Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

എല്ലാം നേടുന്ന മര്‍ദിതരും <br>നഷ്ടപ്പെടുത്തുന്ന മര്‍ദകരും

ശൈഖ് മുഹമ്മദ് കാരകുന്ന് /ലേഖനം

         ന്നോളമുള്ള മനുഷ്യ സമൂഹത്തിന്റെ ചരിത്രം സംഘട്ടനങ്ങളുടേതാണെന്ന മാര്‍ക്‌സിയന്‍ വായന ശരിയാണ്. എന്നാലത് ഉള്ളവനും ഇല്ലാത്തവനും, തൊഴിലാളിയും മുതലാളിയും തമ്മിലുള്ള സംഘട്ടനങ്ങളുടേതല്ല. മറിച്ച് ശരിയും തെറ്റും, നന്മയും തിന്മയും, നീതിയും അനീതിയും, ധര്‍മവും അധര്‍മവും, സന്മാര്‍ഗവും ദുര്‍മാര്‍ഗവും തമ്മിലുള്ള നിരന്തര സമരത്തിന്റേതാണ്. ഭൂമിയില്‍ മനുഷ്യവാസം തുടങ്ങിയതോടെ ഇതാരംഭിച്ചിട്ടുണ്ട്. ഇന്നും അത് അവിരാമം തുടരുന്നു.

ഖാബീല്‍ കരുതി, തന്റെ താല്‍പര്യങ്ങള്‍ക്ക് തടസ്സം ഹാബീലാണെന്ന്; ഹാബീലിനെ ഇല്ലാതാക്കിയാല്‍ എല്ലാം ശരിയാകുമെന്നും. അങ്ങനെ ഖാബീല്‍ ഹാബീലിനെ കൊന്നു. അതോടെ ഒന്നും നേരെയാവുകയല്ല; എല്ലാം തല കീഴാവുകയാണുണ്ടായത്.

ഇരുവര്‍ക്കും സംഭവിച്ചതെന്തെന്ന് ചരിത്രം ഉറക്കെ വിളിച്ചുപറയുന്നു. സഹോദരന്‍ ഖാബീല്‍ 'നിന്നെ ഞാന്‍ കൊല്ലു'മെന്ന് പറഞ്ഞപ്പോഴും ഹാബീല്‍ തന്റെ വിനീതവും അത്യുദാരവുമായ നിലപാട് വ്യക്തമാക്കുന്നു: ''എന്നെ കൊല്ലാന്‍ നീ എന്റെ നേരെ കൈനീട്ടിയാലും നിന്നെ കൊല്ലാന്‍ ഞാന്‍ നിന്റെ നേരെ കൈ നീട്ടുകയില്ല. തീര്‍ച്ചയായും ഞാന്‍ പ്രപഞ്ചനാഥനായ അല്ലാഹുവെ ഭയപ്പെടുന്നു.''

ഹാബീലിന്റെ മനസ്സില്‍ പകയോ കാലുഷ്യമോ പ്രതികാരചിന്തയോ ഒട്ടുമില്ലെന്ന് ഇത് വ്യക്തമാക്കുന്നു; അതൊട്ടും അസ്വസ്ഥമല്ലെന്നും തീര്‍ത്തും ശാന്തമാണെന്നും. 'എന്റെ കുറ്റവും നിന്റെ കുറ്റവും നീ തന്നെ വഹിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു'വെന്ന പ്രസ്താവത്തിലൂടെ പാപച്ചുമട് പോലും ഇറക്കിവെച്ച് സമാധാനമടയുന്നു. അങ്ങനെ ശാന്തമനസ്‌കനായി ജീവിച്ച് സമാധാനത്തോടെ ഈ ലോകത്തോട് വിട പറയുന്നു. അന്നു മുതല്‍ ലോകാവസാനം വരെയുള്ള എണ്ണിയാലൊടുങ്ങാത്ത തലമുറകളിലെ എണ്ണമറ്റ ജനകോടികളുടെ പ്രശംസക്കും പ്രാര്‍ഥനക്കും അദ്ദേഹം അര്‍ഹനാവുകയും ചെയ്തു.

എന്നാല്‍ ഖാബീലോ, ഭൂമിയിലെ അയാളുടെ അവസ്ഥ സ്വന്തം വാക്കുകളില്‍ നിന്നു തന്നെ വ്യക്തം: ''കഷ്ടം! എന്റെ സഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്കു കഴിഞ്ഞില്ലല്ലോ.'' ആരിലും ഒട്ടും കൗതുകമുണര്‍ത്താത്ത കാക്കയെപ്പോലെയാകാന്‍ പോലും കഴിഞ്ഞില്ലല്ലോ എന്ന വിലാപം അയാളനുഭവിച്ച കൊടിയ ദുഃഖവും ആത്മനിന്ദയും വ്യക്തമാക്കുന്നു. അയാള്‍ കൊടും ഖേദത്തിലകപ്പെട്ടുവെന്ന് ഖുര്‍ആന്‍ പറയുന്നു. അങ്ങനെ ദുഃഖിതനായി ജീവിച്ചു. അശാന്തനായി മരിച്ചു. അന്നു മുതലിന്നോളം സഹസ്രാബ്ദങ്ങളിലൂടെ വേദഗ്രന്ഥങ്ങളിലൂടെയും അസംഖ്യം ജനകോടികളിലൂടെയും അഭിശപ്തനായിത്തീരുകയും ചെയ്തു.

ഇതിനെക്കാള്‍ എത്രയോ ശ്രദ്ധേയമാണ് ഫറവോന്റെ അനുഭവം. പ്രത്യക്ഷത്തില്‍ എല്ലാം കൈയിലൊതുക്കിയ ഭരണാധികാരിയായിരുന്നു അയാള്‍. ഫലത്തില്‍ ഈജിപ്ത് അയാളുടേതായിരുന്നു. ഇഛിക്കുന്നതെന്തും ചെയ്യാന്‍ അയാള്‍ക്ക് കഴിയുമായിരുന്നു. അവിടത്തെ ജനം അയാളുടെ അടിമകളും ആജ്ഞാനുവര്‍ത്തികളുമായിരുന്നു. തികഞ്ഞ ധിക്കാരത്തോടെ അയാള്‍ ചോദിച്ചു: 'ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊക്കെ ഒഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ?' ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ചു: ''ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവവുമുള്ളതായി എനിക്കറിയില്ല.'' ''ഞാനാണ് നിങ്ങളുടെ സര്‍വോന്നതനായ നാഥന്‍.''

എന്നിട്ടും ജീവിതകാലത്തു തന്നെ തുല്യതയില്ലാത്ത അപമാനം സഹിക്കേണ്ടിവന്നു ഫറവോന്. മൂസാ നബിയോട് മത്സരിക്കാനായി അയാള്‍ മാരണക്കാരെ ഒരുമിച്ചുകൂട്ടി. അവര്‍ക്ക് വലിയ സമ്മാനങ്ങളും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തു. അങ്ങനെ മത്സരം നടന്നപ്പോള്‍ മൂസാനബി വിജയിച്ചു. ഫറവോന്‍ കൊണ്ടുവന്ന മാരണക്കാരെല്ലാം പരാജിതരായി. അതുതന്നെ ഫറവോന്ന് താങ്ങാവുന്നതിലപ്പുറമായിരുന്നു. എന്നാല്‍ അയാളുടെ അപമാനവും അലോസരവും അസ്വസ്ഥതയും പതിന്മടങ്ങ് വര്‍ധിപ്പിച്ചുകൊണ്ട് മാരണക്കാരെല്ലാം മൂസാനബിയോടൊപ്പം ചേര്‍ന്നു.

അതോടെ ഫറവോന്‍ മാരണക്കാരെ ഭീഷണിപ്പെടുത്തി. അവരുടെ കൈകാലുകള്‍ വെട്ടിമുറിക്കുമെന്നും ഈന്തപ്പന മരത്തില്‍ കുരിശേറ്റുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ഫറവോന്റെ ഭീഷണിയെ അവര്‍ പുഛിച്ചുതള്ളുകയാണുണ്ടായത്. എന്തും സഹിക്കാന്‍ സന്നദ്ധരാണെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാം നേടിയെന്ന് അവകാശപ്പെട്ട് ഔദ്ധത്യം നടിച്ച ഫറവോന് സ്വന്തം കുടുംബിനിയെ കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല. അവര്‍ അയാളുടെ എതിരാളിയോടൊപ്പം ചേര്‍ന്നു. അപ്പോള്‍ ഫറവോന്‍ അനുഭവിച്ച അപമാനവും അസ്വസ്ഥതയും എത്രമാത്രമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടു തന്നെയായിരിക്കുമല്ലോ അയാള്‍ സ്വന്തം ജീവിതപങ്കാളിയെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇങ്ങനെ ജീവിതകാലത്ത് തികഞ്ഞ മാനക്കേടും അശാന്തിയും അനുഭവിച്ച ഫറവോന് മരണവേളയില്‍, അന്നോളം ശക്തമായെതിര്‍ത്ത കൊടിയ ശത്രുക്കളുടെ മാര്‍ഗം സ്വീകരിക്കേണ്ടിവന്നു. അവരെ അംഗീകരിച്ചതായി അയാള്‍ പ്രഖ്യാപിച്ചു. അവസാന നിമിഷം അയാള്‍ പറഞ്ഞു: ''ലോകരക്ഷിതാവില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; മൂസായുടെയും ഹാറൂന്റെയും നാഥനില്‍.'' ഈ വിശ്വാസ പ്രഖ്യാപനം അയാള്‍ക്കൊട്ടും പ്രയോജനപ്പെട്ടതുമില്ല. ചരിത്രത്തിലെ ഏറ്റം അഭിശപ്തനായി അയാള്‍ മാറി.

മറുഭാഗത്ത് അയാളുടെ മര്‍ദനപീഡനങ്ങള്‍ ഏറ്റുവാങ്ങിയ ആസ്യ ബീവിയോ? പീഡനത്തിന്റെ പാരമ്യത്തില്‍ അകക്കണ്ണുകൊണ്ട് സ്വര്‍ഗം കണ്ട അവര്‍ അല്ലാഹുവോട് അവിടെ, അവന്റെ അടുക്കല്‍ ഒരു വീട് ആവശ്യപ്പെട്ടു. വേഗമവിടെ എത്താനായി ഫറവോനില്‍നിന്നും അവന്റെ ആള്‍ക്കാരില്‍നിന്നും പെട്ടെന്നു തന്നെ മോചനം കിട്ടാന്‍ പ്രാര്‍ഥിച്ചു. സംതൃപ്തിയോടെ ജീവിച്ച് രക്തസാക്ഷ്യം വരിച്ച അവരെ എല്ലാ കാലത്തും എങ്ങുമുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും മികച്ച മാതൃകയായി വിശുദ്ധ ഖുര്‍ആന്‍ വാഴ്ത്തി. വേദഗ്രന്ഥത്തിലൂടെ ലോകാന്ത്യം വരെ അവര്‍ അനശ്വരയായി.

അല്ലാഹുവിന്റെ അന്ത്യദൂതനായ മുഹമ്മദ് നബി തിരുമേനിക്ക് ഏറ്റവും കൂടുതല്‍ പ്രയാസമുണ്ടാക്കിയത് അബൂ ലഹബായിരുന്നു. അതിനാലാണ് ഖുര്‍ആന്‍ അയാളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചത്. അബ്ദുല്‍ ഉസ്സ എന്നായിരുന്നു അയാളുടെ യഥാര്‍ഥ പേര്. തങ്കം പോലെ പ്രശോഭിച്ചിരുന്ന ശരീരത്തിന്റെ ഉടമയായിരുന്നതിനാലാണ് അബൂലഹബെന്ന പേര് കിട്ടിയത്. ബദ്‌റില്‍ ഏറ്റവും അടുത്ത ബന്ധുക്കളും കൂട്ടുകാരും വധിക്കപ്പെട്ടതിന്റെ ദുഃഖവും മാനക്കേടും വിട്ടുമാറും മുമ്പേ അയാളുടെ ശരീരമാകെ വ്രണം ബാധിച്ച് പൊട്ടിയൊലിച്ചു. ആരിലും അറപ്പുളവാക്കുമാറ് വിണ്ടുകീറി. കടുത്ത ദുര്‍ഗന്ധം കാരണം ബന്ധുക്കളുള്‍പ്പെടെ എല്ലാവരും അയാളെ തനിച്ചാക്കി മാറിനിന്നു. അവസാനം മൃതശരീരം പോലും തൊടാന്‍ ആരും തയാറായില്ല. മരക്കഷ്ണമെടുത്ത് തോണ്ടി കുഴിയിലേക്കിടുകയാണുണ്ടായത്. അന്നു തൊട്ടിന്നോളം ശാപവചനങ്ങള്‍ അയാളുടെ മേല്‍ പതിച്ചുകൊണ്ടേയിരിക്കുന്നു. ലോകാവസാനം വരെ അതു തുടരുക തന്നെ ചെയ്യും.

ഉമയ്യത്തിന്റെയും ബിലാബുബ്‌നു റബാഹിന്റെയും അനുഭവം ഏറെ ചോതോഹരമാണ്. ബിലാല്‍ ഉമയ്യത്തിന്റെ അടിമയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഉമയ്യത്ത് അദ്ദേഹത്തെ കഠിനമായി പീഡിപ്പിച്ചു. മര്‍ദനം സഹിച്ച് ശരീരം വേദനകൊണ്ട് പുളയുമ്പോഴും ബിലാല്‍ അകമേ ആഹ്ലാദിക്കുകയായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് പുളകം കൊള്ളുകയായിരുന്നു. നട്ടുച്ച നേരത്ത് അദ്ദേഹത്തെ ചുട്ടുപഴുത്ത മണലില്‍ കിടത്തി നെഞ്ചില്‍ കല്ല് കയറ്റി വെച്ച് ചാട്ടവാറുകൊണ്ട് അടിക്കുകയായിരുന്നു ഉമയ്യത്ത്. ബിലാല്‍ ചെറുചിരിയോടെ 'അല്ലാഹു ഏകന്‍' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തില്‍ വെച്ച് തന്റെ അടിമ ധിക്കാരം കാണിക്കുന്നത് അയാള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. മര്‍ദിച്ച് തളര്‍ന്നിട്ടും ബിലാലിനെ പിന്തിരിപ്പിക്കാനാവാതെ പ്രയാസപ്പെട്ട ഉമയ്യത്ത് അവസാനം ബിലാലിനോട് കെഞ്ചി: ''നീ എന്റെ അടിമയല്ലേ. എത്ര ആളുകളാണ് നോക്കിനില്‍ക്കുന്നത്. എന്നെ മാനക്കേടിലാക്കല്ലേ, മുഹമ്മദിനെ ഒന്ന് തള്ളിപ്പറയൂ.''

ഇവിടെ മര്‍ദകനായ യജമാനന്‍ മാനക്കേടിലും ആത്മനിന്ദയിലും. അടിമയായ മര്‍ദിതന്‍ ആത്മാഭിമാനത്തിലും ആത്മനിര്‍വൃതിയിലും! അവസാനം ഉമയ്യത്ത് അതേ ബിലാലിന്റെ കൈകളാല്‍ നിരാശനും ദുഃഖിതനും അപമാനിതനുമായി ബദ്‌റില്‍ വധിക്കപ്പെടുന്നു. ബിലാലോ ചരിത്രത്തിന്റെ അത്യുന്നത ചക്രവാളത്തിലേക്ക് പറന്നുയരുന്നു. മക്കാ വിജയവേളയില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി വിജയ പ്രഖ്യാപനം നടത്താന്‍ നബിതിരുമേനി തെരഞ്ഞെടുത്തത് ആ എത്യോപ്യന്‍ അടിമയെയായിരുന്നു.

ശത്രുക്കളുടെ കഠിന പീഡനമേറ്റ് കുരിശില്‍ കിടന്ന് പിടയുമ്പോഴും ഖുബൈബ്‌നു അദിയ്യ് പാടുകയായിരുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുസ്‌ലിമായി വധിക്കപ്പെടുമ്പോള്‍ അത് ഏതുരൂപത്തിലായാലും എനിക്കു പ്രശ്‌നമല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ ചിതറിത്തെറിക്കുന്ന ഓരോ അവയവത്തുണ്ടിനെയും അവന്‍ അനുഗ്രഹിക്കും.''

കൊടുംക്രൂരനായ ഹജ്ജാജ് ബ്‌നു യൂസുഫിന്റെ മര്‍ദനമേറ്റ് രക്തസാക്ഷികളായ മഹദ് വ്യക്തികളാണ് അബ്ദുല്ലാഹിബ്‌നുസ്സുബൈറും സഈദ്ബ്‌നു ജുബൈറുമെല്ലാം. കൊല്ലാനായി വാള്‍ തലക്കുമുകളിലേക്കുയര്‍ത്തിയപ്പോള്‍ സഈദ്ബ്‌നു ജുബൈര്‍ പുഞ്ചിരിച്ചു. കോപാന്ധനായ ഹജ്ജാജ് ചോദിച്ചു: ''നീ എന്തിനാണ് ചിരിക്കുന്നത്?'' സഈദ് പറഞ്ഞു: ''ഞാന്‍ ആഴത്തില്‍ ആലോചിച്ചപ്പോള്‍ താങ്കള്‍ അല്ലാഹുവോട് കാണിക്കുന്ന ധിക്കാരത്തെയും അല്ലാഹു താങ്കളോടു കാണിക്കുന്ന കാരുണ്യത്തെയും കുറിച്ചോര്‍ത്തു. അതെന്നെ അത്ഭുതപ്പെടുത്തി. അതിനാലാണ് ചിരിച്ചത്.''

കൊല്ലപ്പെടുമ്പോഴും ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നു സഈദ്ബ്‌നു ജുബൈര്‍. എന്നാല്‍ ഹജ്ജാജിന്റെ അന്ത്യമോ? അയാളുടെ കൈക്ക് കുരു ബാധിച്ചു. അതിവേഗം അത് ശരീരമാകെ പടര്‍ന്നു. അയാള്‍ കാളയെപ്പോലെ അലറുകയായിരുന്നു. അത്യന്തം അപമാനകരവും ദുരന്തപൂര്‍ണവുമായിരുന്നു അയാളുടെ അന്ത്യം. പിന്മുറക്കാരാല്‍ ഹജ്ജാജ് ആദരിക്കപ്പെട്ടതുമില്ല. അയാളാല്‍ വധിക്കപ്പെട്ട അബ്ദുല്ലാഹിബ്‌നുസ്സുബൈറും സഈദ്ബ്‌നുജുബൈറുമെല്ലാം നൂറ്റാണ്ടുകളിലൂടെ ജനകോടികളുടെ പ്രശംസയും പ്രാര്‍ഥനയും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു.

ഇന്നോളമുള്ള മനുഷ്യചരിത്രം ഇത്തരം അനുഭവങ്ങളുടെ ആവര്‍ത്തനമാണ്. ഏറെ മര്‍ദന പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ഹസ്രത്ത് ഹുസൈന്‍(റ), നാലു ഇമാമുകള്‍, ഇബ്‌നുത്തൈമിയ, ശൈഖ് അഹ്മദ് സര്‍ഹിന്ദി തുടങ്ങി ഉമര്‍ മുഖ്താര്‍, സഈദ് നൂര്‍സി, ശഹീദ് ഹസനുല്‍ ബന്ന, സയ്യിദ് ഖുത്വുബ് വരെയുള്ള മഹദ് വ്യക്തികളുടെയും അവരെ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തവരുടെയും അനുഭവങ്ങളിതിനു സാക്ഷിയാണ്.

നേടുന്നവരും നഷ്ടപ്പെടുത്തുന്നവരും

ഭൂമിയില്‍ പലരും ലക്ഷ്യം വെക്കുന്നത് പലതാണ്. കണക്കറ്റ പണമുണ്ടാക്കാനായി പണിയെടുക്കുന്നവരുണ്ട്. സ്ഥാനമാനങ്ങള്‍ക്കായി അധ്വാനിക്കുന്നവരുണ്ട്. പേരും പ്രശസ്തിയും ലക്ഷ്യം വെക്കുന്നവരുണ്ട്. അവസാന വിശകലനത്തില്‍ എല്ലാവര്‍ക്കും പരമാവധി കിട്ടുക ഒരൊറ്റ കാര്യമാണ്. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും സംതൃപ്തിയും. ധാരാളം ധനമുണ്ടാക്കിയ ആള്‍ സമാധാനിക്കുന്നു: തനിക്ക് കോടികളുടെ സ്വത്തുണ്ട്. നാലഞ്ച് തലമുറകള്‍ക്കുവേണ്ടത് താന്‍ സമ്പാദിച്ചിട്ടുണ്ട്. അധികാരവും സ്വാധീനവും പദവികളുമുള്ളവര്‍ ആശ്വസിക്കുന്നു: താന്‍ എല്ലാവരാലും അനുസരിക്കപ്പെടുകയും ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന നാട്ടിലെ നേതാവും ഭരണാധികാരിയുമാണ്. പേരും പ്രശസ്തിയുമുള്ളവര്‍ തങ്ങളെ അറിയാത്ത ആരുമില്ലെന്ന് കരുതി സംതൃപ്തി അടയുന്നു. ചുരുക്കത്തില്‍ ഏതൊരാള്‍ക്കും മനസ്സിന്റെ ഈ ഒരവസ്ഥയല്ലാതെ ഇവിടെ ഒന്നും നേടാനാവില്ല.

എന്നാല്‍ മനസ്സിന്റെ സമാധാനവും സ്വസ്ഥതയും സംതൃപ്തിയും ഏറ്റവും കൂടുതല്‍ കിട്ടുക ആര്‍ക്കാണ്? സംശയമില്ല; യഥാര്‍ഥ സത്യവിശ്വാസികള്‍ക്കാണ്. ശരീരവും ആരോഗ്യവും  ജീവനുമുള്‍പ്പെടെ തങ്ങളുടെ വശമുള്ളതൊന്നും തങ്ങളുടേതല്ലെന്നും അല്ലാഹുവിന്റേതാണെന്നും, അവന്‍ തിരിച്ചെടുക്കുന്ന എന്തിനും കൂടുതല്‍ മികച്ചതും മെച്ചപ്പെട്ടതും സ്ഥിരമായനുഭവിക്കാന്‍ മറുലോകത്ത് കിട്ടുമെന്നും അവരുറച്ചു വിശ്വസിക്കുന്നു. ഈ ആദര്‍ശത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുന്ന ഓരോ വിശ്വാസിയും അനുഭവിക്കുന്ന ആത്മനിര്‍വൃതിയും സംതൃപ്തിയും വിവരണാതീതമത്രെ.

അര്‍ബുദം ബാധിച്ച് ഇഞ്ചിഞ്ചായി മരിക്കുന്നതിനെക്കാളും കിഡ്‌നി കേടുവന്ന് ആഴ്ചയില്‍ രണ്ടും മൂന്നും തവണ ഡയാലിസിസിന് വിധേയനായി ജീവിച്ച് മരിക്കുന്നതിനെക്കാളും വാര്‍ധക്യത്തിന്റെ വിവശതയില്‍ ബെഡില്‍ നിന്ന് ടോയിലെറ്റിലേക്കുള്ള ദൂരം വലിയ ഭാരമായി അനുഭവപ്പെട്ട് ജീവിക്കുന്നതിനെക്കാളും എത്രയോ മഹത്തരവും സൗഭാഗ്യകരവുമാണ് രക്തസാക്ഷ്യമെന്ന് അവരറിയുന്നു. വധിക്കപ്പെടുന്ന അതേ നിമിഷം അല്ലാഹുവിന്റെ സന്നിധിയില്‍ ഇന്നോളമുള്ള മുഴുവന്‍ രക്തസാക്ഷികളോടുമൊപ്പം തന്റെ ആത്മാവും ചെന്നു ചേരുകയാണെന്ന വിശ്വാസം നല്‍കുന്ന ആശ്വാസവും സന്തോഷവും സംതൃപ്തിയും എല്ലാ സങ്കല്‍പങ്ങള്‍ക്കും അതീതമാണ്. അങ്ങനെ മര്‍ദിതരായ സത്യവിശ്വാസികള്‍ സംതൃപ്തിയോടെ ജീവിച്ച് സന്തോഷത്തോടെ മരിക്കുന്നു.

മരണ ശേഷം ഏതൊരാള്‍ക്കും ഭൂമിയില്‍ പരമാവധി ലഭിക്കുക സല്‍പേരും പിന്മുറക്കാരുടെ പ്രശംസയും പ്രാര്‍ഥനയും സ്‌നേഹാദരവുകളുമാണ്. അത് ഏറ്റം കൂടുതല്‍ കിട്ടുക  ത്യാഗം സഹിച്ച മര്‍ദിതരായ സത്യവിശ്വാസികള്‍ക്കാണെന്നതിന് ഇന്നോളമുള്ള മനുഷ്യചരിത്രം സാക്ഷ്യം വഹിക്കുന്നു. മരണ ശേഷം മറുലോകത്ത് ഏതൊരാള്‍ക്കും വേണ്ടത് അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവുമാണല്ലോ. അതിലും മികച്ച സ്ഥാനവും സൗഭാഗ്യവും ലഭിക്കുക സത്യമാര്‍ഗത്തിലെ രക്തസാക്ഷികള്‍ക്കും ത്യാഗികളായ മര്‍ദിതര്‍ക്കും തന്നെ.

മറുഭാഗത്ത് മര്‍ദകരോ, അവരെപ്പോഴും അസ്വസ്ഥരും കടുത്ത ഭീതിക്കും ഭയാശങ്കകള്‍ക്കും അടിപ്പെട്ടവരുമായിരിക്കും. ഭയവും ആശങ്കയുമാണല്ലോ മര്‍ദനത്തിന് അവരെ പ്രേരിപ്പിക്കുന്നത്. ജീവിതത്തില്‍ തീര്‍ത്തും നിര്‍ഭയരും സ്വസ്ഥരും സംതൃപ്തരും സമാധാനചിത്തരുമായ ആരും മറ്റൊരാളെ അക്രമിക്കുകയോ മര്‍ദിക്കുകയോ ഇല്ല. അതോടൊപ്പം ഒരു മര്‍ദകനെയും ചരിത്രം അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്തിട്ടില്ല. മരണത്തോടെ അവര്‍ അപമാനിതരും അഭിശപ്തരുമായി മാറുന്നതാണ് ഇന്നോളമുള്ള ചരിത്രാനുഭവം. പരലോകത്ത് അത്തരം അക്രമികളെയും മര്‍ദകരെയും കാത്തിരിക്കുന്നതാകട്ടെ ദൈവ കോപവും ശാപവും കടുത്ത ശിക്ഷയും. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍