മുന്നില്‍ വെടികൊണ്ട യുവത
1980-ലെ ഭാഷാ സമരം അവലോകനം ചെയ്ത് ആഗസ്റ്റ് 6-ന്റെ പ്രബോധനത്തില്‍ ജമീല്‍ അഹ്മദ് എഴുതിയ ലേഖനം അറബി-ലീഗ് വിരോധത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണ്.
യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന പി.കെ.കെ ബാവ ഒരു സുപ്രഭാതത്തില്‍ അണികളെ കലക്ടറേറ്റിലേക്ക് അയക്കുകയായിരുന്നില്ല. മറിച്ച്, പ്രസ്തുത ഉത്തരവ് പിന്‍വലിക്കാന്‍ വേണ്ടി എന്‍. സൂപ്പിയും മജീദും ബേബിജോണിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ലീഗിലെ 14 എം.എല്‍.എമാരും വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചാക്കീരിയുടെ നേതൃത്വത്തില്‍ കരുവള്ളി മുഹമ്മദ് മൗലവി, പി.കെ അഹ്മദലി മദനി, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവര്‍ ഈ ഉത്തരവിന്റെ അപാകതയെ കുറിച്ച് വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചിരുന്നു. അറബിക്കോളേജ് വിദ്യാര്‍ഥികളും ഇതിനെതിരെ സമരം നടത്തിയിരുന്നു. അന്ന് ഭരണത്തിലുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിന്റെ ഒപ്പമുണ്ടായിരുന്ന മുന്‍ഷീസ് അസോസിയേഷനും സമരമുഖത്തുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാത്ത ഒരു ഘട്ടത്തിലാണ് യൂത്ത് ലീഗ് പിക്കറ്റിംഗിന് ആഹ്വാനം ചെയ്യുന്നത്.
കേരളത്തില്‍ അറബി പഠനം നേരത്തെ നിലവിലുണ്ടെങ്കിലും '67-ല്‍ സി.എച്ച് വിദ്യാഭ്യാസമന്ത്രിയായ ശേഷമാണ് അറബി അധ്യാപകന്‍ ഇന്നത്തെ രൂപത്തില്‍ അംഗീകരിക്കപ്പെട്ടത്. പ്രത്യേക ഫണ്ടില്‍ പണമുണ്ടെങ്കില്‍ മാത്രമേ അറബി അധ്യാപകന് ശമ്പളം ലഭിച്ചിരുന്നുള്ളൂ. അറബി അധ്യാപകന് വേണ്ടി ധര്‍ണയില്‍ വെച്ച് മാത്രമല്ല സി.എച്ച് പ്രസംഗിച്ചത്. നിയമസഭയില്‍ വെച്ചും സംസാരിച്ചിട്ടുണ്ട്.
അറബി അധ്യാപകര്‍ കുട നന്നാക്കുന്നവരും ചെരിപ്പ് കുത്തികളുമാണെന്ന് ആക്ഷേപിച്ചപ്പോള്‍ 'ചൈനയില്‍ മഴ പെയ്താല്‍ ഇന്ത്യയില്‍ കുട പിടിക്കുന്നവരേ, അറബി അധ്യാപകര്‍ നിങ്ങളെപ്പോലെ ചെരിപ്പ് നക്കികളല്ല' എന്ന് മറുപടി കൊടുത്ത പാരമ്പര്യവും സി.എച്ചിനുണ്ട്.
കേരളത്തിലെ അറബിക്കോളേജുകള്‍ക്ക് അംഗീകാരം കൊടുത്തത് ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന സമയത്തായിരുന്നു. പട്ടിക്കാട് ജാമിഅ നൂരിയ അറബിക്കോളേജിന് അംഗീകാരം ലഭിക്കാന്‍ സി.എച്ചും ബാഫക്കി തങ്ങളും ശ്രമിച്ചെങ്കിലും പണ്ഡിതന്മാരുടെ അതൃപ്തി മൂലം ഒഴിവാക്കുകയാണുണ്ടായത്. അറബി ഭാഷക്ക് വേണ്ടി ലീഗ് ചെയ്ത സേവനം ഇതിന്റെ ചരിത്രമറിയാവുന്ന ഏവര്‍ക്കുമറിയാം. ഈ ഭാഷ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ലീഗിനുണ്ട്. ആ ദൗത്യമാണ് ലീഗ് നിര്‍വഹിച്ചത്.
അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്നീ ഉത്തരവുകള്‍ ഭാഷയുടെ പരിഷ്‌കരണത്തിനു വേണ്ടിയായിരുന്നുവെന്നാണ് ലേഖകന്‍ വാദിക്കുന്നത്. 20x20 അടി വിസ്തീര്‍ണമുള്ള ക്ലാസ് റൂം ഭാഷ പഠിപ്പിക്കാന്‍ വേണമെന്നാണ് ഉത്തരവിലുള്ളത്. അന്ന് 500 രൂപ വേതനം പറ്റുന്ന അറബി മുന്‍ഷിക്ക് ഇത്തരം റൂമുണ്ടാക്കാന്‍ എത്ര മാസത്തെ ശമ്പളംനീക്കിവെക്കേണ്ടിവരും? സ്വകാര്യ മാനേജ്‌മെന്റ് റൂമുണ്ടാക്കാന്‍ തയാറാകുമോ? ഭാഷ പഠിപ്പിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ലേ? കായികാധ്യാപകന് മഴക്കാലത്ത് കളി പരിശീലിപ്പിക്കാന്‍ പറ്റിയ ഹാളുകള്‍ നിലവിലുണ്ടോ? കുട്ടി പഠിക്കേണ്ട ഉപഭാഷയേതെന്ന് രക്ഷിതാവ് അധികൃതകരെ അറിയിക്കണമെന്നല്ല, കുട്ടി മലയാളത്തിനു പകരം അറബി പഠിക്കണമെന്നും മലയാളം പഠിപ്പിക്കേണ്ടതില്ലെന്നും രക്ഷിതാവ് നേരിട്ട് ഹാജരായി രേഖാമൂലം അറിയിക്കണം (കുട്ടിയെ ചേര്‍ക്കാന്‍ രക്ഷിതാവ് നേരിട്ട് ഹാജരാകേണ്ടതില്ല. മൂന്നാം നമ്പര്‍ ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ മതിയായിരുന്നു). മൈസൂര്‍ ടി.സി.എച്ചുകാരെ ഇന്‍സര്‍വീസ് കോഴ്‌സ് കൊടുത്ത് അവരുടെ നിലവാരം മെച്ചപ്പെടുത്തിയിരുന്നു. ഇങ്ങനെ ഭാഷാധ്യാപകരെയും കോഴ്‌സ് കൊടുത്ത് മെച്ചപ്പെടുത്തുന്നതിന് പകരം അതേ വര്‍ഷം വിരമിക്കുന്ന അധ്യാപകര്‍ വരെ എസ്.എസ്.എല്‍.സി പാസ്സാകണമെന്ന നിര്‍ദേശം വെച്ചത് ഭാഷാ പഠനം നിരുത്സാഹപ്പെടുത്താനല്ലാതെ മറ്റെന്തിനാണ്?
അറബി, മുസ്‌ലിംകളുടെ സ്വകാര്യ സ്വത്താണെന്ന് ഏതെങ്കിലും വ്യക്തിയോ സംഘടനയോ വാദിച്ചതായി അറിയില്ല. അറബി അധ്യാപകരില്‍ അമുസ്‌ലിംകളുണ്ടെന്ന് മാത്രമല്ല, അറബിക് സ്‌പെഷ്യല്‍ ഓഫീസര്‍ ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ട ആളായിരുന്നു. മൂന്നു യുവാക്കളെ വെടിയുണ്ടക്ക് നേരെ ഉന്തിക്കൊടുക്കാന്‍ യൂത്ത് ലീഗ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് ലേഖനം വായിച്ചാല്‍ തോന്നിപ്പോവുക. പി.കെ കുഞ്ഞാലിക്കുട്ടി ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിന്റെ വിധി പറഞ്ഞ മഞ്ചേരി കോടതി വാസുദേവ മേനോനും പോലീസുകാരും പ്രഥമ ദൃഷ്ട്യാ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പോലീസുകാരാണ് രംഗം വഷളാക്കിയതെന്ന് ലേഖകനും സമ്മതിക്കുന്നു. ബ്രിട്ടീഷ് വെടിയുണ്ടക്ക് നേരെ വിരിമാറ് കാണിച്ച ഏറനാട്ടിലെ മാപ്പിളമാരുടെ വിശ്വാസവും ധീരതയും അണഞ്ഞുപോയിട്ടില്ലെന്ന സന്ദേശമാണ് ഈ ഭാഷാസമരം നല്‍കുന്നത്.
കലാം ബാലുശ്ശേരി
'ഹൃദ്യം, ആസ്വാദ്യം, ഫലപ്രദം'
ടി.കെയുമായി സദ്‌റുദ്ദീന്‍ വാഴക്കാട് നടത്തുന്ന സംഭാഷണങ്ങളിലൂടെ ഉരുത്തിരിയുന്ന ഒരു കാലത്തിന്റെ വിവരണങ്ങള്‍ അതീവ ഹൃദ്യമായി അനുഭവപ്പെടുന്നു. കേരളീയ മുസ്‌ലിം നവോത്ഥാനത്തിന്റെ സാമൂഹിക പരിണാമത്തിലേക്കും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും ഗതകാലത്തിലേക്കും കടന്നുചെല്ലുന്ന ടി.കെയുടെ ഓര്‍മകള്‍ക്ക് മൂല്യം ഏറെയാണ്. ഫലിത സ്വഭാവമുള്ള പരാമര്‍ശങ്ങളും രസകരമായ അനുഭവങ്ങളും ചേരുമ്പോള്‍ ഈ തിരിഞ്ഞുനോട്ടം വളരെ വേറിട്ട വായനാനുഭവമാണ്. അറിവും ചരിത്രബോധവും ഓര്‍മപ്പെടുത്തലുകളും നടന്നുവന്ന പാതയുടെ അനുഭവങ്ങള്‍ പകരലും ഒന്നിച്ചുചേരുന്ന ഈ പരമ്പര സമീപകാലത്ത് പ്രബോധനം അതിന്റെ വായനക്കാര്‍ക്ക് മുമ്പിലവതരിപ്പിച്ച വിഭവങ്ങളില്‍ ഏറെ ഔന്നത്യം പുലര്‍ത്തുന്നുവെന്ന് ഹൃദയത്തില്‍ തൊട്ടുതന്നെ പറയട്ടെ. പേജുകള്‍ കൂടുതലായി ഈ പംക്തിക്കുവേണ്ടി നല്‍കിയാലും അതു പാഴാവില്ലെന്നാണ് ഒരു വായനക്കാരനെന്ന നിലയില്‍ എന്റെ അഭിപ്രായം.
എ.വി ഫിര്‍ദൗസ്
മലയാളത്തിലെ ഖുര്‍ആന്‍ പരിഭാഷകള്‍
'ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും മലയാളത്തില്‍' (ആഗസ്റ്റ് 6) എന്ന ലേഖനവും അനുബന്ധമായി വന്ന കത്തും (സെപ്റ്റംബര്‍ 10) മലയാള ഭാഷയില്‍ പ്രസിദ്ധീകൃതമായ പരിഭാഷകളെ പറ്റി പൂര്‍ണ വിവരം നല്‍കുന്നില്ല എന്ന് കുറിക്കട്ടെ. അനുബന്ധമായി കുറച്ചുകൂടി കുറിക്കുന്നു.
കുഞ്ഞുമുഹമ്മദ് പുലവത്തും വി.എസ് സലീമും ചേര്‍ന്ന് രചിച്ച ഖുര്‍ആന്‍ മലയാള സാരം, അറബി മൂലമില്ലാതെ തന്നെ പി.എ കരീം, കെ.എ റഊഫ്, കെ. അബ്ദുര്‍റഹ്മാന്‍ എന്നിവര്‍ രചിച്ച പരിഭാഷ, ഫാറൂഖ് കോളേജ് റിട്ട. പ്രഫസര്‍ വി. മുഹമ്മദ് സാഹിബ് രചിച്ച അല്‍ ഖുര്‍ആന്‍, മുഹ്‌യിദ്ദീന്‍ മുഹമ്മദ് ഇരുമ്പുഴി വിവര്‍ത്തനം ചെയ്ത ഖുര്‍ആന്റെ ആത്മാവ് എന്നിവയെല്ലാം ഖുര്‍ആന്റെ പരിപൂര്‍ണ വിവര്‍ത്തനങ്ങളാണ്. ഭാഗികമായി ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത പലരുമുണ്ട്. ഗദ്യരൂപത്തിലും ഖുര്‍ആന്‍ മലയാള പരിഭാഷകളുണ്ട്. കെ.ജി രാഘവന്‍ നായര്‍ രചിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച അമൃതവാണിയും കോന്നിയൂര്‍ രാഘവന്‍ നായര്‍ രചിച്ച് സമന്വയം ബുക്‌സ് പ്രസിദ്ധീകരിച്ച ദിവ്യദീപ്തിയും ഉദാഹരണം.
അബ്ദുസ്സലാം പുത്തങ്ങോട്ട്
വിഷാദരോഗവും ഇന്ത്യന്‍ മുജാഹിദീനും തമ്മിലെന്ത്?
അത്ഭുതങ്ങളുടെ നാടാണ് നമ്മുടേത്. ലോകാത്ഭുതങ്ങളില്‍ ഒന്നായി തല ഉയര്‍ത്തി നില്‍ക്കുന്ന താജ്മഹലിന്റെ നാട്. പക്ഷേ, ഈയിടെയായി മറ്റൊരത്ഭുതത്തിന് നാം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. ഭീകരന്മാരൊക്കെ വിഷാദ/മനോരോഗികളോ വിഷാദരോഗികള്‍ ഭീകരന്മാരോ ആയിക്കൊണ്ടിരിക്കുന്ന അത്ഭുത കാഴ്ചകള്‍! മനോരോഗം വന്ന് വയലന്റാവുന്നവരെയും സൈലന്റാവുന്നവരെയും നാം കാണാറുണ്ട്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ നെറ്റ് കഫേകളിലേക്കോടിക്കയറി 'വ്യാജ' ഇമെയിലുകളയക്കുന്ന മനോരോഗികളെ നാം ആദ്യമായി കാണുകയാണ്.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ രോഗം നാം ആദ്യമായി കാണുന്നത്. കേരള സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ ലെറ്റര്‍ ബോംബ്, ഹുജി മുതല്‍ ഇന്ത്യന്‍ മുജാഹിദീന്‍ വരെയുള്ള ഒറിജിനലും ഡ്യൂപ്ലിക്കേറ്റുമായ മുഴുവന്‍ സംഘടനകളുടെയും പിരടിയിലൂടെ കയറി നിരങ്ങി, അവസാനം രാജേഷ് ശര്‍മ എന്നൊരു ഒരു 'സാത്വികനില്‍' എത്തിനിന്നപ്പോഴോ? പാവം ഒരു സാധു വിഷാദരോഗി. അറബിപ്പേരുള്ളവര്‍ മുഴുക്കെ സംശയത്തിന്റെ കരിനിഴലില്‍ നില്‍ക്കുമ്പോഴും അജ്ഞാത കേന്ദ്രങ്ങളില്‍ ചോദ്യം ചെയ്യലും ഭേദ്യം ചെയ്യലും തകൃതിയായി നടക്കുമ്പോഴുമാണ് ഈ വികൃതി എന്നോര്‍ക്കണം.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാ വീണ്ടും ഒരു വിഷാദ രോഗി! അതും ഒരു ശര്‍മ തന്നെ. ദല്‍ഹി സ്‌ഫോടനത്തിന്റെ നടുക്കത്തില്‍ നിന്ന് രാജ്യം മുക്തമാവുന്നതിനു മുമ്പ് തന്നെ പ്രതികളെ തിരിച്ചറിഞ്ഞ പ്രതീതിയായിരുന്നു വാര്‍ത്താ മാധ്യമങ്ങള്‍ മുഴുക്കെ. ഏതോ ഒരു 'വിവരം കെട്ടവന്റെ' അന്വേഷണം ശരിയായ വഴിക്ക് നീങ്ങിയപ്പോഴതാ വീണ്ടും ഒരു മനു ശര്‍മ. നമ്മുടെ വിശുദ്ധ മോഡിയുടെ സ്വന്തം നാട്ടുകാരന്‍! സത്യം തെളിയിക്കാന്‍ ഈര്‍ക്കിളി പ്രയോഗവും ഉരുട്ടലും മെരട്ടലും ഒന്നും വേണ്ടിവന്നില്ല. പാവം ഒരു വിഷാദ രോഗിയാ....!
ആര്‍ക്കുവേണ്ടി മെയില്‍ അയച്ചു, സ്‌ഫോടനത്തിന് പിന്നിലാര്, ലക്ഷ്യമെന്ത്? ഒരു ചോദ്യവുമില്ല. ഇതാണ് നമ്മുടെ സ്വന്തം മതേതരത്വവും ജനാധിപത്യവും. ഊരും പേരും നോക്കി ഭീകരതയും തീവ്രവാദവും തീരുമാനിക്കുന്ന ഈ മനഃസ്ഥിതിയല്ലേ ഏറ്റവും ഭീകരം?
അനീസുദ്ദീന്‍ കൂട്ടിലങ്ങാടി
[email protected]
ഈ മൗനം നല്ലതിനോ?
ലക്കം 12ലെ 'സകാത്ത് ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ രാജമാര്‍ഗം' എന്ന ലേഖനം വായിച്ചു. കാര്യപ്രസക്തമായ പല വിഷയങ്ങളും ചര്‍ച്ച ചെയ്ത ഒരു ലേഖനമായിരുന്നു. എന്നാല്‍ ഒരു സമൂഹത്തില്‍ സകാത്തിന്റെ ശരിയായ നിര്‍വഹണത്തിലൂടെ നടക്കേണ്ട പരിവര്‍ത്തനങ്ങള്‍ക്കു തടയിടുന്ന ഒരു വിഷയം തമസ്‌കരിക്കപ്പെട്ടതായി അനുഭവപ്പെട്ടു.
അടിസ്ഥാന നിസാബ് പത്തര പവന്‍ ആയി നിര്‍ണയിച്ച് സ്വര്‍ണത്തിന്റെ സകാത്ത് കൊടുക്കണമെന്ന് പ്രസ്തുത ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. നിലവില്‍ പ്ലാറ്റിനത്തെ മറികടന്ന് കുതിപ്പ് തുടരുന്ന സ്വര്‍ണത്തെ മാനദണ്ഡമാക്കി സകാത്ത് കണക്കാക്കുന്ന പക്ഷം കണക്കുപ്രകാരം 2,20,000 രൂപ വാര്‍ഷിക വരുമാനം ഉള്ള ഒരാള്‍ മാത്രമേ ഇത്തരത്തില്‍ സകാത്ത് ദായകനായിത്തീരുന്നുള്ളൂ. സകാത്തിന്റെ അടിസ്ഥാന മാനദണ്ഡമായ സ്വര്‍ണത്തിനു പകരം ഒരു ബദല്‍ സംവിധാനം കൊണ്ടുവരേണ്ട കാര്യത്തില്‍ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ മൗനം വെടിഞ്ഞ് തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം ഉമറി(റ)ന്റെ കാലത്ത് സകാത്തിന്റെ അവകാശികളെ തേടി നടന്നതുപോലെ ഇന്നിനി സകാത്ത് ദായകരെ തേടി നടക്കേണ്ട ഗതികേടിലായിരിക്കും മുസ്‌ലിം സമൂഹം എത്തിച്ചേരുക
ജസീം വടക്കാഞ്ചേരി, അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ
Comments