Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

സൃഷ്ടിപ്രപഞ്ചവും വചനപ്രപഞ്ചവും

പി.പി അബ്ദുര്‍റസാഖ്

ലോകത്ത് ഏതാണ്ട് എല്ലാ മതങ്ങളും മതേതര ദര്‍ശനങ്ങളും അതിന്റെ അനുയായികള്‍ക്ക് ചില ആഘോഷ ദിനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഘോഷങ്ങള്‍ അതത് ജനതതികളുടെയും അവര്‍ പിന്തുടരുന്ന മത മതേതര ദര്‍ശനങ്ങളുടെയും സംസ്‌കാരത്തിന്റെയും ദര്‍പ്പണമാണ്. അവയില്‍ ചരിത്രത്തെ ആധാരമാക്കിയുള്ള ആഘോഷങ്ങളും മിത്തുകളെ അടിസ്ഥാനമാക്കിയുള്ള ആഘോഷങ്ങളുമുണ്ട്. അവയില്‍ മഹല്‍ വ്യക്തികളുടെ ജന്മദിനങ്ങളെയും ദേശീയ സംഭവങ്ങളെയും കേന്ദ്രീകരിച്ചുള്ള ആഘോഷങ്ങളുണ്ട്. കാലാവസ്ഥയെയും കൊയ്ത്തിനെയും അടിസ്ഥാനമാക്കിയുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും ആഘോഷങ്ങളും ഉണ്ട്.
പക്ഷേ, ഇസ്‌ലാമിലെ റമദാനും ഈദും ഒഴിച്ചു നിര്‍ത്തിയാല്‍ ലോകത്തെ ഒരു മതദര്‍ശനത്തിലും സംസ്‌കാരത്തിലും ഒരു ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള അനുഷ്ഠാനമോ ആചാരമോ ആഘോഷമോ കാണാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ റമദാനും ഈദും ഇസ്‌ലാമിക സംസ്‌കൃതിയെ നോക്കിക്കാണാനുള്ള ഏറ്റവും നല്ല നിരവധി ദര്‍പണങ്ങളില്‍ ഒന്നാണ്. അതെ, ഖുര്‍ആനെന്ന മാനുഷ്യകത്തിനു മാര്‍ഗദര്‍ശകമെന്നു സ്വയം അവകാശപ്പെടുന്ന ഒരു ദൈവിക ഗ്രന്ഥത്തിന്റെ അവതരണവുമായി ബന്ധപ്പെട്ടാണ് റമദാനും ഈദും വര്‍ഷാവര്‍ഷം കടന്നുവരുന്നത്. ഖുര്‍ആന്‍ ഉദ്ദേശിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് സഹായകമാകുന്ന അനുഷ്ഠാനവും ആഘോഷവുമായിക്കൊണ്ട് തന്നെ. ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ള ഈ ഒരു അനുഷ്ഠാനവും ആഘോഷവും പ്രഥമമായും പ്രധാനമായും നമ്മോട് പറയുന്നത്, ഇസ്‌ലാം ദാര്‍ശനികമായും സാംസ്‌കാരികമായും- വിശുദ്ധ ഖുര്‍ആന്‍ നിരന്തരമായി പ്രചോദിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നതുപോലെ തന്നെ അറിവിനെയും യുക്തിയെയും ചിന്തയെയും അടിസ്ഥാനമാക്കിയും പ്രയോജനപ്പെടുത്തിയും നിലകൊള്ളുകയും വളരുകയും ചെയ്യുന്ന പ്രാപഞ്ചിക വ്യവസ്ഥയാണെന്നാണ്. അതില്‍ വിശ്വാസ കാര്യങ്ങള്‍ പോലും ഭദ്രമായ യുക്തിപരതയില്‍ അധിഷ്ഠിതമാണ്. അതാണ് റമദാന്റെ രാവില്‍ ഹിറായില്‍ ധ്യാനനിരതനായിരുന്ന മുഹമ്മദി(സ)ന് ആദ്യമായി അവതീര്‍ണമായ സൂക്തങ്ങള്‍ തന്നെയും സൂചിപ്പിക്കുന്നത്. പ്രഥമ സംബോധിതനായ നിരക്ഷരനായ പ്രവാചകനോട് വായിക്കാന്‍ കല്‍പിച്ചപ്പോള്‍ 'എന്ത്' എന്നതിനെ സൂചിപ്പിക്കുന്ന കര്‍മത്തെ (object) കൂടാതെയായിരുന്നു ആ ആജ്ഞ. എന്നാല്‍, എങ്ങനെ വായിക്കണം എന്ന് പഠിപ്പിക്കുമ്പോള്‍ 'സൃഷ്ടിച്ച നാഥന്റെ നാമത്തില്‍' എന്ന് പറഞ്ഞതില്‍ 'എന്ത്' എന്നതിനുള്ള ഉത്തരം കൂടി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. മനുഷ്യന്‍ എന്തിനെ കുറിച്ച് പഠിച്ചാലും വായിച്ചാലും മൗലികമായി അത് സൃഷ്ടിയെ കുറിച്ചായിരിക്കും. സൃഷ്ടിയെ കുറിച്ച് പഠിക്കുന്നവന്‍, അതിന്റെ പിന്നിലെ സ്രഷ്ടാവിനെ കാണാതെ പോകരുത്. ഒരു സുന്ദര ചിത്രം കണ്ട് ആസ്വദിക്കുന്നവന്‍, അത് വരച്ച കലാകാരനെ കാണാതെ പോകുമ്പോള്‍ അവന്‍ മൈക്കള്‍ ആഞ്ചലോ വരച്ച മുന്തിരിക്കുല യഥാര്‍ഥ മുന്തിരിയാണെന്ന് കരുതി കൊത്തിയ കാക്കയെ പോലെ മാത്രമായിത്തീരുന്നു.
പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിക്കുന്ന പ്രകൃതി പ്രതിഭാസങ്ങളുടെ അപ്പുറത്തേക്ക് തന്റെ മനസ്സിനെ കൊണ്ടുപോകാന്‍ സാധിക്കാത്ത, പ്രപഞ്ച പ്രതിഭാസങ്ങളോട് വെറും മൃഗീയ ബന്ധം പുലര്‍ത്തുന്ന, രണ്ടു കാലില്‍ നടക്കുന്ന ജീവി മാത്രമായി അപ്പോളവന്‍ ചുരുങ്ങുന്നു. വചനവേദം അവതരിക്കുന്നതിന് മുമ്പ് സ്രഷ്ടാവിനെ കുറിച്ച് അറിയാനുള്ള മനുഷ്യന്റെ ഏക വഴി പ്രപഞ്ചമാകുന്ന പുസ്തകത്തെ വായിക്കുക എന്നതായിരുന്നു. സൃഷ്ടി പ്രപഞ്ചത്തിന് സമാന്തരമായി മനുഷ്യന് ദൈവം അവതരിപ്പിച്ചുകൊടുത്ത വചന പ്രപഞ്ചമാണ് ഖുര്‍ആന്‍. അതുകൊണ്ടാണ് പ്രാപഞ്ചിക പ്രതിഭാസങ്ങളെയും ഖുര്‍ആനിക സൂക്തങ്ങളെയും വിശുദ്ധ ഖുര്‍ആന്‍ 'ആയത്ത്' എന്ന ഒരേ പദം ഉയോഗിച്ച് പ്രതിപാദിക്കുന്നത് (ഖുര്‍ആന്‍ 30: 20-25, 2:99, 118, 231). അതുകൊണ്ട് തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ ഖുര്‍ആനിക മാര്‍ഗദര്‍ശനത്തെയും സര്‍വ ജീവജാലങ്ങള്‍ക്കും നൈസര്‍ഗികമായ പ്രജ്ഞാവബോധത്തിലൂടെ കിട്ടുന്ന മാര്‍ഗദര്‍ശനത്തെയും ഒരുപോലെ 'ഹിദായത്ത്' എന്ന് വിശേഷിപ്പിച്ചത് (ഖുര്‍ആന്‍ 20:50, 93:7). അതുകൊണ്ട് തന്നെയായിരിക്കണം നൈസര്‍ഗികാവബോധത്തിന്റെ മാധ്യമവും ഖുര്‍ആനിക ബോധനത്തിനു സ്വീകരിച്ച മാധ്യമവും ഖുര്‍ആന്റെ ഭാഷയില്‍ 'വഹ്‌യ്' ആയത് (ഖുര്‍ആന്‍ 16:68, 28:7, 17:39, 4:163, 7:117).
 ഖുര്‍ആന്‍ അവതരണത്തിന്റെ ആദ്യ സൂക്തങ്ങള്‍ തന്നെ മനസ്സിന്റെയും പഞ്ചേന്ദ്രിയങ്ങളുടെയും സര്‍വ വാതായനങ്ങളും തുറന്നു വെച്ച് സ്ഥൂലവും സൂക്ഷ്മവുമായ പ്രപഞ്ചത്തെ പഠിക്കാനും പ്രകൃതിയെ വായിക്കാനും കൂടിയുള്ള ആജ്ഞ ആയത് യാദൃഛികമല്ല. കാരണം, സൃഷ്ടി പ്രപഞ്ചപഠനവും വചന പ്രപഞ്ചപഠനവും ഒന്നിച്ച് കൈയോടു കൈ ചേര്‍ന്ന് പോവേണ്ടതാണ്. അതുകൊണ്ട് കൂടിയാണ് വേദമാകുന്ന വചന പ്രപഞ്ചത്തില്‍ നിരന്തരമായി സൃഷ്ടി പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ പരാമര്‍ശ വിധേയമാവുകയും അത് സംബന്ധമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് നാം കാണുന്നത്. സൃഷ്ടി പ്രപഞ്ചത്തെ കുറിച്ച ചിന്തയാവട്ടെ നമ്മെ വചന പ്രപഞ്ചമാകുന്ന വേദസത്യത്തിലേക്കും കൊണ്ടെത്തിക്കുന്നു. നമ്മള്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളിലെ രഹസ്യങ്ങള്‍ അനാവരണം ചെയ്ത് മനുഷ്യന്റെ വര്‍ധിച്ചുവരുന്ന ദൈനംദിന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍, അതേ പ്രകൃതി വിഭവങ്ങളെ വര്‍ധിത മൂല്യത്തോടെ ഉപയോഗിക്കുമ്പോഴും അല്ലാതെയും മനുഷ്യന് താനനുഭവിക്കുന്ന വൈയക്തികവും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ ധാര്‍മിക പ്രശ്‌നങ്ങളുടെ പരിഹാരം കാണുന്നതിന് വേണ്ടി തത്തുല്യമായ ധിഷണ, വേദമാകുന്ന വചന പ്രപഞ്ചത്തില്‍ വ്യവഹരിക്കാത്തതാണ് നമ്മുടെ ലോകം ഇന്ന് അനുഭവിക്കുന്ന ഭൗതിക ധാര്‍മിക അസന്തുലനത്തിന്റെ മൗലിക കാരണം.
സ്ഥൂല സൃഷ്ടി പ്രപഞ്ചത്തെ പൊതുവായി പരാമര്‍ശിച്ച ശേഷം പ്രവാചകന് അവതീര്‍ണമായ ആദ്യ സൂക്തങ്ങള്‍ സൂക്ഷ്മ പ്രപഞ്ചമായ മനുഷ്യനെയും അവന്റെ സാമൂഹിക ഭാവത്തെയും (ഇന്‍സാന്‍ എന്ന വാക്കിന്റെ അര്‍ഥമായ ഏറ്റം ഇണക്കമുള്ളവന്‍ എന്നത് മനുഷ്യന്റെ സഹജാത സാമൂഹിക ഭാവത്തെ കുറിക്കുന്നു) ഉണ്മയെയും കുറിച്ച് പ്രത്യേകമായി പറഞ്ഞതില്‍ നിന്ന് സൃഷ്ടിപ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കുന്ന മനുഷ്യന്‍ സ്വയം തന്നെ സൃഷ്ടിപ്രപഞ്ചത്തിന്റെ ഭാഗമായ താനാകുന്ന സ്ഥൂല പ്രപഞ്ചത്തെക്കുറിച്ച് ചിന്തിക്കാതെയും തന്റെ സൃഷ്ടിപരമായ ശക്തിദൗര്‍ബല്യങ്ങളെ തിരിച്ചറിയാതെയും സ്ഥൂല പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ച് അപക്വവും അപകടകരവുമായ നിഗമനങ്ങളിലും ഭാവനകളിലും എത്തിച്ചേരുക സംഭവ്യമാണ് (ഖുര്‍ആന്‍ 10:36, 3:154, 6:116). കാരണം, നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന മനുഷ്യന്‍ പലപ്പോഴും മൂക്കിനു താഴെയുള്ള വസ്തുക്കളും വസ്തുതകളും കാണാതെ പോകാറുണ്ട്. സൂക്ഷ്മങ്ങളിലും സൂക്ഷ്മങ്ങളായ പ്രതിഭാസങ്ങളെ പരതുന്ന മനുഷ്യന് ബൃഹത്തായ യാഥാര്‍ഥ്യങ്ങള്‍ നഷ്ടപ്പെടാറുണ്ട് (ഖുര്‍ആന്‍ 12:105). സ്വന്തം പ്രകൃതത്തെയും സൃഷ്ടിയെയും മറന്നു മനുഷ്യന്‍ ദൈവത്തിനു പോലും ഭാവനകള്‍ ചമക്കാറുണ്ട് (ഖുര്‍ആന്‍ 36:78). അതുകൊണ്ടുതന്നെ മനുഷ്യചിന്തയുടെയും പഠനത്തിന്റെയും ആരോഹണ ക്രമം മനുഷ്യനാകുന്ന സൂക്ഷ്മ പ്രപഞ്ചത്തില്‍ നിന്ന് തുടങ്ങി സ്ഥൂല പ്രപഞ്ചത്തിലേക്ക് പ്രവേശിക്കുന്നതാകണം.
ആദ്യം അവതീര്‍ണമായ സൂക്തങ്ങളില്‍ ആവര്‍ത്തിച്ചുള്ള സൃഷ്ടിപ്പിനെക്കുറിച്ച വചനങ്ങള്‍ പ്രപഞ്ച വായനയുടെ ആവശ്യകത കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. ഒന്നാം വായനയില്‍ പ്രപഞ്ച പ്രതിഭാസങ്ങളുടെ രഹസ്യ അറകള്‍ പലപ്പോഴും മനുഷ്യന്‍ കണ്ടെത്തുക വളരെ ചുരുക്കമാണ്. കണ്ടത് തന്നെ വീണ്ടും ജാഗ്രത്തായ കണ്ണുകളിലൂടെ നോക്കുമ്പോള്‍ അത് മറ്റൊരു കാഴ്ചയായി മാറാറുണ്ട്. അങ്ങനെയാണ് മനുഷ്യന്റെ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നത്. അങ്ങനെയാണ് മനുഷ്യന്‍ നാഗരികമായും സാംസ്‌കാരികമായും ഒക്കെ വികസിച്ചുകൊണ്ടേയിരിക്കുന്നത്. വചനപ്രപഞ്ചവും ഇതേപോലെ ആവര്‍ത്തിച്ചു വായിക്കേണ്ടതുണ്ട്. പഞ്ചേന്ദ്രിയങ്ങള്‍ തുറന്നുവെച്ച് ജാഗ്രത്തായ മനസ്സോടു കൂടെ തന്നെ (ഖുര്‍ആന്‍ 50:37). അപ്പോഴാണ് നാം ഇതുവരെ വായിച്ചുപോയ സൂക്തങ്ങളില്‍ അടക്കം ചെയ്യപ്പെട്ട കനപ്പെട്ട ആശയങ്ങള്‍ അനാവൃതമാവുക. അപ്പോഴാണ് സൃഷ്ടി പ്രപഞ്ചം പോലെ നിരന്തരമായി വികസിക്കുന്ന ഒരു ആശയ പ്രപഞ്ചമായി ഈ വചന പ്രപഞ്ചത്തെ അനുഭവപ്പെടുക.
ഖുര്‍ആന്റെ നിര്‍ഭാഗ്യം അത് വായിക്കപ്പെടാത്തതല്ല. അത് ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം തന്നെയാണ്. ഖുര്‍ആന്റെ നിര്‍ഭാഗ്യം അത് വായിക്കപ്പെടേണ്ടതുപോലെ വായിക്കപ്പെടുന്നില്ല എന്നതാണ്. അത് പഠിപ്പിക്കുന്നവര്‍ക്ക് അസാമാന്യ പ്രതിഭ വേണമായിരുന്നു. കാരണം, അത് നിയമവും നിയമനിര്‍ധാരണ ശാസ്ത്രവും ഉള്‍ക്കൊള്ളുന്നു. അത് ചരിത്രവും ദര്‍ശനവും കൂടിയാണ്. അത് ലക്ഷ്യം വെക്കുന്നത് സദാചാര സാമൂഹിക വ്യവസ്ഥിതിയെയാണ്. അതിന് നാഗരികതയെയും സംസ്‌കാരത്തെയും കുറിച്ച പരികല്‍പനകള്‍ ഉണ്ട്. അത് സ്വകാര്യ പൊതുജീവിതങ്ങളെ വ്യവഛേദിച്ചു വിശദീകരിക്കുന്ന ഗ്രന്ഥമാണ്. അതില്‍ രാഷ്ട്രീയവും രാഷ്ട്ര മീമാംസയും അന്താരാഷ്ട്ര ബന്ധങ്ങളും ധാരാളമായി പരാമര്‍ശവിധേയമാകുന്നുണ്ട്. അത് പഠിപ്പിക്കുന്നവര്‍ക്ക് ഭാഷയെയും ഭാഷാശാസ്ത്രത്തെയും സാഹിത്യത്തെയും കുറിച്ച പരിജ്ഞാനം ആവശ്യമാണ്. മത താരതമ്യവും ഇതര പ്രത്യയശാസ്ത്രങ്ങളുമായുള്ള തുലനവും ഖുര്‍ആന്‍ വേണ്ട രൂപത്തില്‍ മനസ്സിലാക്കാന്‍ അത്യന്താപേക്ഷിതമാണ്. സ്ത്രീ പുരുഷ വ്യത്യാസം ഉള്‍പ്പെടെ മനുഷ്യന്റെ മനഃശാസ്ത്രത്തെയും ഇതര ഭൗതിക ശാസ്ത്രങ്ങളെയും സംബന്ധിച്ച സാമാന്യ ജ്ഞാനം ഖുര്‍ആന്റെ അധ്യാപകര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. എന്തിനേറെ പറയുന്നു, ഒരു ചേര്‍ച്ചയുമില്ല എന്ന് നാം കരുതുന്ന ഗണിതവും സംഗീതവും പോലും ഖുര്‍ആനിലുണ്ട്. എന്നാല്‍, മറ്റൊരു വിഷയവും മുഖ്യ വിഷയമായി പഠിപ്പിക്കാനോ പഠിക്കാനോ അവസരം ലഭിക്കാത്തതുകൊണ്ട് മാത്രം ഖുര്‍ആന്‍ പഠിക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് ഇന്നുള്ളത് (ചില അപവാദങ്ങളുണ്ടെന്നത് സമ്മതിക്കുന്നു). ഒരുപക്ഷേ, നാളെ പരലോകത്ത് വിശുദ്ധ ഖുര്‍ആന്‍, തന്റെ സമൂഹം അതിനെ അഗണ്യകോടിയില്‍ തള്ളി എന്ന് പറഞ്ഞ് വിലപിക്കുന്നത് ഇതുകൊണ്ട് കൂടിയായിരിക്കും. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാവണമെങ്കില്‍ പ്രതിഭാധനരായ വിദ്യാര്‍ഥികള്‍ ഖുര്‍ആന്‍ പഠന രംഗത്തേക്ക് കൂടുതലായി കടന്നുവരുന്ന സാഹചര്യം സൃഷ്ടിക്കണം. അവരുടെ ആദ്യ ഓപ്ഷനായി ഖുര്‍ആന്‍ മാറണം.  അതിന് ഖുര്‍ആന്‍ പഠനം ജീവിതത്തിന്റെ ഏത് മേഖലയിലും ഉപകാരപ്പെടുന്നതാണെന്ന് ബോധ്യം വരണം.
ഖുര്‍ആന്‍ പഠനം ഏത് പ്രശ്‌നങ്ങളുടെയും പൂട്ട് തുറക്കാനുള്ള മാസ്റ്റര്‍ കീ ആണെന്ന് മനസ്സിലാക്കപ്പെടണം. അത്തരത്തിലുള്ള അനുഭവങ്ങള്‍ വ്യാപകമായി പങ്കുവെക്കപ്പെടണം. നല്ല ഒരു കരിയര്‍ ബില്‍ഡ് ചെയ്യുന്നതിനു കൂടി വളരെ സഹായകമാണെന്ന് തിരിച്ചറിയപ്പെടണം. അത് ശരിയായ അര്‍ഥത്തില്‍ തന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കുമുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണെന്ന് മനസ്സിലാക്കപ്പെടണം.
[email protected]

Comments