Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

അര വര്‍ഷം പിന്നിട്ട സിറിയന്‍ വിപ്ളവം

അസ്ഹര്‍ പുള്ളിയില്‍

അധികാരത്തിന്റെ ഉരുക്കുമുഷ്ടിയില്‍ അമര്‍ന്ന് കൊല്ലപ്പെട്ടവര്‍ 3000, പരിക്കേറ്റവര്‍ 30,000, അകാരണമായി തടവിലാക്കപ്പെട്ടവര്‍ 15,000, വിവിധ അയല്‍ രാജ്യങ്ങളില്‍ അഭയം തേടിയവര്‍ പതിനായിരങ്ങള്‍, കാണാതായവരുടെ കണക്ക് ലഭ്യമല്ല... അറബ് വസന്തത്തിന്റെ ഭാഗമായി മാര്‍ച്ച് 15ന് ആരംഭിച്ച വിപ്ളവത്തിന്റെ രണചരിതം രചിക്കുന്ന സിറിയയുടെ ഏകദേശ ചിത്രമാണിത്.
നിരായുധരായി വിപ്ളവം നയിച്ച പൌരന്മാരുടെ രക്തം തളംകെട്ടി നില്‍ക്കുന്ന ദമസ്കസ് നഗരിയില്‍ വെച്ചാണ് അറബ് ഏകാധിപതികളിലെ ചെറുപ്പക്കാരനായ ബശ്ശാറുല്‍ അസദ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 11ന് തന്റെ 46ാം ജന്മദിനം ആഘോഷിച്ചത്. സൈനികരാല്‍ കൊല്ലപ്പെട്ട തന്റെ കൊച്ചുമകളുടെ ഉടുപ്പാണ് ബശ്ശാറിന് പിറന്നാള്‍ സമ്മാനമായി നല്‍കാനുള്ളതെന്നാണ് സിറിയന്‍ പൌരന്മാരിലൊരാള്‍ പറഞ്ഞത്. കുട്ടികള്‍, സ്ത്രീകള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതര്‍, ഭരണത്തില്‍ നിന്നും സൈന്യത്തില്‍ നിന്നും വേര്‍പിരിഞ്ഞവര്‍ തുടങ്ങി ആരെ കൊല്ലുന്നതിലും സൈനികര്‍ക്ക് ഒരു വിവേചനവുമില്ല. 'ലൈലതുല്‍ ഖദ്ര്‍' പ്രാര്‍ഥനക്കിടെ റിഫാഇ പള്ളി ആക്രമിച്ച് ഇമാമും പ്രമുഖ പണ്ഡിതനുമായ ഉസാമ അര്‍രിഫാഇയെ പരിക്കേല്‍പിച്ചതും അന്താരാഷ്ട്ര ബഹുമതികള്‍ ലഭിച്ച പ്രമുഖ കാര്‍ട്ടൂണിസ്റ് അലി ഫര്‍സാതിന്റെ കരങ്ങള്‍ തല്ലിച്ചതച്ചതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. റബ്ബര്‍ ബുള്ളറ്റുകള്‍ക്ക് പകരം വെടിയുണ്ട കൊണ്ട് വിപ്ളവകാരികളെ നേരിട്ടതും പവിത്ര റമദാനില്‍ പള്ളി മിനാരങ്ങള്‍ തകര്‍ത്തതും ഫലസ്ത്വീന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിച്ചതും സിറിയന്‍ ഭരണാധികാരിയെ സയണിസ്റ് തലവനേക്കാള്‍ ക്രൂരനായി ചിത്രീകരിക്കാന്‍ കാരണമായിട്ടുണ്ട്. തടവുകാരുടെ നഗ്നശരീരത്തില്‍ കത്തികൊണ്ട് 'ബശ്ശാര്‍' എന്നെഴുതിയതും 'ലാ ഇലാഹ ഇല്ലാ ബശ്ശാര്‍' എന്നുച്ചരിക്കാന്‍ നിര്‍ബന്ധിച്ചതും സിറിയന്‍ സൈനികരാണ്.
വിപ്ളവ വിജയത്തിലൂടെ പൊതുജന താല്‍പര്യത്തിലേക്കും ജനാധിപത്യത്തിലേക്കും വഴിനടന്ന തുനീഷ്യ, ഈജിപ്ത്, ലിബിയ എന്നീ രാജ്യങ്ങളില്‍നിന്ന് വ്യത്യസ്തമായി രക്തം ചിന്തലിന്റെ ചരിത്രമാണ് സിറിയക്കുള്ളത്. ഭരണത്തിലുള്ള ശീഈ അലവി വിഭാഗത്തിന്റെ ക്രൂരതയുടെയും നരബലിയുടെയും വാര്‍ത്തകളാണ് സിറിയയില്‍ നിന്ന് ദിനംപ്രതി പുറത്തുവരുന്നത്. വിവിധ ശീഈ വിഭാഗങ്ങളായ അലവി, ഇസ്മാഈലി, ദുറൂസ് എന്നിവര്‍ ജനസംഖ്യയുടെ 16 ശതമാനം മാത്രമാണ്. പത്ത് ശതമാനം ക്രിസ്ത്യാനികളും. എന്നാല്‍ ന്യൂനപക്ഷമായ അലവികളാണ് 84 ശതമാനം വരുന്ന സുന്നികളെ അടക്കിഭരിക്കുന്നത്. അലവി ശീഈകള്‍ക്ക് സൈന്യത്തിലുള്ള മേധാവിത്വമാണ് സിറിയന്‍ വിപ്ളവത്തിന് ഏറ്റവും വലിയ തിരിച്ചടി. വിപ്ളവം വിജയിച്ച രാജ്യങ്ങളിലുണ്ടായ പോലെ സൈന്യത്തില്‍ നിന്ന് വിപ്ളവകാരികളിലേക്കുള്ള ചുവടുമാറ്റം സംഭവിക്കാതിരിക്കുന്നതും ഈ വിഭാഗീയത കാരണം തന്നെ. ഭരണം അസദ് കുടുംബത്തില്‍ നിന്ന് ജനാധിപത്യ രീതിയനുസരിച്ച് ഭൂരിപക്ഷ താല്‍പര്യത്തിലേക്ക് വഴി മാറുമ്പോള്‍ ശീഈ മേധാവിത്വം നഷ്ടപ്പെടുമെന്ന ആശങ്കയാണ് വിപ്ളവത്തെ വെടിയുണ്ടകൊണ്ട് നേരിടാന്‍ സൈന്യത്തെ പ്രേരിപ്പിക്കുന്നത്. 1982ല്‍ ഭൂരിപക്ഷ പിന്തുണയോടെ വിപ്ളവം നയിച്ച ഇഖ്വാനുല്‍ മുസ്ലിമൂന്റെ നീക്കത്തെ അര ലക്ഷത്തിലധികം പേരെ ചോരയില്‍ മുക്കിക്കൊന്ന സമീപചരിത്രം ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
ശീഈ ചായ്വ് കാരണം ഇറാന്റെ അകമഴിഞ്ഞ പിന്തുണ ഭരണകൂടത്തിനും സൈന്യത്തിനും അര്‍ധസൈനിക വിഭാഗമായ 'ശബീഹ'ക്കും ലഭിച്ചുകൊണ്ടിരിക്കുന്നു. അറബ് ലോകത്ത് കമ്യൂണിസത്തിന്റെ വിത്ത് പാകിയ ഹാഫിളുല്‍ അസദിനോടും പിന്‍ഗാമികളോടുമുള്ള വിധേയത്വമാണ് കിരാത നടപടികളെ അപലപിക്കാതിരിക്കാനും യു.എന്‍ രക്ഷാസമിതിയില്‍ സിറിയക്കെതിരെ നടപടിയെടുക്കുന്നതിനെ വീറ്റോ ചെയ്യാനും റഷ്യയെ പ്രേരിപ്പിക്കുന്നത്. റഷ്യന്‍, ഇറാന്‍ പിന്തുണയാണ് ഒരര്‍ഥത്തില്‍ സിറിയയില്‍ വിദേശ ഇടപെടല്‍ വൈകിക്കുന്നത്. ലിബിയയില്‍ നിന്ന് വ്യത്യസ്തമായി നിരായുധരായാണ് വിപ്ളവകാരികള്‍ സമരം നയിക്കുന്നത് എന്നത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമാകുന്നു.
ജനങ്ങളെ ഈ വിധത്തില്‍ കൊന്നൊടുക്കുന്നത് മനുഷ്യരെന്ന നിലക്ക് ഉള്‍ക്കൊള്ളാനാവില്ലെന്നാണ് സെപ്റ്റംബര്‍ 13ന് കെയ്റോവില്‍ ചേര്‍ന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രി ഹമദ് അല്‍ജാസിര്‍ പ്രതികരിച്ചത്. പ്രശ്നപരിഹാര ശ്രമവുമായി സിറിയ സന്ദര്‍ശിച്ച, ബശ്ശാറുല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കളെല്ലാം (അറബ് സെക്രട്ടറി ജനറല്‍ നബീല്‍ അറബി ഉള്‍പ്പെടെ) ഭരണ തലത്തിലെ പരിഷ്കരണത്തിന് നിര്‍ദേശിക്കുക വഴി ബശ്ശാറിന് കൂടുതല്‍ സമയം അനുവദിക്കുകയല്ലാതെ പ്രശ്നത്തിന്റെ മര്‍മം തൊട്ടറിഞ്ഞിട്ടില്ലെന്നാണ് സിറിയന്‍ വിപ്ളവകാരികളുടെ പരാതി. അറബ് ലീഗില്‍ സന്ദര്‍ശകനായി പ്രസംഗിച്ച തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും സ്വാതന്ത്യ്രം, ജനാധിപത്യം, പൌരാവകാശം എന്ന ലക്ഷ്യത്തെക്കുറിച്ചല്ലാതെ സിറിയയുടെ പേരെടുത്ത് അപലപിച്ചില്ല എന്നതിലുമുണ്ട് സിറിയന്‍ വിപ്ളവകാരികള്‍ക്ക് പ്രതിഷേധം. അറബികളില്‍ നിന്നുണ്ടാവുന്നില്ലെങ്കില്‍ അന്താരാഷ്ട്ര, വിദേശ ശക്തികളുടെ ഇടപെടല്‍ (സൈനിക ഇടപെടല്‍ ഉള്‍പ്പെടെ) അനിവാര്യമാണെന്നാണ് വിപ്ളവകാരികള്‍ വാദിക്കുന്നത്.
സുഊദി ഭരണാധികാരി അബ്ദുല്ല രാജാവ് സിറിയയെ അപലപിച്ചു നടത്തിയ പ്രസ്താവന ഗള്‍ഫ് സഹകരണ കൌണ്‍സില്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരും അക്ഷരംപ്രതി ആവര്‍ത്തിച്ചതും തുര്‍ക്കിയുടെ തുറന്ന നിലപാടും സിറിയക്കാര്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. സിറിയയില്‍ സ്വാധീനം നഷ്ടപ്പെടുമെന്ന് ഉറപ്പായ ഇറാന്‍, ഇറാഖില്‍ കൂടുതല്‍ പിടിമുറുക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നതും നയംമാറ്റത്തിന്റെ സൂചനയാണ്. ശീഈ, സുന്നി, ക്രിസ്ത്യന്‍ വിഭാഗീയത ആളിക്കത്തിക്കാനാണ് ബശ്ശാറിന്റെ അവസാന നീക്കം. എന്നാല്‍ ഈ നീക്കത്തെ വിപ്ളവകാരികളും രാജ്യത്തിന് പുറത്തുള്ള സിറിയന്‍ നേതാക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനഹിതം മാനിക്കാന്‍ ബശ്ശാര്‍ സന്നദ്ധമാവണമെന്ന് ഇറാനും, ശിക്ഷാനടപടികള്‍ ഒഴികെയുള്ള നീക്കത്തോട് യോജിക്കാമെന്ന് റഷ്യയും പ്രഖ്യാപിച്ചത് യൂറോപ്യന്‍ യൂനിയനും അമേരിക്കയും പ്രഖ്യാപിച്ച നടപടികളും അവസാന ദിവസങ്ങളില്‍ വന്ന നയംമാറ്റമായി വിലയിരുത്താമെങ്കില്‍ ഏറ്റവും കൂടുതല്‍ വിപ്ളവകാരികളുടെ ജീവന്‍ നല്‍കി പരിവര്‍ത്തനത്തിന് വേണ്ടി പോരാടിയ സിറിയയും വരാനുള്ള ശൈത്യത്തിന് മുമ്പ് വസന്തത്തിലേക്ക് കാലെടുത്തുവെക്കുമെന്ന് പ്രതീക്ഷിക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം