Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

മോചന ചരിത്രത്തില്‍ തിളങ്ങുന്ന റമദാന്‍

എം.വി മുഹമ്മദ് സലീം

മാനവരാശിയുടെ മാര്‍ഗദര്‍ശനത്തിന് പരിശുദ്ധ വേദഗ്രന്ഥം അവതരിപ്പിക്കാന്‍ പ്രപഞ്ചനാഥന്‍ തെരഞ്ഞെടുത്ത മാസമാണ് റമദാന്‍ (ഖുര്‍ആന്‍ 2:185). സാമൂഹിക ജീവിതത്തെ ആമൂലാഗ്രം പരിവര്‍ത്തിപ്പിക്കുന്ന ഒരു വിപ്ലവ ഗ്രന്ഥമാണ് ഖുര്‍ആന്‍. മനുഷ്യകുലത്തിന്റെ സമ്പൂര്‍ണ മോചനമാണത് ലക്ഷ്യമാക്കുന്നത്. പൈശാചിക ശക്തികളില്‍ നിന്ന് മോചനം, ദൈവേതര ശക്തികളുടെ അടിമത്തത്തില്‍ നിന്ന് മോചനം, ദേഹേഛയുടെ ദുസ്സ്വാധീനത്തില്‍ നിന്ന് മോചനം, ഭൗതികതയുടെ അതിപ്രസരത്തില്‍നിന്ന് മോചനം, ആത്മീയതയുടെ അപഥ സഞ്ചാരത്തില്‍ നിന്ന് മോചനം, മരണാനന്തരം നരകശിക്ഷയില്‍നിന്ന് മോചനം- ഇങ്ങനെ ഖുര്‍ആന്‍ സമര്‍പ്പിക്കുന്ന സമഗ്രമായ മോചനശാസ്ത്രം ഐഹിക പാരത്രിക ജീവിതത്തെ അഖില മേഖലകളിലും സ്വാധീനിക്കുന്നു.
ഖുര്‍ആന്‍ ശാസ്ത്രീയ രീതിയിലാണ് അതിന്റെ വിപ്ലവം സാധിക്കുന്നത്. മനുഷ്യനെ നിയന്ത്രിക്കുന്നത് മനസ്സാണ്. മനസ്സ് രോഗാതുരമാവുമ്പോള്‍ ചിന്തകള്‍ വ്യതിചലിക്കുന്നു, കര്‍മങ്ങള്‍ വഴിതെറ്റുന്നു, ദിശാബോധം നഷ്ടപ്പെടുന്നു. അരോഗമായ മനസ്സ് ആത്മീയമായ ഉത്തേജനം ഉളവാക്കുന്നു, ശാരീരികമായ ഉണര്‍വും കര്‍മശേഷിയും പ്രദാനം ചെയ്യുന്നു. ധൈര്യവും സ്ഥൈര്യവും പകരുന്നു. മനുഷ്യനെ ലക്ഷ്യപ്രാപ്തിക്കുതകുമാറ് കര്‍മനിരതനാക്കുന്നു.
മനസ്സിനെ അരോഗവും അന്യൂനവുമാക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ ഒരു സമ്പൂര്‍ണ പദ്ധതി സമര്‍പ്പിക്കുന്നു. ആദര്‍ശഭദ്രതയിലാണതെല്ലാം കേന്ദ്രീകരിക്കുന്നത്. ആരാധനാ കര്‍മങ്ങളിലൂടെ അതിനായി തീവ്ര പരിശീലനം നല്‍കുന്നു. ദിനേന അഞ്ചുനേരം ആവര്‍ത്തിക്കുന്ന നമസ്‌കാരം ഈ പരിശീലനത്തില്‍ സര്‍വ പ്രധാനമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനം പരിശീലനത്തിന്റെ വാര്‍ഷിക സമാപനമാണ്. മാനവരാശിയുടെ മോചനത്തിനായി ഇങ്ങനെ തീവ്ര പരിശീലനം നടത്തുന്ന റമദാന്‍ അനേകം മഹാ സംഭവങ്ങള്‍ക്ക് സാക്ഷിയാണ്.
വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഖുര്‍ആന്‍ പ്രതിനിധാനം ചെയ്യുന്ന വിപ്ലവാശയം പ്രയോഗവത്കരിക്കാന്‍ കെല്‍പുറ്റ സംഘത്തെ വ്രതാനുഷ്ഠാനത്തിലൂടെ കടഞ്ഞെടുക്കുന്നു. ഖുര്‍ആന്റെ അവതരണ വാര്‍ഷികം ആഘോഷിക്കുന്നതങ്ങനെയാണ്. ആ സംഘം ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ ഉല്ലേഖനം ചെയ്ത വിമോചന ഗാഥകളിലൂടെ നമുക്ക് കടന്നുപോകാം.

ബദ്ര്‍  എന്ന മഹാ സംഭവം
മനുഷ്യരാശിയെ അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്ക് നയിക്കാന്‍ നിയോഗിതനായ പ്രവാചകന്‍ മുഹമ്മദ് മുസ്ത്വഫാ(സ)യുടെ പാത പരവതാനി വിരിച്ചതായിരുന്നില്ല. വളരെയേറെ ദുര്‍ഘടമായിരുന്നു. സ്വന്തക്കാര്‍ അവിടുത്തെ തള്ളിപ്പറഞ്ഞു. ആദരിച്ചവര്‍ അകന്നു; സ്‌നേഹിച്ചവര്‍ വെറുത്തു, പോറ്റി വളര്‍ത്തിയവര്‍ ആട്ടിയകറ്റി. ദുസ്സഹമായ മാനസിക പീഡനം ശാരീരിക പീഡനമായി മാറി. തിയ്യും വെള്ളവും മുടക്കി വിശ്വാസികളെ മൂന്നു വര്‍ഷത്തോളം കഠിന പീഡനമേല്‍പിച്ചു. ഒരാശ്വാസ വചനത്തിന് കാതോര്‍ത്ത് ചെന്നു മുട്ടിയ വാതിലൊന്നും തുറക്കപ്പെട്ടില്ല. മോചിപ്പിക്കാനെത്തിയ രക്ഷകനെ കല്ലെറിയുന്ന ക്രൂരന്മാരായി മാറി അടിമത്തത്തിന്റെ നുകം പേറുന്ന ഇരകള്‍! അപ്പോഴും ആ മഹാനുഭാവന്‍ പറഞ്ഞുകൊണ്ടിരുന്നു: 'അല്ലാഹുവേ, എന്റെ ജനതക്ക് മാപ്പ് കൊടുക്കേണമേ. അവര്‍ അറിവില്ലായ്മ കൊണ്ട് ചെയ്തുപോകുന്നതാണിതെല്ലാം.' പീഡനത്തിന്റെയും നിസ്സഹായതയുടെയും പതിമൂന്നു വര്‍ഷങ്ങള്‍ തള്ളിനീക്കി പ്രവാചകനും അല്‍പം അനുയായികളും. അവസാനം കൂരിരുട്ടിന്റെ ആരാധകര്‍ ആ പ്രഭാപൂരം പൂര്‍ണമായും കെടുത്തിക്കളയാന്‍ വരെ ധൃഷ്ടരായി. കൊലപാതകികളോട് പ്രതികാരം ചെയ്യാന്‍ സാധിക്കാത്തവിധം ആസൂത്രിതമായി വധിക്കാന്‍ ശ്രമിച്ചു. അല്ലാഹുവിന്റെ സംരക്ഷണത്തില്‍ പ്രവാചകന്‍ ജന്മനാട് വെടിഞ്ഞ് മദീനയിലേക്ക്! അവിടെയും ശത്രുക്കള്‍ സൈ്വരം കൊടുത്തില്ല.
ആദര്‍ശ പ്രബോധകന്‍ ആയുധമണിയുന്നതിലര്‍ഥമില്ല. വിശ്വാസം ബലപ്രയോഗത്തിലൂടെ ഉണ്ടാക്കാനാവില്ല. മക്കയില്‍ വിശ്വാസികളെ സായുധ സമരത്തില്‍നിന്ന് വിലക്കിയിരുന്നു. എന്നാല്‍, ശാരീരികാക്രമണങ്ങള്‍ പോലും ക്ഷമാപൂര്‍വം സഹിച്ച് സമാധാനപരമായി സര്‍വസ്വം വെടിഞ്ഞ് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് ഓടിച്ചു പിടിക്കാന്‍ ശ്രമിക്കുന്നത് ആരെയാണ് അസ്വസ്ഥരാക്കാതിരിക്കുക. ആ മര്‍ദിതരുടെ പ്രാര്‍ഥന സ്വീകരിച്ച് പ്രതിരോധത്തിന് സായുധ സമരം അല്ലാഹു അനുവദിച്ചുത്തരവായി. '' യുദ്ധത്തിലൂടെ ആക്രമിക്കപ്പെടുന്നവര്‍ മര്‍ദിതരാണെന്നതിനാല്‍ തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. അവരെ സഹായിക്കാന്‍ അല്ലാഹു കെല്‍പുറ്റവനാണ്, തീര്‍ച്ച. അന്യായമായി വീടുകളില്‍നിന്ന് പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹുവാണ് ഞങ്ങളുടെ രക്ഷിതാവെന്ന് പറയുക മാത്രമാണവര്‍ ചെയ്തത്'' (22:39,40).
മക്കാ നിവാസികളുടെ ഒരു വര്‍ത്തക സംഘം ശാമില്‍ നിന്ന് തിരിച്ചുവരുന്ന വിവരം നബി(സ)യുടെ ശ്രദ്ധയില്‍ പെട്ടു. വര്‍ത്തക സംഘത്തെ പിടികൂടിയാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട ഭീമമായ സമ്പത്തിന്റെ ഒരു ചെറിയ വിഹിതം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന് വിശ്വാസികള്‍ ആഗ്രഹിച്ചു. വര്‍ത്തക സംഘത്തിന്റെ തലവന്‍ അബൂസുഫ്‌യാന്‍ മുസ്‌ലിംകള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് മണത്തറിഞ്ഞു. സംഘത്തെ മദീനയില്‍ നിന്നകലെ കടല്‍ക്കരയിലൂടെ തിരിച്ചുവിട്ടു. കൂട്ടത്തില്‍ മുസ്‌ലിംകള്‍ ആക്രമിക്കാന്‍ വട്ടം കൂട്ടുന്നുവെന്നും ഉടനെ സഹായിക്കാന്‍ സൈന്യത്തെ അയക്കണമെന്നും മക്കാ നിവാസികളോടാവശ്യപ്പെടുകയും ചെയ്തു.
അബൂജഹ്‌ലിന്റെ നേതൃത്വത്തില്‍ ആയിരത്തോളം വരുന്ന പടയാളികള്‍ സര്‍വായുധ സജ്ജരായി മുസ്‌ലിംകളെ നേരിടാന്‍ പുറപ്പെട്ടു. അവര്‍ ബദ്‌റിലെത്തുമ്പോള്‍ വര്‍ത്തക സംഘം സുരക്ഷിതരായി കടന്നുപോയ വിവരമറിഞ്ഞു. പിരിഞ്ഞുപോകാമെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, നേതാവായ അബൂജഹ്ല്‍ മുസ്‌ലിംകളെ ഒരു പാഠം പഠിപ്പിച്ചേ മടങ്ങൂ എന്ന അഭിപ്രായക്കാരനായിരുന്നു. അദ്ദേഹം പടയണി ശരിപ്പെടുത്തി യുദ്ധത്തിനൊരുങ്ങി. വര്‍ത്തക സംഘം വഴിമാറി പോയതറിയാതെ മുസ്‌ലിംകള്‍ പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങി. അപ്പോഴാണവര്‍ക്ക് മക്കാ സൈന്യത്തെക്കുറിച്ച് വിവരം ലഭിച്ചത്.
നബി(സ)യുടെ കൂടെ 313 പേരാണുള്ളത്. പലര്‍ക്കും വാഹനമില്ല. ചിലര്‍ക്ക് ആയുധമില്ല. ഉള്ള ആയുധം വെറും വാള്‍ മാത്രം. ചുരുക്കം പേര്‍ അമ്പും വില്ലും കരുതിയിരുന്നു. ഈ ദുര്‍ബല സംഘം എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ നബി(സ) യോഗം വിളിച്ചു. അന്‍സ്വാരി പ്രമുഖരും മുഹാജിര്‍ പ്രമുഖരും ശത്രുക്കളുമായി ഏറ്റുമുട്ടാന്‍ സമ്മതമറിയിച്ചു. ദ്വന്ദ്വയുദ്ധത്തിലാരംഭിച്ച യുദ്ധം കൊടുമ്പിരിക്കൊണ്ടു. മുസ്‌ലിം സൈന്യം ശത്രുക്കളെ പരാജയപ്പെടുത്തി. എഴുപത് പേരെ വധിച്ചു. എഴുപത് പേരെ തടവുകാരായി പിടിച്ചു. 14 മുസ്‌ലിംകള്‍ രക്ഷസാക്ഷികളായി. വളരെ സംക്ഷിപ്തമായ ഒരു വിവരണമാണിത്.
ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17-നായിരുന്നു ബദ്ര്‍ യുദ്ധം. ധര്‍മയുദ്ധത്തിന്റെ മാര്‍ഗരേഖ തയാറാക്കാന്‍ ആവശ്യമായ കരുക്കളെല്ലാം ഈ യുദ്ധത്തില്‍ കാണാം. സൈനിക സംഖ്യ കുറവാണെങ്കിലും ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ മഹാ സംഭവം അനുസ്മരിക്കപ്പെടുന്നു. ബദ്‌റിന്റെ പാഠങ്ങള്‍ സംക്ഷിപ്തമായി ചുവടെ:
യുദ്ധതന്ത്രങ്ങളുമായി ബന്ധപ്പെട്ട് പല പ്രധാന കാര്യങ്ങളും ബദ്‌റില്‍ നിന്ന് പഠിക്കാനുണ്ട്. സംഖ്യാബലമല്ല വിജയ നിദാനം എന്നതാണ് ഒരു പ്രധാന തത്ത്വം. ആത്മവീര്യവും സ്ഥൈര്യവുമുള്ള ഒരു ചെറു സംഘത്തിന് സായുധ സജ്ജരായ ഒരു വലിയ സൈന്യത്തെ ജയിക്കാന്‍ സാധിക്കും. നേതാവും അണികളും തമ്മിലുള്ള സഹകരണവും മനപ്പൊരുത്തവും ഈ യുദ്ധത്തില്‍ തെളിഞ്ഞുകാണാം. വാഹനങ്ങള്‍ കുറവായതിനാല്‍ മൂന്നു പേര്‍ മാറി മാറിയാണ് വാഹനമുപയോഗിച്ചിരുന്നത്. നബി(സ)യുടെ കൂടെ അലി(റ), അബൂ ലുബാബ(റ) എന്നിവരാണുണ്ടായിരുന്നത്. തങ്ങളുടെ ഊഴം നബിക്ക് നല്‍കാന്‍ അവര്‍ രണ്ടുപേരും ശ്രമിച്ചുകൊണ്ടിരുന്നു. നബി(സ) നിരസിച്ചു. ''നിങ്ങള്‍ എന്നെക്കാള്‍ ശക്തരല്ല, എനിക്ക് നിങ്ങളെപ്പോലെ പ്രതിഫലം ലഭിക്കുകയും വേണം''- നബി(സ) വിശദീകരിച്ചു. പട്ടാളക്കാരോടെല്ലാം കൂടിയാലോചിച്ചാണ് അവിടുന്ന് തീരുമാനം കൈക്കൊണ്ടത്. സാമൂഹികശാസ്ത്രത്തിലും മനഃശാസ്ത്രത്തിലും കൂടിയാലോചനയുടെ നന്മകള്‍ വിവരിച്ചിട്ടുണ്ട്. ഒരു യുദ്ധതന്ത്രമെന്ന നിലയില്‍ മരുഭൂമിയിലെ ജലസ്രോതസ്സ് അധീനപ്പെടുത്താന്‍ മുസ്‌ലിംകള്‍ ആദ്യമേ ശ്രദ്ധിച്ചിരുന്നു. ഹുബാബ്ബ്‌നുല്‍ മുന്‍ദിര്‍(റ) ആണ് ഈ ആശയം നബിയെ  ധരിപ്പിച്ചത്. കൂടിയാലോചനയും അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കലും സൈന്യത്തെ നേതാവുമായി അടുപ്പിക്കുമെന്ന് പറയേണ്ടതില്ല.
നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം പ്രകടമാകുന്നതായിരുന്നു കൂടിയാലോചനാ ഫലം. അന്തിമ തീരുമാനമെടുക്കാന്‍ നബി(സ)യെ ഭരമേല്‍പിച്ചു. തങ്ങള്‍ സര്‍വസ്വം ഈ മാര്‍ഗത്തിലേക്ക് നീക്കിവെക്കാന്‍ സന്നദ്ധരാണെന്ന് പ്രഖ്യാപിച്ചു. ധീരധീരം മുന്നോട്ടുപോകൂ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന സന്ദേശമാണ് അവര്‍ നേതൃത്വത്തിന് നല്‍കിയത്. അവര്‍ക്ക് നേതൃത്വത്തെ അത്രയും വിശ്വാസമായിരുന്നുവെന്നര്‍ഥം. നേതൃത്വവും അണികളും തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതിരുന്നാല്‍ സംഘം ദുര്‍ബലമാവും. പരസ്പരം നല്ല ധാരണ വെച്ചുപുലര്‍ത്തുമ്പോള്‍ അന്യോന്യം വിശ്വസിക്കാനും സഹകരിക്കാനും പ്രയാസമുണ്ടാവില്ല.
ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് വിജയത്തിനനിവാര്യമായ മറ്റൊരു ഘടകം. നബി(സ) ദിവ്യബോധനത്തിലൂടെ ലഭിച്ച സന്തോഷവാര്‍ത്ത അനുയായികളെ കേള്‍പ്പിക്കുകയും അവര്‍ക്ക് വിജയത്തിന്റെ ദൃശ്യങ്ങള്‍ കണ്‍മുമ്പിലെന്ന പോലെ വര്‍ണിച്ചുകൊടുക്കുകയും ചെയ്തു. അഭിപ്രായങ്ങളെ വില മതിക്കുകയും അവ സ്വീകരിക്കുകയും ചെയ്യുക, അഭിജ്ഞരുടെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കുക, സ്വന്തം അഭിപ്രായം മാറ്റിവെക്കുക തുടങ്ങി അണികളെ വേണ്ടവിധം പരിഗണിക്കണമെന്ന പാഠം ബദ്ര്‍ യുദ്ധത്തില്‍ നബി(സ) പ്രാവര്‍ത്തികമായി പഠിപ്പിച്ചു. നേതൃത്വം സുരക്ഷിതരായിരിക്കണമെന്നത് യുദ്ധ വിജയത്തിന്നനിവാര്യമാണ്. സഅദ്ബുനു മുആദ്(റ) നിര്‍ദേശിച്ചു: ''നബി(സ) കമാണ്ടിംഗ് സെന്ററില്‍ യുദ്ധം നിരീക്ഷിച്ചിരിക്കണം. ഉയര്‍ന്ന സ്ഥലത്ത് നിരീക്ഷണ കേന്ദ്രം പണിയാം. യുദ്ധഫലം അനുകൂലമല്ലെങ്കില്‍ നേതാക്കള്‍ പിന്‍വാങ്ങി കൂടുതല്‍ പടയാളികളെ ശേഖരിച്ച് തിരിച്ചടിക്കാം. അതിനു വേണ്ട വാഹനങ്ങള്‍ നിരീക്ഷണ കേന്ദ്രത്തില്‍ സജ്ജമായിരിക്കണം.'' ഈ നിര്‍ദേശം അപ്പടി സ്വീകരിക്കുകയായിരുന്നു നബി(സ).
ആദര്‍ശ സഹോദരങ്ങളെ ആദരിക്കുകയും അവരെക്കുറിച്ച് നല്ലത് വിചാരിക്കുകയും ചെയ്യണം. പരസ്പര ബഹുമാനത്തിലൂട്ടിയ സാമൂഹികബന്ധം ഭദ്രമായ ഒരു സൈന്യത്തിന് രൂപം നല്‍കാന്‍ അനിവാര്യമാണ്. സഅ്ദ്ബ്‌നു മൂആദ് ബദ്‌റില്‍ ഹാജരാവാത്ത സഹോദരമാരെക്കുറിച്ച് പറഞ്ഞതിപ്രകാരമാണ്: ''വര്‍ത്തക സംഘത്തെ നേരിടാനാണെന്ന ധാരണയാണ് അവര്‍ വരാതിരിക്കാന്‍ കാരണം. ഒരു സായുധ ഏറ്റുമുട്ടലുണ്ടെന്നറിഞ്ഞിരുന്നുവെങ്കില്‍ അവരെല്ലാം വരുമായിരുന്നു. ഞങ്ങളെപ്പോലെ അവര്‍ നബി(സ)യെ സ്‌നേഹിക്കുന്നവരാണ്.''
നീതിബോധം നേതാവിന്റെ അനിവാര്യ ഗുണമാണ്. നിസ്സാര കാര്യത്തിലും അണികള്‍ക്കതൃപ്തിയുണ്ടാവരുത്. ചരിത്രത്തില്‍ മാതൃക കാണാത്ത നീതിയും സമത്വവും ഇസ്‌ലാമിന്റെ നേതൃത്വം നമുക്ക് കാണിച്ചുതരുന്നു. ഏതു പട്ടാളത്തിലും കമാണ്ടര്‍ ആളെ പിടിച്ചുവിഴുങ്ങുന്ന സിംഹമായാണ് അണികളില്‍ നിന്നച്ചടക്കം പിടിച്ചുവാങ്ങുന്നത്. എന്നാല്‍ മുഹമ്മദ് നബി(സ) ഒരു സാധാരണ സൈനികന്റെ ആവശ്യം പോലും നിരസിച്ചില്ല. ആവലാതി അവഗണിച്ചില്ല. അണികള്‍ ശരിപ്പെടുത്തുമ്പോള്‍ സവാദ് ബ്‌നു ഗസിയ്യ അല്‍പം തെന്നിനിന്നു. കൈയിലുണ്ടായിരുന്ന അമ്പിന്റെ പിടികൊണ്ട് നബി അദ്ദേഹത്തിന്റെ വയറ്റില്‍ ചെറുതായൊന്ന് കുത്തി. 'നേരെ നില്‍ക്കൂ സവാദേ' എന്നു പറഞ്ഞു. ''അല്ലാഹുവിന്റെ ദൂതരേ താങ്കളെന്നെ വേദനിപ്പിച്ചു. എനിക്ക് പ്രതിക്രിയ അനുവദിക്കണം'' നബി(സ) കുപ്പായം പൊക്കി. സവാദ് നബി(സ)യുടെ വയറില്‍ ചുംബിച്ചു. ''എന്താ സവാദേ ഇതെല്ലാം''- നബി(സ) ചോദിച്ചു. ''യുദ്ധം മുന്നില്‍ കാണുകയല്ലേ നാം. അതിനാല്‍ അങ്ങയെ അവസാനമായി കാണുമ്പോള്‍ എന്റെ ശരീരം അങ്ങയുടെ ശരീരത്തെ സ്പര്‍ശിക്കട്ടെ എന്ന് കരുതി.'' സവാദിനു വേണ്ടി നബി(സ) പ്രാര്‍ഥിച്ചു.
അണികള്‍ വളവില്ലാതെ ചിട്ടയോടെ സജ്ജീകരിക്കുന്നതിന്റെ പ്രാധാന്യം ഈ സംഭവത്തില്‍നിന്ന് ഗ്രഹിക്കാം. വ്യവസ്ഥകള്‍ക്ക് വിധേയരാകുന്ന സംഘമേ വിജയം പ്രാപിക്കൂ. അനുസരണവും അച്ചടക്കവും ഈ വ്യവസ്ഥാപിത സംഘാടനത്തിന്റെ അനിവാര്യ ഘടകമാണ്. നേതൃത്വത്തെ അനുസരിക്കുന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. ആദ്യ നേതാവായ നബി(സ)യെ അനുസരിച്ച് ശീലിച്ച അച്ചടക്കബോധം സമൂഹത്തില്‍ എന്നും നിലനില്‍ക്കണം.
പ്രാര്‍ഥന വിശ്വാസിയുടെ ഈടുറ്റ ആയുധമാണ്. നേതൃത്വം അണികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന മാതൃകയാണ് പ്രവാചകന്‍(സ) നമുക്ക് കാണിച്ചുതന്നത്. ഭൗതികമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി നബി(സ) തനിക്കു വേണ്ടി അനുയായികള്‍ സജ്ജീകരിച്ച പന്തലിലെത്തി. അബൂബക്കര്‍ സിദ്ദീഖ്(റ) മാത്രമേ അവിടെ നബിയോടൊപ്പമുണ്ടായിരുന്നുള്ളൂ. നബി ദീര്‍ഘനേരം താണുകേണ് പ്രാര്‍ഥിച്ചു. തട്ടമെല്ലാം താഴെ വീണു. അബൂബക്കര്‍(റ) നബിയെ ആശ്വസിപ്പിക്കുകയായിരുന്നു: ''അല്ലാഹു സഹായിക്കും. താങ്കളോട് ചെയ്ത വാഗ്ദാനം പാലിക്കും.'' മുസ്‌ലിംകള്‍ വിജയശ്രീലാളിതരാകുവോളം വീണ്ടും വീണ്ടും നബി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

ബദ്ര്‍ യഥാര്‍ഥ വിമോചനസമരം
മക്കയില്‍ നിന്ന് 15 വര്‍ഷം മുമ്പാരംഭിച്ച പീഡന മര്‍ദനങ്ങള്‍ക്കറുതി വരുത്തി വിശ്വാസികളുടെ വിമോചനത്തില്‍ പര്യവസാനിച്ച സമരമായിരുന്നു ബദ്ര്‍. അല്ലാഹുവിന്റെ ഭൂമിയില്‍ അവന്റെ യഥാര്‍ഥ ദാസന്മാര്‍ മര്‍ദിതരും നിന്ദ്യരുമായി കഴിയുക, പൈശാചിക ശക്തികള്‍ അവരെ അടക്കിഭരിക്കുക, സത്യം വിസ്മരിക്കപ്പെടുക, അസത്യം ഉഛൈസ്തരം ഉദ്‌ഘോഷിക്കപ്പെടുക- ഈ വൈരുധ്യത്തില്‍നിന്ന് മനുഷ്യരാശിക്ക് മോചനം നല്‍കിയ വിമോചന സംഘട്ടനമായിരുന്നു ബദ്ര്‍. ബ്ദറിനു ശേഷം മദീന ഒരഭയാര്‍ഥി കേന്ദ്രമല്ലാതായി. ഉന്നത മാതൃകയിലുള്ള ഒരു കൊച്ചു രാഷ്ട്രമായി മദീന ആസ്ഥാനമായ ഇസ്‌ലാമിക പ്രദേശം അംഗീകരിക്കപ്പെട്ടു. മുസ്‌ലിംകള്‍ ആര്‍ക്കും മര്‍ദിക്കാവുന്ന, പീഡിപ്പിക്കാവുന്ന ഒരു ദുര്‍ബല സമൂഹമെന്ന സങ്കല്‍പം തിരുത്തിയെഴുതി. എണ്ണത്തില്‍ കുറവെങ്കിലും ഏത് വന്‍ശക്തിയെയും വെല്ലുവിളിക്കാന്‍ കെല്‍പുറ്റ ആത്മവീര്യമുള്ള ഉത്തമ സമൂഹമായി അവര്‍ അംഗീകാരം നേടി. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ മാസത്തില്‍ ബദ്‌റില്‍ ആരംഭിച്ച വിമോചന ജൈത്രയാത്ര റോമാ സാമ്രാജ്യത്തിന്റെയും പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയും മര്‍ദക ഭരണകൂടങ്ങളില്‍നിന്നുള്ള വിമോചനമായി വളര്‍ന്നതിന് ചരിത്രം സാക്ഷി.

മക്കാ വിജയം
ബദ്‌റില്‍ തുടങ്ങിവെച്ച ജൈത്രയാത്ര പ്രവാചകനും അനുയായികളും തുടര്‍ന്നു. ആറു വര്‍ഷം കഴിഞ്ഞ് ഹിജ്‌റ എട്ടാമാണ്ടിലെ റമദാന്‍ 23-ാം തീയതിയാണ് ആ ചരിത്ര മുഹൂര്‍ത്തം. ലോക ചരിത്രത്തില്‍ ഇന്നേവരെ എഴുതപ്പെട്ട ഒരു ജനീവാ കരാറും  മക്കാ വിജയത്തില്‍ മുസ്‌ലിം സൈന്യം പാലിച്ച ആത്മസംയമനത്തിനടുത്തെത്തുകയില്ല. ഇസ്‌ലാം മനുഷ്യനില്‍ വളര്‍ത്തിയെടുക്കുന്ന മഹനീയ സ്വഭാവഗുണങ്ങളുടെ ദര്‍പ്പണമായിരുന്നു മക്കാ വിജയം. സഹിഷ്ണുതയുടെയും വിനയത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു പ്രവാചകന്‍(സ).
സത്യത്തിലേക്ക് വിളിച്ചുവരുത്തി ഐഹികവും പാരത്രികവുമായ ക്ഷേമൈശ്വര്യങ്ങള്‍ നേടിക്കൊടുക്കാന്‍ അവിശ്രമം പരിശ്രമിച്ച പ്രവാചകനെ മക്കാ നിവാസികള്‍ മര്‍ദിച്ചതും പീഡിപ്പിച്ചതും വധിക്കാന്‍ ശ്രമിച്ചതുമെല്ലാം ഒരു നിമിഷം കൊണ്ട് നബി മറന്നുകളഞ്ഞു. ഹിജ്‌റക്കു ശേഷവും ഹുദൈബിയാ സന്ധി കഴിഞ്ഞും ആ ശത്രുത ആളിക്കത്തിയിരുന്നു. നബി(സ) അതെല്ലാം മറന്നു. ''ഞാനിന്ന് നിങ്ങളെ കുറ്റവിചാരണ ചെയ്യുന്നില്ല. നിങ്ങള്‍ക്ക് പോകാം, നിങ്ങള്‍ സ്വതന്ത്രരാണ്.'' ആയുധം വെച്ച് കീഴടങ്ങിയ പോരാളികളോട് പ്രവാചകന്‍ പ്രഖ്യാപിച്ചു.
വിജയിക്കുമ്പോള്‍ വിനയാന്വിതനാവുക എന്നത് അതിമഹത്തായ സ്വഭാവവൈശിഷ്ട്യമാണ്. ജയിച്ചടക്കിയ നാട് ചുട്ടുചാമ്പലാക്കുന്ന മൃഗീയ സൈനിക ശീലമല്ല മനുഷ്യരാശിക്കാവശ്യം. നാട് വെട്ടിപ്പിടിക്കാനും മനുഷ്യരെ പ്രത്യക്ഷമായോ പരോക്ഷമായോ അടിമകളാക്കാനും ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. സ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് അത് വിധിക്കുന്നു. ആ മൗലികാവകാശം നേടിയെടുക്കാന്‍ യുദ്ധം ചെയ്യാന്‍ വരെ അത് കല്‍പിക്കുന്നു. മുസ്‌ലിംകള്‍ ഒരു രക്തരഹിത സമരത്തിലൂടെ മക്ക ജയിച്ചടക്കി. ഇസ്‌ലാമിക സൈനികത്തലവന്‍ മുഹമ്മദ് മുസ്ത്വഫാ(സ) ശാന്തനായി വിശുദ്ധ കഅ്ബാലയത്തിലേക്ക് നടന്നടുത്തു. ഹജറുല്‍ അസ്‌വദ് ചുംബിച്ചു. കഅ്ബ പ്രദക്ഷിണം ചെയ്തു. ''പറയുക, സത്യം വന്നു, അസത്യം തകര്‍ന്നു. അസത്യം വേഗം തകരുന്നതാണ്'' (17:81). നബി(സ) ആ ദൈവിക വചനം ഒരു പ്രവചനമെന്നോണം ഉരുവിട്ട് കഅ്ബാലയത്തിനകത്ത് കയറി. ബഹുദൈവവിശ്വാസത്തിന്റെ ചിഹ്നങ്ങളില്‍നിന്ന് കഅ്ബയെ മോചിപ്പിച്ചു. ഏകദൈവവിശ്വാസത്തിന്റെ ചിഹ്നമായി ഇബ്‌റാഹീം (അ) പണിതുപൊക്കിയ കഅ്ബാലയം ബഹുദൈവാരാധനയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് മോചിതമായി.

ബൈത്തുല്‍ മഖ്ദിസ് മോചനം
യൂറോപ്പ് അതിന്റെ മുഴുവന്‍ ശക്തിയും ഭാരവും വ്യയം ചെയ്താണ് കുരിശുയുദ്ധത്തിലൂടെ ബൈത്തുല്‍ മഖ്ദിസ് പിടിച്ചടക്കിയത്. ദീര്‍ഘകാലം ആര്‍ക്കും അവരെ നേരിടാനായില്ല. ആളും അര്‍ഥവും അവരുടെ കൈയിലായിരുന്നു. എന്നാല്‍, മുസ്‌ലിം പണ്ഡിതന്മാര്‍ ഒരു ദിവസം പോലും ബൈത്തുല്‍ മഖ്ദിസിനെ മറന്നില്ല. നിരന്തരം ഭരണാധികാരികളെയും സമുദായത്തെയും അവര്‍ ബൈത്തുല്‍ മഖ്ദിസിന്റെ മോചനത്തെക്കുറിച്ചോര്‍മിപ്പിച്ചു. 1144-ല്‍, ഭക്തനായ ഭരണാധികാരി ഇമാദുദ്ദീന്‍ സന്‍കി(റ) കുരിശുയുദ്ധക്കാരില്‍നിന്ന് ചില പട്ടണങ്ങളും തന്ത്രപ്രധാന മേഖലകളും മോചിപ്പിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി നൂറുദ്ദീന്‍ മഹ്മൂദ് സന്‍കി (റ) ആ ദൗത്യം തുടര്‍ന്നു. 1154-ല്‍ അദ്ദേഹത്തിന്റെ അധികാരം ദമസ്‌കസ് വരെ വ്യാപിച്ചു. ധീരനും ഭക്തനുമായ സൈന്യാധിപന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി 1187-ല്‍ ഹിത്തീനില്‍ വെച്ച് നടത്തിയ ഘോര സമരത്തോടെ ബൈത്തുല്‍ മഖ്ദിസ് മോചിപ്പിച്ചു. ഹിജ്‌റ 583 റമദാനിലായിരുന്നു ഈ പോരാട്ടം.

ഔദാര്യത്തിന്റെ മാതൃകകള്‍
സ്ത്രീകളെയും കുട്ടികളെയും വെറുതെ വിടുകയെന്നതാണ് ഇസ്‌ലാമിക മര്യാദ. എന്നാല്‍, മറുനാട്ടില്‍ നിന്ന് വന്ന ഞങ്ങള്‍ എങ്ങോട്ടുപോകും, ഞങ്ങളെ ഇനി ആര്‍ സംരക്ഷിക്കും എന്നെല്ലാം വേവലാതിപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരായ തടവുകാരെ വിട്ടുതരണമെന്ന് സുല്‍ത്താന്‍ സ്വലാഹുദ്ദീനോട് ആവശ്യപ്പെട്ടു. മാനുഷിക പരിഗണന നല്‍കി അദ്ദേഹം തടവിലുള്ള അവരുടെ ഭര്‍ത്താക്കന്മാരെ വിട്ടയച്ചു.
ബൈത്തുല്‍ മഖ്ദിസ് വിട്ടുപോകുമ്പോള്‍ ഭീമമായ സമ്പത്തുമായാണ് ക്രിസ്ത്യന്‍ ചര്‍ച്ചുകളുടെ മേധാവി സ്ഥലം വിട്ടത്. അതില്‍ മുസ്‌ലിം പള്ളികളില്‍നിന്ന് കുരിശുയുദ്ധക്കാര്‍ പിടിച്ചെടുത്ത സ്വത്തുമുണ്ടായിരുന്നു. പരാജയപ്പെട്ടവരെ പീഡിപ്പിക്കാതിരിക്കുക എന്ന ഉന്നത മാതൃകയാണ് സ്വലാഹുദ്ദീന്‍ അയ്യൂബി കാഴ്ചവെച്ചത്. അവര്‍ നിര്‍ഭയരായി മഖ്ദിസ് വിട്ടുപോയി.

താര്‍ത്താരികളില്‍ നിന്ന് മോചനം
മംഗോളിയര്‍ മുസ്‌ലിം രാഷ്ട്രം ജയിച്ചടക്കി അവരുടെ അധികാരം വികസിപ്പിച്ചുകൊണ്ടേയിരുന്നു. അതിക്രൂരമായി സ്ത്രീകളെയും കുട്ടികളെയും വരെ കൂട്ടത്തോടെ കൊന്നൊടുക്കിയ, മനുഷ്യരാശിയെ നടുക്കിയ ആക്രമണമായിരുന്നു താര്‍ത്താരികളുടേത്. അവരെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ല എന്നു വരെ ജനം വിശ്വസിച്ചുപോയി.
ഹിജ്‌റ 658 റമദാനില്‍ സൈഫുദ്ദീന്‍ ഖുത്വ്ബിന്റെ നേതൃത്വത്തില്‍ സര്‍വായുധ സജ്ജരായ മുസ്‌ലിം സൈന്യം ഫലസ്ത്വീനിലെ ഐന്‍ ജാലൂത്ത് എന്ന സ്ഥലത്ത് വെച്ച് താര്‍ത്താരികളുമായി ഏറ്റുമുട്ടി. റമദാന്‍ 25 വെള്ളിയാഴ്ചയായിരുന്നു പടപ്പുറപ്പാടിന്റെ തുടക്കം. ആരംഭത്തില്‍ മംഗോളിയര്‍ മുസ്‌ലിം സൈന്യത്തില്‍ ചില വിള്ളലുകളുണ്ടാക്കി. സൈന്യാധിപന്‍ ചരിത്ര പ്രസിദ്ധമായ 'വാ ഇസ്‌ലാമാഹ്' (ഇസ്‌ലാമിന്റെ രക്ഷക്കെത്തൂ) എന്ന ആഹ്വാനത്തോടെ സൈന്യത്തെ വീണ്ടും ഒരുമിച്ചുകൂട്ടി. തുടര്‍ന്ന് മംഗോളിയരുടെ സൈന്യാധിപന്‍ വധിക്കപ്പെട്ടു. അവരുടെ സൈന്യം ശിഥിലമായി. ഒടുവില്‍ മുസ്‌ലിംകള്‍ വിജയക്കൊടി നാട്ടി.
ചെങ്കീസ്ഖാന്റെ കാലം മുതല്‍ അജയ്യരായി അറിയപ്പെട്ട മംഗോളിയരില്‍ നിന്ന് ഇസ്‌ലാമിക രാഷ്ട്രം മോചിതമായി. സൈഫുദ്ദീന്‍ ഖുത്വ്ബ് അല്ലാഹുവിന് നന്ദി സൂചകമായി പടക്കളത്തില്‍ വെച്ച് നമസ്‌കരിച്ചു.

കോണ്‍സ്റ്റാന്റിനോപ്പിളിന്റെ മോചനം
പ്രവാചകന്‍ (സ) പ്രവചിച്ചു: ''നിങ്ങള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കും. അവിടത്തെ ഭരണാധികാരി ഉത്തമനായിരിക്കും. അത് ജയിക്കുന്ന സൈന്യം ഉത്തമ സൈന്യമായിരിക്കും'' (അഹ്മദ്).
ഇസ്‌ലാമിക ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള യുദ്ധങ്ങളിലൊന്നായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍ യുദ്ധം. രണ്ടര ലക്ഷം പട്ടാളക്കാരുണ്ടായിരുന്നു മുസ്‌ലിം സൈന്യത്തില്‍. സൈന്യാധിപന്‍ മുഹമ്മദ് അല്‍ഫാതിഹ് അസാധാരണ തന്ത്രജ്ഞനും സൂത്രശാലിയും ധീരനുമായിരുന്നു. ക്രി. 1453 ഏപ്രില്‍ മാസത്തില്‍ ഹിജ്‌റ 805 റമദാന്‍ 12-ന് ജുമുഅ നമസ്‌കാരാനന്തരം ആരംഭിച്ച ഉപരോധം റമദാന്‍ അവസാനമാകുംവരെ ഫലം കണ്ടില്ല. റമദാന്‍ 29-ന് രാത്രി 70 കപ്പലുകള്‍ മൂന്നു നാഴിക നീളത്തില്‍ ഗ്രീസിട്ട മരങ്ങള്‍ പതിച്ച റോഡിലൂടെ വലിച്ചുകൊണ്ടുപോയി മുസ്‌ലിം സൈന്യം ശത്രുക്കളുടെ നാവികപട തകര്‍ത്തു. ശവ്വാല്‍ 20 വരെ ശത്രു സൈന്യം കോട്ട പ്രതിരോധിച്ചു. 20-ന് മുസ്‌ലിം സൈന്യം അതിശക്തമായ ഒരാക്രമണം നടത്തി. ഒരു ലക്ഷം പട്ടാളക്കാര്‍ കോട്ടവാതില്‍ തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ടു. 50000 പേര്‍ അവര്‍ക്ക് പിന്നണിയില്‍ തയാറായി നിന്നു. മൂന്ന് മണിക്കൂറിനകം അവര്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കി.
ജയിച്ച പട്ടണത്തിലെ ജനങ്ങള്‍ക്ക് പൗരസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അനുവദിച്ചു. നിര്‍ഭയരായി അവര്‍ ഇസ്‌ലാമിക ഭരണത്തിന്‍ കീഴില്‍ ജീവിച്ചു. ഈ ജൈത്രയാത്രയും ഒരു വിമോചന സമരമായിരുന്നു.

ഫലസ്ത്വീന്‍ മോചനം
റമദാനിലെ വിമോചനസമരങ്ങളില്‍ അടുത്ത കാലത്തുണ്ടായ ഒരു മഹാ സംഭവമാണ് 1973-ല്‍ റമദാന്‍ 10-ന് അറബികള്‍ (ഈജിപ്തും സിറിയയും), ഇസ്രയേല്‍ പിടിച്ചെടുത്ത ഫലസ്ത്വീന്റെയും ഈജിപ്തിന്റെയും സിറിയയുടെയും ഭൂമി മോചിപ്പിക്കാന്‍ നടത്തിയ സമരം. ആസൂത്രണത്തിലും സന്നാഹങ്ങളിലും മികച്ചുനിന്ന സമരമായിരുന്നു അത്. സീനാഇല്‍ ഇസ്രയേല്‍ പിടിച്ചടക്കിയ പ്രദേശത്തിന്റെ അതിര്‍ത്തിയില്‍ ബാര്‍ലീവ് ലൈന്‍ എന്ന പേരില്‍, തകര്‍ക്കാനാവില്ലെന്ന് കൊട്ടിഘോഷിച്ച ഒരു കിടങ്ങും മണല്‍ മതിലും നിര്‍മിച്ചിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ ഏതാനും മണിക്കൂറ് കൊണ്ട് ഈ മതില്‍ തകര്‍ക്കാന്‍ ഈജിപ്ഷ്യന്‍ സേനക്ക് സാധിച്ചു. ശക്തിയേറിയ പമ്പുകളിലൂടെ ജലമടിച്ച് മണല്‍ ഭിത്തികള്‍ തകര്‍ത്തു. കോണ്‍ക്രീറ്റ് കെട്ടുകള്‍ പീരങ്കി ഉപയോഗിച്ചും. മുസ്‌ലിം ലോകം തറാവീഹ് നമസ്‌കാരത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ ആക്രമണം പ്ലാന്‍ ചെയ്തത്. ഇസ്രയേല്‍ സൈന്യം ആര്‍ക്കും തോല്‍പിക്കാനാവാത്ത അജയ്യ ശക്തിയാണെന്ന മിഥ്യാധാരണ ഇതോടെ തകര്‍ന്നു. മൂന്നു ദിവസം കൊണ്ട് ഇസ്രയേലിന്റെ ആയുധങ്ങളും ടാങ്കുകളും ഗണ്യമായി നശിപ്പിക്കാന്‍ അറബികള്‍ക്ക് സാധിച്ചു.
അമേരിക്ക നേരിട്ടിടപ്പെട്ട് 'ആകാശപ്പാലം' ഒരുക്കി ടാങ്കുകളും ആയുധങ്ങളും സീനായില്‍ ഇറക്കിക്കൊടുത്തില്ലായിരുന്നെങ്കില്‍ ആ യുദ്ധത്തിന്റെ പര്യവസാനം ഫലസ്ത്വീന്റെ മോചനമാകുമായിരുന്നു.
അല്ലാഹു നിശ്ചയിച്ച സമയമാകുമ്പോള്‍ റമദാന്റെ ആത്മീയശക്തി ആവാഹിച്ചെടുത്ത മുസ്‌ലിംകള്‍ സയണിസ്റ്റുകളെയും അവരുടെ വലിയ യജമാനനെയും തോല്‍പിച്ച് ബൈത്തുല്‍ മഖ്ദിസ് വീണ്ടും മോചിപ്പിക്കും. അന്ന് വിശ്വാസികള്‍ ആനന്ദതുന്ദിലരാകും.
[email protected]

Comments