Prabodhanm Weekly

Pages

Search

2014 ജൂലൈ 18

മൂടിവെക്കാം; സമ്മതിക്കരുത്

ഡോ. ആര്‍. യൂസുഫ് /ലേഖനം

         രാഷ്ട്രം മറച്ചുവെക്കാനാഗ്രഹിക്കുന്ന അപ്രിയ സത്യങ്ങള്‍ ആര്‍ജവത്തോടെ വിളിച്ചുപറഞ്ഞതിന് 'പ്രശ്‌നക്കാരന്‍' (ട്രബ്ള്‍മേക്കര്‍) എന്ന് മുദ്ര ചാര്‍ത്തപ്പെട്ട പ്രമുഖ അമേരിക്കന്‍ ചരിത്രകാരന്‍ ഹൊവാര്‍ഡ് സിന്‍ തന്റെ എ പീപ്പിള്‍സ് ഹിസ്റ്ററി ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്‌സ് എന്ന വിഖ്യാതമായ ചരിത്ര ഗ്രന്ഥത്തില്‍ ചരിത്രത്തോടും വര്‍ത്തമാനത്തോടും സമൂഹം സ്വീകരിക്കുന്ന ചില നിലപാടുകളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നുണ്ട്. സ്വപക്ഷത്തെ ന്യായീകരിക്കാന്‍ ചരിത്ര വസ്തുതകള്‍ മൂടിവെക്കുകയും തിരസ്‌കരിക്കുകയും ചെയ്യുക എന്നതാണ് ഒരു നിലപാട്. തിരസ്‌കാരത്തിന്റെ ഇരുട്ട് മറ കൊണ്ട് ഭൂതത്തിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ച് വ്യക്തികളുടെയും സമൂഹങ്ങളുടെയും വര്‍ത്തമാനത്തെ മഹത്വവത്കരിക്കാനാവും എന്നതാണ് ഈ നിലപാടിന്റെ കാതലായ അടിത്തറ. പിടിച്ചുപറിയുടേതും കൈയേറ്റത്തിന്റേതുമായ അധിനിവേശ ചരിത്രത്തോട് പിടിച്ചുപറിക്കാരായ അധിനിവേശ ശക്തികള്‍ പലപ്പോഴും പുലര്‍ത്തിയ നിലപാടാണിത്. എന്നാല്‍, ഇതിനെക്കാള്‍ അപകടം പിടിച്ച മറ്റൊരു നിലപാടുണ്ട്. തുറന്നുകാട്ടാന്‍ അല്‍പം പ്രയാസമുള്ള ഒരു നിലപാട്. ഭൂതകാലത്ത് ചെയ്ത അരുതായ്മകള്‍ ശരിവെക്കുക; വര്‍ത്തമാനകാലത്ത് ചെയ്യുന്ന മഹാ സേവനങ്ങള്‍ മുന്‍നിര്‍ത്തി ചോരപുരണ്ട അരുതായ്മകളുടെ ചരിത്രം നമുക്ക് മറക്കാനാവണം എന്ന് വാദിക്കുക. മറ്റൊരു ഭാഷയില്‍, വസ്തുതകളെ അംഗീകരിക്കുക; തൊട്ടുടനെ മറ്റൊരു കൂട്ടം കാര്യങ്ങള്‍ പരത്തിപ്പറഞ്ഞ് അവ കൊണ്ട് യാഥാര്‍ഥ്യത്തെ കുഴിച്ചുമൂടുക. 

         പ്രസിദ്ധ അമേരിക്കന്‍ ചരിത്രകാരനും വസ്തുതാപരമായ വിവരങ്ങള്‍ അനുഭവിച്ചറിയാന്‍ വേണ്ടി കൊളംബസിന്റെ സമുദ്രയാത്രകള്‍ക്ക് സമാനമായ യാത്ര വരെ നടത്തി കൊളംബസിന്റെ ചരിത്രം രചിച്ച മാന്യ വ്യക്തിയുമായ സാമുവല്‍ എലിയട്ട് മോറിസണ്‍ രചിച്ച ക്രിസ്റ്റഫര്‍ കൊളംബസ്, എ മറൈനര്‍ എന്ന ഗ്രന്ഥം ഇതിന്റെ ഒരു ഉദാഹരണമാണ്. 'കൊളംബസ് തുടക്കം കുറിക്കുകയും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ പിന്തുടരുകയും ചെയ്ത ക്രൂരമായ നിലപാടുകള്‍ പൂര്‍ണമായ വംശീയ ഉന്മൂലനത്തിന് കാരണമായി' എന്ന് തന്റെ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ മോറിസണ്‍ സമ്മതിക്കുന്നു. കൊളംബസിന്റെ നരമേധങ്ങളെ വിശേഷിപ്പിക്കാന്‍ 'സമ്പൂര്‍ണ വംശീയ ഉന്മൂലനം' എന്ന കുറിക്ക് കൊള്ളുന്ന പദം തന്നെ ഉപയോഗിക്കുന്നുണ്ട് മോറിസണ്‍. എന്നാല്‍ അതേ പുസ്തകത്തില്‍ തന്നെ, തന്റെ വീക്ഷണങ്ങള്‍ സമാഹരിച്ചുകൊണ്ട് 'കൊളംബസിന് തന്റേതായ പോരായ്മകളും കുറവുകളും ഉണ്ടാവാം. പക്ഷേ, ആ പോരായ്മകളെല്ലാം അദ്ദേഹത്തെ മഹാനാക്കിയ യോഗ്യതകളുമായി തുലനം ചെയ്യുമ്പോള്‍ കേവലം മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളായി പരിഗണിക്കാം' എന്ന് മോറിസണ്‍ രേഖപ്പെടുത്തുന്നു. അതിസാഹസികനായ സമുദ്ര യാത്രികന്‍, പതറാത്ത ക്രിസ്തുമത വിശ്വാസി, ദാരിദ്ര്യത്തെയും ആലസ്യത്തെയും തോല്‍പിച്ച സഞ്ചാരി എന്നൊക്കെ പറഞ്ഞ്, ചരിത്രത്തില്‍ തുല്യതയില്ലാത്ത വംശീയ ഉന്മൂലനം കൊളംബസ് നടത്തിയിട്ടുണ്ട് എന്ന് സമ്മതിച്ചുകൊണ്ടുള്ള ഈ മഹത്വവത്കരണമാണ് ഏറ്റവും അപകടം എന്ന് സിന്‍ രേഖപ്പെടുത്തുന്നു. കാരണം, കള്ളം പറയുന്നു എന്ന് പറഞ്ഞ് ഈ നിലപാടുകള്‍ സ്വീകരിക്കുന്നവരെ തുറന്നുകാട്ടാന്‍ നമുക്കാവില്ല. വിമര്‍ശനത്തിന്റെ കുന്തമുനയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നതിന്റെ സുഖം ഈ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് അനുഭവിക്കാനാവും.

         സ്വതന്ത്ര ഇന്ത്യാ ചരിത്രത്തില്‍ തുല്യതയില്ലാത്ത വംശീയ ഉന്മൂലനത്തിന് സര്‍ക്കാര്‍ മെഷനറിയുടെ സഹായത്തോടെ പശ്ചാത്തലമൊരുക്കുകയും പിന്തുണയേകുകയും ചെയ്ത നരേന്ദ്രമോദി അധികാരത്തിലേറിയതോടെ മതേതരവാദികള്‍ എന്ന് സ്വന്തത്തെ സാക്ഷ്യപ്പെടുത്തുന്നവര്‍ വരെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മോദിസ്തുതി ഗീതങ്ങളുടെ പശ്ചാത്തലത്തില്‍ സിന്‍ നടത്തിയ ഈ വിശകലനം കൂടുതല്‍ പ്രസക്തമാവുന്നുണ്ട്. കാരണം ചരിത്ര വസ്തുതകളെ കുഴിച്ചുമൂടാനാണ് സംഘ്പരിവാറിന് താല്‍പര്യം. ആര്യനധിനിവേശത്തിന് മുമ്പുള്ള പ്രാചീന ഇന്ത്യന്‍ സംസ്‌കൃതികളെ തമസ്‌കരിക്കുന്നത് മുതല്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പാര്‍ട്ടി ബന്ധം നിഷേധിക്കുന്നതില്‍ വരെ തമസ്‌കരണം എത്തിനില്‍ക്കുന്നുണ്ട്. ഗുജറാത്ത് കലാപത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഹിച്ച പങ്കും അമിത് ഷാ നടത്തിയ ആസൂത്രണവും ഒരു സംഘ്പരിവാരകനും സമ്മതിക്കാനിടയില്ല. ആരും ആസൂത്രണം ചെയ്യാതെ ഗോധ്ര സംഭവത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ ഉണ്ടായ ഒരു കലാപം മാത്രമായിരുന്നു ഗുജറാത്ത് വംശീയ ഉന്മൂലനം എന്നാണവരുടെ നിലപാട്. എന്നാല്‍, സംഘ്പരിവാര്‍ സഹയാത്രികരല്ലാത്ത മോദി സ്തുതിപാഠകരുടെ അവസ്ഥ തീര്‍ത്തും ഭിന്നമാണ്. ഏലിയട്ട് മോറിസന്റെ നിലപാടാണവരുടേത്. ഗുജറാത്ത് വംശീയ ഉന്മൂലനത്തില്‍ മോദിക്ക് പങ്കുണ്ടാവാം; അതൊരു സാധാരണ കലാപമായിരുന്നില്ല; കൃത്യവും ആസൂത്രിതവുമായ വംശീയ ഉന്മൂലനം തന്നെയായിരുന്നു എന്നവര്‍ സമ്മതിക്കും. പിന്നീട്, സിന്‍ ചൂണ്ടിക്കാട്ടിയതുപോലെ, ഗുജറാത്ത് വികസനം, തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ പ്രകടനം, മന്ത്രിസഭയുടെ വലുപ്പക്കുറവ് തുടങ്ങിയ മറ്റൊരുപാട് വിവരങ്ങള്‍ കൊണ്ടവര്‍ വസ്തുതകളെ കുഴിച്ചുമൂടും. പ്രത്യക്ഷവും പ്രകടവുമായ സംഘ്പരിവാര്‍ നിലപാടിനെക്കാള്‍ ഭീകരവും അപകടകരവുമാണ് പരോക്ഷവും എന്നാല്‍ മതനിരപേക്ഷതയുടെ കപട ആവരണം അണിഞ്ഞതുമായ ഈ നിലപാട്. കാരണം സംഘ്പരിവാറിന്റെ തമസ്‌കരണ ചരിത്രം നമ്മുടെ മുമ്പില്‍ ഒരുപാട് ബദല്‍ സാധ്യതകള്‍ തുറന്നുവെക്കുന്നുണ്ട്. ഉദാഹരണത്തിന്, സംഘ്പരിവാറിന്റെ തമസ്‌കരണ ചരിത്ര രചന, അതിനെ ചോദ്യം ചെയ്യുന്ന ഗംഭീരങ്ങളായ സംവാദങ്ങള്‍ക്കാണ് ഇന്ത്യയില്‍ തുടക്കമിട്ടത്. അധിനിവേശ ചരിത്ര രചനക്കെതിരെ കീഴാളപക്ഷ ചരിത്ര രചന ലോകത്തെങ്ങും വികസിക്കുകയുണ്ടായി. ചരിത്രത്തെ നിഷേധിക്കുന്നവരുടെ തനിനിറം ചരിത്ര വസ്തുതകള്‍ കൊണ്ട് തുറന്നുകാട്ടുന്ന ഈ സംവാദങ്ങള്‍ തമസ്‌കാരത്തിനെതിരെയുള്ള ഏറ്റവും വലിയ ഒരു പ്രതിരോധമാണ്. എന്നാല്‍, ചരിത്രത്തിലെ കൂട്ടക്കുരുതികളെ സമ്മതിച്ചുകൊണ്ടുതന്നെ മറ്റു പല മഹാ നേട്ടങ്ങള്‍ക്കും മുമ്പില്‍ അവ ലളിതമാണെന്ന യുക്തി അതിനെതിരെ അനിവാര്യമായും ഉയര്‍ന്നുവരേണ്ട ഇത്തരം സക്രിയമായ ചെറുത്തുനില്‍പിന്റെ സാധ്യതയെ പിഴുതെറിയുകയാണ്. ഇക്കാരണത്താലാണ് ഗുജറാത്ത് വംശീയ ഉന്മൂലനത്തെക്കുറിച്ച് തല്‍ക്കാലം മൗനം പാലിച്ചുകൊണ്ട് ഒരു ഭരണാധിപന്‍ എന്ന അര്‍ഥത്തിലുള്ള പ്രധാനമന്ത്രിയുടെ/മുന്‍മുഖ്യമന്ത്രിയുടെ ഭരണപാടവത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന വാദം തിരസ്‌കരിക്കപ്പെടേണ്ടത്. അധാര്‍മികതയെ പുരോഗതിക്ക് വേണ്ടി നാം സ്വാഭാവികമായും ബലി കഴിക്കേണ്ട ഒരനിവാര്യത എന്ന നിലയില്‍ അവതരിപ്പിക്കുന്ന ഈ കാപട്യം ലോകത്ത് നടന്ന ഏത് നെറികേടിനെയും ന്യായീകരിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. പടിഞ്ഞാറന്‍ സുരക്ഷക്ക് വേണ്ടി നടത്തിയ സ്വാഭാവിക മുന്‍കരുതലായി ഹിരോഷിമയും നാഗസാക്കിയും വിലയിരുത്തപ്പെടാം. ഇന്ത്യന്‍ ജനതക്ക് സമ്മാനിച്ച ദേശീയ ഏകീകരണം പോലുള്ള പുരോഗമന നയങ്ങള്‍ മുമ്പില്‍ വെച്ച് ജാലിയന്‍ വാലാബാഗിനെ മറന്നുകളയാന്‍ ഉപദേശിക്കാം. ഓരോരുത്തര്‍ക്കും പ്രാധാന്യമേറിയത് എന്ന് തോന്നുന്ന ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി അവര്‍ക്ക് പ്രാധാന്യമേറിയതായി അനുഭവപ്പെടാത്ത പലതിനെ കുറിച്ചും മൗനം പാലിക്കാം.

         ഒരു വ്യക്തി അല്ലെങ്കില്‍ ഒരു പ്രസ്ഥാനം/ സമൂഹം ചരിത്രത്തില്‍ ചെയ്ത തെറ്റുകളുടെ പാപഭാരം അവര്‍ എപ്പോഴും ചുമന്നേ മതിയാവൂ എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. തെറ്റുകളെ തെറ്റുകളായി സമ്മതിക്കുകയും ആക്രമണോത്സുകമായ സ്വന്തം പരിവേഷത്തെ മാറ്റിയെടുക്കുകയും ചെയ്യുമ്പോള്‍ മുന്‍ കഴിഞ്ഞ നിലപാടുകളിലേക്ക് ചൂണ്ടി കല്ലെറിയുന്നതില്‍ അര്‍ഥമില്ല. പക്ഷേ ആ ദിശയില്‍ ഒരു സൂചന പോലും നമുക്ക് കാണാനാവുന്നില്ല. നവാസ് ശരീഫിനെ ക്ഷണിച്ചതുപോലുള്ള, അധികാരം ലഭിക്കുമ്പോള്‍ കാട്ടിക്കൂട്ടുന്ന അന്താരാഷ്ട്ര പ്രതിഛായ നിര്‍മാണ പ്രക്രിയയിലൂടെയല്ല അത് സാധിക്കേണ്ടത്. ഇന്ത്യയില്‍ എല്ലാ വിഭാഗം പൗരന്മാര്‍ക്കും സ്വസ്ഥമായും സൈ്വരമായും ജീവിക്കാനവകാശമുണ്ടെന്നും അതിന് വിഘാതമാവുന്ന ഒന്നും സംഭവിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുമാണ് അത് സാധ്യമാവേണ്ടത്. 


Comments

ഖുര്‍ആന്‍ ബോധനം

സൂറ 20 /ത്വാഹാ/ 117-121
എ.വൈ.ആര്‍