Prabodhanm Weekly

Pages

Search

2014 ജൂലൈ 18

അവര്‍ പുതിയ സ്വപ്നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു

സദ്‌റുദ്ദീന്‍ വാഴക്കാട് /കവര്‍‌സ്റ്റോറി

         ട്ടുവയസ്സുകാരന്‍ വഹീദുര്‍റഹ്മാന്‍, അസമിന്റെ പടിഞ്ഞാറന്‍ ജില്ലയായ ബോണ്‍ഗായ്ഗാവിലെ ശകതല ഗ്രാമക്കാരനാണ്. മരത്തില്‍നിന്ന് വീണ് വാപ്പയും അസുഖം ബാധിച്ച് ഉമ്മയും മരിച്ചതോടെ വഹീദുര്‍റഹ്മാനും സഹോദരന്‍ ഫാറൂഖ് ഹുസൈനും തീര്‍ത്തും അനാഥരായിത്തീര്‍ന്നു. ദാരിദ്ര്യം കട്ടപിടിച്ചുകിടന്ന ആ കുടിലിലേക്ക് അനാഥത്വം കൂടി കടന്നുവന്നതോടെ ജീവിതം ചോദ്യചിഹ്നമായിത്തീര്‍ന്നു അവര്‍ക്ക്. പിതൃസഹോദരന്റെ കൈകളിലൂടെയാണ് അവന്‍ ഗുവാഹത്തിയില്‍ 'വിഷന്‍ 2016' നടത്തുന്ന സ്‌കോളര്‍ സ്‌കൂളില്‍ എത്തിയത്. ഇപ്പോള്‍ വഹീദുര്‍റഹ്മാന്‍ പുതിയ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. 'വിഷന്‍ 2016' ആ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ്.

         ചിറാഗ് ജില്ലയിലെ ഹഷര്‍ബാദി ഗ്രാമക്കാരനാണ് മുഹമ്മദ് സമീഉല്‍ ഹഖ്. അവിടെ, ഏതാനും മുസ്‌ലിം വീടുകള്‍ക്ക് ചുറ്റും താമസിക്കുന്നത് ബോഡോകളാണ്. പുല്ലു മേഞ്ഞ ഒരു കുടിലാണ് മുഹമ്മദ് സമീഉല്‍ ഹഖിന്റെ കുടുംബത്തിനുണ്ടായിരുന്നത്. അതിന് ചുമരുകളുണ്ടായിരുന്നില്ല. അടുക്കളയോ ടോയ്‌ലറ്റോ  ഉണ്ടായിരുന്നില്ല. ഉപ്പും പച്ചമുളകും ചേര്‍ത്ത ചോറായിരുന്നു മൂന്നു നേരവും ഭക്ഷണം. ബോഡോകള്‍ അഴിച്ചുവിട്ട കലാപം പക്ഷേ, അതുപോലും കവര്‍ന്നെടുത്തു. വീട് തീ വെച്ച് നശിപ്പിക്കപ്പെട്ടു. അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് മുഹമ്മദ് സമീഉല്‍ ഹഖ് സ്‌കോളര്‍ സ്‌കൂളില്‍ എത്തിയത്. ക്ലാസ്സും പാഠപുസ്തകങ്ങളും, കട്ടിലും വിരിപ്പും ചോറും കറിയും ബാത്‌റൂമും ടോയ്‌ലറ്റും ജീവിതത്തിലാദ്യമായി സ്‌കോളര്‍ സ്‌കൂളില്‍വെച്ച് അനുഭവിച്ചറിയാന്‍ ഭാഗ്യം ലഭിച്ച മുഹമ്മദ് സമീഉല്‍ ഹഖിന്റെ മുഖത്ത് ഇപ്പോള്‍ വിടരുന്ന പുഞ്ചിരിക്ക് ഒരുപാട് അര്‍ഥതലങ്ങളുണ്ട്.

         മാസുനി മുണ്ടോള്‍, റസീന ഖാത്തൂന്‍, അക്തറ ഫൈറൂസ്, സക്കീര്‍ ഹുസൈന്‍, തസ്‌കിയ സിക്ദര്‍ തുടങ്ങി അസമിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഗുവാഹത്തി സ്‌കോളര്‍ സ്‌കൂളിലെത്തിയ പല കുരുന്നുകള്‍ക്കും ഇത്തരം ദയനീയമായ ഒട്ടേറെ കഥകള്‍ പറയാനുണ്ട്. ദാരിദ്ര്യവും പട്ടിണിയും കലാപവും അനാഥത്വവും കാരണം വഴിമുട്ടിപോകുമായിരുന്നു അവരുടെ ജീവിതം. ചേരിയിലും ചാളയിലും കൃഷിയിടങ്ങളിലും ഫാക്ടറികളിലും ബാലവേലയും യാചനയുമായി ചൂഷണം ചെയ്യപ്പെടുമായിരുന്നു അവരുടെ ബാല്യങ്ങള്‍. പിന്നീട് ചെരുപ്പുകുത്തികളും റിക്ഷവലിക്കാരും മറ്റുമായി തീര്‍ന്നുപോകുമായിരുന്നു അവരുടെ പതിത ജന്മങ്ങള്‍. പക്ഷേ, ഇപ്പോള്‍ അവരുടെ കണ്ണുകളില്‍ പുതിയ പ്രതീക്ഷകളുണ്ട്. സഫലമാകുമെന്നുറപ്പുള്ള സ്വപ്നങ്ങളിലേക്ക് അവര്‍ ചിറകുവിടര്‍ത്തി പറക്കാന്‍ തുടങ്ങിയിരിക്കുന്നു. വിഷന്‍ 2016-ന്റെ വിവിധ വിദ്യാഭ്യാസ പദ്ധതികളിലൂടെ, അവര്‍ ലക്ഷ്യബോധത്തോടെ മുന്നോട്ടു കുതിക്കുകയാണ്. ഒരു തലമുറയുടെ വരുംകാല ജീവിതത്തെ, ഒരു രാജ്യത്തിന്റെ നാളെയുടെ പൗരന്മാരെ, ഒരു സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങളെ എങ്ങനെയാണ് വിഷന്‍ 2016 നിര്‍മിച്ചെടുക്കുന്നതെന്ന് സ്‌കോളര്‍ സ്‌കൂളുകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റു പദ്ധതികളും നമുക്ക് കാണിച്ചുതരുന്നുണ്ട്.

         കുട്ടികള്‍ക്ക് മാത്രമല്ല ദരിദ്രര്‍, അഗതികള്‍, അഭയാര്‍ഥികള്‍, തൊഴില്‍രഹിതര്‍, രോഗികള്‍, സ്ത്രീകള്‍, കരിനിയമങ്ങളുടെ ഇരകളായ നിരപരാധികള്‍ തുടങ്ങി ജീവിതത്തിന്റെ  പുറമ്പോക്കില്‍ അഗണ്യരായി തള്ളപ്പെട്ട ജനലക്ഷങ്ങള്‍ക്കാണ് വിഷന്‍ 2016 എന്ന ബൃഹത് പദ്ധതി താങ്ങും തണലുമായി മാറുന്നത്. 2006-ല്‍ ആരംഭിച്ച് 2016-ല്‍ പൂര്‍ത്തിയാക്കേണ്ട ഒന്നാം ഘട്ട പദ്ധതികളുടെ ആദ്യ എട്ടു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കൈവരിക്കാനായ നേട്ടങ്ങള്‍ ഇത്തരമൊരു പദ്ധതിയുടെ അനിവാര്യതയും സഹൃദയലോകം അതിനു നല്‍കിയ അകമഴിഞ്ഞ പിന്തുണയും നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.

പദ്ധതി പ്രദേശങ്ങള്‍

         അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, പ ശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹി, ഹരിയാന, ഒറീസ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് വിഷന്‍ 2016-ന്റെ പദ്ധതികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. അതില്‍ തന്നെ പശ്ചിമബംഗാള്‍, ബിഹാര്‍, അസം, രാജസ്ഥാന്‍, യു.പി സംസ്ഥാനങ്ങള്‍ക്കാണ് ഊന്നല്‍. സമഗ്ര സ്വഭാവമുള്ള ഇത്തരമൊരു പുനര്‍ നിര്‍മാണ പദ്ധതി ഇന്ത്യയില്‍ ഏറ്റവുമധികം അനിവാര്യമായിട്ടുള്ളതും ഈ സംസ്ഥാനങ്ങളിലാണ്. ഇത്തരമൊരു പദ്ധതി വിജയിപ്പിച്ചെടുക്കാനാവശ്യമായ മനുഷ്യ വിഭവശേഷിയും മറ്റും സംഘാടകര്‍ക്ക് ലഭ്യമാകുന്നതും ഈ സംസ്ഥാനങ്ങളില്‍ തന്നെ. അതുകൊണ്ടാണ് വിഷന്‍ 2016 ഈ മേഖലയില്‍ ഊന്നല്‍ നല്‍കിയത്.

         ഇന്ത്യയുടെ ഹൃദയ ഭൂമിയാണ് വിഷന്‍ 2016 പദ്ധതികള്‍ കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് പകുതിയും അധിവസിക്കുന്നതും ഈ സംസ്ഥാനങ്ങളില്‍ തന്നെ. ഈ ഹൃദയ ഭൂമിയിലെ മുസ്‌ലിം ജീവിത നിലവാരമാണ് മൊത്തം ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിത നിലവാരം അളക്കാനുള്ള പൊതു മാനദണ്ഡമായി സ്വീകരിക്കപ്പെടുന്നത്. അതുകൊണ്ട് ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങളും സര്‍വതോമുഖമായ വളര്‍ച്ചയും ഉണ്ടായെങ്കില്‍ മാത്രമേ, ഇന്ത്യന്‍ മുസ്‌ലിം ജീവിതം അഭിമാനകരമായ വിതാനത്തിലേക്ക് ഉയര്‍ന്നതായി പൊതുവെ പരിഗണിക്കപ്പെടുകയുള്ളൂ. അതുകൊണ്ടാണ് വിഷന്‍ 2016-ന്റെ സാരഥികള്‍ ഇത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയത്. കശ്മീര്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം മുസ്‌ലിംകള്‍ താമസിക്കുന്ന സംസ്ഥാനമാണ് പദ്ധതിമേഖലയിലുള്‍പ്പെടുന്ന അസം. രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മുര്‍ഷിദാബാദും ഏറ്റവും പിന്നാക്ക മുസ്‌ലിംകള്‍ ജീവിക്കുന്ന ജാര്‍ഖണ്ഡും ഈ മേഖലയില്‍ തന്നെ. ബ്രിട്ടീഷ് ഭരണത്തിന്റെ ദുരന്തങ്ങളും വിഭജനത്തിന്റെ പ്രത്യാഘാതങ്ങളും നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന വര്‍ഗീയ കലാപങ്ങളുടെ ദുരിതങ്ങളും ഇന്ത്യയില്‍ ഏറ്റവുമധികം അനുഭവിക്കേണ്ടിവന്നതും ഈ മേഖലയിലെ മുസ്‌ലിംകളാണ്. മുംബൈ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുസ്‌ലിംകള്‍ ചേരികളില്‍ താമസിക്കുന്ന പ്രദേശമാണ് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ. ചരിത്രപരവും സാമൂഹിക-രാഷ്ട്രീയപരവുമായ ഇത്തരം കാരണങ്ങളാലാകണം ഇന്ത്യന്‍ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ ആഴവും പരപ്പും ഈ മേഖലയില്‍ നിന്ന് നമുക്ക് അനുഭവിച്ചറിയാനാകുന്നത്. അതിസമ്പന്നരും അതീവ ദരിദ്രരുമായ രണ്ട് വിഭാഗങ്ങളാണ് ഇവിടത്തെ മുസ്‌ലിംകളില്‍ ഉള്ളത്. അതിനിടക്ക് ഇരു വിഭാഗത്തെയും ബന്ധിപ്പിക്കുന്ന ഒരു മധ്യവര്‍ഗം ഈ പ്രദേശങ്ങളില്‍ പൊതുവേ ഇല്ലെന്നു പറയാം. സമ്പന്ന മുസ്‌ലിം പ്രമാണിമാര്‍ പൊതുവേ സാധാരണക്കാരായ ദരിദ്ര മുസ്‌ലിംകളുമായി ബന്ധപ്പെടുകയോ അവരുടെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. അപവാദങ്ങളുണ്ടാകാമെങ്കിലും അതിനെ സാമാന്യവത്കരിക്കാനാകില്ല. സാധാരണക്കാരില്‍ വരെ ശക്തമായ സ്വാധീനമുള്ള മത സംഘടനകളും മതനേതാക്കളായ മൗലാനമാരും അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഒന്നും ചെയ്യുന്നുമില്ല. ആത്മീയ കാര്യങ്ങള്‍ക്കപ്പുറം മുസ്‌ലിം സാമൂഹിക ജീവിതമോ, പിന്നാക്കാവസ്ഥയുടെ പരിഹാരമോ മത നേതൃത്വത്തിന്റെ അജണ്ടയേ അല്ല എന്നതാണ് വസ്തുത. മുസ്‌ലിം സമ്പന്നരും മതനേതാക്കളും രാഷ്ട്രീയക്കാരും പരസ്പരം സഹകരിച്ചു മുന്നോട്ടുപോകുമ്പോള്‍ സാമാന്യ ജനം തീര്‍ത്തും അവഗണിക്കപ്പെടുന്നു.

         കണക്കുകളും മറ്റു വസ്തുതകളും നിരത്തി, ആദിവാസികളെക്കാള്‍ പിന്നാക്കമാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ എന്ന് വിലയിരുത്തിയ സച്ചാര്‍-മിശ്ര കമീഷന്‍ റിപ്പോര്‍ട്ടുകളില്‍ വരച്ചുവെച്ചതും മുഖ്യമായും ഈ സംസ്ഥാനങ്ങളിലെ മുസ്‌ലിം ജീവിതചിത്രങ്ങള്‍ തന്നെ. അക്കാരണങ്ങളാല്‍ തന്നെയാണ് ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് ഇങ്ങനെയൊരു പദ്ധതി ആവിഷ്‌കരിക്കപ്പെട്ടത്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് വളര്‍ച്ചയും വികാസവും കൈവരിക്കുക എന്നത് രാഷ്ട്ര പുരോഗതിയുടെ ഭാഗമായുള്ള വലിയൊരു ദേശീയ ദൗത്യമായാണ് വിഷന്‍ 2016-ന്റെ സാരഥികള്‍ മനസ്സിലാക്കുന്നത്.

സ്വഭാവവും വൈപുല്യവും

         സമൂഹജീവിതത്തിന്റെ സുപ്രധാന മേഖലകളിലെല്ലാം മൗലികമായ മാറ്റങ്ങളും അടിസ്ഥാനപരമായ വളര്‍ച്ചയും കൈവരിക്കാനുതകുംവിധത്തിലാണ് വിഷന്‍ 2016-ന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന ജീവിത ആവശ്യങ്ങള്‍, പൗരാവകാശ സംരക്ഷണം, തൊഴില്‍, മൈക്രോഫിനാന്‍സ്, സ്ത്രീശാക്തീകരണം, ദുരിതാശ്വാസം, പുനരധിവാസം(റിലീഫ് ആന്റ് റിഹാബിലിറ്റേഷന്‍) എന്നീ മേഖലകളില്‍ ലക്ഷ്യബോധത്തോടു കൂടിയ വിപുലമായ പദ്ധതികള്‍ വിഷന്‍ 2016 ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്നു. ദീര്‍ഘകാലാധിഷ്ഠിതമായ പുനര്‍നിര്‍മാണ പ്രക്രിയയുടെ ആദ്യ ഘട്ടത്തിലെ പത്തുവര്‍ഷത്തെ (2006-2016) പ്രവര്‍ത്തനങ്ങളാണ് 'വിഷന്‍ 2016' എന്ന പേരില്‍ ക്രമീകരിച്ചിട്ടുള്ളത്. ഈ ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ അതിന്റെ തുടര്‍ച്ചയെന്നോണം പുതിയ സാഹചര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് അടുത്ത ഘട്ടത്തിലെ നയപരിപാടികള്‍ ആസൂത്രണം ചെയ്യുകയെന്നതാണ് ഇതിന്റെ സാരഥികളുടെ ഉദ്ദേശ്യം.

         രണ്ട് സ്വഭാവത്തിലുള്ള പദ്ധതികളാണ് വിഷന്‍ 2016 നടപ്പിലാക്കിവരുന്നത്. ഒന്ന്, ദീര്‍ഘകാലാധിഷ്ഠിത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാവി ലക്ഷ്യം വെച്ചുകൊണ്ടുള്ളതും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് സഹായകമാകുന്നതുമായ വലിയ പദ്ധതികളാണ് ഈ ഗണത്തില്‍ നടന്നുവരുന്നത്. രണ്ട്, ഹ്രസ്വകാല താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കാനുള്ള പദ്ധതികളാണ് (സീസണല്‍ പ്രോജക്ട്) ഇതിലുള്‍ക്കൊള്ളുന്നത്. സ്‌കൂള്‍ കിറ്റ്, ഫിത്വ്ര്‍ സകാത്ത്, ഖുര്‍ബാനി (ഉദുഹിയ്യത്ത്), കമ്പിളി വിതരണം, റമദാന്‍ കിറ്റ് തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു. താല്‍ക്കാലികമായ ആവശ്യങ്ങളാണ് ഇതിലൂടെ പൂര്‍ത്തിയാകുന്നതെങ്കിലും വലിയൊരു വിഭാഗത്തിന് ആശ്വാസമെത്തിക്കാന്‍ ഇതുവഴി സാധിക്കുന്നു. സഹായമനസ്സുള്ള ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കു പോലും ചെറിയ സംഖ്യകള്‍ സംഭാവന ചെയ്ത് ഈ മഹദ് സംരംഭത്തില്‍ പങ്കാളികളാകാന്‍ കഴിയുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു ഗുണവശം. ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, സഹൂലത്ത് മൈക്രോഫിനാന്‍സ് സൊസൈറ്റി, അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എ.പി.സി.ആര്‍), സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍ (എസ്.ബി.എഫ്), മെഡിക്കല്‍ സര്‍വീസ് സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘങ്ങളുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. 20 സംസ്ഥാനങ്ങളിലെ 60 എന്‍.ജി.ഒകള്‍ പങ്കാളിത്തം വഹിക്കുന്ന വിഷന്‍ 2016-ന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഒമ്പത് മില്യന്‍ ജനങ്ങള്‍ക്കാണ് പ്രയോജനകരമായിത്തീരുന്നത്.

1. വിദ്യാഭ്യാസം: റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, നിലവിലുള്ള സ്‌കൂളുകള്‍ക്ക് കെട്ടിടങ്ങള്‍, പ്രൈമറി സ്‌കൂളുകള്‍, സ്‌കോളര്‍ഷിപ്പ്, അവാര്‍ഡുകള്‍, വൊക്കേഷണല്‍ ട്രെയ്‌നിംഗ് സെന്റര്‍, കരിയര്‍ ഗൈഡന്‍സ്, സ്‌കൂള്‍ കിറ്റ്, ഓര്‍ഫന്‍സ് സ്‌കോളര്‍ഷിപ്പ്, ടീച്ചേഴ്‌സ് ട്രെയ്‌നിംഗ് തുടങ്ങിയവയാണ് വിദ്യാഭ്യാസ രംഗത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 'ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനാ'ണ് ഇതിന് നേതൃത്വം വഹിക്കുന്നത്.

2. ആരോഗ്യം: മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍, നിലവിലുള്ള ആശുപത്രികളുടെ വികസനത്തിനുള്ള സഹായം, ഗ്രാമീണ മേഖലയില്‍ മെഡിക്കല്‍ സെന്ററുകള്‍, മൊബൈല്‍ മെഡിക്കല്‍ വാനുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആംബുലന്‍സ് സര്‍വീസ്, ചികിത്സാ സഹായം, ആരോഗ്യ ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയാണ് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍. ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്.

3. ഉപജീവന മാര്‍ഗങ്ങള്‍: ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കാനും ദൈനംദിന ജീവിതചെലവിനുള്ള വരുമാനം കണ്ടെത്താനുമുള്ള വിവിധ പദ്ധതികള്‍. സഹൂലത്ത് മൈക്രോഫിനാന്‍സ് സൊസൈറ്റിക്ക് കീഴില്‍ പലിശരഹിത വായ്പകള്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍, തൊഴിലുപകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയവ അഞ്ചു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്കാണ് ആശ്വാസമാകുന്നത്. 80 കോടിയോളം രൂപയുടെ ആസ്തിയുള്ള 350 പലിശരഹിത നിധികള്‍ ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

4. പൗരാവകാശ സംരക്ഷണം: വിവിധതരം കേസുകളില്‍ അകപ്പെട്ട നിരപരാധികള്‍ക്ക് നിയമസഹായം നല്‍കുകയും കുറ്റവിമുക്തരായ ദരിദ്രര്‍ക്ക് ജീവിതോപാധികള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്യുക. എ.പി.സി.ആറിന്റെ  നേതൃത്വത്തിലാണ് ഈ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കള്ളക്കേസുകള്‍ ചുമത്തി ജയിലിലകപ്പെട്ട ആയിരത്തോളം നിരപരാധികളായ യുവാക്കള്‍ക്ക് നിയമപരമായി ഇടപെട്ട് മോചനം നേടിക്കൊടുക്കാനും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ദേശീയതലത്തില്‍ ഒരു ചര്‍ച്ചാവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനും എ.പി.സി.ആറിന് കഴിഞ്ഞിട്ടുണ്ട്. നിയമവശങ്ങളെ സംബന്ധിച്ച വര്‍ക്ക്‌ഷോപ്പുകള്‍, മനുഷ്യാവകാശ പ്രശ്‌നങ്ങളെ സംബന്ധിച്ച സെമിനാറുകള്‍, സിമ്പോസിയങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ഏതാനും വര്‍ഷങ്ങളായി ഈ രംഗത്ത് ഉണ്ടായിട്ടുള്ള പ്രതീക്ഷാനിര്‍ഭരമായ ചെറുചലനങ്ങളില്‍ വിഷന്‍ 2016-ന്റെ പങ്ക് വളരെ വലുതാണ്.

5. അനാഥസംരക്ഷണം: അനാഥ ബാല്യങ്ങളുടെ സംരക്ഷണം വിഷന്‍ 2016-ന്റെ മുഖ്യ പ്രവര്‍ത്തനങ്ങളിലൊന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുത്തുകൊണ്ട് പതിനായിരം അനാഥ കുട്ടികളെ സംരക്ഷിക്കുന്നതാണ് വിഷന്‍ 2016-ന്റെ പദ്ധതി. 'ഒരു അനാഥ കുട്ടിയെ സ്‌പോണ്‍സര്‍ ചെയ്യുക' എന്ന പ്രോജക്റ്റിലൂടെയാണ് ഇതിനാവശ്യമായ ഫണ്ട് പ്രധാനമായും കണ്ടെത്തുന്നത്. വിഷന്‍ 2016 നേരിട്ട് നടത്തുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്റ്റലുകളിലുമാണ് പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നത്.

6. അടിസ്ഥാന ജീവിതാവശ്യങ്ങള്‍: വീട് നിര്‍മാണം, കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുന്നത്. കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കാവുന്ന ചെറിയ വീടുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തിക്കൊണ്ടാണ് നിര്‍മിക്കുന്നത്. ശുദ്ധ ജലത്തിന് ഏറ്റവുമധികം ക്ഷാമം നേരിടുന്ന പല പ്രദേശങ്ങളിലും വിഷന്‍ 2016-ന്റെ പ്രധാന പദ്ധതിയാണ് 'ഹാന്റ് പമ്പുകള്‍' സ്ഥാപിച്ചിട്ടുള്ള കുഴല്‍ കിണറുകള്‍. ഇവ മൂന്നും യാഥാര്‍ഥ്യമാകുന്നതോടെ മാന്യമായ ജീവിത സാഹചര്യമാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്നത്. സമൂഹ വിവാഹങ്ങള്‍ സംഘടിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണ്.

7. അടിയന്തര ദുരിതാശ്വാസം: കലാപങ്ങളും പ്രകൃതി ക്ഷോഭങ്ങളും ഉണ്ടാകുമ്പോള്‍ അടിയന്തര സ്വഭാവത്തില്‍ നടപ്പിലാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷന്‍ 2016 പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 'സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍' ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഭക്ഷണം, വെള്ളം, വസ്ത്രം, വൈദ്യ സഹായം, ടെന്റുകള്‍ തുടങ്ങിയവയാണ് ഇതിലെ ഒരു ഭാഗം. ദുരിത ബാധിതരുടെ ഭാവി ജീവിതത്തിനാവശ്യമായ സഹായങ്ങളും പദ്ധതികളുമാണ് മറ്റൊന്ന്. അടിയന്തര ഘട്ടങ്ങളില്‍ സേവന സന്നദ്ധരും കഴിവുറ്റവരുമായ വളണ്ടിയര്‍മാരെ പരിശീലനം നല്‍കി സജ്ജരാക്കിയിട്ടുമുണ്ട്. സിക്കിം-വെസ്റ്റ് ബംഗാള്‍ ഭൂകമ്പം, കോസി (ബിഹാര്‍), കുര്‍ണൂല്‍ (ആന്ധ്ര), ഒറീസ, ദല്‍ഹി, യു.പി വെള്ളപ്പൊക്കം, അസം-ബംഗാള്‍-ബിഹാര്‍ ചുഴലിക്കാറ്റ് തുടങ്ങിയവയുടെ ഇരകള്‍ക്ക് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചത് ഉദാഹരണം.

8. മാതൃകാ ഗ്രാമം: വിഷന്‍ 2016-ന്റെ പ്രധാനപ്പെട്ട പദ്ധതിയാണ് മാതൃകാ ഗ്രാമം. എല്ലാ തലങ്ങളിലും വളര്‍ച്ചയും പുരോഗതിയും കൈവരിച്ച ഗ്രാമങ്ങളാക്കി പിന്നാക്ക പ്രദേശങ്ങളെ പരിവര്‍ത്തിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിദ്യാഭ്യാസം, ആരോഗ്യം, വീട് തുടങ്ങി എല്ലാ മേഖലകളിലും ഗ്രാമത്തിന്റെ ആവശ്യത്തിനും സാധ്യതക്കും അനുസരിച്ച് വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവില്‍ പശ്ചിമ ബംഗാളിലെ ഹരിങ്കൊളയും ഉത്തര്‍പ്രദേശിലെ 'മലിക് പല്ലുപുര'യുമാണ് മാതൃകാ ഗ്രാമ പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നത്. ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അവിടെ നടന്നുവരുന്നു.

         കഴിഞ്ഞ എട്ടു വര്‍ഷത്തെ വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളിലൂടെ നിര്‍ദിഷ്ട മേഖലകളിലെല്ലാം ലക്ഷ്യം പൂര്‍ത്തീകരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ വിഷന്‍ 2016-ന് സാധിച്ചിട്ടുണ്ട്. ത്യാഗസന്നദ്ധരായ സാരഥികളും സമര്‍പ്പണ മനസ്‌കരായ വളണ്ടിയര്‍മാരും ജീവനക്കാരും പ്രസ്ഥാന പ്രവര്‍ത്തകരും സര്‍വോപരി ഇത്തരമൊരു മഹദ് സംരംഭത്തെ അകമഴിഞ്ഞ് പിന്തുണക്കുകയും സാമ്പത്തിക സഹായങ്ങള്‍ നല്‍കി മുന്നോട്ടു നയിക്കുകയും ചെയ്യുന്ന ആയിരക്കണക്കായ സുമനസ്സുകളും... എല്ലാവരുടെയും പരിശ്രമങ്ങളും പ്രാര്‍ഥനകളും ഒരു ജനതയുടെ ഭാവി ഭാഗധേയം ഗുണകരമായി മാറ്റിയെഴുതുന്നതെങ്ങനെയെന്ന് വിഷന്‍ 2016-ന്റെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു. പലപ്പോഴായി പത്രക്കോളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന, സഹായ വിതരണത്തിന്റെയോ കെട്ടിടോദ്ഘാടനത്തിന്റെയോ മറ്റോ ചെറു വാര്‍ത്തകള്‍ക്കപ്പുറം വൈപുല്യവും ഗാംഭീര്യവുമുണ്ട് വിഷന്‍ 2016-ന്റെ പദ്ധതികള്‍ക്ക്. അതറിയണമെങ്കില്‍, കേട്ടും വായിച്ചും മനസ്സിലാക്കുന്നതിനപ്പുറം വിഷന്‍ 2016 പദ്ധതി പ്രദേശങ്ങള്‍ കണ്ടനുഭവിക്കുകതന്നെ വേണം. പശ്ചിമ ബംഗാളിലെ മാല്‍ദയില്‍, ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കൂറ്റന്‍ മതിലിനുമുകളില്‍ നിന്ന് ഞാന്‍ കണ്ട അസ്തമയ സൂര്യന്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ വര്‍ത്തമാനത്തെ പ്രതീകവത്കരിക്കുന്നതായി തോന്നിയിരുന്നു. പക്ഷേ, ആ അസ്തമയ സൂര്യന്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ നാളത്തെ സൂര്യോദയത്തെയും പുതിയ പ്രഭാതത്തെയും കുറിച്ച പ്രതീക്ഷ കൂടി നല്‍കുന്നുവെന്ന് വിഷന്‍ 2016-ന്റെ ജീവത്തായ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടാല്‍ നമുക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും. 


Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍