പള്ളിദര്‍സ്: കാലം ചെയ്ത മതകലാലയം
നാദാപുരം അപ്പക്കോത്ത് സ്കൂളില്‍ 5-ാം ക്ളാസില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ പള്ളിദര്‍സ് വിദ്യാര്‍ഥിയാണ്. വാപ്പ നാദാപുരം പള്ളിയിലെ മുദര്‍രിസായിരുന്നതുകൊണ്ട്, അവിടെത്തന്നെയായി എന്റെ ദര്‍സ് പഠനത്തിന്റെ തുടക്കം. സ്കൂള്‍ പഠിത്തത്തിന് അപ്പക്കോത്ത് സ്കൂളില്‍ 5-ാം ക്ളാസില്‍ ചേര്‍ക്കുകയായിരുന്നു. ആയഞ്ചേരി ആനാണ്ടി എല്‍.പി സ്കൂളിലായിരുന്നു 4-ാം ക്ളാസ് വരെ പഠിച്ചത്. 5-ാം ക്ളാസോടെ സ്കൂള്‍ വിദ്യാഭ്യാസം അവസാനിച്ചു. ടി. മുഹമ്മദ് സാഹിബിന് മൂന്നാം ക്ളാസ് വിദ്യാഭ്യാസമേ ഉണ്ടായിരുന്നുള്ളൂ (മൂന്നാം ക്ളാസില്‍ പഠിച്ച ടി. മുഹമ്മദ് സാഹിബ് പ്രബോധനത്തിന്റെ പത്രാധിപരായപ്പോള്‍, അഞ്ചുവരെ പഠിച്ച ടി.കെ സഹപത്രാധിപരായി എന്ന് ആദ്യകാലത്ത് പ്രസ്ഥാന സുഹൃത്തുക്കള്‍ നേരമ്പോക്ക് പറയുമായിരുന്നു).
എന്റെ അമ്മാവന്മാര്‍ അറിയപ്പെടുന്ന മതപണ്ഡിതന്മാരായിരുന്നു. അവരുടെ അടുത്ത് താമസിച്ച് ദര്‍സ് പഠനം തുടരുന്നതിന് വേണ്ടി വാപ്പ എന്നെ ഉമ്മയുടെ നാടായ കടവത്തൂരിലേക്ക് അയച്ചു. വാപ്പയുടെ മരണശേഷം, കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ വേദാമ്പ്രം ജുമാ മസ്ജിദിലും ആയഞ്ചേരിക്കടുത്ത ചേരാപുരം പള്ളിയിലും പഠിച്ചതിനെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചുവല്ലോ. വാപ്പ ചേരാപുരം പള്ളിയില്‍ ഖാദിയായിരുന്നു, അവിടുത്തെ എന്റെ ഉസ്താദ് ചെറിയമ്മദ് മുസ്ലിയാര്‍ വാപ്പയുടെ ശിഷ്യോത്തമനും. അതുകൊണ്ടാകാം, എനിക്ക് പ്രത്യേക പരിഗണന കിട്ടുകയുണ്ടായി. പതിവില്‍നിന്ന് വ്യത്യസ്തമായി ഭക്ഷണം പള്ളിവക ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. ഇസ്സുദ്ദീന്‍ മൌലവിയുടെ നിര്‍ദേശാനുസാരം ആലിയയിലേക്ക് പോകുന്നതുവരെ അവിടെ തുടര്‍ന്നു. ഇടക്ക് കുറച്ചുകാലം, കെ. മൊയ്തുമൌലവിയുടെ വീട്ടില്‍ താമസിച്ച് വാണിമേലിനടുത്ത ചിയ്യൂര്‍ ജുമുഅത്ത് പള്ളിയിലും കിതാബോതിയിട്ടുണ്ട്. പെരിങ്ങത്തൂരിനടുത്ത കരിയാട്ട് അന്ത്രു മുസ്ലിയാരായിരുന്നു മുദര്‍രിസ്. പുരോഗമന ആശയങ്ങളുള്ള സുന്നി പണ്ഡിതനായിരുന്നു അദ്ദേഹം. എന്‍.എ മൌലവി കരിയാട് എന്നറിയപ്പെടുന്ന അദ്ദേഹം അറബിക്കവി കൂടിയായിരുന്നു. മസ്ജിദുല്‍ അഖ്സ്വയെ കുറിച്ച അദ്ദേഹത്തിന്റെ കവിതയില്‍നിന്ന് ഏതാനും വരികള്‍ മാത്രം:
"സ്വബ്റന്‍ അയാ മസ്ജിദല്‍ അഖ്സ്വാ ഹുനയ്യാത്തീ
ലാ യഖ്ദുലന്നക്ക അല്ലാമുല്‍ ഖഫിയ്യാത്തി
മാ സില്‍ത്ത ഖിബ്ലത്തനാ മിന്‍ ബഅ്ദി കഅ്ബത്തിനാ
ഹത്താ അഅസ്സക്ക അന്‍വാഉല്‍ മസിയ്യാത്തി
അസ്റാ ഇലൈക ഇലാഹീ അശ്റഫല്‍ ബശരി
മുബാറകന്‍ വ അറാഹുല്ലാഹു ആയാത്തി
സക്കാ മദീനത്തക്കല്‍ ഖുദ്സശ്ശരീഫ ഖുത്വന്‍
ലില്‍ അമ്പിയാഇ വ അന്‍വാറുന്നുബുവ്വാത്തി
...........................................................................
ലാകിന്നക്കല്‍ ആന ഫീ ഹുസ്നിന്‍ വഫീ അലമിന്‍
ബിമാ അസ്വാബക മിന്‍ അഖ്സ്വല്‍ മുസ്വീബാത്തി.''
(എന്‍.എ മൌലവി കരിയാട് ഒന്നാംതരം മാപ്പിളക്കവിയുമായിരുന്നു. അതിനെക്കുറിച്ച് പിന്നീട്).
ഇടക്കെപ്പോഴോ, ഞാന്‍ നാട്ടില്‍ കണ്ടിയില്‍ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ കീഴിലും കിതാബോതിയിട്ടുണ്ട്.
ദര്‍സ് പഠനം മൊത്തം നാലോ അഞ്ചോ വര്‍ഷമേ വരികയുള്ളൂ. തൃപ്തികരമായി പഠന ഘട്ടം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് പള്ളി ദര്‍സുകളോട് വിടപറഞ്ഞ്, പുതിയ മദ്റസാ-കോളേജ് സംവിധാനത്തിലേക്ക് മാറേണ്ടിവന്നത്. പള്ളിദര്‍സ് വിദ്യാഭ്യാസത്തിന് അകാല വിരാമം കുറിക്കേണ്ടി വന്നതിന്റെ നഷ്ടബോധം ഇപ്പോഴും മനസിലുണ്ട്.
ചില കിതാബുകളും വിഷയങ്ങളും 'തഹ്ഖീഖോ'ടെ പഠിക്കാന്‍ പള്ളിദര്‍സു തന്നെ വേണം എന്നാണ് അനുഭവം. ഒരേസമയത്ത് അനേകം വിഷയങ്ങള്‍ പഠിക്കുന്ന രീതി പള്ളിദര്‍സിലുണ്ടായിരുന്നില്ല. ഒന്നോ രണ്ടോ, കൂടിയാല്‍ മൂന്നോ വിഷയങ്ങള്‍ മാത്രമാണ് ഒരു സമയത്ത് പഠിക്കേണ്ടി വരിക. അതുകൊണ്ട്, വിഷയങ്ങള്‍ ആഴത്തിലും ശ്രദ്ധയോടെയും പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരം ഉണ്ടായിരുന്നു. പഠിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നിപുണനായ മുദര്‍രിസിനെ ലഭിച്ചാല്‍ വിദഗ്ധമായ ദീനീവിദ്യാഭ്യാസം(സാമ്പ്രദായിക പരിമിതികളില്‍) നേടാനാകും. ഇന്ന് പഴഞ്ചനായി കണക്കാക്കപ്പെടുന്ന പള്ളിദര്‍സുകളെ വിശകലനം ചെയ്താല്‍ ശാസ്ത്രീയമെന്ന് വ്യാഖ്യാനിക്കാവുന്ന ചില വശങ്ങളും അതിനുണ്ടായിരുന്നുവെന്ന് മനസിലാകും. അധ്യാപക കേന്ദ്രീകൃത ഗുരുകുല സമ്പ്രദായമാണ് ദര്‍സ് വിദ്യാഭ്യാസം. പ്രധാനാധ്യാപകന്(സദ്ര്‍ മുദര്‍രിസ്) പ്രത്യേക ഇരിപ്പിടമുണ്ടാകും. വിദ്യാര്‍ഥികള്‍(മുതഅല്ലിമുകള്‍) സമയക്രമമനുസരിച്ച് അദ്ദേഹത്തിന്റെ ചുറ്റുമിരുന്ന് പാഠം വായിക്കും. സംശയങ്ങള്‍ തീര്‍ക്കും. മുഖ്യഭാഗങ്ങള്‍ ഉസ്താദ് വിശദീകരിക്കും. തെറ്റുകള്‍ തിരുത്തും. ഒരു വിദ്യാര്‍ഥി സംഘം ഒരു വിഷയം പഠിക്കുമ്പോള്‍ അതേ വിഷയം നേരത്തെ പഠിച്ച വിദ്യാര്‍ഥികള്‍ക്കും പിന്‍സീറ്റില്‍ ഇരിക്കാന്‍ അനുവാദമുണ്ട്. ആദ്യപഠനത്തില്‍ വന്ന പോരായ്മകളും ഉപമുദര്‍രിസിന്റെ ദര്‍സില്‍ സംഭവിക്കാവുന്ന സ്ഖലിതങ്ങളും സദ്ര്‍ മുദര്‍രിസില്‍നിന്ന് തിരുത്താനും നികത്താനും ഇതുവഴി സാധിക്കും. പ്രധാനാധ്യാപകന്റെ നിര്‍ദേശത്തിനു കീഴില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ താഴെയുള്ളവര്‍ക്ക് ദര്‍സ് നടത്തും. പള്ളിക്കമ്മിറ്റിയുടെ കീഴില്‍ സദ്ര്‍ മുദര്‍രിസ് മാത്രമാണ് ശമ്പളം നിശ്ചയിക്കപ്പെട്ട അധ്യാപകന്‍. ബാക്കിയുള്ളതെല്ലാം സൌജന്യമാണ്. ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ദര്‍സ് നടത്തുന്നതിലൂടെ, പഠിച്ച കാര്യങ്ങള്‍ ഉറപ്പിക്കാനും അധ്യാപനത്തില്‍ പരിശീലനം നേടാനും സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നു. ഇങ്ങനെ ആവര്‍ത്തന സ്വഭാവമുള്ള പഠനപ്രക്രിയയിലൂടെ ആഴമുള്ള അറിവ് നേടാന്‍ ബുദ്ധിയുള്ള വിദ്യാര്‍ഥികള്‍ക്ക് കഴിയുമായിരുന്നു. മണ്ടന്മാര്‍ ലണ്ടനില്‍ പോയാലും കാര്യമില്ലെന്ന് പറയേണ്ടതില്ല. അങ്ങനെയും കുറച്ചുപേര്‍ ഉണ്ടാകും.
പ്രധാന വിഷയങ്ങള്‍ പഠിച്ചുതീര്‍ക്കാന്‍ കുറേയേറെ വര്‍ഷങ്ങള്‍ വേണ്ടിവരുന്നുവെന്നതാണ് പള്ളിദര്‍സിന്റെ ഒരു ന്യൂനതയായി പറയാറുള്ളത്. അതുതന്നെയാണ് ദര്‍സ് പഠനത്തിന്റെ ഗുണവും. വര്‍ഷങ്ങളുടെ പരിമിതികളില്ലാതെ, നീണ്ടകാലത്തിലൂടെ വിദ്യാര്‍ഥി കടന്നുപോകുന്നു. ഇതിനെ കളിയാക്കുന്ന മട്ടില്‍, ഒരു പ്രാര്‍ഥനാ വചനം പള്ളി ദര്‍സുകളിലുണ്ടായിരുന്നു; അല്ലാഹുമ്മ അമിത്നീ മുതഅല്ലിമന്‍ (അല്ലാഹുവേ എന്നെ വിദ്യാര്‍ഥിയായി മരിപ്പിക്കണേ). എന്നാല്‍ ഈ പ്രാര്‍ഥനയില്‍ വളരെ ഉയര്‍ന്ന ഒരാശയവും ഉണ്ട്. പഠനകാലത്തിന് പര്യവസാനമില്ല, പ്രായത്തിന് വഴങ്ങാത്തതാണ് വിദ്യാഭ്യാസം എന്ന അര്‍ഥത്തില്‍ വളരെ ഉദാത്തമാണ് ഈ ആശയം. ഒരുപാട് അധ്യാപകര്‍ വേണ്ടിവരികയും അവര്‍ക്കെല്ലാം ശമ്പളം കൊടുക്കുകയും ചെയ്യേണ്ട ഭാരമില്ലാതെ, വിദ്യാഭ്യാസത്തിന് സൌകര്യമൊരുക്കുകയായിരുന്നു പള്ളി ദര്‍സുകള്‍. അഞ്ചുനേരത്തെ നമസ്കാരത്തിനപ്പുറം പള്ളി ബില്‍ഡിംഗിന്റെ ഫലപ്രദമായ ഉപയോഗമാണ് ദര്‍സിന്റെ മറ്റൊരു പ്രത്യേകത. ദീനീതല്‍പരരായ വ്യക്തികള്‍ പണികഴിപ്പിച്ച മഹാസൌധങ്ങള്‍ ജുമുഅ-ജമാഅത്ത് നമസ്കാരം കഴിഞ്ഞാല്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാതെ കിടപ്പാണല്ലോ.
ദര്‍സ് സമ്പ്രദായത്തിലൂടെ പള്ളികള്‍ പൂര്‍ണമായും ഉപയോഗപ്രദമാവുന്നു. ദീനീവിദ്യാഭ്യാസത്തിന് പ്രത്യേകം കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ട ഭാരം ഒഴിവാകുന്നു. പള്ളി ഭാരവാഹികള്‍ തീരുമാനമെടുക്കേണ്ട കാര്യമേ ഉള്ളൂ, ദീനീ വിദ്യാഭ്യാസത്തിനുള്ള അവസരം തുറക്കപ്പെടുകയായി. മറുനാട്ടില്‍ നിന്നു വരുന്നവര്‍ക്കൊപ്പം അതത് പ്രദേശത്തുള്ളവര്‍ക്കും ദീനീ പഠനത്തിന് ദര്‍സുകള്‍ അവസരമൊരുക്കി. ഇതൊക്കെ ദര്‍സ് വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയ വശമായി കാണാവുന്നതാണ്.
ഒരു ഘട്ടത്തില്‍ നാദാപുരം ദര്‍സില്‍ മുന്നൂറോളം മുതഅല്ലിമീങ്ങളുണ്ടായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക ബാധ്യതകള്‍ വഹിച്ചുകൊണ്ട്, ധാരാളം വിദ്യാര്‍ഥികള്‍ക്ക് ദര്‍സ് വിജ്ഞാനം നല്‍കാന്‍ സാധ്യമാവില്ല. അതിന് കണ്ടെത്തിയ പ്രായോഗിക പരിഹാരമാണ് ദീനില്‍ താല്‍പര്യമുള്ളവരുടെ വീടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് 'ചെലവ്' (ഭക്ഷണം) കൊടുക്കുകയെന്നത്. മഹല്ലിലെ ഏകദേശം ഒന്നരകിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ വരെ 'ചെലവ്' ഏര്‍പ്പെടുത്തും. ചില വീടുകളില്‍ മൂന്ന് നേരവും ഭക്ഷണം കിട്ടിക്കൊള്ളണമെന്നില്ല. ഞാന്‍ ഭാഗ്യവാനായിരുന്നു. വാപ്പ മുദര്‍രിസായതുകൊണ്ട് അതിന്റെ ആനുകൂല്യങ്ങള്‍ എനിക്കും കിട്ടിയിരുന്നു. നാദാപുരത്ത് ദര്‍സ് നടത്തുമ്പോള്‍ വാപ്പയുടെ ഭക്ഷണവും രാത്രി വിശ്രമവും ദീനീ തല്‍പരനായ പൌരപ്രധാനി നങ്ങീലികണ്ടി കുഞ്ഞാലി സാഹിബിന്റെ തറവാട്ടിലായിരുന്നു. അതുകൊണ്ട് എനിക്കും അവിടെ ഉറങ്ങാനായി. വാപ്പക്ക് കിട്ടുന്ന ഭക്ഷണമാണ് എനിക്കും ലഭിച്ചിരുന്നത്.
ദര്‍സ് വിദ്യാര്‍ഥികള്‍ അന്യവീടുകളില്‍പോയി ഭക്ഷണം കഴിക്കുന്നത് ഇന്ന് കാലഹരണപ്പെട്ട സമ്പ്രദായമാണെന്നതില്‍ സംശയമില്ല. വിധേയത്വത്തിന്റെ മോശമായൊരു വശം അതിലുണ്ട്. എല്ലാ വീട്ടുകാരുടെയും പെരുമാറ്റം ഒരേ തരത്തിലാകണമെന്നില്ല. ദീനീ വിദ്യാര്‍ഥിയുടെ അഭിമാനബോധത്തെയും അന്തസിനെയും, ഭാവിയില്‍ അവന്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങളെയും അത് തെറ്റായി സ്വാധീനിക്കാമെന്നതും ശരിയാണ്. എങ്കിലും, മറ്റൊരു സംവിധാനം സ്വപ്നം കാണാന്‍പോലും കഴിയാത്ത കാലത്ത് ഈ പ്രായോഗിക സമ്പ്രദായമാണ് ദീനീവിദ്യാഭ്യാസ മേഖലയെ മുന്നോട്ടു കൊണ്ടുപോയത്. വിശ്വാസപരവും ആചാരപരവുമായി ഇന്നും വിവാദമായി നില്‍ക്കുന്ന പല പ്രശ്നങ്ങളുമുണ്ടെങ്കിലും, അടിസ്ഥാനപരമായി കേരളത്തില്‍ ദീനീവിദ്യാഭ്യാസത്തിന്റെ കെട്ടുറപ്പ് നിലനിര്‍ത്താനും മതനേതൃത്വത്തെ വളര്‍ത്താനും ദര്‍സ് സമ്പ്രദായം വലിയ അളവില്‍ സഹായകമായിട്ടുണ്ട്. ദീനീ വിഷയങ്ങളിലെ അഭിപ്രായഭിന്നതകള്‍ പള്ളി ദര്‍സുകളുടെ അനിവാര്യതയല്ല. ദര്‍സ് സംഘടിപ്പിക്കുന്നവരും നടത്തുന്നവരുമായി ബന്ധപ്പെട്ടതാണത്. 'പള്ളിദര്‍സ്' എന്ന സംവിധാനത്തെക്കുറിച്ചാണ് ഇവിടെ ചര്‍ച്ച. പള്ളിദര്‍സ് സംവിധാനത്തില്‍ ഒട്ടേറെ ജീര്‍ണതകള്‍ ചൂണ്ടിക്കാണിക്കാനുണ്ടാകും. അതിലൊന്ന് നേരത്തെ സൂചിപ്പിച്ച വിധേയത്വ മനസ് തന്നെ. ദരിദ്രവീടുകളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ ധനിക വീടുകളില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമ്പോള്‍, അറിയാതെതന്നെ അവരില്‍ ഒരു അധമ മനസ് വളരാം. കുറേയൊക്കെ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. ദീനീവിഷയങ്ങള്‍ പണക്കാരുടെ മുമ്പാകെ തുറന്നു പറയുന്നതിന് ഇത് തടസം സൃഷ്ടിച്ചു. പറയേണ്ട പലകാര്യങ്ങളിലും മൌനമവലംബിക്കാന്‍ മതപണ്ഡിതര്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. സദാചാരപരമായി ഗുരുതരമായ ചില വശങ്ങളും പള്ളിദര്‍സ് സമ്പ്രദായത്തിലുള്ളതിന്റെ നേരെ കണ്ണടക്കുന്നതും ശരിയല്ല. ഭാരവാഹികളും മുദര്‍രിസുമാരും ഈ രംഗത്ത് പുലര്‍ത്തിപ്പോന്ന കുറ്റകരമായ അനാസ്ഥയും അലംഭാവവും മാപ്പര്‍ഹിക്കാത്തതാണ്. വേലി തന്നെ വിള തിന്നുന്ന അനുഭവങ്ങളും ഇല്ലായ്കയില്ല (ഇതൊന്നും മറ്റു സംവിധാനങ്ങളില്‍ ഇല്ലെന്നോ, സംഭവ്യമല്ലെന്നോ ഇവിടെ അര്‍ഥമാക്കുന്നില്ല). ദര്‍സ് സമ്പ്രദായത്തെക്കുറിച്ചു മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
പള്ളി ദര്‍സില്‍ ശ്രദ്ധിച്ച് പഠിച്ചവര്‍ക്ക് അവര്‍ പഠിച്ച വിഷയങ്ങളില്‍ ഗഹനമായ അറിവും അവഗാഹവും അവകാശപ്പെടാവുന്നതാണ്. ചരിത്രത്തില്‍ അറിയപ്പെട്ട പ്രമുഖ മുജാഹിദ് പണ്ഡിതന്മാരെല്ലാം പള്ളിദര്‍സുകളിലൂടെ വളര്‍ന്നുവന്നവരാണ്. തുടര്‍ന്ന്, ജമാഅത്തെ ഇസ്ലാമി നേതൃത്വത്തില്‍ വന്ന പണ്ഡിതന്മാരും അങ്ങനെതന്നെ.
വിദ്യാര്‍ഥികള്‍ക്ക് പൊതുവെ ലൌകികവിഷയങ്ങളുമായി ബന്ധമൊന്നും ഉണ്ടാവാറില്ല എന്നതാണ് ദര്‍സ് വിദ്യാഭ്യാസത്തിന്റെ മറ്റൊരു മുഖം. 'കിതാബു'കള്‍ക്ക് പുറത്തുള്ള ലോകത്തെക്കുറിച്ച് ദര്‍സിലൂടെ വളര്‍ന്നുവരുന്നവര്‍ക്ക് പ്രത്യേകിച്ച് അറിവൊന്നും ഉണ്ടാകില്ല. എന്നുമാത്രമല്ല, ലൌകികവിദ്യാഭ്യാസം വേണ്ട എന്നതായിരുന്നു അന്ന് സമുദായത്തിന്റെ ചിന്ത. വളരെ അപകടകരമായ കാഴ്ചപ്പാടായിരുന്നു അതെന്ന് ഇന്ന് മനസ്സിലാക്കാനാവും. എന്നാല്‍, ഒരു ഉയര്‍ന്ന ധാരണയില്‍നിന്നാണ് ഈ അബദ്ധം കടന്നുകൂടിയത്. സാമ്രാജ്യത്വ വിരുദ്ധ മനസ്സ് നമ്മുടെ സമുദായത്തില്‍ വളരെ ശക്തമായി നിലനിന്നിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരായ സമരത്തിന്റെ മുന്നണി പടയാളിയായിരുന്നു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം. വൈദേശികമായ എല്ലാറ്റിനെയും വെറുപ്പോടെ കാണുന്ന മനസ് കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടുക്കും ആഴത്തില്‍ വേരുറച്ചിരുന്നു. പ്രശസ്തമായ ദയൂബന്ദ് സ്ഥാപനം ദീനീ വിദ്യാഭ്യാസത്തില്‍ മാത്രം ഊന്നിനിന്നത് ഈ മനസ്ഥിതിയുടെ ഭാഗമായാണ്. ഇതിന്റെ പ്രതിപ്രവര്‍ത്തനമെന്ന നിലയിലാണ് സര്‍സയ്യിദിന്റെ അലിഗഢ് പ്രസ്ഥാനം രൂപം കൊണ്ടത്. പില്‍ക്കാലത്ത്, രണ്ടിനെയും സമന്വയിപ്പിക്കാനുണ്ടായ ശ്രമമാണ് ലക്നോവിലെ നദ്വത്തുല്‍ ഉലമ.
കേരളത്തില്‍ ഈ അവസ്ഥക്ക് മാറ്റം വന്നത് പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലൌകിക വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായതു മുതലാണ്. മുജാഹിദ് പ്രസ്ഥാനമാണ് ആദ്യ ഘട്ടത്തില്‍ അതിനെ മുന്നോട്ട് നയിച്ചത്.
വ്യക്തിപരമായി പുരോഗമന ആശയവും പൊതുവിജ്ഞാനവുമൊക്കെയുള്ള മതപണ്ഡിതരും അക്കാലത്തുണ്ടായിരുന്നു. എന്റെ വാപ്പയുടെ ഗ്രന്ഥശേഖരത്തില്‍ പല മലയാള കൃതികളും കാണാന്‍ സാധിച്ചിട്ടുണ്ട്. മക്തിതങ്ങളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഇശാഅത്ത് മാസികയും മറ്റും വാപ്പ വരുത്തി വായിക്കാറുണ്ടായിരുന്നു. ക്രിസ്ത്യാനികളുമായുള്ള സംവാദ വിഷയങ്ങളായിരുന്നു ഇശാഅത്തിന്റെ പ്രധാന ഉള്ളടക്കം. വിവിധ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിരുന്ന വാപ്പ നാട്ടില്‍ വരുന്ന സമയത്ത് സംസ്കൃത പണ്ഡിതന്മാരായ ഹിന്ദു വിദ്വാന്മാരുമായി സൌഹൃദ സംവാദം നടത്തുന്നത് ചെറുപ്രായത്തില്‍ ഞാന്‍ കൌതുകത്തോടെ കേട്ടിരുന്നിട്ടുണ്ട്. ഹിന്ദു പണ്ഡിതരുമായി സംവാദം നടത്തണമെങ്കില്‍ അവരുടെ വിഷയങ്ങളില്‍ ജ്ഞാനമുണ്ടായിരിക്കണമല്ലോ.
പാരമ്പര്യ വൈദ്യനായ ഒരു സംസ്കൃത പണ്ഡിതന് (പുതിയോട്ടുംകണ്ടി കേളുക്കുറുപ്പ്) പില്‍ക്കാലത്ത് മൌലാനാ മൌദൂദിയുടെ രക്ഷാസരണി ഞാന്‍ വായിക്കാന്‍ കൊടുത്തിരുന്നു. അദ്ദേഹം പുസ്തകം തിരിച്ചു തന്നപ്പോള്‍ അതിലൊരു കടലാസ് കണ്ടു. രക്ഷാസരണിയെ മുക്തകണ്ഠം പ്രശംസിച്ചുകൊണ്ട് സംസ്കൃത മലയാളത്തിലെഴുതിയ ഏതാനും ശ്ളോകങ്ങളായിരുന്നു അത്. ഒരു അമൂല്യനിധിയായി ഞാനത് സൂക്ഷിച്ചിരുന്നു. എടയൂരില്‍നിന്ന് കോഴിക്കോട്ടേക്ക് ജമാഅത്ത് ഓഫീസ് മാറുന്നതിനിടയില്‍ നഷ്ടപ്പെട്ടുപോയ കടലാസുകളില്‍ അതും പെട്ടു.
എന്റെ വലിയമ്മാവന്‍ കടവത്തൂരിലെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ മാതൃഭൂമി പത്രം മുടങ്ങാതെ വരുത്തുമായിരുന്നു. കാഴ്ചക്കുറവ് മൂലം സ്വയം വായിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പത്രം വായിച്ചുകൊടുക്കാന്‍ മാത്രമായി ഒരു സ്കൂള്‍ അധ്യാപകനെ ഏര്‍പ്പാടാക്കിയിരുന്നു. ഇന്നത്തപ്പോലെ രാവിലെയല്ല, വൈകുന്നേരമാണ് അക്കാലത്ത് ദിനപത്രം കിട്ടുക. മഗ്രിബ് നമസ്കാരാനന്തരം എല്ലാ ദിവസവും അധ്യാപകന്‍ അമ്മാവന് പത്രം വായിച്ചു കൊടുക്കും. രണ്ടാം ലോക യുദ്ധം നടക്കുന്ന കാലമായിരുന്നു അത്. അച്ചുതണ്ട് ശക്തികളും സഖ്യകക്ഷികളും തമ്മിലുള്ള യുദ്ധത്തില്‍ അമ്മാവന്റെ മനസ് ബ്രിട്ടന്റെ ശത്രുവായ ഹിറ്റ്ലറുടെ ഭാഗത്തായിരുന്നുവെന്നാണ് ഓര്‍മ. പത്രവായന ഞാനും ശ്രദ്ധിക്കും. അന്ന് കേട്ട പല വിവരങ്ങളും ഇന്നും മനസ്സിലുണ്ട്.
ഇത്തരം സുന്നീ പണ്ഡിതന്മാരും അക്കാലത്തുണ്ടായിരുന്നുവെന്ന് മാത്രമാണ് സൂചിപ്പിച്ചത്. എന്നാല്‍, ദര്‍സുകളുടെയും മതപണ്ഡിതന്മാരുടെയും പൊതുരീതി ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു. പത്രം വായിക്കുന്നത് ഇഷ്ടപ്പെടാത്ത മുദര്‍രിസുമാരും ഉണ്ടായിരുന്നു. ബഹുമാന്യനായ പാറക്കടവത്ത് ഖാദിയെക്കുറിച്ച് അത്തരമൊരു വര്‍ത്തമാനം കേട്ടിട്ടുണ്ട്. യുദ്ധം നടക്കുന്നു, പത്രം വായിക്കേണ്ടത് അത്യാവശ്യമാണ് എന്ന് ദര്‍സിലെ വിദ്യാര്‍ഥികള്‍ പറഞ്ഞപ്പോള്‍ ഒരു പത്രം കൊണ്ടുവരാന്‍ ഖാദി ആവശ്യപ്പെട്ടുവത്രെ. ഒന്നാംപേജ് വായിച്ചുകേട്ടു, തലക്കെട്ടിലെ 'മുബ്തദഉം ഖബറും' (ഗ്രാമര്‍) ചോദിച്ചപ്പോള്‍ മുതഅല്ലിമീങ്ങള്‍ക്ക് പറയാന്‍ സാധിച്ചില്ല. വാര്‍ത്തയിലെ 'നഹ്വും സര്‍ഫും' (വ്യാകരണം) ശരിയല്ലെന്ന് പറഞ്ഞ് ഉസ്താദ് പത്രവായന വിലക്കിയെന്നാണ് കേള്‍വി.
പള്ളി ദര്‍സിന്റെ ഉല്‍ഭവവും വളര്‍ച്ചയും കേരളത്തിലാണെന്ന തെറ്റിധാരണ ഉണ്ടെങ്കില്‍ തിരുത്തപ്പെടേണ്ടതാണ്. പ്രവാചക കാലത്തോളം അതിന് വേരുകളുണ്ടെന്നതാണ് വസ്തുത. ഹിജ്റക്കു ശേഷം നബി(സ) അനുയായികള്‍ക്ക് പകര്‍ന്ന് നല്‍കിയ അറിവുകളുടെയും ഉപദേശ നിര്‍ദേശങ്ങളുടെയും പ്രഭവകേന്ദ്രം മസ്ജിദുന്നബവിയായിരുന്നു. മസ്ജിദ് കേന്ദ്രീകരിച്ച് നബി(സ)യില്‍നിന്ന് അറിവ് നേടാന്‍ സ്വഹാബത്ത് പരസ്പരം മത്സരിച്ചിരുന്നു. ദാരിദ്യ്രം കൊണ്ടും ദീന്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ വേണ്ടിയും പള്ളിയില്‍ സ്ഥിരതാമസമാക്കിയ ഒരു സംഘം തന്നെ ഉണ്ടായിരുന്നു. 'അഹ്ലുസ്സുഫ്ഫ' എന്നാണവര്‍ അറിയപ്പെട്ടിരുന്നത്. ഇസ്ലാമിന്റെ ആദ്യ ഖിബ്ലയായ മസ്ജിദുല്‍ അഖ്സ കേന്ദ്രീകരിച്ചും ഒട്ടേറെ മദ്റസകള്‍ നടന്നുവന്നു. കയ്റോവിലെ പ്രശസ്തമായ അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ ആദിമരൂപം മസ്ജിദ് കേന്ദ്രീകൃത വിദ്യാലയമായിരുന്നുവെന്നതും ചരിത്രമാണ്. മസ്ജിദുല്‍ ഹറമില്‍ ദീനീപഠന സംവിധാനം ഇപ്പോഴും നിലവിലുണ്ടെന്നതും വസ്തുതയാണ്.
കേരളത്തില്‍ പള്ളി ദര്‍സിന്റെ ഉത്ഭവം പൊന്നാനിയിലാണെന്ന് ഒരു ധാരണയുണ്ട്. അത് ശരിയല്ലെന്നാണ് ചരിത്ര വസ്തുതകളില്‍നിന്ന് മനസിലാകുന്നത്. ഏഴിമലയിലും മംഗലാപുരത്തും ധര്‍മടത്തും മറ്റും പള്ളി ദര്‍സുകള്‍ ഉണ്ടായിരുന്നതായി ഇബ്നു ബത്തൂത്ത(1304-1378) തന്റെ യാത്രാ വിവരണങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൊന്നാനിക്ക് പ്രഥമസ്ഥാനം ലഭിച്ചത് സൈനുദ്ദീന്‍ മഖ്ദൂം തങ്ങളുടെയും(1467-1522) തുഹ്ഫത്തുല്‍ മുജാഹിദീന്‍-ഫത്ഹുല്‍ മുഈന്‍ കിതാബുകളുടെയും പ്രശസ്തി മൂലമായിരിക്കാം. 'രണ്ടാമത്തെ പൊന്നാനി' എന്ന ബഹുമതി നാദാപുരത്തിനും സിദ്ധിച്ചിട്ടുണ്ട്.
പിന്‍കുറി: പൊന്നാനിയിലെ ദര്‍സ് പഠനത്തിന് 'വിളക്കത്തിരിക്കുക' എന്നൊരു പ്രയോഗമുള്ളതായി അറിയാം. ഒരു നിലവിളക്കിന് ചുറ്റും മുതഅല്ലിമുകള്‍ വട്ടമിട്ടിരുന്ന് പഠിക്കുന്ന പതിവ് ദര്‍സുകളില്‍ ഉണ്ടായിരുന്നു. ഇത് പൊന്നാനി പാരമ്പര്യമാകാം.
ഇങ്ങനെയൊരു നിലവിളക്കിന്റെ പ്രസക്തി 'വെളിച്ചത്തിനു വേണ്ടി ഒരു വിളക്ക്' എന്നതു മാത്രമാണോ? അതല്ല, ഈ സമ്പ്രദായത്തില്‍ കേരള ഹൈന്ദവ സംസ്കാരത്തിന്റെ അനുകരണാംശം ഉണ്ടോയെന്നത് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് അന്വേഷണ വിഷയമാക്കാവുന്നതാണ്.
(തുടരും)
Comments