Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് സ്വരചേര്‍ച്ചയില്ലാത്ത നിലപാടുകള്‍

ഡോ. ദാവൂദ് അബ്ദുല്ല

പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെ മിഡിലീസ്റ്റ് നയത്തില്‍ ചില സ്വരചേര്‍ച്ചയില്ലായ്മകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. ലിബിയയിലെ സായുധ ഇടപെടല്‍ അതിനെ കൂടുതല്‍ വ്യക്തമായി ഉയര്‍ത്തി കാണിക്കുകയുണ്ടായി. നാറ്റോ നേതൃത്വത്തിലുള്ള ഉപരോധത്തിന് അമേരിക്ക കേവലം പരിമിതമായ സഹായം മാത്രമാണ് നല്‍കിയത്. എന്നാല്‍, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ്, ഈയിടെ പ്രതിരോധ ബജറ്റ് കുറച്ചതിന്റെ പേരില്‍ യൂറോപ്പിനെ വിമര്‍ശിക്കുകയും ചെയ്തു. ലിബിയയുടെ വിഷയത്തില്‍ മാത്രമല്ല ഈ സ്വരചേര്‍ച്ചയില്ലായ്മ; മിഡിലീസ്റ്റ് വിഷയത്തിലുമുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി അമേരിക്ക കുറച്ചു കൂടി പ്രായോഗികമായ സമീപനം പുലര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, ബ്രിട്ടന്‍ പഴയ കടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.
ഏറെകാലത്തെ വിദ്വേഷാധിഷ്ഠിത സമീപനത്തിന് ശേഷം, ഒബാമ ഭരണകൂടം ഇപ്പോള്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായും അതിന്റെ കണ്ണികളുമായും സംഭാഷണത്തിലേര്‍പ്പെടാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിലൊന്നില്‍ 'ബാഡ് ബസ്റ്റി'ലെ സംസാരത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍, കഴിഞ്ഞ അഞ്ച്-ആറ് വര്‍ഷമായി പരിമിതമായ ബന്ധമാണ് മുസ്‌ലിം ബ്രദര്‍ഹുഡുമായി പുലര്‍ത്തിയതെന്നും മേഖലയിലെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ തുറവുള്ള സംഭാഷണങ്ങള്‍  അമേരിക്ക ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കുകയുണ്ടായി. അത്തരം ഒരു ബന്ധം തുനീഷ്യയിലെ 'അന്നഹ്ദ' പാര്‍ട്ടിയുമായി അവര്‍ രൂപപ്പെടുത്തുന്നുണ്ട്.
ഈജിപ്തിലെ ബ്രദര്‍ഹുഡിന്റെ കാര്യത്തില്‍ സൂക്ഷ്മാര്‍ഥത്തിലുള്ള ഈ ദിശാമാറ്റം കാണുമ്പോള്‍ തന്നെ, ഫലസ്ത്വീന്‍ വിഷയത്തില്‍ അത് സംഭവിക്കുന്നില്ല. അവിടെ അമേരിക്ക ഇരട്ടത്താപ്പ് നയമാണ് പിന്തുടരുന്നത്. ഒരു പക്ഷേ, അതിന് രണ്ട് കാരണങ്ങളുണ്ടായേക്കാം. ഒന്നുകില്‍ അമേരിക്കന്‍ നയത്തിലുള്ള ഇസ്രയേല്‍ അനുകൂല ലോബിയുടെ സ്വാധീനമാകാം. അല്ലെങ്കില്‍ ഹമാസുമായുള്ള ചര്‍ച്ചകള്‍ക്ക് പെന്റഗണിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തടയിടുകയാവാം.
ബുഷ് ഭരണകൂടത്തിന്റെ കാലത്ത് അമേരിക്ക ഹമാസിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും സൈനികമായി പരാജയപ്പെടുത്താനുമാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, 2006-'07 കാലഘട്ടത്തില്‍ ഈ നയം പരാജയപ്പെടുകയും ഹമാസ്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യുകയും ചെയ്തു. പിന്നെ ഗസ്സയിലെ ആ ഭരണകൂടത്തെ അട്ടിമറിക്കാനാണ് അമേരിക്ക ശ്രമിച്ചത്. എന്നാല്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍, നശിപ്പിക്കാനോ അവഗണിക്കാനോ ആവാത്ത ശക്തിയായാണ് ഹമാസിനെ പരിഗണിച്ചിരുന്നതെന്ന് സെന്‍ട്രല്‍ കമാന്റ് തലവന്‍ ജനറല്‍ ഡേവിഡ് പെട്രോസ് 2010 ജനുവരിയിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊട്ടടുത്ത മാസം തന്നെ അമേരിക്കന്‍ വിദേശകാര്യ വക്താവായ റേച്ചല്‍ ഷില്ലര്‍, ഹമാസ് വക്താവ് ഉസാമ ഹംദാന്റെ കൂടെ ദോഹയില്‍ അല്‍ജസീറ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക്ക് സ്റ്റഡീസിന്റെ ഒരു വേദിയില്‍ ഒന്നിച്ചു പ്രത്യക്ഷപ്പെടുകയുണ്ടായി.
മിഡിലീസ്റ്റില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ ബ്രിട്ടീഷ്-അമേരിക്കന്‍ നിലപാടുകളിലെ സ്വരചേര്‍ച്ചയില്ലായ്മ മറനീക്കി പുറത്തുകൊണ്ടുവന്നു. ബ്രിട്ടീഷുകാര്‍ പ്രായോഗിക നിലപാടിന്റെ പേരില്‍ ലോക പ്രശസ്തരാണെങ്കിലും, നിലവിലെ ഭരണകൂടം ആദര്‍ശ ശാഠ്യത്താല്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള നിലപാടില്‍ പരാജയപ്പെടുകയാണ്. ബ്രിട്ടീഷ് സഖ്യഭരണകൂടത്തില്‍ തന്നെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ട്. ഒന്ന്, പ്രധാനമന്ത്രി കാമറൂണിന്റെ മേല്‍ നിര്‍ണായക സ്വാധീനമുള്ള, ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നവ യാഥാസ്ഥിതികര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനും ലിബറല്‍ ഡെമോക്രാറ്റിക് നേതാക്കളും ഉള്‍ക്കൊള്ളുന്ന മറ്റൊരു ധാരയാണ് രണ്ടാമത്തേത്. ബ്രിട്ടന്റെ പുതിയ ഭീകരവിരുദ്ധ പോളിസികള്‍ രൂപപ്പെടുന്നത് ഈ ധാരകള്‍ക്കിടയിലാണ്. നവയാഥാസ്ഥിതികരെ സംബന്ധിച്ചേടത്തോളം അവര്‍ പാന്‍ ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളായി പരിഗണിക്കുന്ന ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സ്വാധീനത്തെ ദുര്‍ബലപ്പെടുത്തുക എന്നത് വളരെ സുപ്രധാനമാണ്. ഈയൊരു 'ആദര്‍ശ' ഭാരം കൊണ്ടാണ്, മുബാറക്കിന്റെ പതനാനന്തരം ഈജിപ്ത് സന്ദര്‍ശിച്ച ഡേവിഡ് കാമറൂണ്‍ ബ്രദര്‍ഹുഡ് പ്രതിനിധികളെ കാണാന്‍ വിസമ്മതിച്ചത്. ഈജിപ്തിലെ പുതിയ ജനാധിപത്യ മാറ്റങ്ങള്‍ക്ക് പിന്നിലെ വലിയൊരു ശക്തിയായ ബ്രദര്‍ഹുഡുമായി അടുക്കാനുള്ള അവസരമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി. വലിയൊരു തെറ്റിദ്ധാരണയെയും തെറ്റായ വായനയെയുമാണ് ഇത് സൂചിപ്പിക്കുന്നത്. കാമറൂണും അദ്ദേഹത്തിന്റെ നവയാഥാസ്ഥിതിക സഖ്യവും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഈജിപ്ഷ്യന്‍ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ സംഘമായി മുസ്‌ലിം ബ്രദര്‍ഹുഡ് നിലനില്‍ക്കുക തന്നെ ചെയ്യും.
തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയൊഴികെ, മേഖലയിലെ മുഴുവന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും കടുത്ത വെറുപ്പും വിദ്വേഷവുമാണ് ബ്രിട്ടീഷ് ഗവണ്‍മെന്റിന്. ഇസ്രയേലിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നേതാവായ ശൈഖ് റാഇദ് സ്വലാഹിന്റെ അറസ്റ്റും തടവും ബ്രിട്ടീഷ് നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഫത്ഹ്-ഹമാസ് ഐക്യകരാര്‍ ഒപ്പ് വെക്കുന്ന സന്ദര്‍ഭത്തില്‍ ചില യൂറോപ്യന്‍ നേതാക്കളും നയതന്ത്രജ്ഞരും ഹമാസുമായി നല്ല നിലയിലുള്ള സഹവാസം ആവശ്യപ്പെടുകയുണ്ടായി. അതിനു വേണ്ടി അവര്‍ യൂറോപ്യന്‍ യൂനിയന്നും പ്രസിഡന്റ് ബറാക് ഒബാമക്കും തുറന്ന കത്തെഴുതുകയുണ്ടായി. ഹമാസിനെ അവഗണിച്ചുകൊണ്ട് മേഖലയില്‍ യാതൊരു സമാധാന പ്രവര്‍ത്തനവും സാധ്യമാവില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. ഇനിയും പടിഞ്ഞാറ് ഈ നിലപാട് തുടരുകയാണെങ്കില്‍, മേഖലയിലെ പ്രത്യേകിച്ച് ഫലസ്ത്വീനിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ഇനിയും ബ്രിട്ടീഷ് ഭരണകൂടം ഇസ്രയേല്‍ അനുകൂല ലോബിയുടെ ഉപജാപങ്ങള്‍ക്ക് വശംവദരാവുകയാണെങ്കില്‍, ബ്രിട്ടന്റെ അന്താരാഷ്ട്ര പ്രതിഛായക്കും താല്‍പര്യങ്ങള്‍ക്കും മിഡിലീസ്റ്റിലും മുസ്‌ലിം ലോകത്തും അത് വലിയ ആഘാതമേല്‍പിക്കും. കാമറൂണിനും സഹയാത്രികര്‍ക്കും ഇനിയെങ്കിലും, തങ്ങള്‍ കുരങ്ങ് കളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കണം.
മിഡിലീസ്റ്റില്‍ ഉയരുന്ന പ്രധാന മുദ്രാവാക്യങ്ങളില്‍ ഒന്ന്, 'മാറുക, അല്ലെങ്കില്‍ മാറ്റപ്പെടുക' (change or be changed) എന്നതാണ്. മേഖലയിലെ ജനങ്ങള്‍ ഇനിയും പടിഞ്ഞാറ് തങ്ങളുടെ നയങ്ങള്‍ മാറ്റുന്നതും നോക്കി കാത്തിരിക്കുകയില്ല.  അവര്‍ പുതിയൊരു ജീവിതക്രമം കെട്ടിപ്പടുക്കുന്ന സുപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുന്ന പുതുശക്തികളാണ്. അവര്‍ക്ക് അവരുടെ രാജ്യങ്ങളുടെ വളര്‍ച്ചയിലെ യഥാര്‍ഥ പങ്കാളികളെ കണ്ടെത്താന്‍ സാധിക്കുകതന്നെ ചെയ്യും. ചരിത്രവും നീതിയും എപ്പോഴും ജനപക്ഷത്തായിരിക്കുമെന്ന് ഓര്‍ക്കുക.
(മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്റെ വക്താവാണ് ലേഖകന്‍. ലണ്ടനില്‍ സ്ഥിരതാമസം)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം