Prabodhanm Weekly

Pages

Search

2011 ആഗസ്റ്റ് 13

ഒരു തലമുറയുടെ ധാര്‍മികബോധത്തെയാണ് മദ്യം കെടുത്തിക്കളയുന്നത്

ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ / വി.ടി അനീസ് അഹ്മദ്

യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം പുറത്തുവന്നിരിക്കുന്നു. എന്തു പറയുന്നു?
തികച്ചും വഞ്ചനാപരമാണ് ഈ നയമെന്ന് പറയാതിരിക്കാനാവില്ല. ചരിത്രത്തിലാദ്യമായാണ് ഒരു സര്‍ക്കാര്‍ നയരൂപവത്കരണത്തിനുമുമ്പായി മദ്യവിരുദ്ധ സംഘടനാ നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തുന്നത്. ജൂലൈ 5-ന് നടന്ന പ്രസ്തുത ചര്‍ച്ച,  പങ്കെടുത്തവരില്‍ ഏറെ പ്രതീക്ഷയുളവാക്കിയിരുന്നു. എന്നാല്‍ നയപ്രഖ്യാപനം വന്നപ്പോള്‍ നിരാശയാണുണ്ടായത്.   വീണ്ടും ബാറുകള്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം യു.ഡി.എഫ്, അബ്കാരികളുടെ അടിമയാകാന്‍ പോകുന്നതിന്റെ സൂചന തന്നെയാണ്.
മുന്നണി അധികാരത്തില്‍ വന്നാല്‍ പഞ്ചായത്തീരാജ് നഗരപാലികാ നിയമങ്ങളിലുണ്ടായിരുന്ന മദ്യനിരോധ വകുപ്പുകള്‍ പുനഃസ്ഥാപിക്കുമെന്ന യു.ഡി.എഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം അട്ടിമറിച്ചുകൊണ്ടും ആ വാഗ്ദാനത്തിന്റെ അന്തസത്ത തകര്‍ത്തുകൊണ്ടുമാണ് പിന്നീട് പ്രകടന പത്രികയുടെ പൂര്‍ണരൂപം പുറത്തുവന്നത്. മലപ്പുറം കലക്‌ട്രേറ്റ് നടയില്‍ 953 ദിവസം തുടര്‍ന്നു പോന്ന അനിശ്ചിതകാല സത്യഗ്രഹം അവസാനിപ്പിച്ചത് തന്നെ സത്യഗ്രഹ പന്തലിലെത്തിയ അന്നത്തെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ ഉറപ്പിന്മേലായിരുന്നു. പ്രാദേശിക സര്‍ക്കാറുകള്‍ക്ക് മദ്യനിരോധനത്തിന് അധികാരം നല്‍കിയിരുന്ന  പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളിലെ 237-447 വകുപ്പുകള്‍ പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം നല്‍കിയ വാഗ്ദാനം തന്നെയായിരുന്നു കരട് പ്രകടന പത്രികയിലുണ്ടായിരുന്നത്. അതാണ് അട്ടിമറിച്ചത്.
മലപ്പുറം മദ്യദുരന്തത്തോടനുബന്ധിച്ച് യു.ഡി.എഫ് നേതാക്കള്‍ കലക്‌ട്രേറ്റ് നടയില്‍ പ്രതിഷേധിച്ചപ്പോള്‍ ഞങ്ങള്‍ നല്‍കിയ നിവേദനത്തിന്റെ പ്രതികരണമായിരുന്നു പ്രസ്തുത കരട്. പിന്നീട് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും  മേല്‍ പറഞ്ഞ വാഗ്ദാനം നല്‍കിയിരുന്നു.
 പക്ഷേ, എല്ലാം അട്ടിമറിക്കപ്പെട്ടു. ബാറുകളുടെ എണ്ണം കൂട്ടുകയോ കുറക്കുയോ അല്ല വേണ്ടത്, ഒറ്റ ബാറും അനുവദിക്കാതിരിക്കുകയാണ്.
കോടതി ഇടപെടുന്നേടത്ത് ബാര്‍ അനുവദിക്കേണ്ടിവരുമെന്ന മന്ത്രിയുടെ വാദം നിരുത്തരവാദപരമാണ്. ഭരണകൂടത്തിന് ഇഛാ ശക്തിയുണ്ടെങ്കില്‍ അത്തരം കോടതി ഇടപെടലുകള്‍ ഒഴിവാക്കുംവിധം നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. അനധികൃത മദ്യനിര്‍മാണ വിതരണം തടയാന്‍ പഞ്ചായത്ത് തലത്തില്‍ സ്റ്റാറ്റിയൂട്ടറി പവറുള്ള കമ്മിറ്റി ഉണ്ടാക്കണമെന്ന നിര്‍ദേശം എന്തുകൊണ്ട് പരിഗണിക്കുന്നില്ല? ബാറുകള്‍ യഥേഷ്ടം അനുവദിക്കാതിരിക്കാന്‍ എക്‌സൈസ് നിയമത്തില്‍ വകുപ്പുകള്‍ നിലവിലുണ്ട്. പക്ഷേ, അതൊന്നും പഠിക്കാതെയോ പരിഗണിക്കാതെയോ ആണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മദ്യവിരുദ്ധ സമിതിയുടെ പ്രധാന ആവശ്യം നിരോധമാണ്. നിരോധംകൊണ്ട് കാര്യങ്ങള്‍ നേരെയാവുമോ? നിരോധം സാധ്യമാണോ?
Availability is the main cause of consumption - ഗാന്ധി പറഞ്ഞതാണിത്.  മലപ്പുറം മദ്യമില്ലാത്ത നാടായിരുന്നു. ഷാപ്പുകളും ബാറുകളും  വന്നാണ് കുടിയന്മാര്‍ അവിടെ പെരുകിയത്.വിവിധ മതവിഭാഗങ്ങള്‍ മുന്നോട്ട് വന്നാല്‍ മദ്യനിരോധം നടപ്പിലാക്കുക എളുപ്പമാണ്. മതവിഭാഗങ്ങളെ പരിഗണിക്കാതിരിക്കാന്‍ രാഷ്്രടീയപ്പാര്‍ട്ടികള്‍ക്ക് സാധിക്കില്ല. 'മതമില്ലാത്ത ജീവന്‍'’എന്ന പാഠത്തിനെതിരെ മതമേലധ്യക്ഷന്മാര്‍ രംഗത്ത് വന്നപ്പോള്‍ സംഭവിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍, അത്തരത്തിലൊരു കൂട്ടായ്മ മദ്യത്തിന്റെറ കാര്യത്തില്‍ ഉണ്ടാവാത്തതെന്തു കൊണ്ടാണ്? മദ്യം കെടുത്തിക്കളയുന്നത് ഒരു തലമുറയുടെ ധാര്‍മികബോധത്തെയാണ്. അതിനാല്‍ മതരംഗത്ത് ്രപവര്‍ത്തിക്കുന്നവര്‍ ഉണരണം. മദ്യത്തിനെതിരെയുള്ള മതസമരങ്ങളെ അവഗണിക്കാന്‍ ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് കഴിയില്ല.
35000 പേരാണ് എന്‍ഡോസള്‍ഫാന്റെ ഇരകള്‍. എന്നാല്‍ 35 ലക്ഷത്തില്‍ പരം വരും മദ്യത്തിന്റെ വിവിധ കെടുതികള്‍ അനുഭവിക്കുന്നവരുടെ എണ്ണം. കൊക്കക്കോളക്കെതിരെ വിവിധ തരം സമരങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ടല്ലോ. പല സ്ഥലത്തും കോള റോഡിലൊഴുക്കി പ്രതിഷേധിച്ചു. എന്തുകൊണ്ടാണ് മദ്യം  റോഡിലൊഴുക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരാത്തത്? പ്ലാച്ചിമടയില്‍ കോള കമ്പനി ഊറ്റിയെടുക്കുന്ന ജലത്തേക്കാള്‍ എ്രതയോ മടങ്ങ് അധികം പാലക്കാട് ജില്ലയിലെ വിവിധ മദ്യഷാപ്പുകള്‍ അപഹരിക്കുന്നുണ്ട്. എന്താ ആരും  ഈ ജലചൂഷണത്തെക്കുറിച്ച് ഒന്നും പറയാത്തത്?

കുടിച്ചതിന്റെ പേരില്‍ കെ.എസ്.ആര്‍.ടി.സി ്രൈഡവര്‍മാര്‍, പോലീസുദ്യോഗസ്ഥര്‍ തുടങ്ങി പലരും സസ്‌പെന്‍ഷനിലാവുന്നു. മദ്യത്തിനനുവാദം നല്‍കുന്ന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നടപടികളില്‍ വൈരുധ്യമില്ലേ?
സര്‍ക്കാര്‍ കുടിപ്പിക്കുന്നു. കുടിച്ചതിന്റെ പേരില്‍ ശിക്ഷിക്കുന്നു. മര്യാദകെട്ട ഒരു സിവില്‍ നിയമമാണിത്. അല്ലെങ്കില്‍ ഇന്നയിന്ന ആളുകളേ കുടിക്കാവൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബാറുകള്‍ക്ക് മുന്നില്‍ കാറുകളുടെ നിര കാണാം. പലരും കുടിച്ചിട്ടാണ് വാഹനം ഡ്രൈവ്‌ചെയ്യുന്നത്. എന്തുകൊണ്ട് ബാറുകള്‍ക്ക് മുന്നില്‍ പോലീസ് പരിശോധന നടത്തി അത്തരക്കാെര പിടികൂടുന്നില്ല. കുടിയന്മാര്‍ക്ക് ഒരു നിയന്ത്രണവുമില്ല ഇവിടെ. എം.എല്‍.എമാരെ കള്ള് വാസനിച്ചിട്ട് സഭയിലിരിക്കാനാവുന്നില്ലെന്ന് മുന്‍ മന്ത്രി ്രശീമതിക്ക്് പറയേണ്ടി വന്നില്ലേ!

വിദേശമദ്യത്തിന്റെ ഉപയോഗം സ്റ്റാറ്റസായി മലയാളി കാണുന്നുണ്ടോ?
സ്റ്റാറ്റസായി മലയാളി കാണുന്നില്ല. അനിയന്ത്രിതമായ ലഹരി ആസക്തിയില്‍ അവര്‍ എന്തും കുടിക്കും. യഥാര്‍ഥത്തില്‍ വിദേശമദ്യത്തിന്റെ പേരില്‍ കടുത്ത  ചൂഷണമാണ് നടക്കുന്നത്. മൂന്നു രൂപ നിര്‍മാണ ചെലവുള്ള  ക്വാര്‍ട്ടര്‍ ബോട്ടില്‍ 8 രൂപക്ക്  സര്‍ക്കാര്‍ വാങ്ങി ഏഴിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ഒരേ സമയം മദ്യ മുതലാളിയെ സുഖിപ്പിക്കുകയും സാധാരണക്കാരനെ മുടിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഏതാണ്ട് ബാറുകളിലെല്ലാം 'രണ്ടാംതരം'  വില്‍ക്കുന്ന കൗണ്ടറുകളുണ്ട്. ഇത് നിയമവിരുദ്ധമായ സംവിധാനമാണ്. വ്യാജമദ്യം കളര്‍ചേര്‍ത്ത് വില്‍ക്കുകയാണിവിടെ. വിലകുറച്ച് എന്ന ആനുകൂല്യത്തില്‍ ആവശ്യക്കാര്‍ കൂടും. കുടിയന്മാരായ പത്രക്കാര്‍ക്ക് ബാറില്‍ ഭക്ഷണവും മദ്യവും സൗജന്യമാണ്. പിന്നെ ഇതൊക്കെ ആര് പുറത്ത് പറയും?!

കേരളത്തിെല ലഹരി ഉപേഭാഗം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വിറ്റത് 5000 കോടിയുടെ മദ്യം. കേരളം അതിവേഗം 'മുന്നേറു'കയാണോ?
ബി.ബി.സി ലോകത്തോട് പറഞ്ഞു, കേരളം കുടിയന്മാരുടെ നാടാണ്, പക്ഷേ കാരണമെന്തെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നില്ലെന്ന്. എനിക്ക് പറയാനുള്ള കാരണം, ദൈവനിരാസത്തിന്റെ പ്രത്യയശാസ്്രതം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് േകരളത്തിലാണ്. പശ്ചിമബംഗാളില്‍ പോലും ഞാന്‍ പൂജകഴിഞ്ഞേ മന്ത്രിസഭായോഗത്തിന് പോകൂ എന്ന് പറഞ്ഞ മന്ത്രിയുണ്ട്. അമ്പലത്തിന്റെ മുറ്റത്ത് നിന്നാല്‍പോലും ദേവസ്വം മന്ത്രി പറയുക, ഞാന്‍ തൊഴാന്‍ വന്നതല്ലെന്നാണ്. അമ്പലത്തില്‍ പോകലാണ് ദൈവവിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് വിചാരിക്കുന്നില്ല. എന്നാല്‍,അമ്പലവിശ്വാസവുമായി കൂട്ടിക്കുഴച്ചാല്‍ പോലും െദെവവിശ്വാസത്തിന്റെ പേരില്‍ സമൂഹത്തില്‍ ചില മൂല്യബോധങ്ങള്‍ നിലനിന്നിരുന്നു. അത്തരം സദാചാര നിഷ്ഠകളില്‍ ഒന്നായിരുന്നു മദ്യവര്‍ജനം. എന്നാല്‍, െദെവനിരാസ സംസ്‌കാരത്തിന്റെ ഫലമായി എന്ത് പള്ളി, എന്ത് അമ്പലം, എന്ത് ദൈവം, എന്ത് അഛന്‍, എന്ത് അമ്മ എന്ന േചാദ്യം വന്നു യുവാക്കളില്‍. ഇൗ അനിയന്ത്രിതമായ അരാജകത്വം ഒരു മൂന്ന് വ്യാഴവട്ടക്കാലമായി കേരളത്തെ ്രഗസിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ വിശ്വാസികളെന്ന് പറയുന്ന മതനേതാക്കള്‍പോലും ഈ വിനാശത്തിന്റെ മുന്നില്‍ മൗനം പാലിക്കുകയാണ്. അവര്‍ ചിലപ്പോള്‍ പാര്‍ട്ടികളുടെ ആജ്ഞാനുവര്‍ത്തികളാവാം.

മദ്യവിരുദ്ധസമരങ്ങള്‍ ഫലവത്താവുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്?
ശരിയാണ്. ഏറ്റവും വലിയ തിന്മയെ ചെറുക്കുന്ന ഏറ്റവും ചെറിയ സംഘമാണ് മദ്യ നിരോധ സമിതി.  മറ്റ് ഏത് സമരങ്ങളില്‍ വ്യക്തിപരമായി നേട്ടങ്ങള്‍ കിട്ടുന്നവര്‍ പങ്കെടുക്കും. മദ്യവിരുദ്ധ സമരം കൊണ്ട് ഗുണം കിട്ടേണ്ടത് മദ്യപാനിയുടെ മക്കള്‍ക്കും കുടുംബത്തിനുമാണ്. അവരാവട്ടെ, ഏതെങ്കിലും രാഷ്്രടീയ കക്ഷികളുടെ അനുയായികളുമാണ്. പാര്‍ട്ടികളുടെ  താല്‍പര്യങ്ങള്‍ക്ക് അനുരൂപമായാണവര്‍ മുന്നോട്ടുപോവുക.
മാധ്യമങ്ങള്‍ തിന്മയെ പര്‍വതീകരിച്ച് കാണിക്കുകയല്ലാതെ  നിരോധമാവശ്യപ്പെട്ടു നടക്കുന്ന ്രപതിഷേധങ്ങളെയും സത്യ്രഗഹങ്ങളെയും പരിഗണിക്കുന്നേയില്ല. വര്‍ഷാവര്‍ഷം മദ്യവില്‍പനയുടെ വര്‍ധന ്രപസിദ്ധീകരിക്കും മാധ്യമങ്ങള്‍. ഇത് കണ്ട് ജനം വിചാരിക്കുന്നത് ഇതിനൊരു ്രപതിവിധിയില്ലെന്നാണ്. മലപ്പുറത്തെ സമരത്തെ മലയാളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളും അവഗണിച്ചു. മദ്യരാജാക്കന്മാരുടെ പരസ്യം വാങ്ങുന്ന അവര്‍ക്ക് കൂറുപുലര്‍ത്തിയേ മതിയാവൂ. പക്ഷേ, പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ പരമാവധി ശക്തി പ്രയോഗിച്ചപ്പോള്‍ അതിന് നല്ല ഫലമുണ്ടായി.

പുതിയ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കുന്നു. 2010-ല്‍ 136 എണ്ണം പുതുതായി അനുവദിച്ചു. മദ്യവരുമാനം സര്‍ക്കാറിന്റെ നിലനില്‍പിന് അനിവാര്യമാണോ?
സര്‍ക്കാറിന്റെ സമ്പാദ്യത്തിനല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ അവിഹിത സമ്പാദ്യത്തിനാണ് ബാറുകള്‍. 2007 മെയ് 4-ന് അന്‍പുമണി രാംദാസ് പാര്‍ലമെന്റില്‍ പറഞ്ഞു, 21600 കോടിരൂപയാണ് കേന്ദ്രസര്‍ക്കാറിന് മദ്യം മൂലം കിട്ടുന്നത്. എന്നാല്‍, 24600 കോടിയാണ് മദ്യം വരുത്തുന്ന ആപത്തുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.’ഈ കാര്യം തന്നെ  സി.പി.എം സെക്രട്ടറി പിണറായി വിജയനും പറയുകയുണ്ടായി. മദ്യമുണ്ടാക്കുന്ന വരവിനേക്കാള്‍ അതുണ്ടാക്കുന്ന ആപത്തുകളാണ് കൂടുതല്‍.
അല്ലെങ്കിലും ഒരു ജനകീയ ഗവണ്‍മെന്റിനെന്തിനാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം?
കള്ള്‌കൊടുത്ത് ജനത്തെ കൊന്നിട്ട്
എന്തിന് ഭരണം സര്‍ക്കാറേ
ഖജനാവില്‍ പണമുണ്ടാക്കാനീ
അറുകൊല ശരിയോ സര്‍ക്കാറേ
എന്ന് ഞങ്ങള്‍ മുദ്രാവാക്യം മുഴക്കാറുണ്ട്. ഗുജറാത്തില്‍ പോലും മദ്യം നിരോധിച്ചിട്ടുണ്ട്. വികസനത്തിന് മദ്യവ്യവസായം വേണമെന്ന് വാദിക്കുന്നവര്‍ക്ക് മറുപടി ഗുജറാത്താണ്. അവിടെ ജനപക്ഷവികസനമല്ല; മുതലാളിത്ത വികസനമാണ്. എന്നിട്ടും മദ്യമില്ല. ജനപക്ഷ വികസനം നടക്കുന്ന കേരളത്തിലാവട്ടെ എല്ലാ വികസനത്തെയും മദ്യം തടയുന്നു. അതുകൊണ്ട് ഇവിടെ ഗുജറാത്ത് പോലെയെങ്കിലും മദ്യനിരോധം നടപ്പായാല്‍ സംഭവിക്കുന്ന ജനപക്ഷവികസനം ഇന്ത്യക്കും ലോകത്തിനു തന്നെയും മാതൃകയാവും. മദ്യം വില്‍ക്കുന്നത് നാടുഭരിക്കാനാണെന്ന് അവകാശപ്പെടുന്നവര്‍ വീട് പുലര്‍ത്താന്‍ മക്കളെ വേശ്യാവൃത്തിക്ക് വിടുന്നതില്‍ അഭിമാനിക്കുന്ന മാതാപിതാക്കളേക്കാള്‍ നികൃഷ്ടരാണ്. ഒരു പഞ്ചായത്തില്‍ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്ന കോടികള്‍ വികസനത്തിന് ചെലവിട്ടാല്‍ അത് പുരോഗതിക്കിടയാക്കും. അവിടെ പിന്നെ വിദ്യാഭ്യാസത്തിനും വീടുണ്ടാക്കുന്നതിനും സര്‍ക്കാര്‍ സൗജന്യം വേണ്ട. നിത്യകുടിയന്മാര്‍ ഒരു പഞ്ചായത്തില്‍ ശരാശരി 3000 പേര്‍ വരും. ഒരാള്‍ 100 രൂപക്ക് കുടിച്ചാല്‍ ഒരു വര്‍ഷം 10 കോടി 80 ലക്ഷത്തിന്റെ മദ്യമാണ് കുടിക്കുന്നത്. ഈ പണം പഞ്ചായത്തിന്റെ വികസനത്തിനുപയോഗിച്ചാല്‍ ഉണ്ടാവുന്ന മെച്ചമെ്രതയാണ്!
കോഴിക്കോട് ജില്ലയില്‍ നന്മണ്ട പഞ്ചായത്തിലെ കൊളത്തൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 2009-ല്‍ നടത്തിയ സര്‍വേ പ്രകാരം ആ പഞ്ചായത്തുകാര്‍ ലഹരിക്കായി 7 കോടി രൂപ ചെലവഴിക്കുന്നതായി കണ്ടെത്തി.

മലപ്പുറം മദ്യവിരുദ്ധ സത്യഗ്രഹത്തെക്കുറിച്ച് പറഞ്ഞല്ലോ. എന്തായിരുന്നു അതിന്റെ സാഹചര്യം?
പ്രാദേശിക സര്‍ക്കാറുകള്‍ക്ക് മദ്യനിരോധനത്തിന് അധികാരം നല്‍കിയിരുന്ന പഞ്ചായത്തീരാജ് നഗരപാലിക നിയമങ്ങളിലെ 237-447 വകുപ്പുകള്‍ 1999 മാര്‍ച്ച്  24-ന് നായനാര്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തു. അന്നുതൊട്ടേ കേരള മദ്യനിരോധ സമിതി അതിനെതിരെ പ്രതികരിച്ചു തുടങ്ങിയിരുന്നു. അച്യുതാനന്ദന്‍ അധികാരത്തിലേറിയപ്പോള്‍ ലോട്ടറി, ഭൂ, മദ്യ, പെണ്‍ മാഫിയകള്‍ക്കെതിരായ സമരം തുടരുെമന്ന പ്രഖ്യാപനം നടത്തി. അതില്‍ പ്രതീക്ഷയര്‍പ്പിച്ച് 2008 മെയ് 1-ന് തിരുവനന്തപുരത്തും കണ്ണൂരും സത്യഗ്രഹ സമരങ്ങള്‍ ആരംഭിച്ചു. എം.പി മന്മദന്റെ ജന്മദിനവും തൊഴിലാളി ദിനവും എന്ന പ്രത്യേകതയുണ്ട് ആ ദിവസത്തിന്. തിരുവനന്തപുരം സത്യഗ്രഹത്തിന്  വേണ്ട്രത ജനപിന്തുണയുമുണ്ടായില്ല. കേവലം 46 ദിവസം മാത്രമാണ് അത് മുന്നോട്ടുപോയത്. കണ്ണൂരില്‍ പക്ഷേ സമരം നൂറുദിനം പിന്നിട്ടു. ഏറെക്കുറെ വിജയകരമായി സമരം മുന്നോട്ടുപോയി. ഇതിന് ശേഷമാണ് മലപ്പുറം സമരത്തിന് തുടക്കം കുറിച്ചത്.
മലപ്പുറത്തേക്ക് സമരവുമായി വരാന്‍ പ്രത്യേക കാരണമുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഖുര്‍ആന്‍ വായിക്കുന്നവര്‍ ഉള്ളതവിടെയാണ്. ഇന്ത്യയിലെ 55 മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ പ്രമുഖം. ഖുര്‍ആനാണ് മദ്യത്തിനെതിരെ അതിശക്തമായ താക്കീത് നല്‍കിയ ഏക ഗ്രന്ഥം. മദ്യത്തിനെതിരെ വിലക്കുകളും കര്‍മാഹ്വാനവും മുന്നോട്ടുവെച്ച ഗ്രന്ഥം. മുസ്‌ലിംകള്‍ എത്ര വിഭാഗങ്ങളുണ്ടെങ്കിലും ഖുര്‍ആനിലെ വചനങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ല. മൂന്ന് ഘട്ടങ്ങളിലായി മദ്യനിരോധം ഏര്‍പ്പെടുത്തി അത് മാതൃക കാട്ടിയിട്ടുണ്ട്. തത്ത്വത്തില്‍ ഇത് ലംഘിക്കാത്ത 22 ലക്ഷത്തിലേറെ വിശ്വാസികള്‍ മലപ്പുറത്തുണ്ട്. 2000-ല്‍ പരം മഹല്ലുകളും. അവിടെയാണ് 265 കള്ളുഷാപ്പുകളും 12 സര്‍ക്കാര്‍ മദ്യശാലകളും 25 ബാറുകളും പ്രവര്‍ത്തിക്കുന്നത്.  ഇതോടൊപ്പം ശക്തമായ മദ്യവിരുദ്ധ ചിന്ത മലപ്പുറത്തിന്റെ മനസ്സിലുണ്ട്.  ഇത് സമാഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലും മദ്യവിരുദ്ധ സമരത്തിന് ഇവരുടെ പിന്തുണയുണ്ടാകുമെന്ന ്രപതീക്ഷയിലുമാണ് മലപ്പുറത്ത് എത്തിയത്.

ഈ വിശ്വാസം സാക്ഷാത്കരിക്കപ്പെട്ടോ?
തീര്‍ച്ചയായും. കേരളത്തിലെ മദ്യവിരുദ്ധ സമര ചരിത്രത്തില്‍ ഇത്രയേറെ ജനപിന്തുണയുണ്ടായ പ്രദേശമില്ല. മുസ്‌ലിംകളിലെ എല്ലാവിഭാഗവും സാധ്യതക്കനുസരിച്ച്  ക്രിസ്ത്യാനികളും ഹിന്ദുക്കളും മതബോധത്തിന്റെ പേരില്‍ തന്നെ സമരവുമായി സഹകരിച്ചു.

ആരൊക്കെയാണ് നേതൃത്വം നല്‍കിയത്? എന്തായിരുന്നു സമരത്തിന്റെ ഫലം?
എന്നോടൊപ്പം ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റും കണ്ണൂരിലെ സ്വാതന്ത്ര്യസമര സേനാനി കെ.അപ്പനായരും എന്റെ ഭാര്യ പത്മിനിയുമാണ് ഉണ്ടായിരുന്നത്. സമരം നടന്നുകൊണ്ടിരിക്കെയാണ് മലപ്പുറത്ത് മദ്യദുരന്തമുണ്ടാകുന്നത്. കുറ്റിപ്പുറത്തും വാണിയമ്പലത്തും. ദുരന്തത്തെ തുടര്‍ന്ന് ജില്ലയില്‍ 265 ഷാപ്പുകള്‍ അടഞ്ഞുകിടന്നു. ജനങ്ങളെ പേടിച്ച് അഞ്ചിലൊന്നുപോലും തുറക്കാന്‍ കഴിഞ്ഞില്ല. മലപ്പുറം മുനിസിപ്പാലിറ്റിയില്‍ പുതുതായി വന്ന ബാര്‍ സമരത്തെതുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്നു. വളാഞ്ചേരിയിലും ഒരു ബാറിനുള്ള അനുമതിയായെങ്കിലും തന്റെ കാലാവധി കഴിയുന്നത് വരെ അത് തുറക്കില്ലെന്ന് എം.എല്‍.എ കെ.ടി ജലീല്‍ ഉറപ്പുതന്നു. പുത്തനത്താണിയില്‍ ഒരു ബാര്‍ ജനങ്ങള്‍ അടപ്പിച്ചു. ഇതൊക്കെ 953 ദിവസം നീണ്ട സമരത്തിന്റെ ഫലമാണ്. ജനങ്ങള്‍ ശക്തരായി സമരരംഗത്ത് നിലയുറപ്പിച്ചു. പുതിയൊരു സമരാവേശം ജനങ്ങളില്‍ സന്നിവേശിക്കപ്പെട്ടു. പല സ്ഥാപനങ്ങളിലേക്കും ഞങ്ങളെ ക്ഷണിക്കുകയും ക്ലാസ്സുകളെടുപ്പിക്കുകയും ചെയ്തു. മഞ്ചേരിയിലും കൊണ്ടോട്ടിയിലും ജനം സമരരംഗത്താണ്. വണ്ടൂരില്‍ ബാറിന് തറക്കല്ലിടാനുള്ള ശ്രമം തടഞ്ഞു.  ചങ്ങരംകുളത്ത് നാല് ബാറുകള്‍ വരുന്നെന്ന വാര്‍ത്ത പരന്നു. പക്ഷേ, നിലവിലുള്ള ഒരു ബാര്‍ അടപ്പിക്കാനും പുതിയ നാലെണ്ണം ബ്ലോക്ക് ചെയ്യിക്കാനും ജനകീയ മുന്നേറ്റം കൊണ്ട് സാധിച്ചു.
നിലവിലുണ്ടായിരുന്ന നിയമത്തില്‍ അട്ടിമറി നടത്തിയാണ് പുതിയ ബാറുകള്‍ തുടങ്ങാന്‍ അനുവദിച്ചത്. ഈ അട്ടിമറിയെ പൊന്നാനിയിലെ 16500 പേര്‍ ഒപ്പിട്ട ഭീമഹരജിയിലൂടെ നേരിട്ടു. സത്യഗ്രഹത്തോടനുബന്ധിച്ച് മദ്യവിരുദ്ധ മഹിളാ മെമ്മോറിയല്‍ രൂപവത്കരിച്ച് ബഹുലക്ഷം സ്ത്രീകള്‍ ഒപ്പിട്ട നിവേദനം ജൂണ്‍ 9-ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.
മദ്യത്തിന്റെ ദുരന്തം നന്നായറിയാവുന്ന സമൂഹമാണ് മലപ്പുറത്തുള്ളത്. മതപ്രഭാഷണങ്ങള്‍, വെള്ളിയാഴ്ച പ്രഭാഷണം തുടങ്ങി വിവിധ മാര്‍ഗേണ അവര്‍ മദ്യത്തിനെതിരെ ജാഗ്രത്താണ്. എന്നാല്‍, ഈ തരത്തിലുള്ള പ്രബോധനത്തോടൊപ്പം പ്രക്ഷോഭം കൂടി വേണമെന്ന് അവരെ ബോധ്യപ്പെടുത്താന്‍ സത്യഗ്രഹം കൊണ്ട് സാധിച്ചു.

സമരത്തോട് രാഷ്ട്രീയകക്ഷികളുടെ സമീപനം എന്തായിരുന്നു?
മുസ്‌ലിം ലീഗ് ഒഴികെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും സമരത്തിന് അനുകൂലമായിരുന്നില്ല. കോണ്‍ഗ്രസ് അവിടെ ഒരു സമദൂരസിദ്ധാന്തമാണ് കൈക്കൊണ്ടത്. സി.പി.എം ആവട്ടെ, ശക്തികൊണ്ട് എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും സമരത്തെ അവഗണിച്ച് നശിപ്പിക്കുകയെന്ന സമീപനമാണ് സ്വീകരിച്ചത്.
പോലീസിന്റെയും കലക്ടറുടെയും ഭാഗത്ത് നിന്ന് കായികമായ പ്രതികരണമാണ്  നേരിടേണ്ടിവന്നത്. പോലീസ് നോട്ടീസ് പോലും നല്‍കാതെ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമിച്ചു. ചെറുക്കാന്‍ ശ്രമിച്ച ഞങ്ങളെ കൈയേറി. എന്നെയും ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റിനെയും വലിച്ചിഴച്ചു. രണ്ടാഴ്ചയോളം ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞു.  30000 രൂപയുടെ സമരസാമഗ്രികള്‍ അവര്‍ കൊണ്ടുപോയി. എന്നാല്‍, പോലീസ് നടപടിയെ തുടര്‍ന്ന് പൊതുജനരോഷം ശക്തമായി. ജില്ലയില്‍ പലേടത്തും പ്രതിഷേധ പ്രകടനങ്ങളും പരിപാടികളും അരങ്ങേറി.

സമരം അവസാനിപ്പിച്ചത് എന്തുകൊണ്ട്? വിജയമായിരുന്നോ?
സമരം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റപ്പെട്ടില്ലെങ്കിലും  ചില മുന്നേറ്റം നടത്താന്‍ സമരം പ്രചോദനമായി എന്നത് യാഥാര്‍ഥ്യമാണ്. പി.വി രാജഗോപാല്‍, സ്വാമി അഗ്‌നിവേശ് എന്നിവരുടെ ഇടപെടല്‍ മൂലം ഡോ. തോമസ് ഐസക്കും എം.എ ബേബിയും വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പിന്തുണക്കാമെന്ന് ഉറപ്പുനല്‍കി. ഫെബ്രുവരി 14-ന് സുഗതകുമാരിയുടെ നേതൃത്വത്തില്‍  നിവേദകസംഘം മുഖ്യമന്ത്രിയെ കണ്ടു. ആവശ്യം ന്യായമാണെന്നും നിയമം പുനഃസ്ഥാപിക്കാന്‍ താന്‍ എതിരല്ലെന്നും മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അതോടെ വന്നു. അതില്‍ പിന്നെ ഒരു നീക്കവുമുണ്ടായില്ല. പക്ഷേ അതു കൊണ്ട് നിരാശവേണ്ടിവന്നില്ല. കാരണം, യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രസ്തുത വകുപ്പ് പുനഃസ്ഥാപിക്കുമെന്ന്  മുന്നണിയുടെ ഭാഗമായ അന്നത്തെ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാറങ്കോട് സമരമുഖത്ത് വെച്ച് പ്രഖ്യാപിക്കുകയുണ്ടായി. കുറ്റിപ്പുറം മദ്യദുരന്തത്തോടനുബന്ധിച്ച്  കലക്‌ട്രേറ്റ്പടിക്കല്‍ ്രപതിേഷധയോഗത്തില്‍ പങ്കെടുത്ത് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും  അധികാരത്തിലെത്തിയാല്‍ വകുപ്പ് പുനഃസ്ഥാപിക്കുമെന്ന് ഉറപ്പുനല്‍കി. മുസ്‌ലിം ലീഗ് ഒട്ടും പിറകോട്ടുപോയിട്ടില്ല.  നിലവിലെ അവസ്ഥയില്‍ യു.ഡി.എഫില്‍ സമ്മര്‍ദം ചെലുത്താന്‍ അവര്‍ക്കാകും.  സമരം 40 ദിവസം പിന്നിട്ടപ്പോള്‍ മലപ്പുറം ജില്ലാപഞ്ചായത്ത് ഒരു പ്രമേയം പാസ്സാക്കിയിരുന്നു. ‘പഞ്ചായത്തീരാജ് നഗരപാലികാ നിയമം  2320-447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണം, അതിനായി നടക്കുന്ന സത്യഗ്രഹത്തെ സര്‍ക്കാര്‍ പരിഗണിക്കണം’ എന്ന് പ്രമേയം ആവശ്യപ്പെട്ടു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സുഹറ മമ്പാട് ആദ്യമായെത്തിയത് സത്യഗ്രഹ പന്തലിലാണ്. 'മദ്യമുക്ത, സ്ത്രീധന മുക്ത മലപ്പുറമാണ് എന്റെ ലക്ഷ്യം' എന്ന് അവര്‍  പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ ഉബൈദുല്ല സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്ന വ്യക്തിയാണ്. ഇത്തരുണത്തില്‍ യു.ഡി.എഫിനെ പൂര്‍ണമായി വിശ്വാസത്തിലെടുക്കുകയാണ്.  ആഗസ്റ്റ് 16-ന് നയത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന് തന്നെയാണ്  ്രപതീക്ഷിക്കുന്നത്.

സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ലഹരിവിരുദ്ധ കാമ്പയിന്‍ ഒരു െതരഞ്ഞെടുപ്പ് കാമ്പയിനായിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു?
2007 ഡിസംബര്‍ 28-ന് ദേശാഭിമാനി എഡിറ്റോറിയല്‍ മദ്യത്തില്‍ മുങ്ങുന്ന കേരളത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നിട്ടും ആ പാര്‍ട്ടി ഭരിച്ച 5 കൊല്ലം കേരളത്തിന്റെ ചിത്രമെന്താണ്? മദ്യത്തിനെതിരെ ആത്മാര്‍ഥതയുള്ള നേതാക്കളുണ്ടെങ്കിലും അവരെ നിരുത്സസാഹപ്പെടുത്തുകയോ തടയുകയോ ചെയ്യുന്ന ഒരു അബ്കാരി നേതൃത്വവും സി.പി.എമ്മില്‍ ഉണ്ട്. അതുകൊണ്ടാണ് മദ്യത്തിനെതിരെ ശക്തമായ മുന്നേറ്റം പ്രഖ്യാപിച്ച പോഷക ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എവിടെ വെച്ചോ തടയപ്പെട്ടത്.

കരള്‍, വൃക്ക, പാന്‍ക്രിയാസ്, ശ്വാസകോശം, കുടല്‍ തുടങ്ങി ആന്തരാവയവങ്ങള്‍ മൊത്തം തകരാറിലാവുന്നതിന് മദ്യം കാരണമാവുന്നു.  ജനങ്ങള്‍ക്ക് വേണ്ട രീതിയില്‍ മദ്യത്തെക്കുറിച്ച് അവബോധമില്ലെന്നാണോ?
ജന്തുക്കള്‍ക്ക് ഇര, ഇണ എന്ന രണ്ട് ജന്മവാസനകളാണ് (instinct) ഉള്ളത്. ഒന്ന് ശരീരം നിലനിര്‍ത്താനും മറ്റേത് വംശം നിലനിര്‍ത്താനും. എന്നാല്‍ മനുഷ്യന് ആത്മീയ ജന്മവാസന (spiritual instinct) എന്നൊരു ഘടകം കൂടിയുണ്ട്. ഇതാണ് യഥാര്‍ഥത്തില്‍ തെറ്റുകളില്‍ നിന്ന് വിലക്കുന്നത്. ഈ ജന്മവാസനയുടെ കര്‍മകേന്ദ്രം തലച്ചോറുമായി ബന്ധപ്പെട്ട് കിടക്കുന്ന എമിഡാല (Emidala) എന്ന കോശവ്യവസ്ഥയാണ്. ഇതാണ് അരുതായ്മയും ആകാവുന്നതും നമ്മെ ഓര്‍മിപ്പിക്കുന്നത്. മദ്യം ബാധിക്കുന്നത്  ഈ കോശവ്യൂഹത്തെയാണ്. അപ്പോള്‍ അത് എല്ലാ ആത്മീയ ചിന്തകളെയും സ്വാധീനത്തെയും വികലമാക്കും. ഈ ആജ്ഞാശേഷി നിര്‍വീര്യമായാല്‍ ബുദ്ധിതളരുകയും എന്തും ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യും.   പഠനയാത്ര പോയി മദ്യപിച്ച് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് സസ്‌പെന്‍ഷനിലായ അധ്യാപകരില്ലേ? ഉയര്‍ന്ന ഉദ്യോഗസ്ഥരും സമൂഹത്തിന്റെ ഉയര്‍ന്ന വിതാനത്തിലുള്ളവരും കുടിയന്മാരായില്ലേ? ഇവര്‍ക്കൊക്കെ അറിവില്ലാത്തതാണ് കാരണമെന്ന് പറയാന്‍ സാധിക്കുമോ?

മദ്യപാനം ഒരു രോഗാവസ്ഥയാണോ?
ഒരിക്കലുമല്ല. കുടിച്ചുകുടിച്ചുണ്ടാകുന്ന രോഗമാണ് ആസക്തി. ആര്‍ജിതാസക്തിയാണ് മദ്യപാനത്തോടുള്ളത്. ഡോ. കുമാരി ഭഗവതി നടത്തിയ പഠനത്തില്‍ 100 കുടിയന്മാരില്‍ 90 പേരുടെയും മക്കള്‍ കുടിയന്മാരായിരിക്കും എന്ന് കണ്ടെത്തിയിട്ടുണ്ട്. കുടി ശീലമാക്കാനുള്ള അന്തരീക്ഷവും വീട്ടിലുള്ള അനുകൂല ഘടകങ്ങളുമാണ് കാരണം.

കേരളത്തില്‍ അങ്ങോളമിങ്ങോളം ഡീ അഡിക്ഷന്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ഇത് എത്രമാത്രം ഫലപ്രദമാണ്?
ഇത്തരം ക്യാമ്പുകള്‍ 70 ശതമാനവും പരാജയമാണ്.  ക്യാമ്പുകളില്‍ നിന്ന് കുടിനിര്‍ത്തി പുറത്തിറങ്ങുന്നവരുടെ മുന്നില്‍ തുറന്നുവെക്കപ്പെട്ട ബാറുകളും ഷാപ്പുകളുമാണുള്ളത്. ഉദ്‌േബാധനത്തിലൂടെ കുടിമാറ്റിയവനു മുന്നില്‍ പ്രകോപനങ്ങളുണ്ടാക്കുന്ന ഘടകങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്ന സാമൂഹിക സാഹചര്യമാണുള്ളത്. കുടി നിര്‍ത്തി പുറത്ത് വന്നവനെ പുതിയ ആളായി സ്വീകരിക്കാന്‍ പൊതുസമൂഹം കാണിക്കുന്ന വൈമുഖ്യവും പ്രധാനപ്പെട്ട ഘടകമാണ്.

മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ത്തതാണ് കുറ്റിപ്പുറമടക്കമുള്ള വിഷമദ്യദുരന്തങ്ങള്‍ക്ക് കാരണം. എക്‌സൈസ് നിയമപ്രകാരം കള്ളില്‍ മറ്റു രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് ശിക്ഷാര്‍ഹമാണ്. കുറ്റവാളികള്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുന്നുണ്ടോ?
വലിയതോതില്‍ സമൂഹത്തെ ഞെട്ടിക്കുന്ന സംഭവങ്ങളിലെ കുറ്റവാളികള്‍ മാത്രമേ പലപ്പോഴും ശിക്ഷിക്കപ്പെടുന്നുള്ളൂ. കല്ലുവാതുക്കല്‍ ദുരന്തത്തിലെ പ്രതി മണിച്ചന്‍ ജയിലിലാണ്. വൈപ്പിന്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു. പക്ഷേ, അത്രതന്നെ ശ്രദ്ധിക്കപ്പെടാത്ത പല കേസിലും പ്രതികള്‍ പിടിക്കപ്പെടുന്നില്ല. അബ്കാരി കുറ്റങ്ങള്‍ക്ക് സ്‌പോട്ട് എന്‍ക്വയറി വേണം. അത് നടക്കുന്നില്ല. കുറ്റിപ്പുറത്ത് എക്‌സൈസ് ഓഫിസിന്റെ 25 മീറ്റര്‍ പരിസരത്താണ് വിഷമദ്യ ദുരന്തമുണ്ടായത്.  ബഹുജനമിളകിയാല്‍ പലരെയും പിടിക്കാന്‍ കഴിയും. രാഷ്ട്രീയക്കാരുണരുമ്പോഴേ സാധാരണക്കാര്‍ ചിന്തിക്കൂ.

മോഹന്‍ലാല്‍ മദ്യപരസ്യത്തില്‍  അഭിനയിച്ചതിനെ താങ്കള്‍ വിമര്‍ശിക്കുകയുണ്ടായല്ലോ?
ദൈവം നല്‍കിയ സിദ്ധികള്‍ നന്മക്ക് പ്രയോജനപ്പെടുത്തണം. തിന്മയുടെ പ്രചാരണത്തിന് വില്‍ക്കരുത്. 5 കോടിയാണ് മോഹന്‍ലാല്‍ ആ പരസ്യത്തിന് വാങ്ങിയത്. ക്രിക്കറ്റ് താരം സച്ചിന്‍ടെന്‍ഡുല്‍ക്കറോട് 50 കോടി വാഗ്ദാനം ചെയ്തിട്ടും  മദ്യപരസ്യത്തില്‍ അഭിനയിക്കില്ലെന്ന് പറയുകയുണ്ടായി.

ആഘോഷ-ഉത്സവ വേളകള്‍ മദ്യസല്‍ക്കാരത്തിന്റെ വേദികളാവുകയാണോ?
ഉന്മേഷത്തിനും ഉല്ലാസത്തിനുമുള്ളതാണ് ആഘോഷങ്ങള്‍. എന്നാല്‍ ഇന്ന് അത് ഉന്മാദത്തിനുള്ളതായി. ഭക്തിക്ക് പകരം ആസക്തിയാണ് ആഘോഷങ്ങളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വികാരം.  ഉത്തമ സംസ്‌കാരത്തിലേക്ക് നയിക്കണം ആഘോഷങ്ങള്‍. കൂട്ടായ ്രപവര്‍ത്തനങ്ങളിലൂടെ  മൂല്യങ്ങളെ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍സാധിക്കും. ഹസാരെയുടെ അഴിമതിക്കെതിരിലുള്ള സമരം ഒരു സൂചനയാണ്. എല്ലാവരും ഒരുമിച്ചുനില്‍ക്കാനുള്ള ആഹ്വാനമാണത്.

സിനിമയില്‍ പുകവലി രംഗങ്ങള്‍ക്ക് നിരോധം വന്നു. പക്ഷേ, മദ്യസേവ  രംഗങ്ങള്‍ക്ക് വിലക്കില്ല?
സിഗരറ്റിന്റെ കമ്പനി മുതലാളിമാരില്‍നിന്ന് രാഷ്ട്രീയക്കാര്‍ക്ക് കിട്ടുന്ന സംഭാവനയേക്കാള്‍ എത്രയോ ഇരട്ടിയാണ് മദ്യമുതലാളിമാരില്‍നിന്ന് ലഭിക്കുന്നത്.  കോടികളാണ് അവിടെ നിന്ന് ഇങ്ങോട്ട് ഒഴുകുന്നത്. അതിനാല്‍ മദ്യമുതലാളിമാരുടെ അടിമകളായ രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം നടപടികളെടുക്കാന്‍ ത്രാണിയുണ്ടാവില്ല.  സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തേക്കാള്‍ മാരകമാണ് മദ്യപിച്ചാലുണ്ടാകുന്ന ധാര്‍മിക പ്രശ്‌നം.  മദ്യപാനരംഗങ്ങള്‍ സിനിമകളില്‍ നിന്ന് എടുത്തുകളയാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് കരുതുന്നില്ല.

ഖുര്‍ആന്‍, ബൈബിള്‍, ഗീത എന്നീ മത്രഗന്ഥങ്ങള്‍ ഉദ്ധരിച്ചുള്ള താങ്കളുടെ ്രപസംഗം മദ്യവിരുദ്ധ ്രപചാരണ രംഗത്ത് എ്രതമാ്രതം ഫലിക്കുന്നുണ്ട്?
വിശ്വാസികള്‍  ആ സത്യങ്ങള്‍ സ്വീകരിക്കുന്നുണ്ട് എന്നാണ് എന്റെ ബോധ്യം. പക്ഷേ, മതനേതാക്കള്‍ അതിനെ മാനിക്കുന്നില്ല. മതബോധം ചൂഷണം ചെയ്യുകയല്ല, ഒരു സാമൂഹിക തിന്മക്കെതിരെ വിശ്വാസത്തെ ഉപയോഗപ്പെടുത്താനുള്ള ്രശമത്തിന്റെ ഭാഗമായാണ് അങ്ങനെ ചെയ്യുന്നത്. ഒരു സാത്താനിക് ്രപഭാവമാണ് മദ്യം മനുഷ്യനില്‍ ഉണ്ടാക്കുന്നത്. മനുഷ്യമനസ്സില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭൗതികാസക്തിയുടെ കറകളെ വിപാടനം ചെയ്യാന്‍ േവദഗ്രന്ഥങ്ങള്‍ക്ക് സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആത്മീയ നേവാത്ഥാനത്തിന്റെ ആദ്യപടിയാണ് മദ്യനിരോധനം.

താങ്കള്‍ മദ്യവിരുദ്ധ ്രപസ്ഥാനത്തിന്റെ ഭാഗമാകാനുള്ള സാഹചര്യമെന്തായിരുന്നു?
അധ്യാപകനും കോണ്‍്രഗസ്സുകാരനുമായിരുന്നു ഞാന്‍. ക്ലാസ് മുറിക്കപ്പുറത്ത് എന്തു ചെയ്യാം എന്നാലോചിച്ച് കണ്ടെത്തിയതാണ് മദ്യവിരുദ്ധ ്രപവര്‍ത്തനം.
1981 ആഗസ്റ്റ് 15-ന് ഞങ്ങളുടെ ഗ്രാമത്തെ മദ്യമുക്തമാക്കുന്നതിനുള്ള ആലോചനക്ക് തുടക്കമിട്ടു.  മൂന്ന് വാര്‍ഡുകളിലായി 1000 വീടുകള്‍ ഉള്ളതാണ്  ്രഗാമം. കള്ള്‌വാറ്റ് നിര്‍മാണ വിതരണ രംഗത്ത് ഏര്‍പ്പെട്ട 80 കുടുംബങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. 1982 െസപ്റ്റംബര്‍ 4-ന് ഗ്രാമത്തെ മദ്യമുക്തമായി ്രപഖ്യാപിച്ചു. ഇ.മൊയ്തു മൗലവിയാണ് പ്രഖ്യാപനം നടത്തിയത്. വൈകാതെ മദ്യം തിരിച്ചെത്തി. രാഷ്്രടീയക്കാരില്‍ നിന്ന് പിന്തുണ ലഭിക്കാതിരുന്നതുകൊണ്ട് തന്നെ ക്രമേണ നിരോധം അയഞ്ഞു. അപ്പോഴേക്കും 1984-ല്‍ ബീവറേജസ് കോര്‍പറേഷന്‍ ആരംഭിച്ചിരുന്നു. വളരെ പെട്ടെന്ന് കള്ളവാറ്റ് നിര്‍മാണ വിതരണം വഴിമാറിയേടത്തൊക്കെ സര്‍ക്കാര്‍ മദ്യത്തിന്റെ അനധികൃത വില്‍പന തുടങ്ങി. അങ്ങനെ ജനം സമരം ചെയ്ത നേടിയ മദ്യമുക്ത പ്രേദശങ്ങള്‍ സര്‍ക്കാര്‍ വക കള്ള് വന്ന് നിറഞ്ഞു.
1978-ലാണ് മദ്യനിരോധ സമിതി രൂപവത്കരിക്കപ്പെട്ടത്. '82-ല്‍ ഞാനും അംഗമായി. കേരളത്തിലെ എല്ലാ മദ്യവിരുദ്ധ സമര ്രപേദശങ്ങളിലും ഞാനും എന്റെ യൂനിറ്റും സജീവമായി പങ്കെടുത്തിട്ടുണ്ട്.

ഇപ്പോള്‍ മുഴുസമയ ്രപവര്‍ത്തകനാണോ?
മദ്യനിരോധ ്രപവര്‍ത്തനമല്ലാതെ മറ്റൊന്നിലും വ്യാപൃതനല്ല. പ്രാദേശികമായി നാടകം, ഭക്തിമാര്‍ഗം, ശാസ്്രതസാഹിത്യ പരിഷത്ത് എന്നിവയിലൊക്കെ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ എല്ലാം വേണ്ടെന്ന് വെച്ചു. അതിനൊക്കെ ഇഷ്ടം പോലെ ആളുകളുണ്ടല്ലോ. ഇതിനാണല്ലോ ആളെ കിട്ടാത്തത്.
വര്‍ഗീയതയും ലഹരിയുമാണ് സമൂഹത്തിന്റെ ശാപം. അതിനെതിരിലുള്ള മുന്നേറ്റങ്ങളുടെ ഭാഗമാവാന്‍ ്രശമിക്കണം. വര്‍ഗീയത ഉള്ളിലുള്ള വിഷമാണ്. ലഹരി പുറത്ത് നിന്ന് ഉള്ളിലേക്ക് കടക്കുന്ന വിഷവും. ഇവ രണ്ടും മാനവരാശിയുടെ സ്വസ്ഥത കെടുത്തുന്നതാണ്.
 
[email protected]

Comments