Prabodhanm Weekly

Pages

Search

2014 സെപ്റ്റംബര്‍ 05

ഇരുപതാം നൂറ്റാണ്ടിലെ അഞ്ചു ദുരന്തങ്ങളും <br>സമകാലിക മുസ്‌ലിം സമൂഹവും

പി.പി അബ്ദുര്‍റസാഖ് /കവര്‍‌സ്റ്റോറി

ഈജിപ്തില്‍ അറബ് വസന്താനന്തരം ഒരു വര്‍ഷത്തെ മുര്‍സി ഭരണത്തിലൂടെ കണ്ടതും ഇപ്പോള്‍ ഗസ്സയില്‍ ഹമാസിലൂടെ കാണുന്നതും കൂരിരുട്ടിലെ മിന്നല്‍പിണരുകളാണ്. ആ മിന്നല്‍പിണറില്‍ സത്യവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്ന ലോകം കണ്ടത്, രാജാധിപത്യത്തിന്റെയും ഏകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും മത പൗരോഹിത്യത്തിന്റെയും സയണിസത്തിന്റെയും കറുത്ത ഗൂഢശക്തികള്‍ മധ്യപൗരസ്ത്യ ദേശത്തിന്റെ ഹൃദയത്തില്‍ വിരിഞ്ഞു മൊട്ടിടാന്‍ നില്‍ക്കുന്ന ഇസ്‌ലാമിക വസന്തത്തെ ഗളഹസ്തം ചെയ്യുന്നതിന് നടത്തുന്ന കൂട്ടായ ശ്രമമായിരുന്നു. 

         ബ്രിട്ടീഷ്-ഫ്രഞ്ച് സാമ്രാജ്യങ്ങള്‍ ഇന്നത്തെ അമേരിക്കന്‍ സാമ്രാജ്യത്വം പോലെ തന്നെ ആഗോള തലത്തിലും ദേശീയ തലത്തിലും അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന മുസ്‌ലിം പ്രതിരോധത്തെ ദുര്‍ബലമാക്കുന്നതിനു വേണ്ടി അവരുടെ ഇന്റലിജെന്‍സ് ലാബില്‍ ഒത്തിരി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതിന്റെ ഉപോല്‍പന്നങ്ങള്‍ ആയിരുന്നു ഖാദിയാനിസവും ബഹായിസവും. ഇതോടൊപ്പം തന്നെ മുസ്‌ലിംകള്‍ക്കിടയില്‍ ഇസ്‌ലാംവിരുദ്ധ പ്രസ്ഥാനങ്ങളെ  വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമവും നടത്തിയിരുന്നു. ഇതൊന്നും വേണ്ടത്ര വിജയിച്ചില്ലെങ്കിലും ആഗോള മുസ്‌ലിം സമൂഹത്തിനു പെട്ടെന്നൊന്നും ഇല്ലാതാക്കാന്‍ സാധിക്കാത്ത അഞ്ചു കാര്യങ്ങള്‍ അവര്‍ വളരെ സമര്‍ഥമായി ചെയ്തു. ഈ അഞ്ചു കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിം ലോകത്തിന്റെ ദുരന്തമായി മാറുകയും അവയുടെ തുടര്‍ച്ച ആ ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. ഒരു പക്ഷേ മുസ്‌ലിം ലോകത്തിന് ഈ പഞ്ച ദുരന്തങ്ങളില്‍ നിന്ന് മോചിതമാവാതെ ഒരു ജനതയെന്ന നിലയിലും രാഷ്ട്ര സമൂഹമെന്ന നിലയിലും നിലവിലെ പതിതാവസ്ഥയില്‍ നിന്ന് കരകയറാനാവില്ല 

ഇറാഖിലെ പുതിയ സംഭവ വികാസങ്ങള്‍ക്കും ഗസ്സയുടെ നേരെയുള്ള ഇസ്രയേലി ഉപരോധത്തിനും ആക്രമണത്തിനും ഖത്തറും തുര്‍ക്കിയും ഒഴിച്ചുള്ള അറബ്മുസ്‌ലിം രാജ്യങ്ങള്‍ നല്‍കുന്ന മൗനാനുവാദവും പിന്തുണയും തെളിയിക്കുന്നതും അതു തന്നെയാണ്.   2008-ലെ ഗസ്സക്ക് നേരെയുള്ള ഇസ്രയേലി ആക്രമണം തുടങ്ങിയത് അപ്പോഴത്തെ ഈജിപ്ഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ഇസ്രയേലി സന്ദര്‍ശനം കഴിഞ്ഞു ഒരാഴ്ച പിന്നിട്ടപ്പോഴാണ്. 2012-ലെ ആക്രമണം വിപ്ലവാനന്തരം പുതുതായി വന്ന മുര്‍സി ഭരണകൂടത്തെ വെട്ടിലാക്കി പരീക്ഷിക്കാന്‍ ആസൂത്രണം ചെയ്തതായിരുന്നു. ഈജിപ്തിലെ വെറും ഒരു വര്‍ഷം മാത്രം പ്രായമായ മുര്‍സി ഭരണകൂടത്തെ മറിച്ചിടാന്‍ ഇസ്രയേല്‍ നല്‍കിയ പിന്തുണക്കുള്ള ബില്‍ അടക്കുന്ന യുദ്ധമാണ്, ഈജിപ്തിലെ ബ്രദര്‍ഹുഡിന്റെ തുടര്‍ച്ച മാത്രമായി കരുതപ്പെടുന്ന, അതുകൊണ്ട് തന്നെ അയല്‍പക്കത്തെ ഏകാധിപതികളുടെയും പട്ടാള ഭരണാധികാരികളുടെയും ഇസ്രയേലിന്റെയും പൊതുവായ ശത്രുവായി കണക്കാക്കപ്പെടുന്ന ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം.

ഫലസ്ത്വീന്‍ പ്രശ്‌നം ആരംഭിക്കുന്നതും അറബ് രാജ്യങ്ങള്‍ ഏറക്കുറെ നൂറു വര്‍ഷം മുമ്പ് സ്വീകരിച്ച സമാന സ്വഭാവത്തിലുള്ള സമീപനത്തിലൂടെയായിരുന്നു. ഇന്ന് ഇസ്‌ലാമിക ജനകീയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കെതിരായിട്ടാണെങ്കില്‍ അന്ന് അത് ക്ഷയോന്മുഖമായിരുന്നെങ്കിലും, മുസ്‌ലിം ലോകത്തെ രാഷ്ട്രീയമായി എകീകരിച്ചിരുന്ന തുര്‍ക്കി കേന്ദ്രീകൃതമായ രാഷ്ട്രീയ ക്രമത്തിനെതിരെ അന്നത്തെ സാമ്രാജ്യത്വ ശക്തിയായിരുന്ന ബ്രിട്ടനുമായി രഹസ്യ ധാരണയുണ്ടാക്കിയിട്ടായിരുന്നു. സാമ്രാജ്യത്വത്തിന്റെ ചതിക്കുഴികളെക്കുറിച്ച് സാമാന്യ രാഷ്ട്രീയ ബോധം പോലുമില്ലാതെ, ബ്രിട്ടീഷ് സാമ്രാജ്യത്വം സയണിസ്റ്റുകളുമായുള്ള  രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഉറപ്പുകളെ കുറിച്ച ഒരു പിടിപാടുമില്ലാതെ,  ബ്രിട്ടീഷ് സാമ്രാജ്യത്വം ഒന്നാം ലോക യുദ്ധാനന്തരം ഫ്രഞ്ച് സാമ്രാജ്യവുമായി ചേര്‍ന്ന് (പിക്കോ സൈക്‌സ് കരാര്‍)  മധ്യ പൗരസ്ത്യ ദേശത്തെ നെടുകെയും കുറുകെയും സങ്കീര്‍ണമായ ജിഗ്‌സൗ പസ്ല്‍ പോലെ വിഭജിച്ചു വീതം വെച്ചെടുക്കാന്‍ നടത്തുന്ന ഗൂഢാലോചനകളെ കുറിച്ച് ഒരു ചുക്കും അറിയാതെ,  വെറും സങ്കുചിതവും സ്വാര്‍ഥ വുമായ അധികാര താല്‍പര്യങ്ങള്‍ക്ക് വേണ്ടി തുര്‍ക്കി കേന്ദ്രീകരിച്ചുണ്ടായിരുന്ന ഖിലാഫത്തിനെതിരെ ഇസ്‌ലാമിനു അന്യവും അപരിചിതവുമായ സങ്കുചിത ദേശീയത്വ ചിന്താഗതിക്ക് അടിപ്പെട്ട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കങ്കാണിപ്പണി എടുക്കുകയായിരുന്നു. 

തുടക്കത്തില്‍ തുര്‍ക്കി ഖിലാഫത്തിനെതിരെ തന്റെ കൂടെയുള്ള ബിദൂനികളെ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതിന് ബ്രിട്ടന്‍ ആയുധവും പണവും വാഗ്ദാനം ചെയ്തു. പിന്നെ യുദ്ധം ജയിച്ചാല്‍ സിറിയയും ഇറാഖും ഉള്‍പ്പെടെയുള്ള വിശാലമായ അറബ് ദേശമെന്ന സ്വപ്നം  സാക്ഷാത്കരിച്ചു കൊടുക്കുമെന്നുള്ള ബ്രിട്ടന്റെ കപട വാഗ്ദാനത്തെ കണ്ണടച്ച് വിശ്വസിച്ചു. ഈ പണിക്കു തുടക്കം കുറിച്ചത് മറ്റാരുമായിരുന്നില്ല.  മക്കയിലെ അന്നത്തെ ഗവര്‍ണര്‍ ആയിരുന്ന ഹുസൈന്‍ ശരീഫ് ആയിരുന്നു.   ഇതിലൂടെ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ക്ക് ഒരേസമയത്ത് ഖിലാഫത്ത് അവസാനിപ്പിക്കാനും അറബ്-മുസ്‌ലിം രാജ്യങ്ങളെ വിഭജിച്ചു തുണ്ടംതുണ്ടമാക്കാനും, ഫലസ്ത്വീനില്‍ ജൂത വംശീയതയിലധിഷ്ഠിതമായ ഒരു രാജ്യത്തിന്റെ സംസ്ഥാപനത്തിനു അസ്തിവാരമിടാനും വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു.  അതെ, സയണിസ്റ്റ് നേതാവായിരുന്ന തിയോദേര്‍ ഹെര്‍സേല്‍ ഉസ്മാനിയ ഖിലാഫത്തിന്റെ കടം തീര്‍ക്കാനും നാവിക സേനയെ കെട്ടിപ്പടുക്കാനും സഹായിക്കാമെന്നും വികസനത്തിനു വേണ്ടി 35 മില്യന്‍ ലിറ സംഭാവന ചെയ്യാമെന്നും വാഗ്ദാനം ചെയ്തിട്ടും സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍,  അദ്ദേഹത്തിനു മറ്റെന്തൊക്കെ ഭരണപരമായ തകരാറുകള്‍ ഉണ്ടായിരുന്നെങ്കിലും  'തന്റെ പൂര്‍വികര്‍ വിജയിച്ച ഫലസ്ത്വീന്‍ ഭൂമി ഞാന്‍ പണത്തിനു വില്‍ക്കില്ല; ജൂതന്മാര്‍ക്ക് അവരുടെ കാശ് അവരുടെ അടുക്കല്‍ തന്നെ സൂക്ഷിക്കാം' എന്ന് പറഞ്ഞുകൊണ്ട് തിരസ്‌കരിച്ച ഫലസ്ത്വീന്‍ ഭൂമിയിലേക്ക് ജൂത കുടിയേറ്റത്തിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത് ബ്രിട്ടന്‍ ഹുസൈന്‍ ശരീഫുമായുണ്ടാക്കിയ  ഈ ധാരണയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടനു ഫലസ്ത്വീന്‍ ഭൂമി ഒന്നാം ലോക യുദ്ധത്തിന്റെ തുടക്കത്തില്‍ തന്നെ കീഴടക്കാന്‍ സാധിച്ചത് കൊണ്ടായിരുന്നു. 

ഈ ധാരണ രൂപപ്പെട്ടത് പില്‍ക്കാലത്ത് മെക്മഹോന്‍- ഹുസൈന്‍ കാത്തിടപാട് (The McMahon-Hussein Correspondence) എന്ന് അറിയപ്പെട്ട ആശയ വിനിമയത്തിലൂടെയായിരുന്നു. സര്‍ ഹെന്റി  മെക്മഹോന്‍ അക്കാലത്തെ ഈജിപ്തിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ആയിരുന്നു. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും ഈജിപ്തിലെ മുര്‍സി ഭരണകൂടത്തെ അട്ടിമറിക്കുന്നതിനും ഹമാസിനെ യുദ്ധം ചെയ്തു തകര്‍ക്കാന്‍ സഹായിക്കുന്നതിനും പുതിയ ലോകത്തെ രാജാക്കന്മാര്‍ക്കും സ്വേഛാധിപതികള്‍ക്കും എന്തെല്ലാം കപട വാഗ്ദാനങ്ങളായിരിക്കും നല്‍കിയിട്ടുണ്ടാവുക!   

സ്വന്തം ചരിത്രത്തില്‍നിന്നു പോലും ഒന്നും പഠിക്കാത്ത, സ്വഭാവത്തിലും നയപരിപാടികളിലും ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലാത്ത അറബ് ഭരണാധികാരികളില്‍ ചരിത്രം അതേപടി ആവര്‍ത്തിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ കപട വിശ്വാസികളെ കുറിച്ച് പറഞ്ഞത് പോലെ, ''ഓരോ വര്‍ഷവും ഇവര്‍ ഒന്നോ രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.  എന്നിട്ടും അവര്‍ തങ്ങളുടെ നിലപാടുകള്‍ പുനഃപരിശോധിക്കുകയോ എന്തെങ്കിലും പാഠം പഠിക്കുകയോ ചെയ്യുന്നില്ല''( 9:126).  

ആകെ പ്രതീക്ഷ നല്‍കുന്ന വ്യത്യാസം അന്നത്തേതില്‍ നിന്ന് ഭിന്നമായി ശക്തമായ രാഷ്ട്രീയ അവബോധമുള്ള ജനകീയ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പ്രതിരോധിക്കാനുണ്ട് എന്നതാണ്.  അതുതന്നെയാണ് സാമ്രാജ്യത്വത്തിന്റെയും സ്വേഛാധിപതികളുടെയും ഉറക്കം കെടുത്തുന്നതും അവരെ നശിപ്പിക്കാന്‍ ഒരുമിച്ചു നിന്ന് ഗൂഢാലോചനകള്‍ മെനയാന്‍ അവരെ പ്രേരിപ്പിക്കുന്നതും. ഈജിപ്തില്‍ അറബ് വസന്താനന്തരം ഒരു വര്‍ഷത്തെ മുര്‍സി ഭരണത്തിലൂടെ കണ്ടതും ഇപ്പോള്‍ ഗസ്സയില്‍ ഹമാസിലൂടെ കാണുന്നതും കൂരിരുട്ടിലെ മിന്നല്‍പിണരുകളാണ്. ആ മിന്നല്‍പിണറില്‍ സത്യവും നീതിയും പുലരാന്‍ ആഗ്രഹിക്കുന്ന ലോകം കണ്ടത്,  രാജാധിപത്യത്തിന്റെയും എകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും മത പൗരോഹിത്യത്തിന്റെയും സയണിസത്തിന്റെയും കറുത്ത ഗൂഢശക്തികള്‍ മധ്യപൗരസ്ത്യ ദേശത്തിന്റെ ഹൃദയത്തില്‍ വിരിഞ്ഞു മൊട്ടിടാന്‍ നില്‍ക്കുന്ന ഇസ്‌ലാമിക വസന്തത്തെ ഗളഹസ്തം ചെയ്യുന്നതിന് നടത്തുന്ന കൂട്ടായ ശ്രമമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതുപോലെ ''അല്ലാഹു സത്യവിശ്വാസികളെ അവര്‍ ഇപ്പോഴുള്ള അവസ്ഥയില്‍ വിട്ടേക്കാന്‍ ഉദ്ദേശിക്കുന്നില്ല.  അവരിലെ നല്ലവരെ ദുഷിച്ചവരില്‍നിന്ന് വേര്‍തിരിച്ചിട്ടല്ലാതെ.   ഭാവിയില്‍ നടക്കാന്‍ പോകുന്ന അദൃശ്യ കാര്യങ്ങള്‍ നിങ്ങളെ അറിയിക്കുക എന്നത് അല്ലാഹുവിന്റെ ചര്യയുമല്ല'  (3:179). ആര്‍  ആരുടെ കൂടെ എന്തിനു നിലകൊള്ളുന്നുവെന്ന് വേര്‍തിരിച്ച് മനസ്സിലാകാന്‍ സാധിക്കുന്ന ഒരു ശുദ്ധീകരണ പ്രക്രിയക്കാണ് ആഗോള മുസ്‌ലിംസമൂഹം വിധേയമായിക്കൊണ്ടിരിക്കുന്നത് എന്നര്‍ഥം. ഇന്ന് സിറിയയില്‍ നടക്കുന്നത് സീസിയുടെ ഭരണം ഇങ്ങനെ തുടര്‍ന്നാല്‍ നാളെ ഈജിപ്തിലും നടന്നു കൂടായ്കയില്ല.

1982-ല്‍ സിറിയയിലെ ഹുമായില്‍ ഇപ്പോഴത്തെ ഭരണാധികാരി ബശ്ശാറിന്റെ പിതാവ് സ്വേഛാധിപതിയായിരുന്ന ഹാഫിസുല്‍ അസദ് ചെയ്തത് കോപ്പിയടിക്കുകയായിരുന്നു സീസിയും സംഘവും. അന്ന് അവിടെ ഭരണകൂടത്തിനെതിരെയുള്ള സമാധാനപൂര്‍ണമായ  പ്രക്ഷോഭത്തില്‍ പങ്കെടുത്ത 40,000 ബ്രദര്‍ഹുഡ് പ്രവര്‍ത്തകരായിരുന്നു കൊല്ലപ്പെട്ടത്.   പിന്നീടു ബ്രദര്‍ഹുഡ് പ്രവര്‍ത്തകരാവുക എന്നത് വധശിക്ഷക്ക് അര്‍ഹമാകുന്ന കുറ്റമായി നിയമനിര്‍മാണം നടത്തുകയും ചെയ്തു. 1982-ലെ ഹമാ സംഭവത്തിനു നേരെ  അറബ് ഭരണകൂടങ്ങള്‍, ബ്രദര്‍ഹുഡിനെതിരെയുള്ള ക്രൂരതയായതുകൊണ്ടും ബ്രദര്‍ഹുഡ് തങ്ങളുടെ കൂടി അധികാരത്തിനു ഭീഷണിയായതുകൊണ്ടും കാര്യമായി പ്രതികരിച്ചില്ല. ഹാഫിസുല്‍ അസദാകട്ടെ, തന്റെ അധികാരം ഊട്ടിയുറപ്പിക്കുന്നതിനും, സൈന്യത്തില്‍ ന്യൂനപക്ഷ വിഭാഗമായ  അലവിയായ തനിക്കെതിരെ നീക്കം നടക്കാതിരിക്കുന്നതിനും സൈന്യത്തെ പൂര്‍വാധികം ശക്തമായി അലവിവത്കരിക്കുകയും ചെയ്തു.   ഇപ്പോള്‍ പരിഹരിക്കാനാവാത്ത പ്രതിസന്ധിയായി സിറിയന്‍ പ്രശ്‌നം വളര്‍ന്നതിന്റെ ചരിത്ര പശ്ചാത്തലം ഇതാണ്. ഏറക്കുറെ സിറിയയിലെ അലവികളുടെ അതേ ശതമാനമാണ് ഈജിപ്തിലെ കോപ്റ്റുകളും. നിലവില്‍ തന്നെ ഈജിപ്തിലെ ജുഡീഷ്യറിയിലും മീഡിയയിലും ബ്യൂറോക്രസിയിലും പോലീസിലും ഇവര്‍ ജനസംഖ്യാനുപാതത്തിനേക്കാളും വളരെയേറെ വേരുകള്‍ ആഴ്ത്തിക്കഴിഞ്ഞു. ഈജിപ്ഷ്യന്‍ സൈന്യം നീണ്ട എഴുപതു വര്‍ഷത്തെ അള്‍ട്രാ സെക്യുലരിസ്റ്റ് ഭരണത്തിനു കീഴില്‍ ഏറക്കുറെ ഇസ്‌ലാംവിരുദ്ധരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇനി സീസിയും അദ്‌ലി മന്‍സൂറും ചേര്‍ന്ന് ഹാഫിസുല്‍ അസദ് ചെയ്തത് പോലെ തങ്ങളുടെ അധികാരത്തിന് സൈന്യത്തില്‍നിന്ന് ഒരിക്കലും ഭീഷണി ഉയരാതിരിക്കുന്നതിനു സൈന്യത്തെ കോപ്റ്റിക് വത്കരിക്കുക കൂടി ചെയ്താല്‍ നാളത്തെ ഈജിപ്ത് ഇന്നത്തെ സിറിയയായി മാറിക്കൂടായ്കയില്ല. 1916-ല്‍  മക്കയിലെ ഗവര്‍ണര്‍ ആയിരുന്ന ഹുസൈന്‍ ശരീഫിനു  ബ്രിട്ടീഷ് ഗൂഢതന്ത്രങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത് പോലെ സീസിയെ പിന്തുണക്കുന്നവര്‍ക്ക് ഈ നീക്കം തിരിച്ചറിയാന്‍ കഴിയുന്നില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം മക്കാ ഗവര്‍ണര്‍ ആയിരുന്ന ഹുസൈന്‍ ശരീഫ് നല്‍കിയ  അവസരം ഉപയോഗിച്ച് ആദ്യമായി ശ്രദ്ധിച്ചതും കേന്ദ്രീകരിച്ചതും ഖിലാഫത്ത് അവസാനിപ്പിക്കുക എന്ന ദുരന്തം ആഗോള മുസ്‌ലിംകളില്‍ സാക്ഷാത്കരിക്കാനായിരുന്നു. അതോടുകൂടി  മറ്റു രണ്ടു ദുരന്തങ്ങളായി പരിണമിച്ച അറബ് മുസ്‌ലിം രാജ്യങ്ങളെ  വിഭജിക്കുക എന്നതും ഫലസ്ത്വീനില്‍ ഇസ്രയേല്‍ രാജ്യം സ്ഥാപിക്കുക എന്നതും എളുപ്പമായിത്തീര്‍ന്നു.  അങ്ങനെയാണ്  1300-ലേറെ വര്‍ഷം നിലനിന്ന ഖിലാഫത്ത് നിര്‍ത്തലാക്കി ഇസ്‌ലാമിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കം മുസ്‌ലിംനാമധാരികളെ തന്നെ ഉപയോഗിച്ച് ഇല്ലാതാക്കിയത്. ഖിലാഫത്ത് ഇല്ലാതാക്കിയതോടുകൂടിത്തന്നെ അവര്‍ക്ക് നേരത്തേ പറഞ്ഞ രാഷ്ട്രീയ സാമൂഹിക ഉള്ളടക്കം നിഷേധിക്കാനും ഇല്ലാതാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കാനും അതില്‍ ബഹുദൂരം മുന്നേറാനും സാധിച്ചു.  അതോടൊപ്പം തന്നെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളെ കൊച്ചു കൊച്ചു രാജ്യങ്ങളായി വിഭജിച്ചു; അവയുടെ പൊതുവായ ചരിത്രമോ ഭാഷയോ മതമോ ഭൂമിശാസ്ത്രമോ ഒന്നും പരിഗണിക്കാതെ. അങ്ങനെയാണ് ഒരേ ഭാഷ സംസാരിക്കുന്ന, ഒരേ മതവിശ്വാസികളായ, പൊതുവായ ചരിത്രം പങ്കുവെക്കുന്ന ഒരു ജനത ഇരുപതിലേറെ രാജ്യങ്ങളായി പരസ്പരം കലഹിക്കുന്ന സാഹചര്യമുണ്ടായത്. ഇതിനും പുറമേ,  ഇപ്പോള്‍ അമേരിക്ക അഫ്ഗാനിലും ഇറാഖിലും ചെയ്യാന്‍ ശ്രമിക്കുന്നതുപോലെ, തങ്ങളുടെ എജന്റുമാരായി തങ്ങള്‍ തന്നെ നിശ്ചയിച്ച ഭരണാധികാരികള്‍ക്കെതിരെ വല്ല ജനകീയ പ്രക്ഷോഭവും ഉണ്ടാകുന്നപക്ഷം അതിനെ  കിരാതവും ക്രൂരവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തങ്ങള്‍ തന്നെ തെരഞ്ഞെടുത്തു പരിശീലിപ്പിച്ച ഇസ്‌ലാംവിരുദ്ധ അള്‍ട്രാ സെക്യുലര്‍ സൈന്യത്തെയും ഈ രാജ്യങ്ങളില്‍ അവര്‍ അവശേഷിപ്പിച്ചു. ഇസ്‌ലാമിന് അന്യവും വിരുദ്ധവും പാശ്ചാത്യ സംസ്‌കൃതിയുടെ ജീര്‍ണോല്‍പന്നവുമായ കൃത്രിമവും സങ്കുചിതവുമായ ദേശീയത്വ പരിവേഷം കൂടി ഇതിനു നല്‍കിയതോടെ ഈ ദുരന്ത ഗര്‍ത്തത്തിന്റെ ആഴം വര്‍ധിക്കുകയും അതൊരു ഗര്‍ത്തമാണെന്നു പോലും അറിയാതെയും മനസ്സിലാക്കാതെയും അതില്‍ ആപതിച്ചവര്‍ ആ അവസ്ഥയെ അവരുടെ സുഖവാസാവസ്ഥയായി ഗണിക്കുകയും ചെയ്തു. ഈ നാമമാത്ര മുസ്‌ലിംകളെയും അവര്‍ക്ക് എറാന്‍മൂളികളായി വര്‍ത്തിച്ച മുല്ലാ-മൗലവിമാരെയും സാമ്രാജ്യത്വം സമുചിതമായി ഉപയോഗപ്പെടുത്തുകയുമുണ്ടായി. ഇതാണ് ഇരുപതാം നൂറ്റാണ്ടില്‍ ആഗോള ഇസ്‌ലാമിക സമൂഹത്തിനു അഭിമുഖീകരിക്കേണ്ടിവന്ന രണ്ടാമത്തെ ദുരന്തം. 

മൂന്നാമത്തെ ദുരന്തം, ഐക്യ രാഷ്ട്ര സംഘടനയില്‍ ചില രാജ്യങ്ങള്‍ക്ക് മാത്രം സ്ഥിരാംഗത്വവും പ്രത്യേകാധികാരങ്ങളും വീറ്റോ പവറും നല്‍കിക്കൊണ്ടുള്ള സെക്യൂരിറ്റി കൗണ്‍സിലിന്റെ രൂപീകരണവും, അതേ സെക്യൂരിറ്റി കൗണ്‍സിലിനെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഇസ്രയേലിന്റെ രൂപീകരണവും, മുസ്‌ലിംലോകം കേന്ദ്രീകരിച്ചുകൊണ്ട് സാമ്രാജ്യത്വ ശക്തികള്‍ ഇതഃപര്യന്തമായി നടത്തിക്കൊണ്ടിരിക്കുന്ന ഉപജാപ പ്രവര്‍ത്തനങ്ങളുമാണ്. 

സാമ്രാജ്യത്വം വരുത്തിവെച്ച നാലാമത്തെ ദുരന്തം, മുസ്‌ലിംകളില്‍ മുസ്‌ലിം ലേബലില്‍ ഇസ്‌ലാമിന്റെ സാമൂഹിക ഉള്ളടക്കത്തെ നിഷേധിക്കുന്ന സെക്യുലര്‍ നേതാക്കളെയും കേവല ഭൗതിക തല്‍പരരെയും മറ്റും ഉപയോഗിച്ച് അവര്‍ കോളനിയാക്കി വെച്ചിരുന്ന മുസ്‌ലിം രാജ്യങ്ങളിലും മുസ്‌ലിംകള്‍ക്ക് സജീവ സാന്നിധ്യമുള്ള ഇതര രാജ്യങ്ങളിലും മുസ്‌ലിം നാമങ്ങളിലും അല്ലാതെയുമുള്ള   രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രൂപം കൊടുത്തതാണ്. ഖാദിയാനിസവും ബഹായിസവും ഒക്കെ ഉണ്ടാക്കി ആഗോള മുസ്‌ലിം സമൂഹത്തില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട സാമ്രാജ്യത്വത്തിനു ആ അര്‍ഥത്തിലുള്ള അവരുടെ കുടില തന്ത്രങ്ങള്‍ ഒരുപക്ഷേ  ഏറ്റവും വിജയകരമായി ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ സാധിച്ചതും ഈ മേഖലയില്‍ തന്നെയാണെന്ന് ആധുനിക മുസ്‌ലിം ചരിത്രം പറയുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാമ്രാജ്യ ശക്തിയായ അമേരിക്ക ഏറ്റവും കൂടുതല്‍ ശ്രദ്ധയൂന്നുന്നതും ഇതേ തന്ത്രത്തിലാണ് (പൗള്‍ ബ്രെമര്‍ അമേരിക്കന്‍ അധിനിവേശാനന്തരം ഇറാഖില്‍ ഇയാദ് അല്ലാവിയുടെയും അഫ്ഗാനില്‍ കര്‍സായിയുടെയും പാര്‍ട്ടികള്‍ക്ക് രൂപം കൊടുത്തത് ഇതേ ചുവടു പിടിച്ചാണ്).   ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം കൊടുത്തിരുന്ന, ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുകയായിരുന്ന ഇന്ത്യയില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുസ്‌ലിം ലീഗ് രൂപം കൊള്ളുന്നതും മുസ്‌ലിംകള്‍ അന്നും ഇന്നും ഏറ്റവും കൂടുതല്‍ കേന്ദ്രീകരിച്ചിരുന്ന ഇന്ത്യാ ഉപഭൂഖണ്ഡം വിഭജിക്കപ്പെടുക എന്ന അഞ്ചാമത്തെ ദുരന്തത്തിനു ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളും അതിലേറെ ആഗോള മുസ്‌ലിംകളും വിധേയരാകേണ്ടിവന്നതും. വിഭജനത്തിനു ശേഷം പാകിസ്താന്‍ എന്ന പ്രതിഭാസം ഒരു രാഷ്ട്രത്തിനു ആവശ്യമായ അടിസ്ഥാന സ്തംഭങ്ങള്‍ നിര്‍മിക്കുന്നതില്‍ പരാജയപ്പെടുക മാത്രമല്ല, ആ രാജ്യത്തെ സാമ്രാജ്യത്വത്തിന്റെ ചട്ടുകമാക്കി മാറ്റുകയും ആഗോള സമൂഹത്തിന്റെ മുമ്പില്‍ കോമാളി വേഷം കെട്ടിക്കുകയും ചെയ്തു. മാത്രവുമല്ല, ഒരു രാജ്യമെന്ന നിലയില്‍ അത് സ്വയംതന്നെ ഒരു ദുരന്തമായി മാറുകയും, ലോകത്തിനു മുമ്പില്‍ ഇസ്‌ലാമിന്റെ പേരില്‍ നിലവില്‍ വന്ന രാജ്യത്തെ ഇസ്‌ലാമിന്റെ തന്നെ പരാജയമായി തെളിയിക്കാന്‍ സഹായകമാവുകയും ചെയ്തു. അങ്ങനെയാണ്, ഇസ്‌ലാമിനു അന്യമായ, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ ഒരു പ്രവാചകന്റെ ചരിത്രത്തിലും കാണാന്‍ സാധിക്കാത്ത, സങ്കുചിത സാമുദായികതയുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഒരു രാജ്യവും ജനതയും സാമുദായികമായ രാജ്യം നേടുക എന്ന സങ്കുചിത ലക്ഷ്യം നേടിയപ്പോള്‍ കൂടുതല്‍ സങ്കുചിതമായ ഭാഷാവംശീയ സങ്കുചിതത്വത്തിലേക്ക് 'വളരുകയും' 'വികസിക്കുകയും' അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കപ്പെട്ട് 'ബാകിസ്താന്‍' ആയതും ഭാവിയില്‍  'ഖബ്‌റിസ്ഥാനോ'  മറ്റോ ആകാന്‍ പോകുന്ന സാഹചര്യം ഉണ്ടായിത്തീര്‍ന്നതും. അന്ന് പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാന്‍, വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യ, കിഴക്കന്‍ ബംഗാള്‍ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ മാത്രം കേന്ദ്രീകരിച്ചു പാകിസ്താന്‍ സൃഷ്ടിച്ച മുസ്‌ലിം ലീഗ് ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ കണ്ടതായേ നടിച്ചില്ല. വിഭജനത്തിനു ശേഷം അവര്‍ അഭിമുഖീകരിക്കാനിരിക്കുന്ന പ്രയാസങ്ങളെ കുറിച്ച് ചിന്തിച്ചതുപോലുമില്ല. അങ്ങനെയാണ് പാകിസ്താന്‍ എന്ന രാജ്യം അവിടത്തെ മുസ്‌ലിംകള്‍ക്കും  ഇന്ത്യക്കും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും ദുരന്തമായത്. 

ഇസ്‌ലാമിനു അതിന്റെ തുടക്കം മുതലേ രണ്ടു തരം ശത്രുക്കളെ നേരിടേണ്ടിവന്നിരുന്നു.  അതില്‍ ഒന്ന് ബാഹ്യ ശത്രുക്കളാണെങ്കില്‍, മറ്റൊന്ന് അറിഞ്ഞും അറിയാതെയും ആ ബാഹ്യശത്രുക്കളുടെ കൈയിലെ ഉപകരണങ്ങള്‍ മാത്രമായി മാറുന്ന ആഭ്യന്തര ശത്രുക്കളാണ്.  ബാഹ്യ ശത്രുക്കള്‍ക്ക്  ഇസ്‌ലാമിനെ നേര്‍ക്ക് നേരെ അഭിമുഖീകരിക്കാനോ നേരിടാനോ സാധിക്കാത്തതുകൊണ്ട് തന്നെ അവര്‍ എല്ലായ്‌പ്പോഴും ആഭ്യന്തര ശത്രുക്കളെ കൂട്ടുപിടിച്ചാണ് ഇസ്‌ലാമിക ശക്തിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നത്. ഈ ആഭ്യന്തര ശത്രുക്കള്‍ കട്ടിയേറിയ പുറന്തോടുകൂടിയ ഒരു തുരങ്കമാണ്. ഈ തുരങ്കത്തിനു അറബിയില്‍ 'നഫഖ്' എന്ന് പറയുന്നു. സ്വാഭാവികമായി തന്നെ ഇതിന്റെ അകം ശൂന്യമായിരിക്കും.   അഥവാ ഈമാനിനോടോ ഇസ്‌ലാമിനോടോ ഉള്ളാലെ ഒരു പ്രതിബദ്ധതയും ഉണ്ടാവില്ല.  അതിന്റെ കട്ടിയേറിയ പുറന്തോട്  ആകട്ടെ ഉള്ളിലെന്തോ ഉള്ളതുപോലെ തോന്നിപ്പിക്കുകയും ചെയ്യും.   ഈ തുരങ്കം വെറുതെ നിഷ്‌ക്രിയമായോ നിശ്ചേതനമായോ  നില്‍ക്കുകയില്ല.  അത് സ്വയംതന്നെ വിനാശകരമായി  സ്വന്തത്തിനും ഇസ്‌ലാമിക സമൂഹത്തിനും വിനാശകരമായി പ്രവര്‍ത്തിക്കുന്നതിനു പുറമേ അത് ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ബാഹ്യ ശത്രുക്കളുടെ കൈയിലെ ഏറ്റവും കാര്യക്ഷമമായ  ഉപകരണം ആയി മാറുകയും ചെയ്യുന്നു.  അങ്ങനെ അത് ഉള്ളില്‍നിന്നും പുറത്തുനിന്നും  ഇസ്‌ലാമിക സമൂഹ ഗാത്രത്തില്‍ ദ്വാരങ്ങളും തുരങ്കങ്ങളും ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ കര്‍മം ചെയ്യുന്നവരെപ്പോലെ അകം ശൂന്യമായ പുറന്തോടുകളാക്കി മറ്റു മുസ്‌ലിംകളെയും മാറ്റുകയാണ് ലക്ഷ്യം.     അപ്പോഴാണ് 'നഫഖ്', ഖുര്‍ആന്‍ മുസ്‌ലിം സമൂഹത്തോട് ആഭ്യന്തര ശത്രു എന്ന  നിലയില്‍ വളരെ ജാഗ്രത്തായിരിക്കാന്‍ കല്‍പിച്ച (93:4)  'നിഫാഖി'ന്റെ  ഭീകര രൂപംകൊള്ളുന്നത്. വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായം മുതല്‍ മദീനയില്‍ അവതരിച്ച ഏതാണ്ട് എല്ലാ അധ്യായങ്ങളിലും ഖുര്‍ആന്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്ത ആഭ്യന്തര ഭീഷണിയാണ് ഇത്. ചരിത്രപരമായി ചിന്തിച്ചാല്‍,  പ്രയോഗ രംഗത്താണ്, പ്രത്യേകിച്ചും സാന്മാര്‍ഗിക ദര്‍ശനത്തിന്റെ  സാമൂഹികാവിഷ്‌കാരത്തിലും അതിന്റെ വിശദാംശങ്ങളിലുമാണ് സത്യം ബോധ്യപ്പെട്ട വിശ്വാസി പതറുന്നതും ഇടറുന്നതും വ്യതിചലിച്ചു പോകുന്നതും. അവിടെയാണ് സത്യവിശ്വാസിയായിരിക്കെ തന്നെ അവര്‍ സത്യത്തിന്റെ ലേബല്‍ ഒട്ടിച്ച കപട വ്യാജ പൗരോഹിത്യ മതങ്ങളുടെ ചതിക്കുഴികളില്‍ വീണു പോകുന്നത്. അതുകൊണ്ടാണ് 'നിന്റെ കോപത്തിന് പാത്രീഭൂതരായവരുടെ വഴിയല്ല'  എന്ന ആദ്യ അധ്യായത്തിലെ പ്രാര്‍ഥനയില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഈ പ്രമേയത്തെ പരാമര്‍ശ വിധേയമാക്കിയതും. അതുകൊണ്ട് തന്നെയാവണമല്ലോ നമസ്‌കാരത്തിലെ ഇത്രയും പ്രധാനപ്പെട്ട ഏക നിര്‍ബന്ധ പ്രാര്‍ഥനയില്‍ വരെ അത് ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്.  അങ്ങനെയുള്ള ചതിക്കുഴികളില്‍ നിഷ്‌കളങ്കരായ ജനസാമാന്യം വീണുപോകാനുള്ള സാധ്യതയെ കൂടിയാണ് 'നിന്റെ കോപത്തിന് പാത്രീഭൂതരായവരുടെ വഴിയല്ല' എന്ന് പ്രത്യേകം പറയുന്നതിലൂടെ ദ്യോതിപ്പിക്കുന്നത്.  ദൈവകോപത്തിന് പാത്രീഭൂതരായവരില്‍ ഖുര്‍ആനികമായി ഈ കപടവിശ്വാസികളും ഉള്‍പ്പെടുന്നുവെന്നതാണ് വസ്തുത. മുഹമ്മദ് നബിക്ക് മുമ്പ് വന്ന ജനതതികളില്‍  പ്രവാചകരുടെ ലേബല്‍ ഉപയോഗിച്ചുകൊണ്ട് സ്വാര്‍ഥതയും കുടിലതയും കാപട്യവും പൗരോഹിത്യവും നിറച്ച വ്യാജ മതങ്ങളായാണ്  ചരിത്രത്തില്‍ ഇത് രൂപംകൊണ്ടത് എങ്കില്‍ മുസ്‌ലിം സമൂഹത്തിലെ കപട പൗരോഹിത്യ ദുര്‍മാര്‍ഗികര്‍ ഇസ്‌ലാമിന്റെ തന്നെ ലേബല്‍ ഉപയോഗിച്ചാണ് നില കൊള്ളുന്നത്. അങ്ങനെയാണ് മുഹമ്മദ് നബിക്ക് മുമ്പുള്ള പ്രവാചക സമൂഹങ്ങളിലെ ഇത്തരം കപട പുരോഹിത വര്‍ഗം അവരുടേതായ മതങ്ങള്‍ക്കു തന്നെ രൂപം കൊടുത്തത്. അങ്ങനെ ഒരു മതത്തെ രൂപപ്പെടുത്തി മുസ്‌ലിംകളുടെ ഇടയില്‍ വിജയിപ്പിച്ചെടുക്കുക സാധ്യവുമല്ല എന്നതിനു മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ ഖാദിയാനിസവും ബഹായിസവും വരെ തെളിവുമാണ്.  അത് മുസ്‌ലിംകളില്‍ നിഫാഖിന്റെ രൂപത്തിലാണ് രൂപപ്പെടുകയും പ്രവര്‍ത്തിക്കുകയും ശക്തിപ്പെടുകയും ചെയ്യുക. അങ്ങനെ തന്നെയാണ് ചരിത്രത്തിലുടനീളം സംഭവിച്ചതും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതും. അങ്ങനെയാണ് മുസ്‌ലിം സമൂഹത്തില്‍ അത് 'മുനാഫിഖൂന്‍' എന്ന ഖുര്‍ആന്‍ വിശേഷിപ്പിച്ച ആഭ്യന്തര ശത്രുവിന്റെ രൂപം പ്രാപിച്ചത്.  രണ്ടു വിഭാഗങ്ങളും ദൈവത്തിന്റെ കോപ ശാപങ്ങള്‍ക്ക് വിധേയമായവര്‍ തന്നെ (2:61; 2:90; 3:112; 7:152; 48:6; 58:14; 60:13).

ആഗോള മുസ്‌ലിംകള്‍ക്കുണ്ടായ എല്ലാ സാമൂഹികവും രാഷ്ട്രീയവും  ആത്മീയവുമായ ദുരന്തങ്ങളിലും ഈ വിഭാഗത്തിനു കൃത്യമായ പങ്കുണ്ടായിരുന്നുവെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ, നിലവിലെ പതിതവും നിന്ദ്യവുമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന മുസ്‌ലിം സമൂഹത്തിന് ആദ്യമായി വേണ്ടത് ആ ദുരന്തങ്ങള്‍ക്കെല്ലാം കാരണവും ഉപകരണവുമായിത്തീര്‍ന്ന നിഫാഖിനെ കുറിച്ച തിരിച്ചറിവും അത് തിരുത്താനുള്ള നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയുമാണ്. ''തുച്ഛമായ ഭൗതിക ലാഭങ്ങള്‍ക്കുവേണ്ടി  സ്വകരങ്ങളാല്‍ വേദം ചമക്കുകയും എന്നിട്ട് ഇത് ദൈവത്തില്‍ നിന്നുള്ളതാണ് എന്ന് ഘോഷിക്കുകയും ചെയ്യുന്നവര്‍ക്ക് നാശം. അവരുടെ കരങ്ങള്‍ എഴുതിയത് അവര്‍ക്ക് നാശനിമിത്തമാകുന്നു'' (2:79).  തങ്ങളുടെ സ്വാര്‍ഥവും സങ്കുചിതവുമായ  താല്‍പര്യങ്ങള്‍ക്കു വേണ്ടി സത്യവേദങ്ങളെ സൗകര്യംപോലെ പകുത്തു മാറ്റി ചിലത് കൊള്ളുകയും മറ്റു പലതും തള്ളുകയും ചെയ്തതിന്റെ പേരില്‍ ഇഹത്തിലും പരത്തിലും ദൈവത്താല്‍ നിന്ദിതരായവരാണ് ഇവര്‍. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നു: ''വേദത്തിന്റെ ചില ഭാഗങ്ങള്‍ വിശ്വസിക്കുകയും മറ്റു ചില ഭാഗങ്ങള്‍ നിഷേധിക്കുകയുമാണോ നിങ്ങള്‍? നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഐഹികജീവിതത്തിലെ നിന്ദ്യവും നികൃഷ്ടവുമായ   അവസ്ഥയാകുന്നു.  ഉയിര്‍ത്തെഴുന്നേല്‍പ്പുനാളിലാകട്ടെ അവര്‍ അതികഠിനമായ ദണ്ഡനത്തിലേക്ക് തള്ളപ്പെടുകയും ചെയ്യും'' (2:85). ജീര്‍ണ നിക്ഷിപ്ത താല്‍പര്യങ്ങള്‍ കുത്തിനിറച്ച, കൊട്ടിയടക്കപ്പെട്ട മനസ്സുകളുടെ ഉടമകളാണിവര്‍ (2:88, 4:155). പിശാച് അവന്റെ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമായി കാണുന്നത് നന്മയുടെയും സത്യത്തിന്റെയും സാന്മാര്‍ഗികതയുടെയും മുഖാവരണം അണിഞ്ഞ ഈ അഞ്ചാംപത്തികളെയാണ്. 

സത്യത്തിന്റെ മുന്നേറ്റം തടയാനും അതിനെ തകര്‍ക്കാനും ശത്രുക്കള്‍ എന്നും ഉപയോഗിച്ചുപോന്നിട്ടുള്ളതും സത്യത്തിന്റെ കളഭത്തില്‍ ഒട്ടിനിന്ന് രക്തം ഊറ്റിക്കുടിക്കുന്ന ഈ അട്ടകളെയും, അതിനെ ഉള്ളില്‍നിന്ന് ദുര്‍ബലപ്പെടുത്തുന്ന  ഈ  ചിതലുകളെയും ഇത്തിക്കണ്ണികളെയുമാണ്. ഖുര്‍ആന്‍ അതുകൊണ്ടുതന്നെയാണ് ഇവരെ പ്രത്യേകം സൂക്ഷിക്കാന്‍  ആവശ്യപ്പെട്ടതും (5:49, 63:4). നിരവധി ഖുര്‍ആനിക അധ്യായങ്ങളില്‍ ഇവരുയര്‍ത്തുന്ന ഭീഷണിയെ പരാമര്‍ശിച്ചതിനുപുറമേ രണ്ടു അധ്യായങ്ങള്‍ ഏറക്കുറെ പൂര്‍ണമായും ഇവരുടെ തനിനിറം വരച്ചു കാണിക്കാന്‍ വേണ്ടി വിനിയോഗിച്ചിട്ടുണ്ട്. ദൈവിക കാരുണ്യത്തിന്റെ അപാര തീരത്തുനിന്ന് ഖുര്‍ആനിലെ മറ്റെല്ലാ അധ്യായങ്ങളും ആരംഭിക്കുമ്പോള്‍ ദൈവത്തിന്റെ കൊടിയ കോപത്തിന്ന് വിധേയരായ ഇവരെ പ്രതിപാദിക്കുന്ന ദീര്‍ഘ അധ്യായത്തിനു അങ്ങനെ ഒരു തുടക്കം ഇല്ലാതിരിക്കുന്നതും ഇവര്‍ സത്യത്തിനു മുമ്പില്‍ എന്തു മാത്രം വലിയ വഴിമുടക്കികളാണെന്ന വസ്തുതയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. വിശുദ്ധ ഖുര്‍ആനിലെ പ്രാരംഭ അധ്യായത്തിലെ സാന്മാര്‍ഗിക ദര്‍ശനത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയുടെ ഭാഗമായി ഈ വിഭാഗത്തെ പരാമര്‍ശിച്ചിരിക്കുന്നത് വഴികേടിനും  സാന്മാര്‍ഗികതക്കുമിടയിലാണ് എന്നതു തന്നെ ഇവര്‍ ജനങ്ങള്‍ വഴികേടില്‍നിന്ന് സന്മാര്‍ഗത്തിലേക്ക് കടന്നുവരുന്നതിനിടയിലെ ഏറ്റവും വലിയ വഴിതടസ്സമാണെന്ന്  സൂചിപ്പിക്കുന്നുണ്ട്.

ഇവര്‍ക്ക് മതവും മത ചിഹ്നങ്ങളും മാത്രമല്ല അവര്‍ തന്നെ മതകീയവത്കരിച്ച മത ബാഹ്യചിഹ്നങ്ങള്‍ പോലും കേവലം തട്ടിപ്പിനു വേണ്ടിയുള്ള തലക്കെട്ടുകള്‍ മാത്രമാണ്. സത്യത്തിന്റെയും ദൈവത്തിന്റെയും പേരിലെ ഇവരുടെ പേക്കൂത്തുകളും കോപ്രായങ്ങളും കണ്ടിട്ടാണ് സാധാരണക്കാരും ധിഷണാശാലികളുമൊക്കെ ദൈവത്തെയും യഥാര്‍ഥ ദൈവിക സാന്മാര്‍ഗിക ദര്‍ശനത്തെയും വെറുത്ത് കേവല ഭൗതിക ദര്‍ശനങ്ങള്‍ അന്വേഷിക്കാനിടയായത്. അതുകൊണ്ടുതന്നെ, സത്യത്തിന്റെയും ധര്‍മത്തിന്റെയും ദൈവിക സാന്മാര്‍ഗികതയുടെയും മുഖാവരണമണിഞ്ഞു വിശുദ്ധ പുരോഹിതന്മാരുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ സത്യത്തിന്റെയും ദൈവിക സാന്മാര്‍ഗികതയുടെയും മുമ്പിലെ ഏറ്റവും വലിയ വഴിമുടക്കികളും അതുകൊണ്ടുതന്നെ ദൈവത്തിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരുമാണ്. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-21 /അല്‍അമ്പിയാഅ് /1-3
എ.വൈ.ആര്‍