Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

പുരുഷ ഹൃദയം കീഴടക്കാന്‍ ആറ് വഴികള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         ''ന്റെ ഭര്‍ത്താവിന്റെ ഹൃദയം കവരാനും മറ്റാര്‍ക്കും അദ്ദേഹത്തെ തട്ടിയെടുക്കാന്‍ കഴിയാത്തവിധം എന്റെ സ്വാധീനവലയത്തിലും അധികാര പരിധിയിലും അദ്ദേഹത്തെ നിര്‍ത്താനും എന്താണൊരു വഴി?'' ഈ ചോദ്യം എന്നെ സമീപിക്കുന്ന പല സ്ത്രീകളില്‍ നിന്നും എനിക്ക് കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ട്. ജോലിസ്ഥലത്ത് വെച്ചോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റു സ്ത്രീകളുമായി ഇടപെടുന്നവരാണ് ഭര്‍ത്താക്കന്മാരെങ്കില്‍ ഭാര്യമാരുടെ ഭയവും ആശങ്കകളും കൂടും. രാപ്പകല്‍ ഭേദമില്ലാതെ തങ്ങളുടെ ഭര്‍ത്താക്കന്മാരെക്കുറിച്ച് വ്യാകുലപ്പെട്ട് കഴിയുന്നവരായിരിക്കും അത്തരം ഭാര്യമാര്‍. പുരുഷന്മാര്‍ക്കുമുണ്ട് ഇത്തരം ചിന്തകള്‍. തങ്ങളുടെ ഭാര്യമാരുടെ ഹൃദയം കവരാനും, മറ്റാരിലും അവര്‍ക്ക് ആസക്തിയുണ്ടാവാത്തവിധം അവരുടെ മനസ്സില്‍ സ്വാധീനം ഉറപ്പിക്കാനും എന്തുണ്ട് മാര്‍ഗം എന്നാണ് അവരുടെ ചിന്ത. ഈ ലേഖനത്തില്‍ ഭര്‍തൃ ഹൃദയങ്ങള്‍ കീഴടക്കാന്‍ ഭാര്യമാര്‍ക്കുള്ള നിര്‍ദേശങ്ങളാണ് സ്വകാര്യമായി അവരുടെ ചെവിയില്‍ നാം മന്ത്രിച്ചുകൊടുക്കുന്നത്.

ഒന്ന്, ഭാര്യയെ ഒരു സുഹൃത്തായി കണക്കാക്കി സ്‌നേഹിക്കാന്‍ ഭര്‍ത്താവിന് സാധിക്കണം. തന്റെ ഒരു സുഹൃത്തായി ഭാര്യയെ കാണാനാണ് ഏത് ഭര്‍ത്താവും ആഗ്രഹിക്കുന്നത്. കരുതിവെപ്പോ കെട്ടുപാടോ ഇല്ലാതെ അവളോട് സംസാരിക്കാന്‍ അയാള്‍ക്ക് കഴിയണം. ഇങ്ങനെ കഴിയാതിരിക്കുമ്പോഴാണ് അയാള്‍ വിവാഹേതര ബന്ധങ്ങള്‍ തേടിപ്പോകുന്നത്. ഭര്‍ത്താവിന്റെ വര്‍ത്തമാനം കേട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ സാധാരണയായി, ആ സംസാരം തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യാനാണ് മുതിരുക. ആരെക്കുറിച്ചാണോ ഭര്‍ത്താവ് സംസാരിക്കുന്നത് ആ വ്യക്തിയില്‍ പരകായ പ്രവേശം നടത്തുന്ന പെണ്ണായി മാറും അവള്‍. പിന്നെ ഭര്‍ത്താവിന്റെ ഓരോ വാക്കും ആ നിലക്ക് അപഗ്രഥിച്ചുതുടങ്ങും. ഉദാഹരണമായി ഹൃദ്യമായ പെരുമാറ്റത്തിലൂടെ തന്നെ ആകര്‍ഷിച്ച ഒരു സ്ത്രീയെ കുറിച്ച് ഭര്‍ത്താവ് സംസാരത്തിനിടയില്‍ സൂചിപ്പിച്ചു എന്നിരിക്കട്ടെ. പിന്നെ ഭര്‍ത്താവിനെതിരില്‍ കടുത്ത തീരുമാനങ്ങളിലെത്തും അവള്‍. തര്‍ക്കിക്കും, കയര്‍ക്കും, പിണങ്ങും, ബന്ധം മുറിക്കും, മിണ്ടാതിരിക്കും. 'ഇനി ഇവളുമായി വര്‍ത്തമാനം വേണ്ട' എന്ന് ഭര്‍ത്താവും തീരുമാനിക്കും. അയാള്‍ ക്രമേണ മൗനിയായി മാറും. തന്നെ വിചാരണ ചെയ്യാത്ത, ഹൃദയ വികാരങ്ങള്‍ പങ്കുവെക്കാന്‍ കഴിയുന്ന മറ്റൊരു സ്ത്രീയെ തേടിത്തുടങ്ങും ആ ഭര്‍തൃഹൃദയം.

രണ്ട്, ഭര്‍ത്താവിന്റെ  പൂര്‍വകാല ചരിത്രം അറിഞ്ഞുവെക്കുക. ഏതൊരു പുരുഷനുമുണ്ടാവും താന്‍ ജീവിച്ചുപോന്ന ഒരു പൂര്‍വകാല ചരിത്രം. ബാല്യം, കൗമാരം, യുവത്വം, വിവാഹപൂര്‍വ നാളുകള്‍. പ്രത്യേകിച്ച് വൈകിയാണ് അയാള്‍ വിവാഹം കഴിച്ചതെങ്കില്‍ കൂട്ടുകാരുമൊത്തുള്ള ജീവിതം, കഴിവുകള്‍, കഴിവുകേടുകള്‍, ദൗര്‍ബല്യങ്ങള്‍, ഹോബി... അങ്ങനെ ഒരു പുരുഷന്റെ കഴിഞ്ഞകാലവുമായി ബന്ധപ്പെട്ട ഒട്ടുവളരെ കാര്യങ്ങളുണ്ടല്ലോ. ഭര്‍ത്താവിന്റെ ഹൃദയം കീഴടക്കാന്‍ വെമ്പുന്ന ഭാര്യ വേണ്ടത്, ഭര്‍ത്താവിന്റെ കഴിഞ്ഞകാല ജീവിതത്തിലേക്കുള്ള ചുഴിഞ്ഞ് നോട്ടവും ചാരനിരീക്ഷണവും എന്ന നിലക്കല്ലാതെ അയാളുടെ പൂര്‍വചരിത്രം അറിഞ്ഞ് വെക്കുകയാണ്. അയാള്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങള്‍, വൈകാരിക വിഷയങ്ങളില്‍ അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവ മനസ്സിലാക്കുക. ആഹാരത്തിലും ഭക്ഷണക്രമത്തിലും അദ്ദേഹത്തിന്റെ രുചികളും രുചിഭേദങ്ങളും തിരിച്ചറിയുക. അദ്ദേഹം ഉറ്റബന്ധം പുലര്‍ത്തുന്ന വ്യക്തികളുടെ സ്വഭാവങ്ങളും ശീലങ്ങളും അറിയാന്‍ ശ്രമിക്കുക. ഭര്‍ത്താവിന്റെ വ്യക്തിത്വത്തിലെയും പൂര്‍വ ജീവിതത്തിലെയും സവിശേഷതകള്‍ മനസ്സിലാക്കി പെരുമാറുകയാണ് ആ ഹൃദയം കീഴടക്കാനുള്ള വഴി.

മൂന്ന്, സാന്ത്വന സ്പര്‍ശം കൊതിക്കുന്നതാണ് ഭര്‍തൃഹൃദയം. കുടുംബത്തിന്റെ ജീവിതം ഭദ്രവും സന്തോഷപൂര്‍ണവുമാക്കാനുള്ള യത്‌നത്തില്‍ രാപ്പകലുകള്‍ ചെലവിട്ട് ഓടി നടക്കുന്നവരാണ് പുരുഷന്മാര്‍. ജീവിതത്തില്‍ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന ഗൃഹനാഥനായ പുരുഷന്റെ മനഃസംഘര്‍ഷങ്ങളും സംത്രാസങ്ങളും വിവരണാതീതമാണ്. സമ്മര്‍ദങ്ങളുടെ ഫലമായുള്ള പിരിമുറുക്കങ്ങള്‍ അവന്റെ സന്തത സഹചാരിയാണ്. വീട്ടിന് പുറത്ത് തന്നെ വേട്ടയാടുന്ന നിരവധി പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും മധ്യേയാണ് അവന്റെ ജീവിതം. മനസ്സും ശരീരവും തളര്‍ന്നു വീടണയുന്ന തനിക്ക് സാന്ത്വനവും സമാശ്വാസവും നല്‍കുന്ന കൈകളെയാണ് അവനാവശ്യം. അവളുടെ വര്‍ത്തമാനങ്ങള്‍ അവന് സന്തോഷം പകരണം. അവളുടെ സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശത്താല്‍ അവന്റെ മനസ്സും ശരീരവും കുളിരണിയണം. പുഞ്ചിരിതൂകി അവന്റെ മനോഭാരങ്ങള്‍ ലഘൂകരിക്കാന്‍ അവള്‍ക്ക് കഴിയണം. പുരുഷന്‍ കൊതിക്കുന്ന ഈ കലയില്‍ മിക്ക സ്ത്രീകളും നിപുണകളല്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള മോഹഭംഗങ്ങളും നിരാശയും നെടുവീര്‍പ്പുകളുമായി ഓരോ ദിവസവും പുരുഷന്മാര്‍ എന്നെ സമീപിക്കാറുണ്ട്. വീടിന് പുറത്തും അകത്തും തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും അസന്തുഷ്ടിയെക്കുറിച്ചുമാണ് അവര്‍ക്ക് പറയാനുള്ളത്. വീട്ടിനകത്ത് പിരിമുറുക്കം, വീടിന് പുറത്തും പിരിമുറുക്കം എന്നതാണ് നിര്‍ഭാഗ്യവശാല്‍ അവരുടെ അവസ്ഥ. വീട്ടുവേലക്കാരിയായ ഒരു സ്ത്രീയെയല്ല ഭര്‍ത്താവിന് വേണ്ടത്. സാന്ത്വനത്തിന്റെയും സ്‌നേഹ വചനങ്ങളുടെയും മുഖപ്രസാദത്തിന്റെയും നോക്കും വാക്കും താങ്ങും നല്‍കുന്ന മനസ്വിനിയായ ഒരിണയെയാണ് പുരുഷന്‍ തേടുന്നത് എന്നോര്‍ക്കുക. ഭര്‍തൃഹൃദയത്തില്‍ ഇടം നേടാന്‍ ഈ സമീപന രീതി പരീക്ഷിച്ചുനോക്കൂ. വിജയം നൂറു ശതമാനം ഉറപ്പ്.

നാല്, മടുപ്പും മുഷിപ്പും പുരുഷ സ്വഭാവമാണ്. പുരുഷന്മാരില്‍ ഏറിയ പങ്കും ജീവിതത്തില്‍ നിരന്തര മാറ്റവും പുതുമയും ഇഷ്ടപ്പെടുന്നവരാണ്. സ്ത്രീകളാവട്ടെ സ്ഥിരത കൊതിക്കുന്നവരും. മാറ്റത്തിന് വേണ്ടിയുള്ള പുരുഷന്റെ ഈ വാഞ്ഛ കണക്കിലെടുത്ത് സ്ത്രീയും തന്റെ സമീപനത്തിലും ചിട്ടകളിലും മാറ്റം വരുത്തേണ്ടതുണ്ട്. പാചകത്തില്‍ രുചി വൈവിധ്യത്തിന് പ്രാധാന്യം കൊടുത്ത് ആഹാരവിഭവങ്ങളില്‍ മാറ്റം, വീട്ടിലെ ഫര്‍ണിച്ചര്‍  സൗന്ദര്യബോധത്തോടെ സ്ഥാനം മാറ്റി ക്രമീകരിക്കുക, തന്റെ തന്നെ സ്‌നേഹ പ്രകടനവും ഊഷ്മള സ്വഭാവവും ഭര്‍ത്താവിന് ഹൃദ്യമായ ഒരനുഭവമാക്കാനുതകുംവിധം പ്രസാദാത്മകമായി പെരുമാറുക തുടങ്ങിയവയാണ് സ്ത്രീക്ക് എളുപ്പത്തില്‍ ചെയ്യാവുന്നത്. ക്ഷണനേരത്തില്‍ മാറാനും വിവിധ വര്‍ണങ്ങള്‍ വരിക്കാനുമുള്ള സിദ്ധി സ്ത്രീക്ക് പ്രത്യേകമായുണ്ട്.

അഞ്ച്, ആദരവും മതിപ്പും കഴിവുകള്‍ അംഗീകരിക്കലും. ആദരവിന്റെ വിഷയം പുരുഷ ലോകത്തെ ഒരു അടിസ്ഥാന പ്രശ്‌നമാണ്. താന്‍ സംസാരിക്കുമ്പോള്‍ ഇടക്ക് കയറി വര്‍ത്തമാനം തടസ്സപ്പെടുത്തുന്നത് പുരുഷന് ഇഷ്ടമല്ല. അവന്‍ ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കപ്പെടണമെന്നതാണ് അവന്റെ ആഗ്രഹം. ഒരു നിര്‍ദേശം വെച്ചാല്‍ അതിനൊത്ത് ഭാര്യയും കുടുംബവും നീങ്ങണമെന്നാണ്, പുറമെ എന്തു പറഞ്ഞാലും അവന്റെ ഉള്ളിലിരിപ്പ്. മക്കളുടെയും കുടുംബത്തിന്റെയും കൂട്ടുകാരുടെയും മുന്നില്‍ താന്‍ പരിഹാസ പാത്രമാകുന്നതോ കൊച്ചാക്കപ്പെടുന്നതോ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്തതിനാലും ഭര്‍ത്താവിന് അര്‍ഹമായ പരിഗണനയും ആദരവും നല്‍കാത്തതിനാലും ദാമ്പത്യ ജീവിതം പരാജയപ്പെട്ട് ത്വലാഖില്‍ അവസാനിച്ച എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ട്. പുരുഷന്റെ ഹൃദയം ഇങ്ങനെ കീഴ്‌പ്പെടുത്തിയാല്‍ തന്റെ ആവശ്യങ്ങളൊക്കെ സ്ത്രീക്ക്  സസന്തോഷം നേടിയെടുത്തുകൂടേ, ഒരു കുസൃതിച്ചിരിയോടെ?

ആറ്, പുരുഷന് അയാളുടെ ശക്തിയും സ്ത്രീ എന്ന നിലക്കുള്ള തന്റെ ദൗര്‍ബല്യങ്ങളും ബോധ്യപ്പെടുത്തിക്കൊടുക്കുക. കുട്ടികള്‍ ജനിക്കുന്നതോടെ ഭര്‍ത്താവിനെ മറക്കുന്നതാണ് ചില സ്ത്രീകളുടെയെങ്കിലും സ്വഭാവം. അവളുടെ മുഴു ശ്രദ്ധയും മക്കളിലായിരിക്കും. അപ്പോള്‍ പുരുഷന് താന്‍ അവഗണിക്കപ്പെടുകയാണോ എന്ന് തോന്നും. ഒറ്റപ്പെടല്‍ അനുഭവപ്പെടും. താന്‍ ദുര്‍ബലയാണെന്നും ഭര്‍ത്താവിന്റെ ശക്തമായ പിന്‍ബലം ഏത് നേരത്തും തനിക്കാവശ്യമാണെന്നും ഭര്‍ത്താവിനെ സ്‌നേഹബുദ്ധ്യാ ബോധ്യപ്പെടുത്തുന്നതിലാണ് സമര്‍ഥയായ ഭാര്യയുടെ കഴിവ്. താന്‍ ശക്തനും തന്റെ ഭാര്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഗാര്‍ഹിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും തന്റെ പിന്തുണ അവള്‍ക്ക് വേണമെന്നും അവളുടെ വര്‍ത്തമാനത്തിലൂടെയും പെരുമാറ്റത്തിലൂടെയും അയാള്‍ക്ക് ബോധ്യപ്പെടുമ്പോള്‍ പൗരുഷത്തിന്റെ അഭിമാനബോധം അയാളില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും അവര്‍ക്കിടയിലെ ബന്ധങ്ങള്‍ ശക്തി പ്രാപിക്കുകയും ദൃഢത കൈവരിക്കുകയും ചെയ്യും. 'നിങ്ങളില്ലാതെ എനിക്കെന്ത് ജീവിതം! നിങ്ങളില്ലെങ്കില്‍ ഞാനും മക്കളും എന്തു ചെയ്യാനാണ്, എന്റെ ജീവിതത്തിന്റെ താങ്ങും തണലുമാണ് നിങ്ങള്‍...' തുടങ്ങിയ മധുരോദാരമായ വാക്കുകള്‍ പുരുഷന്റെ കാതുകളില്‍ തേന്‍മഴയായി പെയ്തിറങ്ങുമ്പോള്‍, അതിന്റെ സദ്ഫലങ്ങള്‍ ഗൃഹാന്തരീക്ഷത്തില്‍ നറുനിലാവായി പരിലസിക്കും; പ്രഭ ചൊരിയും. 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍