Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

വിചിത്രമായ സുന്നി-ശിഈ ഐക്യം

         ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഡയ്‌ലി ടെലഗ്രാഫില്‍ എഴുതിയ ഒരു ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു: ''ഇറാഖിലും സിറിയയിലും രംഗപ്രവേശം ചെയ്ത ഐ.എസ്.ഐ.എസ് ബ്രിട്ടന്റെ സുരക്ഷ നേരിടുന്ന മഹാ ഭീഷണിയായിരിക്കുന്നു. ഈ കൊടും ഭീകരരെ സൈനിക നടപടിയിലൂടെ തുടച്ചുനീക്കിയില്ലെങ്കില്‍ ബ്രിട്ടീഷുകാര്‍ സ്വന്തം തെരുവുകളില്‍ മരിച്ചുവീഴുന്ന സ്ഥിതിവിശേഷമുളവാകും.'' ഐ.എസ്.ഐ.എസില്‍ ചേര്‍ന്ന് ഇറാഖിലും സിറിയയിലും പോരാടുന്ന ആസ്‌ത്രേലിയക്കാര്‍ നാട്ടില്‍ തിരിച്ചെത്തിയാല്‍ ആസ്‌ത്രേലിയയുടെ സുരക്ഷ അപകടത്തിലാകുമെന്ന് ആ രാജ്യത്തിന്റെ പ്രധാനമന്ത്രി ടോണി ഐബട്ടും പ്രസ്താവിച്ചിരിക്കുന്നു. ദാഇശ് (ഐ.എസ്.ഐ.എസ്) എന്ന ഭീകര സംഘം സുഊദി ജനതയുടെ കൊടിയ ശത്രുക്കളാണെന്നാണ് സുഊദിയിലെ മുഖ്യ മുഫ്തി ശൈഖ് അബ്ദുല്‍ അസീസിന്റെ പ്രസ്താവന. ഇറാന്റെ ശക്തമായ പിന്തുണയുള്ള ലബനീസ് ശിഈ സായുധ ഗ്രൂപ്പ് ഹിസ്ബുല്ലയുടെ നേതാവ് സയ്യിദ് ഹസന്‍ നസ്‌റുല്ല ഒരഭിമുഖത്തില്‍ പറഞ്ഞു: ''ഗള്‍ഫുരാജ്യങ്ങള്‍ക്കാകമാനം മഹാ വിപത്താണ് ഐ.എസ്.ഐ.എസ്. ഞങ്ങളുടെ ലബനാനും അതില്‍ നിന്ന് മുക്തമല്ല. അതിനാല്‍ ഹിസ്ബുല്ലാ സൈനികര്‍ അവരുമായി യുദ്ധം ചെയ്യാന്‍ തയാറായിരിക്കുകയാണ്.'' ലോകമെങ്ങുമുള്ള അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് അല്‍ഖാഇദയെക്കാള്‍ വലിയ ഭീഷണിയായിരിക്കുകയാണ് ഐ.എസ്.ഐ.എസ് എന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചെക് ഹെഗല്‍ പ്രസ്താവിച്ചിരിക്കുന്നു. എന്തു വില കൊടുത്തും ഈ ഭീകര സംഘത്തെ ഉന്മൂലനം ചെയ്യാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ് പ്രസിഡന്റ് ഒബാമ. അതിനദ്ദേഹം ആഗോള സമൂഹത്തിന്റെ വിപുലമായ സഹകരണം തേടിയിട്ടുണ്ട്. സെപ്റ്റംബര്‍ 15ന് മുപ്പതോളം രാഷ്ട്ര സാരഥികള്‍ പാരീസില്‍ സമ്മേളിച്ച് ഐ.എസ്.ഐ.എസ് വിരുദ്ധ യുദ്ധത്തിന് സൈനിക പിന്തുണയുള്‍പ്പെടെയുള്ള സകല സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. നാല്‍പതോളം രാജ്യങ്ങളുടെ പിന്തുണ അവകാശപ്പെടുന്ന അമേരിക്ക സെപ്റ്റംബര്‍ 16-ന് തന്നെ സൈനിക നടപടി ബഗ്ദാദിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

കുറച്ചുനാളായി മാധ്യമങ്ങളില്‍ തുരുതുരാ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ചിലതു മാത്രമാണിത്. അതിനു മുമ്പ് മാധ്യമങ്ങള്‍ നിറഞ്ഞത് ഇറാഖിലും സിറിയയിലും 'സുന്നി ഇസ്‌ലാം' സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള സാധ്യതയെയും അതിന്റെ അപകടകാരിതയെയും കുറിച്ച് അമേരിക്കയുടെയും ഇസ്രയേലിന്റെയും അവരുടെ ആശ്രിതരായ ചില മുസ്‌ലിം രാജ്യങ്ങളുടെയും പ്രസ്താവനകളായിരുന്നു. ഒരുവശത്ത് ഐ.എസ്.ഐ.എസ് എന്ന് വിളിക്കപ്പെടുന്ന 'സുന്നി ഇസ്‌ലാമി'നെതിരെ പാശ്ചാത്യ ശക്തികള്‍ അണിനിരന്നിരിക്കുന്നു. മറുവശത്ത് സുന്നി ഇസ്‌ലാമിന്റെ രക്ഷകരായ ഗള്‍ഫ് രാജ്യങ്ങളും ഇറാന്റെ സംരക്ഷണമുള്ള ഹിസ്ബുല്ല എന്ന ശിഈ മിലിറ്റന്റ് ഗ്രൂപ്പും ഒറ്റക്കെട്ടായി അവരെ പിന്തുണക്കുകയും ചെയ്യുന്നു. അപൂര്‍വവും കൗതുകകരവുമാണീ സുന്നീ-ശിഈ ഐക്യം. 'സുന്നി ഇസ്‌ലാം' എന്നു പേരിട്ടാണ് ഇസ്‌ലാംവിരുദ്ധ ശക്തികള്‍ ഇസ്‌ലാമിനെ വേട്ടയാടുന്നത്. മേഖലയില്‍ സുന്നി ഇസ്‌ലാമിന്റെ സംരക്ഷകരും ബദ്ധവൈരികളും ഈ ഇസ്‌ലാംവേട്ടയെ പിന്തുണക്കാന്‍ ഐക്യപ്പെട്ടിരിക്കുകയാണിപ്പോള്‍. അമേരിക്കന്‍ വിരോധത്തിന്റെയും ശിഈസത്തിന്റെയും ധ്വജവാഹകരായ ഇറാന്‍ പോലും ഈ കൂട്ടുകെട്ടിനൊപ്പമാണ്.

പ്രചാരണ തന്ത്രങ്ങളുടെ ഉള്ളറകളിലേക്കിറങ്ങാത്ത ഉപരിപ്ലവ ദൃഷ്ടികള്‍ക്കു മാത്രമേ ഈ വാര്‍ത്തകളൊക്കെ അപൂര്‍വവും വിചിത്രവുമായി തോന്നുകയുള്ളൂ. പതിറ്റാണ്ടുകളായി മുസ്‌ലിം ലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ ഗൗരവബുദ്ധ്യാ പഠിച്ചിട്ടുള്ളവര്‍ ഇതിലൊന്നും ഒരു അത്ഭുതവും കാണുന്നില്ല. 'വാര്‍ ഓണ്‍ ടെറര്‍' എന്ന പേരില്‍ അമേരിക്ക നയിക്കുന്ന ഇസ്‌ലാംവിരുദ്ധ യുദ്ധത്തിന്റെ പുതിയ എപ്പിസോഡാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. പണ്ടെന്ന പോലെ മുസ്‌ലിംകള്‍ക്കെതിരായ ഈ കളിയിലെ കരുക്കള്‍ ഇപ്പോഴും മുസ്‌ലിംകള്‍ തന്നെയാണ്. തങ്ങള്‍ ആരുടെ ഏതു കളിയിലെ കരുക്കളാണെന്ന് ഐ.എസ്.ഐ.എസും, അവര്‍ക്കെതിരെ പാശ്ചാത്യ ശക്തികളെ സഹായിക്കുന്ന മുസ്‌ലിം രാജ്യങ്ങളും മനസ്സിലാക്കുന്നുണ്ടോ എന്നറിയില്ല. ഇപ്പോള്‍ അത് മനസ്സിലാക്കിയതുകൊണ്ടും വിശേഷമില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ മനസ്സിലാക്കേണ്ടിയിരുന്ന സത്യമാണത്. അന്ന് ബുദ്ധിയുള്ളവര്‍ അത് മനസ്സിലാക്കാതെയല്ല. വ്യക്തിപരവും വിഭാഗീയവുമായ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി മനസ്സിലാകായ്ക നടിക്കുകയായിരുന്നു പലരും. അങ്ങനെ രക്ഷപ്പെടാനാവാത്ത ഒരു ട്രാപ്പില്‍ അവര്‍ വീണുപോയി. ഇനി പാശ്ചാത്യരുടെ കളിയിലെ കരുക്കളാവുകയല്ലാതെ ഗത്യന്തരമില്ല.

ചില പച്ചപ്പരമാര്‍ഥങ്ങളുണ്ട്. ഐ.എസ്.ഐ.എസിനു സൈനിക പരിശീലനം നല്‍കിയത് ചൈനയോ റഷ്യയോ അല്ല. അമേരിക്കയും മേഖലയിലെ അവരുടെ ആശ്രിത രാഷ്ട്രങ്ങളുമാണ്. അവരെ ആയുധമണിയിച്ചതും ഈ രണ്ടു കൂട്ടര്‍ തന്നെ. കൊല്ലുന്നത് അമേരിക്കയുടെ ഡ്രോണ്‍ വിമാനങ്ങളായാലും ഐ.എസ്.ഐ.എസ് ഭടന്മാരുടെ യന്ത്രത്തോക്കുകളായാലും കൊല്ലപ്പെടുന്നത് മുസ്‌ലിംകളാണ്. ഐ.എസ്.ഐ.എസിന്റെ പേരില്‍ നിഷ്ഠുരമായ വംശഹത്യകളും അറുകൊലകളും ധാരാളം ആരോപിക്കപ്പെടുന്നുണ്ട്.  ദൃശ്യമാധ്യമങ്ങള്‍ മനുഷ്യത്വം മരവിച്ചുപോകുന്ന ഭയാനക ദൃശ്യങ്ങള്‍ നിരന്തരം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ദൃശ്യങ്ങള്‍ ഏറിയ കൂറും വ്യാജമാണെന്നാണ് ഐ.എസ്.ഐ.എസിന്റെ അനുഭാവികള്‍ പറയുന്നത്. എന്താണ് സത്യമെന്ന് ആര്‍ക്കറിയാം?! ഇറാഖിലുണ്ടായിരുന്ന 45 ഇന്ത്യന്‍ നഴ്‌സുമാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നുവെന്നാണ് ആദ്യം നമുക്ക് ലഭിച്ച റിപ്പോര്‍ട്ട്. ബോംബാക്രമണമുണ്ടാവാനിടയുള്ളിടത്തുനിന്ന് സ്ഥലം മാറ്റി ഭീകരര്‍ തങ്ങളെ രക്ഷിക്കുകയായിരുന്നുവെന്നും മാന്യമായാണവര്‍ പെരുമാറിയതെന്നുമാണ് നാട്ടിലെത്തിയ നഴ്‌സമാര്‍ ലോകത്തോടു പറഞ്ഞത്. യസീദികളും കുര്‍ദുകളും ശിഈകളും സുന്നികളുമെല്ലാം ധാരാളമായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് വസ്തുതയാണ്. ഈ ചോരപ്പുഴയിലൂടെ എവിടെയും ഇസ്‌ലാമിക സ്റ്റേറ്റ് പിറക്കാന്‍ പോകുന്നില്ലെന്ന് ആരാണീ ചെറുപ്പക്കാരെ പറഞ്ഞു മനസ്സിലാക്കുക? അവര്‍ക്ക് ലഭിച്ച താല്‍ക്കാലിക വിജയങ്ങള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ തന്ത്രം മാത്രമാണ്. തമ്മിലടിപ്പിച്ച് ക്ഷയിപ്പിച്ച് മുസ്‌ലിം ലോകത്തെ സ്ഥിരമായി കാല്‍ക്കീഴില്‍ നിര്‍ത്താനുള്ള തന്ത്രം. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍