Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

ഖദ്ദാഫിയുടെ വീഡിയോ പുറത്തുവിടുന്നത് അര്‍റഅ്യ് ചാനല്‍ മാറ്റിവെച്ചു

സ്ഥാനചലനം സംഭവിച്ച ലിബിയന്‍ പ്രസിഡന്റ് മുഅമ്മര്‍ അല്‍ഖദ്ദാഫിയുടെ വീഡിയോ പ്രക്ഷേപണം പുറത്തുവിടുന്നത് സിറിയന്‍ ചാനലായ അര്‍റഅ്യ്  മാറ്റിവെച്ചു. തുടര്‍ച്ചയായി ഓഡിയോ റെക്കോര്‍ഡുകള്‍ പുറത്തുവിട്ട അര്‍റഅ്യ് സുരക്ഷാ കാരണങ്ങളാലാണ് വീഡിയോ പ്രക്ഷേപണം ചെയ്യാതിരിക്കുന്നതെന്ന് ചാനല്‍ ഉടമ മശ്ആന്‍ അല്‍ജബൂരി പറഞ്ഞു. ലിബിയയില്‍ നിന്ന് തന്റെ അനുകൂലികളായ പോരാളികളോടൊപ്പം നിന്ന് റെക്കോര്‍ഡ് ചെയ്ത ഖദ്ദാഫിയുടെ വീഡിയോ ചിത്രങ്ങളാണ് അര്‍റഅ്യിന് ലഭിച്ചിരിക്കുന്നത്. ഖദ്ദാഫി രാജ്യം വിട്ടിട്ടുണ്ടെന്ന പ്രചാരണത്തിനും ഇത് മറുപടിയായിത്തീരും. എന്നാല്‍ ഇതിന്റെ പ്രക്ഷേപണം നീട്ടിവെക്കാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാണ്. അതേസമയം ഖദ്ദാഫിയുടെ കുടുംബത്തിലും അടുത്ത വൃത്തത്തിലുമുള്ള 32 പേര്‍ ഇതിനകം നൈജറിലേക്ക് കടന്നിട്ടുണ്ടെന്ന് ചാനല്‍ സ്ഥിരീകരിച്ചു.

സെപ്റ്റംബര്‍ 11ന് ശേഷം അമേരിക്കയില്‍ വര്‍ഷത്തില്‍ 20,000 പേര്‍ഇസ്ലാം ആശ്ളേഷിക്കുന്നു
2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയില്‍ ഇസ്ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് അമേരിക്കന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന വര്‍ഷത്തില്‍ മാത്രം 34,000 പേരാണ് ഇസ്ലാമിലേക്ക് കടന്നുവന്നത്. തുടര്‍ വര്‍ഷങ്ങളിലും ഇത് ആവര്‍ത്തിച്ചു. വര്‍ഷത്തില്‍ ശരാശരി 20,000 എന്ന കണക്കില്‍ ഇസ്ലാം സ്വീകരിക്കുന്നവരില്‍ 80 ശതമാനവും സ്ത്രീകളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം സെപ്റ്റംബര്‍ 11 സംഭവത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ അമേരിക്ക മനഃപൂര്‍വം മറച്ചുവെക്കുകയാണെന്ന് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍ ജൂലിയാറ്റോ  കുറ്റപ്പെടുത്തി. ആക്രമണത്തില്‍ പങ്കെടുത്തവരുടെ പൌരത്വം, പാസ്പോര്‍ട്ടുകള്‍ എന്നിവയില്‍ ദുരൂഹതയുള്ളത് പോലെ ആസൂത്രകനെന്ന് അമേരിക്ക വിശേഷിപ്പിക്കുന്ന ഉസാമ ബിന്‍ ലാദന്റെ കൊലയിലും ദുരൂഹത അവശേഷിക്കുന്നുണ്ടെന്ന് ജൂലിയാറ്റോ പറഞ്ഞു.

ഉര്‍ദുഗാന്‍ അറബ് ലീഗില്‍
പൊതുജന താല്‍പര്യം അവഗണിക്കരുത്

തുര്‍ക്കി പ്രധാനമന്ത്രി റജബ് തയ്യിബ് ഉര്‍ദുഗാന്‍ അറബ് ലീഗിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. അറബ് വസന്തം നടന്ന രാജ്യങ്ങളിലെ പര്യടനത്തിന്റെ തുടക്കമായാണ് ഉര്‍ദുഗാന്‍ കയ്റോവിലെത്തിയത്. ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബുമായുള്ള കൂടിക്കാഴ്ചയോടെയാണ് രണ്ട് ദിവസത്തെ ഈജിപ്ത് പര്യടനം ആരംഭിച്ചത്. തുനീഷ്യ, ലിബിയ എന്നീ രാജ്യങ്ങളും ഉര്‍ദുഗാന്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ പര്യടനത്തിന്റെ ഭാഗമായുള്ള ഗസ്സ സന്ദര്‍ശനം അവസാന സമയം മാറ്റിവെച്ചു. വിമാനത്താവളത്തില്‍ വന്‍ ജനാവലിയാണ് ഉര്‍ദുഗാനെ സ്വീകരിക്കാന്‍ തടിച്ചുകൂടിയത്. ഒരു വിദേശ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ പൌരസ്വീകരണമാണ് തുര്‍ക്കി പ്രധാനമന്ത്രിക്ക് കെയ്റോ വിമാനത്താവളത്തില്‍ ലഭിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്വാതന്ത്യ്രം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവയായിരിക്കണം നമ്മുടെ ഏകീകരിച്ച ചിഹ്നമെന്നും പൊതുജന താല്‍പര്യത്തിന് വിരുദ്ധമായി നീങ്ങാനോ പൊതുജന വികാരം അടിച്ചമര്‍ത്താനോ പാടില്ലെന്നും അറബ് ലീഗിനെ അഭിസംബോധന ചെയ്ത് ഉര്‍ദുഗാന്‍ പറഞ്ഞു.


ഗസ്സയിലേക്ക് സഹായമെത്തിക്കുന്ന കപ്പലുകള്‍ക്ക് തുര്‍ക്കി സംരക്ഷണം നല്‍കും
ദീര്‍ഘകാലമായി ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന ഫലസ്ത്വീനിലെ ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കുന്ന കപ്പലുകള്‍ക്ക് തുര്‍ക്കി നാവിക സേന സംരക്ഷണം നല്‍കും. മൂന്ന് കപ്പലുകള്‍ ഇതിനായി തുര്‍ക്കി സജ്ജമാക്കിയിട്ടുണ്ടെന്ന് 'അസ്സബാഹ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. മധ്യധരണ്യാഴിയില്‍ ക്യാമ്പ് ചെയ്യുന്ന കപ്പലുകള്‍ ആവശ്യമാണെങ്കില്‍ സഹായവുമായെത്തുന്ന കപ്പലുകളെ അനുഗമിക്കുകയും ചെയ്യും. ഇസ്രയേല്‍ കപ്പലുകളുടെ 100 മീറ്റര്‍ സമീപത്ത് എത്തുന്ന തുര്‍ക്കി കപ്പലുകള്‍ക്ക് ഇസ്രയേല്‍ കപ്പലിന്റെ കമ്യൂണിക്കേഷന്‍ സംവിധാനം തടയാനും സാധിക്കും.

ജോര്‍ദാനിലെ എംബസി അടച്ചേക്കുമെന്ന് ഇസ്രായേലിന് ആശങ്ക
തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ട ഇസ്രയേല്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ജോര്‍ദാനില്‍ നിന്ന് സമാന സമീപനമുണ്ടായേക്കുമെന്ന് ആശങ്ക. ഇസ്തംബൂളിലെ വന്‍സംഘം നയതന്ത്ര പ്രതിനിധികളെ തുര്‍ക്കി തിരിച്ചയക്കുകയും ആക്രമണ ഭീഷണി കാരണം കെയ്റോയിലെ എംബസി അടച്ചുപൂട്ടേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് സയണിസ്റ് രാജ്യത്തിന് ഈ ആശങ്ക. ജോര്‍ദാനിലെ പൊതുജന വികാരം മാനിച്ച് അബ്ദുല്ല രാജാവ് സമാന നിലപാട് സ്വീകരിച്ചേക്കുമോ എന്നവര്‍ ഭയപ്പെടുന്നു. ഈജിപ്ത് കഴിഞ്ഞാല്‍ കൂടുതല്‍ നയതന്ത്ര പ്രതിനിധികളുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന എംബസിയാണ് അമ്മാനിലേത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം