അമേരിക്കയുടെ ഇറാഖ് ഫോര്‍മുല വിഭാഗീയത മൂര്‍ഛിപ്പിക്കുമോ?
2011 ഡിസംബറില്‍ അമേരിക്കന്‍ പതാക ബഗ്ദാദില്‍ താഴ്ത്തിക്കെട്ടി യു.എസ് സൈനിക ദൗത്യത്തിന് വിരാമം കുറിച്ചതായി ഒബാമ ലോകത്തോട് പ്രഖ്യാപിച്ചിട്ട് രണ്ടര വര്‍ഷം പിന്നിടുകയാണ്. 2003 ല്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് തുടങ്ങിവെച്ച ഇറാഖ് അധിനിവേശം ഒമ്പത് വര്‍ഷത്തിന് ശേഷം അവസാനിപ്പിച്ചപ്പോള്‍ ഇറാഖി സേനയെ പരിശീലിപ്പിക്കാന്‍ ഏതാനും പട്ടാള ഉദ്യോഗസ്ഥരെ നിലനിര്‍ത്തി അവശേഷിക്കുന്ന മുഴുവന്‍ സൈനികരെയും പിന്‍വലിച്ചുകൊണ്ടാണ് അമേരിക്ക ഇറാഖ് ദൗത്യത്തില്‍നിന്ന് പിന്‍മാറിയത്. ഇറാഖിലെ പ്രശ്‌നങ്ങള്‍ മുഴുവനും അവസാനിച്ച് ആ രാജ്യത്ത് സമാധാനവും ജനാധിപത്യവും പൂര്‍ത്തീകരിച്ചതിന്റെ ചാരിതാര്‍ഥ്യത്തോടെയായിരുന്നില്ല മടക്കം. മറിച്ച് സ്വന്തം രാജ്യത്തുനിന്നുള്ള കനത്ത സമ്മര്‍ദ്ദത്തിന്റെ പേരിലായിരുന്നു യു.എസ് സൈന്യത്തെ ഇറാഖില്‍ നിന്ന് പിന്‍വലിക്കേണ്ടിവന്നത്. 2011 ഡിസംബര്‍ 17ന് വൈറ്റ് ഹൗസില്‍ ഒബാമ നടത്തിയ പ്രതിവാര പ്രസംഗത്തില്‍ നിന്ന് ഇത് കൃത്യമായി മനസ്സിലാക്കാവുന്നതുമാണ്. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനുതകുന്ന ഒരു ഭരണകൂടത്തെ കാര്യങ്ങള്‍ ഏല്‍പ്പിച്ച് രക്ഷപ്പെടാന്‍ ലഭിച്ച ആദ്യ അവസരം ഒബാമ ഉപയോഗപ്പെടുത്തിയെങ്കിലും പ്രതീക്ഷിച്ചതിലും നേരത്തെ കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുകയാണ്.
2001 സെപ്തംബര്‍ പതിനൊന്നിന് അമേരിക്കന്‍ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ ചുവട് പിടിച്ച് അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആസൂത്രിത നീക്കങ്ങളുടെ ഭാഗമായിരുന്നു ഇറാഖ് അധിനിവേശം. സദ്ദാം ഹുസൈന്‍ കൂട്ടസംഹാരായുധങ്ങള്‍ സമാഹരിച്ചിരിക്കുന്നുവെന്നും അമേരിക്കന്‍ ആക്രമണത്തിന് നേതൃത്വം കൊടുത്ത ഭീകരസംഘടനയായ അല്‍ ഖാഇദയെ സഹായിക്കുന്നുവെന്നും പറഞ്ഞായിരുന്നു ജോര്‍ജ് ബുഷ് ഇറാഖിനെതിരെ തിരിഞ്ഞത്. ഒരു വ്യാഴവട്ടത്തിന് ശേഷം 9/11ന്റെ 13ാം സ്മരണ പുതുക്കുന്ന വേളയില്‍ രണ്ടര വര്‍ഷം മുന്‍പ് മടങ്ങിപ്പോയവര്‍ മേഖലയില്‍ ശക്തിപ്പെട്ട തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുകയെന്ന പഴയ ആവശ്യവുമായി തന്നെയാണ് തിരിച്ചുവരുന്നത്. സദ്ദാമിനെ ഇല്ലാതാക്കിയതിനപ്പുറം മേഖലയിലെ തീവ്രവാദ നീക്കങ്ങളെ ചെറുക്കുന്നതില്‍ അമേരിക്കന്‍ ഇടപെടല്‍ യാതൊരു ഫലവും ചെയ്തിട്ടില്ലെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് പൗരന്മാരെ ഇല്ലാതാക്കുകയും മേഖലയില്‍ അശാന്തിയും വിഭാഗീയതയും വര്‍ധിപ്പിക്കുകയും ചെയ്ത വൈറ്റ് ഹൗസിന്റെ തന്നെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ഒന്‍പത് വര്‍ഷം നീണ്ട ദൗത്യത്തില്‍ അമേരിക്കക്കു മാത്രം 4500 സൈനികര്‍ നഷ്ടമായി. സഖ്യകക്ഷികള്‍ക്കും അയല്‍ രാഷ്ട്രങ്ങള്‍ക്കും നേരിട്ട സാമ്പത്തിക നഷ്ടങ്ങള്‍ വേറെയും. ഇതായിരുന്നു ഒരു ദശകത്തോളം നീണ്ട അമേരിക്കയുടെ ഇറാഖ് ദൗത്യത്തിന്റെ അനന്തര ഫലം.
അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഗൃഹപാഠവും മുന്നൊരുക്കങ്ങളും നടത്തിക്കൊണ്ടാണ് അമേരിക്ക രണ്ടാമതൊരു ദൗത്യത്തിന് ശ്രമം നടത്തുന്നത്. നേരത്തെ അല്‍ഖാഇദയെന്ന തീവ്രവാദ ഗ്രൂപ്പിനെ അടിച്ചൊതുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അധിനിവേശമെങ്കില്‍ ഇപ്പോള്‍ മേഖലയില്‍ ഭീതി പരത്തി രംഗ പ്രവേശം ചെയ്തിരിക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്‍ ഇറാഖ് ആന്റ് സിറിയയുടെ ഉന്‍മൂലനമാണ് ലക്ഷ്യം. രണ്ട് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ വധിച്ചതിന് പുറമെ സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സ് എന്ന 44 കാരന്റെ തലയറുക്കുകയും ചെയ്തതോടെ സൈനിക നീക്കത്തിനുള്ള ന്യായങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. സിറിയയിലും ഇറാഖിലുമായി പൊട്ടിമുളച്ച് അതിവേഗം വേരോടുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന ഐ.എസ്.ഐ.എസ് ഭീകരരെ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോവുമെന്നും ഇപ്പോള്‍ വടക്കന്‍ ഇറാഖില്‍ ആരംഭിച്ച വ്യോമാക്രമണം സിറിയയിലേക്കുകൂടി വ്യാപിപ്പിക്കുമെന്നുമാണ് ഒബാമ വ്യക്തമാക്കിയത്. അമേരിക്കയെ ഭീഷണിപ്പെടുത്തുന്നവര്‍ ലോകത്തൊരിടത്തും സുരക്ഷിതരായിരിക്കില്ലെന്നും ഒബാമ ഭീഷണി മുഴക്കിയിട്ടുണ്ട്. പുതിയ തീവ്രവാദ ഗ്രൂപ്പിനെ തളക്കാന്‍ നേതൃത്വം കൊടുക്കാന്‍ തയാറാകുമ്പോഴും സ്വന്തം സൈന്യത്തിനും സാമ്പത്തിക ഭദ്രതക്കും കോട്ടം തട്ടാത്ത തന്ത്രങ്ങളാണ് അമേരിക്ക മെനയുന്നതെന്നാണ് വ്യക്തമാകുന്നത്. 2003 മുതലുളള ഒരു ദശകത്തെ അനുഭവപാഠം മുന്നിലുള്ളതുകൊണ്ടാകാം ഇത്തരമൊരു നീക്കം. എന്നാല്‍ തന്ത്രപരമായ ഈ നിലപാട് സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ ബാധ്യതയും നഷ്ടവും വരുത്തിവെക്കുമെന്നുറപ്പാണ്.
നേരത്തെ 1,70,000ത്തോളം അമേരിക്കന്‍ ഭടന്മാരെ ഇറാഖിലേക്ക് അയച്ച അമേരിക്ക പുതിയ നീക്കത്തില്‍ സൈനികരെ നിയോഗിക്കാതെ ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ്. ഇതിന് മേഖലയിലെ ഇതര രാജ്യങ്ങളെയും വിമത ഗ്രൂപ്പുകളെയും യുദ്ധത്തിനായി ശാക്തീകരിക്കാനുള്ള തയ്യാറെടുപ്പാണ് അണിയറയില്‍. 2001 ന് ശേഷം കലുഷിതമായ ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന് കോപ്പ് കൂട്ടാനായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി പശ്ചിമേഷ്യയില്‍ തമ്പടിച്ചിരിക്കുകയാണ്. അമേരിക്കക്കും ലോകത്തിന് തന്നെയും ഭീഷണിയുയര്‍ത്തുന്നുവെന്ന് പറയുന്ന ഐ.എസിനെ ഉന്മൂലനം ചെയ്യണമെന്ന ഒബാമയുടെ പ്രഖ്യാപനത്തിന് മുഴുവന്‍ അറബ് രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് കെറി.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജിദ്ദയില്‍ നടന്ന പ്രത്യേക ഉച്ചകോടിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കൊപ്പം ഈജിപ്ത്, ജോര്‍ദാന്‍, ലബനാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുള്‍പ്പെടെ മേഖലയിലെ പത്ത് രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു. ജിദ്ദ സമ്മേളനം കഴിഞ്ഞയുടനെ ഈജിപ്തിലേക്ക് പറന്ന കെറി പ്രസിഡന്റ് അബ്ദുല്‍ഫത്താഹ് അല്‍ സീസി, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി എന്നിവരെയും കണ്ട് സഹായം ഉറപ്പാക്കി. മേഖലയിലെ രാഷ്ട്രങ്ങളെ ഒറ്റക്കും കൂട്ടായും പ്രത്യേകം കണ്ടാണ് സൈനിക നീക്കത്തിന് പിന്തുണ തേടുന്നത്. അമേരിക്ക മുന്നോട്ട് വെക്കുന്ന സൈനിക നീക്കത്തിന് ഐ.എസ് സാന്നിധ്യമുള്ള ഇറാഖിന്റെയും സിറിയയുടെയും അയല്‍ രാജ്യമായ സുഊദി അറേബ്യയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളിലെ സൈനിക താവളങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും ഈ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പറക്കാന്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചുകിട്ടാനുമുള്ള ആവശ്യവും കെറി മുന്നോട്ട് വെച്ചിട്ടുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തിന് വിമത പോരാളികള്‍ക്ക് അയല്‍ രാജ്യങ്ങളില്‍വെച്ച് പരിശീലനം നല്‍കാനും അമേരിക്കക്ക് പദ്ധതിയുണ്ട്. പ്രഥമ ദൃഷ്ട്യാ തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളും മേഖലയിലെ സഖ്യകക്ഷികളുടെ തലയില്‍ കെട്ടിവെക്കാനുള്ള തന്ത്രങ്ങളാണ് ഒബാമ ഭരണകൂടം മെനയുന്നത്. മേഖലയില്‍ പലഭാഗത്തും വേരോട്ടമുണ്ടാക്കിയ ഐ.എസ് ഉന്മൂലന ദൗത്യത്തിന് മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് ഒബാമയുടെ കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തില്‍ മേഖലയിലെ സൗഹൃദ രാജ്യങ്ങളെ മുന്നില്‍നിര്‍ത്തി പ്രശ്‌നത്തില്‍നിന്ന് തലയൂരാനുള്ള അമേരിക്കയുടെ തന്ത്രം മേഖലയിലെ പല രാജ്യങ്ങളെയും ഊരാക്കുടുക്കിലേക്കാണ് തള്ളിവിടുക. മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പുതിയ തീവ്രവാദ വിഭാഗത്തെ ഉന്‍മൂലനം ചെയ്യണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലാത്തതിനാല്‍ ഇതിന് സംയുക്തമായി മുന്നോട്ട് പോകാനാണ് ജിദ്ദ സമ്മേളനത്തിന്റെ തീരുമാനം. അതേസമയം അമേരിക്ക മുന്നോട്ട് വെക്കുന്ന പല നിര്‍ദ്ദേശങ്ങളോടും അറബ് രാജ്യങ്ങള്‍ കരുതലോടെയാണ് പ്രതികരിക്കുന്നത്. നേരത്തെ ഐ.എസ് സാന്നിധ്യം കണ്ടു തുടങ്ങിയപ്പോള്‍ നൂരിമാലിക്കി അമേരിക്കന്‍ സഹായം തേടിയെങ്കിലും ഇതിനോട് പുറംതിരിഞ്ഞുനിന്ന അമേരിക്ക ഇപ്പോള്‍ നടത്തുന്ന നീക്കങ്ങളിലെ ഇരട്ടത്താപ്പും മുന്‍ചെയ്തികളുടെ അനന്തര ഫലങ്ങളും ഭാവിയിലെ ഇടപെടലുകളില്‍ സ്വാധീനം ചെലുത്തിയേക്കും.
സുന്നീ തീവ്രവാദികളെന്ന് പറയപ്പെടുന്ന ഐ.എസിന്റെ ഉന്‍മൂലനത്തിനായി ഇറാഖിലെ ശിയാ-കുര്‍ദ് വിഭാഗക്കാരെ ശക്തിപ്പെടുത്താനാണ് അമേരിക്കയുടെ ഒരു തീരുമാനം. അവര്‍ക്ക് ആവശ്യമായ പരിശീലനവും സൈനിക സന്നാഹങ്ങളും നല്‍കുകയും ഉപദേശങ്ങള്‍ കൈമാറുകയും ചെയ്യും.മറുവശത്ത് സഖ്യകക്ഷികളുടെ മുഖ്യശത്രുവായിരുന്ന ബശാറിനെതിരെ വിമത പോരാട്ടം നടത്തിയവരെയാണ് ഉന്‍മൂലനം ചെയ്യേണ്ടത്. സഖ്യരാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്തിയും ആഭ്യന്തര വിമത ഗ്രൂപ്പുകളെ തരം പോലെ ശക്തിപ്പെടുത്തിയും ലക്ഷ്യം നേടാമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. ഇത് ഭാവിയെ എത്രകണ്ട് കലുഷിതമാക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അത്തരം നീക്കങ്ങളുടെ ദുരന്തഫലം കൂടിയാണ് ഇപ്പോള്‍ മേഖല അനുഭവിക്കുന്നത്. ഐ.എസ്.ഐ.എസിന്റെ അടുത്തുനിന്ന് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തിയത് ഇതിന്റെ തെളിവാണ്. ഇന്നലെ വരെ അര്‍ഥവും ആയുധവും നല്‍കി സഹായിച്ച സിറിയയിലെ വിമതരും ഇതേ അവസ്ഥയിലാണ്. ഒരേസമയം സിറിയയിലും ഇറാഖിലും വ്യാപിച്ചുകിടക്കുന്ന ശത്രുവിനെ ഇല്ലായ്മ ചെയ്യാന്‍ രണ്ട് രാജ്യങ്ങളിലും ഇടപെടേണ്ടിവരുന്നത് അമേരിക്കയെപോലെ അയല്‍രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കും. നേരത്തെ തന്നെ ഇരുരാജ്യങ്ങളോടും വേറിട്ട നിലപാട് സ്വീകരിച്ചുപോരുന്ന മേഖലയിലെ സുന്നീ സഖ്യകക്ഷികള്‍ ഈ നീക്കത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലാവും. ബശാറുല്‍ അസദിനെ സംബന്ധിച്ചേടത്തോളം തന്റെ ശത്രുക്കളില്‍ ഒരുവിഭാഗം അയല്‍ രാജ്യങ്ങളുടെ ശത്രുവായി നീങ്ങുന്ന സാഹചര്യമാണുള്ളത്. ശത്രുവിനെ നേരിടാനാണെങ്കില്‍ പോലും അമേരിക്കന്‍ സാന്നിധ്യം വിളിച്ചുവരുത്തുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതം മനസിലാക്കുന്ന ബശാര്‍ പക്ഷേ പെട്ടെന്ന്തന്നെ യു.എസ് സൈന്യത്തെ സ്വാഗതം ചെയ്തിട്ടില്ല. മറിച്ച് സൈനിക നീക്കത്തിന് പിന്തുണ കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സിറിയന്‍ ഭരണകൂടം. ഇറാനും റഷ്യയും അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നീക്കത്തെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുകയാണ്.
കടുത്ത വിഭാഗീയതകള്‍ക്കും ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഹൈദര്‍ അബാദി പ്രധാനമന്ത്രിയായിക്കൊണ്ടുള്ള പുതിയ ഐക്യ സര്‍ക്കാറിന് ഇറാഖില്‍ രൂപം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മനസ്സില്ലാ മനസ്സോടെ അധികാരം വിട്ടൊഴിയേണ്ടിവന്ന നൂരി മാലിക്കിയെകൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ സര്‍ക്കാറിനെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെങ്കിലും ആഴത്തില്‍ വേരോടിയ വിഭാഗീയത ഏത് തലങ്ങളിലേക്കാണ് ഇറാഖിനെ കൊണ്ടെത്തിക്കുകയെന്ന് വ്യക്തമല്ല. അമേരിക്കയും സഖ്യകക്ഷികളും ഐ.എസിനെ നേരിടാന്‍ എല്ലാ നീക്കങ്ങളും നടത്തുകയാണെങ്കില്‍ ഒരു ദശകത്തിലധികമായി ഇറാഖ് ജനത പേറുന്ന ദുരിതങ്ങള്‍ ഇനിയും ഇരട്ടിക്കുമെന്നുറപ്പാണ്. അതോടൊപ്പം തുടര്‍ച്ചയായ യുദ്ധ സാഹചര്യങ്ങള്‍ മേഖലക്ക് മൊത്തത്തിലും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക.
അമേരിക്കയുടെ ഇറാഖ്-അഫ്ഗാന്‍ അധിനിവേശങ്ങള്‍ക്ക് അറബ് മുസ്‌ലിം ഭരണകൂടങ്ങള്‍ നല്‍കിയത് കനത്ത വിലയാണ്. ഒരു വശത്ത് അമേരിക്കയുടെ സഖ്യകക്ഷിയെന്ന നിലക്കുള്ള സാമ്പത്തിക ചെലവുകള്‍ക്കൊപ്പം യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനും കോടികളുടെ സാമ്പത്തിക ചെലവുകളാണ് മേഖലയിലെ രാഷ്ട്രങ്ങളുടെ തലയില്‍ വന്നുചേര്‍ന്നത്. നേരത്തെ ഇറാനെ കൂട്ടുപിടിച്ച് ഇറാഖില്‍ സൈനിക നീക്കത്തിന് അമേരിക്ക ശ്രമം നടത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അത് വിജയം കാണില്ലെന്ന് വന്നതോടെ ഇറാന്‍വിരുദ്ധ ശക്തികളെ ഒപ്പംനിര്‍ത്തി അമേരിക്ക കളംമാറ്റി ചവിട്ടുകയായിരുന്നു. ഈ സാഹചര്യത്തില്‍ മേഖലയിലെ മിക്ക രാജ്യങ്ങളും അമേരിക്കക്കൊപ്പം നിലകൊള്ളാന്‍ നിര്‍ബന്ധിതരാണ്. എങ്കിലും അമേരിക്കയുടെ പുതിയ ഫോര്‍മുല എത്ര കണ്ട് പ്രായോഗിക തലത്തില്‍ വിജയം കാണുമെന്നത് സംശയകരമാണ്. 2003 ല്‍ അമേരിക്കന്‍ സൈന്യം ഇറാഖിലേക്ക് വരുമ്പോള്‍ പശ്ചിമേഷ്യയില്‍ ഉണ്ടായിരുന്നതില്‍നിന്ന് തികച്ചും ഭിന്നമായ സാമൂഹിക രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ മേഖലയില്‍ നിലനില്‍ക്കുന്നത്. അറബ് വസന്തത്തെ തുടര്‍ന്ന് മേഖലയിലുണ്ടായ മാറ്റങ്ങളും പുതിയ ചിന്തകളും ഏറെ നിര്‍ണായകമാണ്. ഭരണകൂടങ്ങള്‍ എന്ത് തീരുമാനമെടുത്താലും പൗരന്മാരുടെ മാനസികാവസ്ഥയും താല്‍പര്യങ്ങളും അവഗണിക്കാന്‍ കഴിയാത്തതായിരിക്കും. കഴിഞ്ഞ ഒരു ദശകമായി അനിശ്ചിതത്വത്തില്‍ കഴിഞ്ഞിരുന്ന മേഖലയെ കൂടുതല്‍ ഭിന്നിപ്പിക്കാനും ഇപ്പോള്‍ സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍കൂടി ചേരിതിരിവും വിഭാഗീയതയും മൂര്‍ഛിക്കാനുമാകും പുതിയ നീക്കം വഴിതുറക്കുകയെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ അതിന് വലിയ വില നല്‍കേണ്ടി വരും.
Comments