ചരിത്രത്തിലെ കാവിയും <br>കാവിയുടെ ദൃശ്യാധിനിവേശവും
അതിദേശീയതയുടെ പ്രത്യയശാസ്ത്ര ബന്ധിതമായ ആഖ്യാനങ്ങളിലൂടെ ഹിന്ദുത്വത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുകയും അത് പിന്നീട് പൊതു-സ്വകാര്യ തലങ്ങളില്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആര്‍.എസ്.എസ്സിന്റെ ഒരു പ്രധാന സാംസ്‌കാരിക അജണ്ട എന്ന് പ്രമുഖ ചരിത്രകാരനായ ബിപന്‍ ചന്ദ്ര അഭിപ്രായപ്പെടുന്നു.1 അതുകൊണ്ട് തന്നെ ഹിന്ദുത്വത്തിന്റെ ചരിത്ര രചനാ താല്‍പര്യങ്ങളെ ഹിന്ദുത്വത്തിന്റെ വര്‍ത്തമാന രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ല. 'ഹിന്ദുത്വം' എന്നത് വെറുമൊരു വാക്കല്ലെന്നും അത് ഹിന്ദുവിന്റെ 'ചരിത്ര'മാണെന്നും ആ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ഹിന്ദുത്വം ഒരു സാമ്രാജ്യത്വ ശക്തിയായി മാറേണ്ടതാണെന്നും പ്രഖ്യാപിച്ച വീര്‍ സവര്‍ക്കറിലൂടെയാണ് ഈ അതി-തീവ്ര രാഷ്ട്രത്തിന്റെ ചരിത്രാഖ്യാനങ്ങള്‍ ഇന്ത്യയില്‍ സജീവമാകുന്നത്.2 സവര്‍ക്കറുടെ ഭാഷയില്‍ 'പൂര്‍ണ ചരിത്ര'(History in Full))മായ 'ഹിന്ദുത്വ'യില്‍ ക്രിസ്ത്യാനികളും മുസ്‌ലിംകളും അംഗീകരിക്കപ്പെടുന്നില്ല. ഈ വാദത്തെ We, or Our Nationhood Defined എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ വിപുലീകരിക്കുകയും അതിന് പ്രചാരം നല്‍കുകയും ചെയ്തു.3 ഇവര്‍ നിര്‍മിച്ച ചരിത്ര ആഖ്യാന ശൈലിയിലൂടെ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്ര വൈകാരികത നിലനിര്‍ത്താന്‍ ഹിന്ദുത്വശക്തികള്‍ ശ്രമം തുടങ്ങി ഒരു നൂറ്റാണ്ടാവാന്‍ പോവുന്ന സന്ദര്‍ഭത്തിലാണ് അതിനെ പൂര്‍ണമായി പിന്തുണക്കുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ ഇന്ത്യയില്‍ രൂപപ്പെടുന്നത്.
ഹിന്ദുക്കളെ ഗോള്‍വള്‍ക്കര്‍ വിശേഷിപ്പിച്ചത്, ചരിത്രത്തിലെ 'എല്ലാം മറക്കാന്‍ നിശ്ചയിച്ച സമുദായം' എന്നാണ്. തന്റെ ലക്ഷ്യം, ഹിന്ദുക്കളുടെ ഈ മറവിയെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു. അങ്ങനെയാണ് മധ്യകാല ചരിത്രത്തിലെ മുസ്‌ലിം ഭരണാധികാരികളുടെ ക്രൂരതകള്‍ക്ക് ഉത്തരം പറയേണ്ടവരാണ് വര്‍ത്തമാന മുസ്‌ലിം എന്ന ആഖ്യാന രൂപരേഖ സവര്‍ക്കര്‍-ഗോള്‍വള്‍ക്കര്‍ നിര്‍മിക്കുന്നത്. ഈ രൂപരേഖയുടെ തുടര്‍ച്ചയായിരിക്കും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ പാഠപുസ്തകങ്ങളിലൂടെ നിര്‍മിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല. ചരിത്രസത്യങ്ങള്‍ക്ക് മേല്‍ പ്രത്യയശാസ്ത്ര ബന്ധിതമായ ഹിന്ദുത്വ ആഖ്യാനങ്ങളുടെ മേധാവിത്വം സ്ഥാപിക്കുക എന്ന നശീകരണ പ്രക്രിയയാണ് ചരിത്ര പാഠങ്ങളുടെ മുന്നിലുള്ള വ്യക്തമായ സാധ്യതകളില്‍ ഒന്ന്. ഹിന്ദുത്വം എന്ന 'കൂട്ടുസ്വത്വം' (Collective Identity) നിര്‍മിച്ചെടുക്കാന്‍ സവര്‍ക്കറും മറ്റും തീവ്ര ദേശീയതയുടെ വൈകാരിക പക്ഷത്തുനിന്ന് രൂപപ്പെടുത്തിയെടുത്ത പ്രതികാര ചിന്തക്ക് സംഘടിത ഭാവം ഉണ്ടാക്കുക എന്നത് തന്നെയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന്, ചരിത്രരചനയിലേക്കും ചരിത്ര രചനാ സ്ഥാപനങ്ങളിലേക്കും കാവിയെ വൈകാരികമായും പ്രത്യശാസ്ത്രപരമായും പുല്‍കുന്നവരെ കുത്തിനിറച്ചുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം വ്യക്തമാക്കി. 'ഉള്ളിലേക്ക് നോക്കുന്ന' (inward looking) ഹിന്ദു സമൂഹത്തിന്റെ 'അപകടാവസ്ഥ'യെ ഒരു ദേശീയ അജണ്ടയാക്കി മാറ്റാന്‍ ഇതിലൂടെ സാധിക്കും. തങ്ങളുടെ ഭീകരതകളെ ന്യായീകരിക്കാന്‍ സാമ്രാജ്യത്വം ഉണ്ടാക്കിയെടുത്ത ചരിത്രാഖ്യാനങ്ങളെ പിന്തുടര്‍ന്നുകൊണ്ടുതന്നെയാണ് ഹിന്ദുത്വം ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നതെന്ന് കെ.എന്‍ പണിക്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം, പുതിയ ചരിത്ര രചനയിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് ഹിന്ദുത്വ വര്‍ഗീയതക്ക് ഒരു പ്രത്യയശാസ്ത്ര പരിസരം നിര്‍മിക്കുക എന്നതുതന്നെയാണ്.
ഈ അവസരത്തിലാണ് ഹിന്ദുത്വം കാലങ്ങളായി ഉയര്‍ത്തുന്ന 'ഭാരതീയ സംസ്‌കാരം ഹിന്ദു സംസ്‌കാരമാണ്' എന്ന വാദം വീണ്ടും അന്തരീക്ഷത്തില്‍ മുഴങ്ങുന്നത്.4 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹിന്ദുത്വമെന്ന സംജ്ഞയുടെ ഉപജ്ഞാതാവ് സവര്‍ക്കര്‍ ഉയര്‍ത്തിയ വാദത്തെ പുതിയ സാംസ്‌കാരിക പശ്ചാത്തലത്തിലേക്ക് കൊണ്ടുവരികയായിരുന്നു മോഹന്‍ ഭഗവത്. 'വരണ്ട മണല്‍ പ്രദേശത്ത്' ജന്മമെടുത്ത ഇസ്‌ലാമിനു ഭാരതത്തിന്റെ സാംസ്‌കാരിക ഭൂമികയുടെ ഭാഗമാകാന്‍ പറ്റില്ല എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച ഗോള്‍വള്‍ക്കറുടെ ആഖ്യാനങ്ങളെ പൊതുജന മനഃശാസ്ത്രത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യവും മോഹന്‍ ഭഗവതിനുണ്ട്.5 അതുവഴി ചരിത്രത്തിലെ ഹിന്ദുവിനെയും മുസ്‌ലിമിനെയും വര്‍ത്തമാനത്തിലേക്ക് പറിച്ചുനടാനും 'മുസ്‌ലിം അക്രമാസക്തി' ചൂണ്ടിക്കാണിച്ചു കൊടുക്കാനും എളുപ്പമാകും.
കാവി ചരിത്രത്തിന്റെ വംശാവലി
ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് കാവിയുടെ ചരിത്ര പ്രസക്തി അവതരിപ്പിക്കാന്‍ ഹിന്ദുത്വം ശ്രമങ്ങള്‍ തുടങ്ങുന്നത് 1970-കളിലാണ്. അന്നും ഹിന്ദുത്വം അധികാരത്തിന്റെ ഭാഗമാകുന്നത് ഇപ്രാവശ്യം സംഭവിച്ചതുപോലെ തന്നെ അണ്ണാ ഹസാരെ മോഡലുള്ള ഒരു 'ജനകീയ പ്രക്ഷോഭ' നിര്‍മിതിയിലൂടെ ആയിരുന്നു. ഹസാരെ പ്രക്ഷോഭത്തിലെ ഹിന്ദുത്വ അജണ്ടയെയും ഹസാരെ സൃഷ്ടിച്ച 'സന്യാസി-കച്ചവട-അരാഷ്ട്രീയ' സങ്കേതങ്ങളെയും 2011-ല്‍ ഈ ലേഖകന്‍ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.6 ജയപ്രകാശ് നാരായണന്റെ 'സമ്പൂര്‍ണ വിപ്ലവ'ത്തിലൂടെ അധികാരത്തിന്റെ ഭാഗമായ ഹിന്ദുത്വം, 1977-ല്‍ തന്നെ NCERTയുടെ ചരിത്ര പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയതായി കാണാം. ചരിത്ര പുസ്തകങ്ങളില്‍ വേണ്ടത്ര 'ഹിന്ദു താല്‍പര്യം' ഇല്ല എന്നായിരുന്നു കാരണമായി പറഞ്ഞത്.
2000 ആകുമ്പോഴേക്കും രാജസ്ഥാന്‍,യു.പി, മധ്യപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ മിത്തുകളും കഥകളും കുത്തി നിറച്ച് അപകടകരമായ ചരിത്രാഖ്യാനങ്ങള്‍ സ്‌കൂള്‍ പാഠപദ്ധതികളില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞിരുന്നു. പ്രാചീന ഇന്ത്യാ ചരിത്രത്തെ കാല്‍പനീകരിച്ചും (Romanticization) മധ്യകാല മുസ്‌ലിം ചരിത്രത്തെ അപരവത്കരിച്ചും (Otherisation) ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആശയപ്രചാരണം നടത്താന്‍ 1978-ല്‍ തന്നെ ആര്‍.എസ്.എസ് രൂപീകരിച്ച ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയും മറ്റു ഹിന്ദുത്വ സംഘടനാ സംരംഭങ്ങളും പിന്നെ നൂറുകക്കണക്കിന് ശാഖകളും കൂടി നടത്തുന്ന പരിശ്രമങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. ചരിത്രകാരന്മാര്‍ ഒന്നടങ്കം ബാലിശം എന്ന് മുദ്രകുത്തി തള്ളിയ പി.എന്‍ഓക്ക് (ഇദ്ദേഹം Institute for Rewriting Indian Historyയുടെ സ്ഥാപകനാണ്) തുടങ്ങിയവരുടെ ഭ്രാന്തമായ നിര്‍മിത കഥകളാണ് കുട്ടികള്‍ പഠിക്കേണ്ടതായി വരുന്നത്.
2000-ത്തില്‍ ബി.ആര്‍ ഗ്രോവര്‍ എന്ന ഹിന്ദുത്വ ചരിത്രകാരനിലൂടെ ചില കടുത്ത ഇടപെടലുകള്‍ ഐ.സി.എച്ച്.ആറില്‍ ഹിന്ദുത്വം നടത്തിയിരുന്നു. ഹിന്ദുത്വ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് ആര്‍.എസ്.എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും, കൊളോണിയല്‍ അനുകൂല മനോഭാവം തെളിവുകളോടെ പുറത്തുകൊണ്ടുവന്ന Towards Freedom Project നുള്ളിക്കളയാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട് ആ സമയങ്ങളില്‍. ഇന്ന്, ചരിത്ര രചനാശാസ്ത്രത്തിലോ ചരിത്ര പഠനങ്ങളിലോ യാതൊരു സംഭാവനയും നല്‍കാത്ത, ഹിന്ദുത്വ വേദിയായ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ ആന്ധ്ര ഘടകത്തിന്റെ മേധാവിയായ യെല്ലപ്രഗത സുന്ദര്‍ശന്‍ റാവു എന്ന പ്രചാരകനെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എച്ച്.ആര്‍) ചെയര്‍മാന്‍ ആക്കുന്നതിലൂടെ ഹിന്ദുത്വത്തിന്റെ ബൗദ്ധിക പാപ്പരത്തം ഒരിക്കല്‍കൂടി വെളിപ്പെടുകയാണ്.
കാവിവത്കരണത്തിന്റെ വംശാവലി പരിശോധിച്ചാല്‍ ഉറപ്പുപറയാന്‍ പറ്റുന്ന ഒരു കാര്യമുണ്ട്. ഭാരതത്തിലെ ഓരോ മുസ്‌ലിം രാജാവിലും ഒരു ഹിന്ദു വിദ്വേഷിയെയും ഓരോ മധ്യകാല കെട്ടിടത്തിന്റെ അടിയിലും ഒരു ക്ഷേത്രത്തെയും കണ്ടെത്തുക എന്ന ഹിന്ദുത്വ പരിവാറിന്റെ അജണ്ടക്ക് ഒരു ദേശീയ സ്വഭാവം ഉടനെ തന്നെ കൈവന്നേക്കാം എന്നതാണത്. അതുവഴി ചില സമുദായങ്ങളെ സ്ഥിരം 'വിദേശി'കളായി മുദ്രകുത്താനും അവരെ എതിര്‍ക്കേണ്ടവരുടെ 'പൗരുഷം' ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് തന്നെ അര്‍ധസൈനികവത്കരിക്കാനും സാധിക്കും. 1920-കളില്‍ മലബാര്‍ സമരങ്ങള്‍ ബ്രിട്ടീഷുകാരുടെ വരവോടെ തുടര്‍ച്ച നിന്നുപോയ 'ഇസ്‌ലാമിക ഭരണത്തെ പുനഃസ്ഥാപിക്കാനുള്ള' മലബാര്‍ മുസ്‌ലിംകളുടെ ഉദ്യമമായി കണ്ട ഗോള്‍വള്‍ക്കറുടെ ധാരണയെ ഹിന്ദുത്വം ഭരണമേറ്റെടുത്ത ഉടനെ പുനരുല്‍പ്പാദിപ്പിക്കുന്നുണ്ട്.7
അധികാരമേറ്റ ഉടനെ സുദര്‍ശന്‍ റാവു അവതരിപ്പിച്ചത്, ഹിന്ദുത്വ സൈദ്ധാന്തികന്‍ ദീന്‍ ദയാല്‍ ഉപാധ്യായക്ക് സ്വാതന്ത്ര്യ സമരത്തിലുള്ള പങ്കിനെക്കുറിച്ച് പഠിക്കാനുള്ള ഒരു പ്രോജക്ടാണ് എന്നതാണ് ഐ.സി.എച്ച്.ആറില്‍ നിന്ന് കിട്ടിയ വിവരം. 'സാമ്രാജ്യത്വത്തിന്റെ സജീവ കൂട്ടാളി' എന്ന് കെ.എന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടിട്ടുള്ള ആര്‍.എസ്.എസ്സിന്റെ ഈ സജീവ തോഴനെ സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയില്‍ അവതരിപ്പിക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് എന്നതിന് പുറമെ, അത് ചരിത്രത്തോടുള്ള ഭയം കൂടിയാണ്. ചരിത്രകാരന്‍ എന്ന നിലയിലും വ്യക്തിപരമായും റാവു വിശ്വസിക്കുന്ന 'ജാതിവ്യവസ്ഥയുടെ ക്രിയാത്മകത' ഒരു ആശയമായി കൊണ്ടുവന്നിട്ടുള്ള ഹിന്ദുത്വ സൈദ്ധാന്തികനാണ് ദീന്‍ ദയാല്‍ ഉപാധ്യായ.8 ജാതി എന്നത് പൗരാണിക ഇന്ത്യയില്‍ വളരെ നന്നായി നിലനിന്നിരുന്ന ഒരു സാമൂഹിക നന്മയായിരുന്നു എന്നും അത് ജനങ്ങള്‍ യാതൊരു പ്രതിഷേധവുമില്ലാതെ സ്വീകരിക്കുകയായിരുന്നു എന്നുമാണ് റാവു വാദിക്കുന്നത്. ഈ വാദം ഇതിനു മുമ്പേ സവര്‍ക്കറും ദീന്‍ ദയാല്‍ ഉപാധ്യായയും പല രീതിയില്‍ പറഞ്ഞു വെച്ചതാണ്. ലൈംഗിക അസമത്വങ്ങളും ജാതി വ്യവസ്ഥയും സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമാണെന്നും അതിനെ ഇല്ലാതാക്കുന്നത് സമൂഹത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ഉറച്ചു വിശ്വസിച്ച ഉപാധ്യായ ഈ അസമത്വങ്ങളെ 'അഖണ്ഡ മാനവീയത' (Integral Humanism) എന്നാണ് വിശേഷിപ്പിച്ചത്.9 ഇവിടെയാണ് ഗുജറാത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട ദീനാനാഥ് ബത്രയുടെ 'ചരിത്ര പുസ്തകങ്ങള്‍' ശ്രദ്ധയാകര്‍ഷിക്കുന്നത്. മുമ്പ് എന്‍.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ജെ.എസ് രാജ്പുതിന്റെ നേതൃത്വത്തില്‍ ചരിത്ര പുസ്തകങ്ങളെ പ്രത്യയശാസ്ത്ര മെരുക്കലുകള്‍ക്ക് വിധേയമാക്കാന്‍ ഒരുപാട് ശ്രമിച്ച ബത്ര, പുരാണങ്ങളെ ചരിത്രമായി അവതരിപ്പിക്കുകയാണ് തന്റെ പുസ്തകങ്ങളില്‍. പ്രശസ്ത ചരിത്രകാരി വെന്റി ഡോണിഗറുടെ The Hindus: An Alternative Historyയെ കമ്പോളങ്ങളില്‍ നിന്ന് നിയമ വ്യവഹാരങ്ങളില്‍ കൂടി കെട്ടുകെട്ടിച്ചയാളും കൂടിയാണ് ബത്ര.
മാര്‍ക്‌സിസ്റ്റ്-സെക്യുലര്‍ ചരിത്രകാരന്മാരുടെ പരിമിതികള്‍ മനസ്സിലാക്കിയ ഹിന്ദുത്വ ചരിത്രകാരന്മാരും രാഷ്ട്രീയക്കാരും ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനങ്ങളാണ് ഇപ്പോള്‍ വടക്കേ ഇന്ത്യയിലെ മേധാവിത്വ ചരിത്രബോധം എന്ന് പറയാതിരിക്കാന്‍ വയ്യ. ഈ ചരിത്ര ബോധത്തെ സ്‌കൂളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാത്രമല്ല തെരുവുകളിലും വീടുകളിലും നിലനിര്‍ത്തുകയെന്നത് ഒരു ദേശീയ മിഷന്‍ ആയിട്ടാണ് 'രാഷ്ട്രീയ സേവിക സമിതി' പോലുള്ള സ്ത്രീ സന്നദ്ധ സംഘടനകളും ആര്‍.എസ്.എസ്സും ഏറ്റെടുത്തിരിക്കുന്നത്. ഹിന്ദു സ്ത്രീയെ ഇസ്‌ലാമിക പുരുഷന്റെ അക്രമോത്സുകതയില്‍ നിന്ന് രക്ഷിക്കുന്ന ശിവാജിയെ മഹാരാഷ്ട്രയിലും ഹിന്ദു സ്ത്രീകളെ ഇരകളാക്കുന്ന അക്ബര്‍ രാജാവിനെ ഗുജറാത്തിലും, ലൈംഗിക കേളികള്‍ക്ക് കമനീയ മുറികള്‍ ഉണ്ടാക്കുന്ന (ഹാരെം) നിസാമിനെ ഹൈദരാബാദിലും കലാപങ്ങള്‍ കുത്തിപ്പൊക്കാനോ വ്യാപിപ്പിക്കാനോ ഹിന്ദുത്വം ഉപയോഗിക്കുന്നുണ്ട് എന്നതിന് കല്യാണി മേനോന്‍ തെളിവുകള്‍ നിരത്തുന്നുണ്ട്.10 ഹിന്ദുത്വത്തെ ഉണര്‍ത്തുന്ന ദൈനംദിന ചരിത്ര പാഠങ്ങള്‍ (Everyday Histories ദേശ വ്യാപകമാക്കുക എന്നത് വര്‍ഷങ്ങളായി പരിവാറിന്റെ പ്രഖ്യാപിത നയമാണെന്ന് മേനോന്‍ തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ദൈനംദിന ചരിത്രാധ്യാപനവും അവയിലെ അപര നിര്‍മാണവും എങ്ങനെയാണ് '90-കളില്‍ രാജസ്ഥാനില്‍ വ്യാപകമായ കലാപങ്ങള്‍ക്ക് ആക്കം കൂട്ടിയതെന്ന് ശുഭ് മാത്തൂരും വിശദമാക്കുന്നു.11 ഈ 'ജനകീയ ചരിത്രബോധ'ത്തിന് സ്‌കൂളുകളിലൂടെയും മറ്റും ഒരു ഏക രൂപം ഉണ്ടാക്കിയെടുക്കുക എന്നതാണ് ബത്രയിലൂടെയും മറ്റും ഹിന്ദുത്വ രാഷ്ട്രീയം ചെയ്തുകൊണ്ടിരിക്കുന്നത്.
ഗുജറാത്തിലെയും രാജസ്ഥാനിലെയും ദല്‍ഹിയിലെയും ടെക്സ്റ്റു പുസ്തകങ്ങളില്‍ നിരന്തരം കാണുന്ന 'ഹിന്ദു എന്ന ആര്യന്‍ വംശജന്‍', നാസി ജര്‍മന്‍ 'ആര്യന്‍' വംശജരോടുള്ള താല്‍പര്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് അനുഭവപ്പെടുന്നത്. ഇതുവഴി ആര്യവംശ പെരുമ ഉപയോഗിക്കുന്ന യൂറോപ്പ്, അമേരിക്ക, ആസ്‌ട്രേലിയ എന്നിവിടങ്ങളിലെ തീവ്രദേശീയ നവനാസി പ്രസ്ഥാനങ്ങളുമായി വൈകാരിക അടുപ്പം ഉണ്ടാക്കാനും സാധിക്കുന്നു. ആര്യന്‍ വംശീയതയുടെ ഇരകളായ ജൂതരുടെ പുതിയ ചില തീവ്ര സംഘടനകള്‍ നവ-നാസികളുടെ ചിഹ്നങ്ങളും മുദ്രകളും മുദ്രാവാക്യങ്ങളും ഉപയോഗിക്കുന്നത്, തീവ്ര ദേശീയ പ്രസ്ഥാനങ്ങള്‍ക്കും അവയുടെ ചരിത്രപരമായ കാഴ്ചപ്പാടുകള്‍ക്കും അവയുടെ ഇരകള്‍ക്കും ഒരു സമാനരൂപം കൈവരുന്നുണ്ട് എന്നതിന് തെളിവാണ്.
ഈ വൈകാരിക ഐക്യം നിമിത്തമായി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പല കൂട്ടായ്മകളും 'കാവി-നവനാസി-ഇസ്രയേല്‍' ജയ് വിളികള്‍ കൊണ്ട് മുഖരിതമാകുന്നത്. ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ ഹിറ്റ്‌ലര്‍ക്കും നാസിസത്തിനും വ്യാപകമായ വീരപരിവേഷങ്ങള്‍ ലഭിക്കുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മന്‍ ദേശീയതക്ക് ബഹുമാനവും സ്വീകാര്യതയും നല്‍കി വികസനവും വളര്‍ച്ചയും ത്വരിതപ്പെടുത്തി എന്ന് ഗുജറാത്തിലെ പാഠപുസ്തകങ്ങള്‍ പഠിപ്പിക്കുമ്പോള്‍, ഹിന്ദുത്വം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നത് ആഗോള വംശീയതയുടെ ഒരു വൈകാരിക തുരുത്ത് ആണെന്ന് മനസ്സിലാക്കാം.12 വേറൊരു തരത്തില്‍ പറഞ്ഞാല്‍, ആര്‍.എസ്.എസ് തങ്ങളുടെ മാധ്യമങ്ങളില്‍ കൂടി ശക്തമായി താലോലിച്ചുകൊണ്ടിരിക്കുന്ന 'ഗ്ലോബല്‍ ഹിന്ദുത്വം' എന്ന ഏകശിലാ വ്യവസ്ഥയിലേക്ക് ഒറ്റ 'ശരി'യെ പറ്റി മാത്രം ബോധമുള്ള ഒരു വലിയ തലമുറയെ സൃഷ്ടിച്ചെടുക്കുകയാണ് പുതിയ ചരിത്ര രചനയിലൂടെ. ജനങ്ങളുടെ ചരിത്രധാരണയെ നിര്‍ണയിക്കുന്നത് രാഷ്ട്രമാണ് എന്ന തീവ്ര ദേശീയതയുടെ ധാര്‍ഷ്ട്യം വെല്ലുവിളികളില്ലാതെ നടപ്പിലാക്കാനുള്ള ബോധവത്കരണ ശ്രമങ്ങള്‍ ഇവിടെ പല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ആര്‍.എസ്.എസ്സിന്റെ കീഴിലുള്ള 'ശിക്ഷാ സന്‍സ്‌ക്രിതി ഉത്ഥാന്‍ ന്യാസ്' തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ ബോധവും വികല ചരിത്രവും ഒരു ദേശീയ അജണ്ടയാക്കി കൊണ്ടുനടക്കുന്നത് കാണാം. ഇത് ലക്ഷ്യം വെക്കുന്നത്, ഇന്ത്യ എന്നത് ഹിന്ദു-മുസ്‌ലിം സംഘര്‍ഷത്തിന്റെ ചരിത്രമല്ല എന്ന മതേതര ചരിത്ര രചനക്ക് സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞ ആഖ്യാന പരിസരത്തിന്റെ പൂര്‍ണ നിരാസമാണ്.13
അതിന്റെ തുടക്കം മാത്രമാണ്, ഇന്ത്യന്‍ (ഹിന്ദു) സമൂഹത്തിലെ ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന പല സാമൂഹിക ആചാരങ്ങളും വടക്കേ ഇന്ത്യയിലെ മുസ്‌ലിം ഭരണ കാലത്ത് ഉണ്ടായതാണ് എന്ന് 'കണ്ടുപിടിച്ച' യെല്ലപ്രഗത സുദര്‍ശന്‍ റാവു ഐ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ ആകുന്നത്.14 റാവുവിന്റെ പ്രസ്താവനയെ രണ്ട് നിലയില്‍ വിലയിരുത്താം. ഒന്ന്, റാവുവിന്റെ സങ്കല്‍പത്തിലുള്ള 'ഇന്ത്യ' എന്നത് വിന്ധ്യക്കപ്പുറമുള്ള ആര്യ വംശജരുടെ വേദ-സംസ്‌കൃത ഭൂമികയാണ്. ഹിന്ദു സാമൂഹിക അനാചാരത്തിലേക്ക് മുസ്‌ലിം കര്‍തൃത്വം കൊണ്ടുവരുന്നത് കെ.എന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടതുപോലെ 'പുറത്തുള്ളവര്‍ ശത്രു' (Outsider as enemy) എന്ന ആഖ്യാനത്തിന്റെ തുടര്‍ച്ച നിലനിര്‍ത്താന്‍ തന്നെയാണ്.15 എന്നാല്‍, പുരാണ സങ്കല്‍പത്തിലുള്ള ഭാരതത്തിന്റെ ഈ അടയാളപ്പെടുത്തലില്‍ റാവു മറന്നത്, മുസ്‌ലിം ഭരണം ഇല്ലാതിരുന്ന ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലെയും സാമൂഹികാചാരങ്ങള്‍ എങ്ങനെ വന്നു എന്ന ചരിത്രമാണ്; പുലയപ്പേടിയുടെയും പറയപ്പേടിയുടെയും തീണ്ടാളിന്റെയും മര്‍ദനത്തിന്റെയും അടിമത്തത്തിന്റെയും ചരിത്രമാണ്; മാറി മറിയുന്ന ജാതി സമവാക്യങ്ങളുടെയും മതങ്ങളുടെ ആഗമനത്തിന്റെയും സ്വീകരണത്തിന്റെയും മാറ്റങ്ങളുടെയും ചരിത്രമാണ്; സമൂഹ രൂപീകരണങ്ങളുടെയും മാറ്റങ്ങളുടെയും ചരിത്രമാണ്. ചുരുക്കത്തില്‍, അദ്ദേഹത്തിന്റെ 'ചരിത്ര പഠനങ്ങള്‍' തിരസ്‌കാരത്തിന്റെയും അപരവത്കരണത്തിന്റെയും ഒരുപാട് നിശ്ശബ്ദതകളുടെയും പ്രകട രൂപമാണ്.
ഇന്ത്യന്‍ ചരിത്രത്തിലെ സങ്കീര്‍ണതകളെല്ലാം ഹിന്ദു-മുസ്‌ലിം ദ്വന്ദ്വത്തിലേക്ക് കൊണ്ടുവരിക എന്നത് പുതിയ ആഖ്യാന അജണ്ടകളുടെ ഭാഗം തന്നെയായിരിക്കും. ബാബറും ഇബ്‌റാഹീം ലോധിയും, ഔറംഗസീബും സഹോദരങ്ങളും, ദക്കാന്‍ മുസ്‌ലിം ഭരണാധികള്‍ തമ്മില്‍ത്തമ്മിലും, ഹിന്ദു രജപുത്രര്‍ പരസ്പരവും, ശിവാജിയും മറ്റു ഹിന്ദു നാട്ടുരാജാക്കന്മാരും തമ്മിലുമുള്ള നിരന്തര സംഘര്‍ഷങ്ങളും, ഹിന്ദു-മുസ്‌ലിം രാജാക്കന്മാര്‍ തമ്മിലുള്ള ബഹുമുഖ സഹകരണവും ഈ വൈകാരിക വ്യാഖ്യാനങ്ങളില്‍ നിശ്ശബ്ദമാക്കപ്പെടുന്നു. അപരനെ അഭാവപ്പെടുത്തിയും ശത്രുവാക്കിയും ടെക്സ്റ്റ് പുസ്തകങ്ങള്‍ ഉണ്ടാക്കുമ്പോള്‍, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ചരിത്ര സംഭവങ്ങള്‍ക്ക് വര്‍ത്തമാനത്തില്‍ പ്രതികാരം ചെയ്യാന്‍ തലമുറകളെ സജ്ജമാക്കാനാണ് ഹിന്ദുത്വം ശ്രമിക്കുന്നത്. 'അപര ശത്രു'വിന്റെ ചരിത്ര സമയം വര്‍ത്തമാനത്തില്‍ നിന്ന് എത്ര പുറകോട്ടായാലും തീവ്രദേശീയ നിര്‍മിതിക്ക് അത് ഉപയോഗിക്കപ്പെടും എന്ന് തന്നെയാണ് ചരിത്രത്തിലെ പാഠം. ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഇന്ത്യയില്‍ മാത്രം നടക്കുന്നതല്ല. മതവും അതിദേശീയതയും ശക്തമായി നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ചരിത്രാഖ്യാനങ്ങളുടെ സ്ഥിതി ഇതുതന്നെയാണ്.
സ്റ്റേറ്റിന്റെയും തീവ്ര ദേശീയതയുടെയും ഇടപെടലുകളിലൂടെ ഒരു 'സ്വീകാര്യ ചരിത്രം' സൃഷ്ടിക്കുമ്പോള്‍, ക്രിയാത്മകമായ ചില വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്നതും ചരിത്രരചനയിലെ വൈരുധ്യങ്ങളില്‍ ഒന്നാണ്. ഇന്ത്യാ ചരിത്ര രചനയില്‍ കൊളോണിയല്‍ കാലം മുതല്‍ 'അപര ശത്രു'വിന്റെ സ്ഥാനത്ത് നിര്‍ത്തപ്പെട്ട് നിരന്തരമായി ഹിന്ദു-മുസ്‌ലിം വൈകാരിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ട മഹ്മൂദ് ഗസ്‌നിയുടെയും അദ്ദേഹം ഒരുപാട് തവണ തകര്‍ത്തതായി ഹിന്ദുത്വ രചയിതാക്കളും രാഷ്ട്രീയക്കാരും ആവര്‍ത്തിക്കുന്ന സോമനാഥ ക്ഷേത്രത്തിന്റെയും ഒരു ബദല്‍ ചരിത്രം റോമിള ഥാപ്പര്‍ എഴുതുന്നത് ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ പ്രതലത്തില്‍ നിന്നുകൊണ്ട് തന്നെയാണ്.17 ബാബരി മസ്ജിദ് തകര്‍ന്നപ്പോള്‍ 'സോമനാഥ ക്ഷേത്രം തകര്‍ത്ത ഗസ്‌നിക്ക് പ്രതികാരം ചെയ്യുകയായിരുന്നു' എന്നാണ് അയോധ്യയില്‍ മുഴങ്ങിക്കേട്ടത്. അതുകൊണ്ട്, ചരിത്രം എങ്ങനെ വര്‍ത്തമാന രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നു എന്ന വാദപരിസരങ്ങളില്‍ നിന്നാണ് ഥാപ്പറുടെ കണ്ടെത്തലുകള്‍ പിറക്കുന്നത്.
ഭൂരിപക്ഷ മതസമൂഹത്തിന് മേധാവിത്വമുള്ള ഒരു ചരിത്രാഖ്യാന അവസ്ഥ എല്ലാ തീവ്രദേശീയ പാര്‍ട്ടികളുടെയും ആവശ്യവും ആഗ്രഹവുമാണ്. അതുകൊണ്ടുതന്നെ, വെറും ആദര്‍ശപരമായ ഒരു വ്യതിയാനമല്ല പുതിയ നിയമനങ്ങളിലൂടെ ഉണ്ടാകാന്‍ പോകുന്നത്. മറിച്ച്, ആധുനിക ചരിത്ര വിജ്ഞാനശാസ്ത്രത്തെ ഇല്ലാതാക്കി അവിടേക്ക് ഹിന്ദു യാഥാസ്ഥിതികത്വത്തെ പുനരാനയിക്കലാകും ഇനി ഉണ്ടാകാന്‍ പോവുകയെന്ന് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി അഭിപ്രായപ്പെടുന്നു.18 ഈ യാഥാസ്ഥിതികത്വം സ്ഥാപനവത്കരിക്കാനാണ് ദീനാനാഥ് ബത്രയെ പോലുളളവരുടെ 'ചരിത്ര പുസ്തകങ്ങള്‍' ഗുജറാത്തില്‍ നിര്‍ബന്ധ ടെക്സ്റ്റുകള്‍ ആക്കുന്നത്. 'ഇന്ത്യയുടെ മാപ്പ് പാകിസ്താനും നേപ്പാളും ഭൂട്ടാനും തിബറ്റും ബംഗ്ലാദേശും ശ്രീലങ്കയും ബര്‍മയും ഉള്‍പ്പെടുന്ന അഖണ്ഡ ഭാരതമാണ്. 'അവിഭക്ത ഇന്ത്യ' എന്നത് സത്യവും വിഭജിത ഇന്ത്യ എന്നത് കളവുമാണ്. അസ്വാഭാവികമായ വിഭജനം പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്' എന്ന് ഗുജറാത്തിലെ പ്രൈമറി സ്‌കൂള്‍ പാഠപുസ്തകത്തില്‍ ബത്ര പറഞ്ഞുവെക്കുമ്പോള്‍ (Tejomay Bharat-shining India, Gujarat Primary School), അത് തീവ്ര ദേശീയതയുടെ ബൗദ്ധിക പാപ്പരത്തം മാത്രമായി കണക്കാക്കേണ്ടതില്ല. മറിച്ച്, അത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ അജണ്ട കൂടിയാണ്. സാമ്രാജ്യത്വ മോഹങ്ങളുള്ള, ചുറ്റുമുള്ള രാജ്യങ്ങളുടെ പരമാധികാരത്തെയോ സ്വാതന്ത്ര്യത്തെയോ അംഗീകരിക്കാത്ത, ബഹുമാനിക്കാന്‍ മനസ്സില്ലാത്ത, ആണത്വത്തിന്റെ ഭാഷ സംസാരിക്കുന്ന ഒരു ഗ്ലോബല്‍ ഹിന്ദുത്വത്തെ അവതരിപ്പിക്കുകയാണ് ഗുജറാത്തിലെയും രാജസ്ഥാനിലെയും പ്രൈമറി ക്ലാസ്സുകളിലെ ചരിത്ര പുസ്തകങ്ങള്‍.
ബത്രയുടെ തന്നെ, ഗുജറാത്തിലെ പ്രൈമറി ക്ലാസ്സുകളിലെ ഇംഗ്ലീഷ് മീഡിയം പുസ്തകത്തില്‍ കാണുന്ന ഒരു കഥ ഇതാണ്: 'പൈലറ്റും ഇന്ത്യക്കാരനും കൂടി നീഗ്രോയെ അടിച്ചു നിലം പരിശാക്കി കയറുകൊണ്ട് ചുറ്റി വരിഞ്ഞു. കെട്ടിയിട്ട പോത്തിനെപോലെ അവന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കഴിഞ്ഞില്ല. വിമാനം സുരക്ഷിതമായി ചിക്കാഗോയില്‍ ഇറക്കി. നീഗ്രോ അപകടകാരിയായ ഒരു കുറ്റവാളിയായിരുന്നു.' ഈ കഥയിലും പ്രകടമാകുന്നത് അതിതീവ്ര ദേശീയതയുടെ ഒളിച്ചുവെക്കാന്‍ കഴിയാത്ത വംശീയ വിദ്വേഷമാണ്.19 ഡേവിഡ് ആര്‍നോള്‍ഡ് അഭിപ്രായപ്പെട്ടതുപോലെ, ബഹുമുഖ വംശീയ അധിക്ഷേപങ്ങള്‍ക്ക് കൊളോണിയല്‍ സമയത്ത് വിധേയമാക്കപ്പെട്ട തദ്ദേശീയ ജനതയിലെ ഒരു വിഭാഗം,20 അടിച്ചമര്‍ത്തപ്പെട്ട മറ്റൊരു വിഭാഗത്തിനെ വംശീയമായി ആക്രമിക്കുകയും ക്രിമിനലൈസ് ചെയ്യുകയും ചെയ്യുന്നു ഇവിടെ. പ്രതി-വംശീയതയുടെ ഈ ദേശീയതാ വെറി, ഹിന്ദുത്വത്തിന്റെ ഏറ്റവും വലിയ സുഹൃത്ത് ഇസ്രയേലിലും നാം കാണുന്നുണ്ടല്ലോ. മേഘാകുമാറിന്റെ Communalism and Sexual Violence: Ahmedabad Since 1969 എന്ന സുപ്രധാന ഗവേഷണ ഗ്രന്ഥം പുറത്തുവരാതിരിക്കാന്‍ നീക്കങ്ങള്‍ നടത്തി വിജയിച്ച പരിവാറിന്റെ അടുത്ത ഉന്നം ശേഖര്‍ ബന്ധ്യോപാധ്യായുടെ From Plassey to Partition: A History of Modern India എന്ന പത്തുവര്‍ഷത്തോളം വായനയിലുള്ള കൃതിയാണ്. രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തില്‍ 'ഈ ചരിത്ര കാലയളവിനെ അടയാളപ്പെടുത്തുന്ന ഏറ്റവും നല്ല പഠന'മാണിത്.
കാവിയുടെ ദൃശ്യ സംസ്‌കാരം
അങ്ങനെ, ഹിന്ദുത്വത്തിന്റെ കാലത്ത് സാമൂഹിക വ്യവഹാരങ്ങളില്‍ സദാചാരപ്പോലീസും ജാഗ്രതാ സമിതികളും, ബൗദ്ധിക വ്യവഹാരങ്ങളില്‍ പുസ്തകപ്പോലീസും പിടിമുറുക്കി ജനാധിപത്യത്തെ വരിഞ്ഞമര്‍ത്താനുള്ള ക്രയവിക്രിയകള്‍ നിര്‍ബാധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്‌ലാം-ക്രിസ്ത്യന്‍ വിശ്വാസികള്‍ ശത്രുക്കളാവുന്നതും കറുത്തവന്‍ പുറത്താവുന്നതും ആത്യന്തികമായി മ്ലേഛനാവുന്നതും പിന്നീട് ഹിന്ദി-ഹിന്ദു സാംസ്‌കാരിക മുദ്രണങ്ങളില്‍ കൂടി സംസ്‌കാരം ആര്‍ജിക്കുന്നതും സ്വീകാര്യനാവുന്നതും വര്‍ത്തമാനത്തിലെ അവന്റെ അവസ്ഥ മാറുന്നതും പുതിയ ആഖ്യാനങ്ങളും ദൃശ്യകാഴ്ചകളും നമുക്ക് കാണിച്ചുതരുന്നു.
വരാന്‍പോകുന്ന ആഖ്യാന വ്യതിചലനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ദൃശ്യപരിസരം സൃഷ്ടിച്ചു കഴിഞ്ഞു മലയാള സിനിമയും ചാനലുകളും. കാഴ്ചകളുടെ മലക്കം മറിച്ചിലുകളിലൂടെ, നിരന്തരമായ ദൃശ്യപ്പെടുത്തലുകളിലൂടെ ഹിന്ദുത്വ മുദ്രകളും ചിഹ്നങ്ങളും കേരളീയ പൊതുബോധത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന രാഷ്ട്രീയ കര്‍തൃത്വം ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത വേളയില്‍ പുതിയ ചരിത്ര രചനക്കും മലയാളി പക്ഷത്ത് അനുകൂലികള്‍ ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. ഇത്തരത്തിലുളള മിത്തുകളോടും കഥകളോടും ആഖ്യാനങ്ങളോടും മലയാളി പൊതുബോധത്തിനകത്തുണ്ടായ സ്വീകരണമാണ് രീതിശാസ്ത്രപരമായി ഉന്നത മാനദണ്ഡങ്ങള്‍ പാലിക്കേണ്ട സര്‍വവിജ്ഞാന കോശങ്ങള്‍ പോലെയുള്ള സര്‍ക്കാര്‍ പ്രോജക്ടുകളില്‍ എം.ജി.എസ് നാരായണന്‍ ചൂണ്ടിക്കാണിച്ചതുപോലെ, കഥകള്‍ സത്യങ്ങളായി അവതരിപ്പിക്കപ്പെടുന്നത്.21
പുതിയ ദൃശ്യ നിര്‍മിതികള്‍ അതുകൊണ്ടുതന്നെ പുതിയ ചരിത്ര ആഖ്യാനങ്ങള്‍ തന്നെയാണ്. '90-കള്‍ വരെ മലയാള സിനിമയില്‍ തുടര്‍ച്ചയായി നിലനിന്ന മുദ്രകള്‍/ചിഹ്നങ്ങള്‍ ആശയ തലത്തിലെങ്കിലും മതേതരതവും പുരോഗമനപരവുമായിരുന്നു. അവയില്‍ മേധാവിത്വമുണ്ടായിരുന്നത് (നാലുകെട്ടുകള്‍ക്ക് പുറമെ) ചുവപ്പ് പാര്‍ട്ടിക്കൊടി, പാര്‍ട്ടി ക്ലാസ്സുകള്‍, ജാഥകള്‍, മതേതര മുദ്രാവാക്യങ്ങള്‍ എന്നിവക്കായിരുന്നെങ്കില്‍ പുതിയ ദൃശ്യക്കാഴ്ചകളില്‍ അത് 'കാവി'യും 'ശാഖ'കളും' മത മുദ്രകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള നായകന്മാരുമാണ്. മാത്രമല്ല, മോഹന്‍ലാല്‍ സിനിമകളിലെ അതിപുരുഷനെ (Hyper Man) അടയാളപ്പെടുത്തിയ ശാരീരിക മുദ്രകളും ആചാര ചിഹ്നങ്ങളും, ദിലീപിന്റെയും കുഞ്ചാക്കോ ബോബന്റെയും ജയറാമിന്റെയും 'സാധാരണ പുരുഷ' നായകന്മാര്‍ സാധാരണ വീട്/ ഗ്രാമ അവസ്ഥകളില്‍ വഹിക്കുമ്പോള്‍ അത് മലയാളിയുടെ മാറുന്ന രാഷ്ട്രീയത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്; മറിച്ച് മാറുന്ന ചരിത്ര ബോധത്തെ തന്നെയാണ്. ഫാഷിസം കേരളത്തില്‍ ആഗ്രഹിക്കുന്ന ഈ ദൃശ്യസംഘര്‍ഷത്തിന്റെ ആരംഭമായിട്ട് വേണം 'പച്ച വിവാദ'ത്തെ കാണേണ്ടത്. പച്ചയുടെ നിരാസത്തിലൂടെ സാമൂഹിക സാംസ്‌കാരിക അവസ്ഥകളില്‍ നിന്ന് ചരിത്രപരമായി നിലനിന്നിരുന്ന ഒരു ബഹുസ്വരതയുടെ ചരിത്രത്തെയും, ചുവപ്പിന്റെ നിരാസത്തിലൂടെ രാഷ്ട്രീയമായി മലയാളികള്‍ പ്രകടിപ്പിച്ചിരുന്ന ഒരു മതേതര ബോധത്തിന്റെ ചരിത്രത്തെയും നിരസിക്കുകയാണ്. പുതിയ ആശയതലത്തില്‍ 'അപര നിറങ്ങള്‍' കൊണ്ടുവരുന്ന മതേതര വൈകാരികതയെ മലയാളിയുടെ ദൈനംദിന ദൃശ്യസ്വഭാവങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് അവിടെ ഹിന്ദുത്വ കാഴ്ചകളെ കുടിയിരുത്തുക എന്നത് വേറൊരു തരത്തില്‍ ഉത്തരേന്ത്യയില്‍ വിജയം കണ്ട അടവുതന്നെയാണ്.
കാഴ്ചകള്‍ ഏതൊരു രാഷ്ട്രീയത്തിന്റെയും ഹൃദയമാകുന്ന സ്ഥിതിക്ക് പുതിയ കാഴ്ചകള്‍ പഴയ കാഴ്ചകളെ ഇല്ലാതാക്കുകയും തിരിച്ചിടുകയും ചെയ്യുന്നത് പുതിയ ദൃശ്യ സംഘര്‍ഷങ്ങളില്‍ (Visual Conflict) കൂടിയാണ്. കാവി ഉടുപ്പണിയുന്ന ഹോളണ്ട് ഫുട്‌ബോള്‍ ടീം ആര്‍.എസ്.എസ് ഗ്രാമങ്ങളിലെ ഇഷ്ട ടീമാവുന്നതും വിദൂര ഗ്രാമങ്ങളില്‍ പോലും മോഡിയുടെ കാവി ഫ്‌ളക്‌സുകള്‍ നിറയുന്നതും മത്സ്യത്തൊഴിലാളി ബോട്ടുകളിലെ അടയാളക്കൊടികളുടെ നിറം മാറുന്നതും കേരളത്തിലെ ഗവണ്‍മെന്റ് ഓഫീസിലും നിയമസഭയിലുമടക്കം കാവി ലുങ്കിക്ക് സ്വീകാര്യത ലഭിക്കുന്നതും പുതിയ അനുഭവങ്ങളാണ്. ഈ അനുഭവങ്ങള്‍ പുതിയ ഒരു തീവ്ര സംസ്‌കാരം എങ്ങനെ അധിനിവേശം നടത്തുമെന്നും ഒരു മതേതര ദൃശ്യ സംസ്‌കാരം (Secular Visual Culture) എങ്ങനെ ചരിത്രമാവുമെന്നും നമുക്ക് കാണിച്ചുതരുന്നുണ്ട്. ഈ അധിനിവേശം നിര്‍മിക്കുന്ന പൊതുബോധ പരിസരത്തില്‍ 'ടിപ്പുവിന്റെ മത ഭ്രാന്തും' 'മലബാര്‍ കലാപത്തിലെ വംശഹത്യകളും' 'പ്രണയ യുദ്ധങ്ങളുടെ മധ്യകാല ആരംഭവും' സ്വീകരിക്കപ്പെടാന്‍ വളരെ എളുപ്പവുമാണ്. മേല്‍ സൂചിപ്പിച്ച ആഖ്യാന - ദൃശ്യ ബോധത്തില്‍ നിന്നാണ് 1921-നോട് പ്രതികാരം ചെയ്യാനുള്ള ആഹ്വാനം ഹിന്ദുത്വ വെബ്‌സൈറ്റുകളിലും ചിലരുടെ പ്രസംഗങ്ങളിലും ആവര്‍ത്തിച്ച് ഉണ്ടാകുന്നത്.
ഹിന്ദുത്വ ചരിത്ര ആഖ്യാനത്തിന്റെ ദൈനംദിന അധ്യാപനത്തിനു അനുസൃതമായ ഒരു ബോധനിര്‍മാണത്തിന്റെ വഴിയിലെ ആദ്യത്തെ കാല്‍വെപ്പായിട്ടാണ് കേരളത്തിന്റെ കാര്യത്തില്‍ ഈ ദൃശ്യ സംഘര്‍ഷങ്ങളെ മനസ്സിലാക്കേണ്ടത്. ഏകാധിപത്യ / ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ദൃശ്യങ്ങളെ പ്രധാന രാഷ്ട്രീയ കര്‍തൃത്വങ്ങളായി കണക്കാക്കിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ അധികാരമെന്നാല്‍ ദൃശ്യങ്ങളിലുളള നിയണന്ത്രണവും അവയുടെ നിര്‍മാണവും ഉപഭോഗവും മാത്രല്ല, ദൃശ്യങ്ങള്‍ നിര്‍മിക്കുന്ന സാംസ്‌കാരിക പരിസരത്തില്‍ ഫാഷിസം ആഗ്രഹിക്കുന്ന രീതിയില്‍ ചിത്രബോധത്തിന് വേരുകള്‍ ഉണ്ടാക്കാന്‍ എളുപ്പമാണെന്ന് കൂടി മനസ്സിലാക്കാം. ചരിത്രത്തെ ഹിന്ദുത്വവത്കരിക്കുന്നതിലൂടെ സൃഷ്ടിക്കുന്ന 'പ്രതികാര'ത്തിന്റെ ഒഴുക്കിന് തീവ്ര 'പ്രതിഷേധ'ത്തിന്റെയും 'പ്രതിരോധ'ത്തിന്റെയും നിറമായ കാവിയിലൂടെ ഒരു ഏക മുഖവും ശബ്ദവും നല്‍കാനുള്ള രാഷ്ട്രീയ നീക്കം തന്നെയാണ് മാധ്യമങ്ങളിലും ഫാഷന്‍ ലോകത്തും കാണുന്ന പുതിയ ദൃശ്യ സംസ്‌കാരത്തിന്റെ രാഷ്ട്രീയം എന്ന് പറയാന്‍ പറ്റും. തീവ്ര ദേശീയതക്ക് ഒഴിച്ചുകളയാന്‍ പറ്റാത്ത രണ്ട് കാര്യങ്ങളാണ് ചരിത്രത്തിലെ വളച്ചൊടിക്കലും ദൃശ്യപ്പെടുത്തലുകളും. തനിക സര്‍ക്കാര്‍ അഭിപ്രായപ്പെടുന്നത്, ഹിന്ദുത്വ രാഷ്ട്രീയം ഭയാനകത ഉണ്ടാക്കിയത് തെരുവുകളിലും ടെലിവിഷന്‍ കാമറകള്‍ക്ക് മുന്നിലും ആണെന്നാണ്.22
ദശാബ്ദങ്ങളായി ഇങ്ങനെ ദൃശ്യവത്കരിച്ചും അല്ലാതെയും പരിപോഷിച്ച്, പോലീസ് മുതല്‍ ഹോസ്പിറ്റലുകളില്‍ വരെ നുഴഞ്ഞുകയറി കലാപങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ നിലനില്‍പ് ഉണ്ടാക്കിയെടുക്കുന്നതില്‍ വ്യക്തമായ വിജയം കൈവന്നിട്ടുണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക്. ചരിത്ര രചനാ ശാസ്ത്രത്തിലെ എല്ലാ ഉപകരണങ്ങളെയും തിരസ്‌കരിച്ചു കൊണ്ട്, തെരഞ്ഞെടുത്ത വ്യാഖ്യാനങ്ങളിലൂടെ മുസ്‌ലിം ഭരണാധികാരികളെ പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തിയ ആര്‍.എസ്.എസ് തെരുവുകളിലെ യുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും ഒരുപോലെ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളവരാക്കാന്‍ ശ്രമിക്കുകയാണ്. അപര ശബ്ദങ്ങള്‍ക്ക് കാതുകൊടുക്കാത്ത, അര്‍ധ സൈനികവത്കരിക്കപ്പെട്ട, ദലിത് / ഒ.ബി.സികളെ ഹിന്ദുത്വവത്കരിച്ച പ്രക്രിയകളില്‍ ചരിത്ര ആഖ്യാനങ്ങളും ദൃശ്യ അധിനിവേശവും വഹിച്ച പങ്ക് വളരെ ആഴത്തിലുള്ളതാണ്.
കുറിപ്പുകള്‍
1. Bipan Chandra in Aditya Mukherjee, Mridula Mukherjee, Sucheta Mahajan, RSS, School Texts and the Murder of Mahatma Gandhi: The Hindu Communal Project', Sage Publications, 2008
2. Vinayak Damodar Savarkar, 'Hindutva: Who Is a Hindu', 1923, pp.110-111
3. M.S.Golwalkar, We or Our Nationhood Defined, Bharat Prakashan, Nagpur, 1945
4. Shamsul Islam, Savarkar, Myths and Facts, 2004
5. Jyotirmaya Sharma, Terrifying Vision: M. S. Golwalkar, the RSS, and India, p.67
6. P.K.Yasser Arafath, 'കാപിറ്റലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയെയും ഫ്യൂഡല്‍ മാനസികാവസ്ഥയെയും വര്‍ണ/ജാതി നിബന്ധിത സാമൂഹിക വ്യവസ്ഥയെയും വര്‍ഗീയതയെയും പ്രതിനിധാനം ചെയ്യുന്ന ഒരു രാഷ്ട്രീയ ജുഗല്‍ബന്ധിയുടെ വരാനിരിക്കുന്ന നാളുകളിലെ തിമര്‍ത്ത വായനയുടെ ഒരു ആമുഖക്കുറിപ്പായി നമുക്കീ സമരങ്ങളെ കാണാം.' അണ്ണാ ഹസാരെ അവിടെയും ഇവിടെയും (മാധ്യമം 20-08-2011).
7. Jyotirmay Sharma, Terrifying Vision, p.72; Rakesh Sinha, “History text books should reflect reality, not ideology”, http://www.newindianexpress.com/thesundaystandard/History-Textbooks-Should-Reflect-Reality-not-Ideology/2014/08/10/article2371775.ece?utm_content= buffer5ee0 1&utm_medium=social &utm_source=t witter.com&utm_ campaign=buffer
8. റാവുവിന്റെ 'കണ്ടെത്തലുകള്‍'ക്ക് ഈ ബ്ലോഗ് സന്ദര്‍ശിക്കുക. http://ysudershanrao.blogspot.in/
9. Ram Puniyani, (ed), The Politics Behind Anti Christian Violence: A Compilation of Investigation, Media House, Delhi, p.18
10. Kalyani Devaki Menon,Everyday Nationalism: Women of the Hindu Right in India, University of Pennsylvania Press, 2010
11. Shubh Mathur, The Everyday Life of Hindu Nationalism: An Ethnographic Account,
Three Essays Collective, 2008
12. Monobina Gupta, ‘In Gujarat, Adolf Catches ‘'Em in Schools, Akhbar, No.3, July, 2002,
http://www.indowindow.com/akhbar/article.php?article=107&category=7&issue=17
13. Neeladri Battacharya, Predicament of Secular History, Public culture, vol.20,no.1, 2008
14. റാവുവിന്റെ 'ചരിത്ര കണ്ടെത്തലുകള്‍' ഭൂരിഭാഗവും അദ്ദേഹത്തിന്റ ബ്ലോഗില്‍ ഉണ്ട്. http://ysudershanrao.blogspot.in/
15. KN Panikkar, Outsider as Enemy; Politics of Rewriting History in India, in Akhbar, http://www.indowindow.com/akhbar/article.php?article=102&category=5&issue=17
16. Class, vi, Lesson, “Sultan Silahuddhin Ayubi”, Subject, Urdu; Class, 10, Lesson, Nazriya –e-Pakistan (Ideology of Pakistan), Subject, Urdu
17. Romila Thapar, Somanatha, The Many Voices of History, Verso, 2005, New York
18. Economic and Political Weekly, August, 9.2014
19. Anupama Katakam, “Distorted Lesson”, Frontline, August, 2014,
20. David Arnold, Imperial Medicine and Indigenous Societies, Manchester University Press, 198821. എം.ജി.എസ്, 'സര്‍വവിജ്ഞാനകോശത്തിന് സ്‌കൂള്‍ ഉപന്യാസത്തിന്റെ വിലയേയുള്ളൂ'. മാധ്യമം ദിനപത്രം. 19-08-2014
22. Tanika Sarkar, ‘Ethnic Cleansing In Gujarat An Analysis of A Few’, 2002,Aspects,http://www.indowindow.com/akhbar/article.php?article=99&category=2&issue=17
Comments