Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

അവിസ്മരണീയമായ ഒരു കൊണ്ടോട്ടി അനുഭവം

എ.ആര്‍

അവിസ്മരണീയമായ ഒരു കൊണ്ടോട്ടി അനുഭവം

         കഴിഞ്ഞ ലക്കം വാരികയില്‍ (ലക്കം 2868) ടി.കെ അബ്ദുല്ല സാഹിബ് പ്രസ്ഥാന പ്രവര്‍ത്തകരുടെ ശുദ്ധഗതി മൂലമുണ്ടാവുന്ന അമളികളുടെ ചില രസകരമായ അനുഭവങ്ങള്‍ കുറിച്ചത് വായിച്ചപ്പോള്‍ ഓര്‍മവന്നതാണ് ഈ കത്തെഴുത്തിന് പ്രചോദനം. സംഭവത്തിന് അദ്ദേഹവുമായി കൂടി ബന്ധമുള്ളതിനാല്‍ കൂടുതല്‍ പ്രസക്തം.

ഞാന്‍ തൊള്ളായിരത്തി അറുപതുകള്‍ക്കൊടുവില്‍ പ്രബോധനം വാരികയില്‍ ജോലി ചെയ്യുന്ന കാലം. ടി.കെ കൊണ്ടോട്ടിയില്‍ പ്രഭാഷണത്തിന് ചെല്ലാമെന്ന് കെ. അബ്ദുര്‍റഹ്മാന്‍ സാഹിബിനോടേറ്റിരുന്നെങ്കിലും നിശ്ചിത ദിവസം അസൗകര്യം അറിയിക്കുകയായിരുന്നു. വലിയ പ്രചാരണമൊക്കെ നടത്തിയ സംഘാടകര്‍ക്ക് പരിഭ്രാന്തിയും നൈരാശ്യവും. ഒടുവില്‍ അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്നെ സമീപിച്ചു. നിര്‍ബന്ധമായും ടി.കെക്ക് പകരക്കാരനായേ പറ്റൂ എന്ന് ശഠിച്ചു. എന്റെ സ്ഥിതിയോ? ടി.കെക്ക് പകരക്കാരനായി ശ്രോതാക്കള്‍ എന്നെ എങ്ങനെ കാണുമെന്ന കാര്യത്തില്‍ കടുത്ത ആശങ്ക ഒരു ഭാഗത്ത്. പുറമെ അക്കാലത്ത് വെള്ളിമാട്കുന്നിനടുത്ത പൂളക്കടവ് റോഡിലെ ഒരു വാടക വീട്ടില്‍ ഭാര്യയോടൊത്ത് കഴിയുകയായിരുന്നു ഞാന്‍. കൂടെത്താമസിച്ചിരുന്ന ജ്യേഷ്ഠനും ഭാര്യയും നാട്ടില്‍ പോയിരിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ തീര്‍ത്തും അപരിചിതമായ ചുറ്റുപാടില്‍ തനിച്ചാക്കി കൊണ്ടോട്ടിയില്‍ പോവുന്നതിനേക്കാളേറെ പ്രയാസം രാത്രി തിരിച്ചുവരാനായില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നോര്‍ത്തായിരുന്നു. 

എന്റെ പ്രയാസം അബ്ദുര്‍റഹ്മാന്‍ സാഹിബിനെ ധരിപ്പിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹം വിട്ടില്ല. 'അതൊക്കെ ഞങ്ങളേറ്റു. താങ്കളൊന്ന് വന്നാല്‍ മതി.' രണ്ടുംകല്‍പിച്ച് ഞാന്‍ പോയി. കൊണ്ടോട്ടി ബസാറില്‍ സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തില്‍ പ്രസംഗിച്ചുകഴിയുമ്പോള്‍ സമയം രാത്രി 10 മണി. സംഘാടകര്‍ പിരിഞ്ഞുപോയിക്കൊണ്ടിരിക്കെ ഞാന്‍ അബ്ദുര്‍റഹ്മാന്‍ സാഹിബിനെ ഉണര്‍ത്തി. 'എനിക്കുടനെ മടങ്ങിയേ പറ്റൂ.' കേട്ടു നിന്ന ബാവ സാഹിബാണ് നേര് പറഞ്ഞത്. '10 മണിക്ക് ശേഷം ഈ വഴിയേ കോഴിക്കോട്ടേക്ക് ബസ്സില്ല.' 'കൊലച്ചതി!' എന്ന് പൊട്ടിത്തെറിക്കാനൊരുങ്ങിയെങ്കിലും എന്തുകൊണ്ടോ ഞാന്‍ സംയമനം പാലിച്ചു. ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിത്തന്ന് അവരെന്നെ പീടികമുകളിലെ ജമാഅത്തെ ഇസ്‌ലാമി ആപ്പീസില്‍ ഉറങ്ങാന്‍ കിടത്തി സ്ഥലം വിട്ടു. ഭാര്യക്ക് ടെലിഫോണ്‍ ചെയ്യാന്‍ പോലും കഴിയാതെ ഒടുവില്‍ മയക്കത്തിലേക്ക് വീഴവെ മുറിയുടെ വാതിലിന് ഊക്കേറിയ മുട്ട്. ഒപ്പം അട്ടഹാസവും. പേടിച്ചരണ്ട ഞാന്‍ വാതില്‍ തുറക്കില്ലെന്നുറപ്പിച്ചു കിടന്നു. അല്‍പനേരത്തിനു ശേഷം മുട്ടും ആക്രോശവും നിലച്ചു. പുലരേ എഴുന്നേറ്റ് ഞാന്‍ കിട്ടിയ ബസ്സില്‍ കോഴിക്കോട്ടേക്കും തുടര്‍ന്ന് വെള്ളിമാട്കുന്നിലേക്കും യാത്രയായെന്ന് പറയേണ്ടല്ലോ. വീട്ടിലെത്തിയപ്പോള്‍ ഭാര്യ ചോദിച്ചു: 'നിങ്ങളെന്ത് പണിയാണ് ചെയ്തത്?' നടന്നതെല്ലാം വിവരിച്ചുകൊടുത്തപ്പോള്‍ അവള്‍ ശാന്തയായി. ഏറെ നേരം കാത്തിരുന്ന അവള്‍ ഞാന്‍ വരില്ലെന്ന് ഉറപ്പായപ്പോള്‍ അയല്‍വീട്ടുകാരുടെ സഹായം തേടുകയായിരുന്നു. അവരുടെ മകളെ കൂടെ അയക്കാന്‍ അവര്‍ ഔദാര്യം കാട്ടിയതോടെ സമാധാനമായി. എനിക്കാവട്ടെ ഇമ്മാതിരി ഒരു കുരുക്കില്‍ ഇനി ചാടുകയില്ലെന്നുറപ്പിക്കാന്‍ മികച്ച അനുഭവവും (പാതിരാത്രി വാതിലില്‍ മുട്ടിയ മാന്യദേഹം കൊണ്ടോട്ടി അങ്ങാടിയില്‍ അലഞ്ഞു നടക്കുന്ന ഒരു ഭ്രാന്തനായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്).

എ.ആര്‍

നമ്മള്‍ ജീവിക്കുന്ന നാടിന്റെ വൈവിധ്യത്തെ 
അറിയാതെയുള്ള പറച്ചിലുകള്‍

         അഹ്മദാബാദില്‍ ലോ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറില്‍, ഇന്ത്യക്കാര്‍ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്നും ഇതിന്റെ ഭാഗമായി കുട്ടികളെ പുരാണേതിഹാസ ഗ്രന്ഥങ്ങളായ ഗീതയും രാമായണവും പഠിപ്പിക്കണമെന്നുമുള്ള സുപ്രീംകോടതി ജഡ്ജി എ.ആര്‍ ദാവെയുടെ പ്രസംഗം അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് നിരക്കാത്തതായി പോയി. പാഠപുസ്തകങ്ങളില്‍ ഹൈന്ദവ പുരാണേതിഹാസങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന സംഘ്പരിവാറിന്റെ കാലങ്ങളായുള്ള ആവശ്യത്തിന് ചൂട്ടുപിടിക്കുന്നതായിരുന്നു ഈ പ്രസ്താവന.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യത്തിന്റെ അത്യുന്നത നിയമ പീഠത്തെ നിയന്ത്രിക്കുന്ന വ്യക്തികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹത്തിന് ചില ഉത്തരവാദിത്തങ്ങളുണ്ട്. സ്വകാര്യ ജീവിതത്തില്‍ അദ്ദേഹത്തിന് ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയോ ആദര്‍ശം ഉള്‍ക്കൊള്ളുകയോ ചെയ്യാം. എന്നാല്‍, ഔദ്യോഗിക പദവിയില്‍ ഇരിക്കുന്ന കാലത്തോളം പൊതുജീവിതത്തില്‍ എല്ലാ ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും അദ്ദേഹം തുല്യ പരിഗണന നല്‍കുകയാണ് വേണ്ടത്. ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജീവിക്കുന്ന നാടിന്റെ വൈവിധ്യങ്ങളെപ്പറ്റി ആലോചിക്കണമായിരുന്നു.

എം. അശ്‌റഫ് ഫൈസി കാവനൂര്‍

ഒരു കാമ്പയിന്‍ കൊണ്ട് നാടകലുന്നതല്ല ധൂര്‍ത്ത്

         കല്യാണ ധൂര്‍ത്തുകള്‍ക്കും ആര്‍ഭാടങ്ങള്‍ക്കുമെതിരെ മുസ്‌ലിം ലീഗ് രംഗത്തിറങ്ങി എന്നത് സ്വാഗതാര്‍ഹമാണ്. ഇതിന് മുമ്പും സാമൂഹിക നന്മ ലക്ഷ്യമാക്കി ഇത്തരം കാമ്പയിനുകള്‍ പാര്‍ട്ടി സംഘടിപ്പിച്ചിട്ടുണ്ട്. ആര്‍ഭാടം എന്നു കേള്‍ക്കുമ്പോഴേക്കും മുസ്‌ലിം സമുദായത്തെ ഓര്‍മവരുന്നത് യാദൃഛികമായിരിക്കാം. ഏതൊക്കെ തിന്മകള്‍ ഉച്ചാടനം ചെയ്യാന്‍ വേണ്ടി കല്‍പിക്കപ്പെട്ടുവോ അത്തരം തിന്മകളെല്ലാം നാള്‍ക്കുനാള്‍ മുസ്‌ലിം സമുദായത്തില്‍ അള്ളിപ്പിടിക്കുന്നതുകൊണ്ടാവാം ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും അവസാനിപ്പിക്കാന്‍ സമുദായത്തിനകത്ത് നിന്നു തന്നെ ശബ്ദമുയരുന്നത്.  സാധാരണക്കാര്‍ പോലും പണക്കാരന്റെ വഴി തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാകുമാറ് ആര്‍ഭാടം സമൂഹത്തില്‍ മേല്‍ക്കൈ നേടി. 'രാത്രി കല്യാണം' ഒന്നാം സ്ഥാനത്തും പകല്‍ കല്യാണം രണ്ടാം സ്ഥാനത്തുമായി. 

കേവലം കല്യാണങ്ങളില്‍ മാത്രമല്ല മലയാളി ധൂര്‍ത്ത് കാണിക്കുന്നത്. മലയാളിയുടെ പൊതുജീവിതത്തില്‍ ഗണനീയമായ സ്ഥാനത്ത് നില്‍ക്കുകയാണിന്ന് ധൂര്‍ത്ത്. അവന്റെ വസ്ത്രം, വാഹനം, വീടുകള്‍ എന്നിവ സൗകര്യം എന്ന മാനുഷിക പരിഗണനകള്‍ക്കപ്പുറം ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പര്യായങ്ങളായി മാറിയിരിക്കുന്നു. ആഴ്ചകള്‍ തോറും ഫാഷനുവേണ്ടി മാത്രം വാഹനം മാറ്റുന്നവരുടെയും, മറ്റുള്ളവര്‍ കാണാന്‍ വേണ്ടി മാത്രം വീടുണ്ടാക്കുന്നവരുടെയും എണ്ണം കൂടി വരികയാണ്. ഇത്തരം ധൂര്‍ത്തുകള്‍ക്കെതിരെ പള്ളി മിമ്പറുകളില്‍ നിന്നോ പാതിരാ വഅ്‌ളുകളില്‍ നിന്നോ ശബ്ദമുയരുന്നില്ല. പള്ളി കമ്മിറ്റിക്കും അമ്പലക്കമ്മിറ്റിക്കും ചില  'ആയിരങ്ങള്‍' കൊടുത്ത് അവരെയെല്ലാം നിര്‍വീര്യമാക്കുകയാണ് സമൂഹത്തിലെ പുത്തന്‍ പണക്കാര്‍.

ഒരു കാമ്പയിന്‍ കൊണ്ടോ സമ്മേളനം കൊണ്ടോ മാത്രം അപ്രത്യക്ഷമാകുന്നതല്ല ധൂര്‍ത്ത്. വ്യക്തിതലത്തില്‍ ബോധവത്കരണവും തുടര്‍ച്ചയായ ഉദ്‌ബോധനവും വേണം. ഒപ്പം ആസൂത്രണവും നടപ്പാക്കാനുള്ള നല്ല മനസ്സും. ആര്‍ഭാടങ്ങള്‍ നിലനിര്‍ത്തി പുത്തന്‍ പണക്കാര്‍ നല്‍കുന്ന 'ആയിരങ്ങള്‍' വേണ്ടെന്ന് വെക്കാന്‍ മഹല്ല് കമ്മിറ്റിക്കാരും അമ്പല കമ്മിറ്റിക്കാരും ആര്‍ജവം കാണിക്കണം.

ആര്‍ഭാടരഹിതമായ കല്യാണങ്ങളെ മത നേതൃത്വം പ്രോത്സാഹിപ്പിക്കുകയും ധൂര്‍ത്തിന്റെ കോട്ട-കൊത്തളങ്ങള്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും വേണം. അത്തരം ഒരു പുനര്‍വിചാരത്തിന് മാത്രമേ മലയാളിയെയും സമുദായത്തെയും രക്ഷിക്കാന്‍ കഴിയൂ.

എന്‍.പി അബ്ദുല്‍ കരീം ചേന്ദമംഗല്ലൂര്‍

         സുന്നീ-ശിഈ വിശ്വാസ സരണിയെക്കുറിച്ച് വി.എ കബീര്‍ എഴുതിയ ലേഖനം പഠനാര്‍ഹമായിരുന്നു. എന്നാല്‍, കേരളീയ മുസ്‌ലിംകളില്‍ ബഹുഭൂരിഭാഗവും ആചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശിഈ വിഭാഗങ്ങള്‍ അവരുടെ വിശ്വാസത്തിലധിഷ്ഠിതമായി കൊണ്ടാടുന്ന ആചാരാനുഷ്ഠാനങ്ങളാണ്. ശിഈ ഇമാമുമാരുടെ മഖ്ബറകള്‍ പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളാണ്. വാര്‍ഷിക ആചാരങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇവിടെയും മഖ്ബറകളിലും മരണാനന്തര ചടങ്ങുകളിലും മറ്റും സമാനമായ ആചാരാനുഷ്ഠാനങ്ങള്‍ നടമാടിക്കൊണ്ടിരിക്കുന്നു. എന്നിട്ട് അവര്‍ സ്വയം സുന്നികളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളോട് വിയോജിക്കുന്നവരെ മുബ്തദിഉകളെന്ന് മുദ്രചാര്‍ത്തുന്നു. ശിഈ വിശ്വാസാചാരങ്ങളെ കൊണ്ടുനടക്കുന്നവരെ സുന്നികളെന്ന് മറ്റുള്ളവരും അഭിസംബോധന ചെയ്യുന്നതിലെ വൈരുധ്യം തിരിച്ചറിയേണ്ടതുണ്ട്, തിരുത്തേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ സുന്നികള്‍ എന്ന വിശേഷണത്തിനര്‍ഹര്‍ 'സമസ്ത' വിഭാഗങ്ങളോ, അതോ അത്തരം അനാചാരങ്ങളെ എതിര്‍ക്കുന്നവരോ?

ബി.വി.എം ഹുസൈന്‍ തങ്ങള്‍ പുതിയങ്ങാടി, തൃശൂര്‍

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍