Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

ഈമാന്‍ ആത്മസംസ്‌കരണത്തിന്റെ ഉരകല്ല്

ആത്മസംസ്‌കരണത്തിന്റെ സുവര്‍ണനാളുകള്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണല്ലോ നാം. ആത്മസംസ്‌കരണത്തിന്റെ പ്രഥമ പടി ആത്മപരിശോധനയാണ്. ആത്മപരിശോധനക്ക് രണ്ട് തലങ്ങളുണ്ട്. പിന്നിട്ട ജീവിതത്തിലെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കണക്കെടുപ്പാണ് ഒന്ന്.ഭൗതികമായ നേട്ടകോട്ടങ്ങളുടെ കണക്കല്ല, ആത്മീയമായ നന്മ തിന്മകളുടെ കണക്ക്. കഴിഞ്ഞുപോയ നാളുകളില്‍ എന്തൊക്കെ നന്മകള്‍ ചെയ്തു, എന്തൊക്കെ തിന്മകള്‍ ചെയ്തു അഥവാ പിന്നിട്ട ജീവിതം അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിക്കാവുന്നതായിരുന്നുവോ എന്നാണ് പരിശോധിക്കേണ്ടത്. ഇതാണ് ബാഹ്യജീവിതത്തിന്റെ പരിശോധന. സ്വന്തം മനസ്സിന്റെ ഉള്ളറകളുടെ പരിശോധനയാണ് മറ്റേത്. എന്തൊക്കെ വിചാരങ്ങളും വികാരങ്ങളും പ്രവണതകളും അഭിനിവേശങ്ങളും നിലപാടുകളും ലക്ഷ്യങ്ങളും  മോഹങ്ങളുമാണ് നമ്മുടെ മനസ്സിനകത്തുള്ളത്? അല്ലാഹുവിനോടും അവന്റെ റസൂലിനോടും അവരുടെ ശാസനകളോടുമുള്ള നിലപാടെന്താണ്? കുടുംബത്തോടും സുഹൃത്തുക്കളോടും മറ്റു ജനങ്ങളോടുമുള്ള വികാരമെന്താണ്, ബന്ധമെന്താണ്? നമ്മളും നമ്മുടെ ലോകവും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നത്തിന്റെ അകവും പുറവും സമഗ്രമായി വിലയിരുത്തിയാലേ പൂര്‍ണമായ ആത്മപരിശോധനയാകൂ.
ആത്മപരിശോധനയിലൂടെ കണ്ടെത്തുന്ന കോട്ടങ്ങള്‍ തീര്‍ക്കുകയും നേട്ടങ്ങള്‍ വളര്‍ത്തുകയുമാണ് ആത്മസംസ്‌കരണം. നമ്മുടെ വിചാരവും വാക്കും പ്രവൃത്തിയും നന്നാക്കല്‍ എന്ന് ആത്മസംസ്‌കരണത്തെ ലളിതമായി നിര്‍വചിക്കാം. ഈ നന്നാക്കല്‍ ഇപ്പറഞ്ഞ ക്രമത്തിലേ നടക്കൂ. മറിച്ച് പ്രവൃത്തി, വാക്ക്, വിചാരം എന്ന ക്രമത്തില്‍ നടക്കുകയില്ല. മനസ്സ്-വിചാരം ആണ് ശരീരത്തിന്റെ രാജാവ്. അതിന്റെ ആജ്ഞാനുസാരമാണ് മറ്റവയവങ്ങള്‍ ചരിക്കുന്നത്. അതുകൊണ്ടാണ് മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി എന്ന് നബി(സ) പറഞ്ഞത്. മനസ്സ് നന്നാക്കാന്‍ മനസ്സിനെ അറിയണം, അതിന്റെ നന്മ തിന്മകള്‍ അറിയണം. ശ്രമകരമായ കാര്യമാണിത്. അവരവരുടെ മനസ്സ്, അതിന്റെ വിചാരങ്ങള്‍, വികാരങ്ങള്‍, അഭിലാഷങ്ങള്‍ എല്ലാം ശരിയാണെന്നാണ് ഓരോരുത്തരും കരുതുന്നത്. വാക്കിലും പ്രവൃത്തിയിലും തെറ്റുപറ്റി എന്ന് പിന്നീട് ബോധ്യമായാല്‍ പോലും ആ തെറ്റിന്റെ ഉറവിടം മനസ്സാണ് എന്ന് പലരും അറിയുന്നില്ല, അറിഞ്ഞാലും സമ്മതിക്കുന്നില്ല. അതുകൊണ്ട് കുറ്റസമ്മതവും പശ്ചാത്താപവും താല്‍ക്കാലികമാകുന്നു. മനസ്സ് സംസ്‌കരിക്കപ്പെടാതിരുന്നാല്‍ ഒരിക്കല്‍ പശ്ചാത്തപിച്ചു മടങ്ങിയ കുറ്റങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കാനിടയാകുന്നു.
സ്വയം ന്യായീകരിക്കുക മനസ്സിന്റെ പ്രകൃതമായതിനാല്‍ കുറ്റങ്ങളും കുറവുകളും സ്വയം കണ്ടെത്തുക എളുപ്പമല്ല. അതിന് മനസ്സിനെ ഭരിക്കാന്‍ പ്രാപ്തനായ മറ്റൊരു ശക്തി വേണം. കരുണാവാരിധിയായ അല്ലാഹു അങ്ങനെയൊരു ശക്തി നമുക്ക് കനിഞ്ഞരുളിയിട്ടുണ്ട്. അതാണ് ഈമാന്‍. ഒരേസമയം മനസ്സിന്റെ ദുഷ്ടുകളും അഴുക്കുകളും കാണിച്ചുതരുന്ന വെളിച്ചവും കഴുകിക്കളയുന്ന തെളിനീരുമാണ് ഈമാന്‍. ഈമാന്‍ മനസ്സില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും സദ്‌വിചാരത്തിന്റെയും വെളിച്ചം പരത്തുന്നു. മനസ്സില്‍ അടിഞ്ഞുകൂടിയ അന്ധവിശ്വാസത്തിന്റെയും അജ്ഞതയുടെയും ദുര്‍വിചാരത്തിന്റെ ദുര്‍മോഹങ്ങളുടെയും ഇരുട്ടുകള്‍ ആ വെളിച്ചത്തില്‍നിന്ന് ഓടിയൊളിക്കുന്നു. ഈമാന്‍ എത്രത്തോളം ദൃഢമാണോ അത്രത്തോളം തീക്ഷ്ണമായിരിക്കും വിശ്വാസിയുടെ മനസ്സിന് ലഭിക്കുന്ന സന്മാര്‍ഗ പ്രകാശം. ഈമാന്‍ എത്രത്തോളം ദുര്‍ബലമാണോ അതിന്റെ തോതനുസരിച്ച് മനസ്സില്‍ പലതരം ഇരുട്ടുകള്‍ കൂടുകൂട്ടുന്നു. ആ ഇരുട്ടുകള്‍ നമ്മുടെ വിചാരത്തെയും വാക്കുകളെയും കര്‍മങ്ങളെയും പാപപങ്കിലമാക്കുന്നു. അപ്പോള്‍ ആത്മപരിശോധനയില്‍ ആദ്യം പരിശോധിക്കപ്പെടേണ്ടത് ഈമാന്റെ ബലമാണ്. അല്ലാഹുവിലും റസൂലിലും ഖുര്‍ആനിലും പരലോകത്തിലും സുദൃഢമായ ഈമാനുണ്ടെങ്കില്‍ ആ ഈമാനിന് നിരക്കുന്നതാണോ നമ്മുടെ മനോഗതങ്ങളും കര്‍മങ്ങളും എന്ന് കണ്ടുപിടിക്കാനും, ഈമാനിന് നിരക്കാത്തത് മനസ്സില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യാനും എളുപ്പത്തില്‍ സാധിക്കും. അതിനു സാധിക്കുന്നില്ലെങ്കില്‍ ഈമാന്‍ ദുര്‍ബലമാണെന്ന് മനസ്സിലാക്കാം.
വിശ്വസിക്കുന്നുവെന്നവകാശപ്പെട്ട് നാവുകൊണ്ട് കലിമത്തുത്തൗഹീദ് മൊഴിയുന്നവന്‍ മുസ്‌ലിമാണ്. പക്ഷേ, അവന്‍ മുഅ്മിന്‍ ആവണമെന്നില്ല. ശഹാദത്തുകലിമ മനസ്സില്‍ ദൃഢബോധ്യമായി ഉറയ്ക്കുമ്പോഴാണ് ഒരാള്‍ മുഅ്മിനാകുന്നത്. പ്രവാചകന്റെ കാലത്തെ ഗ്രാമീണ അറബികളെക്കുറിച്ച് അല്ലാഹു പറഞ്ഞു: ''ഗ്രാമീണ അറബികള്‍ 'ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്നു ഘോഷിക്കുന്നുണ്ടല്ലോ. അവരോട് പറയുക. നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. പ്രത്യുത 'ഞങ്ങള്‍ മുസ്‌ലിംകളായിരിക്കുന്നു' എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം ഇനിയും നിങ്ങളുടെ ഹൃദയങ്ങളില്‍ കടന്നിട്ടില്ല'' (ഖുര്‍ആന്‍ 49:14). ഈ ഗ്രാമീണ അറബികളുടേതുതന്നെയാണ് ഇന്നത്തെ മുസ്‌ലിംകളായ നമ്മളില്‍ ബഹുഭൂരിപക്ഷത്തിന്റെയും അവസ്ഥ. ആളുകള്‍ കൂട്ടം കൂട്ടമായി ഇസ്‌ലാമില്‍ ചേരുന്നത് കണ്ടതുകൊണ്ടാണ് അവര്‍ മുസ്‌ലിംകളായതെങ്കില്‍, നമ്മള്‍ മുസ്‌ലികളായത് മുസ്‌ലിം മാതാപിതാക്കള്‍ക്ക് ജനിച്ചതുകൊണ്ടാണ് എന്ന വ്യത്യാസമേയുള്ളൂ. മുസ്‌ലിം സമുദായത്തില്‍ ജനിച്ചുവെന്നത് അല്ലാഹു നമുക്കരുളിയ മഹത്തായ അനുഗ്രഹം തന്നെ. ആ അനുഗ്രഹത്തില്‍നിന്ന് ഈമാനിലേക്ക് നാം സ്വയം വളരേണ്ടതുണ്ട്. വിശ്വാസം മനസ്സില്‍ രൂഢമൂലമാവുകയും ചിന്തകളെയും കര്‍മങ്ങളെയും നയിക്കുകയും ചെയ്യുമ്പോഴേ നാം യഥാര്‍ഥ മുഅ്മിനുകള്‍ ആകുന്നുള്ളൂ. ഓര്‍ക്കുക, അല്ലാഹു ആരുടെയും കര്‍മങ്ങള്‍ പാഴാക്കുകയില്ലെന്ന് ഉറപ്പ് തന്നിട്ടുണ്ടെങ്കിലും,  പരലോക വിജയവും സ്വര്‍ഗവും വാഗ്ദാനം ചെയ്യാന്‍ അല്ലാഹു സംബോധന ചെയ്യുന്നത് 'യാ അയ്യുഹല്‍ മുസ്‌ലിമൂന്‍'-മുസ്‌ലിംകളേ എന്നല്ല; പ്രത്യുത 'യാ അയ്യുഹല്‍ മുഅ്മിനൂന്‍'- മുഅ്മിനുകളേ എന്നാണ്.

Comments