ഖുര്‍ആന്‍ ക്ളാസ്
ഇന്ന് നമുക്ക് അറിയുന്ന രീതിയിലുള്ളതായിരുന്നില്ല അന്നത്തെ ഖുര്‍ആന്‍ ക്ളാസ്. ഇന്ന് പ്രചാരത്തിലുള്ളത് രണ്ട് വിധത്തിലാണ്. ഒന്ന്, ഒരു പരിപാടിയോടനുബന്ധിച്ച് ഒരാള്‍ ഖുര്‍ആനിന്റെ ഒരുഭാഗം ഓതും. ഏതെങ്കിലുമൊരു തര്‍ജമ, ജീവന്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലാതെ വായിക്കും. അങ്ങനെയൊരു ചടങ്ങാണ് അത്. രണ്ട്, ഒരു ദിവസത്തെയോ മറ്റോ യോഗം ആരംഭിക്കുമ്പോള്‍ ആമുഖമായി ഒരു ഖുര്‍ആന്‍ ക്ളാസ് ഉണ്ടാകും. ഇതു രണ്ടുമല്ല ഇവിടെ പറയുന്നത്.
അക്കാലത്ത്, പരിപാടികളിലെ ഒരു മുഖ്യവിഷയം തന്നെ ഖുര്‍ആന്‍ ദര്‍സ് ആയിരിക്കും. 'നാളെ ഹാജിസാഹിബിന്റെ/മൊയ്തുമൌലവിയുടെ/കെ.സിയുടെ ഖുര്‍ആന്‍ ദര്‍സുണ്ട്, നിങ്ങള്‍ വരണം' എന്നു പറഞ്ഞാണ് ആളുകളെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത് തന്നെ. ക്ളാസെടുക്കുന്ന ആള്‍ നന്നായി തയാറെടുത്തിട്ടാണ് വരിക. സന്ദര്‍ഭത്തോട് യോജിക്കുന്ന ഖുര്‍ആനിന്റെ ഒരുഭാഗം അദ്ദേഹം നന്നായി പഠിച്ചിരിക്കും. ഗാംഭീര്യത്തോടെയും സൌന്ദര്യത്തോടെയും അത് സദസില്‍ അവതരിപ്പിക്കുമ്പോള്‍, ദിവ്യമായ അനുഭൂതി, ആത്മീയമായ ഒരു നിര്‍വൃതി ഉണ്ടാകും. അല്ലെങ്കില്‍ വൈജ്ഞാനികമായ ഒരു സംതൃപ്തി ശ്രോതാക്കള്‍ക്ക് ലഭിക്കും. ചിലപ്പോള്‍, ഇസ്ലാമിന്റെ ശ്രദ്ധിക്കപ്പെടാത്ത ഒരു ഭാഗത്തേക്ക് വെളിച്ചം നല്‍കുന്നതായിരിക്കും ക്ളാസ്. ഇതിനെല്ലാം പുറമെ, അവതാരകന്‍ ഒരു നല്ല ഖാരിഅ്(പാരായണ വിദഗ്ധന്‍) കൂടിയാണെങ്കില്‍ അത് വല്ലാത്ത ഒരു ശ്രവണാനുഭവം തന്നെയാകും. ഈ രീതിയിലുള്ള ഖുര്‍ആന്‍ ദര്‍സ്, ദീനിയായ മനഃസംസ്കരണത്തിന് വലിയ ഫലം ചെയ്യുന്നതായിരുന്നു. ഇന്ന് ഇത്തരം ക്ളാസുകള്‍ ഇല്ല. അതൊരു പോരായ്ക തന്നെയാണ്. പുനഃസ്ഥാപിക്കാന്‍ കഴിയേണ്ടതുമാണ്.
പ്രഭാഷണങ്ങള്‍
മതപ്രഭാഷണം, പൊതുപ്രഭാഷണം എന്നിങ്ങനെ രണ്ട് രീതികളിലുള്ള പ്രഭാഷണങ്ങള്‍ അക്കാലത്തുണ്ടായിരുന്നു. ശൈലിഭേദത്തിലും വിഷയനിര്‍ണയത്തിലും രണ്ട് പ്രഭാഷണങ്ങള്‍ക്കും പ്രത്യേകതകള്‍ ഉണ്ടാകും. 'പൊതുപ്രഭാഷണം' എന്നതിന്റെ അര്‍ഥം, പൊതുവിഷയങ്ങളിലുള്ള പ്രഭാഷണം എന്ന് അല്ലേ അല്ല. പൊതുജനങ്ങള്‍ക്ക് കേള്‍ക്കാന്‍ പറ്റുന്ന ഭാഷയിലും ശൈലിയിലും ഇസ്ലാമിനെക്കുറിച്ചും പ്രസ്ഥാനത്തെ കുറിച്ചും നടത്തുന്ന പ്രഭാഷണങ്ങളാണ് പൊതുപ്രഭാഷണങ്ങള്‍. സദസില്‍ ഭൂരിപക്ഷം മുസ്ലിംകളായിരിക്കും. ചെറിയൊരു ശതമാനം അമുസ്ലിം സഹോദരങ്ങളും ഉണ്ടാകും. അമുസ്ലിംകളെ പ്രത്യേകം ക്ഷണിക്കുമായിരുന്നു. ഇസ്ലാമിന്റെ സമ്പൂര്‍ണത അവതരിപ്പിക്കുന്ന, വിവാദങ്ങളിലേക്ക് പോകാത്ത സുന്ദരവും വശ്യമനോഹരവും ഉജ്വല ഗംഭീരവുമായ അവതരണമായിരിക്കും അത്. ഒരു മണിക്കൂര്‍ മുതല്‍ രണ്ടരമണിക്കൂര്‍ വരെ ഈ പ്രഭാഷണങ്ങള്‍ സ്വാഭാവികമാണ്. ചിലപ്പോള്‍, മൂന്ന് മണിക്കൂറിന്റെ അസ്വാഭാവികതയിലേക്ക് നീണ്ടാല്‍, പ്രസംഗം ആകര്‍ഷകമാണെങ്കില്‍ സദസ് കേട്ടിരിക്കും. പുതിയ കാലത്തും ലോകസാഹചര്യങ്ങളിലും ഊന്നിനിന്ന് ജനങ്ങളുടെ അനുഭവത്തിലുള്ള രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സംഭവങ്ങള്‍ ഉദാഹരിച്ചുകൊണ്ട് ഇസ്ലാമിന്റെ പ്രസക്തിയും പ്രാധാന്യവും സത്യതയും സാധുതയും വിവരിക്കുന്നതായിരിക്കും പൊതുപ്രഭാഷണങ്ങള്‍.
മുസ്ലിം സാധാരണക്കാരെയും സ്ത്രീകളെയും വിശ്വാസപരമായ ദൌര്‍ബല്യങ്ങള്‍ ഉള്ളവരെയുമൊക്കെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരിക്കും മതപ്രഭാഷണങ്ങള്‍. തികച്ചും ദീനീ പ്രസംഗം, വഅള് എന്ന് പറയാവുന്നത്. സുന്നികളുടെ വഅ്ളിന്റെ 'ശൈലി' അതിനുണ്ടാവുകയില്ല. ജനങ്ങളേ...... എന്നെല്ലാം നീട്ടി വിളിക്കുന്ന, മൂന്നും നാലും അലിഫിന്റെ ദൈര്‍ഘ്യമുള്ള ഈണം ഉണ്ടാവുകയില്ല. ആ ശൈലിയും താളവും ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹം ഉണ്ട്. താളപ്പിഴ വരുമ്പോഴാണ് പ്രശ്നമാകുന്നത്. താളം അവതാളത്തിലല്ലെങ്കില്‍ ഇന്നും ഹൃദ്യമാണ്.
അത്തരമൊരു ശൈലിയിലല്ലെങ്കിലും നമ്മുടെ മതപ്രഭാഷണങ്ങള്‍ ഹൃദ്യമാകും. അതില്‍ എന്നെപ്പോലുള്ള ആളുകള്‍ക്കല്ല പ്രസക്തിയും ഡിമാന്റും. ശരീര ഭാഷ തന്നെ അതില്‍ വളരെ പ്രധാനമാണ്. ഞാന്‍ പലതില്‍നിന്നും രക്ഷപ്പെടാറുള്ളത് എന്റെ ഈ ചെറിയതാടി കൊണ്ടും മറ്റുമാണ്. മതപ്രഭാഷണ വേദിയില്‍ താടിയുടെ സമൃദ്ധി വളരെ ഫലം ചെയ്യും. അതിനുചേര്‍ന്ന ശരീര ഘടനയും വേഷവും ഭാഷയുമുണ്ടെങ്കില്‍ പ്രസംഗകന്‍ സ്വീകരിക്കപ്പെടും. ഏതു കലക്കും അതിന്റേതായ വേഷവും ഭാഷയുമൊക്കെയുണ്ടല്ലോ. അതെല്ലാം പാലിച്ച് വഅ്ള് നടന്നാല്‍ മുസ്ലിം സമൂഹത്തിന് നല്ല ഒരു ആത്മീയ നിര്‍വൃതി ഉണ്ടാകും. സ്വര്‍ഗം മുന്നില്‍ വന്നതുപോലെ തോന്നും. നരകത്തില്‍നിന്ന് രക്ഷപ്പെടണമെന്ന ചിന്തയുണരും. 'ഞാന്‍ ഇങ്ങനെ നടന്നാല്‍ പോരാ, തീര്‍ത്തും ഇസ്ലാം അനുസരിച്ച് ജീവിക്കണം' എന്നെല്ലാം സദസ്യര്‍ ഉള്ളില്‍തട്ടി ചിന്തിച്ചുപോകും വിധമായിരിക്കും അവതരണം. ഈ ആഗ്രഹം ചിലരൊക്കെ നിലനിര്‍ത്തുകയും ചെയ്യും. ആ വിധത്തില്‍ വഅ്ള് പരമ്പരകള്‍ വലിയ വിജയമായിരുന്നു.
പൊതുപ്രഭാഷണ രംഗത്ത് പ്രസ്ഥാനത്തിനു കേരളത്തിലെ ഒന്നാം നിര പ്രസംഗകര്‍ എന്ന് അംഗീകരിക്കപ്പെട്ട വ്യക്തികളുണ്ടായിരുന്നു. ജമാഅത്ത് പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല അവരുടെ ശ്രോതാക്കള്‍. അനുഭാവികളും കൂടെയുള്ളവരും മാത്രവുമായിരുന്നില്ല. കേട്ടറിഞ്ഞ് വരുന്ന കടുത്ത വിരോധികളും ആസ്വാദകരും ഉണ്ടായിരുന്നു. എവിടെനിന്നോ ഒരു പ്രസംഗം കേട്ടവര്‍, പിന്നീട് അദ്ദേഹത്തിന്റെ പ്രസംഗം ഉണ്ടെന്ന് അറിയുമ്പോള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു വരുമായിരുന്നു. ചിലര്‍ വഴിക്ക് യാദൃഛികമായി പ്രഭാഷണം കേട്ട് അങ്ങനെ നിന്നുപോകുന്നവരായിരിക്കും.
ഹാജി സാഹിബ്, ടി.കെ, കെ.എന്‍ മുതലായവരായിരുന്നു പൊതുപ്രഭാഷകരില്‍ മുന്‍നിരയില്‍. വഅ്ള് പരമ്പരയില്‍ ഒന്നാം സ്ഥാനത്ത് ഇസ്സുദ്ദീന്‍ മൌലവിയായിരുന്നു. അദ്ദേഹത്തിന്റെ മേഖല തന്നെ അതായിരുന്നു. കെ. മൊയ്തുമൌലവി, മുഹമ്മദ് മൌലവി പൊന്‍മള, എ.കെ അബ്ദുല്‍ഖാദര്‍ മൌലവി, കെ. അബ്ദുസ്സലാം മൌലവി തുടങ്ങിയവരായിരുന്നു മറ്റുള്ളവര്‍. പുതിയ തലമുറക്ക് ഒട്ടും അറിയാത്ത, അബ്ദുപ്പു മൌലവിയും ഉണ്ടായിരുന്നു. മര്‍ഹൂം കെ.ടി അബ്ദുര്‍റഹീം സാഹിബിന്റെ സഹോദരന്‍ അബ്ദുല്ല മൌലവിയായിരുന്നു, അബ്ദുപ്പു മൌലവി എന്ന് അറിയപ്പെട്ടിരുന്നത്. ആര്‍ജവമുള്ള വ്യക്തിത്വത്തിന്റെയും ആകര്‍ഷകമായ പ്രസംഗത്തിന്റെയും ഉടമയായിരുന്നു അദ്ദേഹം. മതപ്രഭാഷണത്തിലെന്നപോലെ പൊതുപ്രഭാഷണത്തിലും തിളങ്ങിനിന്ന വ്യക്തിത്വം. തെക്കന്‍ കേരളത്തിന്റെ നല്ല ഒരു ശൈലി ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഹാജിസാഹിബിനെ പോലെ അകാലത്തില്‍ പൊലിഞ്ഞുപോയി അബ്ദുപ്പു മൌലവിയും.
കേരളത്തിലുടനീളം വലിയ ചലനങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പ്രഭാഷണങ്ങള്‍. അസൂയയോടെയും അഭിമാനത്തോടെയും അവ ശ്രദ്ധിക്കപ്പെടാറുണ്ടായിരുന്നു. പ്രതീക്ഷക്ക് മുകളില്‍ പ്രസംഗം നന്നാവുകയോ, വിജയിക്കുകയോ ചെയ്താല്‍ അഹങ്കാരമില്ലാത്ത അഭിമാനം തോന്നുകയും വിനയത്തിന്റെ കണ്ണുനീര്‍ വരികയും ചെയ്യുമായിരുന്നു. ഈ രംഗത്ത് ഒട്ടേറെ അനുഭവങ്ങളുണ്ടെങ്കിലും ഉദാഹരണത്തിന് രണ്ടെണ്ണം മാത്രം ഇവിടെ കുറിക്കാം.
'പരലോകം' എന്ന വിഷയത്തില്‍ കോഴിക്കോട് കുറ്റിച്ചിറയില്‍ ഞാനൊരു റമദാന്‍ പ്രഭാഷണം നടത്തുകയുണ്ടായി. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം കാണും. അത് തയാറാക്കാന്‍, മലയാളത്തില്‍ ഇതുവരെ വന്നിട്ടില്ലാത്ത വഹീദുദ്ദീന്‍ഖാന്റെ ഒരു പുസ്തകം കൂടുതല്‍ സഹായകമായി. 'ദൌറെ ജദീദ് കാ ചാലഞ്ച്' (പുതിയ കാലത്തിന്റെ വെല്ലുവിളി) എന്നാണ് പുസ്തകത്തിന്റെ പേര് (വഹീദുദ്ദീന്‍ ഖാന്റെ പണ്ഡിതനായ മകന്‍ സഫറുല്‍ ഇസ്ലാം ഖാന്‍, 'അല്‍ ഇസ്ലാമു യതഹദ്ദാ' എന്ന പേരില്‍ അത് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്). ഒട്ടേറെ ശാസ്ത്ര ഉദ്ധരണികള്‍ പ്രസ്തുത പുസ്തകത്തില്‍ ഉണ്ടായിരുന്നു. അന്ന് ആ പുസ്തകം മറ്റാരും വായിച്ചിട്ടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. അതില്‍നിന്ന് ആകര്‍ഷകമായ കുറേ ശാസ്ത്ര ഉദ്ധരണികളും അനുയോജ്യമായ ഖുര്‍ആന്‍ ആയത്തുകളും സമന്വയിപ്പിച്ച് ശ്രദ്ധിക്കപ്പെടാവുന്ന ശൈലിയും കൂടിയായപ്പോള്‍ പ്രസംഗം ഒരു സംഭവമായി മാറുകയായിരുന്നു. ഒരു 'ലോകൈക'വിമര്‍ശകന്‍ അതിന്റെ ശ്രോതാവായിരുന്നു. ദീര്‍ഘകാലം പാകിസ്താനിലായിരുന്നു അദ്ദേഹം. ഉര്‍ദുഭാഷ നന്നായി അറിയുന്ന അദ്ദേഹം മൌദൂദി സാഹിബിന്റെ പോലും വിമര്‍ശകനുമായിരുന്നു. 'ഞാനൊരു നിശബ്ദ ചിന്തകന്‍' എന്നാണ് തന്നെപ്പറ്റി പറയുക. അത് കുറെയൊക്കെ ശരിയുമായിരുന്നു. സദസില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ എനിക്ക് ഉള്ളില്‍ പേടിയായിരുന്നു; ഞാന്‍ എത്ര നന്നായി പ്രസംഗിച്ചിട്ടെന്താണ്? അതെല്ലാം ഇദ്ദേഹം പൊളിക്കുമല്ലോ എന്നായിരുന്നു ആശങ്ക. പക്ഷേ പ്രസംഗം കഴിഞ്ഞ ശേഷം അദ്ദേഹം ചില ആളുകളോട് പറഞ്ഞതായി അറിഞ്ഞു: "ഇത് വിമര്‍ശിക്കേണ്ട പ്രസംഗങ്ങളുടെ ലിസ്റില്‍ ഞാന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതൊരു പ്രസംഗം തന്നെയാണ്.'' പെരിങ്ങാടി പി.പി അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പിതാവാണ് അദ്ദേഹം.
മറ്റൊരു അനുഭവം വടകര ട്രെയിനിംഗ് സ്കൂളിലെ നബിദിന പ്രഭാഷണമാണ്. എല്ലാ മതാചാര്യന്മാരുടെയും ജന്മദിന പ്രഭാഷണം സ്ഥാപനം നടത്തിവരാറുണ്ടായിരുന്നു. ആ വര്‍ഷത്തെ നബിദിന പ്രഭാഷണത്തിന് ഞാനാണ് ക്ഷണിക്കപ്പെട്ടത്. യുവ പ്രായമായിരുന്നു. പരിപാടി ആരംഭിക്കേണ്ട കൃത്യസമയത്താണ് ഞാന്‍ എത്തിച്ചേര്‍ന്നത്. സ്റേജില്‍ കയറി ഇരുന്നതേയുള്ളൂ. ദേശീയഗാനം ആലപിക്കുകയായി. സദസ് ഒന്നടങ്കം എഴുന്നേറ്റു നിന്നു. ഞാന്‍ മാത്രം ഇരുന്ന ഇരിപ്പില്‍! ആ പ്രായത്തില്‍ അതിന്റെ ഗൌരവം അത്രത്തോളം ചിന്തയില്‍ വന്നില്ല. ഗാനാലാപനം കഴിഞ്ഞതും ഭാഗ്യത്തിന് സെക്രട്ടറി എന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചു. മുക്കാല്‍ മണിക്കൂര്‍ നേരത്തെ പ്രഭാഷണത്തിന്റെ ഒഴുക്കില്‍ സംഭവം സദസ് മറന്നു. പ്രസംഗാനന്തരമുള്ള പ്രതികരണം എന്നെ അത് നല്ലപോലെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഈ ഗണത്തില്‍ പെടുത്താവുന്ന ഒട്ടേറെ അനുഭവങ്ങള്‍ ആ കാലത്തെ നമ്മുടെ പ്രഭാഷണ സാഹിത്യത്തില്‍ ഉണ്ട്. അത്തരം പ്രഭാഷണങ്ങളില്‍ ഒന്നു പോലും റെക്കോര്‍ഡ് ചെയ്യപ്പെട്ടില്ല എന്നത് കാലത്തിന്റെ പരിമിതിയാകാം. അപവാദമായി ഓര്‍ക്കുന്നത് കെ.എന്‍ അബ്ദുല്ല മൌലവി പൊന്നാനിയില്‍ നടത്തിയ ഒരു നബിദിന പ്രഭാഷണം മാത്രമാണ്. അതിപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമാണ്.
മതപ്രഭാഷണ രംഗത്ത് വി.കെ ഇസ്സുദ്ദീന്‍ മൌലവി കേരളത്തെ പിടിച്ചടക്കിയ പ്രഭാഷകനായിരുന്നു. അബ്ദുസ്സലാം മൌലവിയുടെയും മൊയ്തുമൌലവിയുടെയും പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചിന്തിച്ചുപോകും, പ്രസംഗമാണോ നല്ലത്, അതല്ല ഖുര്‍ആന്‍ ഓതുന്നതോ? അവര്‍ പ്രസംഗമധ്യേ ഖുര്‍ആന്‍ ഓതുമ്പോള്‍ അതങ്ങനെ കേട്ട്, ആസ്വദിച്ച് നിന്നുപോകും. പ്രസംഗമാകട്ടെ നല്ല മധുരമുള്ള അനുഭവമായിരുന്നു. ടി. മുഹമ്മദ് സാഹിബ് വഅ്ള് പറയുന്നയാളല്ലെങ്കിലും നല്ല ഖുര്‍ആന്‍ പാരായണത്തിന്റെ ഉടമയായിരുന്നു. ചില യോഗങ്ങളില്‍ അദ്ദേഹത്തെ 'അര്‍റഹ്മാന്‍' ഓതാന്‍ ഏല്‍പിക്കും. അതിന് സദസിനെ പിടിച്ചിരുത്താന്‍ കഴിയുമായിരുന്നു.
ജമാഅത്ത് പ്രഭാഷണങ്ങളുടെ ഒരു പ്രത്യേകത, മറ്റു ചില മതപ്രഭാഷകരെപ്പോലെ, പ്രസംഗത്തിന് കൈമടക്ക് വാങ്ങുമായിരുന്നില്ല എന്നതാണ്. അതൊരു വാശികൂടിയായിരുന്നു. യാത്രാ ചെലവ് പോലും വാങ്ങാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അന്ന് കേരളത്തിലെ മതപ്രഭാഷണ രംഗത്ത് പല തമാശകളും നടന്നിരുന്നു. ചില പ്രഭാഷകര്‍ യാത്രക്ക് ട്രെയിനില്‍ ഫസ്റ് ക്ളാസ് ടിക്കറ്റിന്റെ കാശ് സംഘാടകരോട് വാങ്ങും. തേര്‍ഡ് ക്ളാസില്‍ യാത്ര ചെയ്യും! ഇത് ആളുകള്‍ മനസിലാക്കുകയും കളിയാക്കുകയും ചെയ്യും!
മറ്റൊരു അനുഭവം കൂടുതല്‍ രസകരമാണ്. പ്രസംഗാനന്തരം കിട്ടിയ സംഖ്യ പോരാഞ്ഞ് മതപണ്ഡിതന്‍ രോഷത്തോടെ ഭാരവാഹികള്‍ക്ക് തിരിച്ചുനല്‍കി. കൂടുതല്‍ കനപ്പെട്ട സംഖ്യയാകും മുസ്ലിയാര്‍ അവര്‍കള്‍ പ്രതീക്ഷിച്ചിരിക്കുക. ആ പണം പിന്നീടൊരിക്കലും പ്രസംഗകന് തിരിച്ചു കിട്ടിയില്ലെന്നാണ് അറിവ്. ഇന്നിപ്പോള്‍ മതപ്രഭാഷണത്തിനും പ്രഭാഷണ സി.ഡികള്‍ക്കും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന ആത്മീയ കച്ചവടകാലത്ത് ഇതൊക്കെ നിസാരകാര്യങ്ങള്‍! ഇത്തരമൊരു സാഹചര്യത്തില്‍ യാത്രാ ചെലവ് പോലും വാങ്ങാതെ പ്രസംഗിക്കാന്‍ പോകുന്നത് മരമണ്ടത്തരം!
സ്റഡി സര്‍ക്ള്‍
കാലം ചെയ്തുപോയ ഒരു 'കലാവേദി'യാണ് 'ഇസ്ലാമിക് സ്റഡി സര്‍ക്ളുകള്‍.' കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന സ്റഡി സര്‍ക്ളുകള്‍ പ്രാദേശികമായി പ്രായോഗികതയുള്ള ഒരു ആശയമായിരുന്നു. അതിന്ന് സംസ്ഥാന തലത്തിലോ ജില്ലാ തലങ്ങളിലോ നേതൃത്വ ഘടന ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശിക ഘടകങ്ങള്‍ക്കായിരിക്കും സ്റഡി സര്‍ക്കിളുകളുടെ മേല്‍നോട്ടം. വായനാശീലവും ചിന്താശേഷിയുമുള്ളവര്‍, കവികള്‍, കഥാകൃത്തുക്കള്‍ തുടങ്ങി ഓരോ പ്രദേശത്തെയും സര്‍ഗവാസനയുള്ളവരെ സഹകരിപ്പിച്ചു കൊണ്ടായിരിക്കും സ്റഡി സര്‍ക്ള്‍ പ്രവര്‍ത്തിക്കുക. തങ്ങളുടെ സര്‍ഗ സാഹിത്യാഭിരുചികള്‍ പ്രകാശിപ്പിക്കാന്‍ വേദികള്‍ കിട്ടുക വലിയ കാര്യമായിരുന്നതിനാല്‍ സ്റഡി സര്‍ക്ളുകളില്‍ അവര്‍ താല്‍പര്യത്തോടെ പങ്കെടുക്കുമായിരുന്നു. ചിലരൊക്കെ അതുവഴി വളര്‍ന്നുവരികയും ചെയ്തു. കലാവാസനയുള്ളവര്‍ക്ക് ഇസ്ലാമിക സംസ്കാരത്തോട് സമരസപ്പെട്ടു വളരാനുള്ള അവസരം ഇതുവഴി ഒരുങ്ങി. വൈജ്ഞാനിക വളര്‍ച്ചക്കും ബുദ്ധിപരമായ ഉയര്‍ച്ചക്കും ഇസ്ലാമിക് സ്റഡിസര്‍ക്ളുകള്‍ വഴി തുറന്നു. എഴുത്തിനും പ്രസംഗത്തിനും പുതിയ ഊര്‍ജവും ഉന്മേഷവും ലഭിച്ചു. സംഭവങ്ങളെയും വിഷയങ്ങളെയും മുന്‍നിറുത്തിയുള്ള നല്ല ചര്‍ച്ചകളും നടക്കുമായിരുന്നു. ബുദ്ധിജീവി എന്ന പേരില്‍ സ്റഡിസര്‍ക്ളില്‍ ഉള്‍പ്പെട്ട പലരും, സത്യത്തില്‍ വലിയ ബുദ്ധിജീവിയൊന്നുമാകില്ല. പക്ഷേ, അയാള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരവും ആദരവുമാണ് അത്. ആളുകളില്‍ വലിയ അളവില്‍ അത് സ്വാധീനം ചെലുത്തുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുമായിരുന്നു.
ആദരവ്, മനുഷ്യന്‍ ആഗ്രഹിക്കുന്നതാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് അത് നല്‍കണം. അതിന്റെ തെറ്റായ വശത്തെയാണ് ഇസ്ലാം എതിര്‍ക്കുന്നത്. ഏതുകാര്യത്തിലുള്ള അതിരുകവിച്ചിലിനെയും ഇസ്ലാം എതിര്‍ക്കുന്നു. ഓരോരുത്തര്‍ക്കും, അവരവരുടെ വ്യക്തിത്വത്തിന് അംഗീകാരം ലഭിക്കുമ്പോഴാണ്, പ്രവര്‍ത്തന ശേഷിയും ആത്മവിശ്വാസവും വളരുന്നത്. 'ഞാന്‍' എന്ന വ്യക്തിത്വം അഹങ്കാരത്തിലേക്കും പൊങ്ങച്ചത്തിലേക്കും പോകുമ്പോള്‍ അത് അതിര്‍ത്തി ലംഘനമായി മാറുന്നു. 'ഇസ്ലാമിക് സ്റഡി സര്‍ക്ളുകള്‍' വ്യക്തികളെ വളര്‍ത്തുന്നതിലും അവര്‍ക്ക് അവസരം നല്‍കുന്നതിലും വലിയ പങ്കുവഹിച്ചിരുന്നു. ഇന്ന് പക്ഷേ, ആ സംവിധാനം നിലവിലില്ല. സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പുനരാരംഭിക്കാവുന്ന നല്ലൊരു പ്രവര്‍ത്തന രീതിയാണിതെന്ന് തോന്നുന്നു.
(തുടരും)
Comments