Prabodhanm Weekly

Pages

Search

2011 സെപ്റ്റംബര്‍ 24

അവര്‍ കെട്ടിടം തകര്‍ത്തു; അമേരിക്ക നാഗരികതയും

യാസീന്‍ അശ്‌റഫ്

രണ്ടാം ലോകയുദ്ധത്തില്‍ നേരിട്ട് സൈനിക ഇടപെടലിലേക്ക് അമേരിക്കയെ നിര്‍ബന്ധിച്ചത് പേള്‍ ഹാര്‍ബര്‍ സംഭവമത്രെ. അമേരിക്കന്‍ സംസ്ഥാനമായ ഹവായിയിലാണ് ഒയാഹു ദ്വീപിലുള്ള ഈ നാവികത്താവളം. 1941 ഡിസംബര്‍ 7 ഞായറാഴ്ച കാലത്ത് 7.55-ന് ജപ്പാന്റെ ബോംബര്‍ വിമാനങ്ങള്‍ താവളത്തില്‍ ആക്രമണം തുടങ്ങി. അരമണിക്കൂറുകൊണ്ട് യു.എസ് പോര്‍ക്കപ്പലുകളില്‍ പലതും തകര്‍ക്കപ്പെട്ടു. 2300ലേറെ അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.
ഇതോടെയാണ് അമേരിക്ക ബ്രിട്ടന്റെ പക്ഷത്ത്, ജപ്പാന്‍-ജര്‍മനി-ഇറ്റലി എന്നിവയടങ്ങുന്ന 'അച്ചുതണ്ട്' പക്ഷത്തിനെതിരെ സേനയെ ഇറക്കിയത്. പേള്‍ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം സേനയുടെ അംഗബലം അഞ്ചിരട്ടിയായി. വന്‍തോതില്‍ യുദ്ധക്കോപ്പുകള്‍ വാങ്ങുന്നതിന് 'ഓഫിസ് ഓഫ് വാര്‍ മൊബിലൈസേഷന്‍' സ്ഥാപിച്ചു; 1943-ഓടെ അമേരിക്ക യുദ്ധസജ്ജമായി. 1944-ഓടെ ശത്രുരാജ്യങ്ങളുടെ മൊത്തം സൈനികശേഷിയുടെ ഇരട്ടി അമേരിക്ക് സ്വന്തമായി ഉണ്ടായി. പുത്തന്‍ ആയുധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സൈനിക ഗവേഷണ-വികസന കേന്ദ്രം സ്ഥാപിച്ചു. റോക്കറ്റ്, റഡാര്‍, സോനാര്‍ വിദ്യകള്‍ മുതല്‍ ആണവ ബോംബ് വരെ സൈനികാവശ്യങ്ങള്‍ക്കായി വികസിപ്പിച്ചെടുത്തത് അവരാണ്.
2001-ലെ ഭീകരാക്രമണം നടന്നിട്ട് പത്തു വര്‍ഷം തികഞ്ഞിരിക്കെ ലോകം കൂടുതല്‍ സംസാരിക്കുന്നത് അല്‍ഖാഇദയുടെ ഭീകരതയെപ്പറ്റിയല്ല- അമേരിക്കയുടെ ഗൂഢസൂത്രങ്ങളെപ്പറ്റിയാണ്. 1941-ലെ പേള്‍ഹാര്‍ബര്‍ ആക്രമണം അമേരിക്കയിലെ യുദ്ധവ്യവസായികള്‍ക്ക് വീണുകിട്ടിയ ഭാഗ്യമായിരുന്നു എന്നാണ് വിലയിരുത്തല്‍. ബ്രിട്ടനോടൊപ്പം യുദ്ധത്തില്‍ ചേരണമെന്ന് പ്രസിഡന്റ് റൂസ് വെല്‍റ്റടക്കം ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നാം ലോക യുദ്ധത്തിന്റെ കെടുതി കണ്ട ജനങ്ങള്‍ യുദ്ധത്തിനെതിരായിരുന്നു. ജനവികാരം അനുകൂലമാക്കാന്‍ പേള്‍ഹാര്‍ബര്‍ ആക്രമണം ഉപകരിച്ചു.
വാസ്തവത്തില്‍ റൂസ് വെല്‍റ്റ് തന്നെയാണ് ഇതിനുള്ള തന്ത്രങ്ങള്‍ പയറ്റിയതെന്ന് ചരിത്രകാരന്മാര്‍ പിന്നീട് നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധ വിരുദ്ധ ജനവികാരം മാനിച്ച് 'ന്യൂട്രാലിറ്റി നിയമങ്ങള്‍' കോണ്‍ഗ്രസ് പാസ്സാക്കിയിരുന്നു. ഇത് മാറ്റിയെടുക്കാന്‍ പലതരം ഗൂഢ നീക്കങ്ങള്‍ റൂസ് വെല്‍റ്റ് നടത്തി. ജപ്പാനെതിരെ നാവിക ഉപരോധവും മറ്റും ഏര്‍പ്പെടുത്തി അവരെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് അക്കൂട്ടത്തില്‍ പെടുന്നു. ജപ്പാന്റെ ആക്രമണത്തെപ്പറ്റി മുന്‍കൂട്ടി വിവരം കിട്ടിയിട്ടും സൈന്യത്തില്‍ നിന്ന് അക്കാര്യം ഭരണകൂടം മറച്ചുപിടിച്ചുവത്രെ. ഏതായാലും അമേരിക്കന്‍ യുദ്ധവ്യവസായത്തിന് പേള്‍ഹാര്‍ബര്‍ വന്‍ നേട്ടമായി ഭവിച്ചു.
2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച കാലത്ത് 8.48-നാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ടക്കെട്ടിടങ്ങള്‍ക്ക് നേരെ 'ഭീകരാക്രമണം' തുടങ്ങിയത്. 110 നിലകള്‍ മിനിറ്റുകള്‍ക്കകം നിലംപൊത്തി. രണ്ട് കെട്ടിടങ്ങളിലും വിമാനങ്ങള്‍ വന്നിടിക്കുകയായിരുന്നു. ഇതിനു പുറമെ പെന്റഗണ്‍ കെട്ടിടത്തില്‍ മറ്റൊന്നും ഇടിച്ചു. വേറൊന്ന് പിറ്റ്‌സ് ബര്‍ഗിനടുത്ത് തകര്‍ന്നുവീണു. ഭീകരര്‍ റാഞ്ചിയെടുത്തതായിരുന്നു വിമാനങ്ങളത്രയും. ന്യൂയോര്‍ക്കില്‍ പൊലിഞ്ഞത് 2800 ഓളം ജീവന്‍.
ഭീകരാക്രമണത്തിന്റെ പ്രത്യക്ഷ ഗുണം അമേരിക്കയുടെ 'യുദ്ധ വ്യവസായികള്‍'ക്കായിരുന്നു. മാത്രമല്ല, ഇഷ്ടമുള്ള രാജ്യങ്ങളില്‍ ഇഷ്ടമുള്ളപ്പോഴെല്ലാം ഇഷ്ടം പോലെ കടന്നാക്രമണം നടത്താനും സൈനികത്താവളങ്ങളും പാവ സര്‍ക്കാറുകളും സ്ഥാപിക്കാനും അമേരിക്ക ഇത് ന്യായമാക്കി. വിയറ്റ്‌നാമിലെ പരാജയത്തിനു ശേഷം യുദ്ധസംരംഭങ്ങളോടു വിമുഖത പുലര്‍ത്തിയിരുന്ന അമേരിക്കന്‍ ജനത 'ഭീകരവിരുദ്ധ യുദ്ധ'ത്തിന്റെ ബാനറില്‍ അണിനിരന്നു. യുദ്ധത്തിനു വേണ്ടി ഭരണകൂടം ചോദിച്ചതെല്ലാം കോണ്‍ഗ്രസ് അനുവദിച്ചു. തോന്നുന്നതൊക്കെ ചെയ്യാന്‍ പ്രസിഡന്റിന് ബ്ലാങ്ക് ചെക്ക് നല്‍കി. ഒറ്റയടിക്ക് നാലായിരത്തോളം കോടി ഡോളര്‍ സൈനിക ബജറ്റില്‍ അധികമായി വകയിരുത്തി- മൊത്തം 38000 കോടി ഡോളര്‍.
പേള്‍ഹാര്‍ബറിനെപ്പറ്റിയുള്ളതിനെക്കാള്‍ പ്രബലമാണ് 'സെപ്റ്റംബര്‍ 11'നെക്കുറിച്ചുള്ള സംശയങ്ങള്‍. 2004-ലെ '9/11 കമീഷന്‍ റിപ്പോര്‍ട്ട്', ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച ചോദ്യങ്ങളില്‍ 30 ശതമാനത്തിനു മാത്രമേ ഉത്തരം നല്‍കിയിട്ടുള്ളൂ. പ്രമുഖ ശാസ്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ചോദ്യം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് അന്യൂനമല്ലെന്ന് അതിന്റെ സഹാധ്യക്ഷനായിരുന്ന തോമസ് കീന്‍ സമ്മതിച്ചിട്ടുണ്ട്. മൂന്നോ നാലോ തരം അഭിപ്രായങ്ങളാണ് ഭീകരാക്രമണത്തെപ്പറ്റി നിലവിലുള്ളത്. 'ഇസ്‌ലാമിക ഭീകരര്‍' അമേരിക്കക്കും അതിന്റെ പ്രതാപത്തിനുമെതിരെ ഓര്‍ക്കാപ്പുറത്ത് നടത്തിയ ആക്രമണമെന്നതാണ് ഔദ്യോഗിക ഭാഷ്യം. ബാഹ്യശത്രുക്കളാണ് നടത്തിയതെങ്കിലും ഭീകരാക്രമണത്തെ യു.എസ് ഭരണകൂടം അതിന്റെ സാമ്രാജ്യത്വ വ്യാപനത്തിന് ഉപയോഗപ്പെടുത്തി എന്ന അഭിപ്രായമാണ് നോം ചോംസ്‌കി, രാഹുല്‍ മഹാജന്‍ തുടങ്ങിയവര്‍ക്കുള്ളത്. ഭീകരാക്രമണത്തിന്റെ അനേകമടങ്ങുവരുന്ന ഭീകരതയും കൊലയുമാണ് അമേരിക്കയുടെ പ്രതികരണത്തിലൂടെ ഉണ്ടായതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്നാമതൊരു കൂട്ടര്‍ കരുതുന്നത്, ഭീകരാക്രമണത്തെപ്പറ്റി ബുഷ് ഭരണകൂടത്തിന് അറിയാമായിരുന്നു എന്നത്രെ; എന്നിട്ടും ആക്രമണം നടക്കട്ടെ എന്ന നിലപാട് അവരെടുത്തു എന്നും. ന്യൂയോര്‍ക്ക്‌വാസികളില്‍ പകുതിയും ഈ വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണെന്ന് ഒരു സര്‍വേയില്‍ കണ്ടു. മുന്‍കൂട്ടി അറിയുകയും മാറി നിന്നുകൊടുക്കുകയും മാത്രമല്ല, ഭീകരാക്രമണത്തില്‍ ഗൂഢമായി പങ്കാളിത്തം വഹിക്കുക കൂടി ചെയ്തവരാണ് ബുഷ് സര്‍ക്കാര്‍ എന്ന് വിശ്വസിക്കുന്ന മറ്റൊരു വിഭാഗം കൂടി അമേരിക്കക്കാരില്‍ തന്നെ ഉണ്ട്.


1990-കളില്‍ സ്ഥാപിതമായ 'പ്രോജക്ട് ഫോര്‍ ദ ന്യൂ അമേരിക്കന്‍ സെഞ്ചുറി' (പി.എന്‍.എ.സി) പുതിയ നൂറ്റാണ്ടോടെ അമേരിക്കയുടെ ലോകാധിപത്യം ഉറപ്പുവരുത്തുന്നതിനുള്ള സാമ്രാജ്യത്വ ബുദ്ധി കേന്ദ്രമാണ്. റെയ്ഗന്‍ കാലഘട്ടത്തിലെ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സംരംഭങ്ങളുടെയും സയണിസ്റ്റ് പദ്ധതികളുടെയും തുടര്‍ച്ച കൂടിയായിരുന്നു അത്. എണ്ണപ്പാടങ്ങളുള്ള അറബ് രാജ്യങ്ങളെ അധീനപ്പെടുത്താനുള്ള പരിപാടികള്‍ പി.എന്‍.എ.സിയില്‍ ഉണ്ടായിരുന്നു. സദ്ദാം ഹുസൈനെ യുദ്ധം ചെയ്ത് പുറത്താക്കാനും ഇറാഖിന്റെ നിയന്ത്രണം സ്വന്തമാക്കാനും പി.എന്‍.എ.സി 1998-ല്‍ പ്രസിഡന്റ് ക്ലിന്റനോടാവശ്യപ്പെട്ടു. ഇസ്രയേലിനും എണ്ണ ലഭ്യതക്കും സദ്ദാം ഭീഷണിയാണെന്നായിരുന്നു ആരോപണം. പി.എന്‍.എ.സിയിലെ 18 അംഗങ്ങളാണ് ആവശ്യമുന്നയിച്ചത്. ക്ലിന്റന്‍ മാറി ബുഷ് (രണ്ടാമന്‍) ഭരണമേറ്റപ്പോള്‍ ഈ 18-ല്‍ പത്തു പേരും അധികാരപദവികളിലെത്തി (ഇവരടക്കം പി.എന്‍.എ.സിയിലെ 16 പേര്‍ ബുഷ് സര്‍ക്കാറിന്റെ ഭാഗമായി). വൈസ് പ്രസിഡന്റ് ഡിക് ചെനി, പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ് ഫെല്‍ഡ്, വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറിമാരായ റിച്ചഡ് ആര്‍മിറ്റേജും റോബര്‍ട്ട് സൂളിക്കും, യു.എന്നിലെ പ്രതിനിധി ജോണ്‍ ബോള്‍ട്ടന്‍, 'സ്‌കൂട്ടര്‍' ലിബി, ലോക ബാങ്ക് പ്രസിഡന്റ് പോള്‍ വൂള്‍ഫോ വിറ്റ്‌സ് എന്നിവര്‍ പി.എന്‍.എ.സി അംഗങ്ങളായിരുന്നു.
2000-ത്തില്‍ പി.എന്‍.എ.സി തയാറാക്കിയ കര്‍മരേഖയാണ് Rebuilding America's Defences: Strategy, forces and resources for a new century. പുതിയ നൂറ്റാണ്ടില്‍ ലോകം അമേരിക്കക്കു കീഴിലാവണമെന്നതുതന്നെ ലക്ഷ്യം. ഒരേസമയം വിവിധ യുദ്ധമുഖങ്ങളില്‍ പോരാടാനുള്ള ശക്തി വേണമെന്നും 4800 കോടി ഡോളര്‍ ആയുധങ്ങള്‍ക്കായി വകയിരുത്തണമെന്നും കര്‍മരേഖയില്‍ ആവശ്യപ്പെട്ടു. ശ്രദ്ധേയമായ മറ്റു രണ്ട് കാര്യങ്ങളും അതിലുണ്ടായിരുന്നു: 'പുതിയൊരു പേള്‍ഹാര്‍ബറി'ന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതാണ് ഒന്ന്. മറ്റേത്, 'മധ്യേഷ്യ'യില്‍ കടന്നുകയറാന്‍ സദ്ദാം ഹുസൈനെ കാരണമാക്കാം എന്ന നിര്‍ദേശവും. സെപ്റ്റംബര്‍ 11-നുള്ള തിരക്കഥ ഈ കര്‍മരേഖയില്‍ വ്യംഗ്യമായുണ്ട് എന്ന വാദം ശരിയാകട്ടെ തെറ്റാകട്ടെ, പിന്നീട് നട(ക്കു)ന്ന അധിനിവേശങ്ങളുടെ വഴിപ്പലകകള്‍ തീര്‍ച്ചയായും അതിലുണ്ട്.
Army School of Advanced Military Studies എന്ന അമേരിക്കന്‍ സ്ഥാപനം തയാറാക്കിയ ഒരു രേഖയില്‍ ഇങ്ങനെ പറഞ്ഞിരുന്നു: ഇസ്രയേലീ ചാരസംഘടനയായ 'മൊസാദി'ന്, 'യു.എസ്. സൈന്യത്തെ ഉന്നമിട്ട് ആക്രമണം സംഘടിപ്പിക്കാനും എന്നിട്ടത് ഫലസ്ത്വീനികളുടെ/ അറബികളുടെ ചെയ്തിയാണെന്ന് തോന്നിക്കാനും കഴിവുണ്ട്.' ഈ വാര്‍ത്ത വന്നത് ഭീകരാക്രമണ ദിവസത്തിലെ വാഷിംഗ്ടണ്‍ ടൈംസ് പത്രത്തിലാണ്. കുറെ ഇസ്രയേലികളെ പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇസ്രയേലി ചാരവലയത്തെപ്പറ്റി ഒരു 60 പേജ് കരട് റിപ്പോര്‍ട്ട് വെളിച്ചം കണ്ടെങ്കിലും അതിന്റെ വിശദമായ 250പേജ് പൂര്‍ണ രൂപം പുറത്തിറക്കിയില്ല.
ഭീകരാക്രമണത്തില്‍ ഇസ്രയേലിന് പങ്കുണ്ടെന്ന് വാദമുണ്ട്- ഖണ്ഡിതമായി തെളിവില്ലെങ്കിലും. അവര്‍ക്ക് വിവരം മുന്‍കൂട്ടി കിട്ടിയിരുന്നെന്നും അമേരിക്കന്‍ അധികൃതര്‍ക്ക് അവരത് കൈമാറിയില്ലെന്നും സൂചനകള്‍ ധാരാളമുണ്ട്. അമേരിക്കന്‍ സര്‍ക്കാറില്‍ തന്നെ ചിലര്‍ക്ക് വിവരം കിട്ടിയിരുന്നതായും അനുമാനിക്കപ്പെടുന്നു.
ആഗോള ആധിപത്യത്തിനായുള്ള പി.എന്‍.എ.സി പദ്ധതിയനുസരിച്ച് സദ്ദാമിനെ പുറത്താക്കുകയല്ല പരമമായ ലക്ഷ്യം- ഇറാഖ്, ഇറാന്‍, സിറിയ തുടങ്ങിയവയെ ഒതുക്കുകയും എണ്ണപ്പാടങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്തുകയുമൊക്കെയാണ്. സെപ്റ്റംബര്‍ 11 ആക്രമണങ്ങളെ ഈ ലക്ഷ്യത്തിനായി പ്രയോജനപ്പെടുത്തിയതെങ്ങനെയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ബോബ് വുഡ് വേഡും മറ്റും വിവരിച്ചിട്ടുണ്ട്. വിമാന റാഞ്ചികള്‍ ആരെന്ന് വ്യക്തമാകുന്നതിനു മുമ്പ്, സെപ്റ്റംബര്‍ 12-ന് കാലത്തുതന്നെ, റംസ്‌ഫെല്‍ഡ് ആവശ്യപ്പെട്ടത് അമേരിക്ക ഇറാഖിനെ ആക്രമിക്കണം എന്നാണ്. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ആദ്യ പടി ഇറാഖാകണം എന്നദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതിന് ആദ്യം ജനാഭിപ്രായം അനുകൂലമാക്കി എടുക്കേണ്ടതുണ്ടെന്ന കോളിന്‍ പവലിന്റെ വാദം അംഗീകരിച്ച ബുഷ് എളുപ്പം കീഴ്‌പ്പെടുത്താവുന്ന അഫ്ഗാനിസ്താനെ ആക്രമണ ലക്ഷ്യമാക്കുകയായിരുന്നു. സോവിയറ്റ് അധിനിവേശവും തുടര്‍ച്ചയായ സംഘര്‍ഷങ്ങളും പിച്ചിച്ചീന്തിയ രണ്ടേകാല്‍ കോടി ജനങ്ങളെ വീണ്ടും തച്ചുതകര്‍ക്കാന്‍ എന്തെളുപ്പം! ഇറാഖിന്റെ ഊഴം പിന്നീട് വരും.
2001 സെപ്റ്റംബര്‍ 11-നു ശേഷം ലോകത്തിലെ, വിശേഷിച്ച് മധ്യേഷ്യയിലെ, എണ്ണപ്പാടങ്ങളുടെ കവാടങ്ങളിലെല്ലാം അമേരിക്ക സൈനികത്താവളങ്ങള്‍ സ്ഥാപിച്ചു. അഫ്ഗാനിസ്താനിലൂടെ പൈപ്പ് ലൈന്‍ ഇടാന്‍ 'യൂനോകാല്‍' എണ്ണക്കമ്പനി തീരുമാനിച്ചു. ഏതാനും അന്താരാഷ്ട്ര ഉടമ്പടികളില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറാന്‍ ബുഷ് തീരുമാനിച്ചു. ഭൂമിയെ രക്ഷിക്കാന്‍ എണ്ണ ഉപഭോഗം വെട്ടിക്കുറക്കണമെന്ന് ആവശ്യപ്പെടുന്ന ക്യോട്ടോ ഉടമ്പടി, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ യുദ്ധക്കുറ്റ വ്യവസ്ഥകള്‍, ബാലിസ്റ്റിക് മിസൈലുകള്‍ക്കെതിരായ ഉടമ്പടി എന്നിവയില്‍ നിന്നാണ് പിന്‍വാങ്ങിയത്. മാത്രമല്ല, ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്ക് നേരെ 'ആവശ്യമെങ്കില്‍' ആണവായുധങ്ങളും പ്രയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. തീര്‍ന്നില്ല, ജൈവായുധങ്ങളും രാസായുധങ്ങളും അടക്കം കൂട്ടനശീകരണായുധങ്ങള്‍ വികസിപ്പിക്കാന്‍ പാകത്തില്‍ അവക്കെതിരായ അന്താരാഷ്ട്ര കരാറുകള്‍ ലംഘിക്കാന്‍ തയാറായി. ഇതും പോരാഞ്ഞ്, റംസ്‌ഫെല്‍ഡ് ഒരു രഹസ്യ സൈന്യത്തിന് രൂപം നല്‍കിയതായി ലോസ് ആഞ്ചല്‍സ് ടൈംസില്‍ വില്യം ആര്‍കിന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്- മുമ്പ് നിക്‌സനും കിസിംഗറും രഹസ്യപ്പട്ടാളത്തെ വെച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പിന്നീടത് നിരോധിച്ചതാണ്. റംസ്‌ഫെല്‍ഡിന്റെ സൈന്യം വെറും പട്ടാളമായിരുന്നില്ല; സി.ഐ.എ ഇടപെടലും ഗൂഢ സൈനിക നീക്കങ്ങളും വിവരയുദ്ധവും വ്യാജവാര്‍ത്താ പ്രചാരണങ്ങളും ചതിപ്രയോഗങ്ങളുമെല്ലാം നടപ്പാക്കുന്ന ഭീകരസംഘം തന്നെയായിരുന്നു. Proactive Preemptive Operations Gruop (P2OG) എന്ന് പേരുള്ള ഈ സംഘത്തിന്റെ ഒരു ജോലി ഭീകരാക്രമണങ്ങള്‍ പ്രകോപനങ്ങളിലൂടെ സംഘടിപ്പിക്കുക എന്നതായിരുന്നു. ഭീകരാക്രമണം നടന്നുകിട്ടിയാല്‍ 'ഭീകരരെ സംരക്ഷിക്കുന്നുവെന്ന പേരില്‍ മറ്റു രാജ്യങ്ങളെ ആക്രമിക്കാന്‍ അമേരിക്കക്ക് സൗകര്യമാകും' (രഹസ്യരേഖ ഉദ്ധരിച്ച് ജോണ്‍ പില്‍ജര്‍ റിപ്പോര്‍ട്ട് ചെയ്തത്).
ഈ തന്ത്രമൊന്നും യു.എസ് നേതാക്കള്‍ക്ക് പെട്ടെന്ന് മനസ്സിലുദിച്ചതല്ല. ജോണ്‍ കെന്നഡി പ്രസിഡന്റായിരുന്ന കാലത്ത് ക്യൂബയെ കടന്നാക്രമിക്കാനുള്ള കാരണം ചമക്കാന്‍ ഒരു വ്യാജ ഭീകരാക്രമണം സംഘടിപ്പിക്കാമെന്ന നിര്‍ദേശം സേനാ തലവന്മാര്‍ മുന്നോട്ടു വെച്ചിരുന്നു. 'ഓപറേഷന്‍ നോര്‍ത്‌വുഡ്‌സ്' എന്നായിരുന്നു പരിപാടിക്ക് നല്‍കിയ പേര്. ബോംബ് സ്‌ഫോടനങ്ങള്‍, വിമാന റാഞ്ചല്‍, വിമാനമിടിച്ചു തകര്‍ക്കല്‍, അമേരിക്കന്‍ പൗരന്മാരുടെ അപമൃത്യു തുടങ്ങിയ ചേരുവകളെല്ലാമുള്ള, ലക്ഷണമൊത്ത പദ്ധതിയായിരുന്നു അത്. കെന്നഡി പക്ഷേ, അതിന് സമ്മതിച്ചില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം വധിക്കപ്പെട്ടു. പക്ഷേ, പുതിയ കാലത്ത്, പി.എന്‍.എ.സി തലക്കുകയറിയ അധികാരികള്‍ ആ പദ്ധതിയുടെ പുതിയ പതിപ്പ് അംഗീകരിച്ചിരിക്കുന്നു.
പി.എന്‍.എ.സിയുടെ ലോകാധിപത്യ പദ്ധതി നടപ്പാക്കണം. സാധാരണ നിലക്ക് അതിന് ഏറെ കാലമെടുക്കും. ഉടനെ നടക്കണമെങ്കില്‍ 'പേള്‍ഹാര്‍ബര്‍ പോലൊരു ഉഗ്രന്‍ സംഭവം ഉണ്ടാകണം' - 2000ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ആ സംഭവമാണ് 11.9.2001-ന് നടന്നത്. വാര്‍ത്ത കേട്ട ചാനല്‍ ലേഖകര്‍ പ്രതിരോധ സെക്രട്ടറി റംസ് ഫെല്‍ഡിനെ കണ്ടു. അദ്ദേഹത്തില്‍ നിന്ന് ഞെട്ടലും അമ്പരപ്പും പ്രതീക്ഷിച്ച അവരാണ് അമ്പരന്നത്, ആദ്യ പ്രതികരണം കേട്ടപ്പോള്‍: പ്രതിപക്ഷം ഇനിയെങ്കിലും മിസൈല്‍ പ്രതിരോധത്തിനുള്ള ബജറ്റ് വകയിരുത്തലിനെ എതിര്‍ക്കില്ലല്ലോ എന്ന ഒറ്റച്ചോദ്യമായിരുന്നു അത് (ഒറ്റയടിക്ക് നാലായിരം കോടി ഡോളറാണല്ലോ കോണ്‍ഗ്രസ് പാസ്സാക്കിക്കൊടുത്തത്).
വാസ്തവത്തില്‍ ഇറാഖിനെയും അഫ്ഗാനിസ്താനെയും കീഴ്‌പ്പെടുത്തുക സെപ്റ്റംബര്‍ 11-നു മുമ്പുതന്നെ തീരുമാനിച്ച കാര്യങ്ങളായിരുന്നു. അതിന് ഒത്തുകിട്ടിയ ന്യായം മാത്രമായിരുന്നു ഭീകരാക്രമണം. ലോക ചരിത്രത്തില്‍ ലക്ഷങ്ങളെ കൊന്നൊടുക്കിയ ഒരേയൊരു ആയുധ പ്രയോഗം അമേരിക്കയുടെ വകയായിരുന്നല്ലോ-ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവ ബോംബുകള്‍. ജപ്പാന്‍ കീഴടങ്ങാന്‍ തീരുമാനിച്ചിട്ടും ബോംബിടുകയായിരുന്നു. കാരണം, ഒരു മാസം മുമ്പ് (1945 ജൂലൈ 6-ന്) പരീക്ഷിച്ച അണുബോംബിന്റെ പ്രായോഗിക പരീക്ഷണം അവര്‍ക്കാവശ്യമായിരുന്നു. ഇറാഖ് യുദ്ധത്തില്‍ ബങ്കര്‍ ബസ്റ്ററുകളടക്കം ഒട്ടേറെ നിരോധിത ആയുധങ്ങള്‍ പരീക്ഷിച്ചതും ഓര്‍ക്കുക.


സെപ്റ്റംബര്‍ 11 കൊണ്ട് ഏറ്റവും നേട്ടമുണ്ടായത് അമേരിക്കയിലെ സൈനിക, യുദ്ധ വ്യവസായങ്ങള്‍ക്കാവണം. മുമ്പും പിമ്പും അമേരിക്ക നടത്തിയ അതിക്രമങ്ങളില്‍ നിന്ന് വേര്‍പെടുത്തി ആ സംഭവത്തെ കാണുന്നത് വലിയ തെറ്റാവും; ചരിത്രത്തോടു ചെയ്യുന്ന പാതകവും.
ഇന്ന് ലോക രാജ്യങ്ങളുടെ മൊത്തം സൈനിക ചെലവില്‍ പകുതിയും അമേരിക്കയുടേതാണ്. ഇരകളുടെയും അമേരിക്കന്‍ നികുതിദായകരുടെയും നഷ്ടം വേറെ ചിലര്‍ക്ക് വന്‍ ലാഭമാണ്. ആയുധ നിര്‍മാതാക്കള്‍ക്ക്, ഏജന്റുമാര്‍ക്ക്, ഇടനിലക്കാര്‍ക്ക്.
ലാഭം നേര്‍ക്കുനേരെയുള്ളതു മാത്രമല്ല. ഹാലിബര്‍ട്ടന്റെ ചരിത്രം ഉദാഹരണം. ഡിക്ക് ചെനി മുമ്പ് മേധാവിയായിരുന്ന ഈ കമ്പനി കൊഴുത്തു തടിച്ചത് യുദ്ധങ്ങള്‍ കൊണ്ടാണ്. യുദ്ധക്കോപ്പുകള്‍ വില്‍ക്കലാണ് പ്രധാന ജോലി. ഒപ്പം തട്ടിപ്പുകള്‍ വേറെയുമുണ്ട്. ഇറാഖിലും കുവൈത്തിലുമുള്ള അഞ്ച് അമേരിക്കന്‍ സൈനികതാവളങ്ങളിലെ പട്ടാളക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ഈ കമ്പനിക്കായിരുന്നു കരാര്‍. 2004-ല്‍ ഓഡിറ്റര്‍മാര്‍ ഒരു കാര്യം കണ്ടുപിടിച്ചു. വ്യാജ ബില്ലുകളുണ്ടാക്കി കമ്പനി യു.എസ് സര്‍ക്കാറിനെ രണ്ടേ മുക്കാല്‍ കോടി ഡോളര്‍ കബളിപ്പിച്ചിരിക്കുന്നു!
ഇറാഖിലും അഫ്ഗാനിസ്താനിലുമൊക്കെ 'പുനര്‍നിര്‍മാണ'മെന്ന പേരില്‍ നടന്ന മരാമത്തുകളിലൂടെ അനേക കോടികളാണ് ഹാലിബര്‍ട്ടനും മറ്റും ഉണ്ടാക്കുന്നത്. 2003-ല്‍ ഇറാഖില്‍ ഹാലിബര്‍ട്ടന് ഈ വകയില്‍ കിട്ടിയത് 340 കോടി ഡോളറായിരുന്നു. യുദ്ധ ഘട്ടങ്ങളില്‍ ഇത്തരം കമ്പനികളുടെ ഓഹരി വില കുതിച്ചുയരുന്നത് വെറുതെയല്ലല്ലോ.
ഇന്ന് യു.എസ് ചുരുങ്ങിയത് ആറ് യുദ്ധങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്- ഇറാഖില്‍, അഫ്ഗാനിസ്താനില്‍, പാകിസ്താനില്‍, യമനില്‍, ലിബിയയില്‍. പിന്നെ 'ഭീകരവിരുദ്ധ യുദ്ധ'വും. സിറിയയും ഇറാനും ക്യൂവിലുണ്ട്.
ഈ 'ലാഭ'ത്തിന്റെ മറുവശമോ? ഇറാഖില്‍ മാത്രം കൊല്ലപ്പെട്ടവര്‍ പത്തു ലക്ഷത്തിലേറെ; യുദ്ധം മൂലമുള്ള അധികമരണം ഇരുപത് ലക്ഷത്തോളം. പരിക്കേറ്റവരും അഭയാര്‍ഥികളുമായി ദശലക്ഷങ്ങള്‍ വേറെ. അതേസമയം ലോക്കീഡ് മാര്‍ട്ടിന്‍, ബൂയിങ്, നോര്‍ത്രപ് ഗ്രമന്‍ എന്നീ ആയുധ നിര്‍മാണക്കമ്പനികള്‍ ലാഭം കൊയ്തുകൊണ്ടേയിരിക്കുന്നു. ഇത്തരം പടക്കോപ്പുല്‍പാദകര്‍ മാത്രമല്ല, സൈനികര്‍ക്കു വേണ്ട പാനീയങ്ങളും ഭക്ഷണവും മറ്റും നല്‍കാന്‍ കരാറെടുത്തവരും (ബി.പി, ഫെഡക്‌സ്, പെപ്‌സി, ഡെല്‍, ക്രാഫ്റ്റ്) തടിച്ചുകൊഴുക്കുകയാണ്.
സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പേരുദോഷമുണ്ടാക്കി. യു.എസിന്റെ 'ഭീകരവിരുദ്ധ പോരാട്ട'മാകട്ടെ ആ വര്‍ഗീയ വിദ്വേഷം അനേകമടങ്ങ് പെരുപ്പിക്കുകയും ചെയ്തു. ഇതിന് കാരണമായ വ്യാജ പ്രചാരണങ്ങളില്‍ അമേരിക്കയുടെ ബോധപൂര്‍വമായ പക്ഷപാതങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നോര്‍വെയിലെ കൊലയാളി ബ്രെയ്‌വിക് മാത്രമല്ല 'ബഹുസംസ്‌കാര ശീല'ത്തെ എതിര്‍ത്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറണ്‍ വരെ അക്കൂട്ടത്തിലുണ്ട്.
മലേഷ്യയില്‍ പ്രഫസറായ ഡോ. ചന്ദ്ര മുസഫര്‍ സെപ്റ്റംബര്‍ 11-ന്റെ ആഘാതങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കുന്നു:
ഇറാഖിലും അഫ്ഗാനിസ്താനിലുമായി, യുദ്ധത്തിലും സ്‌ഫോടനങ്ങളിലും സംഘര്‍ഷങ്ങളിലും ഇരുപത് ലക്ഷം പേര്‍ മരിച്ചു. രണ്ടിടത്തും യുദ്ധച്ചെലവ് 3.7 ലക്ഷം കോടി യു.എസ് ഡോളര്‍. വിശപ്പിനും നിരക്ഷരതക്കും രോഗങ്ങള്‍ക്കും പരിസ്ഥിതിത്തകര്‍ച്ചക്കുമെതിരായ പോരാട്ടങ്ങള്‍ അട്ടിമറിക്കപ്പെട്ടു. അനേകം സര്‍ക്കാറുകള്‍ മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും നിയന്ത്രിക്കാന്‍ നിയമങ്ങളുണ്ടാക്കി. എല്ലാവരെയും നിരീക്ഷിക്കുന്ന 'സര്‍വെയ്‌ലന്‍സ് സ്റ്റേറ്റുകളാ'യി. ജനാധിപത്യ രാജ്യങ്ങള്‍ അധഃപതിച്ചു. ഇസ്‌ലാമോഫോബിയ ലോകമെങ്ങും പടര്‍ന്നു.
പക്ഷേ ഒന്നുണ്ട്, ഏതാനും കുത്തക കമ്പനികള്‍ നേട്ടമുണ്ടാക്കിയെങ്കിലും 'ഭീകരവിരുദ്ധ യുദ്ധം' അമേരിക്കയെ പാപ്പരാക്കിക്കൊണ്ടിരിക്കുന്നു.
ഏറ്റവും നിരര്‍ഥകമായ പദമായി 'ഭീകരത' മാറിയിരിക്കുന്നു. കൃത്യത്തിന്റെ സ്വഭാവമല്ല, ചെയ്തവരുടെ സാമുദായിക വിലാസമാണ് അത് 'ഭീകര'മാണോ അല്ലേ എന്ന് തീരുമാനിക്കുക എന്നു വന്നിരിക്കുന്നു. ലോക രാഷ്ട്രങ്ങളെ മൊത്തമായി ഇത്തരം കപടതയുടെയും ആത്മവഞ്ചനയുടെയും വഴിയിലെത്തിച്ചതാണ് വലിയ ഒരു ദുരന്തം.
ഗ്വാണ്ടനാമോ, അബൂഗുറൈബ് എന്നീ തടങ്കല്‍പാളയങ്ങള്‍ മനുഷ്യത്വത്തിനു നേരെയുള്ള വെല്ലുവിളികളാണ്. മനുഷ്യ നാഗരികതയുടെ സകല മേന്മകളെയും ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതയാണ് സെപ്റ്റംബര്‍ 11 ഉണ്ടാക്കിയ മറ്റൊരു ദുരന്തം.
ഭീകരാക്രമണത്തില്‍ അന്നു തകര്‍ന്നത് രണ്ട് മഹാസ്തംഭങ്ങളാണ്- മനുഷ്യത്വവും സത്യസന്ധതയും. ആക്രമണം നടത്തിയവരും അതിനോട് അനേകമടങ്ങ് ഇരട്ടി ഭീകരതയോടെ പ്രതികരിച്ചവരും ഇക്കാര്യത്തില്‍ ഒന്നാണ്. മനുഷ്യര്‍ക്ക് ഭ്രാന്തു പിടിച്ചപ്പോള്‍ രണ്ട് കെട്ടിടങ്ങളും മൂവായിരത്തോളം മനുഷ്യരും നശിച്ചു. ഭരണകൂടത്തിന് ഭ്രാന്ത് പിടിച്ചപ്പോള്‍ രണ്ട് മൂന്ന് രാജ്യങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാനവ സംസ്‌കാര പൈതൃകങ്ങളും കാല്‍കോടി മനുഷ്യജീവനും കോടിയോളം മനുഷ്യജീവിതങ്ങളും തരിപ്പണമായി- ലോകസമാധാനവും.
നഷ്ടപ്പെട്ട വിവേകം എപ്പോഴെങ്കിലും നമുക്ക് തിരിച്ചുകിട്ടുമോ? പത്തു വര്‍ഷത്തിനു ശേഷം ഇന്നും ലോകം ചോദിക്കുന്നത് അതാണ്. അമേരിക്കയുടേതടക്കം സുരക്ഷ കുറയുകയേ ചെയ്തിട്ടുള്ളൂ. ഇന്ന് യു.എസ് പ്രസിഡന്റ് പറയുന്നു, 11.9.2001-നു ശേഷം അമേരിക്ക ശക്തമായെന്ന്. ഈ നൂറ്റാണ്ടിലെ ഫലിതത്തിന് നോബല്‍ സമ്മാനമുണ്ടെങ്കില്‍ അതുകൂടി ഒബാമക്ക് കൊടുക്കാം.
ഒരര്‍ഥത്തില്‍ അന്ന് തകര്‍ന്നത് അമേരിക്കന്‍ അപ്രമാദിത്വ നാട്യവും നാഗരിക നാട്യങ്ങളും കൂടിയാണ്. ഇന്ന്, താങ്ങാനാവാത്ത സാമ്പത്തിക ഞെരുക്കത്തില്‍ അമേരിക്ക കിതക്കുകാണ്. ലോക സാമ്പത്തിക വിനിമയം ഡോളറിലായിട്ടും സകല ഊര്‍ജ സ്രോതസ്സുകളും കൈപ്പിടിയിലൊതുക്കിയിട്ടും യു.എന്‍ മുതല്‍ ലോകബാങ്ക് വരെയുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെല്ലാം വരുതിയിലായിട്ടും കടം വീട്ടാനുള്ള ശേഷി പോലും അമേരിക്കക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു. അധിനിവേശച്ചെലവ് അനേക ലക്ഷം കോടി ഡോളറുകളാണ്. എല്ലാറ്റിനും പുറമെ, ലോക സമാധാനത്തിന്റെ കാവല്‍ക്കാരനെന്നും നീതിയുടെ അവതാരമെന്നുമുള്ള അവകാശവാദങ്ങളാണ് സുനിശ്ചിതമായി തകര്‍ന്ന് 'ഗ്രൗണ്ട് സീറോ'യില്‍ പതിച്ചിരിക്കുന്നത്.


ഭീകരാക്രമണത്തെ കുറ്റകൃത്യമായി കണ്ട് കുറ്റവാളികളെ കണ്ടെത്തി വിചാരണ നടത്തി ശിക്ഷിക്കാന്‍ അന്താഷ്ട്രതലത്തില്‍ നീക്കം നടത്തുകയായിരുന്നു വേണ്ടതെന്ന് നോം ചോംസ്‌കി അഭിപ്രായപ്പെടുന്നു. പക്ഷേ, അത് അമേരിക്കയുടെ ഗൂഢ തിരക്കഥയുമായി ചേരുമായിരുന്നില്ല. ഇതര രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും യുദ്ധ മര്യാദകളെയും മനുഷ്യാവകാശങ്ങളെയും കാറ്റില്‍ പറത്തി കൃത്യമായ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാന്‍ അമേരിക്കക്ക് കിട്ടിയ അവസരമായിരുന്നു അത്. വാസ്തവത്തില്‍ മറ്റൊരു '9/11' അമേരിക്ക തന്നെ മുമ്പ് നടത്തിയിരുന്നു. 1973 സെപ്റ്റര്‍ 11-ന് ചിലിയിലെ സാല്‍വദോര്‍ അയന്‍ഡെ സര്‍ക്കാറിനെ മറിച്ചിട്ട് ജനറല്‍ പിനോഷെ എന്ന കുറ്റവാളിയുടെ പട്ടാള ഭരണത്തിന് വഴിതുറന്നത് അമേരിക്കയാണ്. ഇറാനിലെ ഏകാധിപതി  ഷായെ അധികാരത്തിലെത്തിച്ചതും നിലനിര്‍ത്തിയതും അമേരിക്കയാണ്. ഫലസ്ത്വീനില്‍ ഹമാസിനെയോ ലബനാനില്‍ ഹിസ്ബുല്ലയെയോ അധികാരമേല്‍പിക്കാന്‍ അവിടങ്ങളിലെ ജനങ്ങള്‍ തീരുമാനിച്ചാലും അമേരിക്ക സമ്മതിക്കില്ല. ഏകാധിപത്യ പ്രവണത കാണിച്ചിരുന്ന സദ്ദാം ഹുസൈന്‍ അമേരിക്കക്ക് അനഭിമതനായത് ജനഹിതം നോക്കി ഇറാഖിലെ എണ്ണസമ്പത്ത് ദേശസാല്‍ക്കരിക്കുകയും എണ്ണ വ്യാപാരം ഡോളറില്‍ നിന്ന് വേര്‍പെടുത്താന്‍ നീക്കം തുടങ്ങുകയും ചെയ്ത ശേഷമാണ്. അവരുടെ 'ജനാധിപത്യ'ത്തിന്റെ ഏതാനും സാമ്പിളുകളാണിവ.

സമാധാനത്തിന്റെ മാലാഖ?
ലോക ചരിത്രത്തിലെ ഏറ്റവും കിരാതമായ കുരുതികള്‍ നടത്തിയവരാണ് യു.എസ് ഭരണകൂടങ്ങള്‍. 20-ാം നൂറ്റാണ്ടില്‍ മാത്രം 120 ഇടങ്ങളിലെങ്കിലും പട്ടാളത്തെ ഉപയോഗിച്ചു, ഇടപെട്ടു അവര്‍. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര രംഗം കലുഷമാക്കി മുതലെടുക്കുകയാണ് പതിവ് പരിപാടി. 1969-'75 കാലത്ത് കംബോഡിയയില്‍ ബോംബിട്ടും പട്ടിണി വിതച്ചും കൊന്നത് 20 ലക്ഷം പേരെ. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫിലിപ്പീന്‍സില്‍ ഇടപെട്ട് കൊന്നത് ആറു ലക്ഷം പേരെ. അണുബോംബിട്ട് രണ്ട് നഗരങ്ങളെ ചാമ്പലാക്കിയ ഏക ശക്തിയാണ് അമേരിക്ക. അസമാധാനത്തിന് നിമിത്തമാവുകയല്ലാതെ, അതിന്റെ മൂലകാരണങ്ങള്‍ ഇല്ലാതാക്കാന്‍ കിട്ടിയ ഒരു അവസരവും അമേരിക്ക ഉപയോഗിച്ചിട്ടില്ല. ഇസ്രയേലിന്റെ അന്യായങ്ങള്‍ക്കെതിരെ യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കപ്പെട്ട പ്രമേയങ്ങള്‍ക്കെതിരെ ചെയ്ത ഓരോ വീറ്റോയും അമേരിക്ക ഇങ്ങനെ കളഞ്ഞുകുളിച്ച അവസരങ്ങളാണ്. സമാധാനത്തിന് തടസ്സം നിന്ന ചരിത്രമാണ് അവരുടേത്, യുദ്ധങ്ങള്‍ വിതച്ചതിന്റെയും.
അമേരിക്ക വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു. ഇപ്പോള്‍ അതിന്റെ മേധാവിത്വം നിലനില്‍ക്കുന്നത് ആയുധബലം കാട്ടിയുള്ള വിരട്ടലിലൂടെയാണ്. ഒരുപാട് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഈ വിരട്ടലില്‍ വീണുപോയിട്ടുണ്ടെന്നത് നേര്. പക്ഷേ, സാമ്പത്തിക അപ്രമാദിത്വത്തിന് ക്ഷതമേറ്റതോടെ അമേരിക്കയെ കൈവിടുന്ന കാര്യം പല രാജ്യങ്ങളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. സൈനിക അപ്രമാദിത്വത്തിനേറ്റ ആഘാതവുമായിരുന്നു സെപ്റ്റംബര്‍ 11. മുതലാളിത്തം അതിന്റെ ആന്തരിക ദൗര്‍ബല്യങ്ങളാല്‍ തകരുമെന്ന് കാണിച്ചുതരുന്ന അമേരിക്ക തന്നെയാണ്, ഭീകരത അതിന്റെ തന്നെ അന്ത്യം കുറിക്കുമെന്നും കാണിച്ചുതരുന്നത്. അകാരണമായി പൊട്ടിവീണ യാദൃഛികതയായിരുന്നില്ല സെപ്റ്റംബര്‍ 11. അമേരിക്കന്‍ നേതൃത്വത്തില്‍ നടക്കുന്ന അനീതികളുടെ ഭീകരത ഒടുവില്‍ അതിനു തന്നെ പ്രഹരമേല്‍പിക്കുകയായിരുന്നു. സ്വന്തം ചെയ്തികളുടെ പ്രതിബിംബമാണ് ഇരട്ട ഗോപുരങ്ങളില്‍ തിമിര്‍ത്താടിയത്.
തിരിച്ചറിവിന്റേതായിരുന്നു ലോകത്തിന് കഴിഞ്ഞ പതിറ്റാണ്ട്. തകര്‍ത്ത് കുഴിച്ചിട്ടാലും സത്യം പുറത്തുവരുമെന്ന തിരിച്ചറിവ്. വേട്ടയാടപ്പെട്ട പതിനായിരങ്ങളും രക്തസാക്ഷിയായ സദ്ദാം ഹുസൈനുമെല്ലാം മരണത്തിനു ശേഷം വര്‍ധിത ശക്തിയോടെ വേട്ടക്കാരനെ അന്വേഷിച്ചെത്തുമെന്ന തിരിച്ചറിവ്. ചിന്തിയ ഓരോ നിരപരാധിയുടെയും ചോരക്ക് സാമ്രാജ്യത്വഭീകരര്‍ സ്വന്തം രക്ഷയും പ്രതാപവും വിലയൊടുക്കി തുടങ്ങുകയാണെന്ന തിരിച്ചറിവ്. സംഹാരാത്മകതയെ നിര്‍മാണശേഷി കൊണ്ടുംആസുരതയെ മനുഷ്യത്വം കൊണ്ടും കീഴടക്കാന്‍ ബദല്‍ശക്തികള്‍ക്ക് ഊര്‍ജം നല്‍കുന്നു ഈ തിരിച്ചറിവുകള്‍. '9/11'നെപ്പറ്റി സ്വതന്ത്രമായ അന്താരാഷ്ട്ര കമീഷനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരണം. പടിഞ്ഞാറന്‍ മേധാവിത്വം ഭൂഗോളത്തെ നാശോന്മുഖമാക്കിയിരിക്കുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്‌കാരികമായുമെല്ലാം അത് മുന്നോട്ടുവെച്ച മാതൃകകള്‍ ട്രേഡ് സെന്റര്‍ കെട്ടിടങ്ങള്‍ പോലെ തകര്‍ന്നുകിടക്കുന്നു. ഈ കണ്ടെത്തലില്‍ നിന്നു വേണം ഒരു പകരത്തെ തേടിത്തുടങ്ങാന്‍.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം