ശരീഅത്തിന്റെ മൗലിക സവിശേഷത
ശരീഅത്തിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അത് മനുഷ്യന്റെ മനസ്സാക്ഷിയുമായി ബന്ധിപ്പിച്ച നിലയിലാണ് നാം കണ്ടെത്തുക. അധികാരി വര്‍ഗവുമായോ നിയമനിര്‍വഹണ സ്ഥാപനങ്ങളുമായോ കോടതികളുമായോ അല്ല അതിന്റെ യഥാര്‍ഥ ബന്ധം. അതൊക്കെയും കാര്യനിര്‍വഹണത്തിനുള്ള സംവിധാനങ്ങള്‍ മാത്രമാണ്. നിയമവിധികളുമായല്ല, ജനങ്ങളുടെ പ്രശ്‌നങ്ങളുമായാണ് ശരീഅത്തിന് കൂടുതല്‍ ബന്ധമുള്ളത്. ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിലും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലുമാണ് അത് ഊന്നുന്നത്. ജനങ്ങളെ നിരന്തരം നിരീക്ഷിക്കുകയും അവരുടെ സ്വകാര്യ ജീവിതത്തില്‍ വരെ കൈകടത്തിക്കൊണ്ടിരിക്കുകയും ചെയ്യുക ശരീഅത്തിന്റെ രീതിയല്ല. ഇസ്‌ലാമിലെ ശിക്ഷാവിധികള്‍ പരിശോധിച്ചു നോക്കുക. അവ എണ്ണത്തില്‍ വളരെ കുറവാണ്. എന്നാല്‍, കുറ്റകൃത്യങ്ങളാവട്ടെ അവയേക്കാള്‍ എത്രയോ കൂടുതലുണ്ട്. എല്ലാ കുറ്റങ്ങള്‍ക്കും ഇഹലോകത്ത് ശിക്ഷ നിശ്ചയിച്ചിട്ടില്ല എന്നാണല്ലോ അതിനര്‍ഥം. പല കുറ്റങ്ങള്‍ക്കും പ്രായശ്ചിത്ത(കഫ്ഫാറാത്ത്)മാണ് ശരീഅത്ത് പ്രതിവിധിയായി നിര്‍ണയിച്ചിരിക്കുന്നത്. അപ്പോള്‍, തെറ്റ് ചെയ്താല്‍ പശ്ചാത്തപിക്കാനും അങ്ങനെ മനസ്സിനെ ശുദ്ധീകരിക്കാനും അവസരം നല്‍കുകയാണ് ശരീഅത്ത് ചെയ്യുക. സമൂഹത്തെ സ്ഫുടം ചെയ്‌തെടുക്കുന്നതിന് വേറെയും രീതികള്‍ ആവിഷ്‌കരിച്ചതായി കാണാം. അതിനാല്‍ ശരീഅത്ത് ഭരണപരം/ഔപചാരികം എന്നതിനേക്കാള്‍ ഉപരി മനസ്സാക്ഷി കേന്ദ്രീകൃതമായ ഒന്നാണ്. വളരെ അത്യാവശ്യ ഘട്ടത്തിലേ മനുഷ്യന്റെ വ്യക്തിജീവിതത്തില്‍ അത് ഇടപെടൂ; അപ്പോഴും പരിധികള്‍ ഒട്ടും ലംഘിക്കുകയില്ല.
ഭൂമിയില്‍ ദൈവപ്രതിനിധിയെന്ന നിലക്കുള്ള മനുഷ്യന്റെ താല്‍പര്യ സംരക്ഷണം. ഇതാണ് ഒറ്റവാക്കില്‍ ശരീഅത്ത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, അത് നീതിയും ന്യായവും സ്ഥാപിക്കലും, സാമൂഹികവും ചിന്താപരവുമായ ഉല്‍ക്കര്‍ഷം ഉറപ്പ് വരുത്തലും, സമൂഹത്തിലെ ഓരോ വ്യക്തിക്കും മനസ്സമാധാനം പകര്‍ന്നുനല്‍കലുമാണ്. അപ്പോള്‍ മനുഷ്യപ്രവൃത്തിയില്‍ ദൈവഹിതം (ത്വാഅത്ത്) ഉള്‍ച്ചേരുമ്പോഴാണ് അതൊരു ശരീഅത്തനുസൃത പ്രവൃത്തിയായി മാറുന്നത്. ആ പ്രവൃത്തിയില്‍ ദൈവഹിതം ഇല്ലെങ്കില്‍ അത് ശരീഅത്തിന്റെ പരിധിയില്‍ നിന്നും അങ്ങനെ ദൈവദത്ത 'ഫിത്വ്‌റ'യില്‍നിന്നും പുറത്തായതായി വിലയിരുത്തും.
ഈ നിര്‍ണിത പാതയിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ ദൈവപ്രീതി നേടുക മാത്രമല്ല ചെയ്യുന്നത്. ഈ മനുഷ്യന്റെ ജീവിതം മറ്റുള്ളവര്‍ കാണും. ഇത് വളരെ മാതൃകാ യോഗ്യവും ദൈവപ്രോക്തവുമാണല്ലോ എന്ന് മനസ്സിലാക്കി അവരും അയാളുടെ ജീവിതം അനുകരിക്കും. അങ്ങനെ ജനങ്ങള്‍ക്കും അയാള്‍ പ്രിയങ്കരനായിത്തീരുന്നു. നീതിപുലരുകയും അവകാശങ്ങള്‍ ലഭ്യമാവുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് അത് പ്രേരണയായിത്തീരുകയും ചെയ്യുന്നു.
സത്യത്തിന്റെയും നീതിയുടെയും യഥാര്‍ഥ കാവല്‍ക്കാരന്‍ ആരാണ്? അത് നിയമസംഹിതകളോ കോടതികളോ ഒന്നുമല്ല. നീതിയുടെ കാവല്‍ക്കാരന്‍ ഓരോ മനുഷ്യനുമാണ്. അങ്ങനെയാണ് ഇസ്‌ലാം അനുശാസിച്ചിരിക്കുന്നത്. ഒരു പ്രശ്‌നത്തില്‍ നിയമസംവിധാനങ്ങള്‍ തനിക്കനുകൂലമായി വിധിച്ചിട്ടുണ്ടെങ്കിലും, അത് തന്റെ സഹോദരന് നീതി നിഷേധിക്കപ്പെടാന്‍ കാരണമാകുന്നുണ്ടോ എന്ന് ഓരോരുത്തരും ആലോചിക്കണം. ഫ്രഞ്ച് തത്ത്വചിന്തകനായ ലൂയിസ് മേയോ ഇസ്‌ലാമും ഇതര ദര്‍ശനങ്ങളും തമ്മിലുള്ള ഈ വ്യത്യാസം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഇതാണ്: ''പാശ്ചാത്യദര്‍ശനം സമത്വത്തിലാണ് ഊന്നുന്നത്; ഇസ്‌ലാമാകട്ടെ നീതിയുടെ സാക്ഷാത്കാരത്തിലും. എല്ലാവരിലും നിയമം ഒരേപോലെ നടപ്പാക്കുകയാണ് സമത്വം കൊണ്ട് പാശ്ചാത്യര്‍ ഉദ്ദേശിക്കുന്നത്. ആ നിയമത്തിന്റെ സ്വഭാവമെന്ത്, ഓരോ നാടിന്റെയും അവസ്ഥകളെന്ത് എന്നൊന്നും നോക്കേണ്ടതില്ല. ശരീഅത്താകട്ടെ നീതിയും ന്യായവും പുലരുന്നുണ്ടോ എന്നാണ് നോക്കുന്നത്. ഏതു നിയമമാണെങ്കിലും, അതുകൊണ്ട് നീതി പുലരുന്നില്ലെങ്കില്‍, ശരീഅത്ത് അതിനെ അംഗീകരിക്കുകയില്ല.'' 'നമ്മുടെ കാര്യം ഉള്‍ച്ചേര്‍ന്നിട്ടില്ലാത്ത ഏത് പ്രവൃത്തിയും തള്ളപ്പെടേണ്ടതാണ്' എന്ന പ്രവാചക വചനത്തിന്റെ പൊരുളും മറ്റൊന്നല്ല. അപ്പോള്‍ ഒരു രാഷ്ട്രത്തിനോ അതിന്റെ സ്ഥാപനങ്ങള്‍ക്കോ നിയമവ്യവസ്ഥ പുലരുന്നു എന്ന് അവകാശപ്പെടണമെങ്കില്‍, നീതിയും സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും ഓരോ പൗരനും ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടിവരും.
ഇവിടെയാണ് നീതിന്യായത്തിന് രണ്ട് തലങ്ങളുണ്ടെന്ന് മുസ്‌ലിം നിയമജ്ഞര്‍ പറയുന്നതിന്റെ പ്രസക്തി. നിയമതലവും മത/ആധ്യാത്മിക തലവുമാണവ. ജഡ്ജി ഒരു വിധി പ്രസ്താവിക്കുന്നു. നിയമപരമായി ആ വിധി നടപ്പാക്കിയേ മതിയാവൂ. അനുകൂലവിധി സമ്പാദിച്ചവന് അതനുസരിച്ച് കാര്യങ്ങള്‍ നീക്കുകയും ചെയ്യാം. എന്നാല്‍, ആ വിധി ഒരുപക്ഷേ, അവന്റെ മതബോധവുമായി ചേര്‍ന്നുപോകാത്ത ഒന്നായിരിക്കും. കാരണം സംഭവ യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമായാണ് ആ വിധി വന്നിരിക്കുന്നത്. എങ്കിലത് സ്വീകരിക്കുന്നത് അനുകൂല വിധി സമ്പാദിച്ചവനെ സംബന്ധിച്ചേടത്തോളം ശരീഅത്തിന് നിരക്കാത്ത നിലപാടാണ്. വിധിയും സംഭവ യാഥാര്‍ഥ്യങ്ങളും ഒത്തുവരുമ്പോള്‍ മാത്രമേ നിയമസാധുതയോടൊപ്പം അതിന് മതകീയ സാധുതയും കൈവരൂ. ഇതിന് അടിസ്ഥാനം ഈ പ്രവാചക വചനമാണ്: ''ഞാനൊരു മനുഷ്യന്‍ മാത്രമാണ്. നിങ്ങള്‍ എന്റെ അടുത്തേക്ക് തര്‍ക്കങ്ങളുമായി വരുന്നു. കൃത്രിമം വല്ലതും കാട്ടി നിങ്ങളിലൊരാള്‍ എതിര്‍കക്ഷിയുടെ തെളിവ് നശിപ്പിച്ചിരിക്കാം. എന്നിട്ടയാള്‍ക്ക് അനുകൂലമായി ഞാന്‍ വിധിക്കുകയും ചെയ്തിട്ടുണ്ടാവാം. അയാള്‍ മനസ്സിലാക്കണം, ഞാനയാള്‍ക്ക് വിധിച്ച് നല്‍കുന്നത് നരകത്തിന്റെ ഒരു കഷ്ണമാണെന്ന്. അയാളത് എടുക്കുകയോ ഒഴിവാക്കുകയോ എന്തു വേണമെങ്കിലും ചെയ്യട്ടെ.''
ഇമാം ശാത്വിബിയാണ് ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച് വിശദമായി ഉപന്യസിച്ച പണ്ഡിതന്‍ എന്ന് സൂചിപ്പിച്ചുവല്ലോ. അദ്ദേഹം ഈ സമുന്നത ലക്ഷ്യങ്ങളെ രണ്ടായി തിരിക്കുന്നു. ഒന്ന്, നിയമദാതാവിന്റെ (ശാരിഅ്-അല്ലാഹു) ലക്ഷ്യവുമായി ബന്ധപ്പെട്ടത്. അതാണ് ഏറ്റവും മൗലികമായിട്ടുള്ളത്. ബാക്കിയൊക്കെ അതിന്റെ വിശദാംശങ്ങളാണ്. മനുഷ്യരുടെ ഐഹികവും പാരത്രികവുമായ താല്‍പര്യ സംരക്ഷണം എന്ന് ഇതിനെ ഒറ്റവാക്യത്തില്‍ സംഗ്രഹിക്കാം. കല്‍പന ഏറ്റെടുക്കാന്‍ ബാധ്യസ്ഥനായ (മുകല്ലഫ്) മനുഷ്യന്റെ ലക്ഷ്യവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ഓരോ പ്രവൃത്തിയും ഉദ്ദേശ്യശുദ്ധിയോടെ ആയിരിക്കുക, അത് ദൈവഹിതത്തിനൊത്താവുക എന്നതാണ് ആ ലക്ഷ്യം. ആ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്; ആരും അതിന്റെ വൃത്തത്തിന് പുറത്തല്ല. ഓരോ നിയമവിധിയുടെയും കാരണങ്ങള്‍ ഗ്രഹിച്ചിരിക്കുക, പ്രവാചകചര്യ മുറുകെപിടിക്കുക, പുത്തനാചാരങ്ങള്‍ കൈവെടിയുക പോലുള്ള കാര്യങ്ങളും ശ്രദ്ധിക്കണം.
(തുടരും)
Comments