Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 26

ഒഡീഷയെ വര്‍ഗീയമായി ധ്രുവീകരിച്ചത് സംഘ്പരിവാര്‍

ഡോ. ജോണ്‍ ദയാല്‍ /അഭിമുഖം

ഒഡീഷയിലെ കണ്ഡമാല്‍ ജില്ലയില്‍ ക്രിസ്ത്യന്‍ വിരുദ്ധ കലാപമുണ്ടാകുന്നത് 2008-ലാണ്. ആ കലാപത്തില്‍ നൂറിലധികം പേര്‍ വധിക്കപ്പെട്ടു. അവരിലധികവും ദലിതുകളോ ആദിവാസികളോ ആണ്. അറുപതിനായിരം പേര്‍ കുടിയിറക്കപ്പെട്ടു. ആറു വര്‍ഷം പിന്നിടുമ്പോഴും കലാപത്തിന്റെ ഇരകള്‍ക്ക് നീതി ലഭ്യമായിട്ടില്ല. കഴിഞ്ഞ ആഗസ്റ്റ് 25-ന് പൗരാവകാശ സംഘടനകള്‍ രാജ്യത്തുടനീളം കണ്ഡമാല്‍ കലാപത്തിന്റെ ഓര്‍മപുതുക്കി. ഈ പശ്ചാത്തലത്തില്‍ കണ്ഡമാല്‍ കലാപത്തിന്റെ ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന പൗരാവകാശ പ്രവര്‍ത്തകന്‍ ഡോ. ജോണ്‍ ദയാലുമായി മുഹമ്മദ് ഈസ, അബ്ദുര്‍റഹീം ഉമരി, അഭയ്കുമാര്‍ എന്നിവര്‍ പ്രബോധനത്തിന് വേണ്ടി സംസാരിക്കുകയുണ്ടായി. നാഷ്‌നല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലില്‍ അംഗമായ ജോണ്‍ ദയാല്‍ ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ സെക്രട്ടറി ജനറലും ആള്‍ ഇന്ത്യാ കാത്തലിക് യൂനിയന്റെ മുന്‍ പ്രസിഡന്റുമാണ്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

കണ്ഡമാല്‍ കലാപത്തിന്റെ ആറാം വാര്‍ഷികമാണ്. കലാപത്തെ അതിജീവിച്ചവരുടെയും അതിന് ഇരയാക്കപ്പെട്ടവരുടെയും അവസ്ഥ എന്താണ്? എന്തുതരം പ്രശ്‌നങ്ങളാണ് അവര്‍ അഭിമുഖീകരിക്കുന്നത്?

ഇന്ത്യന്‍ ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് ക്രിസ്ത്യാനികള്‍ എന്ന വസ്തുത പരിഗണിക്കുമ്പോള്‍, കണ്ഡമാല്‍ കലാപത്തിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. ഇന്ത്യയിലെ ക്രിസ്ത്യന്‍ സമൂഹം കഴിഞ്ഞ മുന്നൂറ് വര്‍ഷത്തിനകം നേരിട്ട ഏറ്റവും വലിയ ആക്രമണം. എന്റെ കണക്കനുസരിച്ച് 120 പേര്‍ വധിക്കപ്പെട്ടിട്ടുണ്ട്. ആറായിരം വീടുകള്‍ കത്തിക്കപ്പെട്ടു. ഏതാണ്ട് അറുപതിനായിരം പേര്‍ കുടിയിറക്കപ്പെട്ടു. ജീവന്‍ രക്ഷിക്കാന്‍ ആളുകള്‍ക്ക് കാട്ടില്‍ അഭയം തേടുകയേ രക്ഷയുണ്ടായിരുന്നുള്ളൂ. ഹിന്ദുക്കളായെങ്കില്‍ മാത്രമേ സ്വന്തം വീടുകളില്‍ സുരക്ഷിതരായി ജീവിക്കാന്‍ പറ്റൂ എന്നാണ് അക്രമികള്‍ അവരെ ഭീഷണിപ്പെടുത്തുന്നത്. എത്രയോ ആളുകളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ജീവിതമാണ് തല്ലിത്തകര്‍ക്കപ്പെട്ടത്. ഡോക്ടറോ എഞ്ചിനീയറോ ഒക്കെ ആകണമെന്ന് മോഹിച്ച് നടന്ന യുവാക്കളുടെ പ്രതീക്ഷകളെല്ലാം നിമിഷ നേരം കൊണ്ട് ചിതറിത്തെറിച്ചു. ഭയം കാരണം ഇപ്പോഴും പതിനായിരം വരുന്ന കലാപത്തിന്റെ ഇരകള്‍ക്ക് കണ്ഡമാലിലെ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുചെല്ലാനായിട്ടില്ല. മറ്റൊരു പതിനായിരം പേര്‍ രാജ്യത്ത് എവിടെയൊക്കെയോ പോയി തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരായി. പെണ്‍കുട്ടികളാണെങ്കില്‍ മനുഷ്യക്കടത്തിന്റെ ഇരകളാകുന്നു. ഇതൊക്കെയും സംഭവിക്കുന്നത്, തങ്ങള്‍ നിയമങ്ങള്‍ക്ക് അതീതരാണെന്നും തങ്ങള്‍ക്ക് ആരെയും പേടിക്കേണ്ടതില്ലെന്നുമുള്ള അവസ്ഥ സംജാതമായതുകൊണ്ടാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷമാകട്ടെ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പോലുള്ള പദ്ധതികളുടെ ആനുകൂല്യം കലാപത്തിനിരയായ ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെടുന്നുമുണ്ട്. ക്രിസ്തുമതം സ്വീകരിച്ച വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും പട്ടികജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണ്.

ഒഡീഷയിലെ ഗ്രാമീണ-ആദിവാസി മേഖലകളിലേക്ക് നുഴഞ്ഞുകയറാന്‍ ആര്‍.എസ്.എസ്സിന് സാധ്യമായിട്ടുണ്ട്. ഇത് വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും കാലങ്ങളായി സമാധാനത്തില്‍ കഴിയുന്ന വിഭാഗങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്നു. സംഘ്പരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ യാതൊരു വിലക്കുകളുമില്ലാതെ ഇപ്പോഴും തുടരുകയാണ്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിനാല്‍, ഒഡീഷയിലെ ഏത് ആദിവാസിമേഖലയിലും കലാപ സാധ്യത തള്ളിക്കളയാനാവില്ല. അത് കണ്ഡമാലില്‍ തന്നെ സംഭവിച്ചുകൊള്ളണമെന്നില്ല.

ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനോ സംസ്ഥാന ഗവണ്‍മെന്റ് കാര്യമായൊന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളില്‍ പങ്കുചേര്‍ന്ന അധിക ക്രിമിനലുകളും ഇനിയും ശിക്ഷിക്കപ്പെട്ടിട്ടില്ല. പോലീസ് ശേഖരിച്ച തെളിവുകളുടെ അപര്യാപ്തത മൂലം അവര്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. മുപ്പത് കൊലപാതക കേസുകളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇതുവരെ കുറ്റം ചുമത്തിയിട്ടുള്ളത്. തെളിവുകളോ സാക്ഷികളോ ഇല്ലാത്തതിനാല്‍ മിക്ക കേസുകളിലും ജഡ്ജിമാര്‍ കലാപം നടത്തിയവരെ കുറ്റവിമുക്തരാക്കേണ്ടിവരികയാണ്. സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അസംബ്ലിയില്‍ പറഞ്ഞത്, കണ്ഡമാല്‍ കലാപത്തില്‍ ആര്‍.എസ്.എസ്സിന് പങ്കുണ്ട് എന്നായിരുന്നു. എന്നാല്‍, കലാപത്തിന് കാരണക്കാരായ വിഭാഗങ്ങളെ കണ്ടെത്താന്‍ ശ്രമങ്ങളൊന്നും തന്നെ ഉണ്ടായില്ല. ആദിവാസി മേഖലയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് തടയിടുന്നതിലും സംസ്ഥാന ഗവണ്‍മെന്റ് പൂര്‍ണ പരാജയമാണ്. കലാപത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്ക് പോലും അംഗീകരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തയാറല്ല. നഷ്ടപരിഹാരം കൊടുക്കാതിരിക്കാനുള്ള അടവാണിത്. വിധവകളാക്കപ്പെട്ടവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തുക തന്നെ ഒട്ടും പര്യാപ്തമല്ല; സ്വത്തുനാശത്തിനാകട്ടെ നഷ്ടപരിഹാരം ഒട്ടും ഇല്ലതാനും. ചുരുക്കത്തില്‍, ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള ഇരകളുടെ ശ്രമങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ് സംസ്ഥാന ഭരണകൂടം.

താങ്കളുടെ അഭിപ്രായത്തില്‍, നീതി വൈകുന്നതില്‍ ആരാണ് കാരണക്കാര്‍?

സംസ്ഥാന ഗവണ്‍മെന്റിന്റെയും പോലീസിന്റെയും കഴിവില്ലായ്മയും അനാസ്ഥയും തന്നെയാണ് പ്രധാന കാരണം. രാഷ്ട്രീയമായ ഇഛാശക്തി ഒട്ടും ആ ഭരണകൂടം കാണിക്കുന്നില്ല. ക്രിമിനല്‍ -നിയമ വ്യവസ്ഥയുടെ താഴെ തട്ടില്‍ മതവിവേചന പ്രവണതകള്‍ നിലനില്‍ക്കുന്നതിനാല്‍, അതിനും ആ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല.

രാജ്യത്തെ സെക്യുലര്‍ ശക്തികളും കണ്ഡമാല്‍ ഇരകളുടെ പ്രശ്‌നം ഏറ്റെടുക്കാന്‍ വേണ്ടത്ര താല്‍പര്യമെടുക്കുന്നില്ല എന്ന അഭിപ്രായമുണ്ടോ?

ഇന്ത്യയിലെ പൗരസമൂഹത്തിന് ഒട്ടേറെ പരിമിതികളുണ്ട്. ആളുകളുടെ എണ്ണക്കുറവ് തന്നെ ഒന്നാമത്തേത്. ഭാഗികമായെങ്കിലും ഫണ്ടുകളെ ആശ്രയിച്ചാണ് പൗരസമൂഹത്തിന്റെ പ്രവര്‍ത്തനം. നിര്‍ഭാഗ്യവശാല്‍ അവരില്‍ ചിലര്‍ക്കെങ്കിലും മനുഷ്യാവകാശം ഒരു ദൗത്യമല്ല, ഒരു പ്രോജക്ട് മാത്രമാണ്. വലിയൊരു വിഭാഗം പൗരസംഘങ്ങളും നീതിക്കു വേണ്ടി നിലകൊള്ളുന്നവരാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ടുതന്നെയാണിത് പറയുന്നത്.

മറ്റൊരു ഭീഷണി, അടുത്തകാലത്ത് കേന്ദ്രത്തില്‍ അധികാരത്തിലേറിയ ബി.ജെ.പി പുറത്തുവിട്ട ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ്. പൗരാവകാശ സംഘടനകള്‍ക്ക് വിദേശ ബന്ധമുണ്ട് എന്നാണതില്‍ ആരോപിക്കുന്നത്. ഇത്തരത്തിലുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ ലേഖനമെഴുതിയിരുന്നു. സിവില്‍ സമൂഹം കൂടുതല്‍ വിഭാഗീയതകള്‍ക്കടിപ്പെടുകയും അവരുടെ നിലപാട് സങ്കുചിതമായിത്തീരുകയും ചെയ്യുന്നു എന്നതാണ് മറ്റൊരു ഭീഷണി. ക്രിസ്ത്യന്‍, മുസ്‌ലിം, ദലിത്, സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കൊക്കെ ഇത് സംഭവിക്കുന്നുണ്ട്. ഭരണകൂടത്തെ അഭിമുഖീകരിക്കാനും ഹിംസയെയും വര്‍ഗീയതയെയും നേരിടാനും നാം ഒറ്റക്കെട്ടാവുകയാണ് വേണ്ടത്. രാഷ്ട്രീയ കൂട്ടായ്മകളെക്കുറിച്ച് പറയുകയാണെങ്കില്‍, ഇടതുപക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു മുഖ്യധാരാ സംഘടനകളില്‍ നിന്ന് വളരെക്കുറഞ്ഞ പിന്തുണയേ ഞങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ.

ഉദാരവത്കരണം നമ്മുടെ നാട്ടില്‍ നടപ്പാക്കിത്തുടങ്ങിയതോടെ ട്രേഡ് യൂനിയന്‍ പ്രസ്ഥാനങ്ങള്‍ ദുര്‍ബലമായതും ഭരണകൂടം തൊഴില്‍ ശക്തികള്‍ക്ക് വലിയ ഭീഷണിയായിത്തീര്‍ന്നതുമാണ് മറ്റൊരു പ്രശ്‌നം. അതിനാല്‍ വര്‍ഗീയതക്കെതിരെ ഒരു ഐക്യവേദി ഉണ്ടാക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. പക്ഷേ, ഇത്തരമൊരു വേദി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നത് സൂക്ഷിക്കണം. തൃണമൂലതലത്തില്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഈ ഐക്യവേദിക്ക് സാധിക്കണം. എങ്കിലേ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തെ എതിരിടാനും വലിയ ദുരന്തങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനും സാധ്യമാവൂ.

ഒഡീഷയില്‍ ഹിന്ദുക്കള്‍ 94 ശതമാനവും ക്രിസ്ത്യാനികള്‍ 2.4 ശതമാനം വരുന്ന വളരെ ചെറിയൊരു ന്യൂനപക്ഷവുമാണ്. പിന്നെ എങ്ങനെയാണ് ക്രൈസ്തവത ഒരു ഭീഷണിയാണെന്ന് വലിയൊരു വിഭാഗമാളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞത്? മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, മുസ്‌ലിം വിരുദ്ധതയുടെ ലബോറട്ടറിയായി ഗുജറാത്തിനെ പരീക്ഷിച്ചതുപോലെ ക്രിസ്ത്യന്‍ വിരുദ്ധതയുടെ ലബോറട്ടറിയായി ഒഡീഷയെ പരീക്ഷിക്കുകയാണോ സംഘ്പരിവാര്‍?

താങ്കള്‍ പറഞ്ഞ ശതമാനക്കണക്ക് തെറ്റാണ്. എല്ലാ ആദിവാസികളെയും ഹിന്ദുക്കളായി അനുമാനിക്കുന്നതുകൊണ്ടാണിത്. ആ അനുമാനം ശരിയല്ല. എന്നാല്‍, ഒഡീഷയില്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ വെറുപ്പിന്റെയും ഹിംസയുടെയും അതിക്രമത്തിന്റെയും ഒരു നീണ്ട ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് നേരാണ്. ആര്‍.എസ്.എസ്സിന് അതിന്റെ പ്രത്യയശാസ്ത്രത്തിലേക്കും സംഘടനാ ഘടനയിലേക്കും ആളെക്കൂട്ടാന്‍ ഒരു ശത്രുവിനെ കണ്ടുപിടിക്കേണ്ടതുണ്ട്. ഈ സംഘടന അതിന്റെ സാന്നിധ്യം വിപുലപ്പെടുത്തുന്നത് വിദ്വേഷത്തിലൂടെയും ഹിംസയിലൂടെയുമാണ്. ഒഡീഷയില്‍ മുസ്‌ലിംകള്‍ക്കെതിരെയും കലാപം നടക്കുന്നുണ്ടെന്ന് ഓര്‍ക്കണം. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഉഷയും സ്‌കോളറായ അഞ്ജന ചാറ്റര്‍ജിയും ഒഡീഷയിലെ വര്‍ഗീയതയെക്കുറിച്ച് കണ്ഡമാല്‍ സംഭവത്തിന് മുമ്പുതന്നെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.  ഇത് ഹിന്ദുത്വ ശക്തികളുടെ രോഷം ക്ഷണിച്ചുവരുത്തുകയും ഇരുവരും ഭുവനേശ്വറില്‍ നടത്തിയ പത്രസമ്മേളനം ആ ശക്തികള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

പനാസ് വിഭാഗത്തില്‍ പെടുന്ന ദലിത് ക്രിസ്ത്യാനികള്‍ക്കെതിരെ ആദിവാസികളായ കന്ദകളെ ആര്‍.എസ്.എസ് തിരിച്ചുവിടുന്നുണ്ട്. ആദിവാസികളും ദലിതുകളുമായ രണ്ട് കീഴാള വിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതില്‍ ആര്‍.എസ്.എസ് വിജയിക്കുന്നത് എന്തുകൊണ്ടാണ്?

കീഴാളരെ വിഭജിക്കുക എന്നത് ആര്‍.എസ്.എസ് അജണ്ടയാണ്. കീഴാളരുടെ ഐക്യവും ഒത്തൊരുമയും, ഇന്ത്യയെയും അതിന്റെ വിഭവങ്ങളെയും കൈയടക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിന് നേരെ ഉയരുന്ന യഥാര്‍ഥ ഭീഷണിയായിട്ടാണ് സംഘ്പരിവാര്‍ കാണുന്നത്. കന്ദകള്‍ക്കിടയിലേക്കും പനാകള്‍ക്കിടയിലേക്കും കടന്നുകയറാന്‍ ആര്‍.എസ്.എസ്സിന് കഴിഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. അതുപോലെ ശരിയാണ്, എല്ലാ കന്ദകളും ഹിന്ദുക്കളല്ല എന്നതും, എല്ലാ പനാകളും ക്രിസ്ത്യാനികളല്ല എന്നതും. ജീവനും സ്വത്തുമൊക്കെ നഷ്ടപ്പെട്ടത് കന്ദകള്‍, പനാകള്‍ എന്നീ രണ്ട് വിഭാഗത്തിലും പെട്ട ക്രിസ്ത്യാനികള്‍ക്കാണ്. അതിനാല്‍ തന്നെ 2008-ലെ കണ്ഡമാല്‍ സംഭവം ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഹിംസയാണ്. കീഴാളരെ തമ്മിലടിപ്പിക്കാനുള്ള ഈ ഹിന്ദുത്വ തന്ത്രം നാം തിരിച്ചറിയുകയും അതിനെ വെല്ലുവിളിക്കുകയും ചെയ്യേണ്ടതുണ്ട്.

മുസ്‌ലിം, ക്രിസ്ത്യന്‍ 'ഭീഷണികള്‍' നേരിടുന്നതിന് വ്യത്യസ്ത തന്ത്രങ്ങളാണോ ആര്‍.എസ്.എസ് ആവിഷ്‌കരിക്കുന്നത്?

ചില കാര്യങ്ങളില്‍ വ്യത്യസ്തമാണ്. മുസ്‌ലിംകളില്‍ നിന്ന് ജനസംഖ്യാ ഭീഷണിയുണ്ടെന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. ആ സംഘടന 'ഇസ്‌ലാം പേടി'യുടെ വക്താക്കളാകാന്‍ അതാണ് കാരണം. ഇതവരുടെ വളരെയേറെ വിജയം കണ്ട ഒരു തന്ത്രമാണ്. ഇക്കാര്യത്തില്‍ ബുദ്ധിസ്റ്റ്, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വലിയൊരു ജനസഞ്ചയത്തെയും സ്വാധീനിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് ക്രൈസ്തവതയില്‍ കാണുന്നത് ജനസസംഖ്യാ ഭീഷണിയല്ല. ക്രൈസ്തവ മൂല്യങ്ങളെയാണ് അവര്‍ ഭീഷണിയായി കാണുന്നത്. അത് ഹിന്ദു സാമൂഹിക ഘടനക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും അവര്‍ കരുതുന്നു. സാമൂഹിക നീതിക്ക് വേണ്ടി ക്രിസ്ത്യന്‍ സമൂഹം കീഴാളരില്‍ പ്രവര്‍ത്തിക്കുന്നതിനെയാണ് ഭീഷണിയായി ചിത്രീകരിക്കുന്നത്.

അടുത്തകാലത്തായി പടിഞ്ഞാറന്‍ യു.പി ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ഭരണഘടന പ്രകാരം സെക്യുലറും ഡമോക്രാറ്റിക്കുമായ ഇന്ത്യന്‍ ഭരണസംവിധാനം ന്യൂനപക്ഷ പ്രശ്‌നങ്ങളോട് നിസ്സംഗത പുലര്‍ത്തുകയാണെന്ന് അഭിപ്രായമുണ്ടോ?

തെരഞ്ഞെടുപ്പ് പത്രികകള്‍ എന്തുമാവട്ടെ, കഴിഞ്ഞ നാല്‍പതു വര്‍ഷമായി വിദ്വേഷ പ്രചാരണങ്ങളെയും വര്‍ഗീയതയെയും നേരിടാനുള്ള രാഷ്ട്രീയ ഇഛാശക്തിയുടെ കാര്യത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള വിടവ് കുറഞ്ഞുവരികയാണ്. പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും വര്‍ഗീയ കലാപവിരുദ്ധ ബില്‍ പാസാക്കുന്നതില്‍ യു.പി.എ ഗവണ്‍മെന്റ് പരാജയപ്പെട്ടത് ഉദാഹരണം.

നരേന്ദ്രമോദി വ്യക്തമായ ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടം കൂടുതല്‍ പ്രയാസകരമാവുമെന്ന് വിചാരിക്കുന്നുണ്ടോ?

സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടം മുമ്പും ഒരിക്കലും എളുപ്പമായിരുന്നില്ല. ബി.ജെ.പി അധികാരത്തിലെത്തിയതോടെ അത് കുറെക്കൂടി പ്രയാസകരമായിത്തീര്‍ന്നിട്ടുണ്ടെന്ന് മാത്രം. ഇതു പക്ഷേ ഞങ്ങളെ നിരാശരാക്കുന്നില്ല. ഐക്യപ്പെട്ടും യോജിച്ചും നില്‍ക്കുന്ന ഒരു ഇന്ത്യന്‍ സമൂഹത്തിന്റെ സൃഷ്ടിപ്പിനായുള്ള ഞങ്ങളുടെ സമരം തുടരും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /11-17
എ.വൈ.ആര്‍