ദേശാന്തരങ്ങളെ ഏകോപിപ്പിച്ച മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം മലയാള സാഹിത്യത്തിന്റെ വികാസ പരിണാമ ചരിത്രത്തില്‍ പുതിയൊരധ്യായം രേഖപ്പെടുത്തിയാണ് തൃശൂരില്‍ പര്യവസാനിച്ചത്. നൂറ്റാണ്ടുകളുടെ സമൃദ്ധ പാരമ്പര്യമുള്ള അറബി സാഹിത്യം, അപൂര്‍വ ചാരുതയാര്‍ന്ന കാല്‍പനികതയുടെയും തീക്ഷ്ണാനുഭവ യാഥാര്‍ഥ്യങ്ങളുടെയും ആഴപ്പരപ്പുള്ള ഒരു മഹാസാഗരമാണെന്ന് ദ്വിദിന സാഹിത്യോത്സവം വിളംബരം ചെയ്തു. തനിമയാര്‍ന്നതും ബഹുസ്വരവുമായ അറബി സാഹിത്യത്തില്‍നിന്ന് അനേകം ആവിഷ്‌കാര മാതൃകകള്‍ മലയാളത്തിന് സ്വാംശീകരിക്കാനുണ്ടെന്നും നമ്മുടെ ഭാഷയില്‍നിന്ന് അറബിയിലേക്കും തിരിച്ചും നടക്കുന്ന ആദാന പ്രദാനങ്ങള്‍ ഇരുഭാഷകളെയും സര്‍ഗാത്മകമായി സമ്പുഷ്ടമാക്കുമെന്നും സംഗമം വിളിച്ചോതി.
സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ദ്വിദിന സാഹിത്യോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു. ഷാര്‍ജ ഫാമിലി അഫയേഴ്‌സ് സൂപ്രീം കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ സ്വാലിഹ ഉബൈദ് ഗാബിശ്, യു.എ.ഇ എഴുത്തുകാരി ഡോ. മര്‍യം അശ്ശിനാസി, ടാഗോര്‍ പുരസ്‌കാര ജേതാവ് ഡോ. ശിഹാബ് ഗാനിം (യു.എ.ഇ), ഒമാന്‍ എഴുത്തുകാരി അസ്ഹാര്‍ അഹ്മദ്, ഫലസ്ത്വീന്‍ എഴുത്തുകാരി ലിയാന ബദ്ര്‍, സിറിയന്‍ കവി അലി കന്‍ആന്‍, ഈജിപ്ഷ്യന്‍ കവി മുഹമ്മദ് ഈദ് ഇബ്‌റാഹീം, കുവൈത്ത് കവി ഖാലിദ് സാലിം അല്‍റുമൈമി, ഇറാഖി നോവലിസ്റ്റ് മഹ്മൂദ് സഈദ്, അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, നിര്‍വാഹക സമിതി അംഗം പി.കെ പാറക്കടവ്, എസ്.എ ഖുദ്‌സി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തില്‍ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ സ്വാഗതമാശംസിച്ചു. അബ്ദു ശിവപുരം സാഹിത്യ അക്കാദമി ഭാരവാഹികളെ അറബിയില്‍ പരിചയപ്പെടുത്തി. ടാഗോര്‍ പുരസ്‌കാര ജേതാവ് ഡോ. ശിഹാബ് ഗാനിമിനെ ചടങ്ങില്‍ ആദരിച്ചു. ജോണ്‍ സാമുവല്‍ നന്ദി പ്രകാശിപ്പിച്ചു.
സാഹിത്യ സമ്മേളനത്തില്‍ സാഹിത്യ അക്കാദമി വൈസ്. പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍ അധ്യക്ഷത വഹിച്ചു. ലിയാന ബദ്ര്‍, തമിഴ് കവയിത്രി സല്‍മ, സിറിയന്‍ കവി അലി കന്‍ആന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. അജിതന്‍ മേനോത്ത് സ്വാഗതവും അക്കാദമി അംഗം ഇന്ദുമേനോന്‍ നന്ദിയും പറഞ്ഞു. സാഹിത്യോത്സവത്തോടനുബന്ധിച്ച് സാഹിത്യ സമ്മേളനവും കവി സമ്മേളനവും നടന്നു.
ഡോ. എം.എം ബഷീര്‍ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
യു.എ.ഇ യിലെ പ്രമുഖ കവിയും പരിഭാഷകനും ടാഗോര്‍ സമാധാന പുരസ്‌കാര ജേതാവുമായ ഡോ. ശിഹാബ് ഗാനിം (മലയാള സാഹിത്യം പരിഭാഷാനുഭവങ്ങള്‍), ഈജിപ്ഷ്യന്‍ നോവലിസ്റ്റ് മുഹമ്മദ് ഈദ് ഇബ്‌റാഹീം (ഇന്ത്യന്‍ സാഹിത്യം പരിഭാഷാനുഭവങ്ങള്‍) ഒമാനില്‍ നിന്നുള്ള എഴുത്തുകാരി അസ്ഹാര്‍ അഹ്മദ(ഇന്ത്യന്‍ സാഹിത്യം എന്റെ വായനാനുഭവങ്ങള്‍), വി.എ കബീര്‍ (മലയാളം-അറബി സര്‍ഗവിനിമയങ്ങള്‍) എന്നിവര്‍ വിഷയാവതരണം നടത്തി. അക്കാദമി നിര്‍വാഹകസമിതിയംഗം പി.കെ പാറക്കടവ് സ്വാഗതവും അക്കാദമി വൈസ്. പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍ നന്ദിയും പറഞ്ഞു.
സാഹിത്യ സൗഹൃദ ചര്‍ച്ചയില്‍ അബ്ദു ശിവപുരം അധ്യക്ഷത വഹിച്ചു. അക്കാദമി നിര്‍വാഹകസമിതി അംഗം ജോസ് പനച്ചിപ്പുറം, ഡോ. മര്‍യം അശ്ശിനാസി (യു.എ.ഇ), ഖാലിദ് സാലിം അല്‍ റുമൈദി (കുവൈത്ത്) ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍, അക്കാദമി അംഗം ഇന്ദുമേനോന്‍ പങ്കെടുത്തു. അക്കാദമി നിര്‍വാഹകസമിതി അംഗം ഡി. ബെഞ്ചമിന്‍ സ്വാഗതവും ജെന്നിംഗ്‌സ് ജേക്കബ് നന്ദിയും പറഞ്ഞു. മലയാളം-അറബി കവിതാ സായാഹ്‌നം വി. മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ടി.പി രാജീവന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശിഹാബ് ഗാനിം (യു.എ.ഇ), ലിയാന ബദ്ര്‍ (ഫലസ്ത്വീന്‍), അലി കന്‍ആന്‍ (സിറിയ), അസ്ഹാര്‍ അഹ്മദ് (ഒമാന്‍), മുഹമ്മദ് ഈദ് ഇബ്‌റാഹീം (ഈജിപ്ത്), സ്വാലിഹ ഉബൈദ് ഗാബിശ് (യു.എ.ഇ), കെ.സി ഉമേഷ്ബാബു, വീരാന്‍കുട്ടി, അബ്ദുല്ല അമാനത്ത് കവിതകള്‍ അവതരിപ്പിച്ചു. കവിതകളുടെ അറബി-മലയാളം പരിഭാഷകളും അവതരിപ്പിക്കപ്പെട്ടു. പി.കെ പാറക്കടവ് സ്വാഗതവും വി.പി ജോസഫ് വലിയ വീട്ടില്‍ നന്ദിയും പറഞ്ഞു.
Comments