Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

സിന്ധി സംസ്‌കാരത്തിന്റെ സവിശേഷതകള്‍

സദ്‌റുദ്ദീന്‍ വാഴക്കാട് /യാത്ര-2

         ബാഡ്മിര്‍ ജില്ലയില്‍, റാംസര്‍ താലൂക്കിലെ പാണ്ഡികപാട് ഗ്രാമത്തിലേക്ക് ഞങ്ങള്‍ പ്രവേശിക്കുമ്പോഴാണ്, മുനാബാ പാസഞ്ചര്‍ ട്രെയ്ന്‍ അതുവഴി കടന്നുപോയത്. ''പാണ്ഡികപാടില്‍ നിന്ന് പാകിസ്താനിലേക്ക് എത്ര ദൂരം കാണും?'' പ്രദേശത്തുകാരനായ അലി മുഹമ്മദിനോട് ഞാന്‍ ചോദിച്ചു: ''പാകിസ്താന്‍ വളരെ അടുത്താണ്, മുനാബൊ റെയില്‍വേ സ്റ്റേഷനിലേക്ക് ഇവിടെനിന്ന് 60 കിലോമീറ്റര്‍ ദൂരമേയുള്ളൂ. അമര്‍ക്കോട്ടാണ് ഇവിടെനിന്ന് ഏറ്റവും അടുത്ത പാക് സിറ്റി''-അദ്ദേഹം പറഞ്ഞു.

പാക് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ ഗ്രാമമാണ് മുനാബാ. അതുകഴിഞ്ഞാല്‍ സിന്ധ് പ്രവിശ്യയായി. ഞങ്ങളുടെ കാര്‍ അല്‍പ്പം മുമ്പോട്ടു പോയപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബാരക്കുകള്‍ ദൃശ്യമായിത്തുടങ്ങി. ഇന്ത്യാ-പാക് അതിര്‍ത്തി ഗ്രാമത്തിലൂടെയാണ് യാത്ര ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന അടയാളങ്ങളില്‍ ഒന്നായിരുന്നു അത്.

* * * *

അതിര്‍ത്തി ഗ്രാമങ്ങളിലെ ജീവിതത്തിന് ചില പ്രത്യേകതകളുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കര്‍ശനമായ നിയന്ത്രണങ്ങള്‍, സൂക്ഷ്മ നിരീക്ഷണങ്ങള്‍, എപ്പോഴും നിലനില്‍ക്കുന്ന സംഘര്‍ഷ സാധ്യതകള്‍, നുഴഞ്ഞുകയറ്റ ഭീഷണി, സുരക്ഷാ സേനകളുടെ നിത്യസാന്നിധ്യവും അന്വേഷണ-പരിശോധനകളും, അഭയാര്‍ഥി പ്രവാഹം, കള്ളക്കടത്തു ഭീഷണി തുടങ്ങിയവ ഉദാഹരണം. ഏതൊരു രാജ്യാതിര്‍ത്തിക്കും ബാധകമാകുന്ന കാര്യങ്ങളാണ് ഇവ. നേരത്തെ ഒന്നിച്ചുനിന്ന ശേഷം വിഭജിക്കപ്പെട്ട രാജ്യങ്ങള്‍ തമ്മില്‍ ഇത്തരം അതിര്‍ത്തി പ്രശ്‌നങ്ങള്‍ പൊതുവെ കൂടുതലായിരിക്കും. ഒരേ വംശീയ വിഭാഗങ്ങളോ, മതസമുദായങ്ങളോ രണ്ടു രാജ്യങ്ങളിലായി ഭാഗിക്കപ്പെട്ടു കിടക്കുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ക്ക് രൂക്ഷത കൂടും. ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കശ്മീരിലും ബംഗ്ലാദേശ് അതിര്‍ത്തിയിലും സ്ഥിതിഗതികള്‍ വിഭിന്നമാണ്. എന്നാല്‍, രാജസ്ഥാനിലെ, വിശേഷിച്ചും ബാഡ്മിറിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്. കശ്മീര്‍ പോലെ ഒരു സംഘര്‍ഷ ഭൂമിയല്ല ബാഡ്മിര്‍. ഇന്ത്യാ-പാക് യുദ്ധവേളകളില്‍ മാത്രമാണ് ഇവിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുള്ളത്. ബാഡ്മിറില്‍ ഏതാണ്ട് 240 കിലോമീറ്ററാണ് ഇന്ത്യാ-പാക് അതിര്‍ത്തി.

1965 ലെ ഇന്ത്യാ-പാക് യുദ്ധവേളയിലാണ് പാണ്ഡികപാട് പോലുള്ള ബാഡ്മിര്‍ ഗ്രാമങ്ങള്‍ ഇന്ത്യാ വിഭജനം അനുഭവിച്ചറിഞ്ഞത്. പലര്‍ക്കും രാജ്യം വിഭജിക്കപ്പെട്ടുവെന്ന് മനസ്സിലായതുതന്നെ യുദ്ധം നടന്നപ്പോഴാണ് എന്ന് ചില ഗ്രാമീണര്‍ പറയുകയുണ്ടായി. യുദ്ധം അവസാനിച്ചതോടെ, സ്ഥിതിഗതികള്‍ ക്രമേണ പൂര്‍വാവസ്ഥയിലായി. ജീവിതം ശാന്തമാവുക മാത്രമല്ല, ഇരുരാജ്യങ്ങളിലെയും അയല്‍പക്ക ഗ്രാമങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഉറ്റബന്ധവും നിലനിന്നിരുന്നുവത്രെ. കാരണം, അവരില്‍ പലരും കുടുംബബന്ധം ഉള്ളവരും ഒരേ മത-സമുദായങ്ങളിലോ, വംശ-ഗോത്രവിഭാഗങ്ങളിലോ പെട്ടവരും ആണ്. ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും പരസ്പരം യാത്ര ചെയ്യുന്നതിനും പ്രയാസങ്ങള്‍ ഇല്ലായിരുന്നുവത്രെ. 1999-ലെ കാര്‍ഗില്‍ യുദ്ധം വരെ ഇത് തുടര്‍ന്നു. കാര്‍ഗില്‍ യുദ്ധത്തോടെ, ഇരുഭാഗത്തു നിന്നുമായി പത്ത് മീറ്ററില്‍ അതിര്‍ത്തി നിലവില്‍ വന്നു. അതിര്‍ത്തി സുരക്ഷാസേനയുടെ പട്രോളിംഗ് ശക്തമാക്കി. അതിര്‍ത്തിയില്‍, പകല്‍ സമയത്ത് 500 മീറ്റര്‍ ഇടവിട്ടും രാത്രി ഓരോ 250 മീറ്ററിലും ബി.എസ്.എഫ് ജവാന്മാര്‍ കാവല്‍ നില്‍ക്കുന്നു. അതിര്‍ത്തിയിലുടനീളം സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ രാത്രി ദൂരെ നിന്നുതന്നെ കാണാം.  ഈ മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാണ്. സുരക്ഷാ പരിശോധനകള്‍ കൃത്യമായി നടക്കുന്നു. പുറം ഗ്രാമങ്ങളില്‍നിന്ന് വരുന്ന സ്വദേശികള്‍ക്കുതന്നെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്. ചില സ്ഥലങ്ങളില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പോകാന്‍ പറ്റില്ല. സ്ഥാപനങ്ങള്‍ കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കണം. പുറത്തുനിന്ന് വരുന്ന സ്വദേശികളുടെ പൂര്‍ണമായ വിലാസവും മറ്റുവിവരങ്ങളും അതില്‍ രേഖപ്പെടുത്തി സൂക്ഷിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത് സന്ദര്‍ഭാനുസാരം പരിശോധിക്കും.

1999 മുതലാണ് ഇതെല്ലാം കര്‍ശനമായത്. യഥാര്‍ഥത്തില്‍, കാര്‍ഗില്‍ യുദ്ധാനന്തരം അതിര്‍ത്തി വേലികെട്ടി വേര്‍തിരിച്ച സംഭവം ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറെ പ്രയാസപ്പെടുത്തുന്ന ഒരു വഴിത്തിരിവായിരുന്നു. വേദനിപ്പിക്കുന്ന ഒരു മുറിച്ചുമാറ്റലാണ് അന്ന് നടന്നത്. 1947 ലെ വിഭജനവും, 1965 ലെ ഇന്ത്യാ-പാക് യുദ്ധവും ഉണ്ടാക്കിയ മുറിവുകളുടെ തുടര്‍ച്ചയായിരുന്നു ഇത്. ഇന്ത്യാ-പാക് ജനതയെ കൂട്ടിയിണക്കിയിരുന്ന ബാഡ്മിര്‍ വഴി വിഭജനാനന്തരവും തുടര്‍ന്നുവന്ന ട്രെയ്ന്‍ ഗതാഗതം 1965 ലെ യുദ്ധത്തോടെയാണ് ഇല്ലാതായത്. പഞ്ചാബിലെ വാഗ കഴിഞ്ഞാല്‍, രണ്ടാമത്തെ റെയില്‍വേയായിരുന്നു രാജസ്ഥാനും സിന്ധിനും ഇടയിലുണ്ടായിരുന്നത്. 1965-ല്‍ നിലച്ച ഈ റെയില്‍ ഗതാഗതം 2006 ലാണ് പുനഃസ്ഥാപിച്ചത്. ഇപ്പോള്‍ ജോഥ്പൂരിനും കറാച്ചിക്കുമിടയില്‍ ആഴ്ചയിലൊരിക്കല്‍ താര്‍ എക്‌സ്പ്രസ് യാത്ര നടത്തുന്നുണ്ട്. വെട്ടിമുറിക്കപ്പെട്ട ജനതക്ക് പരസ്പരം ബന്ധപ്പെടാനുള്ള ഒറ്റപ്പെട്ട വഴികളില്‍ ഒന്നാണിത്.

* * * *

'സിന്ധി'കളാണ് ബാഡ്മിര്‍ നിവാസികളില്‍ വലിയൊരു ശതമാനവും. പാണ്ഡികപാട് പോലുള്ള മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ താമസിക്കുന്നതാകട്ടെ 'സിന്ധി മുസ്‌ലിം'കളും. നീണ്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൈന്ധവ സംസ്‌കാരത്തിലേക്ക് ചെന്നുചേരുന്നതാണ് 'സിന്ധി' പാരമ്പര്യം. സിന്ധു നദീ തീരത്ത് താമസിക്കുന്നവര്‍ എന്ന അര്‍ഥത്തിലാണ് ഈ പേര് വരുന്നത്. അവര്‍ സംസാരിക്കുന്നത് 'സിന്ധി' എന്നറിയപ്പെടുന്ന പാരമ്പര്യഭാഷയാണ്. സൗത്ത് ഏഷ്യയുടെ പടിഞ്ഞാറന്‍ മുനമ്പാണ് സിന്ധ്. ഹബ്ലാഡി, സൂംറ, സമ്മ തുടങ്ങിയ രാജവംശങ്ങള്‍ മുമ്പ് സിന്ധ് ഭരിച്ചിട്ടുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പഞ്ചാബ്, സിന്ധ് വഴിയാണ് ഇന്‍ഡസ് നദീതീരത്ത് എത്തിയത്.

ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ സമാനതയിലാണ് 'സിന്ധി' വിഭാഗവും സംസ്‌കാരവും രൂപപ്പെട്ടതെങ്കിലും അവര്‍ക്കിടയില്‍ അനേകം ഉള്‍പിരിവുകള്‍ ഉണ്ട്. ഭൂട്ടോ, ഭാട്ടി, റഹൂമ, സമേജ, നോഡി, കലാര്‍, ജനിയ, ചനിയ, ഗോറി, ഗജു, മാലവി, ഭച്ചു, മെഹന്‍ദ്രോ, ബുരിറൊ, ലാഖ, ചച്ചാര്‍, റത്തോട്, ദക്കാന്‍ തുടങ്ങി അനേകം ഉപവിഭാഗങ്ങളുണ്ട് 'സിന്ധി'കള്‍ക്കിടയില്‍. രജാസ്ഥാനിലെ സിന്ധി സിപാഹികളും ഗുജറാത്തിലെ സന്ധാപി മുസ്‌ലിംകളും സിന്ധി രജപുത്രരില്‍ ഉള്‍പ്പെടുന്നു. ജാട്ടുകള്‍ സിന്ധി രജപുത്രരുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ അവാന്തര വിഭാഗങ്ങളെല്ലാം സിന്ധി ഹിന്ദുക്കളിലും സിന്ധി മുസ്‌ലിംകളിലും ഉണ്ട്.

സിന്ധികളില്‍ മഹാഭൂരിപക്ഷവും താമസിക്കുന്നത് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ്. അതാണ് അവരുടെ യഥാര്‍ഥ ദേശം. സിന്ധികളില്‍ 85% മുസ്‌ലിംകളാണ്. ഹിന്ദുക്കളും സിക്കുകാരും ഉള്‍പ്പെടെയുള്ളവര്‍ 15% വരും. വിഭജന നാളുകളില്‍ ഹിന്ദു-സിക്ക് സിന്ധികളില്‍ കുറേപേര്‍ ഇന്ത്യയിലേക്ക് വന്നു. മുസ്‌ലിം സിന്ധികളില്‍ കുറേപേര്‍ പാകിസ്താനിലേക്ക് പോയി. എന്നാല്‍, പലായനം ചെയ്യാതെ ശേഷിച്ച ഇരു മതസമുദായങ്ങളിലും പെട്ടവര്‍ രണ്ടു രാജ്യങ്ങളിലും താമസിക്കുന്നുണ്ട്.

* * * *

സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ് 'സിന്ധി' ജനത. വേഷഭൂഷകള്‍ കൊണ്ടുതന്നെ സിന്ധികളെ തിരിച്ചറിയാനാകും. പുരുഷന്മാര്‍ അയഞ്ഞു തൂങ്ങിയ പൈജാമക്കും ജുബ്ബക്കും ഒപ്പം, വലിയ തലപ്പാവും ധരിക്കുന്നു. ചിലര്‍ വലിയ ഖമീസ് (തേട്ട) ധരിക്കും. എട്ട് മീറ്റര്‍ നീളമുള്ള തുണികൊണ്ടാണ് 'പക്ടി' (തലപ്പാവ്) ചുറ്റിക്കെട്ടുന്നത്. അതിന് പ്രത്യേകമായ ഒരു സൗന്ദര്യമുണ്ട്. മുസ്‌ലിംകള്‍ പൊതുവെ വെളുത്ത പക്ടിയായിരിക്കും ഉപയോഗിക്കുക. സ്ത്രീകള്‍ ധരിക്കുന്ന 'ജഫര്‍' വസ്ത്രത്തിന്റെ കൈകള്‍ നീളം കുറവായിരിക്കും. 8 മീറ്റര്‍ നീളമുള്ള തുണി കൊണ്ടാണ് 'ഗാഗ്‌റ' എന്ന പാവാട തുന്നുന്നത്. പല നിറത്തിലുള്ള ചിത്രപ്പണികള്‍ നിറഞ്ഞതാണ് സിന്ധിസ്ത്രീകളുടെ വസ്ത്രം. രാജസ്ഥാനികളുടെ വസ്ത്രം പൊതുവില്‍ തന്നെ വര്‍ണാഭമാണ്, സിന്ധി സ്ത്രീകള്‍ കൈകളില്‍, ചുമല്‍ മുതല്‍ മുട്ടു വരെ വലിയ വലിയ വളകള്‍ അണിയും. ചുമലിലെ വലിയ വളകള്‍, താഴെ കൈമുട്ടിലെത്തുമ്പോള്‍ ചെറുതായിവരും. 'ചൂഢ' എന്നാണ് വളക്ക് അവര്‍ പറയുന്നത്. കൈമുട്ടില്‍ പ്രത്യേക വളയിട്ടിട്ടുണ്ടെങ്കില്‍ വിവാഹിതയാണെന്ന് മനസ്സിലാക്കാം. ഭര്‍ത്താവ് മരിച്ചാല്‍ പകുതി വള അഴിച്ചുകളഞ്ഞ് വസ്ത്രത്തിന്റെ കൈയറ്റം കറുപ്പിക്കും. മഹ്ര്‍ പൊതുവെ വെള്ളികൊണ്ടായിരിക്കും. മഹ്ര്‍ വള അണിയുന്നതാകട്ടെ കാലിലും.

രണ്ട് ദിവസങ്ങളിലായാണ് സിന്ധികളുടെ വിവാഹം. ആദ്യ ദിവസം വരന്റെ വീട്ടില്‍ സദ്യ. രാത്രി വധുവിന്റെ വീട്ടിലേക്ക് പോകും. അവിടെ വെച്ചാണ് നികാഹ്. രാത്രി വരനും കൂട്ടുകാരനും ബന്ധുക്കളും അവിടെ താമസിക്കും. രാവിലെ ഭക്ഷണം കഴിഞ്ഞ ശേഷം തിരിച്ചുവരും. വിവാഹാനന്തരം ആദ്യ രണ്ടുവര്‍ഷങ്ങളില്‍ പെണ്‍കുട്ടി കൂടുതലും അവളുടെ വീട്ടിലായിരിക്കും താമസിക്കുക. ഭര്‍ത്താവ് മരിച്ചാല്‍ സിന്ധി സ്ത്രീകള്‍ക്ക് പൊതുവെ പുനര്‍വിവാഹം ഇല്ല എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്ന് മാത്രമേ, മിക്കവാറും ഭര്‍ത്താവിന് സഹോദരന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മാത്രം-വിധവയെ വിവാഹം ചെയ്യൂ. ഭര്‍തൃവീട്ടുകാര്‍ക്ക് മാത്രമാണ് വിധവയുടെ മേല്‍ അവകാശം എന്നതാണ് അവരുടെ രീതി. സ്ത്രീയുടെ കുടുംബത്തിലെ പുരുഷന്മാര്‍ക്കുപോലും വിധവയെ വിവാഹം കഴിച്ചു കൊടുക്കില്ല. എന്നുമാത്രമല്ല, സിന്ധികള്‍, 'സിന്ധി'കളെ മാത്രമേ വിവാഹം കഴിക്കൂ. പുറത്തുനിന്ന് വിവാഹം കഴിക്കുന്ന സ്ത്രീക്കും പുരുഷനും അവര്‍ ഭ്രഷ്ട് കല്‍പിക്കും. ഗോത്രങ്ങളുടെ പേരിലുള്ള 'അഭിമാനകൊല'കളുടെ യാഥാര്‍ഥ്യം മനസ്സിലാകാന്‍, ഗോത്ര-വംശ വികാരങ്ങളുടെ തീവ്രത അറിയുക തന്നെ വേണം.

* * * *

ക്രി. 632 നുശേഷം ഇസ്‌ലാം എത്തിച്ചേര്‍ന്ന ആദ്യ പ്രദേശങ്ങളിലൊന്നാണ് സിന്ധ്. മുഹമ്മദ് ബിന്‍ ഖാസിമിന്റെ സിന്ധ് ആഗമനമാണ് ഇവിടെ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിക്കാനുള്ള കാരണം. 'സിന്ധി'കളുടെ ഇസ്‌ലാമിക പാരമ്പര്യത്തിന് ഇത്രയേറെ പഴക്കമുണ്ടെന്നര്‍ഥം. അന്ന് ഹൈന്ദവ-ബുദ്ധ മതങ്ങളില്‍നിന്ന് ധാരാളം പേര്‍ ഇസ്‌ലാമിലേക്ക് ആകൃഷ്ടരായി. അങ്ങനെയാണ് സിന്ധികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളായത്.

എന്നാല്‍ മുഹമ്മദ് ബിന്‍ ഖാസിമും അനുയായികളും തിരിച്ചുപോയതിനുശേഷം പൊതുവെ സിന്ധികള്‍ മുസ്‌ലിംകളായി തുടര്‍ന്നത് പേരില്‍ മാത്രമാണ് എന്നാണ് മനസ്സിലാകുന്നത്. ഇസ്‌ലാമിക ആദര്‍ശത്തിന്റെ സ്വാധീനമോ അടയാളങ്ങളോ അവരുടെ ജീവിതത്തില്‍ അധികമൊന്നും ഉണ്ടായിരുന്നില്ല. സുന്നി ഹനഫീ മദ്ഹബാണ് അവര്‍ പിന്തുടരുന്നത്. സ്വൂഫി തത്ത്വങ്ങള്‍ക്കനുസരിച്ചാണ് സിന്ധി മുസ്‌ലിംകളുടെ സംസ്‌കാരം പൊതുവെ രൂപപ്പെട്ടതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഷാഹ് അബ്ദുല്ലത്വീഫ് ബിട്ടല്‍, ലാല്‍ ഷഹ്ബാസ് കലന്ദര്‍ തുടങ്ങിയ സ്വൂഫി ആചാര്യന്മാര്‍ക്ക് സിന്ധി മുസ്‌ലിംകള്‍ വലിയ ആദരവ് കല്‍പിക്കുന്നു.

ഇസ്‌ലാമിക പഠനത്തിലും ദീനീ അനുശാസനകള്‍ ജീവിതത്തില്‍ പാലിക്കുന്നതിലും ബാഡ്മിറിലെ സിന്ധി മുസ്‌ലിംകള്‍ വളരെ പിന്നിലാണ്. ദീര്‍ഘകാലമായി ദീനീ പഠനത്തിന് സംവിധാനമോ, പള്ളികളോ ഒന്നും ഇവിടങ്ങളില്‍ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ച ജാനകിബറി ഗ്രാമത്തില്‍ കുറെയേറെ മുസ്‌ലിം വീടുകളുണ്ട്. നമസ്‌കരിക്കുമ്പോള്‍ 15 ഓളം ഗ്രാമീണ മുസ്‌ലിംകള്‍ ഞങ്ങളുടെ അടുത്തുണ്ടായിരുന്നു. പക്ഷേ രണ്ടോ, മൂന്നോ പേര്‍ മാത്രമാണ് നമസ്‌കാരത്തില്‍ പങ്കാളികളായത്. അന്വേഷിച്ചപ്പോള്‍ മനസ്സിലായത് അവര്‍ക്കൊന്നും നമസ്‌കാരം പോലും അറിയില്ല എന്നാണ്. ഖുര്‍ആനും സുന്നത്തുമൊന്നും അവര്‍ മനസ്സിലാക്കിയിട്ടില്ല. പേരില്‍ മാത്രമാണ് അവര്‍ മുസ്‌ലിംകളായി തുടരുന്നത്. ബാഡ്മിറില്‍ മാത്രമല്ല, രാജസ്ഥാന്റെ മറ്റു ചില ഭാഗങ്ങളിലും മുസ്‌ലിംകളില്‍ രജപുത്ര സംസ്‌കാരത്തിന്റെയും മറ്റും കവിഞ്ഞ സ്വാധീനം പ്രകടമായി കാണാം. പ്രത്യേകിച്ച് ഒരു രാഷ്ട്രീയവും ബാഡ്മിര്‍ മുസ്‌ലിംകള്‍ക്കില്ല. അവരിലേറെ പേരും വോട്ട് ചെയ്യുന്നത് ബി.ജെ.പിയിലെ ജസ്‌വന്ത് സിംഗിനാണ്.

ഇസ്‌ലാമിക പണ്ഡിതരോ, ഉത്തരേന്ത്യയില്‍ പൊതുവെ കാണപ്പെടുന്ന മൗലാനാമാരുടെ നേതൃത്വം പോലുമോ ബാഡ്മിര്‍മാരുടെ ഗ്രാമങ്ങളിലെ മുസ്‌ലിംകള്‍ക്ക് ഇല്ല. ഒറ്റപ്പെട്ട ഒന്നുരണ്ടു വ്യക്തിത്വങ്ങളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. പുതുതായി സ്ഥാപിക്കപ്പെട്ട പള്ളികളും അവയില്‍ നടക്കുന്ന ചെറിയ തോതിലുള്ള മദ്‌റസകളുമാണ് ആശ്വാസം. പാണ്ഡികപാട് ഗ്രാമത്തിലെ എം.വി.എം റജിസ്താന്‍ സ്‌കൂളാണ് എടുത്തുപറയേണ്ട ഒരു വിദ്യാഭ്യാസ സംരംഭം. മരുഭൂമിയിലെ ആ ഗ്രാമീണ ജനതയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ സ്‌കൂള്‍ എന്ന് അവിടുത്തെ 170 ഓളം കുട്ടികളുമായി ഇടപഴകിയപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അവരില്‍ ഇരുപത് പേര്‍ അമുസ്‌ലിം കുട്ടികളാണ്, ഹോസ്റ്റലില്‍ താമസിക്കുന്ന നര്‍സിറാം ഉള്‍പ്പെടെ. ഇത് ഏറെ സന്തോഷിപ്പിച്ച ഘടകമായിരുന്നു. പതിമൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍നിന്നാണ് അവിടേക്ക് കുട്ടികള്‍ വരുന്നത്. വലിയ ആവേശം ആ കുട്ടികളുടെ മുഖത്ത് നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഏഴ് കിലോമീറ്റര്‍ വരെ നടന്നുവന്ന് അവര്‍ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍, മരുഭൂമിയിലെ പുതുതലമുറ വിദ്യാഭ്യാസത്തിന് എത്രമേല്‍ ആഗ്രഹിക്കുന്നുവെന്ന് മനസ്സിലാകും. ഇംഗ്ലീഷില്‍ പ്രസംഗിക്കാന്‍ 3/4 ക്ലാസുകളിലെ കുട്ടികള്‍ വരെ ഉത്സാഹിക്കുന്നുവെന്നത് ബാഡ്മിര്‍ മരുഭൂമിയിലെ കുഗ്രാമങ്ങളെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ ചുവടുവെപ്പാണ്. ആ സ്വപ്നങ്ങള്‍ സഫലമാകാന്‍ സഹൃദയ ലോകത്തിന്റെ കൈതാങ്ങ് അവര്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്, അതിനവര്‍ക്ക് അര്‍ഹതയുമുണ്ട്. അവരുടെ പ്രതീക്ഷകള്‍ സഫലമാകാന്‍ ഞങ്ങളുടെയും പിന്തുണയുണ്ടാകും എന്ന സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഞങ്ങള്‍ ബാഡ്മിറില്‍നിന്ന്, ചരിത്ര പ്രസിദ്ധമായ ജയ്‌സല്‍മീറിലേക്ക് മരുഭൂമി മുറിച്ചുകടന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍