Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

സംഘടനാ നേതൃത്വം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ഡോ. ഫത്ഹീയകന്‍ /പ്രസ്ഥാനം

         പ്രവര്‍ത്തനഭാരം സംഘടനയില്‍ ആക്ടീവായ ഏതാനും പ്രവര്‍ത്തകരില്‍ പരിമിതമാകുക, പുറത്ത് വലിയൊരു വിഭാഗം ഒരു ജോലിയുമില്ലാതിരിക്കുക എന്നത് സംഘടനകള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിഭാസമാണ്. കാലത്തിന്റെ മാറ്റത്തിനനുസൃതമായി മനുഷ്യരുടെ ചിന്തയിലും കാഴ്ചപ്പാടിലും പരിവര്‍ത്തനങ്ങളുണ്ടാകും. ഇതില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തനിക്ക് പ്രത്യേകിച്ച് വളര്‍ച്ചയോ നേട്ടമോ ഉണ്ടാകുന്നില്ല എന്ന ബോധം പ്രബോധനസരണിയില്‍ നിന്ന് പ്രവര്‍ത്തകര്‍ വഴിമാറുന്നതിന് ഇടവരുത്തും. മാത്രമല്ല, എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഭാരം ചുരുക്കം ചിലര്‍ വഹിക്കേണ്ട അവസ്ഥയും വരും. ഇത് ശാസ്ത്രീയമായി പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന് തടസ്സമാവുകയും പ്രവര്‍ത്തകരില്‍ മടുപ്പുളവാക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

അണികളുടെ ശേഷികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നിടത്താണ് സംഘടന വിജയിക്കുന്നത്. പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തമായ കഴിവുകളും അഭിരുചികളും ശേഷികളുമുള്ളവരുണ്ടാകും. ഇതെല്ലാം സംഘടനക്ക് മുതല്‍ക്കൂട്ടാക്കിയെടുക്കണമെങ്കില്‍ അവര്‍ക്കിണങ്ങുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഓരോ മേഖലയിലും ഇസ്‌ലാമിന്റെ സമുന്നത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എപ്രകാരം പ്രവര്‍ത്തിക്കാം എന്നതിന് മാര്‍ഗരേഖ വരച്ചുകൊടുക്കാന്‍ സംഘടനക്ക് കഴിയുകയും വേണം.

ഈ സംഘടന തന്റേതാണ്, തനിക്ക് സംഘടനയില്‍ ഇന്ന ഉത്തരവാദിത്തവും സ്ഥാനവുമുണ്ടെന്ന് ഓരോ പ്രവര്‍ത്തകനും അനുഭവപ്പെടേണ്ടതുണ്ട്. സംഘടനയിലെ ഓരോ അംഗവും സജീവ പ്രവര്‍ത്തകനായി മാറാന്‍ ഇത് അനിവാര്യമാണ്. നിപുണനായ ഒരു നിര്‍മാതാവ് കെട്ടിടം പടുത്തുയര്‍ത്തുമ്പോള്‍ തന്റെ മുമ്പിലുള്ള ചെറുതും വലുതുമായ കല്ലുകളും ഇഷ്ടികകളും എപ്രകാരം മനോഹരമായി അടുക്കിവെക്കുന്നുവോ അതുപോലെ സംഘടനയിലെ വ്യത്യസ്ത അംഗങ്ങളുടെ ശേഷികളെ ഫലപ്രദമായും മനോഹരമായും ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയണം.

ചില വ്യക്തികള്‍ തങ്ങളുടെ വിദ്യാര്‍ഥി ജീവിതത്തിലും യുവത്വത്തിലും സംഘടനയുടെ വിജയത്തിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കും. എന്നാല്‍ കാലം മുമ്പോട്ടുനീങ്ങുമ്പോള്‍ ഒഴിവുസമയങ്ങള്‍ കുറഞ്ഞുവരുകയും വ്യത്യസ്ത ജോലികളില്‍ മുഴുകേണ്ടതായി വരികയും ചെയ്യുന്നു. കുടുംബത്തിന്റെ ഭാരമോ സുപ്രധാനമായ മറ്റു ചുമതലകളോ വഹിക്കേണ്ട അവസ്ഥ വരുന്നു. അവന്റെ തിരക്കുകള്‍ കാരണമോ, അവന്റെ അവസ്ഥക്കനുസൃതമായ ജോലികള്‍ നല്‍കുന്നതിന് സംഘടനക്ക് കഴിയാതെ വരുന്നതുമൂലമോ അവനും സംഘടനയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുന്നു. അവന്റെ ഒഴിവും സമയവും ഉപയോഗപ്പെടുത്തുന്നതില്‍ സംഘടനയും സംഘടനയില്‍ തന്റെ പ്രവര്‍ത്തനമണ്ഡലം കണ്ടെത്തുന്നതില്‍ അവനും പരാജയപ്പെടുന്നതോടെ സംഘടനയില്‍ നിന്നകന്ന്, വൃത്തത്തില്‍ നിന്ന് അവന്‍ പുറത്ത് പോവുക വരെ ചെയ്യുന്നു. പിന്നീട് സംഘടനയുമായുള്ള അവന്റെ ബന്ധം കുറേ സുന്ദര സ്മരണകള്‍ മാത്രമായി അവശേഷിക്കുന്നു.

തീരുമാനമെടുക്കുന്നതിലെ കാലതാമസം

സാധാരണഗതിയില്‍ ഏതൊരു സംഘടനയും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. ചില പ്രശ്‌നങ്ങള്‍ ഒരു തീരുമാനമെടുക്കുന്നതോടെ പരിഹരിക്കാന്‍ കഴിയും, ചില പ്രശ്‌നങ്ങളില്‍ നേതൃത്വം നേരിട്ട് ഇടപെട്ട് പരിഹരിക്കേണ്ടിവരും. എല്ലാ സംഘടനകള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ണിതമായ മാര്‍ഗങ്ങളും ശൈലികളും ഉണ്ടാകും. സംഘടനയുടെ ഗമനം വ്യവസ്ഥാപിതവും അന്തരീക്ഷം സമാധാനപൂര്‍ണവുമാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാന്‍ കാലതാമസം നേരിടുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനും ചിലപ്പോള്‍ അപരിഹാര്യമായി തുടരാനും ഇടവരുത്തും. പ്രശ്‌നപരിഹാരത്തിന് കാലതാമസവുമെടുക്കുന്നതോടെ നിരവധി പുതിയ പ്രശ്‌നങ്ങള്‍ കുന്നുകൂടുകയും അവ സങ്കീര്‍ണമാവുകയും തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യും.

നിസ്സാരമായ കാര്യങ്ങളായിരിക്കും മിക്ക പ്രശ്‌നങ്ങളുടെയും മൂലഹേതു. അവ കണ്ടില്ലെന്നു നടിച്ചാല്‍ അവയുടെ വലുപ്പം കൂടിവരും. തുടര്‍ന്ന് ഒട്ടനവധി പ്രശ്‌നങ്ങള്‍ ഉടലെടുത്തുകൊണ്ടിരിക്കുകയും ചെയ്യും. മിക്ക പ്രശ്‌നങ്ങളും ഒരു സംസാരം കൊണ്ടോ, തീരുമാനം മൂലമോ, സന്ദര്‍ശനം കൊണ്ടോ, ക്ഷമാപണം കൊണ്ടോ, ഉപദേശം മൂലമോ, സമവായത്തിലൂടെയോ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ അവ അവഗണിക്കുകയോ നീട്ടിവെക്കുകയോ ചെയ്യുന്നതുമൂലം പിന്നീട് അവ പരിഹരിക്കാന്‍ സംഘടന വലിയ സമയവും അധ്വാനവും ചെലവഴിക്കേണ്ടിവരും. ചിലപ്പോളത് വിജയം കണ്ടേക്കാം, മറ്റു ചിലപ്പോള്‍ വിജയം കണ്ടില്ലെന്നും വരാം.

ഒരു പ്രദേശത്ത് സംഘടനയുടെ ചുമതല ഏല്‍പിക്കപ്പെട്ട ഒരു സഹോദരനുണ്ടായ ദുരനുഭവം ഓര്‍ക്കുകയാണ്. ശരീഅത്തിന് വിരുദ്ധമായ ഒരു പ്രവൃത്തി ഒരു പ്രവര്‍ത്തകനില്‍ നിന്നുണ്ടായതായി അദ്ദേഹത്തിന്  റിപ്പോര്‍ട്ട് കിട്ടി. മുളയിലേ നുള്ളിക്കളഞ്ഞിരുന്നെങ്കില്‍ അത് അവിടം കൊണ്ട് അവസാനിക്കുമായിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ അവധാനത മൂലം സഹോദരനില്‍ നിന്ന് ആ വീഴ്ച ആവര്‍ത്തിക്കുകയും പ്രശ്‌നം വഷളാവുകയും ചെയ്തു. മാത്രമല്ല, വിഷയം പരസ്യമായി; എങ്ങും സംസാരവിഷയമായി. പ്രശ്‌നം സങ്കീര്‍ണമായതിനെ തുടര്‍ന്നു സംഘടനയിലെ ഒന്നിലധികം സംവിധാനങ്ങളും നിരവധി നേതാക്കളും അതിലിടപെടേണ്ടി വന്നു. കമ്മിറ്റികള്‍ ഉണ്ടാക്കി, അന്വേഷണം നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യേണ്ടിവന്നു. അതിനെ തുടര്‍ന്ന് സംഘടനയില്‍ ആഭ്യന്തരമായി ഒട്ടനവധി പ്രശ്‌നങ്ങള്‍ തലപൊക്കി. പുറത്ത് സംഘടനയുടെ ഇമേജ് കളങ്കപ്പെടാനും അത് കാരണമായി.

പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെട്ട് തീരുമാനമെടുക്കുന്നതും പരിഹാരം കണ്ടെത്തുന്നതും പ്രയാസങ്ങള്‍ ലഘൂകരിക്കാനും നിരവധി ആഭ്യന്തര പ്രശ്‌നങ്ങള്‍ തരണം ചെയ്യാനും സംഘടനയെ പ്രാപ്തമാക്കും. അല്ലാത്ത പക്ഷം സംഘടനക്ക് പ്രവര്‍ത്തകരെ നഷ്ടപ്പെടാനും സംഘടനയുടെ എതിര്‍പക്ഷത്ത് നിലകൊണ്ട് സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരായി അവര്‍ മാറാനും കാരണമാകും. പ്രശ്‌നങ്ങളില്‍ ഇടപെട്ട് പെട്ടെന്ന് തീരുമാനമെടുക്കുന്നതിന് തടസ്സമാകുന്ന ചില കാര്യങ്ങള്‍:

 കാര്യങ്ങളില്‍ ഇടപെട്ട് ഉചിതമായ തീരുമാനമെടുക്കാനുള്ള കഴിവ് നേതൃത്വത്തിന് ഇല്ലാതിരിക്കുക.

 എല്ലാ കാര്യങ്ങളും സംഘടനയുടെ നിശ്ചിത സംവിധാനത്തിലൂടെ കടന്നുപോകണം എന്ന കര്‍ക്കശമായ സംഘടനാ വ്യവസ്ഥ. അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ക്ക് ഇതില്‍ ഇടപെടാന്‍ കഴിയാതെ വരുന്നു.

 നേതൃത്വത്തിന്റെ വിശാലവീക്ഷണമില്ലായ്മയും വ്യത്യസ്ത പ്രശ്‌നങ്ങള്‍ ഒരേ സമയം കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മയും.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍