ചെറിയൊരു ഷോക്ക് ചികിത്സ മാത്രം
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി ജയിച്ച സംസ്ഥാനങ്ങളിലും കഴിഞ്ഞ ഏതാനും കാലമായി കൈവശം വെച്ച സംസ്ഥാനങ്ങളിലുമായി 18 ഉപതെരഞ്ഞെടുപ്പുകളാണ് ബി.ജെ.പി ആഗസ്റ്റ് അവസാന വാരം നേരിട്ടത്. നരേന്ദ്ര മോദിയുടെ മാന്ത്രിക പ്രഭാവത്തിന്റെ തണലിലാണ് ലോക്‌സഭ പിടിച്ചടക്കിയതെന്ന് അവകാശപ്പെട്ടിരുന്ന പാര്‍ട്ടിക്കു പക്ഷേ വലിയ ഉത്സാഹമൊന്നും ഇക്കുറി കാണാനുണ്ടായിരുന്നില്ല. ഒന്നുകില്‍ മോദി പ്രഭാവം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഈ ഉപതെരഞ്ഞെടുപ്പുകളും നിഷ്പ്രയാസം ജയിച്ചു കയറുമെന്നും പാര്‍ട്ടി വിലയിരുത്തി. അല്ലെങ്കില്‍ എതിരാളികള്‍ തമ്മിലടിക്കുന്നിടത്താണ് സ്വന്തം വിജയമെന്ന തിരിച്ചറിവ് ഉള്‍ക്കൊണ്ട് മിണ്ടാതിരുന്നു. 10 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കണ്ടതേയില്ല. സംസ്ഥാനത്തെ മോദിയായ സുശീല്‍ കുമാറിനെ ഇറക്കിയാണ് ലാലുവിനെയും നിധീഷിനെയും ബി.ജെ.പി നേരിട്ടത്. തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ഷാനവാസ് ഹുസൈനും ഉപേന്ദ്ര കുശവാഹയും സുശീല്‍ കുമാറും ചേര്‍ന്ന് എല്ലാം 'സംസ്ഥാന നേതാക്കളുടെ പിഴ'യെന്നും കേന്ദ്ര നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും ആണയിട്ടു പറഞ്ഞു. ഒരുതരം രക്ഷപ്പെടുത്തലായിരുന്നു അത്. ലാലുവും നിധീഷും കോണ്‍ഗ്രസും ഒന്നിക്കുന്നിടത്ത് സ്വാഭാവികമായും നരേന്ദ്ര മോദിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. മൂവരും ചേരുമ്പോള്‍ ബിഹാറിലെ മൊത്തം വോട്ടുകളുടെ 46 ശതമാനം ഈ മുന്നണി നേടുന്നുവെന്നാണ് കണക്ക്. മറുഭാഗത്ത് ബി.ജെ.പി ലോക് ജന്‍ശക്തി, ലോക് താന്ത്രിക് സമതാ പാര്‍ട്ടി എന്നിവര്‍ ചേരുന്ന എന്‍.ഡി.എക്ക് 39 ശതമാനം വോട്ടേ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കണക്കനുസരിച്ച് പോലും കിട്ടുമായിരുന്നുള്ളൂ.
ബിഹാറിലെ ബി.ജെ.പിയുടെ പരാജയം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് മറ്റാരേക്കാളും ദേശീയ മതേതര പാര്‍ട്ടികളെ തന്നെയാണ്. 2010-ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആറിടത്തും ലോക്‌സഭാ കണക്കുകളനുസരിച്ച് ഒമ്പതിടത്തും ജയിച്ച സീറ്റുകളിലായിരുന്നു ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. മൊഹനിയയിലെ ഒരേയൊരു സീറ്റാണ് ബി.ജെ.പിയുടേതല്ലാതായി ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. ആ സീറ്റ് ബി.ജെ.പി ഇത്തവണ പിടിച്ചടക്കിയപ്പോള്‍ സ്വന്തം സീറ്റുകളില്‍ അഞ്ചെണ്ണം അടിയറ വെക്കേണ്ടിവന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ച ബാഹോരിബണ്ട് എന്ന ഏക സീറ്റിലുമുണ്ട് മതേതര ശക്തികള്‍ അടിസ്ഥാന യാഥാര്‍ഥ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ മാറ്റം. ബി.എസ്.പിയും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നടന്ന ത്രികോണ മത്സരമായിരുന്നു 2013-ല്‍ ഈ അസംബ്ലി സീറ്റ് ബി.ജെ.പിക്ക് ലഭിക്കാന്‍ വഴിയൊരുക്കിയത്. ബി.എസ്.പി വിട്ട് കോണ്‍ഗ്രസ്സിലെത്തിയ സൗരഭ് സിംഗ് ആ അര്‍ഥത്തില്‍ മതേതര വോട്ടുകളുടെ പിളര്‍പ്പ് ഇല്ലാതാക്കാന്‍ ഇക്കുറി സഹായിച്ചതോടെ ബി.ജെ.പിക്ക് മധ്യപ്രദേശിലെ അഭിമാന തട്ടകത്തില്‍ കാലിടറുകയായിരുന്നു. ബി.ജെ.പിയില്‍ നിന്ന് യെദിയൂരപ്പ പിളര്‍ന്നതാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന് വഴിയൊരുക്കിയതെന്ന പ്രചാരണവും പാളി. യെദിയൂരപ്പക്ക് പരമ്പരാഗത മണ്ഡലമായ ശിക്കാരിപുരയില്‍ മകനെ കഷ്ടിച്ച് ജയിപ്പിക്കാനായപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത വിശ്വസ്തരായ ശ്രീരാമുലുവിന്റെയും ശോഭാ കരന്ത്‌ലാജെയുടെയും തട്ടകമായിരുന്ന ബെല്ലാരിയില്‍ ബി.ജെ.പി മൂക്കുകുത്തി വീണു. ചിക്കോടി സീറ്റിലും കോണ്‍ഗ്രസാണ് വിജയിച്ചത്.
മതേതരത്വവും ഫാഷിസവും നേര്‍ക്കു നേരെ ഏറ്റുമുട്ടിയാല്‍ എന്താണ് രാജ്യത്ത് സംഭവിക്കുക എന്നതിന്റെ വ്യക്തമായ സൂചന ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെറും 31 ശതമാനം വോട്ട് നേടിയ ബി.ജെ.പിക്ക് പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടാനായത് ശേഷിച്ച 69 ശതമാനം വോട്ട് അര ഡസന്‍ പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടപ്പോഴായിരുന്നു. യു.പിയില്‍ ബി.ജെ.പിക്ക് ലഭിച്ച 72 സീറ്റുകളുടെ മറുപക്ഷത്ത് മുസഫര്‍ നഗര്‍ കലാപവും, തകര്‍ന്നടിഞ്ഞ മായാവതിക്ക് നേരിട്ട ദുരന്തവും കാണാതിരിക്കാനാവില്ല. മിക്ക സീറ്റുകളിലും കനത്ത പോരാട്ടം കാഴ്ച വെച്ച ബി.എസ്.പിക്ക് ഒരു കൈതാങ്ങ് കിട്ടിയിരുന്നുവെങ്കില്‍ ഇതാകുമായിരുന്നില്ല ചിത്രം. മതേതര വോട്ടുകള്‍ ചിതറുമെന്ന് വ്യക്തമായിട്ടും തന്‍പോരിമയുമായി മുലായവും മായാവതിയും കോണ്‍ഗ്രസും സംസ്ഥാനത്ത് ജനവിരുദ്ധമായ രാഷ്ട്രീയം കളിച്ചതിന്റെ കൂടി ദുരന്തഫലമായിരുന്നു അത്. ബിഹാറില്‍ തിരുത്തിയെഴുതാന്‍ കഴിഞ്ഞത് ഇതേ സാഹചര്യമായിരുന്നു. പാസ്വാനെയെങ്കിലും ലാലു-കോണ്‍ഗ്രസ് സഖ്യം ഒപ്പം നിര്‍ത്തിയിരുന്നുവെങ്കില്‍ 16 സീറ്റിലെങ്കിലും മതേതര ശക്തികള്‍ ബിഹാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കുമായിരുന്നു. മുലായമും മായാവതിയുമാണ് യു.പിയില്‍ ഒപ്പം നില്‍ക്കേണ്ടതെങ്കിലും ഇത്തരമൊരു തിരുത്ത് ഈ സംസ്ഥാനത്ത് അസാധ്യമാണ്. ഇരുവരും ചേര്‍ന്നാല്‍ പോലും ബി.ജെ.പിയുടേതിനേക്കാള്‍ നേരിയ ഒരു ശതമാനം വോട്ടിന്റെ കുറവാണ് ഈ മുന്നണിക്ക് ഇപ്പോഴുള്ളത്. നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാനായാല്‍ മാത്രമാണ് ഈ മുന്നണി ജയസാധ്യതയുള്ളതായി മാറുക. കോണ്‍ഗ്രസിന് ഒന്നുകില്‍ ബി.എസ്.പിയുമായോ അല്ലെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയുമായോ മാത്രമാണ് ഇപ്പോഴത്തെ അവസ്ഥയില്‍ യു.പിയില്‍ മുന്നണി രൂപീകരിക്കാനാവുക. അതുകൊണ്ട് കാര്യമായ ഒരു മാറ്റവും ഉണ്ടാവാനുമിടയില്ല. മുലായം സിംഗിനെ അംഗീകരിക്കാന്‍ പോലും മറ്റുള്ളവര്‍ തയാറല്ലാത്ത ചിത്രമാണ് ഇന്ന് ഉത്തര്‍പ്രദേശിലുള്ളത്. 1993-95 കാലത്ത് പിന്തുണ തന്ന മായാവതിയെ ചതിച്ച മുലായം പിന്നീടിങ്ങോട്ട് രാഷ്ട്രീയ വഞ്ചനകളുടെ ഒരു പടുകൂറ്റന്‍ വിഴുപ്പ് ഭാണ്ഡവും ചുമന്നാണ് ഇപ്പോള്‍ മുന്നണി ബന്ധങ്ങളെ കുറിച്ച് വാചാലനാകുന്നത്. യു.പിയില്‍ ബിഹാര്‍ ആവര്‍ത്തിക്കാനാവില്ലെന്ന് പറയുന്നതിന്റെ കാരണവും ഇതു തന്നെ.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ അപ്രതീക്ഷിത വിജയത്തിന്റെ അടിസ്ഥാനം മാധ്യമങ്ങള്‍ വഴിവിട്ടു നല്‍കിയ പിന്തുണയായിരുന്നു. കേവലം രണ്ടു മാസം കൊണ്ട് ബിഹാറിലെ ജനതക്ക് നേടാനായ ആ തിരിച്ചറിവ് പക്ഷേ മറ്റു സംസ്ഥാനങ്ങളില്‍ അത്രയൊന്നും എളുപ്പമല്ല.
Comments