ഉമറുല്‍ മുഖ്താറിന്റെ മകന്‍ സംസാരിക്കുന്നു...
1931ല്‍ തന്റെ വീരരക്തസാക്ഷ്യത്തിലൂടെ ലിബിയയെ സ്വാതന്ത്യ്രത്തിലേക്ക് നയിച്ച ഉമറുല്‍ മുഖ്താറിന്റെ ഇളയ പുത്രനാണ് മുഹമ്മദ് ഉമറുല്‍ മുഖ്താര്‍. 90-ാം വയസ്സില്‍ വിമോചന പോരാട്ടങ്ങള്‍ക്ക് സാക്ഷിയായി അദ്ദേഹം ലിബിയയിലെ ബിന്‍ഗാസി പട്ടണത്തില്‍ ജീവിക്കുന്നു. കുവൈത്തിലെ അല്‍ അംബാഅ് ദിനപത്രം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
ലിബിയയിലെ പുതിയ സംഭവ വികാസങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
ലിബിയയുടെ സ്വാതന്ത്യ്രത്തിന് സമര്‍പ്പിത യൌവനം ഉതിര്‍ക്കുന്ന വിയര്‍പ്പുതുള്ളികള്‍ ഞങ്ങള്‍ വൃദ്ധരെ പുളകം കൊള്ളിക്കുന്നു. രാജ്യത്ത് പരിഷ്കരണം കൊതിച്ചും ഖദ്ദാഫിയുടെ ഭരണമാറ്റം ആവശ്യപ്പെട്ടും കഴിഞ്ഞ ഫെബ്രുവരി 17-ന് പൊട്ടിപ്പുറപ്പെട്ട വിപ്ളവ ആഹ്വാനത്തിന് ശേഷം ബിന്‍ഗാസിയും ഇതര പട്ടണങ്ങളും പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് മരിച്ചു വീഴുന്ന ഇരുഭാഗത്തുമുള്ള സഹോദരങ്ങളെ ഓര്‍ക്കുമ്പോള്‍ കടുത്ത സങ്കടമുണ്ട്. പോരാട്ടങ്ങള്‍ വിജയത്തിലെത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു.
സിവിലിയന്മാരോടും പ്രക്ഷോഭകാരികളോടും ഖദ്ദാഫിയുടെ പട്ടാളം കാട്ടിയ ക്രൂരതകളെപ്പറ്റി?
ഏതാനും ഡോളറുകള്‍ക്ക് വേണ്ടി ലിബിയന്‍ മക്കളെ കൊന്നു തള്ളുന്ന കൂലിപ്പട്ടാളത്തെയാണ് ഖദ്ദാഫി വിളിച്ച് വരുത്തിയിരിക്കുന്നത്. ഇത് ലിബിയക്കാരെ വല്ലാതെ പ്രകോപിപ്പിച്ചു. ഇന്നവര്‍ പുതിയ ഭരണകൂടവും പുതിയ ഭരണഘടനയും ആവശ്യപ്പെടുന്നു. ഞങ്ങള്‍ ഈ ആവശ്യത്തെ പിന്തുണക്കുന്നു. ഖദ്ദാഫി 42 വര്‍ഷം രാജ്യം ഭരിച്ചു. എന്നാല്‍, പ്രതീക്ഷിച്ച സ്ഥിരത നേടാനായില്ല. അയാള്‍ വേറെയും കുറെ വിഡ്ഢിത്തങ്ങള്‍ ചെയ്തു. ഇന്നയാള്‍ക്ക് ഭരണം വിടാന്‍ സമയമായി.
മുഹമ്മദ് ഇദ്രീസ് അസ്സനൂസി രാജാവിനെക്കുറിച്ച ഓര്‍മകള്‍?
അതെ, നല്ല മനുഷ്യനായിരുന്നു. ഞാന്‍ അദ്ദേഹവുമായി സംഭാഷണം നടത്തിയിട്ടുണ്ട്. ആദ്യം അമീറായിരുന്നു. എന്നാല്‍, ജനങ്ങള്‍ പിന്നീട് രാജാവാക്കി. ഉപജാപക സംഘങ്ങളുടെ വലയില്‍ അദ്ദേഹം പെട്ടുപോയി. വലിയ വിലയാണ് അതിന് നല്‍കേണ്ടി വന്നത്. ഇന്ന് ഖദ്ദാഫിക്കും സംഭവിച്ചത് അതാണ്.
കേണല്‍ ഖദ്ദാഫി 1969 സെപ്റ്റംബര്‍ 1-ന് അധികാരത്തില്‍ വന്നപ്പോള്‍ എന്റെ പിതാവ് ഉമറുല്‍ മുഖ്താറിന്റെ സ്മരണ നിലനിര്‍ത്താന്‍ ചിലതൊക്കെ പ്ളാനിട്ടിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. പിതാവിനെക്കുറിച്ച് ഒരു ഫിലിം നിര്‍മിക്കാനും പത്ത് ദീനാറിന്റെ നോട്ടില്‍ പിതാവിന്റെ ചിത്രം മുദ്രണം ചെയ്യാനുമൊക്കെ. പിന്നീട് അതില്‍ നിന്നൊക്കെ പിറകോട്ട് പോയി. അവസാനം ബിന്‍ഗാസിയില്‍ ഉണ്ടായിരുന്ന പിതാവിന്റെ സ്മാരകവും അയാള്‍ പൊളിച്ചുനീക്കി. ലിബിയന്‍ ജനതയില്‍ വിപ്ളവബോധമുണര്‍ത്തുന്ന ഒന്നും, താന്‍ ഏറെ ഭയക്കുന്ന ബിന്‍ഗാസിയില്‍ ഉണ്ടാവരുതെന്ന ചിന്തയും ഭയവുമാണ് പിതാവിന്റെ സ്മാരകം തകര്‍ക്കാന്‍ അയാളെ പ്രേരിപ്പിച്ചത്. അത് ഞങ്ങളുടെ മനസ്സില്‍ വല്ലാതെ നീറ്റലുണ്ടാക്കി.
വിപ്ളവകാരികള്‍ താങ്കളുമായി ബന്ധപ്പെട്ടിരുന്നോ?
ഫെബ്രുവരി 17ന്റെ പിറ്റേന്ന് തന്നെ അവര്‍ ബന്ധപ്പെട്ടിരുന്നു. പോരാട്ടത്തിലൂടെ സ്വതന്ത്രമാക്കപ്പെട്ട ബിന്‍ഗാസിയിലെ കേന്ദ്രങ്ങളും പ്രദേശങ്ങളും ഞാന്‍ സന്ദര്‍ശിച്ചു. അവരോടൊപ്പം അവിടം ചെന്നു കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി.
ലിബിയയുടെ ഭാവിയെപ്പറ്റി?
ലിബിയന്‍ ജനത ഒരുപാട് സഹിച്ചു. അല്ലാഹു ഞങ്ങള്‍ക്ക് നല്ലത് വരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
Comments