നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ്
കളിമണ്ണും ദിവ്യാത്മാവും- ഇവയുടെ മനോഹര സചേതന ചേരുവയാണ് മനുഷ്യന്‍. മനുഷ്യന്റെ ജീവിതം ഈ ഇരട്ടകളുടെ സംഘര്‍ഷ സ്ഥലവുമാണ്. മതം സമാഗതമായത് കളിമണ്ണില്‍ ആത്മാവിനെ സാക്ഷാത്കരിക്കാനാണ്. കളിമണ്ണു കൊണ്ട് ആത്മാവിന്റെ സചേതനമായ ശില്‍പം നിര്‍മിക്കാന്‍. അപ്പോഴും ശരീരം അതിന്റെ ഹൃദയശൂന്യമായ മൃഗീയതയുമായി കടന്നുവരും. അന്നേരവും ശരീരത്തിന്റെ പുസ്തകത്തില്‍ ആത്മാവിന്റെ മഷികൊണ്ടെഴുതണം.
ശരീരം, ആത്മാവ് എന്ന വിഭജനത്തെ മറികടക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നത്. ഓരോന്നായി എടുത്താല്‍ പരസ്പരവൈരുധ്യമുള്ളവയെ സാകല്യത്തിനകത്ത് മനോഹരമായി സമന്വയിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്. വ്യക്തിക്കും സമൂഹത്തിനുമിടയിലെ, പ്രണയത്തിനും ദാമ്പത്യത്തിനുമിടയിലെ, സ്വതന്ത്ര്യത്തിനും സദാചാരത്തിനുമിടയിലെ, ഏകസത്യവാദത്തിനും സമാധാനത്തിനുമിടയിലെ........
ഈ വൈരുധ്യത്തിന് ചിലര്‍ നിര്‍ദേശിച്ച പരിഹാരം സന്യാസമാണ്. യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ആത്മീയമായ ഒളിച്ചോട്ടം. ഇസ്‌ലാമില്‍ സന്യാസമില്ല. സന്യാസമില്ലാത്ത ഇസ്‌ലാമിന് ഒരു സന്യാസമുണ്ടെങ്കില്‍ അത് നോമ്പാണ്. വ്രതത്തെ സൂചിപ്പിക്കാന്‍ സന്യാസമെന്ന അര്‍ത്ഥത്തില്‍ ഭാഷയില്‍ ഉപയോഗിക്കുന്ന സിയാഹത്ത് എന്ന പദം ഖുര്‍ആന്‍ സൂറഃ അത്തഹ്‌രീമിലെ അഞ്ചാം വാചകത്തില്‍ ഉപയോഗിക്കുന്നുണ്ട്. ആഇശ(റ) പറയുന്നു: ''ഈ സമുദായത്തിന്റെ സന്യാസം വ്രതാനുഷ്ഠാനമാകുന്നു.'' സന്യാസത്തിന്റെ അംശങ്ങള്‍ ആരോഗ്യകരമായ അളവില്‍ നോമ്പിലുണ്ട്. അധികമായി പോവാതിരിക്കാനുള്ള മുന്‍കരുതലുകളും നോമ്പിനകത്ത് കാണാന്‍ കഴിയും. രാത്രിയില്‍ ഭക്ഷണവും മൈഥുനവും അനുവദിക്കുന്നു. രാത്രിയിലുമത് അധികരിച്ച ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്നു. സന്യാസം അതിന്റെ ഏറ്റവും സാന്ദ്രതയില്‍ അനുഭവഭേദ്യമാകുന്ന നോമ്പിലെ സവിശേഷ ആരാധനയാണ് ഇഅ്തികാഫ് (പള്ളിയില്‍ ഭജനമിരിക്കല്‍). വര്‍ജനത്തിനുപകരം നിയന്ത്രണം എന്നതാണ് ഭൗതികാവശ്യങ്ങളോടുള്ള ഇസ്‌ലാമിക സമീപനം. വെറും നിയന്ത്രണമല്ല, നിയന്ത്രിച്ച് ഭൗതികമായതിനെത്തന്നെ ആത്മീയമാക്കി മാറ്റുന്ന ദിവ്യതയാണ് ഇസ്‌ലാം. അങ്ങനെ ഭൗതികതക്കും ആത്മീയതക്കുമിടയിലെ സഹജവൈരുധ്യത്തെ പരിഹരിക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
ലഹരി ഒഴിച്ച് ഒരു ലൗകികാനുഭവത്തെയും ഇസ്‌ലാം കേവലമായി, പൂര്‍ണമായി വിലക്കിയിട്ടില്ല. പലിശ നിരോധിക്കുമ്പോഴും പണസമാഹരണത്തിന്റെ മറ്റ് പല രൂപങ്ങളെ അതനുവദിക്കുന്നു. വ്യഭിചാരത്തെ പാപമായി പ്രഖ്യാപിക്കുമ്പോഴും വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നു. ഇസ്‌ലാം കേവലമായി വിലക്കിയ ഏക ലൗകികാനുഭവം ലഹരിയാണ്.ബാക്കി ലൗകികാനുഭവങ്ങളില്‍ അതിന്റെ ചില രൂപങ്ങളെ മാത്രമാണ് ഇസ്‌ലാം നിഷിദ്ധമാക്കിയത്. ആസക്തിക്കും വിരക്തിക്കുമിടയില്‍ ഒരു ഇസ്‌ലാമികമാര്‍ഗം അത് രചിച്ചെടുക്കുന്നു.
ശരീരത്തിനു മുകളില്‍ ആത്മാവിന്റെ പ്രാധാന്യത്തെ ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് നോമ്പ് ചെയ്യുന്നത്. ആത്മാവ് ഉടമയും ശരീരം അടിമയുമാണെന്ന പ്രഖ്യാപനം.
നോമ്പിനെ രണ്ടുതരത്തില്‍ മനസ്സിലാക്കാം. ഒന്ന്, അത് ഒരു കേവലാരാധനയാണ്. അത് അതിനു വേണ്ടിതന്നെയാണ്. നോമ്പിന് നോമ്പിനപ്പുറം മാനങ്ങള്‍ അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല. രണ്ടാമത്തേത്, നോമ്പിന് ഒരു ആത്മാവുണ്ട്. അത് നോമ്പിനപ്പുറവും ബാധകമാണ്. അത് ജീവിതത്തില്‍ വെളിച്ചം പ്രസരിപ്പിക്കേണ്ട ഒന്നാണ്. ആ വെളിച്ചത്തെക്കുറിച്ചാണ് ദൈവഭക്തി(തഖ്‌വ) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത് കരഗതമാവാനാണ് മുന്‍കഴിഞ്ഞവര്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത്.
നോമ്പ് നല്‍കുന്ന ദൈവഭക്തിയുടെ പരിശീലനമെന്താണ്? ദൈവം പറഞ്ഞാല്‍ എന്തും മാറ്റിവെക്കാനുള്ള സന്നദ്ധതകളുടെ പരിശീലനം. ഒഴിവാക്കാനാവാത്തതായി ഒന്നുമില്ല എന്നാണ് നോമ്പ് തെളിയിക്കുന്നത്. ഏറ്റവും അടിസ്ഥാനപരമായ ശാരീരികാവശ്യങ്ങള്‍ മാറ്റിവെച്ചുകൊണ്ട് അത് തെളിയിക്കുകയാണ് നോമ്പുകാരന്‍ ചെയ്യുന്നത്. ശാരീരികാവശ്യങ്ങളില്‍ തുടങ്ങി മാനസിക പ്രലോഭനങ്ങളെയും അത് തടഞ്ഞുനിര്‍ത്തുന്നു. ഉപേക്ഷിക്കലിലൂടെ മാത്രമേ ഉന്നതമായ ഒരു ജീവിതം നേടിയെടുക്കാനാവൂ. സാഹചര്യം വെച്ചുനീട്ടുന്ന പലതിനെയും ഉപേക്ഷിച്ചേ ഉന്നതങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറാനാവൂ. ഉപേക്ഷിക്കലിന്റെ, ത്യാഗത്തിന്റെ ഇതിഹാസങ്ങള്‍ നിറഞ്ഞതാണ് മതജീവിതത്തിന്റെ ചരിത്രം.
ത്യജിക്കലിന്റെ പാഠശാലയാണ് റമദാന്‍. ദൈവത്തെചൊല്ലി എന്തും ത്യജിക്കാന്‍ കഴിയുമെന്നാണ് റമദാന്‍ പരിശീലിപ്പിക്കുന്നത്. ഇത് വിശ്വാസത്തില്‍ തന്നെ അന്തര്‍ഹിതമായ ഒരു മനോവികാരമാണ്. അതിനെ ഒരു പരിശീലന പദ്ധതിയാക്കുകയാണ് നോമ്പ് ചെയ്യുന്നത്. റമദാന്‍ സ്വബ്‌റിന്റെ മാസമാണെന്ന് പ്രവാചകന്‍ പറയുന്നുണ്ട്. തിന്മക്കെതിരിലും നന്മക്കനുകൂലവുമായ നെഞ്ചുറപ്പിനെയാണ് ആ പദം പ്രതിനിധീകരിക്കുന്നത്. ക്ഷമ രണ്ടു വിധമുണ്ടെന്ന് ഇമാം ഗസ്സാലി പറയുന്നു.“ഒന്ന്, ശാരീരികം. അതായത് പ്രയാസങ്ങള്‍ സഹിക്കുക, അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അത് ഒന്നുകില്‍ ആരാധനകളോ മറ്റു വിഷമകരമായ പ്രവര്‍ത്തനങ്ങളോ നിര്‍വഹിക്കുന്നതിലൂടെയാവാം. അല്ലെങ്കില്‍ ശക്തമായ മര്‍ദന പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുമ്പോഴോ ഗുരുതരമായ രോഗം ബാധിക്കുമ്പോഴോ അപകടങ്ങള്‍ സംഭവിക്കുമ്പോഴോ ആവാം. എന്നാല്‍, ഏറ്റവും സ്തുത്യര്‍ഹമായത് രണ്ടാമത്തെ ഇനം ക്ഷമയാണ്. മനസ്സിന്റെയും ശരീരത്തിന്റെയും ആസക്തികള്‍ ഉപേക്ഷിച്ചുകൊണ്ടുള്ള ആത്മീയ ക്ഷമ. ത്യാഗത്തിനുള്ള സജ്ജമാകലാണ് ക്ഷമ. അത് ത്യാഗത്തിന്റെ ഉറവിടമാണ്. വളക്കൂറുള്ള മണ്ണാണ്. എന്തിനു ക്ഷമിക്കണം എന്നു ചോദിച്ചാല്‍ ത്യാഗത്തിനു വേണ്ടി ക്ഷമിക്കണം എന്നാണുത്തരം.
മാറണമെന്നാഗ്രഹമുണ്ട്, മാറാന്‍ കഴിയുന്നില്ല എന്നു സങ്കടം പറയുന്നവരെ കണ്ടുമുട്ടാറുണ്ട്. നിങ്ങള്‍ നോമ്പെടുക്കുന്നവരാണെങ്കില്‍ ഈ സങ്കടം പറച്ചിലിന് ഒരു പ്രസക്തിയുമില്ല. എന്തും ഒഴിവാക്കാനാവും എന്നാണ് നോമ്പ് നമ്മെ അനുശീലിപ്പിച്ചത്. ജീവിതത്തില്‍ മദ്യപിക്കുകയും റമദാനില്‍ നോമ്പെടുക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അവരും പരിതപിക്കുന്നത് നിര്‍ത്താന്‍ കഴിയുന്നില്ല എന്നാണ്. നോമ്പിന്റെ പകലില്‍ പച്ചവെള്ളം പോലും വേണ്ടെന്ന്‌വെച്ചവന് ജീവിതത്തില്‍ മദ്യം വേണ്ടെന്നുവെക്കാന്‍ കഴിയാതെ പോകുന്നത് നോമ്പിനെ വെറും അര്‍ഥം കെട്ട ആചാരമായി അനുഷ്ഠിക്കുന്നത് കൊണ്ടാണ്. പുകവലി നിര്‍ത്താനുള്ള സുവര്‍ണാവസരമാണ് റമദാന്‍. പകലില്‍ വേണ്ടെന്ന്‌വെച്ചയാള്‍ രാത്രികൂടി വേണ്ടെന്നുവെച്ചാല്‍ ഒരു മാസം കൊണ്ട് ഒരാള്‍ക്ക് പുക കുടിക്കുന്നതില്‍ നിന്ന് മുക്തനാവാം.
ഖുര്‍ആനും റമദാനും തമ്മില്‍ നിരവധി ബന്ധങ്ങളുണ്ട്. ചരിത്രപരമായ ബന്ധം മാത്രമല്ല ഉള്ളത്. മനുഷ്യനില്‍ വിശ്വാസവും ഭക്തിയും സൃഷ്ടിക്കാനാണ് ഖുര്‍ആന്‍ അവതരിച്ചത്. ഖുര്‍ആനിക വിദ്യാഭ്യാസം ആശയപരമാണ്. ഖുര്‍ആന്‍ സംസാരിക്കുന്നത് മസ്തിഷ്‌കത്തോടും ഹൃദയത്തോടുമാണ്. അതേ വിദ്യാഭ്യാസം ശരീരപ്രധാനമായ പരിശീലനത്തിലൂടെ നല്‍കുകയാണ് റമദാന്‍ ചെയ്യുന്നത്. ഖുര്‍ആന്‍ കുറേക്കൂടി ആശയപരമായ വിദ്യാഭ്യാസമാണെങ്കില്‍ റമദാന്‍ അനുഭവപരമായ വിദ്യാഭ്യാസമാണ്. ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതിയെ സംബന്ധിച്ചേടത്തോളം ആശയപരമായ പഠനവും ശാരീരികമായ പരിശീലനവും പ്രധാനമാണ്. നോമ്പിന്റെ നോട്ടുപുസ്തകം ശരീരം തന്നെയാണ്. അതിലാണ് നാം പ്രപഞ്ചത്തോളം ഗംഭീരമായ ആശയങ്ങള്‍ എഴുതിയും വരച്ചും വെട്ടിയും പിന്നെയും ശരിയാക്കിയും പഠിക്കുന്നത്. ഖുര്‍ആനിന്റെ പ്രായോഗിക പരിശീലന കാലമാണ് റമദാന്‍. ഖുര്‍ആനികാശയങ്ങള്‍ ലോകവ്യാപകമായി മിഴിവുറ്റ നിറച്ചാര്‍ത്തുകളില്‍ പ്രയോഗവല്‍ക്കരിക്കപ്പെടുന്ന ആത്മീയമായ ഋതു. വിട്ടുവീഴ്ച മുതല്‍ പോരാട്ടത്തിനുവരെ റമദാന്‍ സവിശേഷമായ ഊര്‍ജം നല്‍കും. ഭംഗിപകരും.
ഇതിഹാസങ്ങളെ ഗര്‍ഭം ധരിക്കുന്ന ആരാധനയാണ് നോമ്പ്. എപ്പോഴും ഒരു ബദറിനെ അത് ഉള്ളില്‍ വഹിക്കുന്നുണ്ട്. ത്യാഗത്തിന്റെ അസ്തിവാരത്തില്‍ കെട്ടിപ്പടുത്ത പോരാട്ടങ്ങള്‍ നോമ്പിന്റെ ബീജത്തില്‍ തന്നെയുള്ളതാണ്. ചരിത്രം സമഷ്ടിയുടെ ചരിത്രമായതുകൊണ്ട് കാണാതെ പോവുന്ന, വ്യക്തികള്‍ ജീവിതം കൊണ്ട് രചിക്കുന്ന മാനവികതയുടെ എത്രയോ വര്‍ണകാഴ്ചകള്‍ക്ക് നോമ്പ് നിമിത്തവും പശ്ചാത്തലവുമാവുന്നുണ്ട്. പിശാചിനു മാത്രമല്ല, അന്യായമായി അധികാരം കൈയടക്കിവെച്ചവര്‍ക്കും നോമ്പിനെ ഭയമായിരുന്നു. നോമ്പ് പോരാളികളുടെ ആത്മീയമായ ആയുധപുരയാണ്. നോമ്പിന്റെ പാഠശാലയിലെ വിദ്യാര്‍ഥികള്‍ വിട്ടുവീഴ്ചകൊണ്ടും ചരിത്രത്തെ വിസ്മയിപ്പിച്ചുകളഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അതിക്രമങ്ങളോട് അവന്‍/അവള്‍ പറഞ്ഞ ഒരു മറുവാക്കുണ്ട്- ഞാന്‍ നോമ്പുകാരനാണ്, നോമ്പുകാരിയാണ്. നിരാലംബര്‍ക്ക് നോമ്പ് തണല്‍ മരമാണ്. കാലത്തിന്റെ നാട്ടുവഴിയില്‍ പൂക്കുന്ന തണല്‍മരം. കാരണം, ഖുര്‍ആന്‍ ഏറ്റവും ദീപ്തമായി സാക്ഷാല്‍ക്കരിക്കപ്പെടുന്ന കാലമാണ് റമദാന്‍.
ത്യാഗമാണ് ജീവിതത്തെ ഉദാത്തമാക്കുന്നത്. ത്യാഗത്തിന്റെ വര്‍ണനൂലുകള്‍കൊണ്ടാണ് മഹത്വത്തിന്റെ മുഴുവന്‍ ഉടയാടകളും തുന്നിയുണ്ടാക്കുന്നത്. ത്യാഗത്തെ അനുഷ്ഠാനമാക്കുകയാണ് നോമ്പ് ചെയ്യുന്നത്. ഭക്ഷണത്തെ, വെള്ളത്തെ, ലൈംഗികതയെ, സംസാരത്തിന്റെ പ്രലോഭനത്തെ, ഉറക്കത്തെ ത്യജിച്ചുണ്ടാക്കുന്ന ഉപാസനയാണ് നോമ്പ്. താന്‍ ആവശ്യക്കാരനായിരിക്കെത്തന്നെ മറ്റുള്ളവര്‍ക്കായി നല്‍കുന്നിടത്താണ് മനുഷ്യന്‍ മഹത്വത്തിന്റെ ഉന്നതികളിലേക്ക് പറന്നുയരുന്നത്. മണ്ണിലേക്ക് അള്ളിപ്പിടിക്കുന്നതിലല്ല ആകാശത്തിലേക്ക് പറന്നുയരുന്നതിലാണ് മനുഷ്യന്റെ മഹത്വം.
വ്രതം മനുഷ്യന്റെ പൂര്‍ണതയിലേക്കുള്ള പ്രയാണവഴിയില്‍ പ്രധാനമായ ഒരനുഭവമാണ്. മനുഷ്യസത്തയെ മനസ്സിലാക്കുന്നതില്‍ ഏറെ സഹായകമാണ്. അലീജാ അലി ഇസ്സത്ത് ബെഗോവിച്ച് തന്റെ ജയില്‍ കുറിപ്പുകളില്‍ എഴുതുന്നു: ''വ്രതത്തിന് മാനവികതയുമായി ബന്ധപ്പെട്ട ചില പ്രധാന വശങ്ങളുണ്ട്. അത് വിശകലന വിധേയമല്ലാത്ത തീര്‍ത്തും വ്യക്തിപരമായ അനുഭവമാണ്. ഞാന്‍ ജയിലിലായിരുന്ന സമയത്ത് ചില സമയങ്ങളില്‍ മാനസികമായ ഡിപ്രഷന് വിധേയമാകാറുണ്ടായിരുന്നു. അത്തരമൊരു അവസ്ഥയില്‍ ഏതൊരാള്‍ക്കും സംഭവിക്കാവുന്ന ഒന്നാണത്. വയറു നിറഞ്ഞ അവസ്ഥ എന്റെ ആ മാനസികാവസ്ഥയെ മൂര്‍ച്ചിപ്പിക്കുകയാണ് പതിവ്. വീട്ടില്‍ നിന്ന് വരുന്ന വിഭവസമൃദ്ധമായ ഒരു പാര്‍സലിനേക്കാള്‍ ഇത്തരം ഒരുസമയത്ത് എന്നെ സഹായിക്കാറുള്ളത് വിഷപ്പാണ്. ഒഴിഞ്ഞ ആത്മാവും നിറഞ്ഞ വയറും എന്നത് ഏറെ മോശമായ ഒരു ചേരുവയാണ്. ഇതെന്തുകൊണ്ട്? മനുഷ്യസത്തയെക്കുറിച്ച ഏതൊരു തത്ത്വശാസ്ത്ര ചര്‍ച്ചയേക്കാളും അതിനെ മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയുക ഇതിനെക്കുറിച്ച ആലോചനകള്‍ക്കാണ്.''
മനുഷ്യാസ്തിത്വമെന്നത് മൃഗത്തിന്റെയും മലക്കിന്റെയും അസ്തിത്വത്തില്‍ നിന്ന് വിഭിന്നമായി മനുഷ്യന്‍ നിരന്തരമായി അധ്വാനിച്ച്, ശ്രദ്ധിച്ച് ധ്യാനപൂര്‍വം സാക്ഷാത്കരിക്കേണ്ട ഒന്നാണ്. അസ്തിത്വപരമായ ഇത്തരം ഒരു വെല്ലുവിളി അല്ലെങ്കില്‍ ഒരു സാധ്യത മൃഗത്തിനും മലക്കിനുമില്ല. അവ അവയുടെ ശാരീരികതയില്‍ വെറുതെ ജീവിച്ചാല്‍തന്നെ നല്ല മൃഗമോ മലക്കോ ആയിരിക്കും. മനുഷ്യന്‍ മനുഷ്യനായി തീരാന്‍ നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. ഈ പരിശ്രമത്തിന്റെ മാര്‍ഗത്തിലെ കൈത്താങ്ങാണ് തീവ്രമായ ഒരനുഭവമാണ് വ്രതം. മനുഷ്യന്‍ എന്നതിനെ, അവന്റെ ഉണ്‍മയെ, സത്തയെ മനസ്സിലാക്കുക എന്നതു തന്നെ ഒരു വലിയ മാനുഷിക പ്രവര്‍ത്തനമാണ്. ഇമാം ഗസ്സാലി പറയുന്നു. ''സുഖസൗകര്യങ്ങളില്‍ ക്ഷമ പാലിക്കുന്നവനാണ് പൂര്‍ണമനുഷ്യന്‍.'' ക്ഷമയിലൂടെ നേടിയെടുക്കുന്ന ഉന്നതാവസ്ഥയാണ് മനുഷ്യന്‍. അതുകൊണ്ട് തന്നെ ഔന്നിത്യത്തിനുള്ള പരിശ്രമം അഥവാ ക്ഷമ മനുഷ്യന്റെ മാത്രം സവിശേഷതയാണ്. ഇമാം ഗസ്സാലി പറയുന്നു. ''ക്ഷമ മനുഷ്യനുമാത്രമുള്ള ഗുണവിശേഷമാണ്. മൃഗങ്ങളില്‍ രൂപപ്പെടാത്തത് അതിന്റെ അപൂര്‍ണതകൊണ്ടാണ്. മലക്കുകളില്‍ രൂപപ്പെടാത്തത് അതിന്റെ പൂര്‍ണത കൊണ്ടും.'' പൂര്‍ണ മനുഷ്യനിലേക്ക് ശരീരം കൊണ്ട് നടത്തുന്ന ആത്മീയമായ സഞ്ചാരമാണ് വ്രതം. അത് ക്ഷമയുടെ ആരാധനാരൂപമുള്ള ദിവ്യമായ ആവിഷ്‌കാരമാണ്.
ഒരു സന്ദര്‍ഭം വന്നാല്‍, ഒരാവശ്യം നേരിട്ടാല്‍ എന്തും മാറ്റിവെക്കാനും ത്യജിക്കാനും കഴിയുമെന്നതാണ് നോമ്പിന്റെ ആത്മാവ്. നോമ്പിലൂടെ സാധിക്കേണ്ടത് ഈ ആത്മാവിന്റെ സ്വായത്തമാക്കലാണ്. ഹിജ്‌റയെയും ജിഹാദിനെയും സാധ്യമാക്കുന്ന വിശ്വാസത്തിന്റെ ഹൃദയമാണത്. പാപത്തില്‍ നിന്ന് വിശ്വാസിയെ അകലെനിര്‍ത്തുന്ന ചൈതന്യമാണത്. വിശ്വാസിയെ മഹത്വത്തിന്റെ ഇതിഹാസങ്ങള്‍ രചിക്കാന്‍ സജ്ജരാക്കിയത് ത്യാഗത്തിന്റെ ഈ ഒരുക്കമാണ്.
യര്‍മൂക്ക് യുദ്ധാനുഭവം മാനവികതയുടെ ചരിത്രത്തിലെത്തന്നെ അനശ്വര അധ്യായമാണ്. യര്‍മൂക്കില്‍ വെട്ടേറ്റുവീണവരാണ് ചരിത്രത്തില്‍ ഇതിഹാസപുരുഷന്മാരായത്. അവരെ വെട്ടിയവരും വെന്നവരും ചരിത്രതാളുകളില്ല. യര്‍മൂക്കിലെ രക്തസാക്ഷികള്‍ ചരിത്രത്തിന്റെ താരാപഥത്തിലെ ധ്രുവനക്ഷത്രങ്ങളായത് അവരുടെ ത്യാഗത്തിന്റെ മങ്ങാത്ത വെളിച്ചം കൊണ്ടാണ്. മരണം തൊണ്ടക്കുഴിയില്‍ എത്തിയ മനുഷ്യന് ഈ ലോകത്ത് എറ്റവും വിലപ്പെട്ടത് ഒരിറക്ക് ദാഹജലമാണ്. അത് അന്യന് വേണ്ടി മറ്റിവെക്കുകയായിരുന്നു അവരോരുത്തരും. അവരാരും കുടിക്കാതെ ഒടുവില്‍ മണ്ണില്‍ ഒഴുകിപ്പോയ ആ ഒരു കുടന്ന വെള്ളം മനുഷ്യമഹത്വത്തിന്റെ നിറപ്രതീകമാണ്. നാമൊക്കെ കുടിച്ചു വറ്റിക്കുന്ന എത്രയോ ഗാലന്‍ വെള്ളത്തേക്കാള്‍ മഹത്തരമാണ്. മനുഷ്യമഹത്വത്തിന്റെ നിത്യപ്രതീകമാണ്.
യര്‍മൂക്കിലെ രക്തസാക്ഷികള്‍, അവര്‍ നോമ്പിന്റെ പാഠശാലയിലെ പഠിതാക്കളായിരുന്നു. പരിശീലിതരായിരുന്നു. ദൈവത്തെയും അവന്റെ അടിയാറുകളെയും ചൊല്ലി പ്രിയപ്പെട്ടവയെ മാറ്റിവെക്കാന്‍ അവര്‍ റമദാനില്‍ നിന്ന് പഠിച്ചവരാണ്. നോമ്പിന്റെ ആത്മാവ് നോമ്പിന്റെ പുറത്തും കെട്ടുപോകാതെ ജ്വലിച്ചതുകൊണ്ടാണ് യര്‍മൂക്കിന്റെ ഇതിഹാസം വിരചിതമായത്. നോമ്പിലൂടെ നാം മഹത്വത്തിലേക്ക് ചിറകുകെട്ടുകയാണ് ചെയ്യുന്നത്.
Comments