Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

സുന്നികളും ശിഈകളും ഭിന്നത ശാഖാപരമല്ല

എം.വി മുഹമ്മദ് സലീം /പഠനം

         മുസ്‌ലിം പണ്ഡിതരും ചിന്തകന്മാരും വളരെയേറെ ആഗ്രഹിക്കുകയും ചിലര്‍ ആയുഷ്‌കാലം മുഴുവന്‍ ആ ആഗ്രഹം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു വിഷയമാണ് സുന്നി-ശിഈ ഐക്യം. ഇസ്‌ലാമിന് ആഴത്തില്‍ ആഘാതമേല്‍പിച്ച വിരോധമാണ് രണ്ടു വിഭാഗങ്ങളും തമ്മില്‍. അവക്കിടയില്‍ ഒരു സമവായവും വെടിനിര്‍ത്തലും ഇസ്‌ലാമിക പ്രബോധനരംഗത്ത് എന്തു മാത്രം ഗുണം ചെയ്യുമെന്ന് പറയേണ്ടതില്ല.

''നിങ്ങള്‍ക്കിടയില്‍ ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നത ഉടലെടുക്കുകയാണെങ്കില്‍ പ്രശ്‌നം അല്ലാഹുവിലേക്കും തിരു ദൂതനിലേക്കും തിരിക്കുക'' (4:59) എന്ന ഖുര്‍ആനിക ശാസന ശിരസ്സാവഹിച്ച് ആത്മാര്‍ഥമായി പരിശ്രമിച്ചവരില്‍ ഉന്നത ശീര്‍ഷരായ അനേകം പണ്ഡിതന്മാരുണ്ട്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ ഈ വിഷയത്തില്‍ രചിച്ച മിന്‍ഹാജുസ്സുന്ന എന്ന ബൃഹത് ഗ്രന്ഥം മറുഭാഗത്തിന്റെ വ്യതിയാനങ്ങള്‍ തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ആധുനിക ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് റശീദ് രിദ ശിഈകളെ അടുപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രസിദ്ധമാണ്. 

ലുബ്‌നാനിലെ (ലബനോണ്‍) ശിഈ നേതാവായിരുന്ന മൂസസ്സദ്ര്‍ ഐക്യശ്രമത്തില്‍ ഏറെ മുന്നോട്ടുപോയ വ്യക്തിയായിരുന്നു. അദ്ദേഹത്തെ ഖത്തറിലെ അല്‍ മഅ്ഹദുദ്ദീനിയില്‍ വെച്ച് വന്ദ്യ ഗുരനാഥന്മാര്‍ - ശൈഖ് യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താര്‍, ശൈഖ് അബ്ദുല്ല ഇബ്‌റാഹീം അല്‍ അന്‍സ്വാരി, ശൈഖ് അലി ജമ്മാസ്, ശൈഖ് മുസ്ത്വഫ അലീവ തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാര്‍ - സ്വീകരിച്ചാദരിച്ച് ഞങ്ങള്‍ വിദ്യാര്‍ഥികളെ അവര്‍ ഓര്‍മിപ്പിച്ചു: 'സുന്നികളും ശിഈകളും രണ്ടു വ്യത്യസ്ത ചിന്താധാരകളെ പ്രതിനിധീകരിക്കുന്നു. അവര്‍ ഇസ്‌ലാമിക ലോകത്ത് ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന മഹാനുഭാവനെയാണ് നാം ഇന്നിവിടെ സ്വീകരിച്ചിരിക്കുന്നത്.' ചരിത്രത്തിന്റെ തടവറയില്‍ നിന്ന് മോചനം നേടാന്‍ പരിശ്രമിച്ച ശിഈ പണ്ഡിതന്‍ മൂസസ്സദ്ര്‍ ദുരൂഹമായി അപ്രത്യക്ഷനായി. ഐക്യശ്രമം അംഗീകരിക്കാത്ത ശിഈകള്‍ അദ്ദേഹത്തെ നിശ്ശബ്ദനാക്കിയതാണെന്ന് കേള്‍ക്കുന്നു!

അടുത്തകാലം വരെ സുന്നി-ശിഈ സമവായം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച പണ്ഡിത ശ്രേഷ്ഠനാണ് ശൈഖ് യൂസുഫുല്‍ ഖറദാവി. പ്രസംഗങ്ങളിലും പ്രാര്‍ഥനകളിലും മൃദുല സമീപനം സ്വീകരിച്ച ശൈഖിന്റെ നിലപാടിനോട് ഖത്തറിലെ മത പണ്ഡിതരില്‍ പലരും വിയോജിപ്പ് പ്രകടിപ്പിച്ചതാണ്. തീവ്ര സുന്നികള്‍ അദ്ദേഹത്തെ ശക്തിയായി വിമര്‍ശിച്ചു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ക്ഷേമം മാത്രം ലക്ഷ്യം വെച്ച ശൈഖ് വിമര്‍ശനങ്ങള്‍ കാര്യമാക്കിയില്ല.

ഇറാന്‍ വിപ്ലവത്തിനു ശേഷം ഇസ്‌ലാമിസ്റ്റുകള്‍ വലിയ പ്രതീക്ഷയിലായിരുന്നു. 'ലാ ശീഈയ്യ, ലാ സുന്നിയ്യ, ഇസ്‌ലാമിയ്യ: ഇസ്‌ലാമിയ്യ എന്ന മുദ്രാവാക്യം ലോകം മുഴുവന്‍ മുഴങ്ങി. വിപ്ലവം ഇസ്‌ലാമികം മാത്രം. ശീഈയല്ല, സുന്നിയല്ല ഇസ്‌ലാമികം ഇസ്‌ലാമികം. ഏറെക്കാലം കൊതിച്ച പൊന്‍പുലരിക്കഭിവാദ്യമര്‍പ്പിക്കാന്‍ തഹ്‌റാനിലേക്ക് ഇസ്‌ലാമിസ്റ്റുകളുടെ നിലക്കാത്ത പ്രവാഹം! വിപ്ലവത്തെ വാനോളം വാഴ്ത്തുന്ന ഗിരിപ്രഭാഷകര്‍ ആവേശത്താല്‍ കണ്ഠനാളം തകര്‍ത്തു. നമ്മുടെ കേരളത്തില്‍ പതിവുപോലെ പീഡിതരെ പിന്തുണക്കുന്ന വിമോചന പ്രസ്ഥാനങ്ങളെല്ലാം വിപ്ലവത്തിന്റെ പ്രണേതാക്കളായിരുന്നു. 'അല്‍മൗത്ത് ലി അംരീകാ, അല്‍ മൗത്ത് ലി ഇസ്രാഈല്‍' (അമേരിക്കക്കാണ് നാശം, ഇസ്രയേലിനാണ് നാശം) എന്നവര്‍ ഘോഷിച്ചപ്പോള്‍ മുസ്‌ലിംകളുടെ മനസ്സ് അവര്‍ കൈയിലെടുക്കുകയായിരുന്നു.

അന്തരീക്ഷം ശബ്ദമുഖരിതമായി, വിചാരം വികാരത്തിനു വഴിമാറിക്കൊടുത്ത ആ അസുലഭ സന്ദര്‍ഭത്തില്‍ വന്ദ്യ ഗുരുഭൂതന്‍ മുഹമ്മദ് അബുല്‍ ജലാല്‍ മൗലവി ഒരു കൊച്ചു കൃതി തയാറാക്കി. 'ഇറാന്‍ വിപ്ലവം' എന്നപേരില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത കൃതി ഒരു പ്രവചനം പോലെ പുലര്‍ന്നു. 

വിപ്ലവാനന്തരം ഇറാനില്‍ സുന്നികളനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളുടെ കഥകള്‍ അല്‍ മുജ്തമഅ് വാരിക തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ലോകം കേട്ട മുദ്രാവാക്യങ്ങള്‍ വെറും പ്രചാരണ തന്ത്രമായിരുന്നെന്ന് തിരിച്ചറിയപ്പെട്ടു (ഈ സംഭവ വിവരണങ്ങളിലും അടിയൊഴുക്കുകളിലും   പലതും മലയാളത്തില്‍ വെളിച്ചം കണ്ടിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്). ഇതെല്ലാം ശിഈകളുടെ തന്ത്രമാണ്, അവരൊരിക്കലും സുന്നികളുമായി ഐക്യപ്പെടില്ല എന്ന് തറപ്പിച്ച് പറഞ്ഞ ശൈഖ് അഹ്മദ് ബിന്‍ ഹജറിനെപ്പോലുള്ള പണ്ഡിതന്മാരെ ഐക്യം യാഥാര്‍ഥ്യമായാലുള്ള മഹത്തായ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ഫലിച്ചില്ല. അവരെല്ലാം ധാരാളം അനുഭവപാഠങ്ങള്‍ ഉള്ളവരായിരുന്നു. അതിനാല്‍ വിപ്ലവാനന്തരം ഇറാനില്‍ നടന്ന കൂട്ടക്കൊലകളുടെ ഭീകര ചിത്രമാണ് അവരെന്റെ മുമ്പില്‍ വെച്ചത്. നബി(സ) തിരുമേനി മക്കാ വിജയ സമയത്ത് അനുവര്‍ത്തിച്ച നയവും ഇറാന്‍ വിപ്ലവകാരികള്‍ സ്വീകരിച്ച രീതിയും താരതമ്യപ്പെടുത്തിത്തരികയും ചെയ്തു. എനിക്കവര്‍ പറഞ്ഞത് അംഗീകരിക്കാതെ നിര്‍വാഹമില്ലാതായി.

കാലം മുന്നോട്ടു പോയി, അന്തരീക്ഷം അല്‍പം ശാന്തമായി. അമേരിക്കയും ഇസ്രയേലും സ്ഥിരമായി ലക്ഷ്യമിടുന്ന, ഉപരോധത്തിനും ആക്രമണങ്ങള്‍ക്കും ഇരയായ ഇറാന്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ പിന്തുണക്കുകയാണ് മുസ്‌ലിം ലോകം ചെയ്യേണ്ടതെന്ന് പല നല്ല മനുഷ്യരും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. സലഫികള്‍ ഈ സന്ദര്‍ഭത്തില്‍ ശിഈ വിരോധം ആളിക്കത്തിക്കുന്നത് അവരെ അസ്വസ്ഥരാക്കി. ഈ സന്ദര്‍ഭത്തില്‍ മുന്‍ ഇറാന്‍ പ്രസിഡന്റും ശിഈ ദാര്‍ശനികനുമായ റഫ്‌സഞ്ചാനിയുമായി ഐക്യ സംഭാഷണം നടത്താന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഗ്രഹം പ്രകടിപ്പിച്ചു. ചര്‍ച്ചകള്‍ മുന്നോട്ടു പോയി. പലര്‍ക്കും പ്രതീക്ഷ വര്‍ധിച്ചു. അവസാനം ശിഈകള്‍ നാടകീയമായി പിന്മാറി. കഴിഞ്ഞ റമദാനില്‍ വന്ദ്യ ഗുരുനാഥനെ സന്ദര്‍ശിച്ചപ്പോള്‍ ശിഈകളുമായി സഹകരണം അസാധ്യമാണെന്ന് അദ്ദേഹം അന്തിമമായി തീരുമാനിച്ചു കഴിഞ്ഞിരുന്നു. അവരുടെ തനിനിറം തുറന്നുകാട്ടാന്‍ പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശൈഖ് ശിഷ്യന്മാരെ ഉണര്‍ത്തി. 

ഐക്യവും സഹകരണവും ലക്ഷ്യമാക്കി അര നൂറ്റാണ്ടിലേറെ യത്‌നിച്ച പണ്ഡിതന്റെ കഥയാണിത്. അതിനാല്‍ എന്താണിതിന്റെ യഥാര്‍ഥ കാരണമെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണല്ലോ. 

വ്യത്യാസം അടിസ്ഥാനപരം

പല സാത്വികരും മനസ്സിലാക്കിയതല്ല സത്യം. ശിഈകള്‍ക്ക് സുന്നികളോടുള്ള അഭിപ്രായ വ്യത്യാസം മദ്ഹബുകളുടെ വ്യത്യാസം പോലെ ശാഖാപരമല്ല. അശ്അരികളും മുഅ്തസിലികളും തമ്മിലുള്ള വീക്ഷണ വൈജാത്യം പോലുള്ളതുമല്ല; മറിച്ച് ഇസ്‌ലാമിന്റെ ആണിവേരിനെതന്നെ കടപുഴക്കുന്ന ഭിന്നതയാണ്.

ഇസ്‌ലാം മാനവരാശിക്ക് സമര്‍പ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തത്ത്വമാണ് മാനുഷിക സമത്വം. ജന്മനാ എല്ലാ മനുഷ്യരും സമന്മാരാണ്. ഒരാള്‍ക്കും ജന്മനാ മേന്മയോ ശ്രേഷ്ഠതയോ ഇല്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ദാസന്മാരും. ഇതാണ് ലളിതമായ ആ ദര്‍ശനം. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''മനുഷ്യരേ, ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വിവിധ ഗോത്രങ്ങളും വര്‍ഗങ്ങളുമാക്കിയത് നിങ്ങളന്യോന്യം അറിയാന്‍ വേണ്ടി മാത്രം. അല്ലാഹുവിങ്കല്‍ നിങ്ങളില്‍ ശ്രേഷ്ഠന്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്'' (ഹുജുറാത്ത് 13). 

നബി തിരുമേനി വിശദീകരിച്ചു: ''മനുഷ്യരേ, നിങ്ങളുടെ നാഥന്‍ ഏകനാണ്, നിങ്ങളുടെ പിതാവ് ഏകനാണ്, അറിയുക: അറബിക്ക് അനറബിയേക്കാള്‍ ശ്രേഷ്ഠതയില്ല, അനറബിക്ക് അറബിയേക്കാള്‍ പ്രത്യേകതയില്ല, വെളുത്തവന് കറുത്തവനെക്കാളോ കറുത്തവന് വെളുത്തവനെക്കാളോ ശ്രേഷ്ഠതയില്ല. അല്ലാഹുവിങ്കല്‍ നിങ്ങളിലേറ്റം മാന്യതയുള്ളവന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്'' (ബൈഹഖി).

തൗഹീദിന്റെ വിശദീകരണത്തില്‍ വരുന്ന മാനുഷിക സമത്വമാണിത്. ഇത് പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു നബി തിരുമേനിയുടെ ദൗത്യം. നീഗ്രോ ആയ ബിലാലിനെയും പേര്‍ഷ്യക്കാരന്‍ സല്‍മാനെയും റോമക്കാരന്‍ സുഹൈബിനെയും ഖുറൈശികളോടൊപ്പം തോളോട് തോള്‍ ചേര്‍ത്തുനിര്‍ത്തി അഞ്ചു നേരത്തെ സംഘടിത നമസ്‌കാരം നിര്‍വഹിച്ചത് വിശാലമായ ആശയ വിനിമയരീതിയായിരുന്നു.  നമസ്‌കാരമെന്ന നെടും തൂണിന്റെ സംസ്ഥാപനത്തിനാഹ്വാനം ചെയ്ത് വിശ്വാസികളെ ഉണര്‍ത്താന്‍ അബ്‌സീനിയക്കാരനും അടിമയുമായ ബിലാലിനെ ഭരമേല്‍പ്പിച്ചതിന് അവാച്യമായ അര്‍ഥമുണ്ടായിരുന്നു.

ഇങ്ങനെ ജനിച്ച മണ്ണിന്റെ മഹിമയോ പറയുന്ന ഭാഷയുടെ മേന്മയോ ജന്മം നല്‍കിയ പിതാവിന്റെ പദവിയോ ഗോത്രത്തിന്റെ പ്രത്യേകതയോ ചര്‍മത്തിന്റെ വര്‍ണ ഭംഗിയോ ഒന്നും പരിഗണിക്കാതെ മനുഷ്യരെ തുല്യരായിക്കാണാന്‍ പഠിപ്പിച്ച ഇസ്‌ലാമിക ശിക്ഷണമാണ് ശിഈകള്‍ നിരാകരിച്ചത്. അവര്‍ വിശ്വാസികളെ രണ്ടായി വിഭജിച്ചു. ഹാശിം കുടുംബത്തില്‍ പിറന്ന നബി(സ)യുടെ  കുടുംബ ബന്ധുക്കള്‍,  അല്ലാത്തവര്‍ എന്നതാണീ വിഭജനം. ഇസ്‌ലാമില്‍ എല്ലാ സ്ഥാനമാനങ്ങളും പരിഗണനയും നബികുടുംബത്തിനു മാത്രം. പ്രവാചക ചര്യ സ്വീകാര്യമാവണമെങ്കില്‍ നബികുടുംബത്തില്‍ പെട്ടവരാകണം റിപ്പോര്‍ട്ടര്‍!

ഇസ്‌ലാമിനന്യമായ ഈ ചിന്തയാണ് സുന്നികളുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കത്രയും കാരണം. പുണ്യത്തിന്റെയും പാപത്തിന്റെയും മാനദണ്ഡം കുടുംബ ബന്ധമാവുകയെന്നത് ഇസ്‌ലാം വ്യക്തമായി നിരാകരിക്കുന്ന വാദമാണ്. ഇബ്‌റാഹീം(അ) പിതാവിന്റെ ശിര്‍ക്കിനുത്തരവാദിയല്ല. നൂഹ്(അ) പ്രവാചകനായിട്ടും പുത്രന്‍ അവിശ്വാസിയായി പിതാവിന്റെ കണ്‍മുമ്പില്‍ മുങ്ങി മരിച്ചതുമെല്ലാം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് വിശ്വാസവും സുകൃതവും ദൈവഭക്തിയുമാണ് മനുഷ്യനെ ഉന്നതനാക്കുന്നത് എന്ന വസ്തുത ജനമനസ്സുകളില്‍ രൂഢമൂലമാക്കാനാണ്. 

നബി(സ) സ്വന്തം കുടുംബങ്ങളെ ഓരോന്നായി വിളിച്ച് അവരെ ഉപദേശിക്കുന്നത് അനേകം വഴികളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രബലമായ നബിവചനമാണ്. ഉദാഹരണം: അബൂ ഹുറയ്‌റ(റ) നിവേദനം. ''നിന്റെ അടുത്ത കുടുംബത്തിന് മുന്നറിയിപ്പ് നല്‍കൂ എന്ന ഖുര്‍ആന്‍ സൂക്തം അവതരിച്ചപ്പോള്‍ റസൂല്‍(സ) ഖുറൈശികളെ വിളിച്ചു. അവര്‍ ഒരുമിച്ചുകൂടിയപ്പോള്‍ അവരോട് പൊതുവായും ഓരോ കുടുംബത്തോട് പ്രത്യേകമായും തിരുമേനി അരുള്‍ ചെയ്തു: ഓ അബ്ദു ശംസ് സന്തതികളേ, കഅ്ബ് ബ്‌ന്  ലുഅയ്യ് സന്തതികളേ, നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; മുര്‍റതുബ്‌നു  കഅ്ബ് സന്തതികളേ, നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; അബ്ദു മനാഫ് സന്തതികളേ നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക, ഹാശിം സന്തതികളേ നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; അബ്ദുല്‍ മുത്ത്വലിബ് സന്തതികളേ, നിങ്ങളെ നരകത്തില്‍ നിന്ന് രക്ഷിക്കുക; മുഹമ്മദിന്റെ മകള്‍ ഫാത്വിമാ, നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന് രക്ഷിക്കുക; നിങ്ങള്‍ക്ക് വേണ്ടി അല്ലഹുവിങ്കല്‍ എനിക്കൊന്നും ചെയ്യാനാവില്ല. എന്നാല്‍ നിങ്ങളുടെ രക്തബന്ധം ഞാന്‍ ചാര്‍ത്തും'' (ബുഖാരി, മുസ്‌ലിം).

ഇതാണ് പ്രവാചകന്റെ കുടുംബ മഹിമ. അതിന്റെ പേരില്‍ അല്ലാഹുവിന്റെ അടുത്ത് യതൊരു നേട്ടവും ലഭിക്കാനില്ല. തിരുമേനിക്ക് അല്ലാഹുവിന്റെ അടുക്കല്‍ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി പ്രയോഗിക്കാന്‍ പ്രത്യേകം ആനുകൂല്യമൊന്നും അല്ലാഹു അനുവദിച്ചിട്ടില്ല. ഇതിന്ന് കടക വിരുദ്ധമായി ശീഈകള്‍ കുടുംബ മഹിമയുടെ പേരില്‍ മുസ്‌ലിം സമുദായത്തെ രണ്ടായി പകുത്തു. നബിയോട് കുടുംബ ബന്ധമുള്ളവരും ഇല്ലാത്തവരും. ഇസ്‌ലാമിന്റെ മഹത്തായ മാനുഷിക സങ്കല്‍പത്തില്‍ ഇവര്‍ മായം ചേര്‍ത്തതിന് കണക്കില്ല. ചില പ്രശ്‌നങ്ങള്‍ മാത്രം പറയാം:

ലേഖകന്‍ വലിയ വിഷയമായിക്കാണാതെ ലളിതവത്കരിച്ച പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അദ്ദേഹം അവലംബമാക്കിയ ശിഈ പണ്ഡിതന്‍ ശൈഖ് മുഹമ്മദ് അല്‍ ഹുസൈന്‍ ആലു കാശിഫുല്‍ ഗിത്വാ 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ ശിഈ നവോത്ഥാന നായകനാണ്. അദ്ദേഹത്തിന്റെ അസ്വ്‌ലുശ്ശീഅത്തി വ ഉസ്വൂലുഹാ എന്ന കൃതി അഹ്മദ് അമീനടക്കമുള്ള സുന്നീ വിമര്‍ശകര്‍ക്ക് മറുപടിയായി അദ്ദേഹം രചിച്ചതാണ്. വളരെ ശ്രദ്ധിച്ചാണ് അദ്ദേഹം പദങ്ങള്‍ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും. അതിനാല്‍ അദ്ദേഹത്തിന്റെ വാക്യങ്ങള്‍ തന്നെ നമുക്ക് ഉദ്ധരിക്കാം. 

''ഇസ്‌ലാമിലെ മറ്റെല്ലാ കക്ഷികളില്‍നിന്നും ഇമാമിയ്യ ശീഈകളെ വേര്‍തിരിക്കുന്ന അടിസ്ഥാനപരമായ പ്രത്യേകതയാണ് ഇമാമത്തിലുള്ള വിശ്വാസം. ഇത് മൗലികവും അടിസ്ഥാനപരവുമായ വ്യത്യാസമാണ്. മറ്റുള്ള വ്യത്യാസങ്ങള്‍ ഹനഫി, ശാഫിഈ പണ്ഡിതന്മാര്‍ക്കിടയിലുള്ളതുപോലെ ഗവേഷണപരമായ അഭിപ്രായ ഭിന്നതയാണ്. 

രിസാലത്ത് പോലെ ഇമാമത്ത് ഒരു ദൈവദത്ത സ്ഥാനമാണ്. അല്ലാഹു തന്റെ അപാരമായ മുന്‍കാല ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഇമാമുകളെ തെരഞ്ഞെടുക്കുന്നു. പ്രവാചകനെ തെരഞ്ഞെടുക്കുന്ന പോലെത്തന്നെ. എന്നിട്ട് നബിയോട് അവരെക്കുറിച്ച് സമുദായത്തിനു പറഞ്ഞു കൊടുക്കാനും അവരെ പിന്തുടരാന്‍ കല്‍പിക്കാനും അല്ലാഹു ആവശ്യപ്പെടുന്നു'' (പേജ്: 221). 

അഭിപ്രായ വ്യത്യാസത്തിന്റെ കാതലായ വശമാണിതെന്ന് ശൈഖ് ഊന്നിപ്പറഞ്ഞുവല്ലോ. ഈ ഇമാമത്ത് എന്താണെന്ന് നമുക്ക് സവിശദം പരിശോധിക്കാം. ഇസ്‌ലാമിന്റെ അഞ്ച് അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് ഇമാമത്ത്. ''നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ്, വിലായത്ത് (ഇമാമത്ത്) എന്നീ അഞ്ചു കാര്യങ്ങളില്‍ ഇസ്‌ലാം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നു'' (അല്‍കാഫി 218). ബിഹാറുല്‍ അന്‍വാര്‍ എന്ന ഗ്രന്ഥത്തില്‍ ഇങ്ങനെ കാണാം: ''ഏതെങ്കിലും ഒരു ഇമാമിന്റെ ഇമാമത്ത് നിഷേധിക്കുകയും അവര്‍ക്ക് അല്ലാഹു നിര്‍ബന്ധമാക്കിയ അനുസരണം തള്ളിപ്പറയുകയും ചെയ്തവന്‍ വഴിപിഴച്ച കാഫിറാണ്, നരകത്തില്‍ ശാശ്വത വാസം അര്‍ഹിക്കുന്നവനാണ്'' (8/366, 23/390). 

ഇതിന്റെ തുടര്‍ച്ചയായി ഒന്നാമത്തെ  ഇമാം അലി (റ) ആണെന്നും അദ്ദേഹത്തെ ഇമാമായി നിശ്ചയിച്ചിട്ടുള്ളത് അല്ലാഹുവാണെന്നും കാശിഫുല്‍ ഗിത്വാ വിശദീകരിക്കുന്നു. ഇക്കാര്യം മുഹമ്മദ് നബി(സ)യും ജലാശയത്തിന്റെ അടുക്കല്‍ വെച്ച് അനുയായികളെ പഠിപ്പിച്ചു. സ്വഹാബികള്‍ പ്രവാചകന്റെ ഈ വസ്വിയ്യത്ത് തള്ളിക്കളഞ്ഞു!

ഇവിടെ അലി (റ) ഇമാമാകുന്നതല്ല യഥാര്‍ഥ പ്രശ്‌നം. അദ്ദേഹം മുസ്‌ലിംകളുടെ ഇമാമും ഖലീഫയുമായി അംഗീകരിക്കപ്പെട്ട വ്യക്തിയുമാണ്. എന്നാല്‍ മുസ്‌ലിം സമുദായത്തിന്റെ നേതൃത്വം നബികുടുംബത്തില്‍ മാത്രമേ പാടുള്ളൂ, മറ്റു മുസ്‌ലിംകള്‍ അധികാരം കൈയാളാന്‍ അര്‍ഹരല്ല, അലിയുടെയും ഫാത്വിമയുടെയും സന്താന പരമ്പരയില്‍ പെട്ടവര്‍ക്കേ ഇമാമാകാന്‍ അര്‍ഹതയുള്ളൂ എന്ന വാദമാണിവിടെ സമര്‍ഥിക്കാന്‍ ശ്രമിച്ചത്. കേവലം ഒരു രാഷ്ട്രീയ വിഷയമായി നമുക്കിത് കണാനാവില്ല. ഇസ്‌ലാം പഠിപ്പിച്ച നേതൃത്വത്തിന്റെ അടിസ്ഥാനങ്ങള്‍ അട്ടിമറിച്ച് കുടുംബ വാഴ്ചയിലേക്ക് എല്ലാം ഒതുക്കിക്കളയുന്ന സങ്കുചിത ചിന്തയാണിത്. 

നബികുടുംബത്തിന് ഒരു ശ്രേഷ്ഠതയും അവകാശപ്പെടാനില്ല, വിശ്വാസവും കര്‍മവും തഖ്‌വയുമാണ് ശ്രേഷ്ഠതക്കാധാരമെന്ന'ഇസ്‌ലാമിക ശിക്ഷണം കാറ്റില്‍ പറത്തുകയല്ലേ ശിഈകള്‍ ചെയ്തത്? മനുഷ്യ രാശിക്കാകമാനം അനുഗ്രഹമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ തന്റെ കുടുംബ മഹിമയാണ് ലോകത്തോടു പ്രബോധനം ചെയ്തതെന്ന് പ്രചരിപ്പിക്കുന്നതിനേക്കാള്‍ വലിയ അക്രമമെന്താണ്? 

തങ്ങളുടെ ലക്ഷ്യം നേടാന്‍ അവര്‍ നടത്തിയ കൃത്രിമങ്ങള്‍ നോക്കൂ! പരിശുദ്ധ ഖുര്‍ആനും തിരുമേനി (സ) അതിന് നല്‍കിയ പ്രായോഗിക വിശദീകരണമായ തിരു സുന്നത്തുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഹജ്ജത്തുല്‍ വിദാഇല്‍ തിരുമേനി ഉമ്മത്തിന് നല്‍കിയ വസ്വിയ്യത്തില്‍ ഇക്കാര്യം വ്യക്തമായി പഠിപ്പിച്ചു. വിഖ്യാതമായ ആ നബിവചനമിതാ: ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ചു പോകുന്നു. അവ രണ്ടും മുറുകെപ്പിടിക്കുന്നേടത്തോളം നിങ്ങള്‍ വഴി തെറ്റുകയില്ല- അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതന്റെ ചര്യയും.''

ഇതിന്റെ ചുവട് പിടിച്ച് ശിഈകള്‍ പ്രചരിപ്പിച്ച വ്യാജ ഹദീസ് ഇങ്ങനെ: ''ഞാന്‍ നിങ്ങളില്‍ രണ്ടു കാര്യങ്ങള്‍ വിട്ടേച്ച് പോകുന്നു. അവ രണ്ടും മുറുകെപ്പിടിക്കുന്നേടത്തോളം നിങ്ങള്‍ വഴി തെറ്റുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും എന്റെ കുടുംബവും വീട്ടുകാരും.'' ഈ വചനം അനേകം വഴികളില്‍ പ്രചരിപ്പിച്ചതിനാല്‍ സാത്വികരായ പല നിരൂപകന്മാരും ഇത് ശരിയായ ഹദീസാണെന്ന് ധരിച്ച് അതിന് വ്യാഖ്യാനം കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ട്! ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിത്തറ തന്നെ മാറ്റുക, ഖുര്‍ആനും സുന്നത്തും എന്നതിനു പകരം ഖുര്‍ആനും നബികുടുംബവും എന്നാക്കി തിരുത്തുക! ഇതെല്ലാം വെറും ശാഖാപരമായ അഭിപ്രായ വ്യത്യാസമാണോ?

നബി(സ)ക്ക് അനന്തരാവകാശികളായി പുരുഷ സന്താനങ്ങളില്ല. ഇത് യാദൃഛികമായി സംഭവിച്ചതല്ല. അല്ലാഹുവിന്റെ ആസൂത്രണവും നിശ്ചയവുമാണ്. തിരുമേനി അന്ത്യപ്രവാചകനാണെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യത്തില്‍ ഇക്കാര്യം പ്രത്യേകം എടുത്തോതിയത് നാം മനസ്സിലാക്കാന്‍ വേണ്ടിയാണ്. ''നിങ്ങളില്‍ ഒരു പുരുഷന്റെയും പിതാവല്ല മുഹമ്മദ്, അല്ലാഹുവിന്റെ ദൂതനും അന്ത്യ പ്രവാചകനുമാണ്. അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാകുന്നു'' (33:40). ശത്രുക്കള്‍ ഇതൊരു ന്യൂനതയായി പ്രചരിപ്പിച്ചു. വാലറ്റവന്‍ എന്ന് അവിടുത്തെ കളിയാക്കി. എന്നാല്‍ നബികുടുംബത്തിന്റെ പ്രാമുഖ്യം മനസ്സുകളില്‍ നിന്ന് മായ്ച്ചുകളയുന്നത് ഇതിനെക്കാളെല്ലാം അല്ലാഹു പ്രധാനമായിക്കണ്ടു. 

പ്രവാചക കുടുംബം എന്നു പറയാന്‍ അര്‍ഹരായി ആരും അവശേഷിച്ചില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ പ്രവാചകത്വവും അനന്തരമെടുക്കുന്ന സമ്പ്രദായം വരുമായിരുന്നു. അതിനാല്‍ അല്ലാഹു ആ വഴി കൊട്ടിയടച്ചു. എന്നിട്ടും തിരുമേനിയുടെ പുത്രി ഫാത്വിമത്തുസ്സഹ്‌റായിലൂടെ കുടുംബവാദം നിലനിര്‍ത്തുകയാണ് ശിഈകള്‍ ചെയ്തത്. അതിനുവേണ്ടി ഇസ്‌ലാമിക ചരിത്രം വികൃതമാക്കി, നാലു ഖലീഫമാരില്‍ നാലാമനായ അലി(റ)യെ ഇമാമാക്കി, പ്രഗത്ഭരായ മൂന്നു ഖലീഫമാരെയും അധികാരം പിടിച്ചുപറ്റിയ അക്രമികളും, അലിയുടെ ശത്രുക്കളും പ്രതിയോഗികളുമായി ചിത്രീകരിച്ചു. അവരെ ശപിക്കുന്നത് പുണ്യമാക്കി, ജുമുഅ ഖുത്വ്ബയില്‍ ഈ ശാപം ഒരിനമാക്കി. അലി(റ)യുടെ പേര്‍ ശഹാദത്ത് കലിമയില്‍ ചേര്‍ത്തു. ബാങ്കില്‍ അശ്ഹദു അന്ന അലിയ്യന്‍ വലിയ്യുല്ലാഹ് (അലി അല്ലാഹുവിന്റെ വലിയ്യാണെന്ന് -ഇമാം- ഞാന്‍ സാക്ഷ്യം വഹിക്കുന്നു). ചിലര്‍, അശ്ഹദു അന്ന അലിയ്യന്‍ ഹുജ്ജതുല്ലാഹ് (അലി അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്) എന്നും കൂട്ടി. 

രണ്ടാം ഖലീഫ ഉമറി(റ)നോടാണ് ഏറ്റവും വലിയ വിരോധം. ശിഈ തീവ്രവാദികള്‍ സുന്നികളെ കളിയാക്കി 'ഉമരികള്‍' എന്നഭിസംബോധന ചെയ്തു. എന്നിട്ടും അരിശം തീരാതെ ഉമറി(റ)ന്റെ ഘാതകനെ പുണ്യവാളനാക്കി. 'ബാബാ ശുജാഉദ്ദീന്‍ അബൂ ലുഅ്‌ലുഅ ഫൈറൂസ്' എന്നാണാ പുണ്യവാളന്റെ പുതിയ പേര്‍. മദീനയില്‍ മരിച്ച അയാളുടെ 'യാറം' ഇറാനിലുണ്ട്. കാശാന്‍ പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ഗംഭീരമായ പ്രസ്തുത യാറത്തിന്റെ പുറത്ത്, 'ബാബാ ശുജാ ഉദ്ദീന്‍ അബൂ ലുഅ്‌ലുഅ ഫൈറൂസ്' എന്നെഴുതി വെച്ചിട്ടുണ്ട്. അകത്ത് അറബിയില്‍ 'അല്ലാഹുവേ, ജിബ്തിനെയും താഗൂത്തിനെയും നഅ്‌സലിനെയും നീ ശപിക്കേണമേ' എന്ന പ്രാര്‍ഥനയും എഴുതിവെച്ചിരിക്കുന്നു. ഇതില്‍ പറഞ്ഞ മൂന്നാളുകള്‍ യഥാക്രമം അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നീ സ്വര്‍ഗാവകാശികളായ ഇസ്‌ലാമിക രാഷ്ട്ര സാരഥികളാണ്. യാറം സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും ഇതറിയാം (അബൂലു അ്‌ലുഅ മുസ്‌ലിമായിരുന്നുവെന്നും ഉമറി(റ)നെ വധിച്ചതിലൂടെ അദ്ദേഹം ഇസ്‌ലാമിന് വിലമതിക്കാനാവാത്ത സേവനമാണ് സമര്‍പ്പിച്ചതെന്നും ശിഈ പണ്ഡിതന്‍ പ്രതികരിക്കുന്നത് യു ട്യൂബില്‍ അറബിയില്‍ ലഭ്യമാണ്). 

നബി(സ)യുടെ അനുയായികളില്‍ പന്ത്രണ്ടു പേര്‍ മാത്രമാണ് ശിഈകളുടെ ആസിഡ് ടെസ്റ്റില്‍ പാസ്സായത്. ബാക്കിയുള്ളവരെല്ലാം കാഫിറുകളും മുനാഫിഖുകളുമാണത്രെ. അവരെല്ലാം താഗൂത്തുകളുടെ സഹായികളും ചട്ടുകങ്ങളുമായിരുന്നുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ശിഈകള്‍ ഇസ്‌ലാമിനെ വളര്‍ത്തുകയാണോ തകര്‍ക്കുകയാണോ എന്ന് തീരുമാനിക്കാന്‍ ഏറെ പ്രയാസമുണ്ടാവില്ല.

നാമീ ചരിത്രത്തിന്റെ തടവറയിലല്ല, തുടര്‍ച്ചയിലാണ്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശിഈ നേതാവ് യാസിര്‍ അല്‍ ഹബീബിന്റെ തീപ്പൊരി പ്രസംഗങ്ങള്‍ യൂട്യൂബില്‍ സുലഭമാണ്. ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ(റ)യെ വായില്‍ കൊള്ളാത്ത തെറി വിളിച്ച യാസിറിന് വേണ്ടി അലി ഖാംനഇ മുസ്‌ലിം ലോകത്തോട് പരസ്യമായി മാപ്പ് ചോദിച്ചത് കഴിഞ്ഞ വര്‍ഷമാണ്. യാസിര്‍ തൗബ ചെയ്തിട്ടൊന്നുമില്ല. കിതാബുകളില്‍ തെളിവുള്ളതിനാലാണ് അങ്ങനെ പറഞ്ഞതെന്ന് ന്യായീകരിക്കുകയാണ് ചെയ്തത്.

ചരിത്ര ഗ്രന്ഥങ്ങളെ വിശ്വസിക്കാമെങ്കില്‍, നബി കുടുംബത്തോടും വിശിഷ്യ അലി(റ)യോടുമുള്ള ഈ തീവ്ര സ്‌നേഹാഭിനിവേശത്തിന്റെ പിന്നില്‍ അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതനാണെന്നാണ് മനസ്സിലാകുന്നത്. തീവ്രവാദം കാരണം അയാളെ ഈജിപ്തിലേക്ക് നാടുകടത്തി. അത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞ പോലെയായി. അവിടെ നിന്നാണ് ഉസ്മാന്‍ ബിന്‍ അഫ്ഫാനെ(റ) വധിക്കാനുള്ള പ്ലാനുമായി വിമതര്‍ വന്നതും, ഖലീഫ രക്തസാക്ഷിയായതും.

ഇസ്‌ലാമിക ചരിത്രത്തിലെ അക്കാലത്തെ രക്ത രൂഷിതമായ അധ്യായങ്ങള്‍ പരിശോധിച്ചാല്‍ എല്ലാ നാശങ്ങള്‍ക്കു പിന്നിലും ഇബ്‌നു സബഇന്റെ അനുയായികളായ ശിഈകളായിരുന്നുവെന്ന് കാണാം. സ്വാഭാവികമായും ശിഈകള്‍ ഇത് നിഷേധിക്കും. ചരിത്രത്തിന്റെ മറ്റൊരു ദുര്‍വ്യാഖ്യാനത്തിലൂടെ അവര്‍ ലക്ഷ്യം കണ്ടെത്തും. കാശിഫുല്‍ ഗിത്വാ എഴുതിയത് ശിഈകള്‍ ശപിക്കുകയും വെറുക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇബ്‌നു സബഅ് എന്നാണ്. എന്നാല്‍ ഇബ്‌നു സബഇനെ തള്ളിപ്പറയുന്നെങ്കിലും അയാള്‍ പ്രചരിപ്പിച്ച അബദ്ധം തിരുത്താനല്ല പൂര്‍വോപരി ശക്തിയില്‍ സ്ഥാപിക്കാനാണ് ഈ പണ്ഡിതന്മാരെല്ലാം ശ്രമിച്ചത്. നബി തിരുമേനി നേരിട്ടാണ് അലി(റ)യെ ഇമാമായി പ്രഖ്യാപിച്ചതെന്ന വാദമാണവര്‍ മുന്നോട്ടുവെച്ചത്.

കുടുംബ മഹിമ വാദം ജൂതന്മാര്‍ പ്രചരിപ്പിച്ചത് വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഞങ്ങള്‍ ദൈവ പുത്രന്മാരും ദൈവത്തിന് പ്രിയങ്കരരും ആണെന്ന് അവര്‍ പറഞ്ഞ കാര്യം ഓര്‍മിപ്പിച്ചത് മുസ്‌ലിംകള്‍ ആ അബദ്ധത്തില്‍ ആപതിക്കാതിരിക്കാനാണ്. എന്നാല്‍, ഗോത്ര സമ്പ്രദായം ശീലിച്ചു വന്ന അറബികളെ വശീകരിച്ച് കുടുംബ മഹിമ ബോധ്യം വരുത്തി മുസ്‌ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കുന്നതില്‍ ശത്രുക്കള്‍ വിജയിച്ചു. 

ചരിത്രം തങ്ങള്‍ക്കനുകൂലമായി തിരുത്താന്‍ ആദ്യമായി മുന്നോട്ടുവന്നത് ശിഈകളായിരുന്നു. അതിനാല്‍ ചരിത്ര ഗവേഷകരെ വഴി തെറ്റിക്കാനും  ചരിത്രകാരന്മാര്‍ക്ക് സത്യം അപ്രാപ്യമാക്കാനും അവര്‍ക്ക് സാധിച്ചു. ഇസ്‌ലാമിനു ബൃഹത്തായ സേവനങ്ങളര്‍പ്പിച്ച അബൂബക്ര്‍ (റ), ഉമര്‍ (റ), ഉസ്മാന്‍ (റ) എന്നീ മഹാരഥന്മാരെ താറടിച്ച് കാണിക്കാനും അവരുടെ മഹത്തായ സംഭാവനകള്‍  നിസ്സാരവത്കരിക്കാനും, അവരുടെ പേരില്‍ ഇല്ലാത്ത അപരാധങ്ങള്‍ ചുമത്താനും ചരിത്രകാരന്മാരെ വ്യംഗ്യമായി പ്രേരിപ്പിക്കുകയായിരുന്നു ശിഈകള്‍. ആലു കാശിഫുല്‍ ഗിത്വായെപ്പോലുള്ള സമര്‍ഥരായ ശിഈ പണ്ഡിതര്‍ അഭിപ്രായ വ്യത്യാസം ശാഖാപരമാണെന്ന് പറയുന്നത് ശിഈകളുടെ അടവുനയമാണ്. അലി (റ) ഉപര്യുക്ത ഖലീഫമാരെ അംഗീകരിച്ചതും അടവുനയമായിരുന്നുവെന്നാണ് അവരുടെ അഭിപ്രായം. എന്നാല്‍, ഇമാമത്തിന്റെ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുവെന്ന് നിര്‍ബന്ധിതരായി അവര്‍ സമ്മതിച്ചു.

ഖുര്‍ആനും സുന്നത്തുമാണല്ലോ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. എന്നാല്‍ സുന്നികള്‍ സ്വീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ അവര്‍ക്ക് സ്വീകാര്യമല്ല. നബികുടുംബത്തിലൂടെ നിവേദനം ചെയ്തതെന്ന് അവര്‍ ജല്‍പിക്കുന്ന ഹദീസുകള്‍ മാത്രമേ അവര്‍ സ്വീകരിക്കൂ. സുന്നികളെ തര്‍ക്കിച്ച് തോല്‍പിക്കാന്‍ ബുഖാരിയും മുസ്‌ലിമുമെല്ലാം ഉദ്ധരിക്കും. അത് പ്രതിയോഗിയെ അയാളുടെ വിശ്വാസം വെച്ച് നേരിടുക എന്ന തന്ത്രമാണ്. സുന്നികള്‍ക്ക് കേട്ടു പരിചയമില്ലാത്ത ഹദീസു ഗ്രന്ഥങ്ങളാണ് ശിഈകളുടേത്. കുലൈനിയുടെ കാഫി, തൂസിയുടെ തഹ്ദീബ്, മുഹമ്മദ് ബാഖിര്‍ രചിച്ച ബിഹാറുല്‍ അന്‍വാര്‍ മുതലായവ ഉദാഹരണമാണ്. കുലൈനിയുടെ കാഫിയാണ് അവര്‍ക്ക് ബുഖാരിയുടെ സ്ഥാനത്ത്.

പരിശുദ്ധ ഖുര്‍ആനിന്റെ മൂലത്തില്‍ അഭിപ്രായ വ്യത്യാസമില്ല എന്ന് പുറമെ പറയുമ്പോഴും വ്യാഖ്യാനത്തില്‍ വലിയ അന്തരം പ്രകടമാണ്. ആലു കാശിഫില്‍ ഗിത്വാ തന്നെ ഇതിന് തെളിവാണ്. ഉന്നയിച്ച മിക്ക വചനങ്ങളും ശിഈ വിശ്വാസാദര്‍ശങ്ങള്‍ക്കൊത്ത് വ്യാഖ്യാനിച്ചിരിക്കുകയാണദ്ദേഹം. ഒരുദാഹരണം മാത്രം ഇവിടെ ചേര്‍ക്കാം. ശിഈസത്തിന്റെ ഉപജ്ഞാതാവ് നബി തിരുമേനിയാണെന്ന് സ്ഥാപിക്കാനായി പേജ് 221-ല്‍ രേഖപ്പെടുത്തിയത് കാണുക. ''ശിഈകള്‍ വിശ്വസിക്കുന്നു: അല്ലാഹു നബിയോട് കല്‍പിച്ചു. അലിയെ പേരെടുത്ത് പറഞ്ഞ് ഇമാമായി പ്രഖ്യാപിക്കുക. എന്നാല്‍, അത് ജനങ്ങള്‍ക്ക് പ്രയാസകരമാവുമെന്ന് നബി(സ)ക്കറിയാമായിരുന്നു. തന്റെ പിതൃവ്യപുത്രനും ജാമാതാവുമായ അലിയോടുള്ള സ്‌നേഹത്തിന്റെയും, വഴിവിട്ട സഹകരണത്തിന്റെയും പേരിലാണിതെന്ന് ജനങ്ങള്‍ ധരിച്ചുവശായേക്കാം. നബി (സ)യുടെ പവിത്രതയിലും ദേഹേഛയില്‍ നിന്നുള്ള മുക്തിയിലും അന്നും ഇന്നും ജനങ്ങളെല്ലാം ഒരേ വിശ്വാസക്കാരല്ല. എന്നാല്‍, അല്ലാഹു തിരുമേനിക്ക് ഒഴികഴിവ് നല്‍കിയില്ല. ഇങ്ങനെ വഹ്‌യ് നല്‍കി: ''ദൂതരേ, നിന്റെ നാഥനില്‍ നിന്നവതരിച്ചത് പ്രഖ്യാപിക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ താങ്കള്‍ അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിച്ചിട്ടില്ല'' (5:67). 

ഈ ശക്തമായ താക്കീതിനു ശേഷം നബി(സ)ക്ക് അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലാതായി. അതിനാല്‍ ഹജ്ജത്തുല്‍ വിദാഇല്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ 'ഖും' ജലാശയത്തിന്നടുത്ത് വെച്ച് തിരുമേനി ചോദിച്ചു-അധിക പേരും അത് കേട്ടിരുന്നു-സത്യവിശ്വാസികളുടെ രക്ഷാധികാരി അവരെക്കാളും ഞാനല്ലയോ? അവര്‍: അല്ലാഹുവാണ, അതെ. അപ്പോള്‍ തിരുമേനി: ഞാനാരുടെ രക്ഷാധികാരിയാണോ അവരുടെയെല്ലാം രക്ഷാധികാരിയാണ് ഈ അലി (ഈ വചനത്തില്‍ അലിയുടെ കാര്യത്തില്‍ (ഫീ അലിയ്യിന്‍) എന്നത് വിട്ടുപോയി എന്നത് അടവുനയമായി പറയാതിരുന്നതാണ്. സാധാരണ ശിഈകള്‍ അതാണ് പറയാറ്).

ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യത്തിന് ഒരു ബന്ധവുമില്ലാത്ത വിഷയമാണിത്. വേദക്കാര്‍ക്ക് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ പ്രത്യേകം നിര്‍ദേശിക്കുന്ന ഭാഗമാണ് അലി(റ)യുടെ അധികാരാരോഹണത്തിന്റെ പ്രഖ്യാപനമാക്കി മാറ്റിയത്. പരിശുദ്ധ ഖുര്‍ആനിന്റെ ചൈതന്യം നഷ്ടപ്പെടുത്തുന്ന ഇത്തരം അനേകം ദുര്‍വ്യാഖ്യാനങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു ശിഈ ഗ്രന്ഥങ്ങളില്‍. നബി കുടുംബവുമായി ബന്ധപ്പെട്ട വചനങ്ങളെല്ലാം ഖുര്‍ആന്‍ ക്രോഡീകരണ വേളയില്‍ അബൂബക്ര്‍ സിദ്ദീഖ് മാറ്റിവെച്ചു എന്നാരോപിക്കുന്ന ശിഈ തീവ്രവാദികളെ ഒഴിവാക്കിയാണ് നാം ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകുന്നത്.

ആരാണ് നബി കുടുംബം?

നാം നബിയുടെ പേരിലുള്ള സ്വലാത്തില്‍ ആലു മുഹമ്മദ് എന്നു പറയുന്നതിന്റെ പൊരുളെന്താണ്, നബികുടുംബം എന്നാണല്ലോ അതിന്റെ പരിഭാഷ പറയാറുള്ളത്? വലിയ തെറ്റിദ്ധാരണക്ക് കാരണമായ ഈ 'ആലു' പ്രയോഗം പണ്ഡിതന്മാര്‍ വിശദമായി ചര്‍ച്ച ചെയ്തതാണ്. അതില്‍ വളരെ പ്രസക്തമായ ഭാഗം മാത്രം ഇവിടെ ചേര്‍ക്കാം. 

ആലു മുഹമ്മദ് എന്നത് നബി കുടുംബം എന്ന അര്‍ഥത്തിലല്ല സ്വലാത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. തിരുമേനിയുടെ അനുയായികള്‍, ആദര്‍ശത്തില്‍ തിരുമേനിയെ അനുഗമിക്കുന്നവര്‍ എന്നാണര്‍ഥമാക്കേണ്ടത്. അറബികളും അനറബികളുമായ എല്ലാ സത്യവിശ്വാസികളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുമേനിയുടെ കുടുംബക്കാര്‍ എന്നര്‍ഥം കല്‍പിച്ചാല്‍ അബൂലഹബിനും നാം നമസ്‌കാരത്തില്‍ സ്വലാത്ത് ചൊല്ലുന്നു എന്നു വരും. 

ആലു എന്ന പദത്തിന് പല അര്‍ഥങ്ങളുമുണ്ട്. ഭാര്യമാര്‍, സന്താന പരമ്പര, അനുയായികള്‍, പക്ഷക്കാര്‍ എന്നീ അര്‍ഥങ്ങളിലെല്ലാം ആലു പ്രയോഗിക്കും. ആലു ഫിര്‍ഔന്‍ എന്നതിന്റെ അര്‍ഥം ഫിര്‍ഔനിന്റെ അനുയായികള്‍, പക്ഷക്കാര്‍ എന്നാണ്. ഫറോവക്ക് മക്കളോ മറ്റു ബന്ധുക്കളോ ഉണ്ടായിരുന്നില്ല. അതിനാല്‍ 'ഫിര്‍ഔനിന്റെ സന്താനങ്ങള്‍' എന്ന് ഇതിനര്‍ഥമില്ല.

മുസന്നഫ് അബ്ദുര്‍റസ്സാഖില്‍ ഇങ്ങനെ കാണാം (2/214): 'ഒരാള്‍ ഇമാം സൗരിയോട് ചോദിച്ചത് കേട്ടു: ''ആരാണ് സ്വലാത്തില്‍ പറയുന്ന ആലു മുഹമ്മദ്?'' അദ്ദേഹം പറഞ്ഞു: ''രണ്ടഭിപ്രായമുണ്ട്. ചിലര്‍ പറയുന്നു ആലു മുഹമ്മദ് തിരുമേനിയുടെ കുടുംബമാണെന്ന്. മറ്റു ചിലര്‍ പറയുന്നത് തിരുമേനിയെ അനുസരിക്കുകയും പിന്തുടരുകയും ചെയ്യുന്നവരാണ് ആലു മുഹമ്മദ് എന്നാണ്. എന്റെ അഭിപ്രായത്തില്‍ ഖണ്ഡിതമായും ഇപ്പറഞ്ഞതാണ് ശരി.'' 

ബുഖാരിയില്‍ സ്വലാത്ത് വിശദീകരിക്കുന്ന ഹദീസില്‍: 'അല്ലാഹുവേ, മുഹമ്മദിന്റെ മേലും ആലു മുഹമ്മദിന്റെ മേലും നിന്റെ രക്ഷയും സമാധാനവും ചൊരിയേണമേ, ഇബ്‌റാഹീമിന്റെ മേലും ആലു ഇബ്‌റാഹീമിന്റെ മേലും നിന്റെ രക്ഷയും സമാധാനവും ചൊരിയേണമേ' എന്നാണല്ലോ ഉള്ളത്. ഇവിടെ ആലു ഇബ്‌റാഹീമില്‍ ജൂതന്മാരും അബൂലഹബും പെടില്ല; അവര്‍ അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണെങ്കിലും. സന്താനങ്ങള്‍ എന്നാണര്‍ഥമെങ്കില്‍ മുഹമ്മദ് നബിയുടെ സന്താനങ്ങളും അതില്‍ പെടുമല്ലോ. അവരെ വേറെ എടുത്തു പറയേണ്ടതില്ലായിരുന്നു. അനുയായികള്‍ എന്നു മാത്രമാണിവിടെ അര്‍ഥം. അതാണ് ഈ കവിതാ ശകലത്തില്‍ പറയുന്നതും: 

ആലുന്നബിയ്യി ഹുമു അത്ബാഉ മില്ലതിഹി 
അലശ്ശരീഅത്തി മിന്‍ അജമിന്‍ വ മിന്‍ അറബി. 
ലൗ ലം യകുന്‍ ആലുഹു ഇല്ലാ ഖറാബതുഹു 
സല്ലല്‍ മുസല്ലി അലത്താഗി അബീ ലഹബി.

(ആലുന്നബി എന്നതിന്റെ ഉദ്ദേശ്യം ശരീഅത്തനുസരിച്ച് അവിടുത്തെ മാര്‍ഗം പിന്തുടര്‍ന്ന അറബികളും അനറബികളുമാണ്. അവിടുത്തെ 'ആല്‍' കുടുംബ ബന്ധുക്കള്‍ മാത്രമാണെങ്കില്‍ സ്വലാത്ത് ചൊല്ലുന്നവന്‍ ധിക്കാരിയായ അബൂലഹബിന്റെ രക്ഷക്കും സമാധാനത്തിനും വേണ്ടി ആവും പ്രാര്‍ഥിക്കുക).

ഇമാം ഖുര്‍ത്വ്ബി തന്റെ വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ എഴുതുന്നു(1/381): ''ആലു ഫിര്‍ഔന്‍ ഫറോവയുടെ ജനതയാണ്, അനുയായികളാണ്, അദ്ദേഹത്തിന്റെ മതം സ്വീകരിച്ചവരാണ്. അതുപോലെ ആലുര്‍റസൂല്‍ തിരുമേനിയുടെ ദീനും മാര്‍ഗവും സ്വീകരിച്ചവരാണ്. തിരുമേനിയുടെ കാലത്തുള്ളവരും മറ്റു കാലങ്ങളിലുള്ളവരും ഇതില്‍ തുല്യരാണ്. തിരുമേനിയുമായി കുടുംബബന്ധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വ്യത്യാസവുമില്ല. തിരുമേനിയുടെ ദീനിലും മില്ലത്തിലുമല്ലാത്തവര്‍ അവിടുത്തെ ആലോ, അഹ്‌ലോ അല്ല. അടുത്ത ബന്ധുവോ കുടുംബമോ ആണെങ്കിലും!'' 

നമുക്ക് തെളിവ് ഖുര്‍ആനില്‍ വന്ന ആലു ഫിര്‍ഔന്‍ എന്ന പ്രയോഗമാണ്. ഫിര്‍ഔനിന് മക്കളോ കുടുംബ ബന്ധുക്കളോ ഉണ്ടായിരുന്നില്ല. മറ്റൊരു തെളിവ് നൂഹ് (അ) മിന്റെ നിഷേധിയായ മകനെപ്പറ്റി 'അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല' എന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചതാണ്. വേറെ ഒരു തെളിവ് സ്വഹീഹ് മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഹദീസാണ്. അംറുബ്‌നുല്‍ ആസ്വ് പറഞ്ഞു: റസൂല്‍ (സ)പറഞ്ഞത് ഞാന്‍ കേട്ടു. എന്റെ പിതാവിന്റെ കുടുംബമായ ഇന്ന വ്യക്തി എന്റെ വലിയ്യ് (ആത്മ മിത്രം) അല്ല. എന്റെ വലിയ്യ് അല്ലാഹുവും സച്ചരിതരായ വിശ്വാസികളുമാണ്.'

നബി (സ) തിരുമേനിയുടെ കുടുംബക്കാര്‍ വിശ്വാസവും സല്‍കര്‍മവും ഉള്ളവരാണെങ്കില്‍ മാത്രമേ അവര്‍ക്ക് ഇസ്‌ലാമില്‍ സ്ഥാനമുള്ളൂ. ആ സ്ഥാനം കര്‍മത്തിന്റെയും ഭക്തിയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടണം, കുടുംബ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല. 

ഇതാണിസ്‌ലാമിന്റെ ശിക്ഷണം. ഇതിന്റെ വ്യക്തമായ നിഷേധമാണ് ശിഈസം. സുന്നികളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് ആലു കാശിഫുല്‍ ഗിത്വാ അടക്കമുള്ള മിതവാദികളായ ശിഈകള്‍ സമ്മതിച്ച വിഷയം മാത്രമേ നാമിവിടെ ചര്‍ച്ചയില്‍ ഊന്നിയിട്ടുള്ളൂ. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെത്തന്നെ നമുക്ക് ഒരു കാര്യം വ്യക്തമായി ഗ്രഹിക്കാം: അനേകം അവാന്തര വിഭാഗങ്ങളുള്ള ശിഈകളില്‍ കര്‍മശാസ്ത്രപരമായി സുന്നികളോട് അടുത്തു നില്‍ക്കുന്ന  ഇമാമി ഗ്രൂപ്പ് പോലും അടിസ്ഥാന വിശ്വാസത്തില്‍ നമ്മോട് വിയോജിക്കുന്നു. 

സുന്നി-ശിഈ ഐക്യത്തിനു വേണ്ടി ശിഈകളില്‍ ചിലര്‍ ശ്രമിച്ചിരുന്നത് ഇറാനിലും ഇറാഖിലും അവര്‍ക്ക് ഭരണമില്ലാത്ത കാലത്താണ്. ഇന്ന് മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് ഇറാന്‍. ആണവശേഷി വരെ അവര്‍ നേടി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ശിഈ മത പ്രചാരണത്തിനായി കോടാനുകോടി ഡോളര്‍ ഇറാന്‍ ചെലവഴിക്കുന്നു. ലബനാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന  ഹിസ്ബുല്ല ഗറില്ല ഗ്രൂപ്പ് ഇസ്രയേലിനെ പാഠം പഠിപ്പിച്ച സായുധ ശക്തിയാണ്. ഇറാന്റെ സഹായമാണ് തങ്ങളുടെ ശക്തി സ്സ്രോതസ്സെന്ന് ഹിസ്ബുല്ല പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

വിശ്വാസത്തില്‍ വലിയ അന്തരമുണ്ട് ഇമാമികളും അലവികളും തമ്മില്‍. ഇതൊന്നും സുന്നികള്‍ക്കെതിരില്‍ സിറിയയില്‍ അവരെ സഹായിക്കുന്നതിന് ഇറാനികള്‍ക്ക് തടസ്സമല്ല. അലവികളുമായി സഹകരിച്ച് ബശ്ശാറിന്റെ സിംഹാസനം നിലനിര്‍ത്താനും സുന്നികളെ തകര്‍ക്കാനും ഇറാന്‍ ആളും അര്‍ഥവും നല്‍കുന്നു. മുസ്‌ലിം ബ്രദര്‍ ഹുഡും സഖ്യ കക്ഷികളും ആദ്യത്തില്‍ കൈവരിച്ച വിജയം തുടരാന്‍ കഴിയാതിരിക്കാന്‍ കാരണം ബശ്ശാറിന് ഇറാന്റെ കലവറയില്ലാത്ത സഹായം ലഭിച്ചതാണെന്ന് നിരീക്ഷകര്‍ രേഖപ്പെടുത്തുന്നു. 

സുന്നി-ശിഈ ശത്രുത കാലഹരണപ്പെട്ട ചരിത്രമാണെന്ന് ധരിച്ചുവശായവരുടെ കണ്ണ് തുറപ്പിക്കാന്‍ സഹായകമാവുന്ന ചില വസ്തുതകള്‍ ഇവിടെ കുറിച്ചതാണ്. സുന്നികള്‍ ഇസ്‌ലാമിക ഭരണത്തിനു വേണ്ടി പരിശ്രമിക്കുന്നേടത്തെല്ലാം ശിഈകള്‍ അതിനു തുരങ്കം തീര്‍ക്കുമെന്നതാണ് ആധുനിക ചരിത്രം നമ്മെ പഠിപ്പിച്ചത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍