Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

ഹയ്യ് ബ്‌നു യഖ്ദാന്‍

ഇബ്‌നു തുഫൈല്‍ /നോവല്‍-6

         അവന്‍ വിചിന്തനം തുടര്‍ന്നു: ഈ ത്രിമാനം എന്നത് വസ്തു എന്ന ആശയം തന്നെയാണോ? മറ്റൊരു ആശയവും അധികമായി ചേര്‍ക്കപ്പെടാത്ത, വസ്തു എന്ന സങ്കല്‍പം മാത്രം? ത്രിമാനങ്ങള്‍ക്ക് പിറകില്‍ മറ്റൊരാശയം കൂടി ഉണ്ടെന്ന വസ്തുത പെട്ടെന്ന് തന്നെ അവന് കണ്ടെത്താന്‍ കഴിഞ്ഞു. അതിലാണ് ത്രിമാനം സ്ഥിതിചെയ്യുന്നത്. അതിനെക്കൂടാതെ, ഒറ്റക്ക് നിലകൊള്ളാന്‍ കഴിയുകയില്ല; ത്രിമാനങ്ങളുള്ള വസ്തുക്കള്‍ക്ക്, ത്രിമാനങ്ങളെ കൂടാതെ നിലകൊള്ളാന്‍ സാധിക്കാത്തതുപോലെ.

കളിമണ്ണ് പോലെ രൂപങ്ങളുള്ള ചില വസ്തുക്കളില്‍ അവനത് പരീക്ഷിച്ചു നോക്കി. ആദ്യം അതിനൊരു ഗോളത്തിന്റെ ആകൃതി നല്‍കി. അപ്പോള്‍ ഒരു നിശ്ചിത അനുപാതത്തില്‍ നീളവും വീതിയും ഘനവും അതിനുണ്ടായിരുന്നു. പിന്നെ ആ ഗോളത്തെ ചതുരക്കട്ടയുടെയും മുട്ടയുടെയും ആകൃതിയിലാക്കിയപ്പോള്‍ അതിന്റെ വലിപ്പത്തില്‍ മാറ്റം വന്നു. പഴയ അനുപാതം നിലനിര്‍ത്താന്‍ അതിനു സാധിക്കുകയുമുണ്ടായില്ല. എങ്കിലും കളിമണ്ണ് കളിമണ്ണായിട്ട് തന്നെ നിലകൊണ്ടു. അതിനൊരു മാറ്റവും സംഭവിക്കുകയുണ്ടായില്ല. എന്നാല്‍, ഏതെങ്കിലും ഒരനുപാതത്തിലുള്ള നീളവും വീതിയും വണ്ണവും അതിന് എപ്പോഴും ഉണ്ടായിരുന്നു.

ഇങ്ങനെ തുടര്‍ച്ചയായി അതിനെ മാറ്റിക്കൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം വ്യക്തമായി. കളിമണ്ണ് എന്ന ആശയത്തിന് പുറമെ മറ്റൊരാശയം കൂടി അതില്‍ അടങ്ങിയിരിക്കുന്നുണ്ട്. അതില്ലാത്ത ഒരവസ്ഥ കളിമണ്ണിന് ഇല്ലെന്നതിനാല്‍ അത് കളിമണ്ണിന്റെ സത്തയില്‍ പെട്ടതാണെന്ന് തോന്നിയതാണ്.

ഇങ്ങനെ ചിന്തിച്ചപ്പോള്‍ വസ്തു എന്നത് രണ്ട് സങ്കല്‍പങ്ങള്‍ ചേര്‍ന്നതാണെന്ന് അവന്‍ മനസ്സിലാക്കി. അതിലൊന്ന് ഗോളം നിര്‍മിച്ച കളിമണ്ണിനെ പ്രതിനിധാനം ചെയ്യുന്നു. രണ്ടാമത്തേത് കളിമണ്ണിനെ ഗോളത്തിന്റെയോ ചതുരക്കട്ടയുടെയോ മറ്റു വല്ലതിന്റെയോ ആകൃതിയിലേക്ക് മാറ്റുമ്പോഴുള്ള അതിന്റെ ത്രിമാന വ്യാപ്തിയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പ്രസ്തുത രണ്ട് സങ്കല്‍പങ്ങളെ കൂടാതെ വസ്തുവിനെ വിഭാവന ചെയ്യുക അസാധ്യമാണ്. അപ്രകാരം ഒന്നിന് മറ്റേതിനെ കൂടാതെ നില്‍ക്കുകയും അസാധ്യം.

അവയില്‍ മാറ്റാന്‍ പറ്റുന്നതും തുടര്‍ച്ചയായി പല ആകൃതികള്‍ നല്‍കാന്‍ സാധിക്കുന്നതും ത്രിമാന വ്യാപ്തിയാണല്ലോ. അതാണ് രൂപമുള്ള എല്ലാ വസ്തുക്കളുടെയും രൂപങ്ങളെ പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍, സ്ഥിരമായി ഒരേ അവസ്ഥയില്‍ നിലകൊള്ളുന്ന, നമ്മുടെ ഉദാഹരണത്തിലെ കളിമണ്ണ് പ്രതിനിധാനം ചെയ്യുന്നത് വസ്തുക്കളുടെ ശരീര ഭാവം എന്ന ആശയത്തെയാണ്. ഉദാഹരണത്തിലെ കളിമണ്ണിന്റെ സ്ഥാനത്തുള്ള ഈ വസ്തുവിനെയാണ് തത്ത്വചിന്തകന്മാര്‍ ധാതു എന്ന് വിളിക്കുന്നത്. എല്ലാ വിധ രൂപങ്ങളില്‍ നിന്നും മുക്തമായ ഒന്നാണത്.

ചിന്തകള്‍ ഈവിധം പുരോഗമിക്കുകയും അങ്ങനെ അവന്‍ ഭൗതിക വസ്തുക്കളില്‍ നിന്ന് ഒരല്‍പം അകന്ന് ബൗദ്ധിക ലോകത്തിന്റെ അതിര്‍ത്തികള്‍ക്കകത്ത് എത്തിപ്പെടുകയും ചെയ്തു. അതോടെ അവന്റെ ആത്മവിശ്വാസം കുറയുകയും അധൈര്യം ഗ്രസിക്കുകയും ചെയ്തു. തനിക്ക് കൂടുതല്‍ സുപരിചിതമായ ഭൗതികലോകത്തിലേക്ക് അവന്‍ പിന്തിരിഞ്ഞു. അമൂര്‍ത്തമായ ആശയങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ ഉപേക്ഷിച്ചു. തന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഒരിക്കലും അവയെ പ്രാപിക്കാനാവുകയില്ലെന്നും തന്റെ ബുദ്ധി കൊണ്ട് അവയെ ഗ്രഹിക്കുക അസാധ്യമാണെന്നും അവന്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍, താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ലളിതമായ ഭൗതിക വസ്തുക്കളില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. അതായത് മണ്ണ്, വെള്ളം, വായു, അഗ്നി എന്നീ ചതുര്‍ഭൂതങ്ങളില്‍.

ആദ്യം വെള്ളത്തെയാണ് അവന്‍ പരിഗണിച്ചത്. അതിന്റെ രൂപം താല്‍പര്യപ്പെടുന്ന അവസ്ഥയില്‍ വിടുകയാണെങ്കില്‍ അതില്‍ രണ്ട് സംഗതികള്‍ കാണാനാവുമെന്ന് അവന്‍ നിരീക്ഷിച്ചു. അനുഭവിച്ചറിയാവുന്ന തണുപ്പും താഴോട്ടു പോകാനുള്ള വെമ്പലുമാണത്. എന്നാല്‍, അഗ്നികൊണ്ടോ സൂര്യതാപം കൊണ്ടോ ചൂടാക്കിയാല്‍ തണുപ്പ് വിട്ടുപോവുകയും താഴോട്ടേക്കുള്ള വെമ്പല്‍ അവശേഷിക്കുകയും ചെയ്യും. കൂടുതല്‍ ചൂടാക്കുന്നതോടെ താഴോട്ട് പോകാനുള്ള ത്വര നഷ്ടപ്പെടുന്നു. മാത്രമല്ല മേലോട്ട് ഉയരുകയും ചെയ്യുന്നു. അങ്ങനെ, അതിന്റെ രൂപത്തില്‍ നിന്ന് ഇടതടവില്ലാതെ പ്രസരിച്ചുകൊണ്ടിരുന്ന പ്രസ്തുത രണ്ട് ഗുണങ്ങളും അതിനു നഷ്ടമാകുന്നു. ഈ രണ്ട് പ്രവര്‍ത്തനങ്ങളും ആവിര്‍ഭവിക്കുന്നത് അതിന്റെ രൂപത്തില്‍ നിന്നാണ് , എന്നല്ലാതെ ആ രൂപത്തെക്കുറിച്ച് അവന്‍ യാതൊന്നും അറിഞ്ഞിരുന്നില്ല.

പ്രസ്തുത രണ്ട് പ്രവര്‍ത്തനങ്ങളും നിലച്ചപ്പോള്‍ അതിന്റെ രൂപം തന്നെ മാറുകയായിരുന്നു. അതിന്റെ ജലരൂപം നഷ്ടപ്പെടുകയും മറ്റൊരു വസ്തുവില്‍ നിന്ന് ഉടലെടുക്കേണ്ടതായ പ്രവര്‍ത്തനങ്ങള്‍ അതില്‍ നിന്ന് വെളിപ്പെടുകയും ചെയ്തു. നേരത്തെ ഇല്ലാതിരുന്ന ഒരു രൂപം അത് സ്വീകരിക്കുകയും ആദ്യ രൂപത്തില്‍ നിന്ന് പ്രത്യക്ഷപ്പെടാത്ത പ്രവര്‍ത്തനങ്ങള്‍ അതില്‍ നിന്ന് പ്രത്യക്ഷപ്പെടുകയും ചെയ്തു.

പുതുതായി ആവിര്‍ഭവിക്കുന്ന ഏതൊരു കാര്യത്തിനും ഒരു ആവിഷ്‌കര്‍ത്താവ് ഉണ്ടായിരിക്കേണ്ടതുണ്ട് എന്ന് അവന്‍ മനസ്സിലാക്കി. ആ ചിന്തയില്‍ നിന്ന് രൂപങ്ങളുടെ നിര്‍മാതാവിനെക്കുറിച്ച ഒരു സങ്കല്‍പം അവന്റെ മനസ്സില്‍ ഉടലെടുത്തു. എങ്കിലും അതൊരു സാമാന്യ ധാരണ മാത്രമായിരുന്നു.

പിന്നെയവന്‍, തനിക്ക് നേരത്തെ പരിചയമുള്ള ഓരോ രൂപത്തെയും ഒന്നൊന്നായി എടുത്ത് പരിശോധിക്കാന്‍ തുടങ്ങി. അപ്പോള്‍ അവയെല്ലാം പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്നും അതിനാല്‍ അവക്കെല്ലാം ഒരു സ്രഷ്ടാവ് നിര്‍ബന്ധമാണെന്നും കണ്ടു. അനന്തരം ആ രൂപങ്ങളുടെ സത്തകളെക്കുറിച്ച് ആലോചിച്ചപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്താനുള്ള ഒരു പ്രാപ്തി എന്നതിനപ്പുറം മറ്റൊന്നുമല്ല അവയെന്നും കാണാന്‍ കഴിഞ്ഞു. ഉദാഹരണത്തിന്,  വെള്ളം. വളരെയധികം ചൂടാക്കുമ്പോള്‍ മുകളിലേക്ക് ഉയരാനുള്ളൊരു പ്രാപ്തി അതിനു കൈവരുന്നു. ആ പ്രാപ്തിയാണ് അതിന്റെ രൂപം. എന്തെന്നാല്‍,  വസ്തുക്കളില്‍ ഉള്ളത് ഒരു ധാതുവും. പിന്നെ, അവയില്‍ നിന്ന് ഉടലെടുക്കുന്നതായി കാണപ്പെടുന്ന മറ്റു ഗുണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ചില ഗുണങ്ങളും മാത്രമാണ്. ഈ ഗുണങ്ങള്‍ നേരത്തെ അവയില്‍ ഇല്ലാത്തതാണ്. ഒരു കര്‍ത്താവ് അവയില്‍ ഉല്‍പാദിപ്പിച്ചതാണവ. ഇങ്ങനെ ഒരു നിശ്ചിത ചലനത്തിന് വസ്തുവിനെ യോഗ്യമാക്കുന്നതെന്തോ അതാണ് അതിന്റെ പ്രാപ്തിയും രൂപവും. എല്ലാ വസ്തുക്കളുടെ കാര്യത്തിലും ഇതു ബാധകമാണ്. അവയില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ചലനങ്ങള്‍ അവയുടേതല്ല. അവയില്‍ ആ ചലനങ്ങള്‍ സൃഷ്ടിച്ച കര്‍ത്താവിന്റേതാണ് യഥാര്‍ഥത്തിലത്. ഇതേ ആശയമാണ് പ്രവാചക(സ)ന്റെ തിരുവചനത്തില്‍ വ്യക്തമാക്കപ്പെടുന്നത്: ''അവന്‍ കേള്‍ക്കുന്നത് ഏതുകൊണ്ടാണോ ആ കാതുകള്‍ ഞാനാകുന്നു. അവന്‍ കാണുന്നത് ഏതു കൊണ്ടാണോ ആ കണ്ണുകള്‍ ഞാനാകുന്നു.''  വിശുദ്ധ വേദ പുസ്തകത്തില്‍ പറയുന്നതും അതുതന്നെ: ''നീയല്ല, മറിച്ച് അല്ലാഹുവാണ് അവരെ വധിച്ചത്. നീ എറിഞ്ഞപ്പോള്‍ നീയല്ല, മറിച്ച് അല്ലാഹുവാണ് അവരെ എറിഞ്ഞത്'' (ഖുര്‍ആന്‍ 8:17).

ആ കര്‍ത്താവിനെക്കുറിച്ച് സാമാന്യവും അസ്പഷ്ടവുമായ ഒരു ധാരണ ലഭിച്ചപ്പോള്‍ അതിനെ കൃത്യമായി മനസ്സിലാക്കാന്‍ അവന്‍ ആഗ്രഹിച്ചു. അപ്പോഴും ഭൗതികലോകത്ത് നിന്ന് പൂര്‍ണമായും പിന്‍വലിഞ്ഞിരുന്നില്ല എന്നതിനാല്‍ ഇന്ദ്രിയ ഗോചര വസ്തുക്കളിലാണ് അവനത് അന്വേഷിച്ചത്.  ആ കര്‍ത്താവ് ഒന്നാണോ ഒന്നിലധികമുണ്ടോ എന്നും അവന് അറിയുമായിരുന്നില്ല. തന്റെ വരുതിയിലുള്ള, ഇതഃപര്യന്തമുള്ള തന്റെ എല്ലാ അന്വേഷണങ്ങളിലും ഉപയോഗിച്ച സകല വസ്തുക്കളിലും അതിനെ അവന്‍ അന്വേഷിച്ചു. ഈ വസ്തുക്കളെല്ലാം സൃഷ്ടി സംഹാരങ്ങള്‍ക്ക് വിധേയമാണെന്ന് അവന്‍ കണ്ടു. പൂര്‍ണമായും നശിക്കാത്ത വല്ലതും അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ തന്നെ അവയും ഭാഗിക വിനാശത്തിന് വിധേയമാണ്. വെള്ളവും മണ്ണും ഇതിനുദാഹരണം. അവയുടെ ചില അംശങ്ങളെ അഗ്നി ഗ്രസിക്കുന്നതായി അവന്‍ നിരീക്ഷിച്ചു. 

അപ്രകാരം, തനിക്ക് സുപരിചിതമായ വസ്തുക്കള്‍ മുഴുവനും പുതുതായി ഉണ്ടാക്കപ്പെട്ടതാണെന്നും അവന്‍ മനസ്സിലാക്കി. അങ്ങനെ അല്ലാത്ത ഒന്നും അക്കൂട്ടത്തിലില്ല. അതുകൊണ്ടുതന്നെ അവ ആ കര്‍ത്താവിനെ ആശ്രയിക്കുന്നവയാണ്. അക്കാരണത്താല്‍ അവയെ ഒരു ഭാഗത്തേക്ക് മാറ്റിവെച്ച ശേഷം ആകാശത്തിലുള്ള വിവിധ വസ്തുക്കളെക്കുറിച്ച് പര്യാലോചിക്കാന്‍ അവന്‍ തീരുമാനിച്ചു. ഈ ചിന്തകള്‍ ആരംഭിക്കുമ്പോള്‍ അവന് ഏതാണ്ട് ഇരുപത്തെട്ട് വയസ്സ് പൂര്‍ത്തിയായിരുന്നു.

ആകാശവും അതിലെ നക്ഷത്രങ്ങളും ഗോളാദികളും സ്ഥൂല വസ്തുക്കളാണെന്ന് ഇപ്പോള്‍ അവന്‍ മനസ്സിലാക്കിയിട്ടുണ്ട്. കാരണം അവയെല്ലാം തന്നെ നീളം, വീതി, വണ്ണം എന്ന ത്രിമാന വ്യാപ്തിയുള്ളവയാണ്. അങ്ങനെയല്ലാത്ത ഒന്നും അക്കൂട്ടത്തിലില്ല. ത്രിമാന വ്യാപ്തി ഉള്ളതെല്ലാം സ്ഥൂല വസ്തുക്കളായിരിക്കും. അതിനാല്‍ ഇവയും സ്ഥൂല വസ്തുക്കളാകുന്നു. എന്നാല്‍, അവ അനന്തതയിലേക്ക് വ്യാപിച്ചിരിക്കുന്നവയാണോ? അഥവാ അറ്റമില്ലാത്ത നീളവും വീതിയും വണ്ണവുമാണോ അവയുടേത്? അതല്ല, അവക്ക് ചുറ്റും ഒരു പരിധിയുണ്ടോ? ഏതെങ്കിലും അതിരുകള്‍ അവക്കപ്പുറത്തേക്ക് പോകാന്‍ പറ്റാത്തവിധം അവയുടെ വ്യാപ്തിക്ക് വിരാമമിടുന്നുണ്ടോ? ഇതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ അവന്‍ അല്‍പമൊന്ന് പരിഭ്രമിച്ചു.

ഒടുവില്‍ തന്റെ ബുദ്ധിശക്തി കൊണ്ടും ഭാവനാശേഷി കൊണ്ടും അവന്‍ മനസ്സിലാക്കി: അനന്തമായ വസ്തു എന്നത് അസംബന്ധമാണ്. തീര്‍ത്തും യുക്തിരഹിതവും അസംഭവ്യവുമായ ഒരു സങ്കല്‍പമാണത്. അനേകം ന്യായങ്ങളിലൂടെ തന്റെ ഈ അഭിപ്രായത്തെ അവന്‍ ബലപ്പെടുത്തി. അതിനായി തന്നോടുതന്നെ അവന്‍ ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ നടത്തുകയുണ്ടായി.

അങ്ങനെ, സ്വന്തം ബുദ്ധിശക്തി കൊണ്ട് ആകാശവസ്തുക്കളെല്ലാം പരിധികള്‍ ഉള്ളതാണെന്ന് മനസ്സിലാക്കിയപ്പോള്‍ അവയുടെ ആകൃതി എന്താണെന്നും അവയെ പരിമിതപ്പെടുത്തുന്ന അതിരുകള്‍ എന്താണെന്നും മനസ്സിലാക്കാന്‍ അവനു താല്‍പര്യമായി. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കുറിച്ചാണ് ആദ്യം ചിന്തിച്ചത്. അവയെല്ലാം കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നത് അവന്‍ കണ്ടു. അവയില്‍ തന്റെ തലക്കു മുകളിലൂടെ കടന്നുപോകുന്നവ ഒരു വലിയ വൃത്തം സൃഷ്ടിക്കുന്നു. എന്നാല്‍, ഉച്ചിയില്‍ നിന്ന് വടക്കോട്ടോ തെക്കോട്ടോ മാറി കടന്നുപോകുന്നവ താരതമ്യേന ചെറിയ വൃത്തങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവും ചെറിയ വൃത്തങ്ങള്‍ സൃഷ്ടിക്കുന്നത് രണ്ട് നക്ഷത്രങ്ങളാണ്. ദക്ഷിണ ധ്രുവത്തിന് ചുറ്റും കറങ്ങുന്ന 'സുഹൈല്‍' നക്ഷത്രവും ഉത്തര ധ്രുവത്തിനു ചുറ്റും കറങ്ങുന്ന 'ഫര്‍ഖദൈന്‍' നക്ഷത്രവും.

അവന്‍ താമസിക്കുന്നത്, നടേ വ്യക്തമാക്കിയത് പോലെ വിഷുവ രേഖക്ക് താഴെ ആയതിനാല്‍ ഈ വൃത്തങ്ങളെല്ലാം ചക്രവാളത്തെ സമകോണില്‍ ഛേദിച്ചാണ് കടന്നുപോകുന്നത്. അവിടെ നിന്ന് ഉത്തര-ദക്ഷിണ ധ്രുവ നക്ഷത്രങ്ങളെ അവന് കാണാനും സാധിച്ചിരുന്നു. 

വലിയ വൃത്തത്തില്‍ ഉദിക്കുന്ന ഒരു നക്ഷത്രവും ചെറിയ വൃത്തത്തില്‍ ഉദിക്കുന്ന മറ്റൊരു നക്ഷത്രവും ഉദിക്കുന്ന സമയം ഒന്നാണെങ്കില്‍ അവ അസ്തമിക്കുന്ന സമയവും ഒന്നായിരിക്കുമെന്ന് അവന്‍ കണ്ടെത്തി. എല്ലാ നക്ഷത്രങ്ങളുടെ കാര്യത്തിലും എല്ലാ സമയത്തും ഇത് ശരിയാണെന്നും അവന്‍ നിരീക്ഷിച്ചു. ഇതില്‍ നിന്ന് ആകാശ മണ്ഡലം ഗോളാകൃതിയിലാണെന്ന് അവന്‍ ഊഹിച്ചെടുത്തു. സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളും പടിഞ്ഞാറ് അസ്മതിച്ച ശേഷം കിഴക്ക് നിന്ന് വീണ്ടും ഉദിക്കുന്നത് ഈ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തി. ഉദിക്കുമ്പോഴും ആകാശ മധ്യത്തിലെത്തുമ്പോഴും അസ്തമിക്കുമ്പോഴുമുള്ള അവയുടെ വലിപ്പം ഒന്നാണെന്നതും ഈ ധാരണയെ ശക്തിപ്പെടുത്താന്‍ കാരണമായി. ആകാശമണ്ഡലം ഗോളാകൃതിയിലല്ല എങ്കില്‍ അവ ചില സമയങ്ങളില്‍ കണ്ണുകള്‍ക്ക് സമീപസ്ഥവും മറ്റു ചില സമയങ്ങളില്‍ കണ്ണുകള്‍ക്ക് വിദൂരസ്ഥവും ആകുമായിരുന്നു എന്നത് നിസ്സംശയമാണ്. അങ്ങനെ അവയുടെ വലിപ്പത്തിലും വ്യത്യാസം കാണപ്പെടുമായിരുന്നു. അടുത്തായിരിക്കുമ്പോള്‍ വളരെ വലുതായും അകലെയായിരിക്കുമ്പോള്‍ ചെറുതായും; അവന്‍ നില്‍ക്കുന്ന ഇടത്തില്‍ നിന്നുള്ള ദൂരം അനുസരിച്ച് അവയുടെ വലിപ്പത്തിലും മാറ്റം സംഭവിക്കുമായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല എന്നതില്‍നിന്ന് അത് ഗോളാകൃതിയിലാണെന്ന് അവന്‍ ഉറപ്പിച്ചു.

അനന്തരം ചന്ദ്രന്റെയും ഇതര ഗോളങ്ങളുടെയും ചലനങ്ങളെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അവന്‍ നിരീക്ഷിച്ചു. അങ്ങനെ ജ്യോതിശ്ശാസ്ത്രത്തിന്റെ വലിയൊരു ഭാഗം അവന്‍ പഠിച്ചു. പുറമെ, അവ ഓരോന്നും സഞ്ചരിക്കുന്നത് വ്യത്യസ്തമായ അനേകം ഭ്രമണ മണ്ഡലങ്ങളിലൂടെ ആയിരിക്കണമെന്നും അവയെല്ലാം ഏറ്റവും മുകളിലുള്ള വലിയൊരു ഭ്രമണ മണ്ഡലത്തില്‍ ഉള്ളടങ്ങിയിരിക്കുകയാണെന്നും അതാണ് ഒരു രാവും പകലും കൊണ്ട് അവയെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് സഞ്ചരിപ്പിക്കുന്നതെന്നും അവന്‍ മനസ്സിലാക്കി. എന്നാല്‍, ഈ ശാസ്ത്ര ശാഖയിലുള്ള അവന്റെ പുരോഗതിയെക്കുറിച്ച് വിശദീകരിക്കുകയെന്നത് ഏറെ സമയം ആവശ്യമായ ഒരു ജോലിയാണ്. മാത്രമല്ല, ഇപ്പോഴത്തെ നമ്മുടെ ഉദ്ദേശ്യത്തിന് ഇത്രയും വിവരിച്ചത് തന്നെ തികച്ചും മതിയാകുന്നതുമത്രെ. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍