂര്‍ണ സംഘട്ടനത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഒരു നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ, മതേതരവത്കരിക്കപ്പെടാന്‍ സാധ്യമല്ലാത്ത മുസ്‌ലിം ബ്രദര്‍ഹുഡ്, ഇസ്രയേല്‍ അധിനിവേശ രാഷ്ട്രം നിയമാനുസൃത അസ്തിത്വമല്ലെന്ന അതിന്റെ നിലപാട് മാറ്റാന്‍ തയാറാവാത്തേടത്തോളം അവരോടുള്ള പടിഞ്ഞാറിന്റെ നിലപാട് ഇതു തന്നെയായി തുടരും. മുസ്‌ലിം ബ്രദര്‍ഹുഡ് ഐക്യ ഫലസ്ത്വീന്‍ എന്ന വിശാല സങ്കല്‍പവും മുന്നോട്ട് വെക്കുന്നുണ്ട്. സംഘട്ടനത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നതിന് പകരം, അത്തരം പ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കാനിടയുള്ള പുറം അധികാരങ്ങള്‍ നിയന്ത്രിക്കുക എന്നതായിരിക്കും അപ്പോള്‍ പടിഞ്ഞാറിന്റെ നയം. അങ്ങനെയാണ് അധികാരത്തിലെത്തുന്നത് തടയുന്ന നയം രൂപപ്പെടുന്നത്. എന്നാല്‍, ഒരു അനിവാര്യത എന്ന നിലക്ക് അത്തരം പ്രസ്ഥാനങ്ങളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു.
മുകളില്‍ പരാമര്‍ശിച്ചതനുസരിച്ച്, സായുധ ശത്രു, മതേതരത്വത്തോട് സഖ്യപ്പെടുന്നവര്‍, ഇസ്‌ലാമിക തീവ്രവാദത്തെ എതിരിടുന്ന താല്‍ക്കാലിക മിതവാദ സഖ്യങ്ങള്‍, സമീപനം മാറ്റണമെന്ന് ആഗ്രഹിക്കുന്ന ഇസ്‌ലാമിക പ്രതിരോധ ശക്തികള്‍, മതേതരവത്കരിക്കാന്‍ കൂട്ടാക്കാത്തതിനാല്‍ അധികാരത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട ഇസ്‌ലാമിസ്റ്റുകള്‍ എന്നിങ്ങനെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ തരം തിരിക്കാം. എന്നാല്‍, വളരെ പ്രധാനപ്പട്ട ഒരു കാര്യം ഈ തരംതിരിവിനോ സങ്കല്‍പത്തിനോ യാതൊരു അടിസ്ഥാനവുമില്ല എന്നതാണ്. സമയാനുസൃതം ഇത് മാറിക്കൊണ്ടിരിക്കും. അതോടൊപ്പം ഈ പോളിസി, ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുകയും അവരില്‍ മതേതരത്വത്തെ അംഗീകരിക്കുന്നവര്‍ക്ക് ഒരു രാഷ്ട്രീയ കക്ഷി എന്ന അര്‍ഥത്തില്‍ അധികാരം നല്‍കാമെന്ന് പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ ആധിപത്യത്തോടും സഖ്യ രാഷ്ട്രങ്ങളോടും പോരാടുന്നവര്‍ക്കെതിരെ സൈനിക സഹായം നല്‍കുക എന്നതും ആ പോളിസിയുടെ ഭാഗമാണ്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍, പ്രസ്ഥാനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നത സൃഷ്ടിക്കാനും അത് സംഘട്ടനത്തിലേക്ക് വഴിമാറാനും കാരണമാക്കിയേക്കും. അങ്ങനെ ഇത്തരം പ്രസ്ഥാനങ്ങള്‍ അവരറിയാതെ തന്നെ പടിഞ്ഞാറിനു വേണ്ടി പരസ്പരം യുദ്ധം ചെയ്യുന്നവരായി മാറുന്നു.
പടിഞ്ഞാറിന് ഏറ്റവും സങ്കീര്‍ണമായത് ഫലസ്ത്വീനിലെ പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള സംഭാഷണം തന്നെയായിരിക്കും; പ്രത്യേകിച്ച് ഹമാസുമായി. ഈ സംഭാഷണങ്ങളുടെ ലക്ഷ്യം ഒരു ജൂത രാഷ്ട്രമെന്ന നിലയില്‍ ഇസ്രയേലിനെ അവരെക്കൊണ്ട് അംഗീകരിപ്പിക്കുക എന്നതാണ്. അതിക്രമം, ഭീകരത എന്നൊക്കെ പേര് വിളിച്ച് ഈ പ്രതിരോധത്തെ തകര്‍ക്കലും പടിഞ്ഞാറിന്റെ ലക്ഷ്യമാണ്. അതിനാല്‍ തന്നെ ഈ പ്രതിരോധ പ്രസ്ഥാനങ്ങളുമായുള്ള സംഭാഷണ ഫലങ്ങളാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള പടിഞ്ഞാറന്‍ സമീപനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഏറ്റവും സുപ്രധാന ഘടകം. അതൊരുപക്ഷേ, ഇവരോടുള്ള പടിഞ്ഞാറന്‍ നയങ്ങളെ തന്നെ തിരുത്തിക്കാന്‍ ഇടയാക്കുകയും ചെയ്‌തേക്കും.
വിവ: കെ.ടി ഹാഫിസ്
Comments