പ്രക്ഷോഭം കെട്ടടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ ബാക്കി
കഴിഞ്ഞ ആഗസ്റ്റ് പതിനൊന്നിന് പാകിസ്താനിലെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇംറാന്‍ ഖാനും അവാമി തഹ്‌രീഖ് പാര്‍ട്ടി നേതാവ് ത്വാഹിറുല്‍ ഖാദിരിയും തുടക്കം കുറിച്ച പ്രക്ഷോഭം ഇപ്പോള്‍ ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. പ്രക്ഷോഭകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നതിനാല്‍ മറ്റൊരവസരത്തില്‍ ഇതിനേക്കാള്‍ തീക്ഷ്ണമായി പ്രക്ഷോഭങ്ങള്‍ തിരിച്ച്‌വരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പാര്‍ലമെന്റ് ആക്രമണം വരെയെത്തിയ പ്രക്ഷോഭങ്ങള്‍ക്ക് താല്‍ക്കാലിക അറുതി വരുത്തിയത് ഒരു പരിധി വരെ സിറാജുല്‍ ഹഖിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്റ് ഒത്തുതീര്‍പ്പ് സമിതി നടത്തിയ ചര്‍ച്ചകളാണ്. പാകിസ്താന്‍ ജമാഅത്തെ ഇസ്‌ലാമി അധ്യക്ഷന്‍ കൂടിയാണ് സിറാജുല്‍ ഹഖ്. പ്രക്ഷോഭത്തെ പൂര്‍ണമായി പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യാതെ നിഷ്പക്ഷ നിലപാടാണ് പ്രശ്‌നത്തില്‍ ജമാഅത്ത് സ്വീകരിച്ചത്. അതിനാല്‍ ഇരുപക്ഷത്തിനും സിറാജുല്‍ ഹഖ് സ്വീകാര്യനായിരുന്നു. ജമാഅത്ത് അധ്യക്ഷ പദവി ഏല്‍ക്കുന്നതിന് മുമ്പ് ഇന്‍സാഫ് പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും നയിക്കുന്ന ഖൈബര്‍-പക്തൂണ്‍ഖ്വാ പ്രവിശ്യാ ഗവണ്‍മെന്റില്‍ ധനകാര്യ വകുപ്പും സിറാജുല്‍ ഹഖ് കൈകാര്യം ചെയ്തിരുന്നു.
പ്രക്ഷോഭത്തിന്റെ തീക്ഷ്ണത കുറച്ച മറ്റൊരു ഘടകം പ്രകൃതി ദുരന്തങ്ങളാണ്. ജമ്മു-കശ്മീരില്‍ പ്രളയം വിതച്ച ദുരന്തത്തേക്കാല്‍ കൂടുതലായിരുന്നു പാക് അധീന കശ്മീരിലും പഞ്ചാബിലും ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രവിശ്യയിലും പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍. 200-ലധികം പേര്‍ മരണപ്പെട്ടു. ലക്ഷങ്ങള്‍ കുടിയൊഴിക്കപ്പെട്ടു. സിയാല്‍കോട്ട്, മുള്‍ത്താന്‍, മുസഫര്‍ഗഢ് നഗരങ്ങള്‍ പ്രളയത്തില്‍ മുങ്ങി. ലക്ഷം കോടി (ട്രില്യന്‍) രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്. പ്രക്ഷോഭം കാരണമായി 547 ബില്യന്‍ രൂപയുടെയെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായ സന്ദര്‍ഭത്തിലാണിത്. ലോഡ്‌ഷെഡിംഗ്, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ നേരത്തെ തന്നെ നടുവൊടിഞ്ഞ സാധാരണ ജനത്തെ പ്രക്ഷോഭത്തിനെതിരെ തിരിച്ചുവിടാന്‍ ഈ സാഹചര്യം പ്രയോജനപ്പെട്ടു.
പ്രക്ഷോഭം നടന്ന മൂന്നാഴ്ച രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട നിലയിലായിരുന്നു പാകിസ്താന്‍. നിലവിലുള്ള ജനാധിപത്യ-തെരഞ്ഞെടുപ്പ് പ്രക്രിയകളെ മുച്ചൂടും ചോദ്യം ചെയ്താണ് ഇംറാന്‍ ഖാന്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്. നീതിന്യായം, മീഡിയ, രാഷ്ട്രീയ പാര്‍ട്ടികള്‍, ബ്യൂറോക്രസി, ഇലക്ഷന്‍ കമീഷന്‍, ഇലക്ഷന്‍ ട്രൈബ്യൂണല്‍, സാമ്പത്തിക ഘടന തുടങ്ങി സകലതും അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും ഇവയില്‍ നിന്ന് നീതിയോ ജനാധിപത്യ മൂല്യങ്ങളോ പ്രതീക്ഷിക്കുന്നത് അര്‍ഥശൂന്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. 2013-ലെ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നത് കാരണമാണ് തന്റെ പല സ്ഥാനാര്‍ഥികളും തോറ്റതെന്ന് ഇംറാന്‍ ഖാന്‍ ഇലക്ഷന്‍ കമീഷനിലും സുപ്രീംകോടതിയിലും പരാതി നല്‍കിയെങ്കിലും അനുകൂലമായ വിധിയുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് സകല ഭരണ-നിയമ സംവിധാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്ന വലിയൊരു വിഭാഗം മധ്യവര്‍ഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രക്ഷോഭത്തിന്റെ പ്രത്യേകത. നിലവിലുള്ള ജീര്‍ണാവസ്ഥ(സ്റ്റാറ്റസ്‌കോ)യെ സംരക്ഷിക്കുന്നവരും മാറ്റം കൊതിക്കുന്നവരും തമ്മിലുള്ള പോരാട്ടമായാണ് ഇംറാന്‍ ഖാന്‍ ഇതിനെ വിശേഷിപ്പിച്ചത്.
ഇംറാന്‍ ഖാന്റെ പ്രക്ഷോഭം അരാഷ്ട്രീയവത്കരിക്കപ്പെട്ടവരെ കൂടി ആകര്‍ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ത്വാഹിറുല്‍ ഖാദിരിയുടെ രംഗപ്രവേശം. കനഡയില്‍ പ്രവാസിയായിക്കഴിയുന്ന ഇദ്ദേഹത്തെ ചുറ്റിപ്പറ്റി പലതരം ദുരൂഹതകളുണ്ട്. 2013 മെയ് മാസത്തില്‍ പൊതുതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇദ്ദേഹം ഇതുപോലെ ഒരു 'ഇസ്‌ലാമാബാദ് മാര്‍ച്ച്' സംഘടിപ്പിക്കുകയും അത് തൂറ്റിപ്പോവുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിന് ആളെക്കൂട്ടിയത് മൂന്ന് ദിവസത്തെ പണിക്കൂലി നല്‍കിയാണെന്ന് വെളിപ്പെടുക കൂടി ചെയ്തതോടെ ആള്‍ തലയില്‍ മുണ്ടിട്ട് കനഡയിലേക്ക് മുങ്ങി. അമേരിക്കയാണ് ഇയാളെ കൈനിറയെ ഫണ്ട് നല്‍കി കെട്ടിയിറക്കുന്നതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ഭീകരതക്ക് അമേരിക്ക നല്‍കുന്ന അതേ നിര്‍വചനവും വിശദീകരണവുമാണ് ഇദ്ദേഹത്തിന്റെ പുസ്തകങ്ങളിലും കാണുന്നത്. പീപ്പ്ള്‍സ് പാര്‍ട്ടിയെയും നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗിനെയും മാറി മാറി പരീക്ഷിച്ച് പരാജയപ്പെട്ട അമേരിക്ക ത്വാഹിറുല്‍ ഖാദിരിയെ മുന്നില്‍ നിര്‍ത്തി മറ്റൊരു കളിക്ക് കോപ്പ് കൂട്ടുകയാണെന്ന് സംശയിക്കുന്നവര്‍ ഏറെ. ഇക്കാരണങ്ങളാലൊക്കെ ഇംറാന്‍ ഖാന്റെ പ്രക്ഷോഭം നേടിയെടുത്ത വിശ്വാസ്യത തകര്‍ക്കാനേ ത്വാഹിറുല്‍ ഖാദിരിയുടെ രംഗപ്രവേശം ഉതകിയുള്ളൂ.
പ്രക്ഷോഭം രൂക്ഷമായ സന്ദര്‍ഭങ്ങളില്‍ എതിര്‍ ക്യാമ്പും സജീവമായിരുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ വ്യക്തിഹത്യയോളം എത്തി. ഇംറാന്‍ ഖാന്റെ പ്രക്ഷോഭം അശ്ലീലം നിറഞ്ഞതാണെന്നായിരുന്നു ജംഇയ്യത്തുല്‍ ഉലമായെ നേതാവ് ഫസ്‌ലുര്‍റഹ്മാന്‍ പറഞ്ഞത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകളെക്കുറിച്ച് വളരെ മോശമായ കമന്റും അദ്ദേഹം നടത്തി. ഇതുപോലുള്ള കമന്റുകളാണ് പ്രക്ഷോഭം അക്രമാസക്തമാകാനുള്ള ഒരു കാരണം.
പാകിസ്താന്‍ രാഷ്ട്രീയം അരാജകത്വത്തിലേക്ക് കൂപ്പുകുത്തുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സൈന്യം ഇടപെടാനൊരുങ്ങുകയാണെന്നും രഹസ്യ ഏജന്‍സിയായ ഐ.എസ്.ഐ ഇറങ്ങിക്കളിക്കുമെന്നും സൂചന ലഭിക്കുന്നത്. പട്ടാളം അധികാരമേല്‍ക്കുന്നതിനെതിരെ രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് പ്രതിപക്ഷവും ഭരണപക്ഷവുമെല്ലാം ഒന്നിക്കുകയായിരുന്നു. ഇതാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. സൈനിക ഇടപെടലിനെതിരെ ഉയര്‍ന്ന ശക്തമായ ജനവികാരമാണ് ഇത്തവണ നവാസ് ശരീഫിനെ രക്ഷിച്ചതെന്ന് പറയാം.
പക്ഷേ, ഇംറാന്‍ ഖാന്‍ ഉയര്‍ത്തിയ മര്‍മപ്രധാനമായ വിഷയങ്ങള്‍ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം പാകിസ്താനില്‍ സംജാതമായിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ സംവിധാനത്തിന്റെയും പാര്‍ട്ടികളുടെയും ജനാധിപത്യ വിരുദ്ധതയാണ് അതിലൊന്ന്. സമയാസമയം തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും പണവും അധികാരവുമുള്ള ഏതാനും വ്യക്തികളിലോ കുടുംബങ്ങളിലോ ആയി സകലതും കേന്ദ്രീകരിക്കപ്പെടുകയാണ്. അവരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനായിത്തീരുന്നു പിന്നെ രാഷ്ട്രീയ സംവിധാനങ്ങളും പാര്‍ട്ടികളുമെല്ലാം. ജനകീയ പ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാന്‍ ഇത് കാരണമാകുന്നു. അഴിമതിക്കാരായ നേതാക്കളെയും അവരുടെ കീഴിലുള്ള ജീര്‍ണ സംവിധാനങ്ങളെയും നിലനിര്‍ത്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും നവാസ് ശരീഫിന്റെ ലീഗും എം.ക്യു.എമ്മും തമ്മില്‍ ചില രഹസ്യധാരണകളുണ്ടെന്നത് അങ്ങാടിപ്പാട്ടാണ്.
സിറാജുല്‍ ഹഖ് നേതൃത്വം നല്‍കുന്ന പാര്‍ലമെന്റ് ഒത്തുതീര്‍പ്പ് സമിതി ഇത്തരം വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുകയും സുതാര്യമാക്കുകയും ചെയ്യുക എന്നതായിരിക്കും അതില്‍ പ്രധാനപ്പെട്ടത്. തങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ക്കനുസരിച്ച് ദേശീയ/പ്രവിശ്യ അസംബ്ലികളില്‍ പ്രാതിനിധ്യം കിട്ടുന്നില്ല എന്ന പരാതി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നവാസ് ശരീഫിന്റെ മുസ്‌ലിം ലീഗിന് ലഭിച്ചത് ഒന്നര കോടി വോട്ടാണ്. ലഭിച്ച പാര്‍ലമെന്റ് സീറ്റ് 140. എന്നാല്‍ 70 ലക്ഷം വോട്ട് ലഭിച്ച ഇന്‍സാഫ് പാര്‍ട്ടിക്ക് 34 സീറ്റേ ലഭിച്ചുള്ളൂ. വോട്ടിംഗ് ശതമാനം വെച്ചു നോക്കുമ്പോള്‍ 70 സീറ്റെങ്കിലും ലഭിക്കണം. തെരഞ്ഞെടുപ്പ് ചട്ടം പരിഷ്‌കരിക്കുകയേ ഇതിന് മാര്‍ഗമുള്ളൂ. ആനുപാതിക പ്രാതിനിധ്യം എന്ന തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തിലേക്ക് ഈ ചര്‍ച്ച വഴിതുറന്നു കൂടായ്കയില്ല.
Comments