Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

തോറ്റവരെ ഇനി എന്തുചെയ്യും?

ജമീല്‍ അഹ്മദ്

പ്രവേശനപ്പരീക്ഷകളിലും പൊതുപരീക്ഷകളിലും റാങ്കുനേടിയ കുട്ടികളെ അണിനിരത്തി ഫോട്ടോ എടുത്ത് പബ്ലിസിറ്റി വര്‍ധിപ്പിക്കുന്നതിന്റെ തിരക്കുകള്‍ ഒടുങ്ങിക്കഴിഞ്ഞു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിടുക്കികളുടെയും മിടുക്കന്മാരുടെയും മുഖം പത്രത്തിന്റെ പ്രാദേശിക പേജുകളില്‍ നിരത്തുന്ന ദിവസങ്ങളും കഴിഞ്ഞു. കൂട്ടപ്പാസു നേടിയവരില്‍ അത്യാവശ്യം മാര്‍ക്കുള്ള വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ഉപരിപഠനമെന്ന പേരില്‍ പലയിടത്തും ചേക്കേറിക്കഴിഞ്ഞു. ആരവങ്ങളൊടുങ്ങിയ ഈ ഉത്സവപ്പറമ്പില്‍ പൊട്ടാത്ത പടക്കം തേടിനടക്കുന്ന പിള്ളേരെപ്പോലെ, ഇനിയെന്തു ചെയ്യണമെന്നറിയാത്ത ഒരു ചെറിയ വിഭാഗം ബാക്കിയുണ്ട്; തോറ്റുപോയവര്‍. അവരെ എന്തുചെയ്യും എന്നതിന് സമുദായത്തിന് എന്തെങ്കിലും അജണ്ടയുണ്ടോ? എണ്‍പതുശതമാനത്തിനു മുകളില്‍ വിജയം ഉണ്ടായിട്ടും അതില്‍ പെട്ടുപോകാതെ അവശേഷിച്ച ആ 'കുരുത്തംകെട്ടവന്മാരാ'ണല്ലോ നാളെ സമൂഹത്തെ കൂടുതല്‍ ഉറക്കംകെടുത്തുക. അവരെക്കുറിച്ച് ഒന്നും ആലോചിക്കാതെ തിരക്കുകള്‍ കഴിഞ്ഞ് നാം ഉറങ്ങാന്‍ പോകാമോ!
തോറ്റുപോയവരെക്കാളും കഷ്ടമാണ് മിനിമം മാര്‍ക്കുനേടി പരീക്ഷാക്കടമ്പ കടന്നവര്‍.  'സേ' (സേവ് എ ഇയര്‍ എന്നതിന് ചുരുക്കപ്പേര്. അതാണല്ലോ തോറ്റവര്‍ക്കു മാത്രമുള്ള ആ പരീക്ഷാപ്രഹസനത്തിനു അധികാരികള്‍ നല്‍കിയ പേര്) എഴുതാനോ അടുത്ത വണ്ടിയില്‍ കയറിക്കൂടാനോ വിധിയില്ലാത്ത അക്കൂട്ടരെയും തോറ്റവരായിത്തന്നെയാണ് പരിഗണിക്കേണ്ടത്. അവരെ സംബന്ധിച്ചേടത്തോളം ഒരു ദീര്‍ഘകാലം മുഴുവന്‍ സേവ് ചെയ്യാനാവാതെ ശൂന്യമായിക്കിടക്കുന്നു. ഇവരിലെ പെണ്‍കുട്ടികള്‍ പലരും വീട്ടിലിരിക്കും. മകളെ രണ്ടാമതൊന്നുകൂടി പരീക്ഷണത്തിന് പറഞ്ഞയക്കാന്‍ ധൈര്യമുള്ള രക്ഷിതാക്കള്‍ വളരെ കുറവ്. അവളെ കണ്ടിഷ്ടപ്പെട്ട ഒരാളെത്തിയാല്‍ കെട്ടിച്ചുവിടാം. ഇഷ്ടപ്പെടാനൊന്നുമില്ലാത്തവര്‍ ആ ഇരുത്തം വര്‍ഷങ്ങളോളം തുടരും. പത്തില്‍ തോറ്റവനും പഠിപ്പും വിവരവുമുള്ള കുട്ടികളെ തേടിനടക്കുന്ന കാലത്ത് പരീക്ഷയിലെ ജയം എന്നത് പെണ്ണുകെട്ടു മാര്‍ക്കറ്റിലെ ഒരു യോഗ്യതകൂടിയാണ്.
ആണ്‍കുട്ടികളെ പക്ഷേ, കെട്ടിച്ചുവിടാന്‍ വകുപ്പില്ലല്ലോ. അതിനാല്‍ അവര്‍ സ്വയം കെട്ടുപൊട്ടിക്കും. രാവും പകലും വെറുതെയിരിക്കാനാവാതെ തുല്യദുഃഖിതരായ കൂട്ടുകാരോടൊപ്പം സഞ്ചാരം തുടങ്ങും. പലപ്പോഴും അത്തരം സഞ്ചാരങ്ങളാണ് അപഥസഞ്ചാരങ്ങളായി മാറുക. അവരാണ് ക്വട്ടേഷന്‍ സംഘാംഗമായും കുഴല്‍പണ ഏജന്റായും മാറുക. ബൈക്കും മൊബൈലും വാങ്ങാനും അത് കൊണ്ടുനടക്കാനും കാശുവേണമല്ലോ. നമ്മുടെ പുത്തന്‍ തലമുറ മുഴുവന്‍ ഫേസ്ബുക്കില്‍ ബുദ്ധിപരമായ ചര്‍ച്ചകള്‍ നടത്തുന്ന സുഖകാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന സമാധാനങ്ങള്‍ അത്ര ഭദ്രമല്ലെന്നുകൂടിയാണ് ഇപ്പറഞ്ഞതിനര്‍ഥം. നാട്ടിലെ സകല കുറ്റകൃത്യങ്ങള്‍ക്കും പിന്നില്‍ പരീക്ഷയില്‍ തോറ്റുപോയ കൗമാരക്കാരാണെന്ന് അടച്ചുപറയുകയല്ല. കൂടുതലും അവര്‍ തന്നെയാണ് എന്ന് ഉറച്ചുതന്നെ പറയാനും കഴിയും.
അല്‍പകാലം മുമ്പുവരെ മലബാറിലെ ചെറുപ്പക്കാര്‍ക്ക് പഠനത്തില്‍ പിന്നാക്കം പോയാലും തൊഴിലവസരങ്ങളുണ്ടായിരുന്നു. ഗള്‍ഫിലെ വലിയ ഒരു വരുമാനലോകം അവര്‍ക്കുമുന്നില്‍ തുറന്നുകിടന്നിരുന്നു. പ്രൈമറി വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ കടല്‍ കടന്ന് പെട്രോഡോളര്‍ സമ്പാദിച്ച് മുതലാളിമാരായി നാട്ടില്‍ തിരിച്ചെത്തുന്ന കാലം കഴിഞ്ഞു. ഇന്ന് അത്രയെളുപ്പം ഒപ്പിച്ചെടുക്കാവുന്നതല്ല വിസക്കടലാസുകള്‍. അറബികളുടെ പുതുതലമുറയാകട്ടെ അത്രക്ക് മടിയന്മാരും വിഡ്ഢികളുമല്ല. അത്യാവശ്യം പഠിപ്പുള്ളവര്‍ അവരിലുണ്ട്. ജോലിചെയ്യാന്‍ സന്നദ്ധരുമാണ്. അതിനാല്‍ മലയാളിക്ക് പഠിപ്പിന്റെ പേപ്പറുകളില്ലാതെ കടല്‍ കടക്കാനാവില്ല, കടന്നിട്ട് കാര്യവുമില്ല.
നാലാം ക്ലാസ്സിലെ പാഠപുസ്തകവിതരണം വൈകിയാല്‍, പത്താം തരം പരീക്ഷ മാറ്റിവെച്ചാല്‍, പ്ലസ്ടു റിസള്‍ട്ട് താമസിച്ചാല്‍ ഉടനെ 'വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലായി' എന്ന് വിലപിക്കുന്നവരാണ് നാം. ഒരു തലമുറയുടെ ഭാവി മുഴുവന്‍, പാഠപുസ്തകവും പരീക്ഷയുമാണ് നിര്‍ണയിക്കുന്നതെന്ന, പുതിയ കാലത്തിന്റെ അബദ്ധചിന്തയാണ് ആ പേടിയില്‍ മുഴങ്ങുന്നത്. ബഹുമുഖ പ്രതിഭ (മള്‍ട്ടിപ്പ്ള്‍ ഇന്റലിജെന്‍സ്) എന്ന തിയറി പഠിപ്പിക്കാത്ത ഒരു വിദ്യാഭ്യാസ പരിഷ്‌കാരവും കടന്നുപോയിട്ടില്ലെങ്കിലും പരീക്ഷയില്‍ തോറ്റുപോയവന്‍ ഒന്നിനും കൊള്ളാത്തവനാണ് എന്ന പൊതുബോധം നിരക്ഷര സമൂഹത്തില്‍ പോലും നിലനില്‍ക്കുന്നു. പരീക്ഷയില്‍ തോറ്റുപോയാലും ജീവിതത്തില്‍ തോറ്റുപോകാത്തവിധം തൊഴിലവസരങ്ങളും സാധ്യതകളും നമ്മുടെ നാട്ടിലുമുണ്ടെങ്കിലും അതെല്ലാം അണ്ണാച്ചികള്‍ക്കും ബീഹാരികള്‍ക്കും പതിച്ചുകൊടുത്തവരാണ് മലയാളികള്‍. എന്നിട്ട് ഉന്നത വിദ്യാഭ്യാസമില്ലാത്തവര്‍ക്കുകൂടി തൊഴില്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാറിനുണ്ടെന്ന് വാശിപിടിക്കുകയും ചെയ്യുന്നു.
വളര്‍ന്നു വരേണ്ട പുതിയ ഒരു വിദ്യാഭ്യാസ സംസ്‌കാരത്തിലേക്കും തൊഴില്‍ സംസ്‌കാരത്തിലേക്കുമാണ് ഈ അവസ്ഥ വിരല്‍ ചൂണ്ടുന്നത്. അതിലേക്കുള്ള ചില സൂചനകള്‍ നല്‍കുകയാണ്.
1. ആധുനിക വിദ്യാഭ്യാസം കൂടുതല്‍ നല്ല മനുഷ്യനെയും കൂടുതല്‍ നല്ല പൗരനെയും സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പായിക്കഴിഞ്ഞിരിക്കെ, പഠനത്തില്‍ താല്‍പര്യമില്ലാത്തവരെയും അതില്‍ മിടുക്കു കാണിക്കാത്തവരെയും ഉപരിപഠനത്തിന് നിര്‍ബന്ധിച്ചുകൂടാ.
2. പഠനം ഇടക്കുവെച്ച് അവസാനിപ്പിക്കുന്നവരെയും തോറ്റുപോകുന്നവരെയും ഉപരി പഠനത്തിന് മതിയായ മാര്‍ക്കില്ലാത്തവരെയും അവര്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ - പ്രവര്‍ത്തന മേഖലകളിലേക്ക് തിരിച്ചുവിടാനുള്ള കര്‍മ പദ്ധതികള്‍ രൂപവത്കരിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സാര്‍വത്രികമാക്കുകയും പരമാവധി ഫീസ് കുറച്ച് അവ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയും വേണം
3. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിച്ചാല്‍ മാത്രമേ മാന്യമായ തൊഴില്‍ നേടാനാവൂ എന്ന ചിന്ത അവസാനിപ്പിച്ച് പാരമ്പര്യ തൊഴിലുകളിലേക്കും നാടന്‍ പണികളിലേക്കും കൗമാരക്കാരെ തിരിച്ചുവിടാന്‍ കഴിയണം. അത്തരം പണികള്‍ക്കു ലഭിക്കുന്ന കൂലിയും ചെറുകിട ശമ്പളക്കാരുടെ മാസവരുമാനവും തട്ടിച്ചുനോക്കിയാല്‍ ദിവസക്കൂലി കൂടുതലാണെന്നതുകൊണ്ടുതന്നെ നാടന്‍ ജോലികള്‍ ചെയ്യുന്നതിലുള്ള അപകര്‍ഷതയും മാന്യതക്കുറവും മാറ്റിയെടുക്കണം
4. സ്വര്‍ണപ്പണി, തെങ്ങുകയറ്റം, ആശാരിപ്പണി, മുടിവെട്ടല്‍, മീന്‍പിടുത്തം തുടങ്ങിയ ജോലികള്‍ ചില സമുദായക്കാര്‍ മാത്രം ചെയ്യേണ്ടതാണെന്ന ബോധം തുടച്ചുനീക്കാനുള്ള സാമൂഹികവിദ്യാഭ്യാസം സാര്‍വത്രികമാക്കണം. അവ ഏതൊരാള്‍ക്കും പരിശീലിച്ച് പ്രാവര്‍ത്തികമാക്കാനും ഉപജീവനത്തിന് മാര്‍ഗമാക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. അന്യസംസ്ഥാനക്കാര്‍ക്ക് പതിച്ചുകൊടുത്ത ജോലികള്‍ ചെയ്യുന്നതിന് കൂടുതല്‍ പ്രാദേശിക തൊഴിലാളികള്‍ സന്നദ്ധരാകണം. അത്തരം തൊഴില്‍ ചെയ്യുന്നവരെ സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ പ്രതിഷ്ഠിച്ച് അതിനോടുള്ള അസ്പൃശ്യതകള്‍ക്ക് മാറ്റംവരണം.
ഈ പട്ടിക ഇനിയും ദീര്‍ഘിപ്പിക്കാം. ഇക്കാര്യത്തില്‍ കൂടുതല്‍ കാഴ്ചപ്പാടുകളുള്ള നേതാക്കള്‍ കുറേക്കൂടി ശ്രദ്ധ പതിപ്പിക്കേണ്ട സാമൂഹിക പ്രശ്‌നമായി ഇതിനെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. കാരണം ഗള്‍ഫില്‍നിന്ന് തൊഴില്‍രഹിതരായവരുടെ വലിയ അളവിലുള്ള മടക്കം മലയാളക്കരയെ കുറ്റകൃത്യങ്ങളുടെ സ്വന്തം നാടാക്കിയിരിക്കുന്നു. പൊതുപരീക്ഷകളില്‍ തോറ്റുപോയി അന്തംകെട്ടു നടക്കുന്ന കൗമാരക്കാരാണ് അവരുടെ സില്‍ബന്തികളായി പണിയെടുക്കാന്‍ വിധിക്കപ്പെട്ട് പത്രത്തിലെ പ്രതിപ്പട്ടികകളില്‍ നിറയുന്നത്. വണ്ടിമോഷണവും പെണ്‍വാണിഭവും നോട്ടിരട്ടിപ്പിക്കലും കള്ളനോട്ടടിയും തട്ടിപ്പറിയും വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. വീരപ്പന്‍ റഹീമും കോടാലി ശ്രീധരനും ഹീറോകളാകുന്ന കാലമാണല്ലോ ഇത്.
പിന്‍വാതില്‍ - എന്‍ട്രന്‍സ് പരീക്ഷകളിലെ ഉന്നതവിജയവും പൊതുപരീക്ഷകളിലെ ഉയര്‍ന്ന വിജയശതമാനവും മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസമേഖലയിലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നവെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് പിന്നാക്ക ജില്ലയായ മലപ്പുറത്ത് ഇതിന്റെ ആരവങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സമുദായ പുനര്‍നിര്‍മാണത്തിനുവേണ്ടി പണവും അധ്വാനവും ധാരാളം ചെലവഴിക്കുന്ന സംഘടനകള്‍ അവരിലെ തോറ്റുപോയ കൗമാരക്കാരെ തിരഞ്ഞുപിടിച്ച് സംരക്ഷിക്കേണ്ടതുകൂടിയുണ്ട്. സ്വാശ്രയവിദ്യാഭ്യാസത്തിലെ കോടികളുടെ കണക്കുകള്‍ക്കുവേണ്ടി  വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന ഒച്ചപ്പാടുകള്‍ക്കിടയില്‍ ഈ പാമരവര്‍ഗത്തിന്റെ അരക്ഷിതമായ നിലവിളി കേള്‍ക്കാതെ പോകരുതല്ലോ.
(9895 437056)
[email protected]

Comments