Prabodhanm Weekly

Pages

Search

2014 ജൂലൈ 18

റമദാന്‍ നമ്മുടെ ആയുസ്സ് വര്‍ധിപ്പിക്കുമോ?

ഡോ. ജാസിമുല്‍ മുത്വവ്വ /ലേഖനം

         മര്‍ത്ത്യനും അനശ്വരനുമായി, ശാശ്വതമായി ജീവിക്കാന്‍ കഴിയണമെന്നാണ് ഭൂമുഖത്തുള്ള ഓരോ മനുഷ്യന്റെയും മോഹം. മനുഷ്യപ്രകൃതിയില്‍ നിലീനമാണ് ഈ മോഹം. അതിനാലാണ് ഇബ്‌ലീസ് ആദി പിതാവ് ആദവുമായുള്ള സംഭാഷണം ഇങ്ങനെ തുടങ്ങിയതായി ഖുര്‍ആന്‍ സൂചിപ്പിച്ചത്: ''ആദമേ! അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും ക്ഷയിച്ചുപോകാത്ത ആധിപത്യത്തെക്കുറിച്ചും ഞാന്‍ നിനക്ക് അറിയിച്ചു തരട്ടെയോ?'' അനശ്വരനായി ജീവിക്കാനുള്ള മോഹമെന്ന ആദമിന്റെ ദൗര്‍ബല്യം ചൂഷണം ചെയ്യുകയായിരുന്നു പിശാച്. ദൗര്‍ബല്യത്തിന്റെ ആ ബിന്ദുവിലാണ് പിശാച് കൈവെച്ചത്. ആദം തന്റെ നാഥനെ ധിക്കരിക്കുകയും തന്റെ അമര്‍ത്ത്യതക്കും അനശ്വരതക്കും കാരണമാകുമെന്ന് ധരിച്ച് വിലക്കപ്പെട്ട കനി ഭക്ഷിക്കുകയും ചെയ്തു.

         ശാശ്വത വാസവും ദീര്‍ഘായുസ്സും വേണമെന്ന ആഗ്രഹം ജീവിതത്തിലെ ഒരു അടിസ്ഥാന പ്രശ്‌നമാകുന്നു. അതിനാലാണ് വൈദ്യശാസ്ത്ര-ആരോഗ്യ രംഗത്തെ എല്ലാ ഗവേഷണങ്ങളും ചര്‍ച്ചകളും മനുഷ്യന് സുരക്ഷിതവും സുദീര്‍ഘവുമായ ജീവിതം പ്രദാനം ചെയ്യുന്നതില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. ദീര്‍ഘായുസ്സും ആയുരാരോഗ്യവുമാണ് എല്ലാവരുടെയും ലക്ഷ്യവും ആശയും. ആരോഗ്യ വീക്ഷണ കോണിലൂടെ നോക്കിയാല്‍ മനുഷ്യന്റെ ദീര്‍ഘായുസ്സിന് മൂന്ന് അടിസ്ഥാനങ്ങളാണ് ഉള്ളതെന്ന് കാണാം: ആഹാരത്തില്‍ മിതത്വം, വ്യായാമം, മദ്യവും പുകവലിയും വര്‍ജിക്കല്‍. ദീര്‍ഘായുസ്സിന് ഹേതുവാകുന്ന നാലാമത്തെ കാരണമായി വിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനത്തെയും നമുക്ക് എണ്ണാം. ജനന-മരണ രജിസ്റ്ററുകളില്‍ രേഖപ്പെടുത്തുന്ന ആയുസ്സിന്റെ കണക്കല്ല ഇവിടെ വിവക്ഷിക്കുന്നത്. ജീവിതം കൊണ്ട് നേടാന്‍ കഴിഞ്ഞ ഫലപ്രദവും അനുഗൃഹീതവുമായ സല്‍കര്‍മങ്ങളാണ് ആയുസ്സിന്റെ അളവുകോലായി ഗണിക്കേണ്ടത്. ഒരു വ്യക്തി എഴുപത് വയസ്സാകുമ്പോള്‍ മരിച്ചു പോകാം. എന്നാല്‍, അയാളുടെ പ്രവര്‍ത്തനങ്ങളും കര്‍മങ്ങളും വിലയിരുത്തിയാല്‍ എണ്ണായിരം വര്‍ഷം ജീവിച്ചതിന് തുല്യമായിരിക്കും ആ ഏഴ് ദശാബ്ദം. ഇതാണ് പരിശുദ്ധ റമദാന്‍ നമുക്ക് നേടിത്തരുന്നത്. അതുകൊണ്ടാണ് ഈ മാസത്തെ അനുഗൃഹീതമെന്നും ധന്യമെന്നും നാം വിശേഷിപ്പിക്കുന്നത്. ഖുര്‍ആന്‍ അവതീര്‍ണമായ ഈ മാസത്തിലെ പകലുകളും പാതിരാവുകളും കര്‍മങ്ങളും പ്രതിഫലവും എന്നു വേണ്ട ഓരോ അണുവും ധന്യമാണ്, അനുഗൃഹീതമാണ്.

         പൂര്‍വ സമുദായങ്ങള്‍ നൂറുക്കണക്കില്‍ വര്‍ഷങ്ങള്‍ ജീവിച്ച ചരിത്രമുള്ളപ്പോള്‍ ഈ സമുദായത്തിന്റെ ശരാശരി ആയുസ്സ് അറുപതിനും എഴുപതിനും ഇടയിലാണെന്ന് നബി(സ) സൂചിപ്പിച്ചു. ഈ കുറവ് നികത്താന്‍ അല്ലാഹു വരദാനമായി നല്‍കിയ മൂന്ന് സമ്മാനങ്ങള്‍ നമുക്ക് കുറഞ്ഞ വര്‍ഷമാണ് ജീവിക്കാന്‍ കഴിഞ്ഞതെങ്കിലും ദീര്‍ഘകാലം ജീവിച്ചതായി നമ്മെ ബോധ്യപ്പെടുത്തും. 1. നിയ്യത്ത്. 2. സല്‍കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം. 3. ലൈലത്തുല്‍ ഖ്ദര്‍. ഇവ മൂന്നും ദീര്‍ഘായുഷ്മാന്മാരായി നമ്മെ ജീവിപ്പിക്കാന്‍ ഉതകുന്നതാണ്. വിശദീകരിക്കാം. നിര്‍ബന്ധിത സാഹചര്യങ്ങളാല്‍ കര്‍മം ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ നിയ്യത്ത് നമുക്ക് പ്രതിഫലം നേടിത്തരും. നബി(സ) പറഞ്ഞു: ''സല്‍കര്‍മങ്ങളും ദുഷ്‌കര്‍മങ്ങളും അല്ലാഹു നിര്‍വചിക്കുയും നിശ്ചയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവ ഏതെന്ന് വിശദീകരിച്ച് അല്ലാഹു വ്യക്തമാക്കി: ഒരാള്‍ ഒരു നന്മ ചെയ്യാന്‍ മനസ്സില്‍ കരുതി. പക്ഷേ, അയാള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞില്ല. അല്ലാഹു അത് പൂര്‍ണ സല്‍കര്‍മമായി രേഖപ്പെടുത്തും. ഇനി മനസ്സില്‍ കരുതിയ കാര്യം ചെയ്‌തെന്നിരിക്കട്ടെ അതിന് അല്ലാഹു പത്തിരട്ടി മുതല്‍ എഴുന്നൂറിരട്ടി വരെയും അനേകമനേകം ഇരട്ടിയായും പ്രതിഫലം രേഖപ്പെടുത്തും. ഒരു തിന്മ ചെയ്യാന്‍ മനസ്സില്‍ കരുതി. അത് ചെയ്തില്ല. എങ്കിലുമത് ഒരു നന്മയായി അല്ലാഹു രേഖപ്പെടുത്തും. കരുതിയ തിന്മ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്നു എന്നിരിക്കട്ടെ. അല്ലാഹു അത് ഒരു തിന്മയായേ രേഖപ്പെടുത്തുകയുള്ളൂ.'' അല്ലാഹുവിന്റെ ഈ ഔദാര്യം നിയ്യത്ത് കൊണ്ടും നമ്മുടെ ആയുസ്സ് എങ്ങനെ വര്‍ധിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതില്‍ നിയ്യത്തിന്റെ പങ്കാണിത്.

         രണ്ടാമത്തെ സമ്മാനം സല്‍കര്‍മങ്ങള്‍ക്കുള്ള അനേകം മടങ്ങ് പ്രതിഫലമാണ്. ദുഷ്‌കര്‍മങ്ങള്‍ക്ക് അനേകംമടങ്ങ് ശിക്ഷയില്ലെന്നുള്ളതും അല്ലാഹു വ്യക്തമാക്കിയതാണ്: ''ഒരാള്‍ ഒരു നന്മ ചെയ്താല്‍ അയാള്‍ക്ക് അതിന്റെ പത്തിരട്ടിയാണ് പ്രതിഫലം. ഇനി തിന്മ ചെയ്‌തെന്നിരിക്കട്ടെ. തത്തുല്യമായ പ്രതിഫലമേ ഉണ്ടാവൂ. അവരോട് അക്രമം ചെയ്യപ്പെടുന്നതല്ല'' (ഖുര്‍ആന്‍). നബി(സ) അത് വിശദീകരിക്കുന്നു: ''നിങ്ങളില്‍ ഒരാളുടെ ഇസ്‌ലാം ഏറ്റവും മികച്ചതും നല്ലതുമായ രൂപത്തിലാണെങ്കില്‍ അയാള്‍ ചെയ്യുന്ന ഓരോ നന്മക്കും പത്ത് മുതല്‍ എഴുന്നൂറ് ഇരട്ടിവരെയാണ് പ്രതിഫലം. അയാള്‍ ചെയ്യുന്ന ദുഷ്‌കര്‍മങ്ങള്‍ക്ക് തത്തുല്യമായ ശിക്ഷയേ ഉണ്ടാവൂ.'' ഈ ദൈവിക സൂക്തവും നബിവചനവും വ്യക്തമാക്കിത്തരുന്നത് മനുഷ്യന്‍ നന്മ വര്‍ധിപ്പിച്ചും തിന്മ കുറച്ചും ജീവിച്ചാല്‍ അനേകമനേകം വര്‍ഷങ്ങള്‍ ദീര്‍ഘായുസ്സോടെ ജീവിച്ച ഫലമുണ്ടാവുമെന്നാണ്. ഇവിടെ പരിഗണിക്കുന്നത് കര്‍മങ്ങളും അവയുടെ പ്രതിഫലവുമാണ്, ജീവിച്ച വര്‍ഷങ്ങളുടെ എണ്ണമല്ല. നാം നൂറ് വയസ്സുവരെ ജീവിക്കുന്നു. ആയിരം വര്‍ഷങ്ങള്‍ ജീവിച്ച വ്യക്തിയുടെ കര്‍മങ്ങള്‍ ചെയ്യാന്‍ നമുക്കാവുന്നു.അതേ സന്ദര്‍ഭത്തില്‍ ആയിരം വര്‍ഷം ജീവിക്കാന്‍ നമുക്ക് സാധിക്കുന്നു. നൂറ് വര്‍ഷം ജീവിക്കുന്ന വ്യക്തിയുടെ കര്‍മങ്ങള്‍ പോലും ചെയ്യാന്‍ നമുക്ക് സാധിക്കുന്നില്ല. ഇതില്‍ അഭികാമ്യമായത് ആദ്യത്തെ ജീവിതമല്ലേ?

         മൂന്നാമത്തേത് ലൈലത്തുല്‍ ഖദ്ര്‍ ആണ്. അല്ലാഹു പറഞ്ഞു: ''ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്.'' ആയിരം മാസം എന്നാല്‍ 83 വര്‍ഷവും 4 മാസവും. 70 വയസ്സുവരെ ജീവിക്കാന്‍ ഭാഗ്യമുണ്ടായ ഒരു വ്യക്തിക്ക് 10 വര്‍ഷം ലൈലത്തുല്‍ ഖദ്‌റില്‍ ഇബാദത്ത് ചെയ്യാന്‍ കഴിഞ്ഞെന്നിരിക്കട്ടെ. അയാള്‍ക്ക് കിട്ടുന്നത് 830 വര്‍ഷത്തെ പ്രതിഫലമാണ്. ജീവിച്ച 70 വര്‍ഷം വേറെയും. മൊത്തം 900 വര്‍ഷം ജീവിച്ച പ്രതിഫലമാണ് അയാള്‍ കരസ്ഥമാക്കുന്നത്. മുഹമ്മദ് നബി(സ)യുടെ സമുദായത്തിന് അല്ലാഹു നല്‍കുന്ന അമൂല്യമായ അനുഗ്രഹമാണത്.

         നമ്മുടെ വയസ്സ് കൂട്ടുന്ന മൂന്ന് ദൈവിക സമ്മാനങ്ങളാണിവ. ഇതില്‍ മൂന്നാമത്തെ സമ്മാനം റമദാന്‍ മാസത്തിലാണ്. അതുകൊണ്ടാണ് നോമ്പ് നോല്‍ക്കുന്നവന്റെയും രാത്രി നിന്ന് നമസ്‌കരിക്കുന്നവന്റെയും ആയുസ്സ് റമദാന്‍ മൂലം വര്‍ധിക്കുമെന്ന് നാം പറയുന്നത്. ആയുസ്സിന്റെ പുസ്തകത്തിലെ വര്‍ഷങ്ങളുടെ എണ്ണമല്ല നോക്കേണ്ടത്. ആ വര്‍ഷങ്ങളില്‍ ചെയ്യാന്‍ കഴിഞ്ഞ അനുഗൃഹീത സല്‍കര്‍മങ്ങളാണ്. സല്‍കര്‍മങ്ങളാല്‍ ദീര്‍ഘായുസ്സ് എന്ന ഭാഗ്യത്തിനര്‍ഹരാവുന്ന നാം എത്ര ധന്യരാണ്! 

വിവ: പി.കെ ജമാല്‍


Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍