ആരാണ് യസീദികള്‍?
ഇറാഖിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ച വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വിഭാഗമാണല്ലോ യസീദികള്‍. ആരാണവര്‍?
ഉമവീ ഭരണകൂടത്തിന്റെ പതനത്തോടെ ഹിജ്‌റ 132-ല്‍ ഉദയം ചെയ്ത ഒരു വിഭാഗമാണ് യസീദിയ്യ. ബനൂ ഉമയ്യയുടെ പ്രതാപം വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനമായിട്ടായിരുന്നു അതിന്റെ രംഗപ്രവേശം. യസീദുബ്‌നു മുആവിയയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ആ പേര് വിളിക്കപ്പെടുന്നത്. കാലക്രമേണ അവര്‍ വഴിതെറ്റുകയും യസീദിനെയും ഇബ്‌ലീസിനെയും മഹത്വവത്കരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്തു.
ഇറാഖില്‍ കുര്‍ദുകളുടെ പ്രദേശത്താണ് അവര്‍ താമസമാക്കിയത്. മര്‍വാന്‍ രണ്ടാമന്റെ (അദ്ദേഹത്തിന്റെ കാലത്താണ് ഉമവീ ഭരണകൂടം നിലംപതിച്ചത്) മാതാവ് കുര്‍ദുകളില്‍ പെട്ടവളായിരുന്നു എന്നതാണ് അതിന് കാരണം. അവരുടെ മാതൃഭാഷ കുര്‍ദ് ആണെങ്കിലും അറബിയും അവര്‍ സംസാരിക്കുന്നു; വിശേഷിച്ചും ഇറാഖിലുള്ളവര്‍. അവരുടെ ആരാധനാകര്‍മങ്ങളെല്ലാം കുര്‍ദ് ഭാഷയിലാണ്. മൊസൂള്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയായി വടക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ലാലഷ് ആണ് അവരുടെ തീര്‍ഥാടന കേന്ദ്രം.
പ്രമുഖ നേതാക്കള്‍
അദിയ്യുബ്‌നു മുസാഫിര്‍: അബ്ബാസി ഭരണകൂടത്തെ ഭയന്ന് അദ്ദേഹം കുര്‍ദിസ്ഥാനിലെ ഹകാരിയ്യയിലേക്ക് ഓടി രക്ഷപ്പെട്ടു. മര്‍വാനുബ്‌നുല്‍ ഹകമുമായി കുടുബബന്ധമുള്ളയാളായിരുന്നു അദ്ദേഹം. അവിടെ വെച്ച് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയെ കണ്ടുമുട്ടുകയും തസ്വവ്വുഫ് സ്വീകരിക്കുകയും ചെയ്തു. ക്രി. 1073/1078-ല്‍ ജനിച്ച അദ്ദേഹം 90 വര്‍ഷം ജീവിച്ചു. ലാലഷില്‍ മറവുചെയ്യപ്പെട്ടു.
സ്വഖ്‌റുബ്‌നു സ്വഖ്‌റുബ്‌നു മുസാഫിര്‍: ശൈഖ് അബുല്‍ ബറകാത്ത് എന്നറിയപ്പെടുന്ന അദ്ദേഹം പിതൃവ്യനായ അദിയ്യുബ്‌നു മുസാഫിറിന്റെ പിന്‍ഗാമിയായിരുന്നു. ലാലഷില്‍ പിതൃവ്യന്റെ ഖബ്‌റിനു സമീപം മറവു ചെയ്യപ്പെട്ടു.
അദിയ്യുബ്‌നു അബില്‍ ബറകാത്ത്: കുര്‍ദി എന്ന പേരില്‍ അറിയപ്പെടുന്ന ഇദ്ദേഹം ഹിജ്‌റ 615ല്‍ അന്തരിച്ചു.
ശംസുദ്ദീന്‍ അബൂമുഹമ്മദ്: അദിയ്യുബ്‌നു അബില്‍ ബറകാത്തിന്റെ മകനായ ഇദ്ദേഹം ശൈഖ് ഹസന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിജ്‌റ 591-ല്‍ ജനിച്ച ഇദ്ദേഹമാണ് അദിയ്യിനോടും യസീദുബ്‌നു മുസാഫിറിനോടുമുള്ള സ്‌നേഹം കാരണം അവരെയും ഇബ്‌ലീസിനെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. കിതാബുല്‍ ജല്‍വ ലി അസ്വ്ഹാബില്‍ ഖല്‍വ, മഹ്കുല്‍ ഈമാന്‍, ഹിദായതുല്‍ അസ്വ്ഹാബ് എന്നീ കൃതികള്‍ രചിച്ച ഇദ്ദേഹം തന്റെ നാമം ശഹാദത്തില്‍ (സത്യസാക്ഷ്യവചനം) ഉള്‍പ്പെടുത്തുകയും ചെയ്തു. ഹിജ്‌റ 644-ല്‍ അന്തരിച്ചു.
ശൈഖ് ഫഖ്‌റുദ്ദീന്‍, ശറഫുദ്ദീന്‍ മുഹമ്മദ് (ഹി. 655-ല്‍ കൊല്ലപ്പെട്ടു), സൈനുദ്ദീന്‍ യൂസുഫ് ബിന്‍ ശറഫുദ്ദീന്‍ മുഹമ്മദ് (മരണം ഹി. 725ല്‍) എന്നിവരായിരുന്നു മറ്റു പ്രമുഖ നേതാക്കള്‍. പിന്നീട്, ശൈഖ് സൈനുദ്ദീന്‍ അബുല്‍ മഹാസിന്‍ എന്നയാള്‍ ശാമിലെ യസീദികളുടെ അമീറായി നിയമിതനായി. മംലൂകി ഭരണാധികാരിയായിരുന്ന സൈഫുദ്ദൗല ഖലാവൂന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജയിലില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ശൈഖ് ഇസ്സുദ്ദീന്‍ നേതൃസ്ഥാനത്തെത്തി. ശാം ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അമീറുല്‍ ഉമറാഅ് എന്ന അപരനാമത്തില്‍ അറിയപ്പെട്ട അദ്ദേഹം ഉമവി വിപ്ലവത്തിന് ശ്രമിച്ചതിന്റെ ഫലമായി പിടികൂടപ്പെടുകയും തറവറയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കിടയിലും അവരുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. രഹസ്യം മറച്ചുവെക്കുന്നതില്‍ ഏറെ സമര്‍ഥരായിരുന്നു അവര്‍.
1969-ല്‍ ബഗ്ദാദിലെ റശീദ് സ്ട്രീറ്റില്‍ അല്‍മക്തബുല്‍ അമവീ ലിദ്ദഅ്‌വതില്‍ അറബിയ്യ എന്ന പേരില്‍ ഒരു ഓഫീസ് തുറക്കാന്‍ അവര്‍ക്ക് അനുമതി ലഭിച്ചു. അറബ് ഉമവീ ദേശീയതയായിരുന്നു അവരുടെ മുദ്രാവാക്യം. യസീദിയ്യ വിഭാഗത്തിന്റെ പരിണാമത്തെ ഇങ്ങനെ സംക്ഷേപിക്കാം:
ഒന്നാം ഘട്ടം: യസീദുബ്‌നു മുആവിയയോടുള്ള സ്‌നേഹത്തില്‍ നിന്ന് വളര്‍ന്ന ഉമവീ രാഷ്ട്രീയ പ്രസ്ഥാനമായി തുടക്കം കുറിച്ചു. രണ്ടാം ഘട്ടം: അദിയ്യുബ്‌നു മുസാഫിറിന്റെ കാലത്ത് അത് അദവിയ്യ ത്വരീഖത്തായി മാറി. മൂന്നാം ഘട്ടം: ഇസ്‌ലാമിക വിരുദ്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ശൈഖ് ഹസന്റെ ഗ്രന്ഥങ്ങള്‍ പുറത്തുവന്നു. നാലാം ഘട്ടം: ഇസ്‌ലാമില്‍ നിന്ന് പൂര്‍ണമായും പുറത്തുപോവുകയും എഴുത്തും വായനയും അഭ്യസിക്കല്‍ നിഷിദ്ധമായി പ്രഖ്യാപിക്കുകയും തെറ്റായ വിശ്വാസാചാരങ്ങള്‍ അവരുടെ അധ്യാപനങ്ങളില്‍ കടന്നുകൂടുകയും ചെയ്തു.
ആദര്‍ശവും ആചാരങ്ങളും
യസീദുബ്‌നു മുആവിയയുടെ ഭരണകാലത്ത് കര്‍ബലയില്‍ വെച്ച് ഹുസൈനും(റ) കൂട്ടരും അതിദാരുണമായി വധിക്കപ്പെട്ടതോടെ ശിഈ വിഭാഗം യസീദിനെ ശപിക്കാനും അദ്ദേഹം മദ്യപാനിയും വഴിതെറ്റിയവനുമാണെന്ന് പ്രചരിപ്പിക്കാനും തുടങ്ങി. ഉമവീ ഭരണകൂടം നിലംപതിച്ചതോടെ അതിന്റെ വീണ്ടെടുപ്പിനായി രംഗത്തുവന്ന യസീദിയ്യ വിഭാഗം യസീദിനെ ശപിക്കുന്നത് വലിയ അപരാധമായി പ്രഖ്യാപിച്ചു. പിന്നീട് ആരെയും ശപിക്കാന്‍ പാടില്ലെന്നും ശാപം തന്നെ പാപമാണന്നും വിധിച്ചു. എന്നാല്‍ ഖുര്‍ആനില്‍ ഇബ്‌ലീസിനെ ശപിക്കുന്ന ഭാഗം അവര്‍ക്ക് വിനയായി. അതു മറികടക്കാന്‍ ഖുര്‍ആനിലെ അത്തരം പരാമര്‍ശങ്ങളെല്ലാം അവര്‍ മായ്ച്ചുകളഞ്ഞു. അതൊന്നും ഖുര്‍ആനില്‍ ഉണ്ടായിരുന്നില്ലെന്നും പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നുമായിരുന്നു അവരുടെ വാദം.
തുടര്‍ന്ന് അവര്‍ ഇബ്‌ലീസിനെ വിശുദ്ധനായി വാഴ്ത്തി. അതിന് കാരണമായി അവര്‍ പറയുന്നു: ''ഇബ്‌ലീസ് ആദമിന് സുജൂദ് ചെയ്തില്ല. അല്ലാഹുവല്ലാത്തവര്‍ക്ക് സുജൂദ് ചെയ്യാന്‍ പാടില്ല എന്ന കല്‍പന മലക്കുകള്‍ മറന്നപ്പോള്‍ അത് വിസ്മരിക്കാതെ നിന്ന ഇബ്‌ലീസാണ് ആദ്യത്തെ ഏകദൈവ വിശ്വാസി. ആദമിന് സുജൂദ് ചെയ്യാനുള്ള അല്ലാഹുവിന്റെ കല്‍പന ഒരു പരീക്ഷയായിരുന്നു. അതില്‍ ഇബ്‌ലീസ് വിജയിച്ചു. അതുകൊണ്ട് ഇബ്‌ലീസാണ് ഏകദൈവ വിശ്വാസികളില്‍ ഒന്നാമന്‍. അങ്ങനെ ഇബ്‌ലീസിനെ അല്ലാഹു മലക്കുകളുടെ നേതാവായി(ത്വാവൂസുല്‍ മലാഇക) പ്രഖ്യാപിച്ചു.'' ഇലാഹാകാന്‍ വരെ യോഗ്യതയുള്ളയാളാണ് ഇബ്‌ലീസെന്നും അതിനാല്‍ ഇബ്‌ലീസിന്റെ കോപം പതിക്കാതിരിക്കാന്‍ അവനെ പ്രകീര്‍ത്തിക്കുകയാണെന്നുമാണ് അവരുടെ മറ്റൊരു വാദം. ഇബ്‌ലീസ് സ്വര്‍ഗത്തില്‍ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടിട്ടില്ലെന്നും യസീദികളുടെ സംരക്ഷണത്തിനായി ഭൂമിയിലേക്ക് വന്നതാണെന്നും അവര്‍ വിശ്വസിക്കുന്നു.
'ത്വാവൂസുല്‍ മലാഇക' എന്നാണ് അവര്‍ ഇബ്‌ലീസിനെ പരിചയപ്പെടുത്തുന്നത്. ചെമ്പ് കൊണ്ടുള്ള ഒരു മയിലിന്റെ രൂപമാണത്. അതുപയോഗിച്ച് ഗ്രാമഗ്രാമാന്തരങ്ങളില്‍ കയറിയിറങ്ങി അവര്‍ ധനം സമ്പാദിക്കുമായിരുന്നു. ഈ മയിലാണ് അവരുടെ മതത്തിന്റെ പ്രധാന ചിഹ്നം.
ശഹാദത്ത്: അശ്ഹദു വാഹിദുല്ലാഹ്, സുല്‍ത്വാന്‍ യസീദ് ഹബീബുല്ലാഹ് എന്നതാണ് അവരുടെ സാക്ഷ്യവചനം.
നോമ്പ്: ഓരോ വര്‍ഷവും ഡിസംബറില്‍ മൂന്ന് നോമ്പനുഷ്ഠിക്കുന്നു. യസീദുബ്‌നു മുആവിയയുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിയാണത് അനുഷ്ഠിക്കുന്നത്. അതേസമയം ഐഛികമായി കൂടുതല്‍ നോമ്പനുഷ്ഠിക്കാം.
സകാത്ത്: മയിലിന്റെ രൂപം ഉപയോഗിച്ച് പിരിച്ചെടുക്കുന്ന പണം നേതാക്കള്‍ക്ക് നല്‍കുന്നു.
ഹജ്ജ് : ഇറാഖിലെ ലാലഷിലാണ് അവരുടെ ഹജ്ജ്. അവിടെയുള്ള മലയും നീരുറവയും അറഫക്കും സംസമിനും പകരമായി അവര്‍ കാണുന്നു. ഓരോ വര്‍ഷവും ദുല്‍ഹജ്ജ് പത്തിന് ലാലഷിലെത്തി അവിടെ അറഫാ മല എന്ന് അവര്‍ കരുതുന്ന മലയില്‍ നില്‍ക്കുന്നു.
നമസ്‌കാരം: ശഅ്ബാന്‍ 15ന് രാത്രിയില്‍ അവര്‍ നമസ്‌കരിക്കുന്നു. ഒരു വര്‍ഷത്തെ നമസ്‌കാരത്തിന് തുല്യമാണ് അതെന്നാണ് വാദം.
മരണാനന്തര സംഗമം: ഇറാഖിലെ സന്‍ജാര്‍ മലയിലുള്ള ബാത്വത്വ് എന്ന ഗ്രാമമാണ് മഹ്ശര്‍ എന്നും അദിയ്യിന്റെ മുമ്പില്‍ ത്രാസ് സ്ഥാപിക്കപ്പെടുകയും അദ്ദേഹം ജനങ്ങളെ വിചാരണ നടത്തി തന്റെ വിഭാഗത്തെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു.
നേതാക്കളുടെ ഖബ്‌റിടത്തില്‍ വിളക്കുവെക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുന്നു. മറ്റു വിഭാഗങ്ങളില്‍ നിന്ന് വിവാഹം ചെയ്യുന്നത് നിഷിദ്ധമാണെന്നും ഒരു യസീദിക്ക് ആറ് പേരെ വിവാഹം ചെയ്യാമെന്നും പഠിപ്പിക്കുന്നു. നീല നിറത്തെ അവര്‍ ആദരിക്കുന്നു. മയിലിന്റെ നിറങ്ങളില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് അതാണ് എന്നതാണ് ന്യായം.
അവര്‍ക്ക് അക്ഷരാഭ്യാസം നേടല്‍ നിഷിദ്ധമാണ്. അതിനാല്‍ അജ്ഞതയും നിരക്ഷരതയും അവര്‍ക്കിടയില്‍ വ്യാപകമാണ്. അത് കൂടുതല്‍ അന്ധവിശ്വാസങ്ങളിലേക്കും വഴികേടിലേക്കും നയിക്കുന്നു. രണ്ട് വിശുദ്ധ ഗ്രന്ഥങ്ങളാണ് അവര്‍ക്കുള്ളത്. അല്ലാഹുവിന്റെ വിശേഷണങ്ങളും വസ്വിയ്യത്തുകളും വിവരിക്കുന്ന 'അല്‍ജല്‍വ'യാണ് ഒന്ന്. പ്രപഞ്ചത്തിന്റെയും മലക്കുകളുടെയും സൃഷ്ടിപ്പ്, യസീദിയ്യ വിഭാഗത്തിന്റെ ഉല്‍ഭവം, അവരുടെ വിശ്വാസാദര്‍ശങ്ങള്‍ എന്നിവ വിവരിക്കുന്ന 'അല്‍കിതാബുല്‍ അസ്‌വദ്' (മുസ്വ്ഹഫു റശ്) ആണ് രണ്ടാമത്തേത്.
സൂര്യനാണ് അവരുടെ ഖിബ്‌ല. അല്ലാഹുവിന്റെ ഏറ്റവും വലിയ സൃഷ്ടി എന്ന പരിഗണന വെച്ചുകൊണ്ടാണത്. സൂര്യന്‍ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും അതിനെ നോക്കി യസീദികള്‍ പ്രാര്‍ഥിക്കുന്നു. നേതാക്കളുടെ ജന്മദിനം ഉള്‍പ്പെടെ പലവിധത്തിലുള്ള ആഘോഷങ്ങളുണ്ട് അവര്‍ക്ക്. 'കറുത്ത രാത്രി' എന്നറിയപ്പെടുന്ന രാത്രിയില്‍ എല്ലാ പ്രകാശവും അണച്ച്, മദ്യവും മറ്റു നിഷിദ്ധകാര്യങ്ങളുമായി ആ രാത്രി ചെലവഴിക്കുന്നു.
സൂഫികള്‍, മജൂസികള്‍, യഹൂദര്‍, ക്രൈസ്തവര്‍, വിഗ്രഹാരാധകര്‍, പ്രകൃതി ശക്തികളെ ആരാധിക്കുന്നവര്‍ തുടങ്ങിയവരുമായുള്ള സമ്പര്‍ക്കം തെറ്റായ പല ധാരണകളും യസീദിയ്യ വിഭാഗത്തിലേക്ക് പകര്‍ന്നിട്ടുണ്ട്. അവരുടെ അജ്ഞത അതിന് ആക്കം കൂട്ടുകയും ചെയ്തു. ക്രൈസ്തവ പുരോഹിതരുടെ കൈകള്‍ അവര്‍ ചുംബിക്കാറുണ്ട്. അവരോടൊപ്പം തിരുവത്താഴം കഴിക്കുന്ന അവര്‍, മദ്യം യേശുവിന്റെ യഥാര്‍ഥ രക്തമാണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ മദ്യം കുടിക്കുമ്പോള്‍ ഒരു തുള്ളി പോലും നിലത്തുവീഴാതിരിക്കാനും താടിയിലൂടെ ഒലിക്കാതിരിക്കാനും അവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുന്നു.
ക്രിസ്ത്യാനികളില്‍നിന്ന് മാമോദിസ മുക്കുന്ന രീതിയും അവര്‍ സ്വീകരിച്ചു. കുട്ടിക്ക് ഒരാഴ്ച പ്രായമായാല്‍ അദിയ്യുബ്‌നു മുസാഫിറിന്റെ മഖ്ബറയിലേക്ക് കൊണ്ടുവരികയും അവിടെ വെച്ച് 'വെളുത്ത അരുവി'യിലെ വെള്ളത്തില്‍ (അവരുടെ വീക്ഷണത്തില്‍ അത് സംസമാണ്) മുക്കുകയും, ഉച്ചത്തില്‍ അവന്റെ പേര് വിളിച്ച് യസീദിലും ത്വാവൂസ് മലകി(ഇബ്‌ലീസി)ലും വിശ്വസിക്കൂ എന്നുണര്‍ത്തുകയും ചെയ്യുന്നു. യസീദിന് ദൈവിക പരിവേഷം നല്‍കുന്ന അവര്‍ അല്ലാഹു, യസീദ്, അദിയ്യ് എന്ന ക്രമം തന്നെ നിശ്ചയിച്ചിട്ടുണ്ട്.
ഈ വിഭാഗത്തിലെ ഭൂരിപക്ഷം ആളുകളും ഇറാഖിലാണെങ്കിലും സിറിയ, തുര്‍ക്കി, ഇറാന്‍, റഷ്യ എന്നിവിടങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്.
(അവലംബം: saaid.net, islamweb.net)
Comments