Prabodhanm Weekly

Pages

Search

2014 ജൂലൈ 18

ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് വായന

മുജീബ്

ഖുര്‍ആന്റെ മാര്‍ക്‌സിസ്റ്റ് വായന

''സോവിയറ്റ് യൂനിയന്റെ തകര്‍ച്ച കമ്യൂണിസത്തിന്റെ വീണ്ടെടുക്കാനാവാത്ത പതനമാണെന്ന് കണ്ടുകൂടാ. കമ്യൂണിസത്തിന്റെ അന്തിമരൂപം എപ്രകാരമാണെന്ന് പ്രവചിക്കാനാവില്ലെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. അത് നടപ്പില്‍ വരുന്നതോടെ 'ഭരണകൂടം പൊഴിഞ്ഞുവീഴും' (The State will wither away) എന്നും ആ സാമൂഹിക ശാസ്ത്രജ്ഞന്‍ പറയുകയുണ്ടായി. ഭരണകൂടം പൊഴിഞ്ഞുവീഴുക എന്നാല്‍ മനുഷ്യന്റെ മേല്‍ മനുഷ്യനെ ഭരിക്കുന്ന ഒരു അധികാര ശക്തിയുമില്ലാതിരിക്കുന്ന സാഹോദര്യത്തിലധിഷ്ഠിതമായ വ്യവസ്ഥിതിയാണ്. സമാപ്തികനായ പ്രവാചകന്റെ കാലത്ത് (മുഹമ്മദ് നബി) അദ്ദേഹത്തിന്റെ വെളിപാട്കാലമായ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ട്, ആ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോഴേക്കും സ്വരൂപിതമായ വര്‍ഗരഹിത സമഷ്ടിയുടെ പ്രകൃതത്തിന് കമ്യൂണിസവുമായി അടുത്ത ബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ എന്തിന് കുറ്റപ്പെടുത്തണം. തിരുനബി സ്ഥാപിച്ച ഉമ്മത്ത്-കമ്യൂണ്‍-എന്നത് അതായിരുന്നു. ആ നിലക്ക് പ്രവാചകന്റെ വിശേഷമായ 'ഉമ്മിയ്യ്' എന്നതിന് കമ്യൂണിസ്റ്റ്-അഥവാ ഉമ്മത്തിന്റെ വക്താവ് എന്ന് മൊഴിമാറ്റം നല്‍കിയാല്‍ തെറ്റാവുകയില്ല. യേശുവിന്റെ രണ്ടാം വരവോടെ സംജാതമാകുന്ന സമാജ സുസ്ഥിതിയുടെ അവസ്ഥയും അപ്രകാരമായിരിക്കും. കമ്യൂണിസമായിരിക്കുമത്. ഏതായാലും ഖുര്‍ആനികമായ ആശയമാണ് കമ്യൂണിസം എന്ന ടെര്‍മിനോളജി ഉള്‍ക്കൊള്ളുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാര്‍ക്‌സ് ഉപയോഗിച്ചു എന്നതിന്റെ പേരില്‍ ഉപേക്ഷിക്കേണ്ടതാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവുമോ? അതിനാല്‍ വിശ്വാസിയായ ഒരു മുസ്‌ലിമിന് വിശ്വാസത്തിന്റെ ഭാഗമായി ഇപ്പറഞ്ഞതത്രയും-വര്‍ഗസംഘട്ടനം, വര്‍ഗരഹിത സമൂഹം, മിച്ചമൂല്യ സിദ്ധാന്തം തുടങ്ങിയ കമ്യൂണിസ്റ്റാശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് വിലക്കില്ല'' (മുഖ്യധാര ത്രൈമാസിക, ലക്കം: 2, 2014-മെയ്, 'കമ്യൂണിസ്റ്റുകളുടെയും വിശ്വാസികളുടെയും വഴികള്‍ രണ്ടല്ല' എന്ന ലേഖനത്തില്‍നിന്ന്).

അടുത്ത കാലത്തായി രൂപപ്പെട്ടുവരുന്ന ഖുര്‍ആന്റെ ഈ മാര്‍ക്‌സിസ്റ്റ് വായനയെ മുജീബ് എങ്ങനെ നോക്കിക്കാണുന്നു?

നാസര്‍ എരമംഗലം

         വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തില്‍നിന്ന് ജന്മമെടുത്ത മാര്‍ക്‌സിസത്തിന് ഖണ്ഡിതമായ ഏകദൈവ വിശ്വാസത്തിലും മരണാനന്തര ജീവിത സങ്കല്‍പത്തിലും അധിഷ്ഠിതമായ ഇസ്‌ലാമുമായി മറ്റെന്ത് സാമ്യതകളുണ്ടെങ്കിലും അന്തിമമായി രണ്ടും രണ്ടാണെന്ന് തീര്‍ച്ച. കമ്യൂണിസം ഈ ലോക ജീവിതത്തെ എല്ലാമായി കാണുമ്പോള്‍ ഇസ്‌ലാം ഐഹിക ജീവിതം നശ്വരവും ക്ഷണികവുമാണെന്നും പരലോകമാണ് ശാശ്വതമെന്നും ബോധിപ്പിക്കുന്നു. രണ്ടു ദര്‍ശനങ്ങള്‍ക്കുമിടയിലെ മൗലികമായ അന്തരം കാഴ്ചപ്പാടുകളെ അഗാധമായി ബാധിക്കുന്നു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ മനുഷ്യര്‍ ഒരേ വര്‍ഗമാണ്. അവര്‍ക്കിടയില്‍ ജാതി, ഭാഷ, വംശം, ദേശം, വര്‍ണം, സമ്പത്ത് തുടങ്ങിയ പരിഗണനയുടെ പേരില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ല. ഇന്നത്തെ സമ്പന്നന്‍ നാളത്തെ ദരിദ്രനും ദരിദ്രന്‍ സമ്പന്നനുമാവുന്നത് ദൈവനിശ്ചയമാണ്. മാറ്റത്തിന് നിരന്തരം വിധേയമാവുന്ന ഒരവസ്ഥ മാത്രമാണ് ഉള്ളവനും ഇല്ലാത്തവനും. തദടിസ്ഥാനത്തില്‍ മാനവസമൂഹത്തെ രണ്ടായി വര്‍ഗീകരിച്ചു പരസ്പരം ശത്രുക്കളാക്കി മാറ്റുന്നത് പ്രകൃതി വിരുദ്ധവും വിനാശം ക്ഷണിച്ചുവരുത്തുന്നതുമാണ്. പകരം ഉള്ളവരും ഇല്ലാത്തവരും തമ്മിലെ സഹകരണമാണ് ഇസ്‌ലാമിന്റെ വഴി. കമ്യൂണിസമാകട്ടെ, സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ രണ്ടായി തിരിക്കുക മാത്രമല്ല ചരിത്രത്തിലുടനീളം നടന്ന ധര്‍മാധര്‍മസമരങ്ങളെപ്പോലും വര്‍ഗസംഘട്ടനമായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. കമ്യൂണിസ്റ്റ് ചൈനയിലടക്കം അതിസമ്പന്നരായ തൊഴിലാളി വര്‍ഗഭരണാധികാരികളും നേതാക്കളും ലോകശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ ഈ വര്‍ഗസമര സിദ്ധാന്തം നിരര്‍ഥകമാണെന്ന് തെളിയുന്നു.

          കാള്‍മാര്‍ക്‌സ് കമ്യൂണിസത്തിന്റെ അന്തിമഘട്ടം വര്‍ഗരഹിത,  ഭരണകൂട രഹിത ലോകമായിരിക്കുമെന്ന് വിഭാവനം ചെയ്യുന്നുവെന്നത് ശരിയാണ്. ആ സ്വപ്നം ഒരിക്കലും പൂവണിയാനുള്ളതല്ലെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞതിരിക്കട്ടെ, പ്രവാചകന്‍ പ്രവചിച്ച, പ്രവാചകത്വ മാതൃകയിലുള്ള ഖിലാഫത്ത് (ഖിലാഫതുന്‍ അലാ മിന്‍ഹാജിന്നുബുവ്വഃ) നീതിമാനായ ഒരു ഭരണാധികാരിയുടെ കീഴില്‍ ജനങ്ങള്‍ പരസ്പരം സഹകരിച്ച് സത്യവും നീതിയും ധര്‍മവും പരിപാലിച്ചു ജീവിക്കുന്ന അവസ്ഥാവിശേഷമാണ്. അതാവട്ടെ കറകളഞ്ഞ വിശ്വാസത്തെ മാത്രം അടിത്തറയാക്കി നിലവില്‍ വരുന്നതുമാണ്. എന്നാല്‍ പോലും മനുഷ്യജീവിതത്തിന്റെ അന്തിമ ഘട്ടമല്ല. മരണാനന്തരം വിചാരണക്കുശേഷം അല്ലാഹു വിധിക്കുന്ന സ്വര്‍ഗനരകങ്ങളിലെ ജീവിതമാണ് അന്തിമം. തിരുമേനി സ്ഥാപിച്ച ഉമ്മത്തിന്റെ സ്വഭാവവും ലക്ഷ്യവും ഖുര്‍ആന്‍ തന്നെ ആധികാരികമായി വ്യക്തമാക്കിയിട്ടുണ്ട്. 'നന്മ സ്ഥാപിക്കാനും തിന്മ തടയാനുമായി ജനങ്ങള്‍ക്കുവേണ്ടി നിയുക്തരായ ഉത്തമ 'ഉമ്മ'ത്താണ് നിങ്ങള്‍' എന്ന വചനത്തിലൂടെ അത് സ്പഷ്ടമാണ്. ഉമ്മിയ്യുകളായ ജനതയില്‍ നിയുക്തനായ ഉമ്മിയ്യായ പ്രവാചകന്‍ എന്ന് നബി(സ)യെ ഖുര്‍ആന്‍ വിശേഷിപ്പിച്ചപ്പോള്‍ 'ഉമ്മിയ്യ്' എന്ന പദത്തിന്റെ അര്‍ഥം നിരക്ഷരന്‍ എന്ന് തന്നെ. എഴുത്തും വായനയും അറിയാതിരുന്ന പ്രവാചകന്‍ എഴുത്തിനും വായനക്കും സര്‍വഥാ പ്രാധാന്യം നല്‍കിയ ഒരു വിശ്വോത്തര ആദര്‍ശ സമൂഹത്തെ സൃഷ്ടിച്ചെടുത്തതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം. സമ്പത്ത് തടയപ്പെട്ടവര്‍ക്ക് സമ്പന്നരുടെ സമ്പത്തില്‍ അതിനുള്ള അവകാശം ഉറപ്പ് വരുത്തിയതും തൊഴിലാളിക്ക് വിയര്‍പ്പ് വറ്റുന്നതിന് മുമ്പേ അയാളുടെ പ്രതിഫലം ലഭിച്ചിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചതും സങ്കുചിത ദേശീയതക്കപ്പുറം സാര്‍വദേശീയത എന്ന ആശയം വിളംബരം ചെയ്തതും മറ്റുമായ കാര്യങ്ങളില്‍ ഇസ്‌ലാം മാര്‍ക്‌സിസത്തോട് ഒരു പരിധിവരെ പൊരുത്തപ്പെടുന്നു എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അടിസ്ഥാനപരമായ വൈവിധ്യം ഒരിക്കലും അവഗണിക്കാവുന്നതോ നിസ്സാരവത്കരിക്കാവുന്നതോ അല്ല. അതുകൊണ്ട് തന്നെ സത്യസന്ധനായ മുസ്‌ലിമിന് കമ്യൂണിസ്റ്റാവാനും കഴിയില്ല. സമുദായങ്ങളുടെ സ്വത്വനിഷേധത്തിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, സാധ്യമായ സഹകരണം പോലും അസാധ്യമാക്കിത്തീര്‍ക്കുന്നതാണ് മറ്റൊരു കാര്യം. 

സലഫികളുടെ ശിഈ വിരോധം
''വേദവിശ്വാസികളില്‍ ഒരു വിഭാഗം അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരും ധര്‍മം കല്‍പിക്കുന്നവരും അധര്‍മം നിരോധിക്കുന്നവരുമാണ്. അവര്‍ സജ്ജനങ്ങളുമാകുന്നു. അവരുടെ കര്‍മങ്ങള്‍ അല്ലാഹു വിലമതിക്കാതിരിക്കില്ല'' (ആലുഇംറാന്‍ 114-115). ഇവിടെ ഇസ്‌ലേമേതര വേദവിശ്വാസികളായ ജനങ്ങളെ സജ്ജനങ്ങളാക്കുന്നതിന് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയിലുള്ള വിശ്വാസം ഒരു നിര്‍ബന്ധ നിബന്ധനയാക്കാത്ത തരത്തിലുള്ള സമഗ്രമായ ഒരു വീക്ഷണമാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ വിശാലമായ ഈ ഇസ്‌ലാമിക വീക്ഷണം മുസ്‌ലിം അവാന്തര വിഭാഗങ്ങളെ വിലയിരുത്തുന്ന കാര്യത്തില്‍ പ്രത്യേകിച്ചും സലഫി വിഭാഗത്തില്‍നിന്ന് പ്രകടമാകാറില്ല. ഇബ്‌നുതൈമിയ്യയെ പോലുള്ളവരുടെ വീക്ഷണ സ്വാധീനമാണോ അറബ് മേഖലയില്‍ സലഫികള്‍ക്ക് ശിഈകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനു കാരണം? ഇത് മൂലമല്ലേ ഇസ്‌ലാമിക ശത്രുക്കള്‍ക്ക് അറബ് മേഖലകളില്‍ മുസ്‌ലിം വിഭാഗങ്ങളെത്തന്നെ ഉപയോഗപ്പെടുത്തി തമ്മിലടിപ്പിച്ച് അവരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കഴിയുന്നത്? കൂടാതെ സലഫികളുടെ ഈ ശക്തമായ വീക്ഷണ വൈകല്യ സ്വാധീനമല്ലേ മുസ്‌ലിം ശിഈ രാജ്യങ്ങള്‍ക്കെതിരെ കലാപം നയിക്കാനുള്ള സമരാവേശം ലഭിക്കുന്നത്? എന്തുകൊണ്ടാണ് ഇസ്‌ലാമിന്റെ ഈ സമഗ്രമായ വീക്ഷണവും സഹിഷ്ണുതയും സലഫികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്?
അബൂബക്കര്‍ സിദ്ദീഖ്, പറവണ്ണ

         ഖിലാഫത്തിന് അര്‍ഹന്‍ പ്രവാചകന്റെ പിതൃസഹോദര പുത്രനും, നബിയുടെ പുത്രി ഫാത്വിമയുടെ ഭര്‍ത്താവുമായ അലിയാണെന്ന വാദഗതിയില്‍നിന്നാണ് ശിഈസത്തിന്റെ ആരംഭം. ആ അര്‍ഥത്തില്‍ അതൊരു രാഷ്ട്രീയ പ്രസ്ഥാനമാണ്. പിന്നീടാണ് അതൊരു ദര്‍ശനത്തിന്റെയും മദ്ഹബിന്റെയുമൊക്കെ രൂപവും ഭാവവും സ്വീകരിക്കുന്നത്. അതിനാല്‍ സ്വാഭാവികമായും ശിഈകളില്‍ വിവിധ അവാന്തര വിഭാഗങ്ങളുമുണ്ടായി. ഇമാം അലിയെ ദൈവാവതാര പുരുഷനാക്കിയവരും അദ്ദേഹത്തില്‍ പ്രവാചകത്വപദവി പതിച്ചുകൊടുത്തവരും മൂന്ന് ഖലീഫമാര്‍ അലിയുടെ അവകാശം കവര്‍ന്നവരാണെന്നാരോപിച്ചവരുമെല്ലാം വിവിധ ശിഈ വിഭാഗങ്ങളായി രംഗത്ത് വന്നു. ഇമാം അലിക്കും, ശേഷം അദ്ദേഹത്തിന് ഫാത്വിമയിലുണ്ടായ സന്താന പരമ്പരക്കുമാണ് ഖിലാഫത്തിനര്‍ഹതയെന്നും വിശ്വസിക്കുന്ന ഇമാമിയ വിഭാഗമാണ് പ്രബലര്‍. ഇറാന്‍, ഇറാഖ്, ബഹ്‌റൈന്‍ മുതലായ നാടുകളില്‍ ഇമാമിയ വിഭാഗത്തിനാണ് മേല്‍കൈ. അവര്‍ ഇസ്‌ലാമിന് പുറത്താണെന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ വിധിച്ചിട്ടില്ല. ഇമാം ജഅ്ഫറുസ്സാദിഖിന്റെ ജഅ്ഫരി മദ്ഹബിനെ പിന്തുടരുന്ന ശിഈ വിഭാഗത്തെ മുസ്‌ലിം വിഭാഗങ്ങളിലാണ് പൊതുവെ പണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറാന്‍ വിപ്ലവത്തെ തുടര്‍ന്ന്, ഇമാമിയ്യയുമായി സംവാദം നടത്തണമെന്ന അഭിപ്രായം പ്രമുഖ സുന്നിപണ്ഡിതന്മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍, സലഫി പണ്ഡിതന്മാരും അവരുടെ മാര്‍ഗദര്‍ശന പ്രകാരം നീങ്ങുന്ന ചില ഭരണകൂടങ്ങളും ഡയലോഗിന് താല്‍പര്യമെടുത്തില്ലെന്ന് മാത്രമല്ല വിപ്ലവാനന്തര ഇറാനെ ശത്രുപക്ഷത്ത് നിര്‍ത്താനാണ് ധൃതി കാണിച്ചതും. പൊതുശത്രുക്കളായ സാമ്രാജ്യത്വത്തിനും സയണിസത്തിനുമെതിരെ യോജിച്ചുനില്‍ക്കാന്‍ പോലും അവര്‍ക്കായില്ല. സദ്ദാംഹുസൈന്റെ ഇറാന്‍ ആക്രമണത്തിന് ചില സുന്നി സര്‍ക്കാറുകള്‍ നല്‍കിയ പിന്തുണ ബന്ധം വഷളാക്കുകയും ചെയ്തു. പിന്നീട് അമേരിക്കന്‍ അധിനിവേശത്തിന്റെ തണലില്‍വന്ന ഇറാഖിലെ നൂരി അല്‍ മാലികി ഭരണകൂടത്തോടൊപ്പം നില്‍ക്കാന്‍ ഇറാനെ പ്രേരിപ്പിച്ചത് ഈ വൈരനിര്യാതന ബുദ്ധിയാണ്. ഇറാഖില്‍ ഏറ്റവും ഒടുവില്‍ സുന്നി സായുധ വിഭാഗം പിടിമുറുക്കിയതോടെ സ്ഥിതി തീര്‍ത്തും സങ്കീര്‍ണമായി. അവര്‍ക്ക് നേതൃത്വം നല്‍കുന്നത് സലഫികളാണെന്ന പ്രചാരണമുണ്ട്. ഏത് നിലക്കും ഒറ്റ വെട്ടിന് രണ്ട് കഷ്ണം എന്ന രീതിയിലുള്ള ചില സലഫി തീവ്രവാദികളുടെ സമീപനം ഇസ്‌ലാമിന്റെ വിശാല വീക്ഷണത്തിനോ മുസ്‌ലിം ലോക താല്‍പര്യങ്ങള്‍ക്കോ നിരക്കുന്നതല്ല. സലഫികളെല്ലാം തീവ്രവാദ നിലപാടുകളുള്ളവരുമല്ല.
 
സകാത്തിന്റെ സാമൂഹികത വിലക്കിയവരുടെ ഗതികേട് 
''പലരുടെയും സകാത്തുകള്‍ ഒരുമിച്ചുകൂടുമ്പോള്‍ വലിയ സംഖ്യയുണ്ടാവും. വകീല്‍ (ഏറ്റെടുക്കുന്ന വ്യക്തി) അത് വിഹിതം വെച്ച് നല്‍കുമ്പോള്‍ കിട്ടുന്ന അവകാശിക്ക് ഒരു ഉപജീവന മാര്‍ഗം കണ്ടെത്താനാവശ്യമായ നിലയില്‍ കാര്യങ്ങള്‍ സംവിധാനിക്കാനാവും. അങ്ങനെ ചെയ്യാനായാല്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സകാത്ത് കൊണ്ട് വലിയ മാറ്റങ്ങള്‍ സാധ്യമാക്കുകയും ചെയ്യും (പരിഷ്‌കരണവാദികളുടെ സംഘടിത സകാത്ത് എങ്ങുമെത്താതെ പോകുന്നത് അവര്‍ മതവിരുദ്ധ രീതി അനുവര്‍ത്തിക്കുന്നത് കൊണ്ടാണ്, അവരുടെ നേതാക്കള്‍ക്കും സംവിധാനങ്ങള്‍ക്കും മാത്രമേ അതിന്റെ ഗുണം കിട്ടുന്നുള്ളൂ). സുസമ്മതനായ ഒരു പണ്ഡിതനെ വക്കീലായി നിയമിക്കാം, ജില്ലാ അടിസ്ഥാനത്തിലോ മേഖലാടിസ്ഥാനത്തിലോ, അതത് മഹല്ലുകളിലെ ഉലമാക്കളും ഉമറാക്കളും ചേര്‍ന്ന് സകാത്ത് പരിജ്ഞാനമുള്ള ഒരു വ്യക്തിയെ തെരഞ്ഞെടുക്കാം, കണക്കുകള്‍ പരമാവധി സുതാര്യമാക്കേണ്ടിവരും, സകാത്ത് സ്വദഖ പോലെ രഹസ്യമായിട്ടല്ല കൊടുക്കേണ്ടത്. അത് ഇസ്‌ലാമിന്റെ പരസ്യചിഹ്നങ്ങളില്‍ പെട്ടതാണ്. അത് പരസ്യമായി തന്നെ കൊടുക്കണം. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനുള്ള അവസരം കൂടിയാണത്...'' (രിസാല വാരിക 2014 ജൂണ്‍ 11). പ്രതികരണം?
കെ.കെ ഫൈസല്‍, വാരം, കണ്ണൂര്‍ 

         ഇസ്‌ലാമിന്റെ നാല് അടിസ്ഥാന അനുഷ്ഠാനങ്ങള്‍ക്കും ശക്തവും അനിഷേധ്യവുമായ സാമൂഹിക മാനങ്ങളുണ്ട്. അഞ്ചുനേര നമസ്‌കാരം ഒറ്റക്കൊറ്റക്ക് നിര്‍വഹിച്ചാല്‍ പോരാ, സംഘടിതമായിത്തന്നെ നിര്‍വഹിക്കണം. റമദാന്‍ പിറവിയും സമാപ്തിയും തീരുമാനിക്കേണ്ടത് മുസ്‌ലിംകള്‍ കൂട്ടായാണ്, വ്യക്തികള്‍ വെവ്വേറെയല്ല. പെരുന്നാളാഘോഷിക്കുന്നതും അങ്ങനെത്തന്നെ. സകാത്ത് വ്യക്തികളില്‍നിന്ന് ശേഖരിച്ച് അര്‍ഹര്‍ക്ക് വിതരണം ചെയ്യേണ്ട ബാധ്യത ഭരണകൂടത്തിനാണ്. അതില്ലെങ്കില്‍ മാത്രം ബദല്‍ സംവിധാനം കാണണം. ഹജ്ജ് നിശ്ചിത ദിവസങ്ങളില്‍ ഒരു നേതാവിന്റെ നേതൃത്വത്തില്‍ കൂട്ടായി നിര്‍വഹിക്കേണ്ടതാണ്. പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്ത് അങ്ങനെത്തന്നെയാണ് നടന്നുവന്നതും. ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത ഇന്ത്യയിലും കേരളത്തിലും ജമാഅത്തും ജുമുഅയും വേണ്ടെന്ന് മുസ്‌ലിംകള്‍ വെച്ചില്ല. പകരം മഹല്ല് തലത്തിലും സംയുക്ത മഹല്ല് തലത്തിലുമൊക്കെ പരിഹാരം കണ്ടു. റമദാന്‍ മാസപ്പിറവി നിര്‍ണയിക്കുന്നതും അങ്ങനെത്തന്നെ. ഹജ്ജിന് സുഊദി സര്‍ക്കാര്‍ തന്നെ സാമൂഹിക സംവിധാനമൊരുക്കിയിരിക്കുന്നു. അതിപ്രധാനമായ സകാത്ത് മാത്രം ഇഷ്ടമുള്ളവര്‍ ഇഷ്ടമുള്ള സംഖ്യ ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്താല്‍ മതിയെന്ന മതവിധി ആര്‍ ഇറക്കിയതായാലും കടുത്ത ദ്രോഹവും അക്രമവുമാണ് ചെയ്തിരിക്കുന്നത്. അത് സകാത്ത് വ്യവസ്ഥയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുന്നതാണ്. ദേശീയതലത്തിലും സംസ്ഥാന തലത്തിലും സാധ്യമല്ലെങ്കില്‍ മഹല്ല് തലത്തിലെങ്കിലും സമ്പന്നരില്‍ നിന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ശേഖരിച്ചു അവകാശികള്‍ക്കൊക്കെ എത്തിച്ചുകൊടുക്കാന്‍ ഒരു തടസ്സവും ഇല്ല, ഉണ്ടാവേണ്ടതുമല്ല. അത് പ്രമാണവിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഒരു പണ്ഡിതനും സാധ്യവുമല്ല. സലഫീ സംഘടനകളും ജമാഅത്തെ ഇസ്‌ലാമിയും നേരത്തെ ആരംഭിച്ച സകാത്ത് സാമൂഹിക സംഭരണ വിതരണ വ്യവസ്ഥക്ക് യാഥാസ്ഥിതിക പണ്ഡിതന്മാരുടെ എതിര്‍പ്പ് മറികടന്ന് ഇപ്പോള്‍ സ്വീകാര്യത വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് രിസാലയിലെ വെളിപാടുകള്‍. ഇത് മുമ്പും ഇവര്‍ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും വ്യക്തിഗത സകാത്തിന്റെ ഗുണഭോക്താക്കളായ മുസ്‌ലിയാക്കളുടെ വിലക്ക് കാരണം നടപ്പിലാവാതെ തുടരുകയാണ്. പരിഷ്‌കരണ പ്രസ്ഥാനക്കാരെ വിശ്വസിക്കാനാവാത്തതാണ് പ്രശ്‌നമെങ്കില്‍ സ്വന്തം നിലയില്‍ സംഘടിത ശേഖരണവും വിതരണവും നടപ്പാക്കാന്‍ ആരാണ് തടസ്സം?' എത്ര സത്യസന്ധനായ ആളെ കണ്ടെത്തിയാലും അയാളെ മൊത്തം കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിനേക്കാള്‍ ഉത്തമം വിശ്വസ്തരും സത്യസന്ധരുമായ ഒരു സമിതിയെ ഏല്‍പിക്കുന്നതാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ബൈത്തുസ്സക്കാത്ത് കേരള അതിന്റെ സകാത്ത് സംഭരണ, വിനിയോഗ കണക്കുകള്‍ 14 വര്‍ഷങ്ങളായി കൃത്യമായി പ്രസിദ്ധപ്പെടുത്തുന്നുണ്ട് എന്നിരിക്കെ വെറും കുശുമ്പും കുന്നായ്മയും വിളിച്ചുപറയുന്നതില്‍ അര്‍ഥമില്ല. ഒരിക്കല്‍ പിണഞ്ഞുപോയ അബദ്ധം തിരുത്താനും മടിക്കേണ്ടതില്ല. 

Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍