Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

ഖദ്ദാഫിയുടെ കോമഡിയും ഒരു ജനതയുടെ ട്രാജഡിയും

വി.പി ശൗക്കത്തലി

മുഹമ്മദ് ഇദ്‌രീസ് അസ്സനൂസി രാജാവ് ലിബിയ ഭരിക്കുന്ന കാലം. ഭരണത്തില്‍ സഹികെട്ട് ജനം കൊട്ടാരത്തിലേക്ക് പ്രകടനമായെത്തി. പടുവൃദ്ധനായതിനാല്‍ ചെവി നന്നായി കേള്‍ക്കാതിരുന്ന ഇദ്‌രീസ് രാജാവ് ഉദ്യോഗസ്ഥരോട് അവരെന്താണ് വിളിച്ചു പറയുന്നത് എന്നന്വേഷിച്ചു. മറുപടി: ''ഞങ്ങള്‍ക്ക് ഇബ്‌ലീസായാലും മതി ഇനി ഇദ്‌രീസിനെ വേണ്ട'' എന്നാണ് അവര്‍ പറയുന്നത്. രാജാവ്: ''ആമീന്‍, അല്ലാഹുമ്മ ആമീന്‍!'' ചരിത്രം ഈ പ്രാര്‍ഥനക്ക് നല്‍കിയ മറുപടിയാണ് ഇദ്‌രീസ് രാജാവിനു ശേഷം 42 വര്‍ഷം ലിബിയയില്‍ ഏകാധിപതിയായി വാണ ഖദ്ദാഫിയെന്ന് പഴമക്കാര്‍....
കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ മറ്റിതര ഭരണാധികാരികളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.അതിലൊന്നാണ് അയാളുടെ കോമഡികളും കോമാളി വേഷവും. വിദേശയാത്ര പോകുമ്പോള്‍ അറേബ്യന്‍ 'ഖൈമ' (ടെന്റ്)യും 40 യുവതികളും ഖദ്ദാഫിയുടെ കൂടെയുണ്ടാവും. അമ്പരപ്പിക്കുന്ന പ്രസ്താവനകളും ഭ്രാന്തമെന്ന് തോന്നുന്ന സമീപനങ്ങളും 'ആരെന്ത് വിചാരിച്ചാലും തനിക്കൊന്നുമില്ല' എന്ന ശരീരഭാഷയും ഖദ്ദാഫിക്ക് സ്വന്തം. അതിഥികളെ സ്വീകരിക്കുന്നതൊന്നും മൂപ്പര്‍ക്ക് ഇഷ്ടമല്ല. അതൊക്കെ വലിയ ബാധ്യതയാണെന്നായിരിക്കും മറുപടി. തന്റെ ഉദ്യോഗസ്ഥരെ പോലും നേരില്‍ കാണാന്‍ താല്‍പര്യമില്ല. ഭരണം നടത്തുന്നതു പോലും ഫോണ്‍ വഴി.
ഖദ്ദാഫിയുടെ 'പച്ച പുസ്തകം' ലിബിയക്കാര്‍ക്ക് മനഃപാഠം. സ്‌കൂള്‍ സിലബസിന്റെ ഭാഗമായി അവരത് കാണാപാഠം പഠിച്ചിട്ടുണ്ട്. ''വീട് അതില്‍ താമസിക്കുന്നവന്, ഭൂമി അത് കൃഷിയോഗ്യമാക്കുന്നവന്, കാര്‍ അത് ഓടിക്കുന്നവന്'' - ഇങ്ങനെ പോകുന്നു ഖദ്ദാഫിയുടെ 'മാഗ്‌നകാര്‍ട്ട'. എന്നാല്‍, അതില്‍ പറയാതെ പറയുന്ന ഒരു വാചകം കൂടിയുണ്ട്; രാജ്യം അത് ഭരിക്കുന്നവന്..!
ഖദ്ദാഫിയുടെ ഒരു പ്രഖ്യാപനം ഇങ്ങനെ: ''ഞാന്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തവനാണ്. ഒരിക്കല്‍ ഞാന്‍ സ്വയംതന്നെ ആഫ്രിക്കന്‍ രാജാക്കന്മാരുടെ രാജാവാകും.'' തന്റെ പ്രശസ്തിക്കടുത്തൊന്നും ആരും വരരുത് എന്ന നിര്‍ബന്ധബുദ്ധിയും കേണലിനുണ്ട്. അതുകൊണ്ടാണ് ലിബിയയില്‍ 'മന്ത്രിമാര്‍' ഇല്ലാത്തത്. ഉള്ളത് സെക്രട്ടറിമാര്‍ മാത്രം. കൃഷി സെക്രട്ടറി, വ്യവസായ സെക്രട്ടറി, ഗതാഗത സെക്രട്ടറി അങ്ങനെ. സ്‌പോര്‍ട്‌സിലും ഗെയിംസിലും പ്രശസ്തരാവുന്ന തന്റെ രാജ്യത്തെ മിടുക്കന്മാരെ പേര് ചൊല്ലി വിളിക്കാന്‍ പോലും ടിയാന് ഇഷ്ടമില്ല. അവരൊക്കെ നിശ്ചിത 'അക്കങ്ങളില്‍' ആണ് അറിയപ്പെടുക.
ഫോര്‍വീല്‍ വണ്ടിയോടിക്കാന്‍ ലിബിയന്‍ പൗരന്മാര്‍ക്ക് അവകാശമില്ല. അത് പട്ടാളക്കാര്‍ക്ക് മാത്രം വിധിച്ചതാണ്. കുവൈത്തില്‍ നിന്നെത്തിയ അല്‍ അംബാഅ് പത്രപ്രതിനിധികളോട് ലിബിയക്കാര്‍ പറഞ്ഞു: ''ഖദ്ദാഫി തന്റെ ചിത്രം മുദ്രണം ചെയ്ത കുറെ സ്വര്‍ണ നാണയങ്ങള്‍ കടലില്‍ എറിഞ്ഞിട്ടുണ്ട്. നൂറു കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന തലമുറ അത് കണ്ടെടുത്ത് തന്റെ പ്രശസ്തിയില്‍ അത്ഭുതം കൂറാന്‍...''
കാലത്തിനും സാമാന്യ ബുദ്ധിക്കും ചേരാത്ത ഭ്രാന്തന്‍ ജല്‍പനങ്ങളും കോമാളിത്തവും ചരിത്രത്തിന് അധികകാലം പൊറുക്കാനാവില്ല. അയല്‍രാജ്യങ്ങളായ ഈജിപ്തിലും തുനീഷ്യയിലും ആഞ്ഞു വീശിയ വിപ്ലവക്കാറ്റ് ഒരുനാള്‍ ലിബിയയെയും ഉണര്‍ത്തി. ''ഉണരൂ ബിന്‍ ഗാസി.. നിന്റെ ദിനം വന്നെത്തി...'' എന്ന ഒരു വൃദ്ധ സ്ത്രീയുടെ മുദ്രാവാക്യം, ഉമറുല്‍ മുഖ്താറിന്റെ രക്തം വീണ മണ്ണില്‍ വിപ്ലവക്കാറ്റ് വിതച്ചു. 'we have a dream' (ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്) എന്ന് പാടി 2011 ഫെബ്രുവരി 17-ന് ലിബിയന്‍ പോരാളികള്‍ തെരുവിലിറങ്ങി. 1996-ല്‍ 1200ഓളം വരുന്ന സ്വാതന്ത്ര്യ ദാഹികളായ ചെറുപ്പക്കാരെ കശാപ്പ് ചെയ്ത ഖദ്ദാഫിയുടെ 'ബൂസലീം' തടങ്കല്‍ പാളയവും ബിന്‍ഗാസി കൂട്ടക്കൊലയും അവരുടെ ഓര്‍മകളില്‍ അലയടിച്ചെത്തി.
കേണല്‍ ഖദ്ദാഫിയുടെ വെടിയുണ്ടകളെ ഒട്ടും ഭയക്കാതെ ആര്‍ത്തലച്ചെത്തിയ പ്രക്ഷോഭകാരികള്‍ക്ക് ബിന്‍ഗാസിയിലെ ആബാലവൃദ്ധം ജനതയും ആവേശം പകര്‍ന്നു. വിപ്ലവസംഘത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ തഹാനി മുബാറക്ക് അശ്ശരീഫ് എന്ന മഹതിയുടെ വാക്കുകളില്‍: ''ഉമ്മമാര്‍ യുവാക്കളെ ആവേഭരിതരാക്കി വിപ്ലവസംഘങ്ങളിലേക്ക് അയച്ചുകൊണ്ടിരുന്നു. സ്ത്രീകള്‍ വീടിന്റെ മുകള്‍ നിലയിലെ കിളിവാതിലുകള്‍ തുറന്ന് വിപ്ലവകാരികള്‍ കടന്നുപോകുന്ന വഴികളില്‍ പനിനീര്‍പുഷ്പങ്ങളും പനിനീര്‍ വെള്ളവും വിതറിക്കൊണ്ടിരുന്നു...''
1969 മുതല്‍ ഖദ്ദാഫിയുടെ സുഹൃത്തും 41 വര്‍ഷം ഖദ്ദാഫിയുടെ പട്ടാള തലവനുമായിരുന്ന, ഒടുവില്‍ വിപ്ലവസംഘത്തിന്റെ ഒപ്പം ചേര്‍ന്ന അബ്ദുല്‍ ഫതാഹ് യൂനുസ് (ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ വധിക്കപ്പെട്ടത് പ്രക്ഷോഭകാരികള്‍ക്ക് തിരിച്ചടിയായി) പറഞ്ഞതനുസരിച്ച്, ഇതുവരെയായി 17,000 പോരാളികള്‍ മരിച്ചുവീണിട്ടുണ്ട്. എങ്കിലും അവര്‍ രാജ്യത്തിന്റെ നല്ല പങ്കും വിമോചിപ്പിച്ചുകഴിഞ്ഞു. ഖദ്ദാഫിയുടെ ബിന്‍ഗാസിയിലെ ഭീകര തടവറകളായ 'ഏപ്രില്‍ 7', 'ബൂ ഉമര്‍' തുടങ്ങിയ സൈനിക കേന്ദ്രങ്ങള്‍ പിടിച്ചടക്കിക്കൊണ്ടായിരുന്നു അതിന്റെ തുടക്കം. 'ഫെബ്രുവരി 17 രക്തസാക്ഷി സൈനിക കേന്ദ്രം' എന്ന് പേര് മാറ്റിയ ആ തടവറകള്‍ ഇന്ന് പ്രക്ഷോഭകരുടെ സൈനിക കേന്ദ്രങ്ങളാണ്. ഖദ്ദാഫി ഭരണകൂടം അന്യായമായി തടവിലിട്ട 3500 പേരെ അവര്‍ മോചിപ്പിച്ചു. ബിന്‍ഗാസി വിജയത്തിനു പിറകെ ത്വബറക്ക്, അല്‍ ബൈദാഅ്, ശഹ്ഹാത്ത്, ദര്‍ന തുടങ്ങി നിരവധി പ്രദേശങ്ങള്‍ മോചിപ്പിച്ച് വിപ്ലവസേന മുന്നേറുകയാണ്. ടെലിവിഷനും റേഡിയോ സ്റ്റേഷനുകളും മീഡിയാ സെന്ററുകളുമൊക്കെയുള്ള ഒരു സമാന്തര ഭരണസംവിധാനം നിലവില്‍ വന്നുകഴിഞ്ഞു.
വിപ്ലവകാരികള്‍ രൂപം നല്‍കിയ 'നാഷ്‌നല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍' (NTC) ഇതിനകം ലോക രാജ്യങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞു. കഴിഞ്ഞ ജൂലൈ 15-ന് തുര്‍ക്കിയിലെ ഇസ്തംബൂളില്‍ ഉര്‍ദുഗാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പര്‍ക്ക ഗ്രൂപ്പിന്റെ യോഗത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്റെ നാറ്റോ അംഗങ്ങള്‍ തുടങ്ങി മുപ്പതോളം രാജ്യങ്ങള്‍ എന്‍.ടി.സിയെ അംഗീകരിച്ചു. ഒട്ടേറെ അറബ് രാജ്യങ്ങളുടെയും വേദികളുടെയും പിന്തുണയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈയിടെ ഖദ്ദാഫി ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രിയും യു.എന്നില്‍ ലബനാന്റെ പ്രതിനിധിയുമായ അബ്ദുര്‍റഹ്മാന്‍ ശല്‍ക്കം പോരാളികളുടെ പക്ഷത്തേക്ക് മാറിയത് ഖദ്ദാഫിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.
വിപ്ലവപോരാട്ടങ്ങള്‍ അതിന്റെ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. തലസ്ഥാനമായ ട്രിപ്പോളിയാണ് പ്രക്ഷോഭകാരികളുടെ അന്തിമ ലക്ഷ്യം. ലിബിയയിലെ സുപ്രധാന എണ്ണ ഖനന കേന്ദ്രവും കെമിക്കല്‍ ഫാക്ടറികള്‍ നിലകൊള്ളുന്നതുമായ അല്‍ബുറൈക്കയിലാണ് ഇപ്പോള്‍ പോരാട്ടം കേന്ദ്രീകരിച്ചിരിക്കുന്നത്. വിപ്ലവകാരികള്‍ ട്രിപ്പോളി ആക്രമിച്ചാല്‍ റോക്കറ്റുകള്‍ അയച്ച് തലസ്ഥാനം ചുട്ടെരിക്കാന്‍ ഖദ്ദാഫി തയാറായേക്കും എന്നാണ് സൂചന. അവസാന ഘട്ടത്തില്‍ ഖദ്ദാഫി വിഷവാതകവും പ്രയോഗിച്ചേക്കാം.
[email protected]

Comments