ബ്രസീല്‍ തെരുവുകള്‍ പറയുന്ന മറ്റൊരു കഥ
കാല്‍പന്തുകളിയുടെ സാംബാ കാര്‍ണിവലിന് സാക്ഷികളാകാന്‍ ബ്രസീലിലേക്കൊഴുകിയ വിദേശികള്‍ ഏകദേശം ആറ് ലക്ഷത്തിലധികം വരും. പെലെയെയും ഗിരിഞ്ചയെയും റൊണാള്‍ഡോയെയും അവസാനമായി നെയ്മറെയും സ്വന്തം ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ഫുട്‌ബോളിനോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് എന്ന് അടിവരയിടുന്നതാണ് ഓരോ മത്സരത്തിലെയും നിറഞ്ഞ ഗാലറികളിലെ മഞ്ഞക്കുപ്പായക്കാരുടെ എണ്ണക്കൂടുതല്‍.
ബ്രസീല്‍-ഏറ്റവും വലിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രം; ലോക സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഏഴാം സ്ഥാനം; അടുത്ത ലോകക്രമം നിയന്തിക്കുന്ന 'ബ്രിക്‌സ്'(ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക)ലെ പ്രമുഖ രാഷ്ട്രം. രാജ്യത്തിന്റെ വിദേശ വരുമാനത്തിന്റെ നല്ലൊരു വിഹിതം ലഭിക്കുന്നത് ഫുട്‌ബോളില്‍ നിന്നും ടൂറിസത്തില്‍നിന്നുമാണ്. ലോക കപ്പ് മത്സരങ്ങളില്‍ പ്രസിഡന്റ് ദില്‍മാറൂസെഫ് ലക്ഷ്യമിട്ടത് കോടികളുടെ വിദേശ വരുമാനം തന്നെയാണ്. അതിനായി 14 ബില്യന്‍ യു.എസ് ഡോളര്‍ (ഇന്നത്തെ കണക്കനുസരിച്ച് 784 ബില്ല്യന്‍ കോടി രൂപ) മുടക്കി കളിസ്ഥലങ്ങള്‍ പണിതു. അടിസ്ഥാന ആവശ്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ അഴിമതിയും ധൂര്‍ത്തുമായി കോടിക്കണക്കിന് രൂപ ചിലവഴിച്ചപ്പോള്‍ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി. 'നമുക്ക് വേണ്ടത് ഫുട്‌ബോള്‍ ഗ്യാലറിയിലെ ആരവങ്ങളല്ല, വിശപ്പിന്റെ വിളിയാളങ്ങള്‍ക്കുള്ള മറുപടികളാണ്. ശീതീകരിച്ച എ.സി മുറികളല്ല; കയറി കിടക്കാനുള്ള കൂരകളാണ്; അടിസ്ഥാന വിദ്യാഭ്യാസത്തിന് നിലവാരമുള്ള സ്‌കൂളുകളാണ്; ആരോഗ്യ പരിപാലനത്തിന് നല്ല ആശുപത്രികളാണ്' ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത ജനം ലോക കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ സമരത്തിനിറങ്ങിയപ്പോള്‍ അധികാര വര്‍ഗത്തിന്റെ അപ്പോസ്തലന്മാര്‍ ചിറകരിഞ്ഞ് പാര്‍ശ്വവല്‍ക്കരിച്ചത് ഒരു ജനതയുടെ മൗലിക അവകാശങ്ങളെയായിരുന്നു.
ടൂറിസം അഥവാ മാംസക്കച്ചവടം
ബ്രസീലില്‍ ലോക കപ്പ് കാണാനെത്തിയ വിദേശികളെ സ്വാഗതം ചെയ്തത് ആയിരക്കണക്കിനുള്ള ലൈംഗിക തൊഴിലാളികളായിരുന്നു. ഈ ലോക കപ്പ് ഫുട്‌ബോള്‍ കൊണ്ട് കോടികളാണ് ബ്രസീലിലെ ടൂറിസ്റ്റ് മേഖല സമ്പാദിച്ചത്. ബ്രസീലില്‍ സ്വയം വേശ്യാവൃത്തി (Self prostitution) നിയമവിധേയമാണ്. പണത്തിന് പകരം ശരീരം (Exchange sex for money) വില്‍ക്കാം. ബ്രസീലിലെത്തുന്ന വിദേശികളെ സ്വീകരിക്കാന്‍ അവര്‍ ഇംഗ്ലീഷ് പഠിച്ചു. ഇടപാടുകള്‍ സുതാര്യമാക്കാന്‍ ബാങ്കിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തി. നിശാ ക്ലബുകളിലും ഹോട്ടലുകളിലും ബാറുകളിലും ന്യൂഡ് ബീച്ചു(Nude beach) കളിലും എന്തിന് തെരുവില്‍ തന്നെയും ശരീര വില്‍പ്പനക്കാര്‍ ഉണ്ട്. ഇന്റര്‍നെറ്റിലൂടെ പരസ്യം ചെയ്തും ടൗണുകളില്‍ തങ്ങളുടെ ഏറ്റവും നല്ല ലൈംഗിക ഉല്‍പന്നങ്ങളുടെ (തൊഴിലാളികളുടെ)ഫോട്ടോ പതിച്ച ഫ്‌ളക്‌സുകള്‍ മുഖേനയും അവര്‍ ആവശ്യക്കാരെ തേടുന്നു.
വലിയ കത്തോലിക്ക രാജ്യങ്ങളിലൊന്നായ ബ്രസീല്‍ 1990 മുതല്‍ തുടര്‍ന്ന് വരുന്നത് ലിബറല്‍ നയങ്ങളാണ്. ഇതിന്റെ ഭാഗമായാണ് സെക്‌സ് ടൂറിസം രാജ്യത്ത് വളര്‍ന്നത്. പെണ്‍കുട്ടികള്‍ക്ക് എന്തിനും കാശ് കണ്ടെത്താനുള്ള ആദ്യ മാര്‍ഗമായി സ്വന്തം ശരീരം വില്‍ക്കല്‍ മാറി.
റയോഡിജനീറയില്‍ രൂപം കൊണ്ട സര്‍ക്കാറേതര സംഘടനയായ 'ഡേവിഡ'യുടെ (DAVIDA) സമ്മര്‍ദ ഫലമായി രാജ്യത്തെ തൊഴില്‍ മന്ത്രാലയം 2002-ല്‍ വേശ്യാവൃത്തിക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. പെന്‍ഷന്‍ ലഭിക്കുന്ന തൊഴിലായി മാറിയതോടെ പെണ്‍കുട്ടികള്‍ കൂട്ടമായി അതിലേക്ക് കടന്നുവന്നു. പഠിക്കാനുള്ള കാശ് കണ്ടെത്തുന്നതിനുള്ള മാര്‍ഗമായും ഈ മേഖലയെ അവര്‍ തെരഞ്ഞെടുത്തു. കണക്കുകള്‍ സൂചിപ്പിക്കുന്നത് ബ്രസീലില്‍ മാത്രം സെക്‌സ് ടൂറിസം മേഖലയില്‍ ഒരു മില്യനിലധികം പേര്‍ പ്രവര്‍ത്തിക്കുന്നു എന്നാണ്. 1990-കളില്‍ International Encyclopedia of sexualityയുടെ കണക്ക് പ്രകാരം ബ്രസീലിലെ പോലീസ് റെക്കോര്‍ഡുകളില്‍ പത്തു ലക്ഷത്തിലധികം ആളുകള്‍ ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. 2002-ലെ കണക്കനുസരിച്ച് (അനൗദ്യോഗിക) Sex Tourism മേഖലയിലെ സ്ത്രീകളില്‍ 6 ശതമാനത്തില്‍ കൂടുതല്‍ എച്ച്.ഐ.വി ബാധിതരാണ്.
പിഞ്ചു ശരീരം വില്‍ക്കപ്പെടുന്നു
ഇന്ന് ബ്രസീല്‍ നേരിടുന്ന പ്രതിസന്ധികളിലൊന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗികത തൊഴിലായി സ്വീകരിക്കുന്നു എന്നതാണ്. യൂനിസെഫിന്റെ കണക്ക് പ്രകാരം, ഓരോ വര്‍ഷവും രണ്ടര ലക്ഷത്തിലധികം കുട്ടികള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നു. ലൈംഗിക കച്ചവടത്തിനായി ആളുകള്‍ കുട്ടികളെ ഉപയോഗിക്കുന്നു. ബ്രസീലിയന്‍ ഭരണഘടന പ്രകാരം ലൈംഗിക ശമനത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. 14 വയസിന് താഴെയുള്ള കുട്ടിയാണ് എങ്കില്‍ 6 മുതല്‍ 10 വര്‍ഷം വരെയും 14-നും 18-നും ഇടയിലാണ് പ്രായമെങ്കില്‍ ഒന്നു മുതല്‍ നാല് വര്‍ഷം വരെയും ജയില്‍ ശിക്ഷ അനുഭവിക്കണം. എന്നാല്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇവിടെ എത്തിപ്പെടുന്ന കുരുന്നുകളുടെ എണ്ണം രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയാണ്. അത് ഏകദേശം എട്ട് വയസില്‍ തുടങ്ങും. ഈ കുട്ടികള്‍ ലൈംഗികത തൊഴിലായി എടുക്കാനുള്ള പ്രധാന കാരണം രാജ്യത്തെ ദാരിദ്ര്യം തന്നെയാണ്. അടുത്ത കാലത്തെ കണക്കുകള്‍ അനുസരിച്ച് 22.6 ശതമാനം ആളുകള്‍ അതായത് 34.9 മില്യന്‍ ജനങ്ങള്‍ ദരിദ്രരാണ്. അതില്‍ 52 ശതമാനം ജനങ്ങള്‍ക്ക് ശുദ്ധജലമില്ല. 25 ശതമാനം ആളുകള്‍ക്ക് വൈദ്യുതിയില്ല. മറ്റൊരു റിപ്പോട്ടില്‍ 15 ശതമാനം ആളുകള്‍ ദരിദ്രരാണ് എന്നും അതില്‍ 18 വയസിന് താഴെയുള്ള 40 ശതമാനം കുട്ടികള്‍ ദിവസം ഒരു ഡോളറിന് അവരുടെ ശരീരം മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നു എന്നും പറയുന്നു.
ബി.ബി.സിയുടെ റിപ്പോര്‍ട്ടര്‍ വിയര്‍ ഡേവിസ് തന്റെ വാഹനം ഒരു ബ്രസീലിയന്‍ നഗരത്തിന്റെ ഓരത്ത് നിര്‍ത്തിയപ്പോള്‍, ഒരു പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടി അദ്ദേഹത്തെ ലൈംഗിക വൃത്തിക്കായി ക്ഷണിച്ചു. പിറകെ അവിടെ എത്തിയ മധ്യവസ്‌ക അവളെ സ്വയം പരിചയപ്പെടുത്തി: 'ഞാന്‍ ഈ കുട്ടിയുടെ അമ്മയാണ്. താങ്കള്‍ക്ക് ഇവളെ വേണ്ടെങ്കില്‍ അതേ കാശിന് (5 ഡോളര്‍) ഇവളുടെ അനുജത്തിയെ തെരഞ്ഞെടുക്കാം.' ദാരിദ്ര്യം മൂലം മാനം വില്‍ക്കുന്ന ബാല്യവും ഉടുതുണിയുരിയാന്‍ ആവശ്യപ്പെടുന്ന മാതൃത്വവും ബ്രസീലിന്റെ തെരുവുകളില്‍ സ്ഥിര കാഴ്ചയാണ് എന്ന് അദ്ദേഹം എഴുതുന്നു.
Comments