ഇറാഖിലെ 'ഇസ്‌ലാമിക് സ്റ്റേറ്റി'ന് പിന്നില്‍ കളിക്കുന്നതാര്?
സമൂഹത്തെ കുറിച്ച കൃത്യമായ സ്വപ്നങ്ങള്‍ പങ്കുവെച്ചു എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമൂഹിക നീതി, മനുഷ്യാവകാശം, സ്വാതന്ത്ര്യം എന്നിവ ഉറപ്പുവരുത്തുന്ന സാമൂഹിക രാഷ്ട്രീയ ക്രമം മതവിശ്വാസത്തിന്റെ പ്രതലത്തില്‍ ഊന്നിനിന്നുകൊണ്ടുതന്നെ സാധ്യമാവും എന്ന് പലര്‍ക്കും അംഗീകരിക്കാന്‍ മടിയുള്ള സത്യം അപ്രതിഹതമായ പീഡനങ്ങളെയും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെയും തൃണവത്ഗണിച്ചുകൊണ്ട് പ്രഖ്യാപിച്ചു ഈ മുന്നേറ്റം. സാമൂഹിക നീതി ഇസ്‌ലാമിന്റെ ഏറ്റവും പ്രോജ്ജ്വലമായ മൂല്യമാണെന്ന് വിശദീകരിച്ച് വിഖ്യാത ഗ്രന്ഥം രചിച്ചത്, പടിഞ്ഞാറിന് ഇന്നും അംഗീകരിക്കാന്‍ പ്രയാസമുള്ള, എന്നാല്‍ മര്‍ദക ഭരണകൂടത്തിന്റെ തൂക്കുമരത്തില്‍ രക്തസാക്ഷ്യം വരിച്ച സയ്യിദ് ഖുത്വ്ബായിരുന്നു. സമത്വവും സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണവും ഉറപ്പുവരുത്താത്ത ഭരണകൂടങ്ങള്‍ മര്‍ദക സംവിധാനങ്ങള്‍ ആണെന്ന് ധീരമായി പ്രഖ്യാപിച്ചത് അലി ശരീഅത്തി ആയിരുന്നു. തിയോക്രസിയും രാജഭരണവും ഇസ്‌ലാമിന് അന്യമാണെന്ന് സമര്‍ഥിച്ച് മുസ്‌ലിം ചരിത്രത്തിലെ ഉമവീ രാജഭരണത്തെ കുറ്റവിചാരണ ചെയ്ത് ജനാധിപത്യപരമായ മത പ്രോക്ത സാമൂഹിക സംവിധാനങ്ങളെ കുറിച്ച സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് സയ്യിദ് മൗദൂദിയായിരുന്നു. എന്നാല്‍ അക്കാലയളവിലെല്ലാം മര്‍ദകരും ജനാധിപത്യ വിരുദ്ധരുമായ അറബ് മുസ്‌ലിം നാടുകളിലെ ഏകാധിപതികളുടെ ചോര പുരണ്ട സിംഹാസനങ്ങള്‍ക്ക് കാവലിരുന്നതു മനുഷ്യാവകാശത്തെക്കുറിച്ച് ചാരിത്ര്യ പ്രസംഗം നടത്തുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളായിരുന്നു. ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
ഈജിപ്തില്‍ ജമാല്‍ അബ്ദുന്നാസിറിനെയും പിന്നീട് അന്‍വര്‍ സാദാത്തിനെയും സിറിയയില്‍ ഹാഫിസുല്‍ അസദിനെയും ഇറാഖില്‍ സദ്ദാം ഹുസൈനെയും ജോര്‍ദാനില്‍ അബ്ദുല്ല രാജാവിനെയും അള്‍ജീരിയയില്‍ ബൂതഫ്‌ലീഖയെയും, അവര്‍ നടത്തിയ എല്ലാതരം മനുഷ്യഹത്യകള്‍ക്കും പിന്തുണ നല്‍കിയും അവരുടെ മര്‍ദക വാഴ്ചക്ക് സംരക്ഷണം ഒരുക്കാന്‍ ആവശ്യമായ ആയുധങ്ങള്‍ നല്‍കിയും സഹായിച്ചു എന്ന ചരിത്ര വസ്തുത ഒരുകാലത്തും പടിഞ്ഞാറിന് മറക്കാന്‍ ആവില്ല. ഈ പ്രതിലോമപരമായ പിടിവാശി ഉപേക്ഷിക്കാനൊരുക്കമില്ലാത്തത് കാരണം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെയ്യുന്ന മനുഷ്യാവകാശ നിഷേധത്തിന്റെ നേര്‍ചിത്രമാണ് വര്‍ത്തമാനകാല ഈജിപ്തും ഗസ്സയും. ഗസ്സയിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഹമാസ് അവര്‍ക്ക് ഭീകരരും, ഈജ്പ്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയും ആയിരക്കണക്കിന് ജനാധിപത്യ പ്രക്ഷോഭകരെ കൊന്നൊടുക്കുകയും ചെയ്ത പട്ടാള അട്ടിമറിക്കാര്‍ ആത്മമിത്രങ്ങളുമാണ്.
ഇസ്‌ലാമിക നവജാഗരണത്തിന്റെ മൂര്‍ത്തമായ പ്രയോഗവത്കരണം അഥവാ പ്രായോഗിക ആവിഷ്‌കാരം ഒരു മരീചികയായി അവശേഷിക്കാന്‍ എന്തുകൊണ്ടും നല്ലത്, ജനാധിപത്യത്തിനെതിരെ ഏകാധിപത്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് അപഹാസ്യമായ ഈ നിലപാട് വികസിച്ചത്. എന്നാല്‍, ഇസ്‌ലാമിക നവജാഗരണം ഉയര്‍ത്തിയ ബുദ്ധിപരമായ സംവാദങ്ങളും സൈദ്ധാന്തികമായ വെല്ലുവിളികളും കൂടി തടഞ്ഞുനിര്‍ത്തപ്പെടേണ്ടതുണ്ടായിരുന്നു. അതിനു കണ്ടെത്തിയ മാര്‍ഗമാണ് പ്രതിലോമപരമായ ഉള്ളടക്കങ്ങളോടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്ന തന്ത്രം. മതത്തെ മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വികാസത്തിനും പരിണാമത്തിനും അനുസരിച്ച് വിശദീകരിച്ചും നവീനമായ പ്രശ്‌നങ്ങളെ കാലോചിതമായി വ്യാഖ്യാനിച്ചുമുള്ള സര്‍ഗാത്മക സംവാദങ്ങളിലൂടെയാണ് നവജാഗരണം കാലത്തെ അഭിമുഖീകരിച്ചത്. എന്നാല്‍, മതത്തെ അക്ഷരങ്ങളുടെ അകത്തളത്തില്‍ തളച്ചിട്ട് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കാലത്തെ അതേ സ്വഭാവത്തില്‍ പുനരവതരിപ്പിക്കലാണ് ഇസ്‌ലാമിക നവോത്ഥാനം എന്നുള്ള തെറ്റായ സന്ദേശങ്ങളിലൂടെയാണ് അക്ഷര മതം അഥവാ ലിറ്ററല്‍ റിലീജ്യോസിറ്റി ഇസ്‌ലാമിനെ അവതരിപ്പിച്ചത്. അമുസ്‌ലിംകള്‍ ഒന്നുകില്‍ ജിസ്‌യ നല്‍കി കീഴടങ്ങണം, അല്ലെങ്കില്‍ ഇസ്‌ലാം സ്വീകരിക്കണം, അതുമല്ലെങ്കില്‍ നാടുപേക്ഷിക്കണം എന്ന് ഇറാഖികള്‍ക്ക് അന്ത്യശാസനം നല്‍കുന്നവരും, പെണ്‍കുട്ടികള്‍ പുറത്തിറങ്ങാനോ സ്‌കൂളില്‍ പോകാനോ പാടില്ല എന്ന് അഫ്ഗാനികളെ ഓര്‍മിപ്പിക്കുന്നവരും ഈ പ്രതിലോമപരതയെയാണ് അടിവരയിടുന്നത്. നവജാഗരണം പ്രശ്‌നവത്കരിച്ച സാമൂഹിക നീതി, സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം തുടങ്ങിയ വിപ്ലവാശയങ്ങളില്‍ നിന്നെല്ലാം ബഹുജന ശ്രദ്ധ തിരിച്ചുവിടാനാവും എന്നത് കാരണം സാമൂഹിക നീതിയെ ഭയക്കുന്ന ഏകാധിപതികളായ മുസ്‌ലിം ഭരണാധികാരികളെല്ലാം അക്ഷര മതത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. മതത്തിന്റെ പ്രതിലോമ രൂപങ്ങളായ താലിബാനെ അംഗീകരിച്ച രണ്ട് മുസ്‌ലിം രാഷ്ട്രങ്ങളും അമേരിക്കന്‍ സീമന്ത രാഷ്ട്രങ്ങളായിരുന്നു എന്ന ചരിത്ര വസ്തുതയും, ഈജിപ്തിലെ സൈനിക സ്വേഛാധിപത്യത്തിന് ആദ്യം മുതല്‍ പിന്തുണ നല്‍കിയവര്‍ സങ്കുചിത മതത്തിന്റെ പ്രതീകങ്ങളായ ഗ്രാന്റ് മുഫ്തിമാരാണെന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുകയും ഇസ്‌ലാമിക മുന്നേറ്റത്തെ പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന അക്ഷരവാദത്തിന്റെ സമീപകാല ഉദാഹരണമായ അല്‍ഖാഇദ മുതല്‍ ഇറാഖിലെ 'ഇസ്‌ലാമിക് സ്റ്റേറ്റ്' വരെയുള്ള രൂപങ്ങള്‍ നടത്തിയ സൈനിക മുന്നേറ്റങ്ങള്‍ക്ക് പശ്ചാത്തലവും വിഭവങ്ങളും ഒരുക്കിയത് ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടവര്‍, ഇക്കാരണത്താല്‍ തന്നെ ഇപ്പോള്‍ ഐ.എസ്.ഐ.എല്ലി(ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലവന്ത്)നെതിരെ ഇറാഖില്‍ വ്യോമാക്രമണം നടത്തുന്ന അമേരിക്ക തന്നെയാണ്. ഈ സംഘങ്ങളുടെയെല്ലാം പ്രത്യേകത അവക്ക് കൃത്യമായ മേല്‍വിലാസമോ ജനങ്ങള്‍ക്ക് പരിചിതമായ നേതാക്കളോ ഇല്ല എന്നതാണ്. സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം ലോകത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ക്കെതിരായ കൈയേറ്റങ്ങള്‍ക്ക് ഇതുപോലെയുള്ള ആര്‍ക്കും പരിചിതമല്ലാത്ത സംഘങ്ങളുടെ പേര്‍ ഉപയോഗപ്പെടുത്തപ്പെട്ടിട്ടുണ്ട്. മേല്‍വിലാസമില്ലാത്ത മുസ്‌ലിം കൂട്ടായ്മകളുടെ സുഖം, അതിനെ ആര്‍ക്കും തരം പോലെ ഉപയോഗിക്കാം എന്നതുതന്നെയാണ്. അതിന്റെ ലക്ഷ്യത്തെക്കുറിച്ചോ അതിന്റെ പിന്നിലെ ചാലക ശക്തിയെക്കുറിച്ചോ ആര്‍ക്കും ഒന്നും ഉറപ്പിച്ചു പറയാനാവില്ല എന്നു മാത്രമല്ല, ഏതു സംഭവത്തിന്റെയും പിതൃത്വം ആര്‍ക്കും അതിന്റെ തലയില്‍ കെട്ടിവെക്കാനുമാവും. ഈയൊരു സൗകര്യം അല്‍ഖാഇദയുടെ കാര്യത്തില്‍ അമേരിക്കയെ തെല്ലൊന്നുമല്ല സഹായിച്ചത്.
ഈയൊരു പശ്ചാത്തലത്തില്‍ നിന്നുവേണം പുതിയ പ്രവണതകളെ വിലയിരുത്താന്‍. സിറിയയില്‍ രൂപം കൊണ്ടതും ഇപ്പോള്‍ ഇറാഖിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്നതുമായ പോരാളി വിഭാഗമായ ഐ.എസ്.ഐ.എല്ലിനെ മുസ്‌ലിം ലോകത്തുള്ള ഒരു പ്രമുഖ വ്യക്തിത്വവും പിന്തുണക്കുന്നില്ല. സുപരിചിതമായ എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളും സംഘങ്ങളും ഇവക്കെതിരായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ആഗോള മുസ്‌ലിം പണ്ഡിത കൂട്ടായ്മയും, അതിന്റെ സാരഥിയായ ശൈഖ് യൂസുഫുല്‍ ഖറദാവിയുള്‍പ്പെടെയുള്ള മുസ്‌ലിം നേതാക്കളും ഇറാഖിലെ 'ഇസ്‌ലാമിക് സ്റ്റേറ്റി'നെ രൂക്ഷമായാണ് വിമര്‍ശിച്ചിരിക്കുന്നത്. സിറിയയില്‍ നിന്ന് ഇറാഖിലേക്ക് വ്യാപിച്ച പോരാളി വിഭാഗത്തിന്റെ പ്രത്യേകതയും അല്‍ഖാഇദയെ പോലെ കടുത്ത പ്രതിലോമപരതക്ക് പുറമെ വ്യക്തമായ അജണ്ടയോ മേല്‍വിലാസമോ ഇല്ല എന്നതുതന്നെയാണ്. അതിന്റെ പേരിനെക്കുറിച്ചു പോലും അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നു. ആര് എവിടെ വെച്ച് എപ്പോള്‍ രൂപവത്കരിച്ചു എന്നതിനെക്കുറിച്ചെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ് അവലംബം.
പക്ഷേ, എല്ലാവരും സമ്മതിക്കുന്ന ഒരു സത്യമുണ്ട്. സിറിയന്‍ വിപ്ലവത്തിന് ആയുധവും പരിശീലനവും നല്‍കിയത് അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും എണ്ണ രാജാക്കന്മാരുമായിരുന്നു. ഈജിപ്തില്‍ ജനകീയ വിപ്ലവത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ പണം ഒഴുക്കിയവര്‍, തുനീഷ്യന്‍ വിപ്ലവത്തിനെതിരെ പിന്തിരിപ്പന്‍ ശക്തികളോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് സിറിയയില്‍ മാത്രം മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അറബ് വസന്തം അനിവാര്യമായും വികാസം പ്രാപിക്കാന്‍ സാധ്യതയുള്ള അള്‍ജീരിയ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ പ്രശ്‌നസാധ്യതാ പ്രദേശങ്ങളില്‍നിന്ന് മാറി സഞ്ചരിക്കണമെന്നതും പടിഞ്ഞാറിന്റെ സമീപകാല വൈരികളായ സിറിയയും ലിബിയയും തകര്‍ക്കപ്പെടണമെന്നതും ആരുടെ താല്‍പര്യമായിരുന്നു? '79 മുതല്‍ അമേരിക്ക ഉന്നംവെക്കുന്ന ഇറാനുമായും ഇസ്രയേലിന്റെ പേടിസ്വപ്നമായ ഹിസ്ബുല്ലയുമായും സിറിയക്കുള്ള പ്രത്യക്ഷ ബന്ധം മാത്രമായിരുന്നില്ല പ്രശ്‌നം. സിറിയ കരുതിവെച്ചിരിക്കുന്ന രാസായുധശേഖരങ്ങള്‍ ഇസ്രയേലിന്റെ സുരക്ഷക്ക് നേരെ ഉയര്‍ത്തുന്ന ഭീഷണിയും ഒരു വലിയ പ്രശ്‌നം തന്നെയായിരുന്നു. സദ്ദാമാനന്തരം ഇറാഖിലെ ഭരണം ഇറാന്‍ അനുകൂലികള്‍ കൈയടക്കിയതില്‍ ഏറെ അസ്വസ്ഥതയുള്ള സുന്നി അറബ് രാജാക്കന്മാരെ പ്രീതിപ്പെടുത്താന്‍ പറ്റിയ ഒരു ഉപായം കൂടിയായിരുന്നു അസദിനെ മറിച്ചിടുക എന്നത്. അങ്ങനെയാണ് ഇസ്രയേലിന്റെയും ഇസ്‌ലാംവിരുദ്ധരുടെയും ചിരകാല സ്വപ്നമായ സുന്നി-ശിഈ വിഭജനം യാഥാര്‍ഥ്യമാക്കിയ സിറിയന്‍ പോരാട്ടം ആരംഭിക്കുന്നതും സ്വന്തം രാജ്യത്ത് മര്‍ദക ഭരണം നടത്തുന്നവര്‍ തന്നെ സ്വന്തം പൗരന്മാരെ പറഞ്ഞയച്ചും പരിശീലന കേന്ദ്രങ്ങള്‍ ഒരുക്കിയും അതിനെ പിന്തുണച്ചതും.
ഒരു രാജ്യത്ത് മാറ്റം കൊണ്ടുവരേണ്ടത് ആ നാട്ടിലെ പൗരന്മാരാണെന്ന, എല്ലാവരും സമ്മതിക്കുന്ന, ജനാധിപത്യത്തെക്കുറിച്ച പൊതുതത്ത്വമാണ് സിറിയയില്‍ അട്ടിമറിക്കപ്പെട്ടത്. അറബ് വസന്തത്തിന്റെ എല്ലാ സാധ്യതകളും തടുത്തുനിര്‍ത്തുന്ന മനംമടുപ്പാണ് മുസ്‌ലിം ലോകത്ത് ഇത് സൃഷ്ടിച്ചത്. ഈജിപ്ത്, തുനീഷ്യന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറബ് വസന്തം ജനങ്ങള്‍ പരസ്പരം കൊല്ലുന്ന ഒരു കലാപമായാണ് സിറിയയില്‍ വികസിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് സിറിയയിലേക്കൊഴുകിയ പലരെയും സ്‌പോണ്‍സര്‍ ചെയ്തത് അതത് നാടുകളിലെ സ്വേഛാപ്രമത്തരായ ഭരണാധികാരികളും, സൈനിക പരിശീലനം നല്‍കിയത് അമേരിക്കയുള്‍പ്പെടെയുള്ള അറബ് ഏകാധിപതികളുടെ കുഴലൂത്തുകാരുമാണ്. ഇതിനെതിരെ ബശ്ശാറുല്‍ അസദിനെ സഹായിക്കാന്‍ ഇറാനും ഹിസ്ബുല്ലയും രംഗത്ത് വന്നതോടെ സിറിയയില്‍ അനിവാര്യമായും സംഭവിക്കേണ്ട വിപ്ലവം സമീപകാലത്തൊന്നും പരിഹരിക്കാനാവാത്ത വിഭാഗീയ കലാപമായി വ്യാപിച്ചു. സിറിയന്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഇടയുള്ള ദൂരവ്യാപകമായ പരിണതി മുന്‍കൂട്ടി കാണാന്‍ ഇസ്‌ലാമികര്‍ക്ക് വരെ സാധിക്കാതെ പോയത് ഒരു ദുരന്തം തന്നെയായിരുന്നു. അതേ അവസരം, അസദിനെ മറിച്ചിടാനായില്ലെങ്കിലും ഒന്നരലക്ഷത്തില്‍ പരം മനുഷ്യരെ കുരുതി കൊടുത്ത ഈ കലാപം ഒരു കാര്യത്തില്‍ വിജയിച്ചിട്ടുണ്ട്. സിറിയയുടെ രാസായുധ ശേഖരങ്ങള്‍ നശിപ്പിക്കുന്നതില്‍, അഥവാ ഇസ്രയേലിന്റെ സുരക്ഷ ഭദ്രമാക്കുന്നതില്‍. ഒപ്പം ഹമാസിനുണ്ടായിരുന്ന ദമസ്‌കസ് ആസ്ഥാനവും മറ്റു പിന്തുണയും അത് നഷ്ടപ്പെടുത്തുക കൂടി ചെയ്തു. ഇനി അസദ് മാറാത്തതുകൊണ്ട് തിരശ്ശീലക്ക് പിന്നില്‍ കളിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടാനില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സിറിയന്‍ പോരാട്ട മുഖത്ത് നിന്ന് ഐ.എസ്.ഐ.എല്‍ ഇറാഖിലേക്ക് നീങ്ങുന്നതും പ്രധാന നഗരങ്ങളുള്‍പ്പെടെ പിടിച്ചെടുത്ത് ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിച്ചതായി പ്രഖ്യാപിക്കുന്നതും. അമേരിക്കന്‍ ആയുധ പരിശീലനം കൊണ്ട് കരുത്താര്‍ജിച്ച ഈ പ്രതിലോമ കൂട്ടായ്മ സെക്‌ടേറിയന്‍ കലാപങ്ങള്‍ ലബനാനിലേക്കും മറ്റും വ്യാപിപ്പിച്ച ശേഷം, അസദ് പ്രതിനിധീകരിക്കുന്ന ബഅ്‌സ് സോഷ്യലിസത്തിന്റെ ഇറാഖിലെ അവശിഷ്ടങ്ങളോടൊപ്പം ചേര്‍ന്ന് നിന്നാണ് ഇസ്‌ലാമിക ഖിലാഫത്ത് പ്രഖ്യാപിക്കുന്നത് എന്നതില്‍ നിന്നുതന്നെ കാര്യങ്ങളുടെ പോക്ക് ഊഹിക്കാവുന്നതേയുള്ളൂ. സിറിയയിലെയും ഇറാഖിലെയും ബഅ്‌സ് പാര്‍ട്ടികള്‍ തമ്മില്‍ ചരിത്രപരമായ ഭിന്നത നിലനിന്നിരുന്നു എന്ന വസ്തുത ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍, എല്ലായ്‌പ്പോഴും ഇസ്‌ലാമിനോട് കൂടുതല്‍ ശത്രുത പ്രകടിപ്പിച്ചവരാണ് ഇറാഖിലെ ബഅ്‌സിസ്റ്റുകള്‍. ഒരു കാലത്തും ഇസ്‌ലാമിനോടവര്‍ സഹാനുഭൂതി പ്രകടിപ്പിച്ചിട്ടില്ല. മറുവശത്ത്, അല്‍ഖാഇദയുടെയും അഫ്ഗാനിസ്താന്റെയും കാര്യത്തില്‍ സംഭവിച്ചതിന്റെ ആവര്‍ത്തനമെന്നോണം തങ്ങളുടെ ആയുധം കൊണ്ട് ശക്തിയാര്‍ജിച്ച ഈ പുതിയ കൂട്ടായ്മയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു പുതിയ യുദ്ധത്തിനുള്ള തയാറെടുപ്പ് അമേരിക്കയും സഖ്യകക്ഷികളും തുടങ്ങിവെച്ചിട്ടുണ്ട്.
സിറിയയില്‍ ബശ്ശാര്‍ ഇസ്രയേലിനൊരു ഭീഷണിയല്ലാതായതോടെ തങ്ങള്‍ ആയുധമണിയിച്ചവരെ നിരായുധീകരിക്കാന്‍ അമേരിക്ക തന്നെ നടത്തുന്ന ഒരു നാടകമാണോ ഇതെന്ന് സംശയിക്കുന്നവരെ കുറ്റം പറയാനാവില്ല. കാരണം ഈ സംശയത്തിന്റെ ഉത്തരം ഇറാഖിലുണ്ട്; അല്‍ഖാഇദയിലും. ഇസ്‌ലാമിക നവജാഗരണത്തിന്റെ ശിഈ പതിപ്പായി ഇറാന്‍ വിപ്ലവം മാറാനുള്ള സാധ്യതക്കെതിരെ സദ്ദാമിനെ ആയുധമണിയിക്കുകയും ഇറാനെതിരായ യുദ്ധത്തിലേക്ക് തള്ളിയിടുകയും ചെയ്തവര്‍ തന്നെയാണ് പില്‍ക്കാലത്ത് സദ്ദാമിനെ പൈശാചികതയുടെ ആള്‍രൂപമായി അവതരിപ്പിച്ചു നശിപ്പിച്ചതും. അത്യാധുനിക ആയുധങ്ങളാല്‍ സമ്പന്നമായ ഇറാഖ് അറബ് ലോകത്തെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും ഇസ്രയേലിനും ഭീഷണിയാകുന്നു എന്നു കണ്ടപ്പോള്‍, അഥവാ സദ്ദാം അമേരിക്കയുടെ നിയന്ത്രണ വട്ടത്തുനിന്ന് പുറത്തു കടക്കാന്‍ സാധ്യതയുണ്ടെന്ന് വന്നപ്പോള്‍ ഇറാഖിനെ സൈനികമായി തകര്‍ക്കാന്‍ രചിച്ച തിരക്കഥയനുസരിച്ചാണ് കുവൈത്ത് ആക്രമിക്കപ്പെടുന്നത് എന്ന് സമര്‍ഥിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അല്‍ഖാഇദയുടെ കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നുമല്ല. അധിനിവേശ വിരുദ്ധ പോരാട്ടനാളുകളില്‍ അഫ്ഗാനിസ്താനില്‍ സജീവ സാന്നിധ്യമായിരുന്ന ഏതാണ്ടെല്ലാ ഇസ്‌ലാമിക കൂട്ടായ്മകളെയും നിര്‍വീര്യമാക്കിക്കൊണ്ട് മേല്‍വിലാസമില്ലാത്ത ഒരു പ്രതിരോധ രൂപം എന്ന നിലയിലാണ് അല്‍ഖാഇദ ഉദയം കൊള്ളുന്നത്. സോവിയറ്റ് റഷ്യക്കെതിരായ പോരാട്ടത്തിന്റെ അനിവാര്യ ഫലമെന്നോണം അഫ്ഗാനില്‍ ആവിര്‍ഭവിക്കേണ്ടിയിരുന്ന ഇസ്‌ലാമിക നവജാഗരണത്തെ തടുത്ത് നിര്‍ത്താന്‍ ഇസ്‌ലാമിക കൂട്ടായ്മകള്‍ക്കെതിരെ അക്ഷരവാദികളായ പ്രതിലോമ ശക്തികളെയും ഉസ്ബക് മിലീഷ്യയെയും പിന്തുണച്ച അമേരിക്കക്ക് തങ്ങള്‍ കൊടുത്ത ആയുധങ്ങളും പരിശീലനവും കൊണ്ട് കരുത്താര്‍ജിച്ച അഫ്ഗാനികളെ തകര്‍ക്കാന്‍ ലഭിച്ച ഏറ്റവും നല്ല ന്യായപ്രമാണമായിരുന്നു അല്‍ഖാഇദയുടെ സാന്നിധ്യം. അല്‍ഖാഇദ സദ്ദാമിനെ പോലെ മുമ്പുണ്ടായിരുന്ന നിയന്ത്രണ വട്ടത്തു നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ചതോടെ അമേരിക്കയുടെ അപ്രീതിക്കു കാരണമായി. ഈ രണ്ട് സാധ്യതകള്‍ ഒരു സമസ്യയായി തുടര്‍ന്നാലും അല്‍ഖാഇദയെ പോലെ മുസ്‌ലിം പ്രതിഛായ ഇത്രമാത്രം അപകടപ്പെടുത്തിയ ഒരു സംഘവും മുമ്പൊന്നുമുണ്ടായിട്ടില്ല.
അല്‍ഖാഇദയെ പോലെ ഐ.എസ്.ഐ.എല്ലും ഒന്നുകില്‍ തിരശ്ശീലക്ക് പിന്നിലെ യജമാനന്മാര്‍ക്ക് വേണ്ടി ഗോദയിലിറങ്ങുന്നു, അല്ലെങ്കില്‍ യജമാനന്മാരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം വന്നതോടെ നിയന്ത്രണം മറികടന്ന് മുന്നോട്ടുപോവുന്നു എന്നു വേണം കരുതാന്‍. രണ്ടായാലും അന്തിമമായി അറബ് ലോകത്തിന്റെ ജനാധിപത്യവത്കരണത്തെ ചെറുത്ത് തോല്‍പിക്കണം എന്നു നിര്‍ബന്ധമുള്ളവരാണ് ഈ കളികളുടെ പിന്നില്‍ എന്ന് തീര്‍ച്ച.
Comments